കൊച്ചിയിലെ വഴിയോര കച്ചവടക്കാരൻ ആയ നൗഷാദ് കച്ചവടത്തിനായി വച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ പ്രവർത്തകർക്ക് നൽകുകയായിരുന്നു. ചാക്ക് കണക്കിന് പുതിയ തുണിത്തരങ്ങൾ ആണ് വളണ്ടിയർമാരെ വിളിച്ചുവരുത്തി നൗഷാദ് നൽകിയത്. പ്രളയബാധിതർക്കായി തന്റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ എന്നും ഇങ്ങനെയാണ് തന്റെ പെരുന്നാളെന്നും നൗഷാദ്  പറയുന്നു.

എന്നാൽ ഈ വലിയ മനസ്സിന്റെ ഉടമക്ക് യുഎഇയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ഈദ് സമ്മാനം ലഭിച്ചിരിക്കുകയാണ്. ദുബായിലെ ഒരു പ്രവാസി മലയാളിയായ ബിസിനസ് മാൻ നൗഷാദിന് ഒരു ലക്ഷം രൂപയും (ഏകദേശം 5157 ദിർഹം രൂപയും)കുടുംബവുമായി ദുബായ് സന്ദർശിക്കാൻ ഒരു അവസരവുമാണ് നൽകിയിരിക്കുന്നത്. അഫി അഹമ്മദ് എന്ന സ്മാർട്ട് ട്രാവലിംഗ് മാനേജിങ് ഡയറക്ടറായ യുവാവാണ് നൗഷാദിന് ഈദ് സമ്മാനം നൽകിയത്. നൗഷാദിന്റെ പ്രവർത്തി മാതൃകാപരം എന്നും തന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പർശിച്ച സംഭവം ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എട്ടു ലക്ഷം രൂപയോളം കേരള റിലീഫ് ഫണ്ടിലേക്ക് നൽകിയ അഹമ്മദ് ഇത്തവണയും തനിക്ക് സാധിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്ന് അറിയിച്ചിട്ടുണ്ട്.

https://www.facebook.com/rajesh.sharma.3720/videos/2467443179987522/?t=0

മലയാളം നടനായ രാജേഷ് ശർമയാണ് വൈറലായ വീഡിയോയ്ക്ക് പിന്നിൽ. ദുരിതാശ്വാസ നിധിക്ക് വേണ്ടി എറണാകുളത്ത്എത്തിയ ശർമ നൗഷാദ് തന്റെ ചെറിയ ഗോഡൗണിൽ നിന്നും വസ്ത്രങ്ങൾ ചാക്കുകളിൽ നിറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മുഴുവൻ വസ്ത്രങ്ങളും നൽകുന്നത് വിലക്കിയപ്പോൾ “നമ്മൾ ആരും ഇവിടേക്ക് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ മടങ്ങുന്നതും അങ്ങനെയല്ലേ ” എന്ന് ചോദിച്ചു കൊണ്ട് വസ്ത്രങ്ങൾ നിറക്കുന്നത് തുടർന്നു. ഈ പ്രവർത്തി ലോകമൊട്ടാകെയുള്ള മലയാളികൾക്ക് മാതൃകയായി. ഈദ് ആഘോഷം മാറ്റിവെച്ച് സഹജീവികളെ തങ്ങളാൽ കഴിയുന്നവിധം സഹായിക്കാൻ ഇറങ്ങിയ അനേകരിൽ ഒരാളാണ് നൗഷാദ്. അനേകം സുമനസ്സുകളുടെ കൂട്ടായ ശ്രമങ്ങൾ കേരളത്തെ ഉയർത്തെഴുനേൽപ്പിക്കും എന്നതിൽ സംശയമില്ല.

പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച നൗഷാദിനെ പോ ട്രെയിട്ട്നും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞവർഷം പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെയും ആർമിയുടെ യും 10 അടി നീളമുള്ള പ്രതിമ അദ്ദേഹം ഉണ്ടാക്കിയിരുന്നു.