ഷെറിൻ പി യോഹന്നാൻ
ഒരു സ്വകാര്യ സ്കൂൾ അധ്യാപികയാണ് അർച്ചന. ജോലിയോടൊപ്പം തന്നെ പി എസ് സി പരീക്ഷയും എഴുതുന്നു. കല്യാണാലോചനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് മുടങ്ങാറാണ് പതിവ്. ജോലി ചെയ്ത് തന്റെ കാര്യവും വീട്ടിലെ എല്ലാ കാര്യവും നോക്കുന്ന അർച്ചനയുടെ കല്യാണ വിശേഷങ്ങളാണ് സിനിമയിൽ.
അർച്ചനയുടെ കല്യാണത്തോടൊപ്പം ഒരു നാടിന്റെയും അവിടുത്തെ ആളുകളുടെയും കഥ പറയുകയാണ് ‘അർച്ചന 31 നോട്ട് ഔട്ട്’. ഗിരീഷ് എ ഡി, അഖിൽ അനിൽകുമാർ തുടങ്ങിയ സംവിധായകരുടെ കഥ പറച്ചിൽ രീതി എത്രമാത്രം രസകരമാണെന്ന് അവരുടെ ഷോർട്ട് ഫിലിമും സിനിമയും കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും. കഥയുടെ ട്രീറ്റ് മെന്റ് ആണ് അഖിൽ അനിൽകുമാറിന്റെ ഈ ചിത്രത്തെ രസകരമാക്കുന്നത്. എന്നാൽ അതിൽ അദ്ദേഹം പൂർണമായി വിജയിച്ചിട്ടില്ല.
അർച്ചനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. അർച്ചനയുടെ കഥാപാത്ര നിർമിതിയും ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനവും മികച്ചു നിൽക്കുന്നു. മുതിർന്ന കഥാപാത്രങ്ങളുടെ പ്രകടനവും തൃപ്തികരമായിരുന്നു.
രസകരമായ ഫിലിം മേക്കിങ്ങിന്റെ ഉദാഹരണങ്ങൾ ചിത്രത്തിൽ കാണാം. മുടങ്ങിയ വിവാഹ ആലോചനകളെ പറ്റി പറയുന്നത്, അർച്ചനയുടെ ഐഡിയകൾ അവതരിപ്പിച്ച രീതി എന്നിവ നന്നായിരുന്നു. ചിത്രത്തിലെ ഇമോഷണൽ സീൻ കൃത്യമായ അളവിൽ പ്രേക്ഷകനിലെത്തുന്നു. മാനത്തെ ചെമ്പരുന്തേ, മനസുനോ എന്നീ ഗാനങ്ങൾ ഇഷ്ടപ്പെട്ടു.
വളരെ ലളിതമായ കഥയാണ് രണ്ട് മണിക്കൂറിൽ സംവിധായകൻ പറയുന്നത്. ആദ്യ പകുതി രസകരമാണെങ്കിലും കോൺഫ്ലിക്ട് കടന്നുവന്ന ശേഷം തിരക്കഥ ദുർബലമാകുന്നു. ഒടുവിൽ ബോൾഡ് ആയൊരു ക്ലൈമാക്സിലൂടെ സിനിമയെ തിരികെ ട്രാക്കിലെത്തിക്കുന്നു. രമേശ് പിഷാരടി, ഇന്ദ്രൻസ് തുടങ്ങിയവരുടെ കഥാപാത്ര സൃഷ്ടി ദുർബലമാണ്. സംവിധാനത്തിലെ ചില പോരായ്മകളും സിനിമയിൽ പ്രകടമാണ്.
Last Word – രസകരമായ സീനുകളും നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. എന്നാൽ അത് ആസ്വദിക്കാൻ തീയേറ്ററിൽ പോകണമെന്നില്ല. ഒടിടി ആണ് മികച്ച മാർഗം. പ്രമേയപരമായി മികച്ചു നിൽക്കുമ്പോഴും പ്രേക്ഷകനെ പൂർണമായി പിടിച്ചിരുത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മൊത്തത്തിൽ, ശരാശരിയ്ക്കും മുകളിൽ നിൽക്കുന്ന അനുഭവം.
ഷെറിൻ പി യോഹന്നാൻ
കാറ്റാടി സ്റ്റീൽസിന്റെ ഉടമയായ ജോൺ കാറ്റാടിയുടെ മകനാണ് ഈശോ. അതിസമ്പന്ന കുടുംബം. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലാണ് ഈശോയ്ക്ക് ജോലി. ജോണിന്റെ ഉറ്റസുഹൃത്തായ കുര്യൻ നാട്ടിൽ ഒരു പരസ്യ കമ്പനി നടത്തുകയാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല ബന്ധം തുടർന്നു പോരുന്നു. അങ്ങനെയിരിക്കെ, ജോണിന്റെയും കുര്യന്റെയും കുടുംബത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കുന്നു.
ഓപ്പണിങ് ക്രെഡിറ്റ്സിലെ രസകരമായ ചിത്രകഥയിലൂടെ പ്രേക്ഷകരിൽ താല്പര്യമുണർത്തുന്ന ചിത്രം ആദ്യപകുതിയിലെ കോൺഫ്ലിക്ടുകൾ ഉടലെടുക്കുന്നിടത്താണ് രസകരമാകുന്നത്. എന്നാൽ ‘ബ്രോ ഡാഡി’യിൽ പറയുന്ന ‘കോൺഫ്ലിക്ട്’ ഒക്കെയും ‘ബഡായി ഹോ’ ഉൾപ്പെടെയുള്ള പല ചിത്രങ്ങളിലും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ കഥാതന്തുവിൽ പുതുമയൊന്നും തോന്നില്ല.
അവതരണരീതിയിലും കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരാൻ പ്രിത്വിരാജ് തയ്യാറായിട്ടില്ല. ‘ലൂസിഫർ’ ഒരുക്കിയ പ്രിത്വിരാജിൽ നിന്നും ഡിഫോൾട്ടായി പ്രതീക്ഷിച്ചുപോകുന്ന ബ്രില്ല്യൻസ് ഇവിടെ കാണാൻ കഴിയില്ല. ഒരു ഔട്ട് & ഔട്ട് കോമഡി എന്റർടൈനർ ഒരുക്കാനാവും അദ്ദേഹം ശ്രമിച്ചത്. എന്നാൽ അതിൽ പരിപൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് പറയാം.
കളർഫുള്ളായ എന്റർടൈനറാണ് ‘ബ്രോ ഡാഡി’. കൂടുതലൊന്നും ചിന്തിക്കാതെ ഇരുന്ന് കാണാവുന്ന ചിത്രം. മോഹൻലാലും പ്രിത്വിരാജും ഹ്യൂമർ റോളുകളിലെത്തുമ്പോൾ മോഹൻലാലിന്റെ ചില മാനറിസങ്ങൾ രസകരമായിരുന്നു. ലാലു അലക്സിന്റെ പ്രകടനവും ശ്രദ്ധേയം. ദീപക് ദേവിന്റെ സംഗീതവും അഭിനന്ദന്‍ രാമാനുജന്റെ ഫ്രെയിമുകളും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ കഥാവതരണത്തിലേക്ക് വരുമ്പോഴാണ് ചിത്രം പിന്നിലേക്ക് വലിയുന്നത്.
കണ്ടിരിക്കാവുന്ന ആദ്യ പകുതിയും കണ്ട് മറക്കാവുന്ന ചില രംഗങ്ങളുള്ള രണ്ടാം പകുതിയും ചേരുന്നതാണ് സിനിമ. തിരക്കഥയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ രണ്ടാം പകുതിയിൽ ചിത്രം ഇഴയുന്നു. സാന്ദർഭിക തമാശകൾ വർക്കൗട്ടായത് ഒഴിച്ചാൽ നിറഞ്ഞു ചിരിക്കാനുള്ള രംഗങ്ങളും സിനിമ നൽകുന്നില്ല. ചില തമാശകൾ നല്ലപോലെ പാളിപോകുന്നുമുണ്ട്.
പുതുമയില്ലാത്ത കഥയിൽ സാന്ദർഭിക തമാശകളുടെ സഹായത്തോടെ കളർഫുള്ളായി ഒരുക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. തിരക്കഥ തളരുമ്പോഴും മറ്റൊരു ‘ധമാക്ക’യിലേക്ക് വീഴാതെ ചിത്രത്തെ പിടിച്ചുനിർത്താൻ പ്രിത്വിരാജിനായിട്ടുണ്ട്. ഒരു തവണ കണ്ട് മറക്കാം. അത്ര മാത്രം.
ഷെറിൻ പി യോഹന്നാൻ
ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് നാലു വർഷത്തെ പഠനത്തിനായി എത്തുന്ന അരുൺ നീലകണ്ഠനെന്ന പതിനേഴുകാരനിലൂടെയാണ് വിനീത് ശ്രീനിവാസൻ ‘ഹൃദയം’ തുറക്കുന്നത്. അരുണിന്റെ കോളേജ് ജീവിതം മുതൽ വിവാഹജീവിതത്തിന്റെ ആദ്യഘട്ടം വരെയുള്ള കാലത്തെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് സംവിധായകൻ. കോളേജ് ലൈഫ്, സൗഹൃദം, പ്രണയം, വിരഹം, തിരിച്ചറിവുകൾ, വിവാഹം എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രമേയത്തിൽ ഉൾപ്പെടും.
ഒരു കഥാപാത്രത്തിന്റെ വളർച്ചയെ അതിഭാവുകത്വമില്ലാതെയാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് ജീവിതമാണ് ആദ്യ പകുതിയിലെ കാഴ്ച. രണ്ടാം പകുതിയിൽ ജീവിതത്തിന്റെ അർത്ഥം അറിയാൻ ശ്രമിക്കുന്ന അരുണിനെ നമുക്ക് കാണാം. വിനീത് ശ്രീനിവാസന്റെ കഥ അത്ര മികച്ചതല്ല. എന്നാൽ സാധാരണ കഥയെ പ്രേക്ഷകനുമായി കൂട്ടിയിണക്കുന്നിടത്താണ് വിനീതെന്ന സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുന്നത്.
ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും വിനീതിന്റെ പ്രണവ് മോഹൻലാൽ കഥാപാത്രവുമാണ് ഹൃദയത്തിന്റെ USP. ദർശന എന്ന ഗാനമൊഴികെ മറ്റെല്ലാ ഗാനങ്ങളും സീനുകളോട് ചേർന്നൊഴുകുകയാണ്. ‘പാട്ടിനുവേണ്ടിയുള്ള സീനുകൾ’ എന്ന തോന്നൽ ഉണ്ടാകുന്നില്ല. ‘ഹൃദയ’ത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദർശനയുടെ കഥാപാത്ര സൃഷ്ടി മികച്ചുനിൽക്കുന്നു. ആന്റണി താടിക്കാരനും കാളിയും സെൽവയുമെല്ലാം പ്രേക്ഷകനുമായി കണക്ട് ആവുന്ന കഥാപാത്രങ്ങളാണ്.
കോൺഫ്ലിക്ടുകൾ ഒഴിഞ്ഞ രണ്ടാം പകുതിയിലാണ് കല്യാണിയുടെ കഥാപാത്രം എത്തുന്നത്. അതിനാൽ വലിയ ആഴമൊന്നും ആ കഥാപാത്രത്തിന് കൈവരുന്നില്ല. ക്യാമ്പസ് ലൈഫും പ്രണയവും വിരഹവും ഫ്രഷ് ആയ യാതൊന്നും സമ്മാനിക്കുന്നില്ല. പ്രേക്ഷകൻ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ മരണവും മകന് അച്ഛൻ നൽകുന്ന ഉപദേശവും എന്ന് തുടങ്ങി, പ്രെഡിക്റ്റബിൾ ആയ പല ക്‌ളീഷേ രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ ഇമോഷൻസിനെ കൂട്ടുപിടിച്ചുള്ള കഥപറച്ചിലിൽ ഇത് കല്ലുകടിയായി മാറുന്നില്ലെന്നതാണ് പ്രധാനം.
രണ്ടാം പകുതിയിൽ പല വിവാഹ രംഗങ്ങളിലായി കഥ നീളുന്നതായി അനുഭവപ്പെട്ടു. ഒരു Coming of age ഡ്രാമയിൽ കേന്ദ്ര കഥാപാത്രത്തിന്റെ വളർച്ചയും, സംഭവിക്കുന്ന മാറ്റങ്ങളും പ്രേക്ഷകനെ സ്വാധീനിക്കുന്ന വിധത്തിൽ അവതരിപ്പിക്കണം. അതിൽ വിനീത് ശ്രീനിവാസൻ വിജയിച്ചിട്ടുണ്ട്. കണക്ട് ചെയ്യാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നിടത്താണ് ‘ഹൃദയം’ സ്വീകാര്യത നേടുന്നത്.
Last Word – പെർഫെക്ട് ആയ ചലച്ചിത്ര സൃഷ്ടിയല്ല ‘ഹൃദയം’. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ സിനിമ ഓഫർ ചെയ്യുന്നില്ല. എന്നാൽ ഇമോഷൻസിനെ ചേർത്തുനിർത്തിയുള്ള വിനീതിന്റെ കഥപറച്ചിലിലാണ് ചിത്രം പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നത്. അവിടെയാണ്, പ്രണയത്തെക്കാൾ ഉപരിയായി വിരഹവും സൗഹൃദവും ജീവിതവും തീവ്രമായി അവതരിപ്പിക്കുന്ന ‘ഹൃദയം’ ഹൃദ്യമായ അനുഭവമാകുന്നത്.
ഷെറിൻ പി യോഹന്നാൻ
ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.
ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ് ആവുന്നു.
കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ് സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.
കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.
Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ഇന്ന് തിയേറ്ററുകളില്‍ എത്ത. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചു പൂട്ടുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് നേരത്തെ തീരുമാനിച്ച തീയതിയില്‍ (ജനുവരി 21) തന്നെ ‘ഹൃദയം അണിയറ പ്രവര്‍ത്തകര്‍’ റിലീസ് ചെയ്തത്.
നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാല്‍ കലാലയ കാലം എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കലാലയങ്ങള്‍ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോല്‍ബലമാകുന്നു. അങ്ങനെയൊരു കലാലയം അരുണ്‍ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാര്‍ത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്.
ഏറെ സ്വപ്‌നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനെത്തുന്ന അരുണ്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. അരുണിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ക്യാംപസ് ജീവിതത്തിനെ വര്‍ണാഭമാക്കുന്ന സൗഹൃദവും പ്രണയവും തന്നെയാണ് ഹൃദയത്തിന്റേയും കാതല്‍. അരുണിന്റെ കാര്യമെടുത്താല്‍ ഈ രണ്ട് ഘടകങ്ങളാണ് സ്വന്തം ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ പോലും പിന്നെയേ വരുന്നുള്ളൂ.
ക്യാംപസ്, സൗഹൃദം, അരുണ്‍, ദര്‍ശന എന്നീ നാലുഘടകങ്ങളില്ലാതെ ഒരു ഫ്രെയിം പോലും ഹൃദയത്തില്‍ കാണാനാവില്ല. അരുണിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ കാണാനാവും. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ക്ലാസ് റൂം രംഗങ്ങളിലും പ്രണയ രംഗങ്ങളിലും എന്തിന് നായകനായ അരുണ്‍ മാസ് കാണിക്കുന്നതില്‍പ്പോലും ആ ഒരു സംഗതി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ മുന്‍ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ നായകന് തട്ടമായിരുന്നു വീക്ക്‌നെസ്സെങ്കില്‍ ഇവിടെ മുടിയഴിച്ചിടുന്നതിനോടാണ് താത്പര്യം.
ഹൃദയം എന്നത് ഒരു നൂലാണെന്ന് സങ്കല്‍പ്പിച്ചാല്‍ അതിനാല്‍ കെട്ടിയിടപ്പെടുന്ന ബന്ധങ്ങളാണ് അരുണിന്റെ ജീവിതത്തെ സമ്പന്നമാക്കുന്നത്. ട്രെയിനില്‍ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെല്‍വയും കാളിയും ദര്‍ശനയും പ്രതീകും നിത്യയുമെല്ലാം ആ നൂലില്‍ കോര്‍ത്ത മുത്തുകളാണ്. അരുണും ദര്‍ശനയുമായുള്ള പ്രണയത്തെ മറികടക്കുന്നുണ്ട് സുഹൃദ്ബന്ധങ്ങള്‍. സെല്‍വയും കാളിയും ആന്റണിയുമായുള്ള അരുണിന്റെ ചങ്ങാത്തം അതിനുള്ള ഉദാഹരണമാണ്. ഏത് പ്രതിസന്ധി വന്നാലും ഏതെങ്കിലുമൊക്കെ രീതിയില്‍ അരുണ്‍ എന്ന കഥാപാത്രം അത് മറികടക്കുന്നത് ഈ ബന്ധങ്ങളുടെ ശക്തിയാലാണ്.
താരങ്ങളുടെ പ്രകടനം നോക്കിയാല്‍ പ്രണവില്‍ നിന്ന് തുടങ്ങാം. ആദിയില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും നടനെന്ന രീതിയില്‍ പ്രണവ് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചിത്രം എന്ന സിനിമ വിനീത് ശ്രീനിവാസനെ സ്വാധിനിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു. നഗുമോ എന്ന ഗാനവും ചിലരംഗങ്ങളില്‍ നായകന്റെ കയ്യിലെ സ്റ്റില്‍ ക്യാമറയുടെ സാന്നിധ്യവും അതിനുള്ള തെളിവായി കാണാവുന്നതാണ്. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന് പ്രണവിലൂടെ ഒരു ആദരവ് സമര്‍പ്പിച്ചതാവാനും സാധ്യതയുണ്ട്. ദര്‍ശനയുടെ ദര്‍ശനയ്ക്ക് പലപ്പോഴും കാഴ്ചക്കാരുടെയുള്ളില്‍ ഒരു വിങ്ങലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കല്യാണിയുടെ നിത്യയുടെ കുസൃതിത്തരങ്ങള്‍ പ്രേക്ഷകനില്‍ പുഞ്ചിരി സൃഷ്ടിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരും മികച്ചതായി. 15 പാട്ടുകളില്‍ ഒരെണ്ണംപോലും തെറ്റായയിടത്ത് ചേര്‍ത്തിട്ടില്ല. മികവുറ്റ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയതില്‍ ഹിഷാം എന്ന സംഗീതജ്ഞനും കയ്യടിക്ക് അര്‍ഹതയുണ്ട്.
മൂന്നുമണിക്കൂര്‍ വരുന്ന ചിത്രം ഒരിക്കല്‍പ്പോലും ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങള്‍ ഒരാള്‍ പോലും നമുക്ക് അപരിചിതരല്ല എന്നതാണ് അതിന് കാരണം. സ്വന്തം അനുഭവമല്ലേ സ്‌ക്രീനില്‍ കാണുന്നത് എന്ന തോന്നല്‍ ഉണ്ടായാലും അവരെ കുറ്റം പറയാനാവില്ല. കാരണം ഇങ്ങനെയൊക്കയുള്ള അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ കുറവായിരിക്കും എന്നതുതന്നെ. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്തോ എവിടെയോ നഷ്ടമായതുപോലെ തോന്നിയേക്കാം. ആ നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയവും. അകലങ്ങളിലെവിടെയോ ഉള്ള നഷ്ടമായി എന്ന് കരുതുന്ന സുഹൃത്തുക്കളാണ്, ബന്ധങ്ങളാണ് കൊളുത്തിവലിക്കുന്നതായി ഉള്ളിലനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ഭാഷയില്‍ വിനീത് ഒരുക്കിയ ‘ഹൃദയ’ത്തെ ഹൃദയം കൊണ്ടുകാണാം.
മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’.
അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആന്റണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ഗാനം 20 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, വിതരണം – മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്
ഷെറിൻ പി യോഹന്നാൻ
ആത്മവിശ്വാസം നന്നേ കുറഞ്ഞ, പെട്ടെന്ന് ഇമോഷണൽ ആവുന്ന, നെഗറ്റീവ് ചിന്താഗതിയുള്ള എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് ശരണ്യ. എന്നാൽ ഫസ്റ്റ് ഈയറിൽ തന്നെ ശരണ്യയെ പലരും നോട്ടമിട്ടുകഴിഞ്ഞു. കോളേജിലെ അർജുൻ റെഡ്ഢിയായ അജിത് മേനോനും ശരണ്യയുടെ അദ്ധ്യാപകനും അതിൽ മുൻപന്തിയിലുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും പ്രണയവുമൊക്കെയായി കഥ മുൻപോട്ട് നീങ്ങുന്നു.
ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളും പ്രണയവുമൊക്കെ വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ എത്തിയിട്ടുണ്ട്. സംവിധായകന്റെ ആദ്യ ചിത്രമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ളുടെ അടിസ്ഥാന കഥയോടുള്ള സാമ്യം ഇവിടെയും ദൃശ്യമാണ്. TMD ൽ ജെയ്സന്റെ ദുഃഖമായിരുന്നെങ്കിൽ ഇവിടെ ശരണ്യയുടെ ആകുലതകളും പ്രണയവുമാണ് പ്രധാന പ്രമേയം. ഇവിടെ കഥാപരിസരം കോളേജ് ആണ്. അതിനനുസരിച്ച് സിനിമ വലുതായിട്ടുണ്ട്.
ശരണ്യയുടെ കഥാപാത്ര നിർമിതി മികവിലെത്തിയിട്ടുണ്ട്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ജെയ്സനെ പോലെ എല്ലാവരുടെയും മുൻപിൽ സ്റ്റാർ ആകാൻ ശരണ്യ ശ്രമിക്കുന്നില്ല. ശരണ്യയുടെ ഇമോഷൻസിനെയെല്ലാം ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശരണ്യയുടെ സുഹൃത്തുക്കൾ, അർജുൻ അശോകൻ, സജിൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. ശരണ്യയുടെ പ്രണയത്തിൽ അസൂയയുള്ള, സ്ഥിരം പോസ്റ്റ് ആവുന്ന, എന്നാൽ വളരെ ബോൾഡായ കൂട്ടുകാരിയായുള്ള മമിതയുടെ പ്രകടനവും നന്നായിരുന്നു.
ഓർഗാനിക് ആയ തമാശകളാണ് ചിത്രത്തെ രസകരമാക്കി നിലനിർത്തുന്നത്. ചില സീനുകൾ പൊട്ടിച്ചിരിപ്പിക്കുമ്പോൾ മറ്റ് ചിലത് പാളിപോകുന്നുമുണ്ട്. ‘അശുഭമംഗളകാരി’ എന്ന ഗാനവും അതിലെ റാപ് പോർഷനും ശരണ്യയെന്ന കഥാപാത്രത്തെ വരച്ചിടുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള ചിത്രത്തിന്റെ ആദ്യ പകുതി രസകരമാണ്. രണ്ടാം പകുതിയിൽ പലയിടത്തും ചിത്രം ഡൗണാകുന്നുണ്ട്. പിന്നീട് സ്ഥിരം പ്രണയ കഥയിലേക്കും ക്ലൈമാക്സിലേക്കും ചിത്രം ചുരുങ്ങുന്നു.
TMD യുടെ ക്ലൈമാക്സിൽ കടന്നുവരുന്ന കോൺഫ്ലിക്ട് പ്രേക്ഷകനെ സ്വാധീനിക്കുന്നതാണ്. എന്നാൽ ഇവിടെ അതില്ല. ശരണ്യ – ദീപു പ്രണയ ബന്ധവും അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. ഇവിടെയെല്ലാം സാന്ദർഭിക തമാശകൾ കൊണ്ട് കഥയെ താങ്ങിനിർത്തുകയാണ് സംവിധായകൻ. തന്റെ രണ്ടാം ചിത്രത്തിലേക്ക് വരുമ്പോൾ പുതുമയുള്ള കഥ പറയാൻ ഗിരീഷ് തയ്യാറാകാത്തതും ഒരു പോരായ്മയായി തോന്നി.
Last Word – രണ്ടാമത്തെ ചിത്രത്തിലൂടെയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നതെന്ന് പൊതുവെ പറയാറുണ്ട്. തന്റെ രണ്ടാം ചിത്രത്തിലും മോശമല്ലാത്ത എന്റർടൈനർ ഒരുക്കുന്നതിൽ ഗിരീഷ് എ. ഡി വിജയിച്ചിട്ടുണ്ട്. എന്നാൽ പുതുമയില്ലാത്ത കഥയും ലാഗടിപ്പിക്കുന്ന രണ്ടാം പകുതിയും പോരായ്മകളാണ്. നല്ല തമാശകൾക്ക് വേണ്ടി ഒരു തവണ കണ്ടിരിക്കാം. രണ്ട്, രണ്ടേകാൽ മണിക്കൂറിൽ കഥ പറഞ്ഞവസാനിച്ചിരുന്നെങ്കിൽ ശരണ്യ സൂപ്പറായേനെ.
ഷെറിൻ പി യോഹന്നാൻ
ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് അറുപത്തേഴുകാരനായ കേശുവും കുടുംബവും ജീവിക്കുന്നത്. വണ്ടിയിൽ പെട്രോൾ അടിക്കാത്ത, മകൻ കഴിക്കുന്നതിനെപ്പോഴും കണക്ക് പറയുന്ന, പിശുക്കനായ വ്യക്തിയാണ് കേശു. സഹോദരിമാരും അളിയന്മാരുമെല്ലാമായി രാമേശ്വരത്തിന് പോകും വഴിയാണ് തനിക്ക് 12 കോടിയുടെ ലോട്ടറി അടിച്ച വിവരം കേശു അറിയുന്നത്…
ദിലീപ്, നാദിർഷാ, ഉർവശി എന്നിവർ ഒന്നിക്കുമ്പോൾ ഒരു ചിരിപ്പടം പ്രതീക്ഷിക്കുന്നതിൽ പ്രേക്ഷകനെ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ആ പടത്തിൽ പുതുമയോ നല്ലൊരു കഥയോ പ്രതീക്ഷിക്കരുത്… തമാശ കാണാൻ വേണ്ടി പോലും ഈ ചിത്രം എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം തമാശ എന്ന പേരിൽ കുറേ ചളികൾ വാരി വിതറുകയാണ് കേശുവും കൂട്ടരും.
രണ്ടര മണിക്കൂർ നീളമുള്ള ചിത്രത്തിലെ ഒരു രംഗമാണിത് – എസി ഇടട്ടെ എന്ന് ചോദിക്കുമ്പോൾ പ്ലേറ്റിലെ ചോർ നീക്കി ഇവിടിട്ടോള്ളൂ എന്ന ഉർവശിയുടെ കോമഡി !!! ദിലീപിന്റെ വേഷപ്പകർച്ച നന്നായാലും ഉർവശിയുടെ പ്രകടനം നന്നായാലും ഒരു മോശം കഥയിൽ ഇതിനെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. നാദിർഷായുടെ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ‘തേപ്പ്’ ഇവിടെയും കുത്തികയറ്റിയിട്ടുണ്ട്. ബോഡി ഷെയിമിങ് തമാശകളും ഇവിടെ സുലഭം.
കേശുവിന്റെ അമ്മയുടെ ഒരു സംഭാഷണത്തിന് ഉചിതമായ പശ്ചാത്തലസംഗീതം കൂടി നൽകിയതോടെ സീരിയൽ കണ്ടു കഴിഞ്ഞ പ്രതീതി ആയിരുന്നു. കഥാപാത്രങ്ങളോട് പ്രേക്ഷകന് യാതൊരു അടുപ്പവും തോന്നാത്തതിനാൽ തന്നെ ഫൈനൽ ആക്ടിൽ വരുന്ന കോൺഫ്ലിക്ടുകൾ ഒന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഓൾഡ് മോഡലിൽ കെട്ടിപൊക്കിയ ക്ലൈമാക്സ് കൂടി എത്തുന്നതോടെ ശുഭം.
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മോശം തിരക്കഥയിൽ വലിച്ചു നീട്ടി എങ്ങനെ സിനിമയൊരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. പഴയ ദിലീപിനെ അല്ല ഇവിടെ കാണുന്നത്, പഴയ ബോറൻ തമാശകൾ നിറഞ്ഞൊരു നാദിർഷാ ചിത്രം. കേശുവിന്റെ തട്ടിക്കൂട്ട് ‘ബംബർ’ കഥയോടു കൂടി ഈ വർഷത്തെ മലയാള സിനിമ കാഴ്ചകൾക്ക് വിട…
ഷെറിൻ പി യോഹന്നാൻ
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവരിലൂടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ‘മധുരം’. ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും രവിയും. അമ്മയുടെ ശസ്ത്രക്രിയക്ക് കൂട്ടുവന്ന ആളാണ് കെവിൻ. എന്നാൽ ഇവർ മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ – ഭക്ഷണവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്നു.
അഹമ്മദ് കബീറിന്റെ രണ്ടാമത്തെ ചിത്രം മനോഹരമാണ്. വളരെ ലളിതമായ കഥയെ കൃത്രിമത്വമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല മാർക്കറ്റ് ഉള്ള തട്ടിക്കൂട്ടു ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ‘മധുരം’. കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കുന്നതോടെ ‘മധുരം’ സുന്ദരമാകുന്നു.
ജോജുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സാബു. തന്റെ പങ്കാളിയെ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത സാബുവിനെ വളരെ സുന്ദരമായാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ മുഖഭാവവും വോയിസ് മോഡുലേഷനും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. പ്രകടനങ്ങളിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും അർജുൻ അശോകനും ശ്രുതിയും മികച്ചു നിൽക്കുന്നു. ഹൃദയസ്പർശിയായ ഗാനങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.
സാബുവിന്റെയും ചിത്രയുടെയും പ്രണയം സുന്ദരമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന പ്രണയം പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കും. രണ്ടാം പകുതിയിലാണ് ഇത് തീവ്രമാകുന്നത്. എന്നാൽ, ചിത്രം പിറകോട്ടു വലിയുന്നത് കെവിൻ – ചെറി ദമ്പതികളുടെ കഥ പറയുന്നിടത്താണ്. ചില സാമൂഹിക നിർമിതികളിൽ നിന്ന് മാറി ചിന്തിക്കാൻ സംവിധായകൻ തയ്യാറാകാത്തത് ഇവിടെ പ്രധാന പോരായ്മയായി മാറുന്നു.
Last Word – പുതുമയില്ലെങ്കിലും ലളിതമായ കഥാഖ്യാനത്തിലൂടെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. മികച്ച പ്രകടനങ്ങളും മനസ്സിനോടിണങ്ങി നിൽക്കുന്ന കഥാപാത്ര സൃഷ്ടിയും ചിത്രത്തെ സുന്ദരമാക്കുന്നു. ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രം.
സോണി ലിവിൽ നിന്ന് കടമെടുത്ത ഒരു വാചകം കൂടി കുറിയ്ക്കുന്നു;
“Love is sweet when its new, its sweeter when its true”
ഷെറിൻ പി യോഹന്നാൻ
കോളേജ് പഠനകാലത്ത് മതം വിഷമാണെന്ന് പറഞ്ഞു നടന്ന ദസ്തക്കീർ ഒരപകടത്തെ തുടർന്ന് കടുത്ത വിശ്വാസിയായി മാറുന്നു. പിതാവിന്റെ സൂപ്പർമാർക്കറ്റ് ഏറ്റെടുത്തു നടത്തി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ദസ്തക്കീറിന്റെ മുൻകോപം കാരണം ഭാര്യ സുലു സ്വന്തം വീട്ടിലേക്ക് പോയി. മൂന്നു മക്കളും ഡ്രൈവർ ചന്ദ്രനുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആശ്രയം. ഭാര്യ വീട് വിട്ടിറങ്ങിയതോടെ ദസ്തക്കീറിന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉടലെടുത്തു.
അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ച ചിത്രമാണ് ‘മ്യാവൂ’. ദസ്തക്കീറിന്റെ കുടുംബത്തിൽ നിന്നുകൊണ്ട് നിരവധി വിഷയങ്ങൾ സംസാരിക്കാൻ ശ്രമിച്ച് പാളിപ്പോയ ചിത്രമാണിത്. യുഎഇ മലയാളിയുടെ ജീവിതം, സാമ്പത്തിക പ്രശ്നങ്ങൾ, അമ്മയെ പിരിഞ്ഞു കഴിയേണ്ടി വരുന്ന മക്കളുടെ അവസ്ഥ, മതവിശ്വാസം, ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമല്ലാത്ത കഥാസന്ദർഭങ്ങളാണ് ഏറെയും.
നായകന്റെ കുടുംബജീവിതമാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. വീട്ടുജോലിക്കാരിയായി ജമീല എത്തുന്നതോടെ കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നു. എന്നാൽ ആ സബ്പ്ലോട്ട് മികച്ചതാക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിൽ മിക്ക കഥാപാത്രങ്ങളും അപ്രസക്തമാകുന്ന കാഴ്ചയാണ്; എങ്ങനെയെങ്കിലും സിനിമ തീർക്കണമെന്നുള്ളതുപോലെ…
വലിയ സന്ദേശം നൽകാനെന്നോണം കഥയിൽ ഉൾപ്പെടുത്തിയ പൂച്ചയുടെ സാന്നിധ്യം ചിത്രത്തിന്റെ നീളം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. പ്രകടനങ്ങളിൽ ദസ്തക്കീറിന്റെ മക്കളായി അഭിനയിച്ചവരും ഹരിശ്രീ യൂസഫും നന്നായിരുന്നു. പതിവ് സംസാര ശൈലിയും പ്രകടനവുമാണ് സൗബിനിൽ നിന്ന് ലഭിക്കുക. മംമ്തയുടെ കഥാപാത്രം രണ്ടാം പകുതിയിൽ മിസ്സിംഗ് ആണ്. താല്പര്യമുണർത്തുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിൽ ഇല്ല. ആദ്യപകുതിയിൽ ഇടയ്ക്കിടെ എത്തുന്ന തമാശകളാണ് ആകെയുള്ള ആശ്വാസം.
മുൻകോപക്കാരനായ, സ്ത്രീവിരുദ്ധ പെരുമാറ്റമുള്ള ദസ്തക്കീറിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാനാണ് സുലേഖ തന്റെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ ക്ലൈമാക്സിൽ സുലേഖയുടെ വെളിപ്പെടുത്തൽ കേൾക്കുമ്പോൾ ‘അയ്യേ!’ എന്ന് പറയാൻ തോന്നും. സുലേഖയുടെ കഥാപാത്ര സൃഷ്ടി അവിടെ തകരുന്നു. മക്കളെ പ്രസവിച്ച് അവരുടെ കാര്യങ്ങൾ നോക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമാണ് സ്ത്രീയുടെ പ്രധാന ജോലിയെന്ന് ലാൽ ജോസ് പറയാതെ പറയുന്നു.
Last Word – ബലമില്ലാത്ത തിരക്കഥയിൽ പുതിയതൊന്നും ഓഫർ ചെയ്യാത്ത ലാൽ ജോസ് ചിത്രം. ദസ്തക്കീറിന്റെ ജീവിതത്തിലൂടെ പറയുന്ന പല വിഷയങ്ങൾക്കും പ്രാധാന്യം നഷ്ടപ്പെടുന്നുണ്ട്. നായകന്റെ തിരിച്ചറിവുകളും പ്രേക്ഷകനെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് തന്നെ ‘മ്യാവൂ’ തിയേറ്റർ വാച്ച് അർഹിക്കുന്നില്ല.
ഷെറിൻ പി യോഹന്നാൻ
ബേസിൽ ജോസഫിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ സങ്കീർണ്ണമായ സംഗതികളില്ല. ലളിതമായ കഥയിലൂടെയും പുതുമയാർന്ന കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ ആനന്ദിപ്പിക്കുകയാണ് അദ്ദേഹം. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വിജയവും ഇതുതന്നെയാണ്. ദേശത്തും കുറുക്കൻമൂലയിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന കഥകളെ അദ്ദേഹം പറയുന്നുള്ളൂ. ഇത്തവണ ‘മിന്നൽ മുരളി’യാണ് താരം. മറ്റൊരു സൗത്ത് ഇന്ത്യൻ സിനിമയ്ക്കും നൽകാത്ത പബ്ലിസിറ്റിയാണ് കുറുക്കൻമൂലയിലെ സൂപ്പർഹീറോയുടെ കഥയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്.
മിന്നലടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ജെയ്സണാണ് കഥാനായകനെങ്കിലും ഇതൊരു ഗ്രാമത്തിന്റെ കഥയാണ്. ആ ഗ്രാമനിവാസികളുടെ ഇടപെടലുകളാണ് കഥയെ രസകരമാക്കുന്നത്. ആരംഭത്തിൽ തന്നെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോലിയില്ലാത്ത, നാട്ടുകാർ പലരും പുച്ഛഭാവത്തോടെ സമീപിക്കുന്ന ജെയ്സൺ. ഊഹാപോഹങ്ങളുമായി കേസന്വേഷണം നടത്തുന്ന പോലീസുകാരും കുറ്റം പറയുന്ന നാട്ടുകാരും. പിന്നെ ഒരു ചായക്കടക്കാരനും.
കൃത്യമായ ഇടങ്ങളിൽ കോമഡിയും കോൺഫ്ലിക്റ്റും പ്ലേസ് ചെയ്തുകൊണ്ട് രണ്ടര മണിക്കൂർ ദൈർഖ്യമുള്ള സിനിമയെ എൻഗേജിങ് ആക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ. അതിമാനുഷിക കഴിവുകൾ ലഭിച്ചുവെന്ന് തിരിച്ചറിയുന്ന സാഹചര്യം, വാർഷികാഘോഷത്തിലെ സംഘട്ടനം, ഉഷ – ഷിബു കോമ്പിനേഷൻ സീൻ, ക്ലൈമാക്സ് ഫൈറ്റ് എന്നിവയൊക്കെ മികച്ച രംഗങ്ങളാണ്. ‘ഉയിരേ’ എന്ന മനോഹര ഗാനം പ്ലേസ് ചെയ്ത വിധവും ഇഷ്ടപ്പെട്ടു.
സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സമീർ താഹിറിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ ‘രാവിൽ’ എന്ന ഗാനവും ട്രൈബൽ സോങ്ങും നന്നായിരുന്നെങ്കിലും ക്ലൈമാക്സിൽ പശ്ചാത്തല സംഗീതത്തിന് ശക്തമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം കണ്ടിരുന്നുപോവുമെന്നതിനാൽ അത് വലിയൊരു കുറവായി അനുഭവപ്പെടില്ല.
മിന്നൽ മുരളിയായി ടോവിനോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗുരു സോമസുന്ദരമാവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുക. എന്ത് ഗംഭീരമായ പ്രകടനമാണ്… ഒരേ സമയം വിവിധ ഭാവങ്ങൾ ആ മുഖത്ത് കാണാം. പ്രതികാരദാഹിയായ കഥപാത്രത്തിലേക്കുള്ള ചുവടുമാറ്റം ഞെട്ടിക്കുന്നുണ്ട്. സൂപ്പർഹീറോയെ നിരന്തരമായി പുകഴ്ത്താതെ വില്ലന്റെ ജീവിതത്തെ ഫോക്കസ് ചെയ്യാൻ തിരക്കഥ തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയം. സൂപ്പർഹീറോയുടെ തണലിലല്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്ന നായികയും ജോസ്മോനായി തിളങ്ങിയ വസിഷ്ട് ഉമേഷും ഇവിടെ കയ്യടി നേടുന്നു.
Last Word – സിംപിൾ സീനുകളെ വളരെ ക്രീയേറ്റീവായാണ് ബേസിൽ സമീപിക്കുന്നത്. അത് ‘മിന്നൽ മുരളി’യെ ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. പ്രേക്ഷകനെയും പരിഗണിച്ചുള്ള കഥപറച്ചിലും സാങ്കേതിക വശങ്ങളിലെ മികവും മിന്നൽ മുരളിയുടെ ‘ശക്തി’ കൂട്ടുന്നു.