Middle East

കൊവിഡ്‌ ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.

മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.

യുഎഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി സര്‍ക്കാര്‍  ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷിസ്വദേശിവല്‍കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്.

അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെന്നും നിര്‍ദേശിക്കുന്നു.

മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് രോഗിയെ വധശിക്ഷയ്ക്കു വിധേയനാക്കാനുറച്ച് സൗദി ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ഇതിനാധാരമായ സംഭവം നടന്നത്.ഹെയ്‌ലി പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്.തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല.

ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല.ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

അയാള്‍ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.ഇയാള്‍ക്ക് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നു ഇയാള്‍ മാളില്‍ നടത്തിയതെന്നും ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന ആവശ്യവുമായി സൗദി പോലീസ് എത്തിയത്.

ചികിത്സയ്ക്കു ശേഷമായിരിക്കും ഇയാളുടെ വധശിക്ഷ നടപ്പാക്കുക. ഇതുവരെ 1012 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

കൊച്ചി ∙ ഭര്‍ത്താവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിയാത്ത ദുഃഖത്തിനിടയിലും ബിജിക്കു മറക്കാന്‍ കഴിയില്ല മറുനാട്ടില്‍ താങ്ങും തണലുമായ ഈ ഇക്കയുടെ സഹായഹസ്തം. ജോലി സ്ഥലത്ത് പാസ്പോർട്ട് തടഞ്ഞുവയ്ക്കാൻ ശ്രമിച്ചപ്പോൾ ഇറങ്ങിപ്പോന്ന് അബുഹായിലെ വഴിയരികിൽ കരഞ്ഞ് ഇരിക്കുന്നതു കണ്ട് തന്നെ സഹായിച്ചതു മലയാളിയായ വഴിക്കച്ചവടക്കാരനെന്നു ബിജി  പറഞ്ഞു.

കൊറോണ ഭീതിയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നു കഴിഞ്ഞദിവസം ഭർത്താവ് മരിച്ചിട്ടും നാട്ടിൽ വരാനാകാതെ ബിജിക്കു വാട്സാപ് വിഡിയോ കോളിൽ അന്ത്യചുംബനം നൽകേണ്ടി വന്നതു വാർത്തയായിരുന്നു. ഒരു നേരത്തെ മാത്രം ഭക്ഷണം കഴിച്ചാണ് ഇപ്പോൾ താനും തന്നെ സംരക്ഷിക്കുന്ന ഇക്കയുമെല്ലാം കഴിയുന്നതെന്നും അവർ പറഞ്ഞു.

‘റോഡിൽ ബ്ലൂടൂത്തും മറ്റും വിറ്റു നടക്കുന്ന ഒരു ഇക്കയാണിത്. അബൂബക്കർ സിദ്ധഖി എന്നാണ് പേര്. ഞാൻ വഴിയിലിരുന്നു കരയുന്നത് ഒരുപാടുപേർ കണ്ടെങ്കിലും ആരും കാര്യം അന്വേഷിച്ചില്ല. ഇദ്ദേഹം സംസാരിക്കുകയും ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരികയും ചെയ്തു. കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അപ്പോൾ തന്നെ ആരെയൊക്കെയോ വിളിച്ച് അദ്ദേഹം റൂമിന്റെ കാര്യങ്ങൾ സംസാരിച്ചു. കയ്യിൽ 300 രൂപയേ ഉള്ളൂ അതു തരാം എന്നു പറഞ്ഞു റൂമെടുത്തു തന്നു. 2500 രൂപയായിരുന്നു റൂമിനു പറഞ്ഞത്. എന്നിട്ടും ഞങ്ങളുടെ സുരക്ഷയെ കരുതി അവർ റൂം തരികയായിരുന്നു. ക്യാമറയെല്ലാമുള്ള സുരക്ഷിതമായ മുറിയായിരുന്നു അത്.

അന്നു മുതൽ ഇപ്പോൾ മൂന്നാഴ്ചയായി ഈ ഇക്കയുടെ സംരക്ഷണയിലാണ്. കുടിവെള്ളം മുതൽ സകലവും അദ്ദേഹമാണു ഞങ്ങൾക്കു തന്നത്. കഴിഞ്ഞ ദിവസം വിമാനം റദ്ദാക്കുന്നതിന് മുമ്പത്തെ ദിവസം കൂടെയുണ്ടായിരുന്ന പെൺകുട്ടി ഇവിടെനിന്നു കയറി നാട്ടിൽപോയി. ഇത്രയും നാൾ മൂന്നു നേരം ഭക്ഷണം തന്നിരുന്ന അദ്ദേഹം നിവർത്തിയില്ലാത്തതിനാൽ ഇപ്പോൾ ഒരു നേരമാണ് ഭക്ഷണം വാങ്ങിത്തരുന്നത്. അതിനുപോലും പറ്റാത്ത സാഹചര്യമാണ് അദ്ദേഹത്തിനും. റോഡിൽ ആളുകളില്ലാത്തതിനാൽ കച്ചവടം നടക്കാത്തത് ഇദ്ദേഹത്തെ ദുരിതത്തിലാക്കി. പിന്നെ അഫ്സൽ എന്നു പേരുള്ള ഒരു വക്കീലുണ്ട്. അദ്ദേഹവും സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇവരെ രണ്ടു പേരെയും ജീവിതത്തിൽ മറക്കാനാവില്ല’ – ബിജി പറയുന്നു.

കളമശേരി ഗ്ലാസ് കോളനിയിൽ അഭയ കേന്ദ്രത്തിലാണ് ശ്രീജിത്തും മൂന്നു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ശ്രീജിത്ത് മരിച്ചതോടെ കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ പിതാവിനൊപ്പമാണ്. നഗരസഭാ അംഗങ്ങൾ ഇടപെട്ടാണ് അവരെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. മൂത്ത കുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചെറിയ കുട്ടിക്ക് അഞ്ചു വയസ്സാണു പ്രായം. ഞാൻ തിരിച്ചെത്തുന്നതു വരെ ഇവർ സംരക്ഷിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. ഭർത്താവിന്റെ ചികിത്സകൾക്ക് പണം കണ്ടെത്തുന്നതിനു സാധിക്കാതെ വന്നതോടെയാണ് എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതും ഇങ്ങനെ ദുരന്തത്തിൽ കലാശിച്ചതും’– ബിജി പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകം മുഴുവൻ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ഇന്ത്യയിലെയും യുകെയിലെയും പ്രധാനമന്ത്രിമാർ രാജ്യം മുഴുവൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 100 കോടി ജനങ്ങളാണ് വീടിനുള്ളിൽ സ്വയംപ്രഖ്യാപിത തടങ്കലിൽ ഉള്ളത്. ലോകമെങ്ങും കൊറോണാ വൈറസിനെതിരെ സർക്കാരുകൾ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന് ഭാഗമായിട്ടാണിത് .

കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശമ്പളം നൽകാനുള്ള തീരുമാനം ബ്രിട്ടീഷ് സർക്കാർ എടുത്തിരുന്നു. യുകെയിൽ നിന്ന് വ്യത്യസ്തമായിട്ട് ഇന്ത്യയിലും പ്രവാസി മലയാളികൾ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലും ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. പ്രവാസി മലയാളികളിൽ കോവിഡ് -19 മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ കുറച്ചൊന്നുമല്ല. ഇപ്പോൾതന്നെ മലയാളം ന്യൂസ് റൂമുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിൽ ഉള്ളവർ പലരും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങൾ പങ്കുവച്ചിരുന്നു. ഇവരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുകയും നാട്ടിലുള്ള കുടുംബങ്ങൾ പട്ടിണിയിലാവാൻ കാരണമാവുകയും ചെയ്യും.ഗൾഫ് വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ വളരെ ഗുരുതരമായി ബാധിക്കുന്നതാണ് ഗൾഫ് മേഖലയിലെ തൊഴിലിടങ്ങളിൽ കൊറോണ വൈറസ് സൃഷ്‌ടിച്ചിരിക്കുന്ന പ്രതിസന്ധി.

ലോക് ഡൗൺ ദിവസ വേതനക്കാരെയാണ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. കാരണം അന്നത്തിനു വക തേടിയിരുന്നവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.കാര്യമായ സഹായം ഉണ്ടായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിന് ജീവിതങ്ങൾ മുന്നോട്ട് പോകുകയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ നീണ്ടു പോകുന്തോറും ജനങ്ങളുടെ വരുമാനത്തെ അത് സാരമായി ബാധിക്കുകയും ജീവിതം കൂടുതൽ ദുരിതത്തിലാവുകയും ചെയ്യും.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ പിടിമുറുക്കിയേക്കാം. കുറഞ്ഞ പലിശയ്ക്ക് ഉദാരമായി വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാകണം. സ്വർണ്ണം ഈടു നൽകി കാർഷിക വായ്പ നൽകുന്നത് നിർത്തലാക്കിയ നടപടി ബാങ്കുകൾ പിൻവലിക്കണം. കൊള്ള പലിശക്കാരുടെ കരാളഹസ്തങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളി വിടാതിരിക്കാനുള്ള ബാധ്യത ഗവൺമെന്റിനും ബാങ്കുകൾക്കും ഉണ്ട്.

 

ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷിന്റെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തി. ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും റോയൽ ഒമാൻ പൊലീസിന് ലഭിച്ചു. ഇരുവരും ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു.

‘അൽ റഹ്‍മ’ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വാഹനങ്ങൾ വാദികൾ മുറിച്ചുകടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാത്രിയിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്.

അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.

ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്.

സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

പ്രഭാത ഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. മരിച്ച അബ്ദുൽ അസീസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാരായ ഇവര്‍ കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്.  കൊറോണ സ്ഥിരീകരിച്ച ഒരു നഴ്സിന്റെ ഭർത്താവിനും കുട്ടിക്കും കൊറോണ ബാധിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെയ്ക്ക് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .

രോഗബാധയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈനില്‍ ഇതുവരെ നാല് ഇന്ത്യാക്കാര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച്‌ 29വരെ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

RECENT POSTS
Copyright © . All rights reserved