Main News

ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് പകര്‍ത്തിയ ബഹിരാകാശ വസ്തുവിന്റെ ചിത്രം അയച്ച് നാസയുടെ ന്യൂ ഹൊറൈസണ്‍സ് ബഹിരാകാശ ദൗത്യം. അള്‍ട്ടിമ ത്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് സ്‌നോമാന്റെ ആകൃതിയാണ് ഉള്ളത്. രണ്ടു ഗോളങ്ങള്‍ കൂടിച്ചേര്‍ന്ന ആകൃതിയാണ് ഇതിന്. ചെറിയ ഭാഗത്തിന് ത്യൂള്‍ എന്നും വലുതിന് അള്‍ട്ടിമ എന്നുമാണ് ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ചേര്‍ത്ത് അള്‍ട്ടിമ ത്യൂള്‍ എന്ന് ഈ വസ്തുവിന് പേരിട്ടു. ഭൂമിയില്‍ നിന്ന് 6.5 ബില്യന്‍ കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് ന്യൂ ഹൊറൈസണ്‍സ്.

സൗരയൂഥത്തില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് ചിത്രമെടുത്തതും ന്യൂ ഹൊറൈസണ്‍സ് തന്നെയാണ്. 2015ല്‍ പ്ലൂട്ടോയെ കടന്നു പോകുമ്പോളായിരുന്നു അത്. ഇവിടെ നിന്ന് 1.5 ബില്യന്‍ കിലോമീറ്റര്‍ അകലെയാണ് അള്‍ട്ടിമ ത്യൂളിനെ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് അതിരിടുന്ന ക്വിപ്പര്‍ ബെല്‍റ്റ് എന്ന കുള്ളന്‍ ഗ്രഹങ്ങളുടെയും ചുണ്ടന്‍ ഗ്രഹങ്ങളുടെയും കൂട്ടത്തിലാണ് അള്‍ട്ടിമ ത്യൂള്‍ ഉള്ളത്. ക്വിപ്പര്‍ ബെല്‍റ്റില്‍ അള്‍ട്ടിമയെപ്പോലെ പതിനായിരക്കണക്കിന് ചെറിയ വസ്തുക്കളുണ്ട്. 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനുള്ള തെളിവുകള്‍ ഈ വസ്തുക്കളില്‍ ഉണ്ടെന്നാണ് കരുതുന്നത്.

ജനനത്തില്‍ തന്നെ കൂടിച്ചേര്‍ന്നതായിരിക്കും അള്‍ട്ടിമയും ത്യൂളും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. ക്വിപ്പര്‍ ബെല്‍റ്റില്‍ സൂര്യനെ ചുറ്റുന്ന ഇത് 2 മുതല്‍ 3 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ന്യൂ ഹൊറൈസണ്‍സ് ഗവേഷകനായ ജെഫ് മൂര്‍ പറയുന്നു. ഒരു ഇരുണ്ട വസ്തുവാണ് ഇതെന്നും ന്യൂ ഹൊറൈസണ്‍സ് വ്യക്തമാക്കുന്നു. ചിലപ്പോള്‍ ചുവന്ന നിറമായിരിക്കാം ഇതിനെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ന്യൂസ് ഡെസ്ക്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതായി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 3.15 നായിരുന്നു യുവതികളായ ബിന്ദുവും കനക ദുർഗ്ഗയുമാണ് പോലീസ് സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തിയത്. അർദ്ധരാത്രിയിൽ പുരുഷൻമാർ ഉൾപ്പെടുന്ന എട്ടംഗ സംഘത്തിന്റെ ഭാഗമായാണ് ഇവർ പമ്പയിൽ എത്തിയത്. സുരക്ഷ ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ട് പോലീസ് അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് പോലീസ് രഹസ്യ പദ്ധതി തയ്യാറാക്കുകയായിരുന്നു. വലിയ നടപ്പന്തലിൽ എത്തിയ യുവതികളെ മേൽപ്പാലം വഴി കടത്തിവിടാതെ ട്രാക്ടർ കടന്നു പോവുന്ന വഴിയിലൂടെയാണ് സന്നിധാനത്തേയ്ക്ക് എത്തിച്ചത്. യുവതികൾ ദർശനം നടത്തി പമ്പയിൽ തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം ദേവസ്വം ബോർഡ് അധികൃതർ പോലും അറിയുന്നത്. യുവതികൾ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് വാർത്ത ലോകത്തോട് അറിയിച്ചത്.

ശബരിമലയിൽ ആചാരലംഘനം നടന്നതിനേത്തുടർന്ന് തന്ത്രി നട അടച്ചു. ദർശനം നടത്തിയ യുവതികളുടെ വീടിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. തലസ്ഥാനത്ത് പോലീസും ബി ജെ പി – യുവമോർച്ചാ പ്രവർത്തകരും തമ്മിൽ തെരുവു യുദ്ധമായിരുന്നു നടന്നത്. പല സ്ഥലങ്ങളിലും കടകൾ അടപ്പിച്ചു. വാഹന ഗതാഗതം മിക്കയിടങ്ങളിലും പ്രതിഷേധത്തെത്തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. നാളെ സംസ്ഥാന വ്യാപകമായ ഹർത്താലിന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. യു ഡി എഫ് നാളെ കരിദിനമാചരിക്കുകയാണ്.

എനര്‍ജി പ്രൈസില്‍ ഏര്‍പ്പെടുത്തുന്ന പരിധി ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമാകുമെന്ന് വിലയിരുത്തല്‍. മികച്ച ഡീലുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നിര്‍ത്താന്‍ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും അതിലൂടെ പ്രതിവര്‍ഷം ഉപഭോക്താക്കളുടെ പോക്കറ്റില്‍ നിന്ന് 200 പൗണ്ടെങ്കിലും നഷ്ടമാകുമെന്നും എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം സമ്മതിച്ചു. ഇന്നു മുതലാണ് എനര്‍ജി ബില്ലുകളില്‍ പരിധി നിലവില്‍ വരുന്നത്. ഇതനുസരിച്ച് 1137 പൗണ്ടിനു മേല്‍ ഉപഭോക്താക്കളില്‍ നിന്ന് ഒരു വര്‍ഷം ഈടാക്കാന്‍ എനര്‍ജി സപ്ലയര്‍മാര്‍ക്ക് സാധിക്കില്ല. ഫിക്‌സഡ് താരിഫില്‍ തുടരുന്നവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്.

ഈ പ്രൈസ് ക്യാപ്പിന്റെ പ്രയോജനം 11 മില്യന്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഓഫ്‌ജെം കണക്കുകൂട്ടുന്നത്. ഒരേ സപ്ലയറുടെ സേവനം ദീര്‍ഘകാലമായി തുടരുന്ന ഇവരുടെ താരിഫ് കുറച്ചു കൂടി ഉയര്‍ന്ന തലത്തിലേക്ക് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓഫ്‌ജെം നടത്തിയ ഇംപാക്ട് അസസ്‌മെന്റില്‍ ക്യാപ്പിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളാകുന്നത് ഇവരില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണെന്നാണ്. ഇവര്‍ പണം ലാഭിക്കുന്നതിനായി സേവനദാതാക്കളെ മാറ്റി പരീക്ഷിക്കുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് പ്രൈസ് ക്യാപ്പിലും താഴ്ന്ന നിരക്കിലാണ് ഉള്ളത്. എനര്‍ജി സപ്ലയര്‍മാരെ മാറ്റിക്കൊണ്ടിരിക്കുന്ന ശരാശരി ഉപഭോക്താവിന് പ്രതിവര്‍ഷം 921 പൗണ്ട് മാത്രമാണ് അടക്കേണ്ടതായി വരികയെന്ന് പ്രൈസ് കംപാരിസണ്‍ വെബ്‌സൈറ്റായ comparethemarket.com പറയുന്നു. ഓഫ്‌ജെം ഏര്‍പ്പെടുത്തിയ പരിധിക്കൊപ്പം ബില്‍ത്തുക നല്‍കുന്ന സാധാരണ ഉപഭോക്താവിനേക്കാള്‍ 216 പൗണ്ട് കുറവാണ് ഇതെന്നും സൈറ്റ് വ്യക്തമാക്കുന്നു.

ന്യൂഇയര്‍ ഈവില്‍ മാഞ്ചസ്റ്ററിര്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയയാള്‍ അള്ളാ എന്ന് ഉറക്കെ ഉച്ചരിച്ചുവെന്ന് ദൃക്‌സാക്ഷി. മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. ഒരു സ്ത്രീക്കും പുരുഷനും ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ക്കും ആക്രമണത്തില്‍ കുത്തേറ്റു. രാത്രി 9 മണിക്കു മുമ്പായി പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് സ്‌റ്റേഷന്‍ അടച്ചിടുകയും അക്രമിയെ നീളമേറിയ കത്തിയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതി താമസിച്ചിരുന്നതായി കരുതുന്ന ചീറ്റ്ഹാം ഹില്‍ റെസിഡന്‍സില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് തെരച്ചില്‍ നടത്തി.

ഇത് ഭീകരാക്രമണത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഹോപ്കിന്‍സ് പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ സഹായത്തോടെ കൗണ്ടര്‍ ടെററിസം ഓഫീസര്‍മാരാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ പരിക്കേറ്റവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കുത്തേറ്റ മൂന്നു പേരുടെയും നില അതീവ ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. ഇയാളുടെ തോളിനാണ് കുത്തേറ്റത്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് തന്നെയാണ് അക്രമിയെ കീഴടക്കിയത്. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.

കീമോതെറാപ്പി ബ്രെസ്റ്റ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ കാരണമാകുമെന്ന് വെളിപ്പെടുത്തല്‍. കീമോതെറാപ്പിക്കായി സാധാരണ ഉപയോഗിച്ചു വരുന്ന രണ്ടു മരുന്നുകളാണ് രോഗം മറ്റിടങ്ങളിലേക്ക് പടര്‍ത്തുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. പാക്ലിടാക്‌സല്‍, ഡോക്‌സോറൂബിസിന്‍ എന്നീ മരുന്നുകളാണ് വില്ലന്‍മാരെന്നാണ് വ്യക്തമായിരിക്കുന്നത്. ട്യൂമറുകളില്‍ നിന്ന് പ്രോട്ടീനുകളെ രക്തത്തില്‍ കലരാന്‍ ഇവ സഹായിക്കുകയും രക്തത്തിലൂടെ അവ മറ്റ് അവയവങ്ങളില്‍ എത്തുകയും ചെയ്യും. ഈ പ്രോട്ടീന്‍ പുറത്തു വരാതെ തടഞ്ഞുകൊണ്ട് നടത്തിയ പരീക്ഷണങ്ങളില്‍ രോഗം പടരുന്നതായി കണ്ടെത്തിയില്ല.

ടാക്‌സോള്‍ എന്ന പേരിലാണ് പാക്ലിടാക്‌സല്‍ അറിയപ്പെടുന്നത്. ഏഡ്രിയമൈസിന്‍ എന്നും ഡോക്‌സോറൂബിസിന്‍ അറിയപ്പെടാറുണ്ട്. ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളെ എക്‌സോസോമുകള്‍ എന്ന് അറിയപ്പെടുന്ന ദ്രാവകം നിറഞ്ഞ ചെറിയ കുമിളകള്‍ പുറത്തു വിടാന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സറിന് അനുബന്ധമായി സാധാരണ കാണപ്പെടുന്നത് ശ്വാസകോശം, അസ്ഥി, കരള്‍, മസ്തിഷ്‌കം എന്നിവിടങ്ങളിലെ ക്യാന്‍സറാണ്. എന്നാല്‍ ഇവ ഏതൊക്കെ അവയവങ്ങളിലെ ക്യാന്‍സറുകളാണ് സൃഷ്ടിക്കുന്നതെന്നത് അവ്യക്തമാണ്.

ഈ കണ്ടെത്തല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പി കൂടുല്‍ ഫലപ്രദമായി നടത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്പിരിമെന്റല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ആണ് പഠനം നടത്തിയത്. സാധാരണ ഗതിയില്‍ ശസ്ത്രക്രിയക്കു മുമ്പാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പി നല്‍കുന്നത്. ട്യൂമര്‍ ചുരുങ്ങുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്. നിയോഅഡ്ജുവന്റ് തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി അനുവര്‍ത്തിക്കുന്നത് ആരോഗ്യമുള്ള കലകള്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത് ഒഴിവാക്കാനും സഹായിക്കും. ചില രോഗികളില്‍ കീമോതെറാപ്പി കഴിയുന്നതോടെ ട്യൂമര്‍ അപ്രത്യക്ഷമാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ശസ്ത്രക്രിയയുടെ ആവശ്യം ഉണ്ടാകാറില്ല.

നിയോഅഡ്ജുവന്റ് തെറാപ്പിയില്‍ ട്യൂമര്‍ ഇല്ലാതാകുന്നത് വളരെ അപൂര്‍വം മാത്രമാണ്. ട്യൂമറിന്റെ വളര്‍ച്ച തടയാന്‍ കീമോതെറാപ്പിക്ക് സാധിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരും. യുകെയിലും അമേരിക്കയിലുമുള്ള സ്ത്രീകളില്‍ എട്ടിലൊരാള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മോട്ടോര്‍വേ മിഡില്‍ ലെയിനിലൂടെ കുറഞ്ഞ വേഗതയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്ക് ടിക്കറ്റ് നല്‍കി പോലീസ്. തെംസ് വാലി പോലീസിന്റെ റോഡ് യൂണിറ്റ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മിഡില്‍ ലെയിനിലെ വേഗം കുറഞ്ഞ ഡ്രൈവിംഗ് അപകടങ്ങള്‍ക്ക് വലിയ കാരണമാകുന്നുവെന്ന വെളിപ്പെടുത്തല്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വീഡിയോ ഫുട്ടേജ് പുറത്തു വിട്ടിരിക്കുന്നത്. പോലീസ് വീഡിയോയില്‍ കാണുന്ന കാറിന്റെ ഡ്രൈവര്‍ക്ക് അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള ടിക്കറ്റാണ് നല്‍കിയതെന്ന് പോസ്റ്റ് പറയുന്നു. ന്യൂ ഇയര്‍ വൈകുന്നേരം എം4ല്‍ ന്യൂബറിയില്‍ ബര്‍ക്ക്ഷയറിന് സമീപം ജംഗ്ഷന്‍ 12നും 13നുമിടയില്‍ വെച്ചാണ് പോലീസ് ഈ വീഡിയോ ചിത്രീകരിച്ചത്.


സ്ലോ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒരു വര്‍ഷത്തില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിശകലനത്തിലാണ് വ്യക്തമായത്. 2017ല്‍ ഈ വിധത്തിലുണ്ടായ അപകടങ്ങളില്‍ 175 പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. സ്പീഡ് ലിമിറ്റിലും കുറഞ്ഞ വേഗതയില്‍ മിഡില്‍ ലെയിനിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷനും അറിയിക്കുന്നു. ഇതു മൂലം മോട്ടോര്‍വേകളില്‍ വാഹനങ്ങളുടെ നിരയുണ്ടാകുകയും ഗതാഗതക്കുരുക്കുകളും ഡ്രൈവര്‍മാര്‍ തമ്മിലുള്ള കലഹങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഇടതു ലെയിന്‍ ഒഴിവാണെങ്കില്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കുന്നവര്‍ അവിടേക്ക് മാറണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം. വീഡിയോയിലുള്ള സില്‍വര്‍ ബിഎംഡബ്ല്യു കാര്‍ ഒരു മൈലോളം മിഡില്‍ ലെയിനിലൂടെയായിരുന്നു ഓടിയത്. പോലീസ് തൊട്ടു പിന്നാലെയുണ്ടായിരുന്നിട്ടും ഡ്രൈവര്‍ ഇതേ ലെയിനില്‍ തുടരുകയായിരുന്നു. ഇടതു ലെയിന്‍ ഈ സമയമത്രയും ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പോലീസ് അറിയിക്കുന്നു.

അര്‍ദ്ധരാത്രിയിലും രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത് തുടരുന്നു. ഈ വിധത്തില്‍ ഒഴിവാക്കപ്പെടുന്ന രോഗികഴളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരം. രാത്രിയില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി നിര്‍ത്തലാക്കുമെന്ന വാഗ്ദാനങ്ങള്‍ നിലവിലുള്ളപ്പോളാണ് ഇത് ഇപ്പോഴും തുടരുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ 6 മണിക്കുമിടെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും മനുഷ്യത്വ രഹിതവുമായ ഹെല്‍ത്ത് സര്‍വീസിനെയാണ് ഇത് കാണിക്കുന്നതെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിമെന്‍ഷ്യ രോഗികളായ പ്രായമായ ചിലര്‍ ഈ വിധത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് തെരുവില്‍ അലഞ്ഞു തിരിയുകയും മരണപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്നും ചാരിറ്റികള്‍ അറിയിച്ചു. ഈ സമ്പ്രദായം നിര്‍ത്തണമെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആവശ്യപ്പെട്ടതിനു ശേഷം അവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു. 2012ല്‍ എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറായിരുന്ന സര്‍ ബ്രൂസ് കിയോ ആണ് രാത്രി ഡിസ്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം ആദ്യമായി നല്‍കിയത്. പ്രായമായവരെ രാത്രിയില്‍ തണുത്ത കാലാവസ്ഥയില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് പറഞ്ഞയക്കുന്നതിനേക്കുറിച്ച് പിന്നീട് ഒട്ടേറെ ഹെല്‍ത്ത് വാച്ച്‌ഡോഗുകള്‍ മുന്നറിയിപ്പുകളും നല്‍കിയിരുന്നു.

2017-18 കാലയളവില്‍ 258,698 പേര്‍ രാത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അവയില്‍ 25 ശതമാനത്തോളം പ്രായമായ രോഗികളാണ്. 75 വയസിനു മേല്‍ പ്രായമുള്ള പതിനായിരക്കണക്കിന് രോഗികള്‍ ഇവരിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 109 എന്‍എച്ച്എസ് അക്യൂട്ട് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളില്‍ നിന്നുള്ള കണക്കുകളാണ് ഇതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

2018 അവസാനിച്ചു. പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ്. 2018ല്‍ എട്ട് ബാങ്ക് അവധി ദിനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. 2019ല്‍ എത്ര ദിവസം ബാങ്ക് അവധികള്‍ ലഭിക്കുമായിരിക്കും? ബാങ്ക് അവധികള്‍ക്കനുസരിച്ച് പ്ലാനിംഗ് നടത്താന്‍ അവധികളുടെ പട്ടിക ഇതാ. 2019ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും എട്ട് അവധി ദിനങ്ങളും സ്‌കോട്ട്‌ലന്‍ഡില്‍ 9 ദിനങ്ങളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 10 ദിവസങ്ങളും ലഭിക്കും. അടുത്ത 12 മാസങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലായിരിക്കും ആ അവധികള്‍ വരിക എന്നറിയാനുള്ള ഗൈഡ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ബാങ്ക് അവധികള്‍ 2019

ന്യൂ ഇയര്‍ ദിനം: ജനുവരി 1 ചൊവ്വ
ന്യൂ ഇയര്‍ അവധി: ജനുവരി 2 ബുധന്‍ (സ്‌കോട്ട്‌ലന്‍ഡ്)
സെയിന്റ് പാട്രിക്‌സ് ഡേ: മാര്‍ച്ച് 18 തിങ്കള്‍ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
ദുഃഖ വെള്ളി: ഏപ്രില്‍ 19 വെള്ളി
ഈസ്റ്റര്‍ തിങ്കള്‍: ഏപ്രില്‍ 22 (ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
ഏര്‍ലി മെയ് ബാങ്ക് അവധി: മെയ് 6 തിങ്കള്‍
സ്പ്രിംഗ് ബാങ്ക് അവധി: മെയ് 27 തിങ്കള്‍
ബാറ്റില്‍ ഓഫ് ദി ബോയ്ന്‍: ജൂലൈ 12 വെള്ളി (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
സമ്മര്‍ ബാങ്ക് അവധി: ഓഗസ്റ്റ് 5 തിങ്കള്‍ (സ്‌കോട്ട്‌ലന്‍ഡ്)
സമ്മര്‍ ബാങ്ക് അവധി: ഓഗസ്റ്റ് 26 (ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
സെയിന്റ് ആന്‍ഡ്രൂസ് ഡേ: ഡിസംബര്‍ 2 തിങ്കള്‍ (സ്‌കോട്ട്‌ലന്‍ഡ്)
ക്രിസ്തുമസ്: ഡിസംബര്‍ 5 ബുധന്‍
ബോക്‌സിംഗ് ഡേ: ഡിസംബര്‍ 26 വ്യാഴം

ബാങ്ക് അവധി ജീവനക്കാര്‍ക്ക് സാധാരണ ഗതിയില്‍ ശമ്പളത്തോടു കൂടിയുള്ളതാണ്. എന്നാല്‍ ഇത് തൊഴിലുടമയെ ആശ്രയിച്ചിരിക്കും. ബാങ്ക് അവധി ദിനങ്ങളില്‍ അവധി നല്‍കുന്ന തൊഴിലുടമ അത് നിങ്ങളുടെ വാര്‍ഷിക ലീവില്‍ പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ ചിലര്‍ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധിയും അനുവദിക്കാറുണ്ട്.

ഡിമന്‍ഷ്യ രോഗത്തിന് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമായി എന്‍എച്ച്എസ് നടത്തുന്ന പരിശോധന 40 വയസ് കഴിഞ്ഞ പകുതിയോളം പേര്‍ക്ക് മാത്രമേ നടത്താന്‍ കഴിയുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ചീഫുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി നടത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന പരിശോധനയാണ് ഇത്. ഈ പരിശോധനയില്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും വിലയിരുത്തുന്നു. സ്‌ട്രോക്ക്, പ്രമേഹം, രണ്ടു തവണയോളം ഹൃദ്രോഗം തുടങ്ങിയവ വന്നിട്ടുള്ളവര്‍ക്ക് ഡിമന്‍ഷ്യയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ കണക്കാക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്നും ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു.

അനാരോഗ്യത്തിനും അകാല മരണങ്ങള്‍ക്കും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളെയാണ് ഈ പരിശോധന പരിഗണിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ജാമി വാട്ടര്‍ഫോള്‍ പറയുന്നു. സാധ്യത കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യയും ഹൃദ്രോഗവും. അതിന് ജനങ്ങളെയ സഹായിക്കുകയാണ് ഈ പരിശോധനയെന്നും വാട്ടര്‍ഫോള്‍ പറഞ്ഞു. 40നും 74നുമിടയില്‍ പ്രായമുള്ള അനാരോഗ്യമുള്ളവര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 15 മില്യന്‍ ആളുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിശോധന നടത്തേണ്ടതായിരുന്നുവെങ്കിലും അവരില്‍ 50 ശതമാനം മാത്രമേ ഇതിനായി തയ്യാറായിട്ടുള്ളു.

ഈ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ അലിസ്റ്റര്‍ ബേണ്‍സ് പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഇത്. ഹൃദ്രോഗങ്ങളിലും സട്രോക്കിലും 2 ശതമാനം കുറവുണ്ടാകുമ്പോള്‍ 10,000 പേരിലെങ്കിലും ഡിമെന്‍ഷ്യ സാധ്യതയും ഇല്ലാതാകുന്നുവെന്ന് എന്‍എച്ച്എസ് അറിയിക്കുന്നു. ബ്രിട്ടനില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റി ഒക്ടോബറില്‍ അറിയിച്ചിരുന്നു.

ബ്രിട്ടീഷ് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കിയിരുന്ന ഗവണ്‍മെന്റ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നിര്‍ദേശം. ഇത് ബ്രിട്ടനെ ഇരുട്ടിലാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയാലും നവംബറില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അനുസരിച്ച് പവര്‍ സ്റ്റേഷനുകള്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡികള്‍ ഇല്ലാതാകും. കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന 1 ബില്യന്‍ പൗണ്ടിന്റെ സബ്‌സിഡികളായിരിക്കും ഇല്ലാതാകുക. ഇത് പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രിട്ടന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നുമാണ് ആശങ്ക ഉയരുന്നത്. ഇതേക്കുറിച്ച് ഗവണ്‍മെന്റ് സെലക്ട് കമ്മിറ്റി പഠനം നടത്തി വരികയാണ്.

വിന്റര്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസമുണ്ടാകുന്നത് വീടുകളുടെ ഹീറ്റിംഗിനെ ബാധിക്കുമെന്നും കരുതുന്നു. 2014ലാണ് കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അവതരിപ്പിച്ചത്. ഇതിലൂടെ ചെറുകിട വൈദ്യുതോല്‍പാദന സംരംഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് വൈദ്യുതി വിതരണത്തെയും സഹായിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റേറ്റ് എയിഡ് സ്‌കീമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിരോധിക്കാന്‍ യൂറോപ്യന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ ചെറുകിട ഉദ്പാദകര്‍ പൂര്‍ണ്ണമായും തകരും. വന്‍കിട ഉദ്പാദകരായ ഡ്രാക്‌സ്, എസ്എസ്ഇ, സ്‌കോട്ടിഷ് പവര്‍ എന്നിവര്‍ക്കും ഈ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഈ കമ്പനികളും കോടതിയുടെ ഉത്തരവില്‍ ആശങ്കാകുലരാണ്.

എനര്‍ജി സപ്ലയര്‍മാരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സബ്‌സിഡി പദ്ധതി എനര്‍ജി ബില്ലുകളില്‍ നിന്ന് പിരിക്കുന്ന ലെവികളിലൂടെയും നികുതിപ്പണത്തില്‍ നിന്നുമാണ് നല്‍കി വന്നിരുന്നത്. ഇത് ഇല്ലാതാകുമ്പോളുള്ള നഷ്ടം പരിഹരിക്കാന്‍ നിരക്കു വര്‍ദ്ധന ഏര്‍പ്പെടുത്തേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. എനര്‍ജി ബില്ലുകളില്‍ നിന്ന് ഈടാക്കിയ 11 ബില്യനാണ് ഈ വര്‍ഷം പദ്ധതിക്കായി വിനിയോഗിച്ചത്. അടുത്തയാഴ്ചയോടെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് എനര്‍ജി മിനിസ്റ്റര്‍ ക്ലെയര്‍ പെറിക്ക് ബിസിനസ് സെലക്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Copyright © . All rights reserved