സലാല ∙ ഒമാനില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരന്‍ (67) ആണ് മരിച്ചത്. ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു.
കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
45 വര്‍ഷമായി മുരളീധരന്‍ സലാലയില്‍ പ്രവാസിയാണ്. സലാല ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നു. ഭാര്യ: സത്യ മുരളി. മക്കള്‍: പ്രശാന്ത്, അമിത്. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സലാലയില്‍ സംസ്‌കരിക്കും.
അബുദാബിയില്‍ വാഹനാപകടത്തില്‍ തൃശുര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് മരിച്ചത്. 27 വയസ്സായിരുന്നു. ശവ സംസ്‌കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.
കഴിഞ്ഞ ശനി പുലര്‍ച്ചെ നാലിനായിരുന്നു അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. ഉടന്‍ തന്നെ ലിനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബുദാബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ്.
കുവൈത്ത് സിറ്റി : മലയാളി നഴ് സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഹോം കെയർ നഴ്സായിരുന്ന റാന്നി കുടമുരട്ടി സ്വദേശിനി സുമകുമാരിയാണ് (48 ) മരിച്ചത്. അബ്‌ദുല്ല അൽ മുബാറക് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസമാണ് കുവൈത്തിലെത്തിയത്.മൃതദേഹം പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.
സുമകുമാരിയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
കുവൈത്ത് സിറ്റി : കുവൈത്തിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ് സ് മരണമടഞ്ഞു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (37) ആണ് ഇന്ന് കാലത്ത് അദാൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിലിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ ശുചി മുറിയിൽ വെച്ച് തൂങ്ങി മരിക്കനുള്ള ഉദ്യമം നടത്തിയിരുന്നു. എന്നാൽ ഭർത്താവും അയൽ വീട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ് സാണ് . കുവൈത്തിലെ മംഗഫിലിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയാണ്.
മക്കൾ – സൈറ, ദിയ, ക്രിസിയ
കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ പറഞ്ഞു.
ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍ നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴ്മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.മൂന്നരവയസുള്ള മകന്‍ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
ഖത്തറിലെ 2020-21 തണുപ്പുകാല ക്യാമ്പിങ്ങ് സീസണിന് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തുടക്കമാവും. കുടുംബവുമൊത്ത് പ്രകൃതിഭംഗി ആസ്വാദിച്ച് ഭക്ഷണം പാകം ചെയ്തും മീന്‍പിടുത്തം, ഒട്ടക സവാരി തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ശൈത്യ കാല സീസണുകളിലെ പ്രധാന ആഘോഷങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഖത്തറികളുടെ ജീവിത രീതിയുടെ ഒരു ആധുനിക പതിപ്പെന്ന് വേണമെങ്കില്‍ ഈ ക്യാമ്പിങ്ങിനെ വിശേപ്പിക്കാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമ്പുകള്‍ക്കുള്ള നിരക്കുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. ബീച്ചുകള്‍, സീസൈഡ്‌സ്, നാച്ചുറല്‍ റിസര്‍വ്‌സ് എന്നിവിടങ്ങളിലെ ക്യാനുകള്‍ 10,000 റിയാലാണ്. സീസണോട് അനുബന്ധിച്ച് ടെന്റ് ഉപകരണങ്ങളുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ എത്തുന്നത്.
രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ശൈത്യകാലത്ത് മരുഭൂമിയിലും, കടത്തീരത്തും ഒക്കെ ടെന്റ് കെട്ടി ആസ്വാദിക്കാനായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിട്ടുള്ള കാര്യങ്ങള്‍ക്കുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പര്‍മാര്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും കര്‍ശനമായി നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ ശൈത്യകാല സീസണില്‍ രാജ്യത്തെ വിവധയിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂറിസ്റ്റുകള്‍ക്ക് ക്യാമ്പിങ്ങിന് അനുമതി നല്‍കുക. ആദ്യഘട്ടം ഒക്ടോബര്‍ 11ന് രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ ക്യാമ്പിങ്ങ് നടത്താന്‍ അനുമതി ലഭിക്കും. അല്‍ശമാല്‍, അല്‍ഗശമിയ, സീലൈന്‍, റാസ് മത്ബക്, അറദ, സിക്രീത്ത്, അല്‍ നഗ്‌യാന്‍, അല്‍ കറാന, അഷര്‍ജി, ഉം അല്‍ മാ എന്നീ സഥലങ്ങളിലാണ് അനുമതി.
രണ്ടാഘട്ടം ഒക്ടോബര്‍ 14നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് ഓക്ടോബര്‍ 16 മുതല്‍ ക്യാമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും. അല്‍റീം റിസര്‍വ്, അല്‍ മറൂന, അല്‍ മസുറാ, ഉം അല്‍ അഫഇ, അല്‍ ഹാഷിം, അബൂദലൗഫ്, അല്‍ സുബാറ, അല്‍ ഉദൈ, സൗത്ത് അല്‍ ഖറാജ്, അബു സംറ എന്നീ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാം.
മൂന്നാംഘട്ടം ഓക്ടോബര്‍ 18നാണ്, ഇവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ക്യാമ്പ് അനുമതി ലഭിക്കും. റൗദത് റഷിദ്, റൗദത് അയിഷ, അല്‍ ഖോര്‍, അല്‍വാബ്, മുഖിത്‌ന, അല്‍ഗരിയ, അല്‍ മുഫൈര്‍, റാസ് അല്‍ നൗഫ്, അല്‍ അദുരിയ, അല്‍ സന, വെസ്റ്റ് അല്‍ റയിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കും.
നിങ്ങൾക്കും രജിസ്റ്റര്‍ ചെയ്യാം….. – www.mme.gov.qa
അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.
പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.
വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കും ഒമാനും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നു. കെനിയ, ഭൂട്ടാന്‍ എന്നിവരുമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച ശേഷമാണ് പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ഇപ്പോള്‍ ഒമാനുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനാകും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ പ്രകാരം വിമാന സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.നിലവില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസുകളും ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച പതിനാറാമത്തെ രാജ്യമാണ് ഒമാന്‍. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.