Most Popular

പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചോയെന്നറിയാന്‍ ഊതിക്കുന്നതിനിടെ പോലീസുകാരന്റെ മുഖത്ത് തുപ്പല്‍ തെറിെച്ചന്നാരോപിച്ച് സ്‌കൂട്ടര്‍ യാത്രികന് പോലീസുകാരന്റെ മര്‍ദ്ദനം. ഇത് കണ്ട് നിന്ന നാട്ടുകാര്‍ പോലീസുകാരനെ കൈയേറ്റം ചെയ്യുകയും പോലീസ് സംഘത്തെ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴുമണിയോടെ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പോലീസ് പതിവായി ഇവിടെ വാഹന പരിശോധന നടത്താറുണ്ട്.
അഡി. എസ്‌ഐ സുമിത്തും മറ്റൊരു പോലീസുകാരനും ചേര്‍ന്നായിരുന്നു ഇന്നലെ പരിശോധന നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ വന്നയാളെയാണ് സിവില്‍ പോലീസ് ഓഫീസര്‍ പിടികൂടി ഊതാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ബ്രത്ത് അനലൈസര്‍ ഇല്ലാതെ കൈപ്പത്തിയിലേക്ക് ഊതാനാണ് ആവശ്യപ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികന്‍ ഊതുന്നതിനിടെ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പല്‍ തെറിച്ചു. യാത്രക്കാരന്റെ മുന്‍നിരയില്‍ പല്ലുകള്‍ ഇല്ലായിരുന്നു. ഇതാണ് തുപ്പല്‍ തെറിക്കാന്‍ കാരണമായത്. തുപ്പല്‍ മുഖത്ത് വീണതോടെ കുപിതനായ പോലീസുകാരന്‍ അസഭ്യം വിളിച്ചു കൊണ്ട് യാത്രക്കാരന്റെ കരണത്ത് അടിക്കുകയായിരുന്നു.

സംഭവം വഷളായത് കണ്ട് സംഭവത്തിന് ദൃക്‌സാക്ഷിയായ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇടപെട്ടു. യാത്രക്കാരനെ തല്ലിയ പോലീസുകാരന്റെ മേല്‍ കൈവയ്ക്കാനും അവര്‍ മറന്നില്ല. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തേണ്ട പരിശോധന കൈപ്പത്തിയിലേക്ക് ഊതിച്ച് നടത്തിയതിനും യാത്രക്കാരനെ മര്‍ദിച്ചതിനും പോലീസ് സമാധാനം പറഞ്ഞിട്ടു പോയാല്‍ മതിയെന്നായി നാട്ടുകാര്‍. ഭാര്യയ്ക്ക് മുന്നില്‍ മര്‍ദനമേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ഇതിനിടെ വിങ്ങിപ്പൊട്ടുകയും ചെയ്തു.

വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി എസ്‌ഐയെയും പോലീസുകാരനെയും മോചിപ്പിച്ചു.മര്‍ദനമേറ്റ യാത്രക്കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. യാത്രക്കാരന്‍ മനഃപൂര്‍വം പോലീസുകാരന്റെ മുഖത്ത് തുപ്പുകയായിരുന്നുവെന്ന് പറയുന്ന പോലീസ് കുറ്റക്കാരനായ പോലീസുകാരന്റെ പേരു വിവരം വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.

സൂറിച്ച്: തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതിലൂടെ ഓര്‍മ പൂര്‍ണ്ണമായും നശിക്കുന്ന അല്‍ഷൈമേഴ്‌സ് രോഗം പകരുമെന്ന് പഠനം. എന്നാല്‍ മറ്റു പകര്‍ച്ചവ്യാധികള്‍ പോലെയല്ല ഇതെന്നു മാത്രം. ശരീരകലകള്‍ മാറ്റി വയ്ക്കുന്നതിലൂടെയാണ് ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഡീ കലകള്‍ സ്വീകരിച്ചവര്‍ക്കും അല്‍ഷൈമേഴ്‌സിന്റെ ആദ്യഘട്ടത്തില്‍ തലച്ചോറില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീനും തമ്മില്‍ മറവി രോഗത്തിനുള്ള ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെയ്ക്കപ്പെട്ടവര്‍ പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സിനു സമാനമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുകയാണ് പുതിയ പഠനം.
ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലാന്‍ഡിലും ടിഷ്യൂ ഗ്രാഫ്റ്റിംഗിനു വിധേയരായ എട്ടു പേരുടെ തലച്ചോറില്‍ നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. മരിച്ചവരുടെ മസ്തിഷ്‌കത്തില്‍ നിന്ന് എടുക്കുന്ന കലകള്‍ മാറ്റി വയ്ക്കപ്പെടുന്നവര്‍ക്ക് സാധാരണയായി കാണാറുള്ള മസ്തിഷ്‌കരോഗം ബാധിച്ചു മരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്. എ ബീറ്റ എന്ന പ്രോട്ടീന്‍ സാന്നിധ്യം മൂലം ഇവരില്‍ അഞ്ചുപേരുടെ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് നാശം സംഭവിച്ചതായി കണ്ടെത്തി. ഇതേ അസുഖം ബാധിച്ചു മരിച്ച മറ്റു രോഗികളുടെ തലച്ചോറിലെ പരിശോധനയില്‍ തലച്ചോറിലെ കലകള്‍ മാറ്റിവെച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇത് വ്യക്തമാക്കുന്നത് ശരീരകലകള്‍ മാറ്റിവയ്ക്കുന്നതിലൂടെ മറവിരോഗത്തിന്റെ വിത്തുകളും മറ്റൊരാളിലേക്ക് പകര്‍ത്തപ്പെടാമെന്നാണ്. എന്നാല്‍ രോഗിയെ പരിചരിക്കുന്നവതിലൂടെ അല്#ഷൈമേഴ്‌സ് പകരില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇതോടെ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കും. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും ജയരാജന്‍ ലീവ് എടുത്തിരിക്കുകയുമാണ്. എംവി ജയരാജനാണ് താത്കാലിക ചുമതല. ആശുപത്രിയില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിക്കും. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
മൂന്നാംതവണയാണ് ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. അതേസമയം സിബിഐക്ക് മുന്നില്‍ ഹാജരാകുന്നതടക്കമുളള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഹൈക്കോടതിയില്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി. ജാമ്യഹര്‍ജിയിന്മേലുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വി.ജി അനില്‍ കുമാറാണ് വിധി പറഞ്ഞത്.

കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്.യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബിഐ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

മജൂറോ: ആണവായുധങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ അന്താരാഷ്ട്ര കരാറുകളും നിബന്ധനകളും നിലവിലുണ്ടെങ്കിലും ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടനും അവ പാലിക്കുന്നില്ലെന്ന് മാര്‍ഷല്‍ ദ്വീപുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മാര്‍ച്ച് ഏവു മുതല്‍ പതിനാറ് വരെയുള്ള തിയതികളില്‍ ഈ മൂന്നു കേസുകള്‍ കോടതി പരിഗണിക്കും. പസഫിക് സമുദ്ര മേഖലയിലുള്ള ചെറിയ ദ്വീപ് രാജ്യമായ മാര്‍ഷല്‍ ദ്വീപ് അമേരിക്ക നടത്തിയിട്ടുള്ള ആണവ പരീക്ഷണങ്ങളുടെ സ്ഥിരം വേദിയായിരുന്നു. 55,000 മാത്രമാണ് ഈ രാജ്യത്തെ ജനസംഖ്യ. അന്താരാഷ്ട്ര തലത്തിലുകരാറുകളനുസരിക്കാന്‍ ആണവ ശേഷിയുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്ന് 2014ല്‍ രാജ്യം ആരോപണം ഉന്നയിച്ചിരുന്നു. ചൈന, ബ്രിട്ടന്‍, ഇന്ത്യ, ഫ്രാന്‍സ്, ഇസ്രായേല്‍, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളേയായിരുന്നു ദ്വീപ് കുറ്റപ്പെടുത്തിയത്.
ആണവ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്തതിലൂടെ ഈ രാജ്യങ്ങള്‍ ആണവ നിര്‍വ്യാപനക്കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന ആരോപണമാണ് മാര്‍ഷല്‍ ദ്വീപ് ഉയര്‍ത്തുന്നത്. ഇന്ത്യയും പാകിസ്ഥാനുമുള്‍പ്പടൈയുള്ള രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. 1946നും 1958നുമിടയില്‍ അമേരിക്ക നിരവധി അണുവായുധ പരീക്ഷണങ്ങള്‍ തങ്ങളുടെ മണ്ണില്‍വെച്ച് നടത്തിയിട്ടുള്ളതിനാല്‍ ആണവായുധങ്ങളുണ്ടാക്കുന്ന വിപത്തിനേക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളേക്കുറിച്ചും തങ്ങള്‍ക്കറിയാമെന്ന് ദ്വീപ് ഭരണകൂടം പറയുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കുന്നതിനാലാണ് ബ്രിട്ടന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ അവിടെത്തന്നെ കേസ് നല്‍കിയതെന്നും രാജ്യം വ്യക്തമാക്കി. ഇന്ത്യക്കും പാകിസ്ഥാനുമെതിരേ നല്‍കിയ കേസുകള്‍ പരിഗണിക്കാന്‍ ഹേഗിലെ ട്രിബ്യൂണലിന് അധികാരമുണ്ടോ എന്ന കാര്യം കോടതി പരിഗണിക്കും. ബ്രിട്ടന്‍ ഉന്നയിച്ചിട്ടുള്ള തടസവാദങ്ങളും പ്രാഥമികമായി പരിഗണിക്കും. കോസുകളുമായി മുന്നോട്ടു പോകാന്‍ കഴിയുമോ എന്ന കാര്യം ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് വിവരം.

അമേരിക്ക ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ബിക്കിനി ദ്വീപ് മാര്‍ഷല്‍ ദാപുകളുടെ ഭാഗമാണ്. 2014ലായിരുന്നു ദ്വീപിനെയാകെ വികിരണങ്ങളാല്‍ നിറച്ച പരീക്ഷണത്തിന്റെ അറുപതാം വാര്‍ഷികം. ശീതയുദ്ധത്തിന്റെ ഭാഗമായാണ് 1954ല്‍ അമേരിക്ക 15 മെഗാടണ്‍ ശേഷിയുള്ള ബോംബിന്റെ പരീക്ഷണം നടത്തിയത്. ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ ആയിരം മടങ്ങ് അധിക ശേഷിയുള്ള ബോംബായിരുന്നു ഇവിടെ പരീക്ഷിച്ചത്. 1946ല്‍ ആദ്യ പരീക്ഷണം നടത്തിയതു മുതല്‍ ബിക്കിനി ദ്വീപു നിവാസികള്‍ക്ക് തങ്ങളുടെ സ്വന്തം നാട് ഇല്ലാതായി. 1970ല്‍ അമേരിക്കന്‍ വിദഗ്ദ്ധര്‍ ദ്വീപ് വാസയോഗ്യമാണെന്ന് പ്രഖ്യാപിക്കുകയും കുറച്ചുപേര്‍ക്ക് താമസത്തിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ എട്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇവരെ വലിയ തോതില്‍ വികിരണമേറ്റതിനാല്‍ ഇവിടെ നിന്ന് ഒഴിപ്പിച്ചു. രണ്ട് ബില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണ് മാര്‍ഷല്‍ ദ്വീപ് ന്യൂക്ലിയര്‍ ക്ലെയിംസ് ട്രിബ്യൂണല്‍ ആണവ വികിരണത്തിന്റെ ഇരകള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളത്. 150 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ നഷ്ടപരിഹാര ഫണ്ട് ഇല്ലാതായതോടെ ഇതും നിലച്ചിരിക്കുകയാണ്. ദ്വീപ് ആരോപണമുന്നയിച്ച ഒമ്പതില്‍ എട്ടു രാജ്യങ്ങളും തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം ഇതേ വരെ സമ്മതിച്ചിട്ടില്ല. മധ്യപൂര്‍വേഷ്യയിലെ ഏക ആണവശക്തി ഇസ്രായേലാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ശുപാര്‍ശക്കത്ത് പുറത്ത്. ആരോപണമുന്നയിക്കുന്നവര്‍ക്ക് താനും സരിതയുമായി ബന്ധമുണ്ടോയെന്നതിന് കടലാസുതുണ്ടെങ്കിലും തെളിവുണ്ടോയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അതിന് മറുപടിയായാണ് താന്‍ ഒരുതുണ്ട് കടലാസ് പുറത്തുവിടുന്നുവെന്ന് സരിത ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.
മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്താനാണ് കത്ത് പുറത്തുവിട്ടതെന്നും സരിത അറിയിച്ചു. തന്റെ കൈപ്പടയില്‍ എഴുതിയ കത്തില്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു. ഇത് ആലപ്പുഴ കലക്ടര്‍ക്ക് താന്‍ നേരിട്ട് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അതേദിവസം മാവേലിക്കര താലൂക്ക് ഓഫിസില്‍ അപേക്ഷ എത്തിച്ചു. അടുത്തദിവസം എല്ലാം ശരിയായി ക്കിട്ടി.

7f692d8a-9b66-4b82-9722-fb9101f548c8

തന്റെ ഭൂമിക്ക് ഒരുദിവസം കൊണ്ട് റീസര്‍വേ ചെയ്തുകിട്ടിയെന്ന് ഉടമ ബാബുരാജും ചാനലില്‍ പറഞ്ഞു. എല്ലാ അവസരങ്ങളിലും മുഖ്യമന്ത്രി സഹായിച്ചിട്ടുണ്ടെന്നും സോളാര്‍ കേസ് അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകള്‍ അടുത്തദിവസം കമീഷനുമുന്നില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

ടെഹ്‌റാന്‍: ചരിത്രത്തിലെ ക്രൂരതകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഹോളോകോസ്റ്റ്ിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനി. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് അദ്ദേഹം ഈ കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരണങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നത്. കറുത്ത കാലഘട്ടം അവസാനിച്ചോ എന്ന ചോദ്യത്തോടെയുളള മൂന്നു മിനിറ്റ് ദൃശ്യങ്ങളാണ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. ഓഷ്വിറ്റ്‌സ് തടവറയിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
നാസിപ്പടയുടെ ഈ പീഡന ക്യാമ്പുകള്‍ ലക്ഷക്കണക്കിന് പേരാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരിച്ച് വീണത്. ഈ കൂട്ടക്കൊലയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ യൂറോപ്പിലാരും ധൈര്യപ്പെടില്ലെന്ന്് തനിക്കറിയാമെന്നും ഖൊമേനി പറയുന്നു. അതേസമയം ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചെന്നും ഖുമേനി ആരായുന്നു. ഈ കൂട്ടക്കൊലയെക്കുറിച്ച് പറയുന്നതും ഇതില്‍ സംശയമുണര്‍ത്തുന്നതും തന്നെ പാപമായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹിറ്റ്‌ലറുടെ കരങ്ങളാല്‍ യൂറോപ്പിലെമ്പാടുമുളള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് പേരെ മറ്റ് രാജ്യങ്ങളും സ്മരിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്ന അജ്ഞതയാണിതെന്നും അദ്ദേഹം പറയുന്നു.

ന്യൂയോര്‍ക്ക്: സിക വൈറസ് നാല്‍പ്പത് ലക്ഷം പേരെ ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നവജാതശിശുക്കള്‍ക്ക് തലച്ചോര്‍ ചുരുങ്ങുന്ന രോഗാവസ്ഥയായ മൈക്രോസെഫാലിക്ക് ഈ വൈറസ് കാരണമാകുമെന്നാണ് സൂചന. ഭ്രൂണത്തിന്റെ തലച്ചോര്‍ വികാസത്തെ സിക വൈറസ് ബാധിക്കും. ബ്രസീലില്‍ മൈക്രോസെഫാലി ബാധിച്ച കുട്ടികള്‍ ജനിച്ചതിനു പിന്നില്‍ സിക വൈറസിന്റെ പങ്കിനെക്കുറിച്ചുളള പഠനം ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് ലോകാരോഗ്യ സംഘടനയിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍കോസ് എസ്പിനാല്‍ പറഞ്ഞു. ഈ വൈറസുകള്‍ പ്ലാസന്റ കടന്ന് മൈക്രോസെഫാലി പോലുളള രോഗം വരുത്തുമോയെന്ന കാര്യം തെളിയിക്കാനായിട്ടില്ല. എന്നാല്‍ സിക വൈറസിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ലോകമെങ്ങും ക്യൂലസ് കൊതുകുകളെക്കാള്‍ ഈഡിസ് ഈജിപ്റ്റി കൊതുകുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ബ്രസീലിയന്‍ ആരോഗ്യ വിദഗ്ദ്ധസംഘമായ ഓസ്‌വാല്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ പറയുന്നു. അത് കൊണ്ട് തന്നെ സിക വൈറസുകള്‍ ലോകമെമ്പാടും വ്യാപിക്കാനുളള സാധ്യതയും കൂടുതലാണ്. ആഫ്രിക്കയേയും ഏഷ്യയേയും അപേക്ഷിച്ച് ഇരുപതിരട്ടി കൂടുതല്‍ ക്യൂലക്‌സ് കൊതുകുകള്‍ ബ്രസീലിലുണ്ട്. ബ്രസീലിലെയും അമേരിക്കയിലെയും മൈക്രോസെഫാലിക്ക് കാരണം സിക വൈറസുകള്‍ തന്നെയാണെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു. ഇതിന്റെ ഫലമായി ഇവിടെ നവജാത ശിശുക്കള്‍ താരതമ്യേന ചെറിയ തലയുമായി ജനിക്കുന്നു. ജനനസമയത്ത് ഇവരുടെ തലയുടെ വലുപ്പം 31.5മുതല്‍ 32 സെന്റിമീറ്ററിലും കുറവാണ്.

എബോളയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ട് സികയെ തുരത്താന്‍ ആവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുളളത്. രോഗവ്യാപനം തടയാനായി എത്രയും പെട്ടെന്ന് വിദഗ്ദ്ധരടങ്ങിയ ഒരു അടിയന്തര സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രോഗബാധ തടയാനായി സൈന്യത്തെയും ആരോഗ്യ വിദഗ്ദ്ധരെയും വിന്യസിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രോഗത്തെക്കുറിച്ചുളള വിവരങ്ങള്‍ ലാറ്റിനമേരിക്കയുമായി പങ്ക് വയ്ക്കുകയാണ് രോഗം തടയാനുളള ഫലപ്രദമായ മാര്‍ഗമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് പറയുന്നു.

2015ന് ശേഷം ഇരുപത് രാജ്യങ്ങളിലേക്ക് രോഗം ബാധിച്ചു. ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ രോഗബാധിതരായിട്ടുണ്ട്. സിക വൈറസ് വാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ യൂറോപ്പിലേക്ക് എത്തിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. കെന്റ് തീരത്തും വെസ്റ്റ് സസെക്‌സിലും ഇത്തരം കൊതുകുകളുണ്ടെന്ന് വിദഗ്്ദ്ധര്‍ പറയുന്നു. ആഗോളതാപനം മൂലം ബ്രിട്ടനിലെ കാലാവസ്ഥ ഇവയ്ക്ക് ഏറെ ആകര്‍ഷകമായി തീര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദേശവും ഉണ്ട്. ലാറ്റിനമേരിക്കയിലെ സ്ത്രീകള്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ഗര്‍ഭം ധരിക്കരുതെന്നാണ് നിര്‍ദേശം.ജനനവൈകല്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഗര്‍ഭിണികളായിട്ടുളളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശമുണ്ട്.

പനിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് സിക വൈറസ് ബാധയ്ക്കുമുളളത്. സന്ധിവേദന, കണ്ണിലെ എരിച്ചില്‍, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 1940കളില്‍ ആഫ്രിക്കയിലാണ് ഈ വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. എന്നാല്‍ മനുഷ്യര്‍ക്ക് ഇത് ഭീഷണി ആയിരുന്നില്ല. ഇതുവരെ ഈ വൈറസിനെതിരേ യാതൊരു വാക്‌സിനുകളും വികസിപ്പിച്ചിട്ടില്ല. മരുന്ന് വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്നുളള ഒരു സംഘം ഗവേഷകര്‍ ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുളള അവസരം ഇല്ലാതാക്കുക എന്നതാണ് രോഗബാധ തടയാനുളള ഫലപ്രദമായ മാര്‍ഗമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വിജയ് മല്ല്യക്ക് കഴിഞ്ഞ ഡിസംബര്‍ 18ന് വയസ്സ് അറുപതായി. അറുപതാം പിറന്നാളല്ലേ, ഒരു സംഭവമാക്കിക്കളയാമെന്ന് മുതലാളിയങ്ങ് തീരുമാനിച്ചു. ഗോവയിലെ ആ ഢംബര വസതിയിലും സമീപമുള്ള ടാജ് റിസോര്‍ട്ടിലും വച്ചായിരുന്നു ആ രാജാവ് ആഘോഷം പൊടിപൊടിച്ചത്. ഭൂമിയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള V.V.I.Pകളെ ആഘോഷത്തില്‍ അണിനിരത്തി. ലോകപ്രശസ്ത ഗായകന്‍ Enrique Iglesias നെ വരുത്തിയാണ് ‘ഹാപ്പി ബെര്‍ത്ത്‌ഡേ’യും മറ്റ് പാട്ടുകളും പാടിച്ചത്. ബോളിവുഡ് ഗായകന്‍ സോനു നിഗം അടക്കം വമ്പന്മാരും വമ്പത്തികളുമാണ് അതിഥികളെ സുഖിപ്പിക്കാന്‍ അണിനിരന്നത്. തിന്നാനും കുടിക്കാനുമാണെങ്കില്‍ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും മുന്തിയ വകകള്‍തന്നെ ആ പെരുവിരുന്നില്‍ വിളമ്പി. ഈ ‘അടിച്ചുപൊളി’ക്കെല്ലാംകൂടി മുതലാളി മുടക്കിയത് വെറും അഞ്ചുകോടി മാത്രം.
ഓരോ ആളുകള്‍ കഷ്ടപെട്ട് ഉണ്ടാക്കുന്ന പണം അവര് എങ്ങനയോ ചിലവാക്കുന്നതില്‍ നിങ്ങക്കെന്താ ചേതം എന്ന് സംശയിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ഇതുകൂടി അറിയണം. മല്ല്യയുടെവക ‘കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്’, ‘യുണൈറ്റഡ് ബ്രൂവെറീസ്’ എന്നീ കമ്പനികള്‍ എത്രയോകാലമായി അടഞ്ഞുകിടക്കുന്നു. കമ്പനിവക വിമാനങ്ങള്‍ നിലത്തിറക്കിയിട്ടിട്ട് കൊല്ലങ്ങളാവുന്നു. ഇരുകമ്പനികളിലെയും ജീവനക്കാര്‍ക്ക് കൂലികൊടുക്കുന്നില്ല. ഇന്‍കം ടാക്‌സ് റിട്ടേണ്‍ കൊടുക്കുകയോ നികുതി അടയ്ക്കുകയോ ചെയ്യുന്ന പരിപാടിയേയില്ല. ബാങ്കുകളിലെ വീട്ടാക്കടമായ 6000 കോടിയില്‍ ഒരുരൂപപോലും തിരിച്ചടയ്ക്കാന്‍ മല്ല്യ കൂട്ടാക്കുന്നുമില്ല.

മല്ല്യയെപ്പോലെ ആയിരക്കണക്കിന് മുതലാളിമാര്‍ ബാങ്കുകളെ കടക്കെണിയിലാക്കിയശേഷം അഞ്ചുകോടിയുടെ പിറന്നാള്‍ മാമാങ്കംപോലുള്ള അസംബന്ധനാടകങ്ങള്‍ കളിക്കുകയും ചെയ്യുന്നു. എല്ലാം ‘വേണ്ടപ്പെട്ടവരായ’ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശകളോടെ.

ലണ്ടന്‍: സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 88,000 വീടുകള്‍ നഷ്ടമാകുമെന്ന് ടൗണ്‍ ഹാള്‍ നേതാക്കള്‍. തത്ഫലമായി ആയിരക്കണക്കിന് ജനങ്ങള്‍ വാടകയ്ക്ക് വീടുകള്‍ നല്‍കുന്നവരുടെ ചൂഷണത്തിനിരയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാരിന്റെ വാങ്ങല്‍ അവകാശ നിയമപ്രകാരം 66,000 കൗണ്‍സില്‍ ഭവനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കാന്‍ ധാരണയായിട്ടുണ്ട്. റൈറ്റ് ടു ബൈ പര്‍ച്ചേയ്‌സിലൂടെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വെറും മൂന്നിലൊന്ന് വില മാത്രമേ ലഭിക്കൂ. സാമൂഹ്യ ഭവന പദ്ധതി പ്രകാരം പകരം നല്‍കാന്‍ ഇവരുടെ പക്കല്‍ മതിയായ പണമില്ലെന്നും പ്രാദേശിക സര്‍ക്കാരുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക സ്ഥിതി ഇത്രയേറെ ഭീകരമായതിനാല്‍ 22,000 കൗണ്‍സില്‍ വീടുകള്‍ കൂടി ഇവര്‍ വിറ്റഴിക്കാന്‍ പദ്ധതിയിടുകയാണ്.
കൗണ്‍സില്‍ ഭവനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് ഇപ്പോള്‍ തന്നെയുണ്ട്. 1981ല്‍ അന്‍പത് ലക്ഷം കൗണ്‍സില്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നത് 2014ല്‍ വെറും പതിനേഴ് ലക്ഷമായി ചുരുങ്ങി. വീടുകള്‍ ആവശ്യമുള്ളവര്‍ സ്വകാര്യ മേഖലയിലെ വാടക വീടുകളിലേക്ക് ചേക്കേറുകയാണ്. സര്‍ക്കാരിന്റെ ഭവനപദ്ധതികള്‍ ഏറെ കടുത്തതാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. വാങ്ങല്‍ അവകാശ നിയമമാണ് സോഷ്യല്‍ ഹൗസിംഗിന്റെ നാശത്തിന് കാരണമാകുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ ആരോപിക്കുന്നു.

എന്നാല്‍ ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേന്റെ കണക്കുകള്‍ വെറും ഊഹാപോഹമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ പതിമൂന്ന് കൊല്ലത്തേക്കാള്‍ കൂടുതല്‍ വീടുകള്‍ 2010ന് ശേഷം നിര്‍മിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. പുതിയ ഭവനആസൂത്രണ ബില്ലില്‍ ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിംഗും ആശങ്ക അറിയിച്ചിട്ടുണ്ട്. ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇതും കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് കൗണ്‍സിലുകളെ തടയുന്നു. റൈറ്റ് ടു ബൈ വര്‍ഷം തോറും 7000 വീടുകള്‍ നഷ്ടപ്പെടാനേ ഉപകരിക്കൂ.

റൈറ്റ് ടു ബൈ പദ്ധതിയിലൂടെ വലിയ വിലക്കിഴിവില്‍ കൗണ്‍സിലുകള്‍ക്കും ഹൗസിംഗ് അസോസിയേഷനുകള്‍ക്കും വീടുകള്‍ വാങ്ങാനാകും. ഭവന പദ്ധതികള്‍ക്കുളള പണത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ ഹൗസിംഗ് വാടകയിനത്തില്‍ 2.2 ബില്യന്‍ പൗണ്ടിന്റെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭവന വിപണിയിലേക്ക് കടക്കുന്നവര്‍ക്ക് വേണ്ടി 2,00,000 സ്റ്റാര്‍ട്ടര്‍ ഹോമുകള്‍ പണിയുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എല്ലാവര്‍ക്കും വീട് വാങ്ങാന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നാണ് എല്‍ജിഎയുടെ വക്താവ് പറയുന്നത്.

രാജ്യത്ത് 68,000 ജനങ്ങള്‍ താത്ക്കാലിക ഇടങ്ങളിലാണ് കഴിയുന്നത്. വീടില്ലാത്തവര്‍ക്ക് വര്‍ഷം തോറും 330 മില്യന്‍ പൗണ്ട് ചെലവാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. കൗണ്‍സിലുകളുടെ വെയിറ്റിംഗ് ലിസ്റ്റിലുളളവരും വര്‍ഷത്തില്‍ പത്ത് ലക്ഷം പൗണ്ടിലധികം ചെലവാക്കേണ്ടി വരുന്നുണ്ട്. രാജ്യത്തെ ഭവനപ്രശ്‌നം പരിഹരിക്കാന്‍ താങ്ങാനാകുന്ന കൂടുതല്‍ വീടുകള്‍ നിര്‍മിക്കുകയോ സാമൂഹ്യ വാടക പദ്ധതി നടപ്പാക്കുകയോ ആണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ ഭവനപദ്ധതിയിലെ പ്രതിസന്ധികള്‍ കാരണം ആളുകള്‍ കൂടുതല്‍ സ്വകാര്യ വാടക ഭവനങ്ങളെ ്ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ റൈറ്റ് ടു ബൈയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് ആകാശ മാര്‍ഗം വെറും 11 മിനിറ്റില്‍ എത്താന്‍ ശേഷിയുള്ള അതിവേഗ വിമാനം വരുന്നു. പത്ത് യാത്രക്കാരുമായി 20,000 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ആന്റിഡോപ് എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് മറികടക്കാനാകും. സ്‌ക്രീമര്‍ ജെറ്റിന്റെ നിര്‍മ്മാതാക്കളായ ചാള്‍സ് ബോംബോര്‍ഡിയറാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.
സ്‌ക്രീമര്‍ ജെറ്റിന്റെ ഇരട്ടി വേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ആന്റിപോഡിനുണ്ട്. കനേഡിയന്‍ എഞ്ചിനീയറായ ബോംബാര്‍ഡിയറാണ് ഈ അതിവേഗ വിമാനത്തിന് പിന്നില്‍. ന്യൂയോര്‍ക്കില്‍ നിന്നും 15,979 കിലോമീറ്റര്‍ അകലെയുള്ള സിഡ്‌നിയിലെത്താന്‍ ആന്റിപോഡിന് വെറും 32 മിനിറ്റ് മതി.

കഴിഞ്ഞ ഒക്ടോബറില്‍ സ്‌ക്രീമര്‍ വിമാനങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തി ബോംബാര്‍ഡിയര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് സ്‌ക്രീമര്‍ ജെറ്റുകള്‍. ഇവയുടെ ഇരട്ടി വേഗതയുള്ള ആന്റിപോഡ് വിമാനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നാല്‍പ്പതിനായിരം അടി ഉയരത്തില്‍ ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാനുള്ള ശേഷി ആന്റിപോഡ് ജെറ്റുകള്‍ക്കുണ്ട്. ആന്റിപ്പോഡിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇന്ധനങ്ങളാണ് ഇവയില്‍ ഉപയോഗിക്കുക.

ആന്റിപോഡിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റ് ഇന്ധനങ്ങളുടെ സഹായത്തില്‍ 40000 അടി മുകളിലെത്തും. ആന്റിപോഡിനെ 40,000 അടി മുകളിലെത്തിച്ച് ഈ ചിറകുകള്‍ വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറങ്ങും. ആന്റിപോഡ് റാംജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് 40,000 അടി ഉയരത്തില്‍ പരമാവധി വേഗം കൈവരിക്കുകയും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുന്നു. സൂപ്പര്‍ സോണിക് വേഗതയില്‍ ശബ്ദത്തനു 24 ഇരട്ടിയില്‍ ഈ സമയത്ത് ഇവക്ക് സഞ്ചരിക്കാനാകും.

ആറായിരം അടി നീളമുള്ള ഏതൊരു വിമാനത്താവളത്തിലും ആന്റിപോഡിന് ഇറങ്ങാനാകും. ബിസിനസ് സൈനിക ആവശ്യങ്ങള്‍ക്കായിരിക്കും ആന്റിപോഡ് പ്രധാനമായും ഉപയോഗിക്കുക. ഒരു ആന്റിപോഡ് ജെറ്റ് നിര്‍മ്മിക്കുന്നതിന് 150 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved