ഷെറിൻ പി യോഹന്നാൻ

കാനഡയിൽ നേഴ്സായി ജോലി ചെയ്യുകയാണ് ജോയ്മോൻ. മനസ്സ് തുറന്ന് മിണ്ടാൻ ആരുമില്ല. കൊടുംതണുപ്പിൽ ഏകാന്തജീവിതം നയിച്ച് മനം മടുത്ത ജോയ്മോൻ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കാനായി നാട്ടിലേക്ക് വരികയാണ്. പണ്ട് കൂടെ പഠിച്ചവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടിൽ ഗംഭീര പാർട്ടി നടത്താനാണ് പദ്ധതി. എന്നാൽ അന്ന് രാത്രി മറ്റ് ചില സംഭവങ്ങൾ കൂടി നടക്കുന്നു.

തൊട്ടടുത്ത രണ്ട് വീട്ടിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ കഥ പറയുകയാണ് ജാൻ. എ. മൻ. ബേസിൽ ജോസഫ് അവതരിപ്പിച്ച ജോയ്മോനിൽ നിന്നാണ് കഥയുടെ തുടക്കം. എന്നാൽ ജന്മദിനം ആഘോഷിക്കാൻ എത്തുന്ന ജോയ്മോന്റെ കഥയല്ല ചിത്രം. രണ്ട് വീടുകളിലേക്കും അവിടെയെത്തുന്ന ആളുകളിലേക്കും കഥ ചുരുങ്ങുന്നതോടെ ചിത്രം കൂടുതൽ രസകരമാകുന്നു.

ആകാംഷാഭരിതമായ ആഖ്യാന രീതിയാണ് ചിത്രത്തിന്റെ ശക്തി. വന്നുപോകുന്ന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ ഇടം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അർജുൻ അശോകൻ, ഗണപതി, ബേസിൽ, ബാലു വർഗീസ്, ലാൽ, സിദ്ധാർഥ് മേനോൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ഇവിടെ കാണാം. ഗുണ്ടയുടെ സഹായിയായി എത്തുന്ന കഥാപാത്രം ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഏകാന്തതയെ പറ്റി കൃത്യമായി സംസാരിച്ചു തുടങ്ങുന്ന ചിത്രം, സൗഹൃദം, സഹോദര സ്നേഹം, പ്രണയം എന്നിവയും സ്‌ക്രീനിൽ നിറയ്ക്കുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഇമോഷണൽ സീനുകൾ കൃത്യമായി പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്സിന് തൊട്ട് മുൻപ് ഓവർ ഡ്രമാറ്റിക്കായ സീനുകൾ കടന്നുവരുന്നെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല.

റിയലിസ്റ്റിക്കായ കഥാപരിസരത്ത് നിന്നുകൊണ്ട് സംഭവബഹുലമായ കഥ പറയുകയാണ് ‘ജാൻ. എ. മൻ’. സാന്ദർഭികമായ തമാശകളിലൂടെ രണ്ടര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം. തീയേറ്ററിൽ കണ്ട് വിജയിപ്പിക്കുക.