ഷെറിൻ പി യോഹന്നാൻ
ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.
പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറിൽ തന്നെ സിനിമ പറയുന്ന രാഷ്ട്രീയം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നുണ്ട്. ഒരു കരണത്തടിയിലൂടെ അത് കൂടുതൽ നീറി പുകയുന്നു.
സമ്പന്നനായ, താൻ പറയുന്നതാണ് ശരി എന്ന് കരുതുന്ന, തിരുത്താൻ തയ്യാറാകാത്ത, തന്റെ ആഗ്രഹപ്രകാരം മകനെ വളർത്തുന്ന ഒരാളാണ് കുട്ടൻ. ഇതിലുപരയായി കടുത്ത ജാതിവിദ്വേഷവും ദുരഭിമാനവും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വല്ല കക്കൂസും കഴുകി ജീവിച്ചൂടെ എന്നാണ് അദ്ദേഹം കുട്ടപ്പനോട് ചോദിക്കുന്നത്. ഉന്നതകുലജാതനായ ഒരുവന്റെ ചിന്താഗതി അവിടെ വെളിവാക്കുന്നു. പല രഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്ന, കടുത്ത ജാതി-മത വിദ്വേഷം പേറുന്ന, മരണഭയത്തോടെ ജീവിക്കുന്ന, ടോക്സിക് പേരെന്റിങ്ങിന്റെ ഉത്തമ ഉദാഹരണമായ കുട്ടനെ മമ്മൂട്ടി ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുന്നുണ്ട്. കലങ്ങിമറിഞ്ഞ മനസ്സുമായി ജീവിക്കുന്ന നായകൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിൽ പറയുന്നതുപോലെ, ഇത് മമ്മൂട്ടിയുടെ പരകായ പ്രവേശമാണ്. ഭാസ്കരപട്ടേലരെ പോലെ, അഹമ്മദ് ഹാജിയെ പോലെ, കുട്ടനെ പോലെ ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ.
നിരന്തരം അവഗണകൾ നേരിട്ട് ഇപ്പോൾ അതിനോട് എതിർത്തു നിൽക്കുന്ന, കലയിലൂടെ കാലുറപ്പിച്ചു നിൽക്കുന്ന കുട്ടപ്പനും ഗംഭീരമാണ്. കുട്ടന്റെ ഭയത്തിന് കാരണമാകുന്നത് ഇയാളാണ്. അപ്പുണി ശശിയുടെ മികച്ച പ്രകടനം ഈ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. തനിക്ക് ലഭിച്ച വേഷം പാർവതിയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രഹസ്യാത്മകത നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മുഖ്യ പങ്ക് വഹിക്കുന്നു.
ആദ്യ പകുതിയിൽ ചിലയിടത്ത് വ്യക്തക്കുറവ് ഉണ്ടാവുന്നുണ്ട്. എഡിറ്റിങ്ങും പെർഫെക്ടായി അനുഭവപ്പെട്ടില്ല. എന്നാൽ, സിനിമയുടെ വലിയ പോരായ്മ ക്ലൈമാക്സ് ആണെന്ന് തോന്നി. ഇത്തരമൊരു ചിത്രത്തിൽ ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണോയെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു. എന്നാൽ ആശയപരമായും പ്രകടനപരമായും മികച്ചു നിൽക്കുന്നതിനാൽ മൊത്തത്തിലുള്ള ഔട്ട്‌പുട്ടിൽ ‘പുഴു’ വിജയമാണ്.
Last Word – പുഴു ഒരു പൊളിറ്റിക്കൽ സിനിമയാണ്. തമിഴ് സിനിമ ശക്തമായി സംസാരിക്കുന്ന Caste Politics ആണ് ഇവിടെയും വിഷയം. എന്നാൽ അതിനെ തീവ്രമായി പ്രേക്ഷകരിൽ എത്തിക്കാൻ പുഴുവിന് സാധിക്കുന്നു. രഹസ്യാത്മകത നിലനിർത്തികൊണ്ട് തന്നെ ഇഴഞ്ഞു നീങ്ങുന്ന, സമൂഹത്തിന്റെ പൊതുബോധ നിർമിതിയെ ദംശിക്കുന്ന, കലാമൂല്യമുള്ള ഒരു ചിത്രം.
ഷെറിൻ പി യോഹന്നാൻ
ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.
രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.
അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.
പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ് ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ് നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.
Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.
ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.
സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന് പോയതിനല്ല തല്ല് കൊണ്ടത്’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത് വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത് വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.
ഷെറിൻ പി യോഹന്നാൻ
1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.
കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.
സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.
പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ് ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.
സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ് എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.
Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.
മലയാളികളുടെ പ്രീയപെട്ടതാരമായ ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തിൽ ചെയ്ത ചിത്രമാണ് ഇന്ന് റിലീസ് ആയ മകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയറാമിനൊപ്പം മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇതിന്റെ ടീസ, ട്രൈലെർ, ഇതിലെ കണ്ണാണ് എന്നിവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും സ്വീകരിക്കുന്ന പ്രേക്ഷകർ കാണാൻ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് മകൾ. മോഹൻലാലിന് ശേഷം സത്യൻ അന്തിക്കാടുമായി ചേർന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ നടൻ ആണ് ജയറാം എന്നതും ആ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു.
ജയറാം അവതരിപ്പിക്കുന്ന നന്ദകുമാർ, മീര ജാസ്മിൻ അവതരിപ്പിക്കുന്ന ജൂലിയറ്റ് എന്നിവരും അവരുടെ മകൾ ആയെത്തുന്ന അപർണ്ണ എന്ന ദേവികയുടെ കഥാപാത്രത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മിശ്ര വിവാഹമാണ് നന്ദന്റെ എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഇല്ല. എന്നാൽ മകൾ ജനിച്ചു കുറെ കാലം കഴിഞ്ഞു പ്രവാസി ആയ നന്ദൻ, പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ചു തിരിച്ചെത്തുന്നതോടെയാണ് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതു.
പ്രധാനമായും പ്രായപൂർത്തിയായ മകളെ മനസ്സിലാക്കാൻ നന്ദൻ എന്ന അച്ഛന് കഴിയുമോ എന്നതും അതിന്റെ പശ്‌ചാത്തലത്തിൽ അവരുടെ കുടുംബത്തിലും ബന്ധങ്ങളിലും ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വളരെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യണം എന്നാഗ്രഹിക്കുന്ന നന്ദൻ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ടീനേജുകാരിയായ മകൾക്ക് അവളും അമ്മയും ഉള്ള ലോകത്തെ സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതായിട്ടാണ് തോന്നുന്നത്. ആ സാഹചര്യത്തിൽ നന്ദൻ എന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളാണ് ഈ ചിത്രത്തിന്റെ കഥയുടെ പ്രധാന ഭാഗം.
സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി ഒരു ഫീൽ ഗുഡ് കുടുംബ ചിത്രം സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പ്രേക്ഷകർക്ക് അത് മാത്രം മതിയോ എന്ന ചോദ്യം ബാക്കിയാണ്. പതിവ് പോലെ തന്നെ, വളരെ ലളിതമായ ഒരു കഥയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ചിരിയും ചിന്തയും ചാലിച്ച് സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോൾ, അത് മലയാളി കുടുംബങ്ങളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായി മാറുന്നുണ്ട് എന്നത് സത്യമാണ്. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചന സത്യൻ അന്തിക്കാടിന്റെ ശൈലിയിലൂടെ വെള്ളിത്തിരയിൽ വന്നപ്പോൾ, കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായി ഒരു പരിധി വരെ മകൾ മാറി.
ഒരു ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിൽ ഒക്കെ നമ്മൾ കണ്ടത് പോലെ, ലളിതമായ സന്ദര്ഭങ്ങളിലൂടെ കഥ പറയാൻ ഇക്ബാൽ കുറ്റിപ്പുറത്തിനു സാധിച്ചെങ്കിലും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ആയി നിലനിൽക്കുന്നത് തിരക്കഥയിലെ പിഴവുകളാണ്. പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പകുതി സഞ്ചരിക്കുന്നത് ഒരു ലക്ഷ്യബോധം ഇല്ലാതെയാണ് എന്നുള്ള തോന്നലാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. ആദ്യ പകുതി അവസാനിക്കുന്നിടത്തു നിന്നതു ക്‌ളൈമാക്‌സ് വരെ എത്തുമ്പോഴും കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്നതും, അതുപോലെ രണ്ടാം പകുതിയിൽ കടന്നു വരുന്ന ഒരു പുതിയ കഥാപാത്രവും അയാളുടെ ഫ്ലാഷ്ബാക്കുമെല്ലാം വളരെയധികം മുഴച്ചു നിൽക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കലർത്തി കഥ പറഞ്ഞ സത്യൻ അന്തിക്കാടിന് തിരക്കഥയുടെ ദുര്ബലത കാരണം കൊണ്ട് തന്നെ വൈകാരിക രംഗങ്ങളുടെ തീവർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ചില സമയത്തു സംഭാഷണങ്ങളിലടക്കം കടന്നു വന്ന അസ്വാഭാവികതയും കല്ലുകടി ആയി. എന്നിരുന്നാലും മകൾ, പ്രേക്ഷകനെ വലിയ രീതിയിൽ ബോറടിപ്പിക്കാതെ മുന്നോട്ടു പോയി ആണ് അവസാനിക്കുന്നത് എന്നത് പ്ലസ് പോയിന്റാണ്.
നന്ദൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ പ്രകടനം അദ്ദേഹത്തിന്റെ സമീപകാലത്തെ നല്ലൊരു പ്രകടനമാണ്. ഒരിടവേളക്ക് ശേഷമാണു ജയറാം എന്ന നടനെ കുറച്ചെങ്കിലും ഉപയോഗിച്ച ഒരു ചിത്രം നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് തന്നെ പറയണം. അത് പോലെ തന്നെ ജൂലിയറ്റ് ആയുള്ള മീരാ ജാസ്മിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ്. വളരെ മികച്ച രീതിയിൽ തന്നെ, വളരെ പക്വമായ പ്രകടനം ആണ് മീര ജാസ്മിൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരുടെ മകളായി എത്തിയ ദേവിക സഞ്ജയ് തന്റെ കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ, മറ്റു അഭിനേതാക്കൾ ആയ സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ, ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ എസ് കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള രീതിയിൽ ദൃശ്യങ്ങൾ ഒരുക്കിയ അദ്ദേഹം ഈ സിനിമയുടെ മുന്നോട്ടുള്ള ഒഴുക്കിനെ കൂടി സഹായിച്ചിട്ടുണ്ട്. രാജ ഗോപാലിന്റെ എഡിറ്റിംഗ് മികച്ചു നിന്നതും ചിത്രത്തിന് മുതൽക്കൂട്ടായി. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് രാഹുൽ രാജ് ഒരുക്കിയ ഇതിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവ്.
മകൾ ഒരു സ്ഥിരം സത്യൻ അന്തിക്കാടൻ അച്ചിൽ വാർത്തെടുത്ത കുടുംബ ചിത്രമാണ്. ചിരിയും ചിന്തയും കുടുംബത്തിൽ ഉണ്ടാവുന്ന സങ്കടങ്ങളും സ്നേഹവും പരിഭവവും എല്ലാം കൂട്ടിച്ചേർത്ത ശരാശരി ഫാമിലി ഡ്രാമ. അമിത പ്രതീക്ഷകളുടെ ഭാണ്ഡകെട്ട് തലയിലേറ്റാതെ കണ്ടാൽ, ബോറടിക്കാതെ ഒന്ന് കണ്ടു മറക്കാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം.
വിജയ് ചിത്രം എന്നതു മാത്രമായിരുന്നില്ല ബീസ്റ്റ് ഉയര്‍ത്തിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം, ഒപ്പം അതിന്‍റെ സംവിധായകന്‍റെ പേര് കൂടിയായിരുന്നു. കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും സിനിമാപ്രേമികളില്‍ ആകാംക്ഷ ഉണര്‍ത്തിയ ഘടകമാണ്. കൂടാതെ സംഗീതത്തിലെ ജനപ്രിയ ചേരുവകള്‍ മറ്റാരെക്കാളും നന്നായി അറിയുന്ന അനിരുദ്ധ് രവിചന്ദറിന്‍റെ സാന്നിധ്യവും. എല്ലാം ഒത്തുചേര്‍ന്ന, ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു വിജയ് ചിത്രം എന്നതായിരുന്നു റിലീസിനു മുന്‍പ് സിനിമാപ്രമികള്‍ക്കിടയില്‍ ബീസ്റ്റ് ഉയര്‍ത്തിയ പ്രതീക്ഷ.
വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആണ് വിജയ്‍ അവതരിപ്പിക്കുന്ന നായകന്‍. ഒരു വര്‍ഷത്തോളം മുന്‍പ് തന്‍റെ നേതൃത്വത്തില്‍ നടത്തിയ, തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷവും വിഷാദവും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് അയാള്‍. താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയില്‍ നിന്ന് അവധിയെടുത്ത് വ്യക്തിപരമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന വീരയെ തേടി യാദൃശ്ചികമായി ഒരു സൈനിക മിഷന്‍ മുന്നിലെത്തുകയാണ്. മറ്റെന്തിനെക്കാളുമേറെ സ്വന്തം മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, മിഷനുകളില്‍ തികഞ്ഞ പോരാളിയായ ഈ നായക കഥാപാത്രം മുന്നിലെത്തുന്ന ഒരു കടുത്ത വെല്ലുവിളിയെ അതിജീവിക്കുമോ എന്നതിലേക്കാണ് ബീസ്റ്റ് പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
ചിത്രത്തിന്‍റെ പ്ലോട്ടിനെ കൃത്യമായി പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു നേരത്തെ പുറത്തെത്തിയ, ചിത്രത്തിന്‍റെ 2.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. വിജയ് പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രക്ഷകന്‍ പരിവേഷം തന്നെയാണ് ബീസ്റ്റിലെ നായകനായ വീരരാഘവനുമുള്ളത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചടക്കി സന്ദര്‍ശകരെ ബന്ദികളാക്കുന്ന ഒരു സംഘം തീവ്രവാദികള്‍. ആ സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന വീരരാഘവന്‍. ബന്ദികളുടെ കൂട്ടത്തില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മികവുറ്റ ഒരു ഓഫീസറും പെട്ടിട്ടുണ്ടെന്ന് അറിയുന്ന സൈനികവൃത്തങ്ങള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തോടു തന്നെ ആവശ്യപ്പെടുകയാണ്. ഒരു അടഞ്ഞ സ്ഥലത്ത് തീവ്രവാദികളാല്‍ ബന്ദികളാക്കപ്പട്ട നിരപരാധികളെ മോചിപ്പിക്കാന്‍ വീരരാഘവന്‍ നടത്തുന്ന പരിശ്രമങ്ങളാണ് 2 മണിക്കൂര്‍ 36 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം.
വിജയ്‍യെപ്പോലെ ഒരു സൂപ്പര്‍താരം നായകനാവുമ്പോള്‍ സാധാരണയായി സംവിധായകന് ചുമക്കേണ്ടിവരുന്ന അമിതഭാരം അനുഭവിപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്‍റെ തുടക്കം. വീരരാഘവനെ നാടകീയതയൊന്നുമില്ലാതെ പരിചയപ്പെടുത്തിയതിനു ശേഷം അധികം ഇടവേളയെടുക്കാതെ പ്ലോട്ടിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നെല്‍സണ്‍. പ്രധാന കഥാപരിസരമായ ഷോപ്പിംഗ് മാളിലേക്ക് പ്രേക്ഷകരെ എത്തിച്ചതിനു ശേഷം ചിത്രത്തിന്‍റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നുമുണ്ട് സംവിധായകന്‍. എന്നാല്‍ ആവേശം പകരുന്ന ഈ ആരംഭത്തിന് തുടര്‍ച്ച കണ്ടെത്തുന്നതില്‍ നെല്‍സണ്‍ അത്ര കണ്ട് വിജയിക്കുന്നില്ല. ഒരു അടഞ്ഞ സ്ഥലത്ത് സംഭവിക്കുന്ന ചിത്രങ്ങളുടെ സംവിധായകന്‍ പ്രാഥമികമായി നേരിടുന്ന വെല്ലുവിളി തന്നെയാണ് ഇവിടെ നെല്‍സണും നേരിടുന്നത്.
ഒരു ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ സെറ്റിംഗ് എല്ലാം ഒരുക്കിയിട്ടും ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി ബീസ്റ്റിനെ മാറ്റാന്‍ സംവിധായകനും അത് ആ രീതിയില്‍ അസ്വദിക്കാന്‍ ഒരുപക്ഷേ പ്രേക്ഷകനും വെല്ലുവിളിയാവുന്നത് നായകനായുള്ള വിജയ്‍യുടെ സാന്നിധ്യമാണ് എന്നതാണ് വൈരുദ്ധ്യം. വിജയ്‍യുടെ നായകന്‍ അന്തിമമായി വിജയിക്കുക തന്നെ ചെയ്യുമെന്ന പ്രേക്ഷകബോധ്യത്തില്‍ നെല്‍സണ്‍ ഒരുക്കിയ പല ത്രില്ലര്‍ നിമിഷങ്ങളും കാര്യമായ ചലനം സൃഷ്ടിക്കാതെ പോകുന്നു.
അതേസമയം കാഴ്ചാനുഭവമെന്ന തലത്തില്‍ സാങ്കേതികമായി മികവുള്ള ഒരു വര്‍ക്കുമാണ് ബീസ്റ്റ്. വിജയ്‍യുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭാരം ഒഴിവാക്കിയാല്‍ ഴോണറിനോട് കഴിവതും നീതി പുലര്‍ത്തുന്ന, ആക്ഷന്‍ രംഗങ്ങളിലും ഛായാഗ്രഹണത്തിലുമൊക്കെ ഒരു ക്ലാസ് അനുഭവപ്പെടുത്തുന്ന ചിത്രവുമാണ് ബീസ്റ്റ്. അനിരുദ്ധ് രവിചന്ദറിനെപ്പോലെ ഒരു സംഗീത സംവിധായകനെ കിട്ടിയിട്ടും, ചിത്രത്തിന്‍റെ മൂഡ് മറ്റൊന്നായതിനാല്‍ പാട്ടുകള്‍ രണ്ടിലേക്ക് ചുരുക്കിയിട്ടുണ്ട് നെല്‍സണ്‍. പാട്ടുകളില്‍ വിജയ്‍യുടെ നൃത്തച്ചുവടുകള്‍ക്കായുള്ള സെലിബ്രേഷന്‍ മൂഡ് ഒരുക്കിയിട്ടുള്ള അനിരുദ്ധ് സ്കോറിംഗില്‍ പുലര്‍ത്തിയിരിക്കുന്ന മിതത്വം ശ്രദ്ധേയമാണ്.
വിജയ്‍യെ സമീപകാലത്ത് ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരാറുള്ള പല വിജയ് നമ്പറുകളും മാനറിസങ്ങളുമൊക്കെ ഒഴിവാക്കി തമിഴകത്തിന്‍റെ സൂപ്പര്‍താരത്തെ വീരവാഘവന്‍ എന്ന സ്പൈ ഏജന്‍റിന്‍റെ കുപ്പായത്തിലേക്ക് മാറ്റിയിട്ടുണ്ട് നെല്‍സണ്‍. നായിക പൂജ ഹെഗ്ഡെയ്ക്ക് കാര്യമായി റോള്‍ ഒന്നുമില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരെ പലപ്പോഴും കണക്ട് ചെയ്ത് നിര്‍ത്തുന്നത് വിടിവി ഗണേഷും യോഗി ബാബുവും സംഘവും ഒരുക്കുന്ന കോമഡി ട്രാക്ക് ആണ്. എന്നാല്‍ ഇത് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ടിനെ ദോഷകരമായി ബാധിക്കുന്ന ഒരു സൈഡ് ട്രാക്ക് ആയി മാറാതെ കൈകാര്യം ചെയ്‍തിട്ടുണ്ട് സംവിധായകന്‍. തമിഴ് അരങ്ങേറ്റം നടത്തുന്ന ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു പ്രധാന കഥാപാത്രത്തെയാണ് ലഭിച്ചത്. ഷൈന്‍ മലയാളത്തില്‍ നടത്തിയിട്ടുള്ള മികവുറ്റ പ്രകടനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ കഥാപാത്രം, അദ്ദേഹത്തിന്‍റെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒന്നല്ല അതെങ്കിലും. മലയാളി താരം അപര്‍ണ ദാസിനും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്.
യുവസംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനൊപ്പം കോളിവുഡിന്‍റെ സൂപ്പര്‍താരം ആദ്യമായി എത്തുമ്പോള്‍ ഉയരുന്ന അമിത പ്രതീക്ഷ തന്നെയാണ് അണിയറക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളി. ഈ പ്രതീക്ഷാഭാരം വിജയകരമായി മറികടന്നുവെന്ന് പറയാനാവില്ലെങ്കിലും ഒറ്റ കാഴ്ചയില്‍ അമ്പേ നിരാശപ്പെടുത്തില്ല ബീസ്റ്റ്. വിജയ് ആരാധകരെ സംബന്ധിച്ച് സ്ക്രീനിലെ ‘വിജയിസം’ കാലാനുസൃതമായി മാറ്റി അവതരിപ്പിച്ചിരിക്കുന്നതിലെ മികവ് കൗതുകം പകരും.
ഷെറിൻ പി യോഹന്നാൻ
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാൻസ്‍പോര്‍ട്ടിന്റെ ബോട്ടില്‍ കണ്ടക്ടർ ആയി ജോലി ചെയ്യുകയാണ് രാധാമണി. ഒരത്യാവശ്യത്തിനായി മൂന്ന് പവന്റെ മാല പണയം വെക്കാൻ എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന കാര്യം രാധാമണിക്ക് മനസിലായത്. സ്വർണം ഒന്നര പവനെ ഉള്ളൂ. ബാക്കി മെഴുകാണ്. തന്നെ ചതിച്ച ജ്വല്ലറിക്കെതിരെ പോരാടാൻ രാധാമണി തയ്യാറാകുന്നു.
പ്രേക്ഷകന് വളരെ വേഗം റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് രാധാമണി. ഭർത്താവ് വിദേശത്താണെങ്കിലും നല്ലൊരു ജോലിയില്ല. നാട്ടിൽ വീട് പണി പൂർത്തിയായിട്ടില്ല. മക്കളുടെ കാര്യങ്ങൾ നോക്കി, ജോലിക്ക് പോകുന്ന രാധാമണിയെന്ന കഥാപാത്രം വളരെ റിയലിസ്റ്റിക്കായി പ്രേക്ഷകനോട് സംവദിക്കുന്നു.
നവ്യാ നായരുടെ മടങ്ങിവരവാണ് ‘ഒരുത്തീ’യുടെ USP. പത്തു വർഷത്തിന്റെ ഇടവേള നവ്യയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, രാധാമണിയെന്ന കൊച്ചിക്കാരിയെ ഗംഭീരമായി സ്ക്രീനിലെത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വീട്ടമ്മയുടെ അന്തർസംഘർഷങ്ങൾ, നിസ്സഹായത, പോരാട്ടം എന്നിവ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. രണ്ടാം പകുതിയിലാണ് കഥാപാത്രം കൂടുതൽ കരുത്താർജിക്കുന്നത്.
വി കെ പ്രകാശിന്റെ കഥാഖ്യാനം പൂർണമായി വിജയിച്ചിട്ടില്ലെങ്കിലും ബോറടിക്കാത്ത വിധത്തിൽ ചിത്രം ഒരുക്കിയിട്ടുണ്ട്. രാധാമണിയുടെ ജീവിതത്തോടൊപ്പം എസ്. ഐ ആന്റണി (വിനായകൻ) യുടെ ജീവിതം കൂടി സാമാന്തരമായി പറഞ്ഞുപോകുന്നു. രണ്ടാം പകുതിയിൽ മാസ്സ് ഡയലോഗ് അടിക്കുന്ന, ഹീറോയിസം കാണിക്കുന്ന ആന്റണി ചിത്രത്തിന് ത്രിൽ മൂഡ് സമ്മാനിക്കുന്നു. നീതിയുടെ പക്ഷത്തു നിന്നാണ് അയാൾ സധൈര്യം പോരാടുന്നത്. എന്നാൽ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും ഇല്ലാത്ത വിനായകനെയാണ് ഈ ചിത്രത്തിൽ കാണുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പകുതിയിൽ കഥ പുരോഗമിക്കുന്നത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണം അവിടെ മികവിലെത്തുന്നു. എന്നാൽ ചിത്രത്തിലെ റാപ് സോങ് സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നതായിരുന്നില്ല. പോരാടാൻ തീരുമാനമെടുത്ത ഒരു വീട്ടമ്മയിലാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ ആ പോരാട്ടം ഇനിയും തുടരുമെന്നാണ് സൂചന. ‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന സമുദ്രശിലയിലെ വാചകം എഴുതി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് ‘ഒരുത്തീ 2’ എത്തുന്ന വിവരം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Last Word – സാധാരണക്കാരന്റെ ജീവിതപരിസരങ്ങളോട് അടുത്തുനിൽക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. വിഷയസ്വീകാര്യത കൊണ്ടും നവ്യാ നായരുടെ മികച്ച പ്രകടനം കൊണ്ടും ‘ഒരുത്തീ’ നല്ല സിനിമ അനുഭവമായി മാറുന്നു. VKP ചിത്രങ്ങളുടെ ഒടിടി റിലീസ് പ്രവാചനാതീതമായ സംഗതിയായതിനാൽ ഈ ചിത്രം തിയേറ്ററിൽ കാണുന്നതാവും ഉചിതം.
ഷെറിൻ പി യോഹന്നാൻ
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം ഏറ്റുവാങ്ങിയ ലിസ ചലാന് കേരളം നൽകിയത് ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങളാണ്; അതിജീവനത്തിന്റെ പാഠം പകർന്നതിന്, പോരാട്ടത്തിന്റെ പെൺപ്രതീകമായി മാറിയത്, സിനിമയെ മൂർച്ചയുള്ള ആയുധമായി ഉപയോഗിക്കുന്നതിന്. ലിസ ചലാൻ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം നിശാഗന്ധിയിൽ നിറഞ്ഞ കരഘോഷങ്ങളുയർന്നു. എഴുന്നേറ്റ് നിന്ന്, മനസ്സ് നിറഞ്ഞു കയ്യടിക്കുന്ന ജനക്കൂട്ടത്തിന്റെ മുൻപിൽ ലിസ നിവർന്നുനിന്നു.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായികയാണ് ലിസ ചലാൻ. കൃത്രിമ കാലുകളുമായി ചലച്ചിത്ര രംഗത്തും സാമൂഹ്യസേവന രംഗത്തും നടത്തിയ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് കേരളം ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം നൽകി അവരെ ആദരിച്ചത്. തുർക്കിയില്‍ സാമൂഹിക വിവേചനം അനുഭവിക്കുന്ന കുര്‍ദ് വിഭാഗത്തില്‍ പിറന്ന്, സ്വന്തം ജനതയ്ക്കു വേണ്ടി കലയിലൂടെ പൊരുതിക്കൊണ്ടിരിക്കുന്ന ഒരുവളാണ് ലിസ. ലിസ സംവിധാനവും തിരക്കഥാരചനയും നിർവഹിച്ച ‘പര്‍വ്വതങ്ങളുടെ ഭാഷ’ (Language of Mountains) എന്ന ഹ്രസ്വ ചിത്രത്തിൽ ഈ സാമൂഹികാന്തരീക്ഷം പ്രകടമായി കാണാം.
സംവിധായിക, എഡിറ്റര്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്താണ് ലിസ ഐസിസിന്റെ ഇരയായത്. 2015 ജൂണ്‍ അഞ്ചിനായിരുന്നു ആ സംഭവം. പ്രാദേശിക തിരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കിനില്‍ക്കെ കുര്‍ദുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന എച്ച്.ഡി.പി.പാര്‍ട്ടി ഒരു വൻ പ്രചാരണറാലി സംഘടിപ്പിച്ചു. ലിസയും ഈ റാലിയില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ആൾക്കൂട്ടത്തിന്റെ നടുവിൽ വലിയ സ്ഫോടനം നടന്നത്. ഐസിസ് ചാവേറുകള്‍ നടത്തിയ ആ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നൂറിലധികമാളുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ലിസയുടെ കാലുകള്‍ ചിതറിപ്പോയി. ചിതറിപ്പോയ കാലുകള്‍ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ ശവകുടീരത്തിനടുത്ത് ലിസയുടെ കാലുകൾ അടക്കം ചെയ്തു. തുർക്കിയിലും ജര്‍മനിയിലുമായി ഒമ്പത് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാലുകള്‍ ശരിയായില്ല. ഒടുവിൽ ഓസ്‌ട്രേലിയയിലെ ഒരാശുപത്രിയില്‍ വെച്ച് ലിസയുടെ കാലുകളില്‍ ടൈറ്റാനിയം ഇംപ്ലാന്റുകള്‍ വെച്ചുപിടിപ്പിച്ചു.
പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് സിനിമയിലൂടെ പരിഹാരമൊരുക്കുകയാണ് ലിസ. ‘എന്റെ ശരീരത്തെ മാത്രമേ അവർക്ക് പരിക്കേൽപ്പിക്കാനായുള്ളൂ, എന്റെ ആശയത്തെ തോൽപ്പിക്കാനായിട്ടില്ല’ – ലിസയുടെ ഈ വാക്കുകൾക്ക് ആത്മധൈര്യത്തിന്റെ സുവർണ്ണ ശോഭയാണ്. തുർക്കിഷ് സിനിമ മേഖലയിൽ സ്ത്രീകൾ അവഗണിക്കപ്പെടുകയാണെന്നും ലിസ വെളിപ്പെടുത്തി. “തുർക്കി ഗവണ്മെന്റ് പിന്തുണ നൽകുന്നത് പ്രൊഫഷണൽ ജോലികൾക്കാണ്. പുരുഷാധിപത്യ സമൂഹത്തിൽ ചലച്ചിത്ര മേഖലയിലെ പല ജോലികളും ഒരു സ്ത്രീയ്ക്ക് ചെയ്യാനാകും എന്നെനിക്ക് തെളിയിക്കണമായിരുന്നു.” ലിസ കൂട്ടിച്ചേർത്തു.
ലിസയ്ക്ക് സിനിമയെന്നത് കല മാത്രമല്ല, ഒരായുധം കൂടിയാണ്. സമൂഹത്തിന് നേരെ ക്യാമറ തിരിച്ചുവെച്ച് അവർ ശബ്ദമുയർത്തുന്നു. പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി ലോകസിനിമയിൽ ശ്രദ്ധയാകർഷിച്ച ലിസ ചലാന് ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരവുകൾ.
ഷെറിൻ പി യോഹന്നാൻ
1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.
25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.
ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.
പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.
മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.
വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.
Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.
ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ഷെറിൻ പി യോഹന്നാൻ
“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.
1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.
അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ് ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.
ആദ്യമേ തന്നെ ഒരു ക്ലാസ്സ് സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.
മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.
മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.
Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ് ചെയ്യരുതാത്ത ചിത്രം.