Filim Review

ഷെറിൻ പി യോഹന്നാൻ

ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.

മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.

വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.


റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.

നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ്‌ ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.

Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.

ഷെറിൻ പി യോഹന്നാൻ

നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.

നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.

ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.


തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.

വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.

Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.

ഷെറിൻ പി യോഹന്നാൻ

ബാംഗ്ലൂരിൽ ജോലി ചെയ്ത് ജീവിക്കുന്ന കുറച്ച് സുഹൃത്തുക്കൾ. സൗഹൃദവും ചിരിയും കണ്ണീരുമായി ജീവിതം മുന്നോട്ട് പോകുന്നു. സ്വന്തമായി ഒരു ബിസിനിസ് തുടങ്ങാൻ അവർ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കൂട്ടത്തിലെ ഒരാളെ കാണാതാവുന്നു. പിന്നീടുള്ള അന്വേഷണങ്ങളിലൂടെ സിനിമ ‘പലതും’ പറയാൻ ശ്രമിക്കുന്നു.

തിയേറ്റർ റിലീസ് ആയ ദിവസം തന്നെ കണ്ട ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. എന്നാൽ കണ്ട ഉടനെ ഈ ചിത്രം മനഃപൂർവം മറന്നുകളയാൻ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല, ‘ഡിയർ ഫ്രണ്ട്‌’ കാര്യമായി യാതൊന്നും നൽകുന്നില്ല. പലതും പറയാൻ ശ്രമിച്ച്, ഒന്നും പറയാതെ പോയൊരു സിനിമ.

വളരെ സ്വാഭാവിക സന്ദർഭങ്ങളാണ് സിനിമയിൽ ഏറെയും. സൗഹൃദത്തെ വളരെ നീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പല ലെയറുകളുള്ള ഒരു കഥാപാത്രമാണ് ടോവിനോയുടെ വിനോദ് വിശ്വനാഥൻ. എന്നാൽ ആ കഥാപാത്രം പൂർണ്ണമല്ല. ചിത്രത്തിന്റെ അവസാനം ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുമെങ്കിലും അതിനൊന്നും സിനിമ ഉത്തരം നൽകുന്നില്ല.

റിയലിസ്റ്റിക് ആയ കഥാപരിസരത്ത് സ്വാഭാവിക പ്രകടനങ്ങളിലൂടെ പ്രധാന താരങ്ങൾ മുന്നിട്ട് നിൽക്കുന്നെങ്കിലും കഥയുടെ ഒഴുക്ക് പലവഴിയിൽ തടസ്സപ്പെടുന്നുണ്ട്. സ്ലോ പേസിലാണ് ചിത്രം നീങ്ങുന്നത്. സുഹൃത്തുക്കളുടെ ഇടയിലെ രസകാഴ്ചകളുമായി തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിൽ തന്നെ ഒരു മിസ്റ്ററി ഫീൽ ഒരുക്കിവെക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് വിജയകരമായി തുടർന്നുപോകുന്നില്ല. മനുഷ്യനെപ്പറ്റി, മനുഷ്യാവസ്ഥകളെപ്പറ്റി ആഴ്ത്തിൽ സംസാരിക്കാനാണ് സിനിമ ശ്രമിച്ചത്.

സിനിമ സെറ്റ് ചെയ്ത മൂഡിനോട് ചേർന്ന് പോകുന്നതാണ് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജസ്റ്റിന്റെ സംഗീതവും. കഥയിൽ കാര്യമായ പുരോഗതിയില്ലാത്ത രണ്ടാം പകുതി വലിയ നിരാശയാണ് നൽകുന്നത്. ചിലയിടങ്ങളിൽ ചിത്രം പ്രേക്ഷകനോട്‌ അടുത്തു നിൽക്കുണ്ട്; എന്നാൽ ഭൂരിഭാഗം സമയവും കഥ പറയുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ്. സ്പൂൺഫീഡ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു വ്യക്തതക്കുറവ് തിരക്കഥയിൽ പ്രകടമാണ്. അതിനാൽ, തിയേറ്റർ കാഴ്ചയിൽ എന്നെ നിരാശപ്പെടുത്തിയ ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’.

Last Word – സ്വാഭാവിക പ്രകടനങ്ങളിലൂടെ സൗഹൃദത്തിന്റെ കഥ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊന്നും സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. വളരെ കുറച്ച് പ്രമോഷനുമായി എത്തി തിയേറ്ററിൽ ആദ്യ ദിനം തന്നെ പരാജയപ്പെടുന്നതിന് പകരം ഒടിടി തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലത്. ഈ പാറ്റേണിൽ കഥപറയുന്ന ചിത്രങ്ങൾക്ക് അതാണ് ബെസ്റ്റ് ഓപ്ഷൻ.

ഷെറിൻ പി യോഹന്നാൻ

വീട്, ഫാക്ടറി, ജോലി, അടിപിടി, ഇഡലി, സിഗരറ്റ്, ബിയർ – ഇതായിരുന്നു ധർമയുടെ ജീവിതം. അയൽവാസികളുമായോ ജോലിസ്ഥലത്തുള്ളവരുമായോ അദ്ദേഹത്തിന് ബന്ധങ്ങൾ ഒന്നുമില്ല. ഒരേപോലെ തന്നെ എല്ലാ ദിവസവും തള്ളിനീക്കുന്നു. ധർമയുടെ ഈ ഏകാന്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു നായ എത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.

ഞാൻ ഏറെ നാളായി കാത്തിരുന്ന കന്നഡ ചിത്രമാണ് ‘777 ചാർളി’. അതിന്റെ പ്രധാന കാരണം രക്ഷിത് ഷെട്ടി തന്നെയാണ്. ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ പ്ലോട്ട് മനസ്സിലായി. എന്നാൽ Pet Lovers ലേക്ക് മാത്രം ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നിടത്ത് ഈ സിനിമ വിജയം കാണുന്നു. ഓവർ നന്മ പടങ്ങൾ കാണാൻ ഇപ്പോൾ ഒട്ടും താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഈ ചിത്രത്തിലും പലയിടത്തായി ഓവർ നന്മ കാണാൻ കഴിയും. എന്നാൽ അതൊന്നും ഒരു കുറവായി എനിക്ക് അനുഭവപ്പെട്ടില്ല. അത് ആസ്വാദനത്തെ ഒട്ടും ബാധിക്കില്ല. കാരണം അത്ര സുന്ദരമായിരുന്നു കഥാവിഷ്കാരം.

മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘777 ചാർളി’. ഏകാന്തത അനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് നായ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ധർമയുടെ ജീവിതത്തിലേക്ക് ചാർളി കടന്നുവരുന്നത് ആദ്യ പകുതിയിൽ പറയുന്നു. ചാർളിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇരുവരും നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയിലെ പ്രധാന പ്രമേയം. അതിൽ കണ്ണും മനസ്സും നിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു. നിങ്ങൾ ഒരു Pet Lover ആണെങ്കിൽ ഈ ചിത്രം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ചാർളിയുടെയും ധർമയുടെയും ബന്ധം നിങ്ങളെ ആഴത്തിൽ സ്പർശിക്കും.

കഥയിൽ വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഇത്. കഥ എങ്ങോട്ടൊക്കെ നീങ്ങുമെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നാൽ അവിടെയെല്ലാം സിനിമ നൽകുന്ന ഫീലിലാണ് പ്രേക്ഷകൻ എല്ലാം മറന്ന് കണ്ടിരുന്നു പോകുന്നത്. ചിത്രത്തിലെ നായയുടെ പ്രകടനമാണ് ആദ്യം പറയേണ്ടത്. ഓരോ രംഗങ്ങളും കാണാൻ വളരെ സുന്ദരമാണ്. കൂടെ രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം കൂടിയാവുമ്പോൾ നാം അവരുടെ യാത്രയിൽ ഒരാളാകും. രക്ഷിതിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ ടോപ് ലെവലാണ്. ബോബി സിംഹയുടെ കഥാപാത്ര നിർമിതിയും മികച്ചുനിൽക്കുന്നു.

സുന്ദരമായ കാഴ്ചകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മനസ്സിനോട്‌ ചേരുന്ന അനുഭവമാക്കി മാറ്റുന്നു. രണ്ടാം പകുതിയിലെ ചില ഗാനങ്ങളും ക്ലൈമാക്സിലെ ചില ഫ്രെയിമുകളും പെട്ടെന്ന് മറക്കാൻ കഴിയില്ല. പ്രേക്ഷകരുടെ ഇമോഷൻസിനെയാണ് സംവിധായകൻ ഇവിടെ ലക്ഷ്യം വച്ചത്. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയുടെ മലയാളം ഡബ്ഡ് വേർഷൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ മലയാളം ബോർഡുകളും പത്രവും മാസികകളുമൊക്കെ ചിത്രത്തിൽ കാണാം. ചില വിഎഫ്എക്സ് പോരായ്മകൾ മാറ്റി വെച്ചാൽ ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ‘777 ചാർളി’.

Last Word – മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുതുമയുള്ളതല്ല. എന്നാൽ ഇവിടെ പ്രേക്ഷകനെ വൈകാരികമായി കീഴടക്കാനും സന്തോഷിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു. കലിയുഗത്തിലെ ധർമ്മരാജൻ്റെയും നായയുടേയും കഥ തിയേറ്ററിൽ തന്നെ അനുഭവിക്കുക. നിങ്ങളും കലിയുഗത്തിലെ ധർമ്മരാജാകാം, നിങ്ങളെ തേടിയും ഒരു ചാർളി എത്തിയേക്കാം. ഭാഗ്യം ഉണ്ടാവണമെന്ന് മാത്രം

ഷെറിൻ പി യോഹന്നാൻ

മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.

ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.

സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക്‌ മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.

ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ്‌ ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.

Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.

” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം

 

 

 

ഷെറിൻ പി യോഹന്നാൻ

തന്റെ കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഷൈനിക്ക് കഴിയുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമാണ് ആ വീട് നിറയെ എന്ന് ഷൈനി പറയും. ഭർത്താവും ഒപ്പമില്ല. അതിനാൽ മറ്റൊരു ബന്ധത്തിലൂടെ മാനസികമായും ശാരീരികമായും അവൾ ആശ്വാസം കണ്ടെത്തുന്നു.ഷൈനിയുടെ അമ്മായിയപ്പനായ കുട്ടിച്ചന് കാഴ്ച കുറവാണെങ്കിലും കിടപ്പിലായ ഭാര്യയെ അയാൾ സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഷൈനിയുടെ കാമുകൻ ഒരു രാത്രി ആ വീട്ടിലെത്തുന്നു.

കഥ നടക്കുന്ന വീടിനെയും പരിസരത്തെയും കഥാപാത്രങ്ങളെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥ. ഭൂരിഭാഗം സമയവും സ്‌ക്രീനിൽ മൂന്നു കഥാപാത്രങ്ങൾ മാത്രം. വളരെ ഡാർക്ക്‌ ആയ, വയലൻസ് നിറഞ്ഞ രംഗങ്ങൾ ഉൾകൊള്ളുന്ന ചിത്രം. ഒപ്പം കുട്ടിച്ചൻ, ഷൈനി എന്നീ കഥാപാത്ര സൃഷ്ടികളും മികച്ചു നിൽക്കുന്നു.

ഷൈനിക്ക് അവളുടേതായ ശരികളുണ്ട്; കുട്ടിച്ചനും. എന്നാൽ രണ്ടാം പകുതിയിൽ വേട്ടക്കാരന്റെ പക്ഷം ചേരാനാണ് പ്രേക്ഷകൻ ആഗ്രഹിക്കുക. ഇമോഷണൽ സീനുകൾ ഫലം കാണുന്നതും അവിടെയാണ്. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നതിനോടൊപ്പം പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. രണ്ടാം പകുതിയിലെ മിക്ക സീനുകളും ഗംഭീരമാകുന്നത് ഇരുവരുടെയും പ്രകടനത്തിലൂടെയാണ്.

വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതിയിലാണ് ആരംഭം എങ്കിലും ഇടവേളയോടെ പ്രേക്ഷകനെ എൻഗേജിങ് ആക്കാൻ ചിത്രത്തിന് സാധിക്കുന്നു. വലിയൊരു കഥയോ ശക്തമായ സബ്പ്ലോട്ടുകളോ ഇവിടെ കാണാൻ കഴിയില്ലെങ്കിലും ആഖ്യാന മികവിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി മുഴുവൻ ഒരു ചോരക്കളിയാണ്.

ധ്യാൻ ശ്രീനിവാസന്റെ പ്രകടനം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. പല സീനുകളിലും ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയോട് സാമ്യം തോന്നി. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും ധ്യാനിൽ മിസ്സിംഗ്‌ ആയിരുന്നു. രണ്ട് മണിക്കൂറിൽ കഥ അവസാനിക്കുന്നുണ്ടെങ്കിലും പലയിടത്തും അനാവശ്യ വലിച്ചുനീട്ടൽ കാണാം. ചിലയിടങ്ങളിൽ നിശബ്ദത പോലും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിയാതെ പോകുന്നുമുണ്ട്. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു.

Last Word – വളരെ ഡാർക്ക്‌ ആയ, വയലൻസ് നിറഞ്ഞ ഒരു ചിത്രം. (18+) ഇന്ദ്രൻസ്, ദുർഗ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. Don’t Breathe പോലുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതൊരു പുതിയ കാഴ്ച അല്ല. എന്നാൽ ആഖ്യാന മികവിലൂടെ ‘ഉടൽ’ ഉദ്വേഗജനകമായ കാഴ്ചയായി മാറുന്നു. ഇത്തരം ചിത്രങ്ങൾ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.

ഷെറിൻ പി യോഹന്നാൻ

കട്ടപ്പനയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു. സി ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നു. മോഷ്ടാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച സാജൻ ഫിലിപ്പും സംഘവും ധനാഗഞ്ജിലേക്ക് യാത്ര തിരിക്കുന്നു. പോലീസുകാർ കയറാൻ ഭയക്കുന്ന, കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ധനാഗഞ്ജിലേക്കാണ് അവർ പ്രതികളെ തേടി എത്തുന്നത്.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കിയ മലയാള ചിത്രം എന്നറിയുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരും. ഒരാഴ്ചയുടെ ഇടവേളയിൽ രാജീവ്‌ രവിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ‘തുറമുഖം’ ജൂൺ 3ന് റിലീസ് ചെയ്യും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് ചിത്രങ്ങളുമായി രാജീവ്‌ രവി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.


കാസർഗോഡ് നടന്ന യഥാർത്ഥ ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥാകൃത്ത്. അതിനാൽതന്നെ അവർ നേരിട്ടനുഭവിച്ച, നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ചിത്രത്തിൽ. റിയലിസ്റ്റിക്കായി ഒരു കേസന്വേഷണം അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഈ സിനിമയിൽ കുറവാണ്.

ഒരുപാട് ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത, ഗിമ്മിക്കുകളൊന്നും തിരുകി കയറ്റാത്ത പോലീസ് സ്റ്റോറിയാണ് ഇത്. അതിഭാവുകത്വം ഇല്ലാത്ത ഒരു കുറ്റാന്വേഷണം. ഭൂതകാലം വേട്ടയാടുന്ന ഒരു നായകനെ കൃത്യമായി പ്ലേസ് ചെയ്യാൻ രാജീവ്‌ രവിക്ക് സാധിച്ചിട്ടുണ്ട്. പക്വമാർന്ന പ്രകടനത്തിലൂടെ ആസിഫ് അലിയും ആ കഥാപാത്രത്തെ മികച്ചതാക്കി. അലൻസിയാർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു.

വളരെ സ്ലോ പേസിലാണ് കഥ നീങ്ങുന്നത്. ഒരു മോഷണം നടന്നു കഴിയുമ്പോൾ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, അന്വേഷണ രീതികൾ എന്നിവയൊക്കെ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥ മറ്റൊരു ഭൂമികയിലേക്ക് നീങ്ങുമ്പോൾ, അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോൾ ത്രില്ലിങ്ങായ പലതും പ്രേക്ഷകൻ പ്രതീക്ഷിക്കും. എന്നാൽ യാതൊരു ത്രില്ലും സമ്മാനിക്കാതെ, ദുർബലമായ ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്. അൻവർ അലിയുടെ ‘അരികെ വരാതെ’ എന്ന ഗാനവും ചിത്രത്തിലില്ല.

മികച്ച ഛായാഗ്രഹണമാണ് രാജീവ്‌ രവി ചിത്രങ്ങളുടെ പ്രത്യേകത. രാത്രിയിലെ ചില ഷോട്ടുകൾ, മികച്ച ഫ്രെയിമുകൾ, ധനാഗഞ്ജിന്റെ ഏരിയൽ ഷോട്ട് എന്നിവ സുന്ദരമാണ്. എന്നാൽ താല്പര്യമുണർത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. പോലീസുകാരുടെ കാഴ്ചപ്പാടിലൂടെ കഥ കൊണ്ടുപോകുന്നത് നല്ലത് തന്നെ. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ മോഷ്ടാക്കൾ പോലും അപ്രസക്തമായി പോവുകയാണ്. കയ്യടിക്കാൻ യാതൊന്നും നൽകാത്ത, ദുർബലമായ തിരക്കഥയുള്ള ഒരു കുറ്റാന്വേഷണ ചിത്രം.

Last Word – രാജീവ്‌ രവിയുടെ ഒരു പ്രോ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. ഛായാഗ്രഹണവും പതിഞ്ഞ താളവും താല്പര്യമുണർത്താത്ത കഥാവികാസവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മറ്റൊരു തീരൻ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.

ഷെറിൻ പി യോഹന്നാൻ

സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.

ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.


പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട്‌ സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.

രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ്‌ ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.

പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.

Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും കൈകോർക്കുന്നു എന്ന വാർത്തകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷകളെയൊന്നും ‘ട്വൽത്ത്മാൻ’ അസ്ഥാനത്താക്കുന്നില്ല. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച്, പ്രേക്ഷകരുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ‘ട്വൽത്ത്മാൻ’. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. അവിചാരിതമായി അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനുമായി അവർ ഒന്നുരസ്സുന്നു. ആ രാത്രി തന്നെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ? കൊലപാതകമോ? ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിയ്ക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ,(പന്ത്രണ്ടാമൻ) ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെനടത്തിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ.

വ്യത്യസ്ത മാനറിസങ്ങളിലെത്തുന്ന മോഹൻലാലിന്റെ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പ്രധാനി. സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

നൂറുശതമാനം മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ‘ട്വൽത്ത്മാൻ’. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ട്വൽത്ത്മാനായി സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്. ആവർത്തിച്ചുകാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ ട്വൽത്ത്മാന് സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു​ അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നുകൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ ‘ട്വൽത്ത്മാൻ’ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.

‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.

35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.

സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?

ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ്‌ ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.

Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.

RECENT POSTS
Copyright © . All rights reserved