Movies

അനിയത്തിപ്രാവ് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. പ്രണയകഥ പറയുന്ന ചിത്രം വന്‍ ഹിറ്റായി മാറിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് തന്നെ വാര്‍ത്തകള്‍ ഉയര്‍ന്നു.

പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന ശാലിനിയും കുഞ്ചാക്കോ ബോബനും ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു മലയാളികളുടെ ആഗ്രഹം. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് ശാലിനി തുറന്ന് പറഞ്ഞത്.

ചാക്കോച്ചനെ താന്‍ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും എന്തും തുറന്നുപറയാന്‍ പറ്റിയ നല്ല ഒരു കൂ്ട്ടുകാരന്‍ മാത്രമായിരുന്നു എന്നായിരുന്നു വിവാഹവാര്‍ത്തകളോടുള്ള ശാലിനിയുടെ പ്രതികരണം. എന്നാല്‍ ചാക്കോച്ചനോട് ഒരാള്‍ക്ക് കടുത്ത പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ശാലിനി ഇപ്പോള്‍.

തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും. അതിലൊരാള്‍ക്ക് ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നുവെന്നും അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി തുറന്നു പറഞ്ഞു.

പക്ഷേ താന്‍ ഇക്കാര്യം ചാക്കോച്ചനെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ ഇത് ചാക്കോച്ചന്‍ അറിഞ്ഞാല്‍ അത് തങ്ങളുടെ സൗഹൃദത്തെ ബാധിക്കുമോയെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ട് ആ പ്രണയം തുറന്നുപറയാന്‍ തന്റെ മനസ്സനുവദിച്ചില്ലെന്നും ശാലിനി വ്യക്തമാക്കി.

ചാക്കോച്ചന്‍ ശാലിനി താരജോഡികളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പ്രണയിച്ചുവിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്ന ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ശാലിനി അജിത്തിനെയും ചാക്കോച്ചന്‍ പ്രിയയെയും വിവാഹം ചെയ്തു.

ഡബ്യുസിസി അംഗമായ മുതിർന്ന സംവിധായികയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി േസവ്യർ ഉന്നയിച്ച ആരോപണത്തിൽ പുതിയ െവളിപ്പെടുത്തലുകളുമായി അസോഷ്യേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ വെളിപ്പെടുത്തി. മൂത്തോൻ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തത് താൻ ഉൾപ്പെടുന്ന ആളുകളാണെന്നും സ്റ്റെഫി ഈ സിനിമയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഐഷ പറയുന്നു.

ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം:

എനിക്കൊരു കാര്യം പറയണം…ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ…ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്…

പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറൻസും എടുത്ത് കൊടുത്തത്…

ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു…

ഡബ്ലുസിസി യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട്‌ ഇൗ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.

ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ “പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഇൗ സംഘടന എതിർപ്പ്‌ കാണിച്ചത്” കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്…

ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്…അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട്‌ അല്ലാ… (ഇൗ വാക്ക് അല്ലേ സ്റ്റെഫിയോട്‌ പറഞ്ഞത്)

ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു… ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ…

സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക…സത്യത്തിന്റെ കൂടെ നിൽക്കുക…

അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക…നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം…

ജൂൺ 21നായിരുന്നു തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഷാറാണിയുടെ അന്ത്യം. ഉഷാറാണിയുടെ അവസാനനാളുകളിൽ സഹായഹസ്തവുമായി കമലഹാസൻ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഉഷാറാണിയുടെ സഹോദരി രജനി.

ബാലതാരമായി എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ച ഉഷാറാണി കരിയറിന്റെ തുടക്കക്കാലത്ത് കമൽഹാസന്റെ നായികയായി ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നു. ഉഷാറാണിയുമായും സംവിധായകനും ഭർത്താവുമായ എൻ ശങ്കരൻ നായരുമായും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു കമഹലാസൻ.

“കമലഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നു. ശങ്കരൻ നായരില്ലെങ്കിൽ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് അദ്ദേഹമൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിലേക്ക് ശങ്കരനങ്കിൾ തന്നെ കാസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ചതാണ് തന്റെ കരിയറിൽ നിയോഗമായതെന്ന് കമൽഹാസൻ സാർ പലയാവർത്തി പറഞ്ഞിട്ടുണ്ട്,” ഉഷാറാണിയുടെ സഹോദരി രജനി പറഞ്ഞു.

“ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ചേച്ചിയുടെ മകൻ വിഷ്ണു കമലഹാസൻ സാറിനെ വിളിച്ച് ചേച്ചിയുടെ അവസ്ഥ ബോധിപ്പിച്ചിരുന്നു. ‘എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളിൽ നായികയായി അഭിനയിച്ച ആൾ കൂടിയാണ് ഉഷ, എനിക്ക് വേണ്ടപ്പെട്ടവർ, വേണ്ടത്ര കരുതൽ കൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരെ വിളിച്ചു പറഞ്ഞത്.”

“ജൂൺ പതിനാലാം തിയ്യതിയോടെയാണ് ചേച്ചിയുടെ അവസ്ഥ മോശമാകുന്നത്. രാവിലെയായപ്പോഴേക്കും ചേച്ചിയുടെ ശരീരത്തിൽ സോഡിയം ലെവൽ കുറഞ്ഞു. സംസാരിക്കുമ്പോൾ നാവ് കുഴയാൻ തുടങ്ങി. ക്രിയാറ്റിൻ കൂടി, പ്രോട്ടീൻ ലെവൽ കൂടി, എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ‘അക്വുട്ട് കിഡ്നി പ്രോബ്ലം’ ആണെന്ന് അറിയുന്നത്. ചേച്ചിയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. ”

“പതിനഞ്ചാം തിയ്യതിയോടെ ചേച്ചിയുടെ ഓർമയൊക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചികിത്സാച്ചെലവ് ആണ് അവിടെ കാത്തിരുന്നത്. ആ സമയത്ത് തന്നെയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ ചേച്ചിയുടെ മകന്റെ കമ്പനി അടയ്ക്കുന്നതും. അതോടെ ചേച്ചിയുടെ അസുഖവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി.”

മാധ്യമപ്രവർത്തകനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ഗോപാലകൃഷ്ണൻ സാർ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മണിയൻപിള്ള രാജുവേട്ടനെ അറിയിച്ചത്. രാജുവേട്ടൻ സുരേഷ് കുമാർ, പ്രിയദർശൻ, നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു. അവരൊക്കെ സഹായവുമായി എത്തി. പക്ഷേ എന്നിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല.

“മരിച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വേണം ലക്ഷങ്ങൾ. മോഹൻലാൽ ഇടവേള ബാബു മുഖാന്തരം വേണ്ട സഹായമെത്തിക്കാൻ ‘അമ്മ’യുടെ ഇൻഷുറൻസ് കാര്യങ്ങൾ നോക്കുന്ന ആളെ ഏർപ്പാടാക്കി. അന്ന് പക്ഷേ ലോക്ക്ഡൗണും ഞായറാഴ്ചയും ആയതിനാൽ പണം കിട്ടാൻ കുറേ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിയാവുന്നിടത്തു നിന്നൊക്കെ ഞങ്ങൾ പണം ശേഖരിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒന്നരലക്ഷത്തിലേറെ രൂപയുടെ കുറവ്. ഇനിയെന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് മോഹൻലാൽ ജയറാമിനെ വിളിച്ച് പറഞ്ഞതും ജയറാം കാര്യങ്ങൾ കമലഹാസനെ അറിയിച്ചതും. ഒടുവിൽ കമലഹാസൻ സാർ ഇടപ്പെട്ടു, ‘എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാൻ അടച്ചോളാം, നിങ്ങൾ മൃതദേഹം വിട്ടുകൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞത്.”

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍. കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധര്‍.

കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വിഡിയോ ചാറ്റിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍. ഈ വീഡിയോ ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു.

ഇതിനിടെ സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്രേതബാധയുണ്ടെന്ന തരത്തലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പൊലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ പാരാനോര്‍മല്‍ വിദഗ്ധരുടെ കണ്ടെത്തലും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുകയാണ് ചിലര്‍.

സംവിധായക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡബ്ലുസിസിക്കുനേരെ ആരോപണമുന്നയിച്ചത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ ആണ്. ഡബ്ലുസിസി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് സ്റ്റെഫി വിശദീകരിക്കുന്നു.സ്റ്റെഫിക്കു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും ഫേസ് ബുക്കിൽ കമന്റ് ഇട്ടിരുന്നു

2017ല്‍, ഡബ്ലുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് wcc നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുന്നു. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.

സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ്. സുമലത ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ സന്ദർശിച്ചവരെല്ലാം ഉടനടി പരിശോധന നടത്തണമെന്നും സുമലത അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ ഹോം ഐസൈലേഷനിലാണ് സുമലത. കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെയുളളവരെ സുമലത സന്ദർശിച്ചിരുന്നു.

കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ് നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.

തമിഴ്‌നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച സുമലത ആന്ധ്ര പ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് സിനിമയിലേക്ക് വരുന്നത്. 15-ാം വയസ്സിൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ സുമലത മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ അംബരീഷിനെ വിവാഹം ചെയ്‌തു. നിറക്കൂട്ട്, താഴ്‌വാരം, തൂവാനത്തുമ്പികൾ തുടങ്ങിയ എക്കാലത്തേയും ഹിറ്റ് മലയാള ചിത്രങ്ങളിലെല്ലാം സുമലതയായിരുന്നു നായിക.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ പ്രതിഫലം അടക്കം കുറയ്ക്കണമെന്ന സിനിമാനിർമാതാ‍ക്കളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് താരസംഘടനയായ അമ്മ. പ്രതിസന്ധികാലഘട്ടത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്ന് അമ്മ സംഘടനാംഗങ്ങളോട് ആവശ്യപ്പെടും. പ്രതിഫലകാര്യത്തിലടക്കം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനാംഗങ്ങൾക്ക് കത്ത് നൽകുക. കത്തിന്റെ പകർപ്പ് സഹിതം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തീരുമാനം അറിയിക്കാനും താരസംഘടനയിൽ തീരുമാനമായി.

കൊച്ചിയിലെ കോവിഡ് കണ്ടെയിന്‍മെന്റ് സോണിലുള്ള സ്വകാര്യഹോട്ടലില്‍ താരസംഘടനയായ അമ്മയുടെ യോഗം ചേര്‍ന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിേഷ‍‍ധം. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ അമ്മയുടെ അവെയ്‌ലബിൾ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന്‍ കൗണ്‍സിലര്‍ നസീമയു‌ടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

ദേശീയപാതയ്ക്കരികിലെ ഹോട്ടലില്‍ യോഗം ചേരുന്നതിന് തടസമില്ലെന്നാണ് വിവരം ലഭിച്ചിരുന്നതെന്നും എന്നാല്‍ കണ്ടെയിന്‍മെന്റ് സോണാണെന്ന് വിവരം ലഭിച്ചതിനാല്‍ യോഗം നടന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഹോട്ടലിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ആവശ‌്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .

അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.

നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.

21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.

സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.

RECENT POSTS
Copyright © . All rights reserved