Filim Review

ഷെറിൻ പി യോഹന്നാൻ

ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.

ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.

സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ്‌ ഫൈറ്റ് തന്നെ ധാരാളം.

‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.

Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട്‌ സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.

അടി.. ഇടി…. വെടി….. പൂരം

ഷെറിൻ പി യോഹന്നാൻ

ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തിന്റെ കഥ മാത്രമല്ല ‘പുഷ്പ ദി റൈസ്’. തടി വെട്ടാൻ കൂലിക്കാരനായി വന്ന ഒരാൾ കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് മേധാവിയായി മാറിയതിന്റെ കഥ കൂടിയാണിത്. തന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നവരെ തകർത്തെറിഞ്ഞ് മുന്നേറിയ പുഷ്പരാജിന് മുന്നിൽ ശക്തനായ ഒരു എതിരാളി എത്തുന്നിടത്തുവെച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. നിലവാരമുള്ള സ്റ്റോറി ലൈനിൽ മാസ്സ് സീനുകളും നല്ല ഗാനങ്ങളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന അല്ലു അർജുൻ ചിത്രം.

ശേഷാചലം കാട്ടിൽ വളരുന്ന രക്തചന്ദനം അനധികൃതമായി കടത്തുന്ന പുഷ്പരാജിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ചിത്രം പറയുന്നത്. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി ധൈര്യപൂർവ്വം എന്തും ചെയ്യുന്ന പുഷ്പയുടെ കഥാപാത്രനിർമിതി മികച്ചതാണ്. ഭൂതകാലം വേട്ടയാടുന്ന ഒരുവനെ, കൂലിക്കാരൻ എന്ന നിലയിൽ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവനെ പെർഫെക്ട് ആയി സ്‌ക്രീനിൽ എത്തിക്കാൻ അല്ലു അർജുന് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പുഷ്പരാജ്.

രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാലമെന്നോണം ബൻവാർ സിംഗ് ശെഖാവത്തായി ഫഹദ് എത്തുന്നതോടെ ചിത്രം കൂടുതൽ ഇൻട്രസ്‌റ്റിംഗ് ആവുന്നു. പുഷ്പയും ശെഖാവത്തും നേർക്കുനേർ എത്തുന്ന ഫൈനൽ ആക്ട് ഗംഭീരമാണ്. വ്യക്തിത്വത്തിനേൽക്കുന്ന മുറിവ്, ഈഗോ, അപമാനം, അധികാരത്തിന്റെ ശക്തി എന്നിവയെല്ലാം ആ ഫൈനൽ ആക്ടിൽ കാണാൻ കഴിയും. കത്തിജ്വലിക്കുന്ന പകയിലാണ് ചിത്രം അവസാനിക്കുന്നത്. അല്ലു അർജുന്റെയും ഫഹദിന്റെയും കണ്ണുകളിൽ നിന്നത് വ്യക്തമാണ്.

സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. ആക്ഷൻ കൊറിയോഗ്രഫി, കേൾക്കാൻ രസമുള്ള ഗാനങ്ങൾ, മിറോസ്ലാവ് ക്യൂബ ബ്രൊസെക്കിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് റിച്ച് ഫീൽ സമ്മാനിക്കുന്നു. പുതുമയുള്ള സ്റ്റോറി ലൈൻ ഇല്ലെങ്കിൽ പോലും മൂന്നു മണിക്കൂർ എൻഗേജിങ്ങായി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സുകുമാറിന് സാധിച്ചിട്ടുണ്ട്. സാമി സാമി എന്ന ഗാനവും സാമന്തയുടെ പാട്ടും രസകരമായിരുന്നു.

ആദ്യ പകുതിയിൽ മാസ്സ് രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്നു. പുഷ്പ – ശ്രീവള്ളി റൊമാന്റിക് സീനുകളാണ് ആകെയുള്ള കല്ലുകടി. രശ്മികയുടെ കഥാപാത്രത്തിന് പൂർണത കൈവരുന്നില്ല. തന്നേ സംരക്ഷിക്കുന്ന നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്ന ക്‌ളീഷേ സീൻ ഇവിടെയുമുണ്ട്. രണ്ടാം പകുതിയിൽ കഥ പിന്നോട്ട് വലിയുന്നിടത്താണ് ഫഹദ് എത്തുന്നത്. ആ വരവാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് ഒരുക്കി വയ്ക്കുന്നതും. ‘പുഷ്പ : ദി റൂൾ’ൽ കുറച്ചുകൂടി തീവ്രമായ കഥാഖ്യാനം പ്രതീക്ഷിക്കുന്നു.

Last Word – പുഷ്പയുടെ കഥ പ്രവചിക്കാൻ എളുപ്പമാണ്. നായകന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതെല്ലാം വന്നുപോകുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെയും ആവേശമുണർത്തുന്ന അക്ഷൻ രംഗങ്ങളിലൂടെയും അല്ലു – ഫാഫാ കോൺഫ്ലിക്ട് സീനിലൂടെയും ചിത്രം തൃപ്തിപ്പെടുത്തുന്ന അനുഭവമാകുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം.

 

ഷെറിൻ പി യോഹന്നാൻ

കാനഡയിൽ നേഴ്സായി ജോലി ചെയ്യുകയാണ് ജോയ്മോൻ. മനസ്സ് തുറന്ന് മിണ്ടാൻ ആരുമില്ല. കൊടുംതണുപ്പിൽ ഏകാന്തജീവിതം നയിച്ച് മനം മടുത്ത ജോയ്മോൻ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കാനായി നാട്ടിലേക്ക് വരികയാണ്. പണ്ട് കൂടെ പഠിച്ചവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടിൽ ഗംഭീര പാർട്ടി നടത്താനാണ് പദ്ധതി. എന്നാൽ അന്ന് രാത്രി മറ്റ് ചില സംഭവങ്ങൾ കൂടി നടക്കുന്നു.

തൊട്ടടുത്ത രണ്ട് വീട്ടിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ കഥ പറയുകയാണ് ജാൻ. എ. മൻ. ബേസിൽ ജോസഫ് അവതരിപ്പിച്ച ജോയ്മോനിൽ നിന്നാണ് കഥയുടെ തുടക്കം. എന്നാൽ ജന്മദിനം ആഘോഷിക്കാൻ എത്തുന്ന ജോയ്മോന്റെ കഥയല്ല ചിത്രം. രണ്ട് വീടുകളിലേക്കും അവിടെയെത്തുന്ന ആളുകളിലേക്കും കഥ ചുരുങ്ങുന്നതോടെ ചിത്രം കൂടുതൽ രസകരമാകുന്നു.

ആകാംഷാഭരിതമായ ആഖ്യാന രീതിയാണ് ചിത്രത്തിന്റെ ശക്തി. വന്നുപോകുന്ന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ ഇടം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അർജുൻ അശോകൻ, ഗണപതി, ബേസിൽ, ബാലു വർഗീസ്, ലാൽ, സിദ്ധാർഥ് മേനോൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ഇവിടെ കാണാം. ഗുണ്ടയുടെ സഹായിയായി എത്തുന്ന കഥാപാത്രം ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഏകാന്തതയെ പറ്റി കൃത്യമായി സംസാരിച്ചു തുടങ്ങുന്ന ചിത്രം, സൗഹൃദം, സഹോദര സ്നേഹം, പ്രണയം എന്നിവയും സ്‌ക്രീനിൽ നിറയ്ക്കുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഇമോഷണൽ സീനുകൾ കൃത്യമായി പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്സിന് തൊട്ട് മുൻപ് ഓവർ ഡ്രമാറ്റിക്കായ സീനുകൾ കടന്നുവരുന്നെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല.

റിയലിസ്റ്റിക്കായ കഥാപരിസരത്ത് നിന്നുകൊണ്ട് സംഭവബഹുലമായ കഥ പറയുകയാണ് ‘ജാൻ. എ. മൻ’. സാന്ദർഭികമായ തമാശകളിലൂടെ രണ്ടര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം. തീയേറ്ററിൽ കണ്ട് വിജയിപ്പിക്കുക.

ഷെറിൻ പി യോഹന്നാൻ

റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന കുറച്ചു വീടുകൾ. അവർക്കുള്ള വഴിയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാം. ഒരത്യാവശ്യം വന്നപ്പോഴാണ് വീതിയില്ലാത്ത പൊതുവഴി പ്രധാന പ്രശ്നമാണെന്ന് അവർ തിരിച്ചറിയുന്നത്. അതോടെ സ്നേഹനഗർ കോളനി നിവാസികൾ ഭീമന്റെ നേതൃത്വത്തിൽ വഴിക്ക് വീതി കൂട്ടാനായി ഇറങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല…

ഒരു വഴിതർക്കത്തിന്റെ കഥ വളരെ ലളിതമായും രസകരമായും പറയുകയാണ് അഷ്‌റഫ്‌ ഹംസ എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘തമാശ’ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ചിത്രമാണ്. ‘ഭീമന്റെ വഴി’യിലേക്ക് എത്തുമ്പോൾ ആ മേക്കിങ് സ്റ്റൈൽ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചെറിയൊരു കഥയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിൽ അവസാനിപ്പിച്ചു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.

പ്രകടനങ്ങളിൽ ജിനു ജോസഫ്, നസീർ സംക്രാന്തി, ബിനു പപ്പു, വിൻസി എന്നിവർ മികച്ചു നിൽക്കുന്നു. ഊതാമ്പള്ളി കോസ്തേപ്പ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് ജിനു. സുരാജിന്റെ കഥാപാത്ര സൃഷ്ടി വളരെ രസകരമാണ്. തന്റെ സ്ഥിരം ശൈലിയുള്ള പ്രകടനം തന്നെയാണ് കുഞ്ചാക്കോ ബോബൻ ഇവിടെയും കാഴ്ചവയ്ക്കുന്നത്. എന്നാൽ ‘നീറ്റായ’ ഒരു കഥാപാത്രമല്ലെന്നത് ശ്രദ്ധേയം. നാട്ടുകാരുടെ പ്രശ്നങ്ങളെ അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടാലും ‘ഒരുത്തീ’ എന്ന ഗാനം മനസ്സിൽ നിറഞ്ഞു നിൽക്കും.

രസകരമായ ബിജിഎം, എഡിറ്റിംഗ് എന്നിവയിലൂടെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഒരുക്കിയ വിധവും നന്നായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകുന്നുണ്ടെങ്കിലും കഥാപാത്ര നിർമിതിയും വളർച്ചയും ശരാശരിയിൽ ഒതുങ്ങിയതായി അനുഭവപ്പെട്ടു. ചെമ്പൻ വിനോദിന്റെ മഹർഷി ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾക്ക് പൂർണത കൈവരുന്നില്ല. അധികം ആകാംഷ ഉണർത്തുന്ന രംഗങ്ങളും ചിത്രത്തിലില്ല.

ഒരു വഴിതർക്കത്തിന്റെ കഥ മാത്രം പറഞ്ഞവസാനിക്കുകയല്ല ‘ഭീമന്റെ വഴി.’ സ്ത്രീകളെ അവതരിപ്പിച്ച വിധം, സ്ത്രീപുരുഷ ബന്ധം എന്നിവ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തുന്നു. കപട സദാചാര നിർമിതികളെ വളരെ സ്വാഭാവികമായി സിനിമ തച്ചുടയ്ക്കുകയാണ്.

Last Word – നിലവാരമുള്ള പ്രകടനങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചെറിയൊരു കഥയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ മാത്രമുള്ളതിനാൽ ബോറടിയില്ല. ഭീമന്റെ വഴിയിലൂടെയുള്ള നടത്തം തൃപ്തികരമാണ്, ആസ്വാദ്യകരമാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.

ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.

ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.

പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.

ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.

പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവും പോരാട്ടങ്ങളും അന്ത്യവുമെല്ലാം വൈദേശിക കോളനിവത്കരണത്തിനെതിരേ നമ്മുടെ ചരിത്രം സാക്ഷ്യം വഹിച്ച അപൂർവം ചെറുത്തുനില്പുകളിലൊന്നാണെന്ന്. എന്നാൽ ഒരു മുൻകൂർ ജാമ്യമെടുത്താണ് പ്രിയദർശൻ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിൽ എത്തിച്ചത്. “അല്പം ചരിത്രവും അധികം ഭാവനയും നിറഞ്ഞ പ്രിയദർശൻ ചിത്രമാണ് മരക്കാർ” എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ആരാധകരും അണിയറപ്രവർത്തകരും മാധ്യമങ്ങളും ചേർന്ന് ഓവർ ഹൈപ്പ് സൃഷ്ടിക്കുകയും ചെയ്തു. തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങളുടെ ആകെത്തുകയായി പ്രിയദർശൻ വിശേഷിച്ച ചിത്രം, നിരാശപ്പെടുത്തുന്ന അനുഭവമായി പരിണമിക്കുകയാണ്. ‘പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ പടം കാണണം’ എന്ന ഡയലോഗിനോടുള്ള എതിർപ്പ് ആദ്യമേ അറിയിക്കുന്നു!

മമ്മാലി എന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണവ് മോഹന്‍ലാലില്‍ നിന്നും ആരംഭിച്ച് മോഹന്‍ലാലിലൂടെ അവസാനിക്കുന്ന മരക്കാരുടെ ജീവിത കഥ. ചതിപ്രയോഗത്തിലൂടെ ഉറ്റവരെ നഷ്ടപ്പെട്ട മമ്മാലി, മറ്റൊരു നാട്ടിലെത്തി പുതിയ ജീവിതം തിരഞ്ഞെടുക്കുന്നു. പിന്നീട്, കോഴിക്കോട്ടെ സാമൂതിരിയുടെ നാവികപ്പോരാളിയായി കുഞ്ഞാലി വളർന്നതെങ്ങനെയെന്നും തുടർന്ന് ദയനീയമായ പര്യവസാനത്തിലേക്ക് എത്തിയതെങ്ങനെയെന്നും സിനിമ പറയുന്നു.

പ്രിയദർശൻ – മോഹൻലാൽ സിനിമകൾ മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ്. ആ ചിത്രങ്ങളുടെ നിഴൽ മരക്കാറിലും വീണുകിടപ്പുണ്ട്. ഇത്തരമൊരു ചരിത്രകഥ പറയുമ്പോൾ നിലവാരമുള്ള, ശക്തമായ തിരക്കഥയും അവതരണരീതിയും അത്യാവശ്യമാണ്. മരക്കാറിൽ ഇത് രണ്ടും മിസ്സിംഗ്‌ ആണ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു ‘ബ്രഹ്മാണ്ഡ’ സിനിമയാണിത് എന്നുകൂടി ഓർക്കണം. പ്രണവിന്റെ ആക്ഷൻ സീനുകൾ മികച്ചുനിൽക്കുന്നെങ്കിലും മോഹൻലാലിലേക്ക് എത്തുമ്പോൾ ആ എനർജി നഷ്ടമാവുന്നു. പ്രധാന കഥാപാത്രങ്ങളുടെ മരണം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകനുമായി കണക്ട് ആവാതെ കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ടൂൾ മാത്രമായി മാറുകയാണ്. അതുകൊണ്ട് തന്നെ കുഞ്ഞാലിയുടെ മരണം യാതൊരു ഇമ്പാക്ടും ഉണ്ടാക്കുന്നില്ല.

ആദ്യ പകുതിയിലെ യുദ്ധരംഗം നന്നായിരുന്നു. കലാസംവിധാനവും ഛായാഗ്രഹണവും ഗംഭീരമാണ്. ഒട്ടേറെ മികച്ച ഫ്രെയിമുകൾ ചിത്രത്തിലുണ്ട്. പ്രണവ്, അർജുൻ സർജ, ഹരീഷ് പേരാടി, സുനിൽ ഷെട്ടി, ചിന്നാലിയെ അവതരിപ്പിച്ച വിദേശ നടൻ എന്നിവരുടെ പ്രകടനങ്ങൾ മാത്രമാണ് മനസ്സിൽ നിൽക്കുന്നത്. കുഞ്ഞാലിയുടെ കൈ കൊണ്ട് അബദ്ധത്തിൽ മരിച്ച ഒരുവന്റെ ഭാര്യയായി മഞ്ജു വാര്യർ എത്തുമ്പോൾ തന്നെ മനസിലാക്കാം ക്ലൈമാക്സ്‌ എന്താണെന്ന്!

തിരക്കഥയിൽ ശ്രദ്ധ പുലർത്താതെ CGI ൽ അമിതമായി ആശ്രയിച്ചിരിക്കുകയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വരുന്ന രണ്ട് ഗാനങ്ങൾ, സാമൂതിരിയുമായി തെറ്റാനുണ്ടായ കാരണം, കഥാപാത്രങ്ങളുടെ സ്ലാങ്, കുഞ്ഞാലിയുടെ ഏതാനും സംഭാഷണങ്ങൾ എന്നിവയൊക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. ചില ‘മാസ്സ്’ ഡയലോഗുകളൊക്കെ ചിരിപ്പിക്കുമ്പോൾ കുഞ്ഞാലിയെന്ന കഥാപാത്രത്തിന് ഒരുതരത്തിലും ചേരാത്ത ഒരു ജാതീയ ഡയലോഗ് പറയിപ്പിക്കാനും പ്രിയദർശൻ തയ്യാറായിട്ടുണ്ട്. രണ്ടാം പകുതിയിൽ, കുഞ്ഞാലി സ്വയം വിഡ്ഢിയായി മാറുകയാണോ എന്ന സംശയവും പ്രേക്ഷകനെ അലട്ടും. ‘ബാഹുബലി’യിലെ ഗംഭീര സീനിനോട് സമാനമായി ഇവിടെ വന്ന രംഗം നനഞ്ഞ പടക്കം മാത്രമായി മാറി. നൂറ് കോടി മുടക്കി നിർമിച്ച ചിത്രത്തിൽ ഹോളിവുഡ് സിനിമകളിലെ രംഗങ്ങൾ തിരുകികയറ്റിയത് ന്യായീകരിക്കാനാവില്ല. തന്നെ ചതിച്ചവരോട് കുഞ്ഞാലി പകരംവീട്ടുന്ന ക്ലൈമാക്സ്‌ രംഗങ്ങൾ വളരെ മോശമായാണ് ചിത്രീകരിച്ചത്. പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തുന്ന രംഗങ്ങൾ ഇല്ലാതെ ഒരു ചരിത്രകഥയെ സ്വതന്ത്ര ആഖ്യാനത്തിലൂടെ വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുകയാണ് പ്രിയദർശൻ.

വിഷ്വൽ എഫക്ടിൽ എത്ര മികച്ചുനിന്നാലും കഥാപാത്ര നിർമിതിയിലും തിരക്കഥയിലും നീതി പുലർത്തിയില്ലെങ്കിൽ ചിത്രം പ്രേക്ഷകനിൽ നിന്നകന്നു പോകും. ആകാംഷയുണർത്താത്ത കഥാസന്ദർഭങ്ങളും കൂടിയാവുമ്പോൾ നിരാശയാണ് ഫലം. കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക. ഒടിടിയിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി ‘മരക്കാർ’ മാറിയേക്കും!

ഷെറിൻ പി യോഹന്നാൻ

ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു പണ്ട് ആന്റണിയും തമ്പാനും. പോലീസ് അവരുടെ ശത്രുപക്ഷത്താണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ആന്റണി എഴുന്നേറ്റു നടക്കാത്ത അവസ്ഥയിലായി. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ല. സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായപ്പോൾ ആന്റണി തമ്പാനെ തേടിയിറങ്ങുന്നു.

‘കാവൽ’ എന്ന പേര് കൊണ്ടുതന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. പഴയ സുഹൃത്തിന്റെ മക്കൾക്ക് കാവലായി എത്തുന്ന തമ്പാന്റെ കഥയാണിത്. മലയാളികൾ കണ്ടു മടുത്ത കഥ തന്നെ. ഒരു ഇമോഷണൽ ഡ്രാമയിൽ സുരേഷ് ഗോപിയുടെ കുറച്ചു ‘മാസ്സ്’ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിരുകി കയറ്റിയ ചിത്രമാണ് ‘കാവൽ’.

പകവീട്ടലിന്റെ കഥയിൽ കൂടുതലൊന്നും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. തിരക്കഥ വളരെ ദുർബലമാണെന്ന് ആരംഭത്തിൽ തന്നെ മനസ്സിലാക്കാം. കാരണം അവിടം മുതൽ ചിത്രം ഇഴയുകയാണ്. വിരസമായി നീങ്ങിയ ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം ക്ലൈമാക്സിൽ കാണാം. എന്നാൽ അതാണ് ഏറ്റവും മോശമായി അനുഭവപ്പെട്ടത്.

ചിത്രത്തിലെ പ്രകടനങ്ങളെല്ലാം തൃപ്തികരമാണ്. ക്ലോസ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതും മടുപ്പുളവാക്കുന്നു. പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘കാവലി’ൽ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. കൂടുതൽ ക്ഷീണിതനായ സുരേഷ് ഗോപിയേയാണ് കാണാൻ കഴിയുക. ക്‌ളീഷേ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇടയ്ക്കിടെ എത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും നനഞ്ഞ പടക്കം പോലെയാണെന്ന് ചുരുക്കം.

‘ആറാം തമ്പുരാന്‍’, ‘പത്രം’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും മലയാള സിനിമയില്‍ ഉണ്ടാവാനുള്ള തുടക്കമാണ് ‘കാവലെ’ന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. എന്നാൽ ഇതുപോലുള്ള പഴഞ്ചൻ കഥയും ട്രീറ്റ്മെന്റും ഇനി വേണ്ടെന്നാണ് എന്റെ പക്ഷം. ദുർബലമായ തിരക്കഥയും ക്‌ളീഷേ രംഗങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ചിത്രം. വീര്യം കുറഞ്ഞ പഴയ വീഞ്ഞ്, ‘The Powerhouse is Back’ എന്ന ലേബൽ ഒട്ടിച്ചു പുറത്തിറക്കി. അത്രമാത്രം!!!

ഷെറിൻ പി യോഹന്നാൻ

പിടികിട്ടാപ്പുള്ളി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്കെത്തുന്ന പേരാണ് സുകുമാരകുറുപ്പ്. ഇവിടെയാണ്‌ സിനിമയ്ക്കുള്ള സാധ്യത ഒരുങ്ങുന്നതും. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു വ്യക്തിയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി മാത്രമല്ല കുറുപ്പ്. കേരള പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ക്രിമിനൽ കൂടിയാണ്. അതിനാൽ സുകുമാരകുറുപ്പ് കേസ് ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ദുൽഖറിനെ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ ഈയൊരു സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഒരു കൊലപാതകിയെ ഗ്ലോറിഫെെ ചെയ്ത് കാണിക്കുന്നത് ശരിയല്ലെന്നും എന്നാൽ സിനിമയെ സിനിമയായി കാണണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കുള്ള മറുപടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ നൽകുകയുണ്ടായി.

ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിലൂടെയാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. കൃഷ്ണദാസിന്റെ കേസ് ഡയറിൽ നിന്നാണ് ഗോപീകൃഷ്ണന്‍ എന്ന സുധാകരകുറുപ്പിന്റെ ജീവിതത്തിലേക്ക് കഥ നീങ്ങുന്നത്. നോൺ ലീനിയർ കഥ പറച്ചിൽ രീതിയാണ് ചിത്രം പിന്തുടരുന്നത്. സുഹൃത്തായ പീറ്ററിന്റെ ആഖ്യാനത്തിലൂടെയാണ് കുറുപ്പിന്റെ ഭൂതകാലം പ്രേക്ഷകൻ മനസ്സിലാക്കുന്നത്. പിന്നീട് കൊലപാതകവും രക്ഷപെടലും കുറുപ്പിന്റെ രഹസ്യങ്ങളുമായി കഥ മുന്നോട്ട് നീങ്ങുന്നു.

സാങ്കേതിക വശങ്ങളിലെല്ലാം ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ ഗംഭീര പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ മികവാർന്ന ക്യാമറ കാഴ്ചകൾ, കളർ ഗ്രേഡിങ്, നിർമാണ മികവ് എന്നിവ ഒരു ക്രൈം ഡ്രാമയുടെ മൂഡ് ക്രീയേറ്റ് ചെയ്തു വയ്ക്കുന്നു. കഥ നടക്കുന്ന കാലത്തെ അതിന്റെ തനിമയോടെ പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘പകലിരവുകളാൽ’ എന്ന് തുടങ്ങുന്ന ഗാനം മനോഹരമാണ്. അൻവർ അലിയുടെ വരികൾ പതിവ് പോലെ ഇവിടെയും മനസ്സ് കീഴടക്കുന്നു. പിള്ളയെന്ന കഥാപാത്രത്തെ ഷൈൻ ടോം ഗംഭീരമാക്കുമ്പോൾ ദുൽഖറും ഇന്ദ്രജിത്തും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.

വിജയരാഘവൻ, അനുപമ, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും അവർക്ക് കഥയിൽ കൃത്യമായ സ്പേസ് നൽകുന്നില്ല. ഇനി കുറുപ്പിലേക്ക് വരാം… യഥാർത്ഥത്തിൽ കുറുപ്പ്, ഒരു പരാജയപ്പെട്ട ക്രിമിനലാണെന്ന് ഞാൻ പറയും. ആദ്യ കുറ്റകൃത്യം തന്നെ പാളിപ്പോയി. ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥൻ കുറുപ്പിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. പോലീസിന് പിടികൊടുക്കാതെ നടക്കുന്ന കുറുപ്പാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. നായകന്റെ മാനറിസം, ഡയലോഗ് എന്നിവയിലൂടെ കഥാപാത്രത്തിന് ഒരു ഹീറോ പരിവേഷം കൈവരുന്നു. കുറുപ്പിന്റെ പ്രണയത്തോടൊപ്പം പ്രേക്ഷകനറിയാവുന്ന കഥയുമായി മുന്നോട്ടു നീങ്ങിയ ആദ്യ പകുതി തൃപ്തികരമാണ്.

രണ്ടാം പകുതിയിലാണ് തിരക്കഥ ദുർബലമാകുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശക്തമായ, വിശ്വസനീയമായ രംഗങ്ങൾ ഒരുക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നത് കാണാം. ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയൊരു കൊലപാതകം എന്ന നിലയിൽ നിന്നും മറ്റൊരു വഴിയിൽ സിനിമ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇൻട്രസ്‌റ്റിംഗ് ആക്കാമായിരുന്ന രംഗങ്ങൾ ഇവിടെ കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്.

കുറുപ്പ് എന്ന കഥാപാത്രത്തെ അധികം എക്സ്പ്ലോർ ചെയ്യാൻ തിരക്കഥ തയ്യാറായിട്ടില്ല. വില്ലനായ കുറുപ്പിനെ പ്രേക്ഷകൻ വെറുക്കണം. എന്നാൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നായക കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടിയിലാണ് ചിത്രം അവസാനിക്കുന്നത്. കുറുപ്പ് ഒരു ഫിക്ഷണൽ കഥാപാത്രം അല്ലാത്തിടത്തോളം നാൾ എനിക്കീ ക്ലൈമാക്സുമായി പൊരുത്തപ്പെടാൻ കഴിയില്ല. സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തെ എൻഗേജിങ്‌ ആയി നിലനിർത്തുമ്പോഴും തിരക്കഥയിലെ പോരായ്മ പരിഹരിക്കാൻ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിന് കഴിയുന്നില്ല.

കല്യാണനിശ്ചയ തലേന്ന് ഒരു വീട്ടിൽ ഉണ്ടാവുന്ന ഒരുക്കങ്ങളും ആൾക്കൂട്ടങ്ങളും പല രീതിയിൽ ഉടലെടുക്കുന്ന പ്രതിസന്ധികളും എല്ലാം ചേർന്ന് വരുന്ന കാഴ്ച മനോഹരമാണ്. ചിത്രത്തിലെ കഥാപാത്ര നിർമിതിയാണ് ഏറ്റവും ശക്തം. വീട്ടിലെത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്. മനോജ്‌ കെ യു (വിജയൻ) എന്ന നടന്റെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ്‌ രംഗങ്ങളിൽ അടക്കം അസാധ്യ പ്രകടനം. വിജയന്റെ വീടും പരിസരവും ആണ് കാഴ്ചകളിൽ ഭൂരിഭാഗവും. ഇവിടെയാണ് ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രഹണം മുന്നിട്ടു നിൽക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു.

സ്വഭാവിക തമാശകൾ ചിരിയുണർത്തുമ്പോൾ പ്രേക്ഷകനും ആ ആൾക്കൂട്ടത്തിനിടയിൽ ഒരാളായി മാറും. ചെറിയ സംഭാഷണങ്ങളും സന്ദർഭങ്ങളും ഭൂതകാലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. വെറുതെ ചിരി നൽകി അവസാനിക്കുകയല്ല ചിത്രം. കുടുംബത്തിനുള്ളിലെ പലതരം മനുഷ്യരുടെ ഭാവങ്ങൾ, ഉള്ളിലിരിപ്പുകൾ, വീടിന്റെ അകമിടങ്ങളിൽ നിലകൊള്ളുന്ന അധികാര വ്യവസ്ഥ, അച്ഛൻ – മക്കൾ ബന്ധം എന്നിവയെ തുറന്നിടുന്നതോടൊപ്പം കുടുംബം എന്ന സ്ഥാപനത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ. ഇവിടെയാണ് പുരുഷാധിപത്യ വ്യവസ്ഥയിൽ ഊറ്റം കൊള്ളുന്ന കുവൈറ്റിലെ ‘രാജാവ്’ പരാജിതന്റെ വേദന അറിയുന്നത്.

ഗംഭീര പ്രകടനങ്ങൾ, ആക്ഷേപഹാസ്യ രീതിയിൽ മുന്നോട്ട് നീങ്ങുന്ന കഥ, രസകരമായ കഥാസന്ദർഭങ്ങൾ, അവതരണ രീതിയിലെ വ്യത്യസ്ത എന്നിവ ചിത്രത്തെ മികവുറ്റതാക്കുന്നു. കാഞ്ഞങ്ങാട് സ്റ്റൈലിൽ ഒരുക്കിയ ചിരിപ്പടത്തിലെ രാഷ്ട്രീയം നമ്മുടെ വീടിന്റെ ഉള്ളറകളിലേക്ക് കൂടി ഒരു ഒളിഞ്ഞുനോട്ടം നടത്തുന്നു. തീർച്ചയായും കാണുക

ഷെറിൻ പി യോഹന്നാൻ

‘നായാട്ട്’, ‘സർദാർ ഉധം’, ‘മണ്ടേല’ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘കൂഴങ്കല്‍’ (Pebbles) എന്ന തമിഴ് ചിത്രമാണ്. വിനോത് രാജ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നയന്‍താര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ്. എന്തുകൊണ്ടാണ് ‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായതെന്ന് ചിത്രം കണ്ടുതന്നെ അറിയണം. തീവ്രമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം കൂടിയാകുന്ന ചിത്രം നല്ലൊരു ആർട്ട്‌ ഫിലിമിന് ഉദാഹരണമാണ്.

അധികം തണൽമരങ്ങൾ ഇല്ലാത്ത, വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ മാത്രമുള്ള, പൊടിമണ്ണ് പാറുന്ന ഒരു ഗ്രാമത്തിലൂടെ രണ്ടുപേർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മദ്യപാനിയായ ഗണപതിയും മകൻ വേലുവും നടത്തുന്ന യാത്ര. തന്റെ ശല്യം സഹിക്കവയ്യാതെ വീട് വിട്ട് പോയ ഭാര്യയെ തിരികെ കൊണ്ട് വരാനാണ് ഗണപതി മകനോടൊപ്പം ഇടയപ്പട്ടിയിലേക്ക് പോകുന്നത്. സ്കൂളിൽ നിന്ന് മകനെ വിളിച്ചിറക്കി, സുഹൃത്തിൽ നിന്നും പണം കടം വാങ്ങി മദ്യവും ബീഡിയും വാങ്ങിയാണ് ഗണപതി യാത്ര തുടങ്ങുന്നത്. ബസിലിരുന്ന് ബീഡി വലിക്കുന്ന ഗണപതി, അത് ചോദ്യം ചെയ്തയാളെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യാ വീട്ടുകാരുമായി കലഹിച്ചു, അവരെ പുലഭ്യം പറഞ്ഞു മടങ്ങുന്ന ഗണപതി മകനോടൊപ്പം കാൽനടയായി തന്റെ ഗ്രാമത്തിലേക്ക് പോകുന്നു.

തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ, കോപമടങ്ങാത്ത മനസ്സുമായി സഞ്ചരിക്കുന്ന ഗണപതി, നിസ്സഹായനായി പിതാവിന്റെ മർദനം ഏറ്റുവാങ്ങുന്ന വേലു – ഇവർ മൂവരും ചേർന്നൊരുക്കുന്ന അന്തരീക്ഷം കഥയുടെ ആത്മാവാകുന്നുണ്ട്. വരണ്ടുണങ്ങിയ, പച്ചപ്പിന്റെ പൊടിപ്പുപോലുമില്ലാത്ത ഭൂമികയിലൂടെ നഗ്നപാദുകരായി നീങ്ങുന്ന അച്ഛനും മകനും നിസ്സഹായതയുടെ ആൾരൂപങ്ങളാകുന്നു. അവസാന പതിനഞ്ചു മിനിറ്റ് വരെയും കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. അച്ഛന്റെയും മകന്റെയും യാത്ര പല ഷോട്ടുകളിലൂടെ ചിത്രത്തിൽ നിറയ്ക്കുകയാണ്. ലോങ്ങ്‌ ഷോട്ടിൽ ഗണപതിയും മകനും അപ്രസക്തമാകുന്നു. വിണ്ടുകീറിയ ഭൂപ്രകൃതി കാഴ്ചാപരിസരത്തിൽ പ്രസക്തി നേടുന്നു.

ശക്തമായ സംഭാഷണങ്ങൾ ഒന്നുംതന്നെ സിനിമയിൽ ഇല്ല. സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഗണപതിയുടെ പുലഭ്യം പറച്ചിലാണ്. എലിയെ ചുട്ടുതിന്നുന്ന കുടുംബത്തിന്റെ ദൃശ്യം ആ ഗ്രാമത്തിന്റെ തന്നെ പരിച്ഛേദമാണ്. ഗണപതിയും മകനും ബസ് കാത്തുനിൽക്കുന്ന രംഗം, വറ്റിവരണ്ട കനാലിൽ കിടക്കുന്ന കുപ്പി തുറക്കാൻ നായ ശ്രമിക്കുന്ന രംഗം, ക്ലൈമാക്സ്‌ രംഗം എന്നിവ മുന്നോട്ട് വയ്ക്കുന്ന അർത്ഥതലം വളരെ വിശാലമാണ്. ഇടയപ്പട്ടിയിൽ നിന്നുള്ള യാത്രാമദ്ധ്യേ വേലു ഒരു കല്ലെടുത്തു വായിലിടുന്നുണ്ട്. ക്ലൈമാക്സിൽ വീട്ടിലെത്തുന്ന വേലു ആ കല്ലെടുത്തു ഒരുപാട് കല്ലുകളിലേക്ക് ചേർത്തുവയ്ക്കുമ്പോഴാണ് ഇതവരുടെ ആദ്യ യാത്ര അല്ലെന്ന് പ്രേക്ഷകൻ അറിയുന്നത്. നീളമേറിയ രംഗങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ നടത്തത്തിന്റെ താളവും വേഗവും ശക്തമായി പ്രേക്ഷകനിലെത്തിക്കാൻ യുവാന്റെ ശബ്ദസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.

‘കൂഴങ്കൽ’ ഒരു കഥയല്ല; ചില ജീവിതങ്ങളുടെ നേർചിത്രണമാണ്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര അത്ര സുഖകരമായ അനുഭവമല്ല. റോട്ടർഡാമിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ‘കൂഴങ്കൽ’. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂറി ചെയർമാൻ പറഞ്ഞപോലെ, “സത്യസന്ധമായൊരു സിനിമയാണ് ‘കൂഴങ്കൽ”. മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയും സിനിമയിൽ നിറയുന്നു. ‘കൂഴങ്കലി’നെ ‘പ്യുവർ സിനിമ’ എന്ന് പേരിട്ടു വിളിക്കാം.

RECENT POSTS
Copyright © . All rights reserved