കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗണിനിടെ ജോര്ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. പൃഥ്വിരാജും സംഘവും എയര് ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് കൊച്ചിയിലെത്തിയത്.
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് 58 അംഗ സംഘം ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര് ജോര്ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു.
കേരളത്തിൽ തിരിച്ചെത്തിയ സംഘം ആരോഗ്യ വകുപ്പ് നിര്ദ്ദേശിക്കുന്ന ക്വാറന്റീൻ പാലിക്കും. ഫോര്ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം നൽകിയുള്ള ക്വാറന്റീൻ സൗകര്യമാണ് ഫോര്ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത് . പൃഥ്വിരാജ് ഫോര്ട്ട് കൊച്ചിയിലെ ഹോട്ടലിലേക്കു പോകും. ആടു ജീവിതത്തിന്റെ സംവിധായകൻ കൂടിയായ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്റീനിൽ കഴിയുകയെന്നാണ് വിവരം.
പൃഥ്വിരാജിനും സംവിധായകന് ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ 56 പേരുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താളവളത്തില് തിരിച്ചെത്തിയത്. മാര്ച്ച് രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിംഗിനായി ജോര്ദാനിലെത്തിയത്.
നീണ്ട ഇടവേളയ്ക്കു ശേഷം അറുപതു തികഞ്ഞ ഈ പിറന്നാൾ ദിനത്തിൽ ദീര്ഘമായ ബ്ലോഗുമായി മോഹൻലാൽ. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള, കടന്നുവന്ന നാളുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമായി മോഹൻലാലും എത്തിയിരിക്കുകയാണ്. ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ബ്ലോഗിന്റെ പൂർണരൂപം
‘നീ ഉൺമയ്യാ പൊയ്യാ’..
ലോകം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയിൽ നിൽക്കുമ്പോൾ ഞാനും ഒരു വഴിത്തിരിവിൽ വന്ന് നിൽക്കുകയാണ്. ഇന്ന് മെയ് 21…എൻറെ ജീവിതത്തിൽ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. ലോകത്തിൻറെയും എൻറെയും വഴിത്തിരിവുകളിലെ ഈ വന്നു നിൽപ്പ് ഒരേ സമയത്തായത് തീർച്ചയായും യാദൃശ്ചികമാവും. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തിൽ ഭാവത്തിൽ ഇവിടെ വരെ എത്തിച്ചത്.
ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് വിശ്വസിക്കാനാകുന്നില്ല… എത്ര ദൂരം..എത്ര മാത്രം അധ്വാനം. എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം…എത്രയെത്ര പരാജയങ്ങൾ, കൂട്ടായ്മയുടെ വിജയങ്ങൾ, ആരൊക്കെയോ ചൊരിഞ്ഞ സ്നേഹങ്ങൾ, ആരുടെയൊക്കെയോ കരുതലുകൾ, തിരിഞ്ഞു നിൽക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞ് പോകുന്നു. നന്ദിയോടെ എന്റെ കണ്ണുകൾ നനഞ്ഞു പോകുന്നു. കടപ്പാടോടെ…
കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരൻ അവൻ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിർത്തിയത്. വേളൂർ കൃഷ്ണൻകുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്നേ സഞ്ചരിക്കുന്ന ഒന്നായിരുന്നു. എന്ന് മാത്രം ഇന്ന് ഞാൻ ഓർക്കുന്നു. കമ്പ്യൂട്ടറിനെ കുറിച്ച് അധികം കേട്ട് കേൾവി പേലുമില്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം…അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാൻ ആലോചിച്ചതേയില്ലായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കായകൽപം എന്ന നാടകത്തിൽ വീണ്ടും അഭിനയിച്ചു. ഈ രണ്ട് നാടകത്തിലും ഞാൻ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അതുകഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും ഞാൻ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയിൽ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നിൽ നിന്ന് ഭാവങ്ങൾ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാൻ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് നവോദയ നിർമിച്ച് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എൻെറ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചത് പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്നസൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും ഇന്നും). എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്കിഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകൾ നോക്കിക്കൊണ്ടേ ഇരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അമ്പരന്ന് പോകുന്നു എന്തൊരു ഓട്ടമായിരുന്നു.
പിന്നീട് സിനിമകൾക്ക് പിന്നാലെ സിനിമകൾ വന്നു. കഥാപാത്രങ്ങൾക്ക് പിറകേ കഥാപാത്രങ്ങൾ എത്തിക്കൊണ്ടേ ഇരുന്നു. കൊടുങ്കാറ്റിൽ പെട്ട ഒരു കരിയില പോലെ ഞാൻ ഉഴറി പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാൻ ഞാൻ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകി ഒഴുകി വരുന്ന കല്ലിൻ കഷ്ണം പോലെയായിരുന്നു ഞാൻ. നദിയുടെ വേഗത്തിനും താളത്തിനും അനുസരിച്ച് ഞാൻ നിന്നു കൊടുത്തു.
വെളളത്തിന്റെ ശക്തി കല്ലിനെ എന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാൻ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്ക് അശേഷം ബോധ്യമില്ലായിരുന്നത് കൊണ്ട് സിനിമകളുടെ തിരഞ്ഞെടുപ്പുകൾ എനിക്ക് സാധ്യമല്ലായിരുന്നു. ഇത് തന്നെയോ എന്റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുമ്പ് സിനിമകൾക്ക് പിറകേ സിനിമകൾ വന്നു കൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങൾ ഞാൻ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോൾ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാൻ സാധിക്കുന്നില്ല. എവിടെയാണ് അവ ചിത്രീകരിച്ചത് എന്ന് ഓർക്കാൻ സാധിക്കുന്നില്ല . ഏതോ ഒരു ശക്തി എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്നേ പരയാൻ സാധിക്കുന്നുള്ളൂ.
എന്താണ് അഭിനയം ? ആരാണ് അഭിനേതാവ്? അഭിനയത്തിന്റെ രസതന്ത്രം എന്താണ്? ഇത്തരം ചോദ്യങ്ങൾ െത്രയോ തവണ പലരും എന്നോട് യാതൊരു വിധ ഗ്രന്ഥങ്ങളും ഇന്നുവരെ ഞാൻ വായിച്ചിട്ടില്ല. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്ന് ചോദിച്ചാൽ സ്വന്തമായി ഒരു ഉത്തരം എനിക്കില്ല,
എന്റെ ഒരനുഭവത്തിൽ എന്റെ ശരി എന്ന് തോന്നിയത് യോഷി ഒയ്ദ എന്ന ജാപ്പനിസ് നടൻ പറഞ്ഞതാണ്. അപ്രതൃക്ഷനാവുക എന്നതാണ് അഭിനയം . ഞാനെന്ന മനുഷ്യനെ നിലനിർത്തിക്കൊണ്ട് മറ്റൊരാളിലേക്ക് മറയുക. കഥാപാത്രത്തിനുള്ളിലേക് ഞാൻ പ്രവേശിക്കുക. അങ്ങിനെയാവുമ്പോഴും ഞാൻ അഭിനയിക്കുകയാണ് എന്ന ബോധ്യം നിലനിർത്തുക . സിനിമയിലാണെങ്കിൽ ക്യാമറയെക്കുറിച്ച് മുതൽ ഒപ്പം അഭിനയിക്കുന്നവരെക്കുറിച്ചും മുഖത്തേക്ക് വീഴുന്ന വെളിച്ചത്തിന്റെ വ്യത്യസ്തമായ വിന്യാസങ്ങളെക്കുറിച്ച് വരെ ബോധ്യമുള്ളവനായിരിക്കുക. ഷോട്ട് കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്നും വിടുതൽ തേടി ഞാനെന്ന മനുഷ്യനിലേക്ക് തിരിച്ചു വരിക. ഒരുപക്ഷേ ഇതായിരിക്കാം ഇത്രയും കാലം ഞാൻ ചെയ്തത്.
നല്ല തിരക്കഥകളാണെങ്കിൽ അവ മനസ്സിരുത്തി വായിക്കുമ്പോൾ കഥാപാത്രം നമ്മളറിയാത നമ്മുടെ ഉളളിലേക്ക് കയറി വരും. എഴുത്തിന്റെ ശക്തിയാണത് . പിന്നെ സംവിധായകന്റെ മിടുക്കാണ്. നമ്മിൽ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത് , എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്.. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികമായ എഴുത്തുകാരുടെയുംസംവിധായകന്മാരുടെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്.
നമ്മൾ ഒട്ടും ചിന്തിക്കാതിരുന്ന കാര്യങ്ങൾ മുന്നിൽ കൊണ്ടുവയ്ക്കുക എന്നത് ജീവിതത്തിന്റെ വികൃതിയാണ്. സൂക്ഷിച്ചു നോക്കിയാൽ അതിലൊരു വെല്ലുവിളിയുണ്ടാകും. അല്ലെങ്കിൽ സംസ്കൃതത്തിൽ ഒരു വാക്ക് പോലും അറിയാത്ത എന്നെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോയി കർണഭാരം പോലൊ അതീവഭാരമുള്ള നാടകം ചെയ്യിച്ചതിനെ ഏങ്ങനെ വിശദീകരിക്കും. കഥകളി അറിയാത്ത എന്നെ കൊണ്ട് കഥകളിയിലെ മിക്ക വേഷങ്ങളും ആടിച്ചതിനെ എങ്ങനെ വിശദീകരിക്കും. ചുവടുകളിൽ അതിസൂക്ഷമ വേണ്ട നൃത്തങ്ങൾ ചെയ്യാൻ എന്നെ നിയോഗിച്ചതിനെ ഏങ്ങനെ ന്യായീകരിക്കും. ഈ ചെയ്തതെല്ലാം ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഇത്രമാത്രമേ പറയാൻ സാധിക്കൂ. ഏതോ ശക്തിയുടെ കയ്യിലുള്ള ഉപകരണമാണ് ഞാൻ. എന്റേതെന്ന് പറയാൻ എന്റെയുള്ളിൽ ഒന്നുമില്ല
മോഹൻലാൽ എന്തിനാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നതെന്ന് പലരും എല്ലാകാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്പോഴാണ് ഈ ചോദ്യം ഉയർന്നു വരാറുള്ളത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംഭവിച്ച ആദ്യത്തെ അഭിനയം മുതൽ ഞാൻ തെരഞ്ഞെടുത്തതല്ല എന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളത്. ഞാൻ എന്റെ എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവർ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായി കൊണ്ടേയിരിക്കുന്നു. എല്ലാത്തിലും എന്നെ ഞാൻ പൂർണമായും നിക്ഷേപിക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിഭവങ്ങളൊന്നുമില്ലാതെ ഞാൻ ശിരസേറ്റി വാങ്ങിയിട്ടുണ്ട്.
ശരാശരി മനുഷ്യായുസ്സ് 120 വയസ്സാണ് (എന്നാണ് സങ്കൽപ്പം). ഞാനിപ്പോൾ അതിന്റെ പാതിവഴിയിൽ എത്തി നിൽക്കുന്നു. ഇതൊരു നാൽക്കലയാണ്. വലിയ വലിയ ആൽമരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്ടുപാത. ഓർമകൾ പോലെ ആൽമരങ്ങളുടെ വേരുകൾ താഴേക്ക് നീണ്ടു നിൽക്കുന്നു. അവ എന്നെ തന്നെ നോക്കി നിൽക്കുന്നു. ഇലകളുടെ ഇരുളിമയിൽ നിന്ന് അനേകായിരം പക്ഷികൾ കുറുകി കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കുന്നു. ഈ നാൽക്കൂട്ട പെരുവഴിയിൽ നിന്നുകൊണ്ട് ഞാൻ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗം നോക്കി നിൽക്കുമ്പോൾ ഉള്ളിൽ ഒ.വി വിജയന്റെ ഖാസിക്കിലെ ഇതിഹാസത്തിലെ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണ്.
‘നീ ഉൺമയാ പൊയ്യാ…?’
നീ നിഴലാണോ അതോ യാഥാർഥ്യമാണോ? നീ ഭാവമാണോ അതോ മുഖമാണോ? നീ ഏതൊക്കെയോ കഥാപാത്രങ്ങൾ കൂടി കലർന്ന അതിമാനുഷനോണോ അതോ ഏത് നിമിഷവും വീണുടയാൻ സാധ്യതയുള്ള മൺകുടുക്കയോ? നീ സാധാരണ മനുഷ്യൻ കണ്ട സിനിമാ സ്വപ്നമാണോ? അതോ ഒടു നടൻ കണ്ട സാധാരണ ജീവിത സ്വപ്നമോ? എന്റെ ബോധത്തിൽ ചോദ്യങ്ങളുടെ ചുഴലികാറ്റുകൾ വീശുന്നു. അവിടെ അള്ളാപ്പിച്ച മൊല്ലാക്കയുടെ ചോദ്യം കൂടുതൽ ശബ്ദത്തിൽ മുഴങ്ങുന്നു.
നീ ഉൺമയാ പൊയ്യാ…?
ലോക്ക് ഡൗണിന്റെ ചങ്ങലകൾ അഴിച്ച് ലോകം പയ്യെ പയ്യെ ചലിച്ചു തുടങ്ങുകയാണ്. ഞാനിവിടെ ചെന്നെെയിൽ കടലോരത്തുള്ള വീട്ടിൽ ഉദയാസ്തമനങ്ങൾ ആസ്വദിച്ചിരിക്കുന്നു. ഉദയം സന്തോഷം പകരുമ്പോൾ ഒരോ അസ്തമയങ്ങളും വിഷാദം നിറക്കുന്നു. എല്ലാ ഉദയത്തിനും വേദന നൽകുന്ന അസ്തമയവുമുണ്ടെന്ന് എല്ലാ ദിവസവും തിരിച്ചറിയുന്നു. ഈ നാൽക്കവലയിൽ നിന്ന് ഞാൻ യാത്ര തുടങ്ങാൻ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ച വെളിച്ചമാണ് കത്തുന്നത്. എന്റെ തുടർയാത്രയുടെ വേഷം, അതിന്റെ ഭാവം, ശബ്ദം, അതിന്റെ ചുവടുകൾ നിറങ്ങൾ… അവയെല്ലാം വ്യക്തമായി എന്റെ മനസ്സിൽ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂർണതയിൽ തിരിച്ചു വരുമ്പോൾ നമുക്ക് കാണാം. ഇതുവരെ കെെപിടിച്ച് കാടുകളും കൊടുമുടികളും രാവുകളും കടവുകളും കടത്തി. കൊടുങ്ങാറ്റിൽ വീഴാതെ പ്രളയത്തിൽ മുങ്ങാതെ എത്തിച്ചതിന് നന്ദി…
മോഹൻലാൽ
ലോക്ക് ഡൗണിന് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടാം ഭാഗം. 2013ല്‍ റിലീസ് ചെയ്യുന്ന ദൃശ്യത്തിന്റെ കഥാതുടര്ച്ചയൊരുക്കാന് മൂന്ന് വര്ഷമായി ആലോചന ആയിരുന്നുവെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു. ദൃശ്യം രണ്ടാം ഭാഗം ചെയ്യുമ്പോള് വലിയ വെല്ലുവിളികളുണ്ട്. ദൃശ്യം ക്ലൈമാക്സില് എല്ലാവരും എഴുന്നേറ്റ് പോകുമ്പോള് ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. ആ സംഭവത്തിന് ശേഷമുള്ള ജോര്ജ്ജ്കുട്ടിയുടെ ജീവിതമാണ് ഇനി വരേണ്ടത്.
ലോക്ക് ഡൗണിന് ശേഷം ചിത്രീകരണത്തില് ഉള്പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായാല് അത് കൂടി പരിഗണിച്ച് ഷൂട്ട് ചെയ്യാനാകുന്ന രീതിയിലാണ് രണ്ടാം ഭാഗം പ്ലാന് ചെയ്യുന്നത്. ഉസ്ബെക്കിസ്ഥാനും, യുകെയും ഉള്പ്പെടെ വിദേശ ലൊക്കേഷനുകളില് ചിത്രീകരിക്കേണ്ടതിനാല് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം തുടര് ചിത്രീകരണം ഇനിയും നീളം. ഈ ഇടവേളയിലാണ് ദൃശ്യം സെക്കന്ഡിലേക്ക് കടക്കുന്നത്. ആശിര്വാദ് സിനിമാസ് ദൃശ്യം രണ്ടാം ഭാഗം നിര്മ്മിക്കും..
2013 ഡിസംബര് 19ന് റിലീസ് ചെയ്ത ദൃശ്യം അതുവരെയുള്ള മലയാളം ബോക്സ് ഓഫീസ് റെക്കോര്ഡുകള് തകര്ത്തെറിഞ്ഞ് വിജയം നേടിയ സിനിമയാണ്. ദൃശ്യം മലയാളത്തില് സൃഷ്ടിച്ച തരംഗത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും റീമേക്കുകള് ഒരുങ്ങി. ദൃശ്യത്തിന് ചൈനീസ്, ശ്രീലങ്കന് പതിപ്പും പിന്നീട് വന്നു. 150 ദിവസം തുടര്ച്ചയായി കേരളത്തില്‍ പ്രദര്ശനം നടത്തിയ ചിത്രവുമാണ് ദൃശ്യം.
ജിബിൻ ആഞ്ഞിലിമൂട്ടിൽ
അഭിനയമികവിന്റെ,നടനവൈഭവത്തിന്റെ ,മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടനത്തിന് ഇന്ന് 60 വയസ്സ്. മോഹൻലാൽ എന്നാൽ മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവും ആണെന്നതിൽ സംശയമില്ല.വിശ്വനാഥൻ നായരുടെയും, ശാന്തകുമാരിയേടും മകനായി 1960 പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ തിരുവനന്തപുരത്തെ മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടിക്കാലം.ആ നാട്ടിലെ ഒരു ചെറിയ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ തുടക്കം.പ്രിയദർശൻ, എംജിശ്രീകുമാർ തുടങ്ങിയവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹപാഠികൾ.ആ സൗഹൃദം ഇന്നും വളരെ ശക്തമായി തുടരുന്നു.
തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി,അക്കാലത്ത് തന്നെ നാടകങ്ങളിൽ മറ്റും അഭിനയിക്കുമായിരുന്നു.ഉപരിപഠനം തിരുവനന്തപുരം എംജി കോളേജിൽ പൂർത്തിയാക്കി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ. മോഹൻലാലിന്റെ ആദ്യ സിനിമ തിരനോട്ടം ആയിരുന്നു എന്നാൽ അത് റിലീസായില്ല.
മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) ആയിരുന്നു.അന്ന് മോഹൻലാലിന്റെ പ്രായം 20വയസ്സ്.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ നായകപദവിയിലേക്ക് ചേക്കേറുന്നത്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രങ്ങൾ ആയിരുന്നു കിലുക്കം, മിന്നാരം,തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ.1986 മുതൽ 1995 വരെ മലയാള സിനിമയുടെ സുവർണ കാലഘട്ടമായാണ് കണക്കാക്കുന്നത്.ഈ കാലത്ത് റിലീസായ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.മോഹൻലാലിന്റെ അഭിനയ രംഗത്തെ മികച്ച തുടക്കങ്ങളായിരുന്നു ഇതൊക്കെ.
മോഹൻലാലിന്റെ കൂടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശോഭന ആണ്;പത്തൊൻപത് സിനിമകളിൽ.ഉർവശിക്കൊപ്പം 16 സിനിമയിൽ നായകനായി.പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം മലയാള സിനിമയിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച്,ആഭിനയിച്ച് താരപദവിയിലേക്ക് നടന്നടുക്കുകയായിരുന്നു മോഹൻലാൽ.എൺപതുകളുടെ പകുതിയിൽ സൂപ്പർ സ്റ്റാർ പദവിയിൽ.1986 ൽ മാത്രം 34സിനിമകളിൽ അഭിനയിച്ചു .1986 പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.1989 ൽ കിരീടം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിന് ലഭിച്ചു. 1991 ൽ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.പിന്നീട് മോഹൻലാൽ മലയാള സിനിമയുടെ താരരാജാവായി ആണ് തന്റെ യാത്ര തുടർന്നത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ.
2001 ൽ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.പത്മ ഭൂഷൺ,ലെഫ്റ്റനന്റ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തെ തേടിയെത്തി.മോഹൻലാൽ ഇതുവരെ അഭിനയിച്ച ആകെ സിനിമകളുടെ എണ്ണം 341.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.നടനപ്പുറം നിർമ്മാതാവ്, പാട്ടുകാരൻ,എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു.മോഹൻലാൽ എന്ന പേരിനൊപ്പം ചേർത്ത് വായിക്കുന്ന ഒരു പേരാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിത്വവും.ആദ്യകാലത്ത് മോഹൻലാലിന്റെ ഡ്രൈവറും,പിന്നീട് വ്യാവസായിക സംരഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ നിർമ്മാണ കമ്പനി ആണ് ആശിർവാദ് സിനിമാസ്.കാലക്രമേണ മോഹൻലാലിന്റെ ഉത്തമ സുഹൃത്തായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ അഭിനയ ജീവിത വഴികളിൽ നിഴലായി ഇപ്പോഴും കൂടെയുണ്ട്.അഭിനയമികവിന്റെ വഴിയിൽ വിജയത്തിന്റെ തേര് തെളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന മോഹൻലാൽ എന്ന മഹാനടനവിസ്മയത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. സിനിമയ്ക്ക് പേരും ആയി “ബറോസ്”.
അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവിന് മലയാളംയുകെയുടെ പിറന്നാൾ ആശംസകൾ….
–
മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ലാലേട്ടന് ജന്മദിനത്തിൽ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്.
‘ലാലിന്റെ ജന്മദിനമാണ്, ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷമായി. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാൽ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങൾ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്’- മമ്മൂട്ടി പറഞ്ഞു.
സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലർത്തി. നമുക്ക് സാമാന്യം നല്ല മാർക്കും കിട്ടി. അത് കൊണ്ട് ആളുകൾ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടൻമാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.
അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു തീർന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ്‌ചെയ്യാൻ പോയപ്പോൾ എന്റെ വീട്ടിൽ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാർത്ഥനകൾ വാങ്ങിയതും ഓർമ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയിൽ വളർന്നിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.
ഈ യാത്രകൾ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങൾ പിന്നാലെ വരുന്നവർക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ-മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഈ ആഡംബര കാറുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം. ഇതിൽ ദുൽഖറിന്റെ കാറുകളും ഉണ്ട്.
ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിൻറെ പുതിയ വീടിന് ഇൻറീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു.എറണാകുളത്ത് തന്നെ മമ്മൂട്ടിക്ക് വേറെയും വീടുകളുണ്ട്. മമ്മൂക്കയ്ക്ക് ആഡംബര കാറുകളോട് ഉള്ള ഭ്രമം മലയാളികളായ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അദ്ദേഹത്തിൻറെ പുതിയ വീട്ടിലേക്ക് ഇപ്പോൾ ആഡംബരകാറുകൾ എല്ലാം മാറ്റിയിരിക്കുകയാണ്
ജാഗ്വർ, ഔഡി, ബെൻസ്, ലാൻഡ് ക്രൂയിസർ , മിനി കൂപ്പർ, ബിഎംഡബ്ല്യു തുടങ്ങി ഒട്ടുമിക്ക ആഡംബര കാറുകളുടെ ശേഖരവും മമ്മൂക്കയ്ക്ക് ഉണ്ട്.
വൺ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്



മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന് ഇന്ന് അറുപതു വയസ് തികയുന്നു.
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക് ആഹ്ലാദദിവസവുമാണിന്ന്. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച് താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍.
1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാലിന്റെ ജനനം. പിതാവ് വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.
1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട് മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.
രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ് കേണല്‍ പദവിയും തേടിയെത്തി.
മകന്‍ അപ്പുവിന്റെ സിനിമാ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ പറയുന്നു. സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.
അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി സിനിമകളാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തിയറ്ററുകളില്‍ എത്തിയത്. അമ്മയുടെ അടുത്തല്ല എന്ന സങ്കടമാണ് ലോക്ക് ഡൗണിലുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.
അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്താമെന്ന് കരുതി പോന്നതാണ്. എന്നും വീഡിയോ കോളിലൂടെ കാണും. സംസാരിക്കും. ഇത്രയും കാലം വീട്ടില്‍ ഇരുന്നപ്പോള്‍ മാറിയോ എന്ന് പുറത്തിറങ്ങിയാലേ അറിയൂ. പൂര്‍ണമായും ഇപ്പോള്‍ വീട്ടിലാണ്. കൂടെ ജോലി ചെയ്തവര്‍ അടക്കമുളള എത്രയോ പേര്‍ കഷ്ടപ്പാടിലാണ്. അത് വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണ് ഇത്രയും കാലം ഒന്നും ആലോചിക്കാനാകാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുന്നേല്‍ക്കും. വാര്‍ത്ത വായിക്കും. വ്യായാമം ചെയ്യും.
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ, രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല. നരേന്ദ്രമോദിയും പിണറായി വിജയനും വളരെ കഷ്ടപ്പെട്ട് നേതൃത്വത്തില്‍ എത്തി, വളരെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന സുതാര്യതയുളളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുമായിട്ടുളള അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് രാഷ്ട്രീയമല്ല അവരിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വില്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രമെന്നും വിവരമപണ്ട്.
കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് വിവരം. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു ചിത്രം. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പോഴും അതേ ആകാംക്ഷ തന്നെയാണ് ഓരോരുത്തരിലും പ്രകടമാകുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേം നസീർ ആയിരുന്നെന്നും മോഹൻലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കുമെന്നും ആലപ്പി അഷ്റഫ്. വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ചാണ് ആലപ്പി അഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം
അച്ഛന്റെ അപൂർവ ചിത്രവും , പുത്രനുണർത്തുന്ന പുതിയ പ്രതീക്ഷകളും…
എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. പ്രേംനസീർ, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമൻ രഘു, രാമു, ശങ്കരാടി തുടങ്ങി വൻ താരനിരതന്നെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു സവിശേഷചരിത്രം എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു എന്നതാണ്. ….സീമയുടെ കാമുകനായി.
ഈ ചിത്രത്തിന് വേണ്ടി നസീർസാർ കോമ്പിനേഷനിൽ മോഹൻലാൽ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആർക്കും അറിയാത്ത സത്യമാണ്. ഇന്നു അതിന്റെ ഓർമയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു ഫോട്ടോകൾ മാത്രം പഴയ ആൽബത്തിൽ ബാക്കിയാകുന്നു.
എന്നാൽ പ്രേംനസീർ കോമ്പിനേഷനിൽ ആ സമയത്ത് ഡേറ്റുകൾ ലാലിന് തീരെ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രത്തിൽ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യർത്ഥന, അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്‍കി. കഥയിൽ നിന്നും സിനിമയിൽ നിന്നും ആ കഥാപാത്രത്തെ പൂർണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാൻ ലാലിന്റെ ആവശ്യം പരിഗണിച്ചത്.
അടുത്ത പടം വനിതാ പൊലീസിൽ മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു. ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീർ–മോഹൻലാൽ കോമ്പിനേഷനിൽ , ഒരു കോമഡി ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു..
ആ ഫൈറ്റിൽ രണ്ടു പേർക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോൾ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകൾ കരുതാറുണ്ട്. ഡ്യൂപ്പിനും അഭിനേതാവിനും. എന്നാൽ തിരക്കിൽ കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലത്തിന് ഒരണ്ണമേ പൂർത്തിയാക്കാൻ പറ്റിയുള്ളു. മോഹൻലാൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.
ഇടയ്ക്ക് ഡ്യൂപ്പിന്റെ സീക്വൻസ് എടുക്കാൻ നേരം ആകെ ആങ്കലാപ്പായി. ഞാൻ എന്റെ ദേഷ്യം പ്രൊഡക്‌ഷൻ മാനേജർ കബീറിനോടും, കോസ്റ്റ്യൂമറോടും തീർത്തു. ഇത് മനസിലാക്കിയ മോഹൻലാൽ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താൻ ധരിച്ചിരുന്ന ഷർട്ട് ഊരി തന്റെ ഡ്യൂപ്പായ ഫൈറ്റർക്ക് നല്കി. അങ്ങനെ ഗംഭീര ഘോരസംഘട്ടന രംഗങ്ങൾ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോൾ, ആ ഷർട്ട് പിഴിഞ്ഞാൽ ഏകദേശം ഒരു ലിറ്ററോളം വിയർപ്പ് കിട്ടും. അത്രത്തോളം കുതിർന്ന് പോയി ലാലിന്റെ ആ ഷർട്ട്.
വീണ്ടും മോഹൻലാലിന്റെ സീക്വൻസ് എടുക്കണം. എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അകെ വിഷമിച്ചു.. ഷൂട്ടിങ് എല്ലാം കുളമായിപ്പോയല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ടപ്പോൾ, അതാ ലാൽ ഡ്യൂപ്പിനോട് ഷർട്ട് ഊരിത്തരാൻ ആവശ്യപ്പെടുന്നു.. അയാൾ മടിച്ചപ്പോൾ ലാൽ നിർബന്ധിച്ചു ,ആ തമിഴ് ഫൈറ്റർ ലാലിന്റെ നിർബന്ധത്തിനു വഴങ്ങി.
നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതിൽ നിന്നും പിന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു.. ലാലിന്റെ മറുപടിയാണ് ഞാൻ കേട്ടത്.
“അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ….?”
ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻലാൽ വീണ്ടും ധരിച്ച് ഷൂട്ടിങ് സന്തോഷത്തോടെ ഭംഗിയായി പൂർത്തികരിച്ച് തന്നു.
“അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളിൽ അന്നേ ആഴത്തിൽ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്നേഹിയായ ആ കലാകാരൻ, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വർത്ഥമാക്കുന്നു.
വീണ്ടും അതോർമ്മപ്പെടുത്തുന്നത് ലാലിന്റെ മകൻ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്. മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം. അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്.
ചലച്ചിത്ര ചരിത്രത്തിൽ പേരഴുതാൻ ആഗ്രഹിച്ചവർ ഏറെയാണ് , എന്നാൽ മാനുഷിക മൂല്യവും സഹജീവി സ്നേഹവും കൈമുതലാക്കിയവർ അവരുടെ പേരുകൾ അവിടെ രേഖപ്പെടുത്തപ്പെടും. മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്കൊട്ടയിലാണ്.
താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങൾക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേർവഴിക്ക് തിരുത്തി വിടാൻ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം. അത് അങ്ങിനെ തന്നെയാകട്ടെ.
മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹത്തിന്റെ മാതൃക പുരുഷൻ ശ്രീ പ്രേംനസീർ ആയിരുന്നു. ലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും ഉറപ്പാ, ആ നല്ല നാളുകൾക്കു വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം…
ആലപ്പി അഷറഫ്