Middle East

മലയാളി യുവാവ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍ക്കുളത്തിലാണ് അജീര്‍ പാണൂസാ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. കാസര്‍കോട് ചെങ്കള സ്വദേശിയാണ് മരണപ്പെട്ട അജീര്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ് അജീര്‍. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷമാണ് ജനുവരിയില്‍ മരണപ്പെട്ടത്. ദുബായിയില്‍ വെച്ച് തന്നെയായിരുന്നു മരണം. ഒരാളെ വിട്ടു പിരിഞ്ഞതില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ് മറ്റൊരു സഹോദരനെ കൂടി ഇവര്‍ക്ക് നഷ്ടമായത്. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.

ദുബായ് ∙ ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് യുഗേഷ് അപ്പീൽ കോടതിയെ സമീപിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ജീവപര്യന്തം (25 വർഷം) തടവും തുടർന്ന് നാടുകടത്തലുമായിരുന്നു ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ പുനർവിചാരണ ഒാഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് പ്രതിഭാഗം നിയമ പ്രതിനിധി അഡ്വ.മീരാ അലി ജല്ലാഫ് അറിയിച്ചു.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. രണ്ട് പെൺമക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.

ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഒാഫീസിലെത്തിയിരുന്നു.

വിദ്യ ജോലി ചെയ്യുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

 

റിയാദ് : സൗദി അറേബ്യയിലെ അല്‍ ഖസീം ഉനൈസ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ലിന്റു ലിസാ ജോര്‍ജ്ജ് (31) നിര്യാതയായി. ചൊവ്വ പുലര്‍ച്ചെയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളാണ് .

കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്.

2015 ഫെബ്രുവരി മുതല്‍ സൗദിയില്‍ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ സ്വദേശി ബിനു പോളിന്റെയും മേരിയുടേയും മകളായ സമീക്ഷ പോളിനെയാണ് (15) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അജ്മാന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സമീക്ഷ. കുട്ടിയുടെ മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാര്‍ജയിലെ അല്‍ താവൂനിലെ താമസസ്ഥലത്ത് ഇന്നലെ അര്‍ദ്ധരാത്രിയാണ് സമീക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. മലയാളി ദമ്ബതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. കെട്ടിടത്തില്‍ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച്‌ ബുഹൈറ പൊലീസ് എത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് അപകടവിവരം സമീക്ഷയുടെ മാതാപിതാക്കളറിഞ്ഞത്. ഇവരെ ചോദ്യം ചെയ്ത പൊലീസ് മുറികള്‍ പരിശോധിച്ചു. ഇരട്ട സഹോദരിക്കൊപ്പമാണ് സമീക്ഷ ഉറങ്ങാന്‍ കിടന്നിരുന്നത്.

ബിനു പോള്‍ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.

ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ദുബായില്‍ ജോലി സ്ഥലത്ത് വെച്ച് മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.എന്‍.ഉണ്ണികൃഷ്ണന്‍ വനജ ദമ്പതികളുടെ മകന്‍ പി.എന്‍. ജിഷ്ണുവാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

ദുബായിലെ സോഡിയാക് മാനുഫാക്ചറിങ് എല്‍.എല്‍.സി കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. ജോലി സ്ഥലത്തുവെച്ച് മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ജിഷ്ണു തല്‍ക്ഷണം മരിച്ചു.

മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ ജിഷ്ണുവിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഹോദരി. അനുകൃഷ്ണ.

സൗദി അറേബ്യയിലും ഒമാനിലുമായി നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജോയ്, കൊറ്റനെല്ലൂർ സ്വദേശി നെടുമ്പക്കാരൻ ജോൺ എന്നിവരാണ് ഒമാനിലെ മസ്ക്കറ്റിൽ മരിച്ചത്. 61കാരനായ ജോയ് ഒരുമാസമായി കോവിഡ് ചികിൽസയിലായിരുന്നു. 67കാരനായ ജോൺ 25 വർഷമായി മസ്ക്കറ്റിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇതോടെ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീന്‍, വയനാട് മേപ്പാടി സ്വദേശി അഷ്‌റഫ്‌ എന്നിവരാണ് സൗദി അറേബ്യയിൽ മരിച്ചത്. അഞ്ച് ദിവസം മുൻപാണ് 65കാരനായ സൈനുദ്ദീനെ ഖമീസ് മുശൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിൽ സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായിരുന്നു 48കാരനായ അഷ്റഫ്. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 336 ആയി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

അബുദാബി∙ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം.

തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു പല സംഘാടകരും. വന്ദേഭാരത് നാലാം ഘട്ടം തുടക്കത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെട്ടിരുന്നു. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്ന് 1300 പേരെ വിളിച്ചാണ് ഒരു വിമാനത്തിലേക്ക് ആളെ തരപ്പെടുത്തിയതെന്നാണ് അന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞത്.

യാത്രക്കാർ കുറഞ്ഞതോടെ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്നും ഉടൻ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

നാട്ടിലേക്കു പോകാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലുമായി റജിസ്റ്റർ ചെയ്തത് 5.2 ലക്ഷത്തിലേറെ പേർ. കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം നാട്ടിലേക്കു മടങ്ങിയതാകട്ടെ വന്ദേഭാരത് വിമാനങ്ങളിൽ 1.55 ഉൾപെടെ ഏതാണ്ട് 2 ലക്ഷത്തിൽ താഴെ ആളുകൾ മാത്രം. ശേഷിച്ച 3.2 ലക്ഷം പേർ യാത്ര വേണ്ടന്നുവച്ചുവെന്നതിന് പല കാരണങ്ങളുണ്ട്.
സർക്കാരും നാട്ടുകാരും കുടുംബക്കാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടി യാത്ര വേണ്ടന്നുവയ്ക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചു.
ചാർട്ടേഡ് സർവീസിന്റെ നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുത്തിയതും ചിലരെ പിന്തിരിപ്പിച്ചു.
നാട്ടിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ഇവിടെ ശാന്തമാകുകയും ചെയ്തതിനാൽ യാത്ര ഒഴിവാക്കിയവരുമുണ്ട്.
നാട്ടിലെത്തിയാൽ ക്വാറന്റീനിൽ കഴിയണം. അതിനാൽ ചെറിയ അവധി മാത്രമുള്ളവർ നാട്ടിൽ പോകുന്നത് നീട്ടിവയ്ക്കുന്നു.

കോവിഡ് 19 പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി ബാലന് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിക്ക് കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയത്.

റിയാദിലെ ശഖ്‌റ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങി. ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.

തുടര്‍ന്ന് ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് രംഗത്തെത്തി.

അനസ്‌തേഷ്യ നല്‍കുന്ന കാര്യത്തില്‍ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അല്‍ ജൗഫാന്‍ പറയുന്നത്. ഓപ്പറേഷന് ശേഷം സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു.

കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു’ പിതാവ് വ്യക്തമാക്കി.

സംഭവത്തില്‍ അടിയന്തിര അന്വേഷണകമ്മിറ്റി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ് ജൗഫാന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കി. വിഷയത്തില്‍ നേരിട്ട് ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved