രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാര്. പലര്ക്കുമുള്ള സംശയം തീര്ക്കുകയാണ് നടി. ശരത്കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യയിലുണ്ടായ മകളാണ് വരലക്ഷ്മി. രാധികയെ വരലക്ഷ്മി ആന്റി എന്നാണ് വിളിക്കുന്നത്. അമ്മയല്ലെങ്കിലും നല്ലൊരു ബന്ധം അവരുമായി ഉണ്ടെന്നും വരലക്ഷ്മി പറയുന്നു.
അച്ഛനും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നത്. രാധികയുടെ മകള് റയാന് ശരത്കുമാര് നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറയുന്നു. ഛായ ദേവിയാണ് ശരത്തിന്റെ ആദ്യ ഭാര്യ. വരലക്ഷ്മിയും പൂജയുമാണ് രണ്ട് മക്കള്. 2001ലാണ് രാധികയെ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു.
2004ല് ശരത്കുമാറിനും രാധികയ്ക്കും രാഹുല് എന്ന ആണ്കുഞ്ഞും ഉണ്ടായി. കാസ്റ്റിങ് കൗച്ച് സിനിമയിലുണ്ടെന്ന് വരലക്ഷ്മി പറയുന്നു. പല നിര്മ്മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ട്. ഫോണ് റെക്കോര്ഡുകള് അതിന് തെളിവാണെന്നും നടി പറയുന്നു.
ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള് വേട്ടക്കാരെ തുറന്നുകാട്ടാന് ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല് അവസരങ്ങള് നഷ്ടപ്പെടുമെന്നാണെങ്കില് അത്തരത്തിലുള്ള സിനിമകള് താന് വേണ്ടെന്ന് വയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്ത്തു.
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരില് കരുണ സംഗീത നിശ നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില് സംഘാടകരായ സംവിധായകൻ ആഷിഖ് അബുവും സംഗീത സംവിധായകൻ ബിജിബാലും കൂടുതല് കുരുക്കിലേക്ക്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള് അടക്കമുള്ളവ പരിശോധിക്കനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. സ്പോണ്സര്ഷിപ്പായി സ്വകാര്യ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് അക്കൗണ്ടുകള് പരിശോധിക്കുന്നത്.
ഫ്രീ പാസുകളുടെ കണക്കുകൾ ഉൾപ്പടെ പരിശോധിക്കാനാണ് പോലീസ് നീക്കം. പരിപാടിയുടെ സൗജന്യ പാസുകള് ഹൈബി ഈഡന് എംപിയുടെ ഓഫീസില് നിന്നും കൈപ്പറ്റിയിരുന്നുവെന്ന് മുമ്പ് ആഷിഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ച സാഹചര്യത്തില് എംപിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാര്യര്, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പ്രതിനിധികള് എന്നിവരുടടെ മൊഴികള് ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സംഗീത നിശ കാണാന് 4,000 പേരാണ് എത്തിയതെന്നും അതില് 3,000 പേര് സൗജന്യമായാണ് കണ്ടതെന്നുമാണ് സംഘാടകര് പറയുന്നത്. ടിക്കറ്റ് വില്പ്പനയിലൂടെ 7,74,500 രൂപയാണ് ലഭിച്ചതെന്നും നികുതി കുറച്ചുള്ള ആറര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതെന്നും ഇവര് പറയുന്നു. അതേസമയം സൗജന്യമായി നല്കിയെന്ന് സംഘാടകര് പറയുന്ന ടിക്കറ്റുകളുടെ കൗണ്ടര് ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റുകളും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇംപ്രസാരിയോ പോലീസിനെ ഏല്പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടർന്ന് അടുത്തിടെ 6.22 ലക്ഷം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.
തമിഴ് യുവനടി പത്മജയെ വീടിനുള്ളില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ചെന്നൈ തിരുവട്ടിയൂരിലെ വീട്ടില് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു നടി. ഭര്ത്താവുമായി പിണങ്ങി നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
നടി താമസിച്ചിരുന്ന മുറി രണ്ടു ദിവസമായി പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില് നിന്നും ദുര്ഗന്ധം വമിച്ചതിനെത്തുടര്ന്ന് സമീപവാസികള് വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരം അറിയിച്ചു. അവര് വീട് തുറന്നപ്പോഴാണ് പത്മജയെ മരിച്ച നിലയില് കണ്ടെത്തുന്നത്.
തമിഴ് സിനിമകളില് സഹനടിയായിരുന്നു പത്മജ. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി വരുന്നതിനെച്ചൊല്ലിയുള്ള കലഹത്തെത്തുടര്ന്നാണ് രണ്ടുമാസം മുമ്പ് ഭര്ത്താവ് പവന് നടിയെ ഉപേക്ഷിച്ച് വീടുവിട്ടുപോയത്. ഇവര്ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഈ കുട്ടിയെയും ഭര്ത്താവ് കൂടെ കൊണ്ടുപോയി.
ഇതേത്തുടര്ന്ന് നടി പുരുഷസുഹൃത്തിനൊപ്പം ഇവിടെ താമസം തുടരുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ആണ്സുഹൃത്തുമൊത്തുള്ള ജീവിതം ശ്രദ്ധയില്പ്പെട്ട വീട്ടുടമ, നടിയോട് വീട് ഒഴിയാന് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള് ചെയ്തിരുന്നു. സാമ്പത്തിക പ്രശ്നങ്ങള് നേരിടുന്നതായി നടി സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്നമാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ നടിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രശസ്ത സംവിധായകൻ ഫാസിൽ ആണ് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലിന്റെ അച്ഛൻ. ഒരു സംവിധായകനായും നിർമ്മാതാവായും ഒട്ടേറെ ഗംഭീര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഫാസിൽ ആണ് മോഹൻലാൽ എന്ന മഹാ നടനേയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത്. ഫാസിലിന്റെ തന്നെ ചിത്രത്തിലൂടെ ആയിരുന്നു ഫഹദും അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ സംവിധാന രംഗത്ത് നിന്നു മാറി നിൽക്കുന്ന ഫാസിൽ അഭിനേതാവായി കൂടി തിളങ്ങുകയാണ്. മോഹൻലാൽ നായകനായി എത്തിയ പൃഥ്വിരാജ് ചിത്രം ലൂസിഫെറിൽ അഭിനയിച്ച ഫാസിൽ, ഇപ്പോൾ മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വാപ്പയുടെ അഭിനയത്തെ കുറിച്ചു ഫഹദ് മനസ്സു തുറക്കുകയാണ്.
ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് മനസ്സു തുറക്കുന്നത്. ദിലീഷ് പോത്തന് വാപ്പയെ ഒരു സിനിമയിലേക്ക് നായകനായി വിളിച്ചിരുന്നതാണെന്നും വാപ്പ പിടികൊടുത്തില്ലെന്നും ഫഹദ് പറഞ്ഞു. പൃഥ്വിരാജ് ഒരു ദിവസം വിളിച്ച് വാപ്പ എവിടെയുണ്ടെന്ന് ചോദിച്ചു എന്നും വാപ്പ വീട്ടിലായിരിക്കുമെന്ന് താൻ പറഞ്ഞു എന്നും ഫഹദ് പറയുന്നു. താൻ വിചാരിച്ചത് രാജു ലൂസിഫര് തുടങ്ങുന്നത് കൊണ്ട് അനുഗ്രഹം വാങ്ങിക്കാന് വിളിക്കാനാണെന്ന് ആണെന്നും എന്നാൽ പിന്നീടാണ് വാപ്പ കാര്യം പറഞ്ഞത് എന്നും ഫഹദ് പറഞ്ഞു.
പൃഥ്വിരാജ് കൂടാതെ മോഹൻലാലും വിളിച്ചു എന്നും ഫാസിൽ പറഞ്ഞു എന്നും ഫഹദ് വെളിപ്പെടുത്തി. വാപ്പ സംവിധാനം ചെയ്ത സിനിമകളില് അഭിനേതാകൾക്കു അഭിനയിച്ച് കാണിച്ചുകൊടുക്കുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട് എന്നും വിജയ് തന്നോട് ഒരിക്കൽ ഇത് പറഞ്ഞു എന്നും ഫഹദ് വിശദീകരിക്കുന്നു. ലൂസിഫെറിൽ വാപ്പ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്ത ദിവസം പൃഥ്വിരാജ് രാത്രി തന്നെ വിളിച്ച് പറഞ്ഞത് കേട്ട് താൻ സര്പ്രൈസ്ഡ് ആയി എന്നും വാപ്പ അഭിനയിച്ചത് കാണാന് കൊതിയായി എന്നും ഫഹദ് പറയുന്നു. അതിനു ശേഷം എറണാകുളത്ത് ഷൂട്ട് കഴിഞ്ഞ് വന്നപ്പോള് പൃഥ്വിരാജ് വിളിച്ച് ലൂസിഫറില് വാപ്പ അഭിനയിച്ച രംഗങ്ങള് തന്നെ കാണിച്ചിരുന്നു എന്നും ഫഹദ് വെളിപ്പെടുത്തി.
വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ. ഇപ്പോഴിത സിനിമയുടെ ലൊക്കേഷനില് നിന്നും പുറത്തു വന്നിരിക്കുന്ന ചിത്രമാണ് ആരാധകര് ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. സിനിമയിലെ നായകനായ വിജയ്യെ വില്ലന് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതി ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഇത്തരമൊരു ചിത്രം വിജയ്, വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് ജഗദീഷ് ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രം ഇരുവരുടെയുംആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Been an wonderful few months and it comes to a closure – Master shoot wrapped up !! Heart full of thanks to Thalapathy @actorvijay na, Makkal selvan @VijaySethuOffl brother and @Dir_Lokesh 😊 waiting for the #Master celebrations pic.twitter.com/SNNUUDcCW6
— Jagadish (@Jagadishbliss) February 29, 2020
വിഖ്യാത സംവിധായകന് സ്റ്റീവന് സ്പില്ബര്ഗിന്റെ മകള് ഗാര്ഹിക പീഡന കേസില് അറസ്റ്റില്. പോണ് നടിയാകാന് താല്പര്യം പ്രകടിപ്പിച്ച മികായേല ആണ് അറസ്റ്റിലായത്. പോണ് കരിയറാക്കാനുള്ള തീരുമാനം മികായേല നേരത്തെ അറിയിച്ചിരുന്നു. പ്രതിശ്രുതവരനായ ഡാര്ട്സ് പ്ലെയര്, 50കാരന് ചക്ക് പാങ്കോയ്ക്കൊപ്പം താമസിക്കുകയായിരുന്നു മികായേല. സ്പില്ബര്ഗിന്റെ ദത്തുപുത്രിയാണ് മികായേല. അതേസമയം മികായേലയ്ക്ക് 12 മണിക്കൂറിനകം ജാമ്യം കിട്ടിയേക്കും.
രണ്ടാഴ്ച മുമ്പാണ് പോണ് നടിയാകാനുള്ള തീരുമാനം മികായേല പ്രഖ്യാപിച്ചത്. സോളോ പോണ് വീഡിയോകള് നിര്മ്മിക്കാന് തുടങ്ങുകയും സ്ട്രിപ്പര് ആകാന് താല്പര്യപ്പെടുകയും ചെയ്തിരുന്നു. മകള് പോണ് താരമാകുന്നതില് സ്റ്റീവന് സ്പില്ബര്ഗും ഭാര്യ കേറ്റ് കാപ്പ്ഷോയും അസ്വസ്ഥതയും ആശങ്കയും പ്രകടിപ്പിച്ചതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഇത്തരം വാര്ത്തകള് ശരിയല്ല എന്നാണ് മികായേല പറയുന്നത്.
ഒരു തമിഴ് സിനിമയുടെ പ്രൊമോഷന് വേണ്ടി നടക്കുന്ന ഇന്റര്വ്യൂ ആയിരുന്നു അത് ഒരുപാട് ചോദ്യങ്ങള് ചോദിച്ച ശേഷം അവതാരക ഇങ്ങനെ പറഞ്ഞു നസ്രിയ അല്ലെങ്കില് നിവിന് ഇവര്ക്ക് ആര്കെങ്കിലും ഒരാള്ക്ക് ഫോണില് വിളിച്ചു ഒരു പാട്ട് പാടുക അവരുടെ പ്രതികരണം എന്താണെന്ന് അറിയാന് വേണ്ടിയായിരുന്നു അത്. ദുല്ഖര് സല്മാന് തിരഞ്ഞെടുത്തത് നസ്രിയയെ ആയിരുന്നു. നസ്രിയ ഫോണ് എടുത്ത ഉടനെ ദുല്ഖര് പാട്ട് തുടങ്ങി ഒരു പൊട്ടിച്ചിരിയോടെ നസ്രിയ പറഞ്ഞു എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണത്.
വളരെ രസകരമായിട്ടായിരുന്നു ഈ ഇന്റര്വ്യൂ അവതരിപ്പിച്ചിരിക്കുന്നത് വളരെ നല്ല സിനിമകള് മാത്രം തിരഞ്ഞെടുക്കുന്ന ദുല്ഖര് ഇപ്പോള് അഭിനിയിച്ചു കഴിഞ്ഞത് കുറുപ്പ് എന്ന സിനിമയാണ് കഴിഞ്ഞ ദിവസം അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി സിനിമയുടെ അണിയറ പ്രവര്ത്തകര് അറിയിച്ചിരുന്നു. ഒരു യഥാര്ത്ഥ സംഭവത്തെകുറിച്ച് പറയുന്നതാണ് കുറുപ്പ് എന്ന സിനിമ ഇതിന്റെ ഫസ്റ്റ് ലുക്ക് വന്ന സമയം മുതല് ആരാധകര് വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത് ഇതിലെ ലുക്കും പ്രേക്ഷകരെ വളരെ ഏറെ ആകര്ഷിക്കുന്നുണ്ട്. സിനിമ എത്രയും പെട്ടന്ന് തിയേറ്ററില് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് സാധാരണയായി ദുല്ഖര് ചിത്രങ്ങള്ക്ക് കേരളത്തിലും പുറത്തും വലിയ സ്വീകരണം ലഭിക്കാറുണ്ട് ചിത്രത്തിന്റെ റിലീസിന്റെ ആദ്യ ദിവസം തിയേറ്ററില് ഫാന്സിന് ഉത്സവമാണ്.
വര്ഷത്തില് വളരെ കുറച്ചു സിനിമകള് മാത്രമാണ് നടന് എടുക്കാറുള്ളത് നല്ലതെന്ന് തോന്നിയ ചിത്രങ്ങള് മാത്രം സെലക്ട് ചെയ്യുന്നത് കൊണ്ടായിരിക്കാം ദുല്ഖര് അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാളികള് സ്വീകരിച്ചിരുന്നു. മെഗാ താരം മമ്മുട്ടിയുടെ മകന് എന്ന ലേബലില് അല്ല സിനിമയില് വന്നത് എങ്കിലും ഒരൊറ്റ സിനിമ കൊണ്ട് വെള്ളിത്തിരയിലും മറ്റു അനേകം ഭാഷകളിലും ദുല്ഖറിന് തിളങ്ങാനായി. തമിഴ സിനിമയില് ഒരുപാട് ആരാധകര് ഇദ്ദേഹത്തിനുണ്ട് ഈ വര്ഷം തമിഴിലും ചില ചിത്രങ്ങള് ചെയ്യുന്നതായി താരം വ്യക്തമാക്കി എന്നിരുന്നാലും ഒരു മലയാള സിനിമയ്ക്ക് വേണ്ടിയായിരിക്കും ആരാധകര് കൂടുതലും കാത്തിരിക്കുന്നത്. ഇന്റര്വ്യൂ ചെയ്യുന്നതിനിടെ നസ്രിയക്ക് ഫോണില് വിളിച്ചപ്പോള് ഉണ്ടായ രസകരമായ സംഭവങ്ങള് കാണാം.
സിനിമയോട് പൃഥ്വിരാജ് കാണിക്കുന്ന ആത്മാർഥയും സമർപ്പണവുമാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ സജീവചർച്ച. ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച താരത്തെ അമ്പരപ്പോടെയാണ് മലയാളി നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം.
കുറിപ്പ് വായിക്കാം:
‘കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോൾ ഞാൻ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. ഒരുപക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാൻ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാൻ ഈ രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്. ഒന്ന്, ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാനഘട്ടമാണ്.
അത് സിനിമ തിയറ്ററിലെത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അതെ, ഞാൻ ബ്ലെസി ചേട്ടന് വാക്കുകൊടുത്ത പോലെ അതിനൊപ്പം ഞാൻ സ്വയം വാക്ക് ചെയ്തതുപോലെ, ഞാൻ എന്റെ എല്ലാം നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും.
ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാൻ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തിൽ, എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തിൽ. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാൻ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.’ പൃഥ്വി കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില് സാക്ഷിയായ നടന് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. കേസില് വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ചാക്കോച്ചന് ഷൂട്ടിങ്ങിനായി വിദേശത്താണുള്ളത്. മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റിവയ്ക്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഹാജരാകാത്തതിനെ തുടര്ന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്.
മഞ്ജു വാര്യര്, ഗീതു മോഹന്ദാസ്, ബിന്ദുപണിക്കര്, സംയുക്ത വര്മ, സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. സംവിധായിക ഗീതു മോഹൻദാസ്, നടി സംയുക്ത വർമ എന്നിവർ കൊച്ചിയിലെ വിചാരണക്കോടതിയില് ഹാജരായി. സിബിഐ കോടതിയിൽ അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം നടക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. സംവിധായകൻ വി.എ. ശ്രീകുമാറിന്റെ വിസ്താരവും അടുത്ത ദിവസം നടക്കും.
കേസിൽ നടി മഞ്ജു വാര്യരെ വ്യാഴാഴ്ച പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. രാവിലെ ഒൻപതരയോടെ കോടതിയിൽ എത്തിയ മഞ്ജു പ്രോസിക്യൂട്ടറുടെ മുറിയിൽ എത്തി വിശദമായ ചർച്ച നടത്തി. അതിനു ശേഷമായിരുന്നു ജഡ്ജി ഹണി വർഗീസിനു മുന്നിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. വാദിയുടെ താൽപ്പര്യം കണക്കിലെടുത്താണ് ഇത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഈ മൊഴിയും രഹസ്യമായി തുടരും. ദിലീപ് അടക്കം പ്രതികളുടെ സാന്നിധ്യത്തിൽ ആണ് സാക്ഷികളുടെ വിസ്താരം നടക്കുന്നത്. സിദ്ദിഖും ബിന്ദു പണിക്കരും ഇന്നലെ സാക്ഷി മൊഴി നൽകിയിരുന്നു.