ഷെറിൻ പി യോഹന്നാൻ

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരായി എത്തുന്നവരിലൂടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുകയാണ് ‘മധുരം’. ഭാര്യയ്ക്ക് ഒപ്പം ബൈ-സ്റ്റാൻഡറായി എത്തിയതാണ് സാബുവും രവിയും. അമ്മയുടെ ശസ്ത്രക്രിയക്ക് കൂട്ടുവന്ന ആളാണ് കെവിൻ. എന്നാൽ ഇവർ മാത്രമല്ല പ്രധാന കഥാപാത്രങ്ങൾ – ഭക്ഷണവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്നു.

അഹമ്മദ് കബീറിന്റെ രണ്ടാമത്തെ ചിത്രം മനോഹരമാണ്. വളരെ ലളിതമായ കഥയെ കൃത്രിമത്വമില്ലാതെ, അതിഭാവുകത്വമില്ലാതെ സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല മാർക്കറ്റ് ഉള്ള തട്ടിക്കൂട്ടു ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ‘മധുരം’. കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കുന്നതോടെ ‘മധുരം’ സുന്ദരമാകുന്നു.

ജോജുവിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് സാബു. തന്റെ പങ്കാളിയെ ഒരിക്കലും വിട്ടുപിരിയാൻ ആഗ്രഹിക്കാത്ത സാബുവിനെ വളരെ സുന്ദരമായാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ മുഖഭാവവും വോയിസ്‌ മോഡുലേഷനും ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. പ്രകടനങ്ങളിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും അർജുൻ അശോകനും ശ്രുതിയും മികച്ചു നിൽക്കുന്നു. ഹൃദയസ്പർശിയായ ഗാനങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.

സാബുവിന്റെയും ചിത്രയുടെയും പ്രണയം സുന്ദരമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന പ്രണയം പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കും. രണ്ടാം പകുതിയിലാണ് ഇത് തീവ്രമാകുന്നത്. എന്നാൽ, ചിത്രം പിറകോട്ടു വലിയുന്നത് കെവിൻ – ചെറി ദമ്പതികളുടെ കഥ പറയുന്നിടത്താണ്. ചില സാമൂഹിക നിർമിതികളിൽ നിന്ന് മാറി ചിന്തിക്കാൻ സംവിധായകൻ തയ്യാറാകാത്തത് ഇവിടെ പ്രധാന പോരായ്മയായി മാറുന്നു.

Last Word – പുതുമയില്ലെങ്കിലും ലളിതമായ കഥാഖ്യാനത്തിലൂടെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘മധുരം’. മികച്ച പ്രകടനങ്ങളും മനസ്സിനോടിണങ്ങി നിൽക്കുന്ന കഥാപാത്ര സൃഷ്ടിയും ചിത്രത്തെ സുന്ദരമാക്കുന്നു. ഭക്ഷണത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രം.

സോണി ലിവിൽ നിന്ന് കടമെടുത്ത ഒരു വാചകം കൂടി കുറിയ്ക്കുന്നു;
“Love is sweet when its new, its sweeter when its true”