ഷെറിൻ പി യോഹന്നാൻ

കട്ടപ്പനയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു. സി ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നു. മോഷ്ടാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച സാജൻ ഫിലിപ്പും സംഘവും ധനാഗഞ്ജിലേക്ക് യാത്ര തിരിക്കുന്നു. പോലീസുകാർ കയറാൻ ഭയക്കുന്ന, കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ധനാഗഞ്ജിലേക്കാണ് അവർ പ്രതികളെ തേടി എത്തുന്നത്.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കിയ മലയാള ചിത്രം എന്നറിയുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരും. ഒരാഴ്ചയുടെ ഇടവേളയിൽ രാജീവ്‌ രവിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ‘തുറമുഖം’ ജൂൺ 3ന് റിലീസ് ചെയ്യും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് ചിത്രങ്ങളുമായി രാജീവ്‌ രവി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.


കാസർഗോഡ് നടന്ന യഥാർത്ഥ ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥാകൃത്ത്. അതിനാൽതന്നെ അവർ നേരിട്ടനുഭവിച്ച, നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ചിത്രത്തിൽ. റിയലിസ്റ്റിക്കായി ഒരു കേസന്വേഷണം അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഈ സിനിമയിൽ കുറവാണ്.

ഒരുപാട് ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത, ഗിമ്മിക്കുകളൊന്നും തിരുകി കയറ്റാത്ത പോലീസ് സ്റ്റോറിയാണ് ഇത്. അതിഭാവുകത്വം ഇല്ലാത്ത ഒരു കുറ്റാന്വേഷണം. ഭൂതകാലം വേട്ടയാടുന്ന ഒരു നായകനെ കൃത്യമായി പ്ലേസ് ചെയ്യാൻ രാജീവ്‌ രവിക്ക് സാധിച്ചിട്ടുണ്ട്. പക്വമാർന്ന പ്രകടനത്തിലൂടെ ആസിഫ് അലിയും ആ കഥാപാത്രത്തെ മികച്ചതാക്കി. അലൻസിയാർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു.

വളരെ സ്ലോ പേസിലാണ് കഥ നീങ്ങുന്നത്. ഒരു മോഷണം നടന്നു കഴിയുമ്പോൾ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, അന്വേഷണ രീതികൾ എന്നിവയൊക്കെ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥ മറ്റൊരു ഭൂമികയിലേക്ക് നീങ്ങുമ്പോൾ, അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോൾ ത്രില്ലിങ്ങായ പലതും പ്രേക്ഷകൻ പ്രതീക്ഷിക്കും. എന്നാൽ യാതൊരു ത്രില്ലും സമ്മാനിക്കാതെ, ദുർബലമായ ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്. അൻവർ അലിയുടെ ‘അരികെ വരാതെ’ എന്ന ഗാനവും ചിത്രത്തിലില്ല.

മികച്ച ഛായാഗ്രഹണമാണ് രാജീവ്‌ രവി ചിത്രങ്ങളുടെ പ്രത്യേകത. രാത്രിയിലെ ചില ഷോട്ടുകൾ, മികച്ച ഫ്രെയിമുകൾ, ധനാഗഞ്ജിന്റെ ഏരിയൽ ഷോട്ട് എന്നിവ സുന്ദരമാണ്. എന്നാൽ താല്പര്യമുണർത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. പോലീസുകാരുടെ കാഴ്ചപ്പാടിലൂടെ കഥ കൊണ്ടുപോകുന്നത് നല്ലത് തന്നെ. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ മോഷ്ടാക്കൾ പോലും അപ്രസക്തമായി പോവുകയാണ്. കയ്യടിക്കാൻ യാതൊന്നും നൽകാത്ത, ദുർബലമായ തിരക്കഥയുള്ള ഒരു കുറ്റാന്വേഷണ ചിത്രം.

Last Word – രാജീവ്‌ രവിയുടെ ഒരു പ്രോ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. ഛായാഗ്രഹണവും പതിഞ്ഞ താളവും താല്പര്യമുണർത്താത്ത കഥാവികാസവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മറ്റൊരു തീരൻ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.