Filim Review

എഴുപത് വർഷങ്ങൾക്ക് മുമ്പ് കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവൽ എക്കാലത്തെയും മാസ്റ്റർപീസ് ആണ്. കൽക്കി എന്ന തമിഴ് മാസികയിൽ മൂന്നര വർഷങ്ങളായി എല്ലാ ആഴ്ചയും വന്നിരുന്ന ഈ നോവൽ വായിക്കാത്ത തമിഴ് പ്രേമികൾ ചുരുക്കമാണ്. അഞ്ചു ഭാഗങ്ങൾ, ഇരുന്നൂറിൽപരം അദ്ധ്യായങ്ങൾ, തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ.. ഇങ്ങനെ പോകുന്നു നോവലിന്റെ സവിശേഷതകൾ. ഈ നോവൽ സിനിമയാക്കാനുള്ള ഉദ്യമങ്ങൾ അടുത്തിടെ തുടങ്ങിയതല്ല. എം.ജി ആറിന്റെ കാലം മുതൽ അതിനായുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. 1994-ലും 2011-ലും പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ മണിരത്നം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ തന്റെ ഡ്രീം പ്രൊജക്റ്റ്‌ വിട്ടുകളയാൻ അദ്ദേഹം ഒരുങ്ങിയില്ല. അങ്ങനെ അഭ്രപാളിയിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം എത്തി.

ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവലിന്റെ മലയാളം വിവർത്തനം പ്രീ ബുക്ക്‌ ചെയ്ത് വാങ്ങിയ ആളാണ് ഞാൻ. ആദ്യം നോവൽ വായിക്കണോ സിനിമ കാണണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെ മടിയനായ ഞാൻ 1200 പേജുകളുള്ള നോവൽ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമ കണ്ടശേഷം വായിക്കാമെന്ന് തീരുമാനിച്ചു!

മറ്റൊരു ബാഹുബലി പ്രതീക്ഷിച്ച് ആരും ചിത്രം കാണാൻ പോകരുത്. കാരണം, അങ്ങനെ കരുതി വന്ന് നെഗറ്റീവ് അടിച്ച് മനസ്സ് മടുപ്പിക്കുന്ന കാണികളായിരുന്നു എനിക്ക് ചുറ്റും. മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളും ശക്തമായ ഭാഷയുമുള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു പ്യുവർ പീരിയഡ് ഡ്രാമ. അതിൽ മണിരത്നത്തിന്റെ ക്രാഫ്റ്റ് കൂടി ചേരുന്നതോടെ തൃപ്തികരമായ അനുഭവമായി മാറുന്നു.

ചോള സാമ്രാജ്യത്തിന്റെ അധിപന്‍ സുന്ദര ചോളന്‍ രോഗാതുരനാണ്. ആദിത്യ കരികാല (വിക്രം) നാണ് അടുത്ത കിരീടാവകാശി. എന്നാൽ അദ്ദേഹത്തിന് പട നയിച്ചു പോരാടുന്നതിനോടാണ് താല്പര്യം. സഹോദരനായ അരുൾ മൊഴിവർമൻ അഥവാ പൊന്നിയിൻ സെൽവൻ (ജയം രവി) ലങ്കയിൽ യുദ്ധത്തിലാണ്. ഇവരുടെ സഹോദരിയാണ് കുന്തവൈ ദേവി (തൃഷ). കിരീടം ഇവരിലേക്ക് എത്താതെ മറ്റൊരാളിലേക്ക് എത്താൻ സാമന്തരാജാക്കന്മാർ കൂടി ചേർന്ന് പദ്ധതി ഒരുക്കുന്നു. ഇതാണ് കഥാതന്തു. കഥ സഞ്ചരിക്കുന്നത് ആദിത്യന്റെ വിശ്വസ്തനായ വല്ലവരായൻ വന്ദ്യദേവനിലൂടെയാണ്. അദ്ദേഹത്തിന്റെ സഞ്ചാരത്തോടൊപ്പാണ് കഥ നീങ്ങുന്നത്.

താരങ്ങൾ, മേക്കിങ്, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം തുടങ്ങിയ മേഖലകളിൽ സിനിമ റിച്ച് ആണ്. കാഴ്ചകൾ അത്രമാത്രം സുന്ദരമാണ്. കഥാപാത്ര നിർമിതി അത്രമാത്രം ആഴമേറിയതാണ്. പ്രധാനമായും ആദിത്യ, നന്ദിനി (ഐശ്വര്യ റായ്), പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) എന്നിവരുടെ കഥാപാത്രങ്ങൾ. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്‌നം സ്റ്റൈൽ ഇവിടെയും കാണാം. എ. ആർ റഹ്മാന്റെ സംഗീതത്തിലെ ദൃശ്യങ്ങളും എടുത്തുപറയേണ്ടതാണ്. ആഴ്‌വാർ കടിയാൻ നമ്പി എന്ന ജയറാം കഥാപാത്രവും രസകരം.

ഒട്ടേറെ കഥാപാത്രങ്ങളെ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കുമ്പോൾ ആദ്യ പകുതിയിൽ കഥപറച്ചിൽ അല്പം പിന്നിലേക്ക് വലിയുന്നുണ്ട്. രണ്ടാം പകുതിയിലാണ് നാം പൊന്നിയിൻ സെൽവനെ കാണുന്നത്. മികച്ച ക്ലൈമാക്സ്‌ സീനോട് കൂടി, പലതും പിന്നീട് പറയാൻ അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിനാൽ മനസ്സിൽ ഇടം നേടുന്നവരുടെ എണ്ണം കുറയും. എന്നാൽ റിച്ചായ ചില ഫ്രെയിമുകൾ മനസ്സിൽ പതിയും. ഒപ്പം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും.

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്.

‘ബാഹുബലി’യുമായി ഒന്നും പൊന്നിയിന്‍ സെല്‍വനെ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്‌നം മാജിക്കാണ്. എ.ആര്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്‌നറാണ്. ജയം രവി മാസ്മരിക പ്രകടനവുമായി നിറഞ്ഞു നില്‍ക്കുന്നു, ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്ടപ്പെട്ടത് എന്നിങ്ങനെ മറ്റു ചിലരും കുറിച്ചു.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്.

തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ അവരുടെ ചരിത്രമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങിയ ഒരു കാവ്യം സിനിമയാക്കാൻ എന്നോ ആരംഭിച്ചതാണ് തമിഴ്സിനിമാലോകം. അതിന്റെ ആദ്യപടി ഇതാ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മണിരത്നം എന്ന മാസ്റ്ററിലൂടെ. തന്റെ സ്വപ്നപദ്ധതി എന്ന് അദ്ദേഹം വിശേഷിപ്പിച്ച പി.എസ്.1 അക്ഷരാർത്ഥത്തിൽ ക്ലാസ് തന്നെയാണെന്ന് ആദ്യമേ തന്നെ പറയട്ടേ.

അറുപതുകളിൽ എം.ജി.ആറും പിന്നീട് മണിരത്നവും കമൽഹാസനും ചേർന്നും തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്ന സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. പക്ഷേ വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോ​ഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആ​ഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഒരു കംപ്ലീറ്റ് മണിരത്നം പടം തന്നെയാണ് പൊന്നിയിൻ സെൽവൻ.

വലിയ മുതൽമുടക്ക്, വൻ താരനിര, സാങ്കേതികവിദ​ഗ്ധർ എന്നിവയെല്ലാമാണ് സാധാരണ​ഗതിയിൽ ഒരു പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചിത്രത്തിന് പ്രതീക്ഷകളേറ്റുന്നത്. എന്നാൽ തന്റെ ശൈലിയിൽ നിന്ന് അണുകിട വിട്ടുവീഴ്ചചെയ്യാത്ത ഒരു സംവിധായകന്റെ കയ്യൊപ്പും നിശ്ചയദാർഢ്യവും പൊന്നിയിൻ സെൽവനിൽ കാണാം. അനാവശ്യമായ നാടകീയതയോ കത്തി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്നതരം അക്രോബാറ്റിക് സാഹസികരം​ഗങ്ങളോ പൊന്നിയിൻ സെൽവനിൽ കാണാനാവില്ല. പോരാളികളായ നായകന്മാരുണ്ടായിട്ടുപോലുമാണ് ഇതെന്നോർക്കണം. പക്ഷേ ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ അവസരം നന്നായി വിനിയോ​ഗിക്കുന്ന മണിരത്നം എന്ന സംവിധായകനെ സിനിമയിൽ ഉടനീളം കാണാം. ക്ലൈമാക്സിലെ അരമണിക്കൂർ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.

കൽക്കിയുടെ നോവലിനോട് പൂർണമായും നീതിപുലർത്തുന്ന അവതരണശൈലിയാണ് ചിത്രത്തിന്. കൽക്കി എഴുതിവെച്ചിരിക്കുന്നത് ഇതിൽക്കൂടുതൽ ഭം​ഗിയായി വേറെയാരെങ്കിലും കൺമുന്നിൽ കാണിക്കുമോ എന്ന് സംശയമാണ്. സിനിമ കണ്ടതിന് ശേഷം നോവൽ വായിക്കുകയാണെങ്കിൽ ഓരോ കഥാപാത്രത്തേയും കഥാസന്ദർഭങ്ങളേയും പരിസരങ്ങളേയും ഇങ്ങനെയല്ലാതെ ചിന്തിക്കാൻ പോലുമാവില്ല എന്ന് നിസ്സംശയം പറയാം.

താരങ്ങളിലേക്ക് വന്നാൽ കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്തിയതേവന്റെ ചിത്രമാണ് പി.എസ് -1. വന്തിയതേവൻ കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകളാണ് ആസ്വാദകന് മുന്നിലെത്തുന്നത്. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന ചാരനായ കഥാപാത്രത്തെ കാർത്തി ​ഗംഭീരമാക്കിയിട്ടുണ്ട്. യഥാർത്ഥ കഥാപാത്രങ്ങളേയും സാങ്കല്പിക കഥാപാത്രങ്ങളേയും ഒരുമിപ്പിച്ചുള്ള സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ എന്ന് നോവൽ. ഇതിൽ വന്തിയതേവൻ യഥാർത്ഥത്തിൽ ഒരു സാങ്കല്പിക കഥാപാത്രമാണ്. ചരിത്രത്തിൽ അധികം പരാമർശമില്ലാത്ത ഒരാൾ. അയാളെയാണ് ചോളന്മാരുടെ ചരിത്രം പറയാൻ കൽകി നിയോ​ഗിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്രയും വിശാലമായ ഒരു കഥാപാത്രത്തിനായാണ് വർഷങ്ങൾക്ക് മുമ്പ് എം.ജി.ആർ ആ​ഗ്രഹിച്ചത് എന്നറിയുമ്പോഴാണ് വന്തിയതേവന്റെ പ്രാധാന്യം മനസിലാവുക.

ആദിത്യ കരികാലനായെത്തിയ വിക്രമും അരുൾമൊഴി വർമനായി വന്ന ജയം രവിയും മികച്ചതാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു യോദ്ധാവിന്റേതായ ആകാരം വിക്രമിനായിരുന്നു. നിരാശയും പ്രണയവും വീരവും നിറഞ്ഞ കരികാലൻ വിക്രമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പാടിപ്പതിഞ്ഞ ചോളവീര​ഗാഥകളിൽ ഇനി രാജ രാജ ചോളന് ജയംരവിയുടെ മുഖവും ആകാരവടിവുമായിരിക്കും. പ്രതികാരവും അധികാരക്കൊതിയും നിറഞ്ഞ, നി​ഗൂഢതകൾ ഉള്ളിൽപ്പേറുന്ന നന്ദിനി ഐശ്വര്യാ റായിയുടെ ഇതുവരെ കണ്ട് പരിചയിച്ച മുഖമല്ല. ബുദ്ധിമതിയായ കുന്ദവൈ ദേവി തൃഷയുടെ കയ്യിൽ ഭദ്രമായിരുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആൾവാർകടിയാൻ നമ്പി ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തതയാർന്ന കഥപാത്രമാണ്. നമ്പിയുടേയും വന്തിയതേവന്റേയും കോമ്പിനേഷൻ സീനുകൾ കണ്ടിരിക്കാൻ തന്നെ ബഹുരസം.

പഴുവേട്ടരയർ സഹോദരന്മാരായി തലയെടുപ്പോടെ നിൽക്കുന്നുണ്ട് ശരത്കുമാറും പാർത്ഥിപനും. മധുരാന്തകനായി റഹ്മാനും പാർത്ഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മിയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും മികച്ചുനിന്നു. ബാബു ആന്റണി, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രത്തോട് നീതിപുലർത്തി. എ.ആർ.റഹ്മാന്റെ സം​ഗീതവും പശ്ചാത്തലസം​ഗീതവും അനുയോജ്യമായ രീതിയിൽത്തന്നെ.

തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കാം, ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.

ഷെറിൻ പി യോഹന്നാൻ

ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?

ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത്‌ എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.

തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.

കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.

രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.

ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.

ഷെറിൻ പി യോഹന്നാൻ

ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.

പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്‌ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ്‌ തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..

Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.

ഷെറിൻ പി യോഹന്നാൻ

എനിക്കൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പറയണം. ആദ്യം കുറച്ചു കൊലപാതകങ്ങൾ, കുറ്റവാളിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന പോലീസ്, നായകന്റെ വരവ്, അദ്ദേഹത്തിന്റെ ഭൂതകാലം, കൊലപാതകി, അയാളുടെ ഭൂതകാലം എന്നിങ്ങനെ കഥ കൊണ്ടുപോയാൽ പ്രേക്ഷകന് ഇഷ്ടപ്പെടുമോ? അതും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ ചാകരയായ മലയാളത്തിൽ. ഈ സ്ഥിരം ശൈലിയാണ് പാപ്പനും പിന്തുടരുന്നത്. എവിടെ ഉറച്ചു നിന്ന് കഥ പറയണമെന്ന് അറിയാതെ പോയ ചിത്രം.

നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് മുഖ്യപ്രമേയം. അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത ഏബ്രഹാം എത്തുന്നു. ആദ്യ പകുതിയിൽ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിച്ചും രണ്ടാം പകുതിയിൽ നമ്മൾ കണ്ട ഒരാളെ കൊലപാതകിയായി ഇട്ട് തന്ന് ചരിത്രം പറഞ്ഞുമൊക്കെയാണ് കഥ മുന്നോട്ട് പോകുന്നത്.

നമ്മുടെ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയാണ് മാറേണ്ടത്. കൊലപാതകവും പ്രതികാരകഥയുമൊക്കെ പ്രേക്ഷകരുടെ സ്ഥിരം കാഴ്ചയായിരിക്കുന്നു. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ USP. എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ ആരുണ്ടായിട്ട് എന്ത് പ്രയോജനം. 2 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തിരക്കഥയിലായാണ് പിന്നോട്ട് വലിയുന്നത്. കുറ്റാന്വേഷണത്തിലോ കഥാപാത്രത്തിലോ ഉറച്ചു നിൽക്കാതെ പല വഴികളിലൂടെ സിനിമ വേർതിരിഞ്ഞ് സഞ്ചരിക്കുന്നു.

ആരംഭത്തിൽ തന്നെ ഒരു ക്രൈം സീൻ കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആളുടെ മുഖം പോലും കാണാതെ അഭ്യൂഹങ്ങൾ എന്നുപറഞ്ഞ് വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെയാണ് തിരക്കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നത്. മറ്റു പലയിടത്തും യുക്തിരഹിതമായ സംഭവങ്ങൾ കാണാം.

പ്രധാന താരങ്ങളുടെ പ്രകടനം, ചിത്രത്തിന്റെ കളറിംഗ്, ജോഷിയുടെ മേക്കിങ് എന്നിവയാണ് നല്ല വശങ്ങൾ. പശ്ചാത്തലസംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ത്രില്ലർ ചിത്രമാണെങ്കിലും പ്രേക്ഷകനെ സ്വാധീനിക്കുന്ന രംഗങ്ങൾ കുറവാണ്. രണ്ടാം പകുതിയിൽ ഒന്നിനുപിറകെ ഒന്നായി ട്വിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും അതൊന്നും കയ്യടിക്കാൻ പാകത്തിനുള്ളതല്ല. ചിത്രത്തിന്റെ നീളകൂടുതലാണ് പ്രധാന പോരായ്മ. ഒന്നാം പകുതിക്ക് ഒരു സിനിമയുടെ നീളമുള്ളത് പോലെ അനുഭവപ്പെടുന്നുണ്ട്.

Bottom Line – തിരക്കഥയായി വായിക്കുമ്പോൾ നല്ലതെന്ന് തോന്നാമെങ്കിലും സിനിമയായപ്പോൾ പരാജയപ്പെട്ടുപോയ കാഴ്ചയാണ് ‘പാപ്പൻ’. കഥയുടെ ദൈർഘ്യവും ആകാംഷയുണർത്താത്ത ട്വിസ്റ്റുകളും കൂടിയാവുമ്പോൾ വിരസമാകും. ഒരു കുറ്റാന്വേഷണ ചിത്രമെന്ന നിലയിൽ തൃപ്തികരമായ ചലച്ചിത്രക്കാഴ്ചയായിരുന്നില്ല ‘പാപ്പൻ’.

ഷെറിൻ പി യോഹന്നാൻ

ഒരു മലയോരഗ്രാമത്തിൽ ഇലക്ട്രോണിക്സ് ജോലികളുമായി ജീവിക്കുകയാണ് അനിക്കുട്ടൻ. നിർബന്ധ ബുദ്ധിയുള്ള, പ്രത്യേക സ്വഭാവക്കാരനായ അനി പുലർച്ചെ മൂന്നരയ്ക്ക് എണീറ്റാണ് ജോലി ചെയ്യുന്നത്. തന്റെ ജോലിക്ക് തടസ്സമാകുന്നവരോട് അയാൾ ദേഷ്യപ്പെടുന്നുണ്ട്. അസ്വസ്ഥമായ മനസ്സുമായി ജീവിക്കുന്ന, കടുത്ത ജാതീയത വച്ചു പുലർത്തുന്ന കഥാപാത്രത്തെ വ്യക്തമായി സ്‌ക്രീനിൽ എത്തിക്കുന്നുണ്ട് തിരക്കഥാകൃത്ത് മഹേഷ് നാരായണൻ.

റിലീസിന് മുൻപ്, ഒരു സർവൈവൽ ത്രില്ലർ എന്ന നിലയിലാണ് ‘മലയൻകുഞ്ഞ്’ സ്വീകാര്യത നേടിയത്. ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയിൽ കുറഞ്ഞൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കില്ല. ആദ്യ പകുതിയിൽ അനിയുടെ ജീവിതം വളരെ വിശദമായി പകർത്തുന്നതിനൊപ്പം അയാളുടെ മാറ്റങ്ങൾക്ക് കാരണമായ ഭൂതകാല സംഭവങ്ങളെയും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ് ചിരിക്കുന്ന അനിയെ നാം കാണുന്നത്. ആ ചിരി മായാനുള്ള കാരണം സിനിമ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേക്ഷകൻ തയ്യാറാകുന്നു.

അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ടുപോകുന്ന അനിയുടെ കഥയാണ് രണ്ടാം പകുതിയിൽ. പ്രളയകാലത്തെ ഉരുൾപൊട്ടലാണ് സിനിമയുടെ പ്രധാന പ്ലോട്ട്. ആ ദുരന്തത്തിൽ അകപ്പെട്ടു പോകുന്ന അനി രക്ഷപെടാൻ പരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്കുള്ള കരകയറ്റം കൂടിയാണ്. ഇവിടെയാണ് ‘മലയൻകുഞ്ഞ്’ ഒരു സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയാകുന്നത്.

ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ. ആർ റഹ്മാന്റെ പശ്ചാത്തലസംഗീതവുമാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്നത്. സംവിധായകന്റെ ക്രാഫ്റ്റോ തിരക്കഥയുടെ മേന്മയോ രണ്ടാം ഭാഗത്തു കാണാൻ കഴിയില്ല. എന്നാൽ ഫഹദിന്റെ ഭാവപ്രകടനങ്ങളിലൂടെയും മികച്ച ബിജിഎമ്മിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്. ജാഫർ ഇടുക്കിയുടെ പ്രകടനവും നന്നായിരുന്നു. കാഴ്ചകാരനുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ ക്ലൈമാക്സിനാവുന്നു.

മഴയുടെ ഭീകരതയും കഥാപരിസരവും കൃത്യമായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം എത്രമാത്രം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടാൽ ബോധ്യമാകും. സജിമോൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനാകില്ലെങ്കിലും കഥ പറച്ചിലിലും ഈയൊരു വിഷയം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്.

തന്റെ ജീവിതാനുഭവങ്ങൾ കാരണം ഒതുങ്ങി, ഒറ്റപ്പെട്ട്, കടുത്ത ജാതീയതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. പ്രകൃതി അയാളെ കൊണ്ടെത്തിക്കുന്നത് തിരിച്ചറിവുകളുടെ മലവെള്ളപാച്ചിലിലേക്കാണ്. ‘മലയൻകുഞ്ഞ്’ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആവുന്നതും അവിടെയാണ്.

Bottom Line – കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും മികച്ചു നിൽക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അനിയുടെ താഴ്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.

ഷെറിൻ പി യോഹന്നാൻ

കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്‌, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.

പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.

രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.

Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.

 

ഷെറിൻ പി യോഹന്നാൻ

ഓഫ് റോഡ് ട്രിപ്പിന് അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. എന്നാൽ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇലവീഴാപൂഞ്ചിറ’ മനോഹരമായ കാഴ്ചകളല്ല സമ്മാനിക്കുന്നത്. സ്ഥലത്തിന്റെ ഭീകരത സ്‌ക്രീനിൽ നിറയുന്നതിനൊപ്പം മികച്ച കഥാഖ്യാനം കൂടിയാവുമ്പോൾ ‘ഇലവീഴാപൂഞ്ചിറ’ ഒരു ക്വാളിറ്റി സിനിമയാകുന്നു. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷാഹിയുടെ ആദ്യ സംവിധാനസംരംഭവും ഒരു പോലീസ് സ്റ്റോറിയാണ്.

കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറയിലുള്ള വയർലെസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കഥയാണിത്. ഇടിമിന്നൽ ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണത്. സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ അനുഭവമല്ല അവിടെ താമസിക്കുന്നവർക്ക്. അവധി കഴിഞ്ഞ് ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്ന പോലീസുകാരനായ മധുവിനോടൊപ്പം കഥയും കുന്ന് കയറുന്നു.

പ്രകടനമികവിലേക്കുള്ള സൗബിന്റെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ശക്തി. മധുവിന്റെ കഥാപാത്ര നിർമിതിയും ഗംഭീരം. ഒരുപാട് ലെയറുകളുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ സൗബിൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. കലങ്ങിമറിഞ്ഞ മനസുമായി കുന്ന് കയറുന്ന പോലീസുകാരനിൽ നിന്ന് രണ്ടാം പകുതിയിൽ പകയുടെ ആൾരൂപമായി സൗബിൻ രൂപാന്തരപ്പെടുമ്പോൾ ആ ഭാവമാറ്റം ശ്രദ്ധേയമാണ്. സുധി കോപ്പയുടെ കരിയർ ബെസ്റ്റ് സിനിമയാണ് ‘ഇലവീഴാപൂഞ്ചിറ’യെന്ന് പറയാം. അവസാന അരമണിക്കൂറിൽ ഇരുവരും ഗംഭീര പ്രകടനങ്ങളിലൂടെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.

പതിഞ്ഞ താളത്തിൽ, റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രം ആദ്യം തന്നെ കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യുന്നു. അവരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നു. മലയാളികൾ അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരം, തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾ എന്നിവ ആദ്യ പകുതിയിലെ കാഴ്ചകളാവുമ്പോൾ രണ്ടാം പകുതിയിൽ ചിത്രം ഒരു മിസ്റ്ററി ത്രില്ലറിലേക്ക് രൂപം മാറുന്നു. കൂടുതൽ ഇന്റൻസായി അവിടെ കഥ പറയാൻ ഷാഹി കബീറിന് കഴിഞ്ഞു; അത് കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കാനും.

മികച്ച ഇന്റർവെൽ ബ്ലോക്കിൽ നിന്നാണ് കഥയിൽ കോൺഫ്ലിക്ട് ഉടലെടുക്കുന്നത്. രണ്ടാം പകുതിയിലെ ഒരു ട്വിസ്റ്റിൽ സിരകളിൽ തണുപ്പ് ഇരച്ചുകയറും. കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്വാളിറ്റി മേക്കിങ്ങിലൂടെ കാഴ്ചകാരനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നു. മികച്ച ശബ്ദസംവിധാനം, ഛായാഗ്രഹണം (രാത്രി, മഴ എന്നിവയൊക്കെ പകർത്തിയ രീതി), തിരക്കഥയുടെ മേന്മ എന്നിവയെല്ലാം ‘ഇലവീഴാപൂഞ്ചിറ’യെ മികച്ച ചലച്ചിത്രാനുഭവം ആക്കി മാറ്റുന്നു.

Bottom Line – ഒരു സ്ലോ ബേൺ മിസ്റ്ററി ത്രില്ലർ ചിത്രം. കഥാപാത്രനിർമിതിയും ആഖ്യാനമികവും ചിത്രത്തിന്റെ അടിസ്ഥാനം ബലപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിലെ കാഴ്ചകൾ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രം, സൗബിൻ എന്ന നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. തിയേറ്ററിൽ തന്നെ കാണുക.

 

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.

രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.

കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.

ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.

ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.

ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.

കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…

ഷെറിൻ പി യോഹന്നാൻ

നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 1994ലെ ISRO ചാരക്കേസ് ആയിരിക്കും. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തിയെന്ന ആരോപണമാണ് നമ്പി നാരായണന് നേരെ ഉയർന്നത്. പിന്നാലെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനം, ജയിൽവാസം, രാജദ്രോഹിയെന്ന ആക്ഷേപം, കുടുംബത്തിന് നേരെയുള്ള അക്രമം എന്നുതുടങ്ങി നിരവധി പ്രതികൂലതകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നിരപരാധി ആണെന്ന് കാലം തെളിയിച്ചപ്പോഴും നമ്പി നാരായണൻ തന്റെ പോരാട്ടം തുടർന്നു.

എന്നാൽ ഇതുമാത്രമല്ല നമ്പി നാരായണൻ. ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായിരുന്നു നമ്പി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനം, ഫ്രാൻസിലെ പരിശ്രമങ്ങൾ, വികാസ് എഞ്ചിന്റെ ഉപജ്ഞാതാവ്, ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവൻ തുടങ്ങി ഒട്ടേറെ അഭിമാനനേട്ടങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ചാരക്കേസ് ആവും. ആ മുൻവിധിയെ പൊളിച്ചെഴുതുകയാണ് മാധവൻ, ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലൂടെ.

1994-ലെ സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നമ്പിയുടെ കുടുംബത്തിൽ നിന്നു തന്നെ. ശ്രീ വെങ്കടേശ്വര സുപ്രഭാതം എന്ന ഗാനം ആദ്യ സീനുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയിക്കുമ്പോൾ നമ്പി നാരായണൻ എന്ന പേര് വീണ്ടും മുഖ്യധാരയിലേക്ക് വരുന്നു. 2013-ൽ നടക്കുന്ന അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതം പറയുകയാണ്; ഓരോരോ അധ്യായങ്ങളായി.

തമിഴിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനുമാണ് നമ്പി നാരായണനെ ഇന്റർവ്യൂ ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ഇരുവരും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന വാർത്ത മുൻപ് വന്നിരുന്നു. ക്ലൈമാക്സിൽ സൂര്യയുടെ പ്രകടനം വളരെ സ്വാഭാവികമായി തന്നെ സ്‌ക്രീനിൽ നിറയുന്നുണ്ട്. ഷാരൂഖ്, സൂര്യ ഫാക്ടറാണ് ഈ ചിത്രത്തിന്റെ USP എന്ന് പറയുന്നതിൽ തെറ്റില്ല. കാനിൽ പ്രദർശിപ്പിച്ച ചിത്രമായതിനാലും നമ്പി നാരായണന്റെ ജീവിതകഥ ആയതിനാലും ആദ്യം ദിനം തന്നെ കണ്ടു.

നമ്പി നാരായണന്റെ വ്യക്തിജീവിതം ആദ്യപകുതിയിലും 94ലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും രണ്ടാം പകുതിയിലുമായി പറയുന്നു. ഒരു ബയോപിക് ഒരുക്കുമ്പോൾ സംവിധായകൻ സഞ്ചരിക്കുന്ന വഴിയിലൂടെയൊക്കെ മാധവൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഫൈനൽ ഔട്ട്‌പുട്ടിൽ കഥ ഓവറായിട്ടില്ല. ‘ചെറുതൊന്നും ചെയ്ത് ശീലമില്ലാത്ത’ നമ്പിയുടെ കഴിവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ പകുതിയിലെ കാഴ്ചകൾ. പലപ്പോഴും ഒരു സയൻസ് ക്ലാസിൽ ഇരിക്കുന്ന ഫീലാണ് ലഭിക്കുക.

രണ്ടാം പകുതിയിൽ ചാരക്കേസും തുടർന്ന് ഒരു ഇമോഷണൽ ഡ്രാമയെന്ന നിലയിലുമാണ് ചിത്രം നീങ്ങുന്നത്. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട് മാധവൻ. വേഷപകർച്ചയിലും രൂപഭാവത്തിലും നമ്പി നാരായണനായി ഗംഭീര പ്രകടനം. പോലീസ് സ്റ്റേഷനിൽ ചായ കുടിക്കുന്ന സീനിൽ മാധവനിലെ മികച്ച അഭിനേതാവിനെ, ആ കഥാപാത്രത്തെ സാംശീകരിച്ചുള്ള പ്രകടനം കാണാം. രണ്ടാം പകുതിയിൽ ഡയലോഗുകൾ ഷാർപ്പ് ആകുമ്പോൾ മാധവന്റെ സംവിധാനവും മികവിലെത്തുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയും കുടുംബത്തിന് നേരെയും ഉണ്ടായ അക്രമങ്ങളെ ഇന്റൻസായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സിമ്രാന്റെ പ്രകടനമികവും സീനുകളെ മികച്ചതാക്കുന്നു.

നാസയുടെ ക്ഷണം നിരസിച്ച് ഇസ്റോയിൽ ചേർന്ന, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച, കലാമിനൊപ്പം രാജ്യം വാഴ്ത്തിപ്പാടേണ്ടിയിരുന്ന, ഇസ്റോ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ കഥയാണിത്. അയാളുടെ പോരാട്ടത്തെക്കാൾ ഏറെ അയാളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോക്കറ്റ് സയന്റിസ്റ്റിന്റെ കഥ പറയുമ്പോഴും സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ആദ്യ പകുതിയിൽ പലയിടത്തും ഒരു ഹീറോ എന്ന നിലയിലാണ് നമ്പിയെ പ്രതിഷ്ഠിക്കുന്നത്.

നമ്പി നാരായണൻ്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ രചിക്കുകയും, ‘നമ്പി ദി സയൻ്റിസ്റ്റ്’ എന്ന ഡോക്യുമെൻ്ററി ഒരുക്കുകയും ചെയ്ത പ്രജേഷ് സെൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനം നമ്പി നാരായണനെ സ്‌ക്രീനിൽ എത്തിച്ചുകൊണ്ട്, അദ്ദേഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ഒക്കെ മൊഴിമാറ്റിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലേക്കുള്ള ഈ മാറ്റമാണ് ആസ്വാദനത്തെ ബാധിക്കുന്നത്. വിദേശ വ്യക്തികളുടെ സംസാരമൊക്കെ തമിഴിലും മലയാളത്തിൽ ആക്കിയത് എന്തിനാണ്? സംഭാഷണം ഇംഗ്ലീഷിൽ തന്നെ ഒരുക്കി സബ്ടൈറ്റിൽ നൽകുന്നതായിരുന്നു ഉചിതം. ഈയൊരു പ്രശ്നം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞിരിക്കേണ്ട കഥയെ, അതിന്റെ സത്ത ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കാൻ മാധവന് കഴിഞ്ഞിട്ടുണ്ട്.

💥Bottom Line – നമ്പി നാരായണന്റെ വ്യക്തി ജീവിതവും ഇസ്റോ ചാരക്കേസും അതിന്റെ പ്രത്യാഘാതങ്ങളും നിയമ പോരാട്ടങ്ങളും പറയുന്ന സിനിമ. മൊഴിമാറ്റത്തിലെ പ്രശ്നങ്ങളും ആദ്യ പകുതിയിൽ ചിലയിടത്തുണ്ടാവുന്ന കൃത്രിമത്വവും കല്ലുകടിയാവുന്നുണ്ടെങ്കിലും വിഷയസ്വീകാര്യതയും നീതിപൂർവമായ ആഖ്യാനവും പരിഗണിച്ച് തിയേറ്ററിൽ കാണാവുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്ട്’

RECENT POSTS
Copyright © . All rights reserved