Movies

സംവിധായകന്‍ ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും മമ്മൂട്ടി പറഞ്ഞു.

 മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.”

കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിംഗ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആവശ്യപ്പെട്ടിരുന്നു.

”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍” എന്നാണ് ജൂഡ് പറഞ്ഞത്.

ലോകസിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം ആരാധകര്‍ നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ ഉണ്ടായിരിക്കുകയില്ല. ടൈറ്റാനിക് സിനിമയും അതിലെ കഥാപാത്രങ്ങളായ ജാക്കിനെയും റോസിനും പറ്റിയാണ് പറയുന്നത്. ചിത്രത്തില്‍ റോസ് ആയി അഭിനയ്ച്ച് ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രായമാകുന്നതിനെക്കുറിച്ചും ആ ഘട്ടത്തെ പുല്‍കുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നാല്‍പത്തിയേഴുകാരിയായ കേറ്റ്.

എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പ്രായമാകല്‍ എന്നും ചിലര്‍ അതിനെ ആശങ്കയോടെ സമീപിക്കുകയാണ് എന്നും പറയുകയാണ് കേറ്റ്. നാല്‍പതുകളില്‍ എത്തിനില്‍ക്കുന്ന സ്ത്രീകള്‍ അവരുടെ ആന്തരികസൗന്ദര്യത്തെയും കരുത്തിനെയും പുല്‍കുകയാണ് ചെയ്യേണ്ടതെന്ന് കേറ്റ് പറയുന്നു.

പലപ്പോഴും സ്ത്രീകള്‍ നാല്‍പതുകളില്‍ എത്തുമ്പോഴേക്കും ഇത് പതനത്തിന്റെ തുടക്കമാണെന്നും കാര്യങ്ങള്‍ മങ്ങാനും മാറാനും ആഗ്രഹിക്കാത്ത ദിശകളിലേക്ക് നീങ്ങാനുമൊക്കെ തുടങ്ങുമെന്ന് കരുതും. എന്നാല്‍ സ്ത്രീകള്‍ അവരുടെ നാല്‍പതുകളില്‍ നല്ലതിനായി മാറുന്നു എന്നാണ് താന്‍ കരുതുന്നതെന്നും കേറ്റ്.

നാല്‍പതുകളില്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകുകയും സെക്‌സി ആവുകയും ചെയ്യുന്നു. നമ്മള്‍ നമ്മളിലേക്ക് കൂടുതല്‍ വളരുന്നു. ആളുകള്‍ എന്തുചിന്തിക്കുമെന്ന് ഭയപ്പെടാതെ മനസ്സിലുള്ളത് തുറന്നു പറയാനുള്ള അവസരവും ലഭിക്കുന്നു. നമ്മള്‍ കാണാന്‍ എങ്ങനെയാണെന്ന് അമിതമായി ആലോചിക്കാതിരിക്കുന്നു. അത് വളരെ മനോഹരമാണ്. ജീവിതം വളരെ ചെറുതാണെന്നും അവനവന്റെ ശക്തിയില്‍ തുടരൂ എന്നും കേറ്റ് പറയുന്നു.

മേയര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ എന്ന സീരീസിലെ തന്റെ രൂപത്തെ വിമര്‍ശിച്ചവരെക്കുറിച്ചും കേറ്റിന് പറയാനുണ്ട്. ഒരിക്കലും പുരുഷ നടന്മാരുടെ രൂപമാറ്റത്തെക്കുറിച്ച് അധികമാരും ബഹളം വെക്കാറില്ല. നായികമാര്‍ എന്നും പെര്‍ഫെക്റ്റ് ആയിരിക്കണം എന്നാണ് സമൂഹത്തിന്റെ സങ്കല്‍പം. എന്നാല്‍ താന്‍ സത്യസന്ധമായ കഥകള്‍ അവതരിപ്പിക്കാനും യഥാര്‍ഥമായിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും കേറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

സിനിമയും വ്യക്തിജീവിതത്തിലെ ബന്ധങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ അഭിപ്രായം തുറന്നു നടൻ ഷൈൻ ടോം ചാക്കോ. സിനിമയ്ക്കു വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താനെന്ന് താരം പറയുന്നു. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് സ്വന്തം ആത്മാവിനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ കഴിയുകയുള്ളൂ എന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

‘‘സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്. ഇഷ്ടമുള്ള പണി ചെയ്ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലത്തെ സംസാരശൈലി ഇടയ്ക്കിടെ കയറിവരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുൻപ് അത് എവിടെയെങ്കിലും ചെയ്തു നോക്കേണ്ടെ. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ ക്യാമറ ഓൺചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയിൽ ബോധത്തോടെ പെരുമാറുന്നത്.

ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല. അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്. സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ ക്യാമറയ്ക്ക് മുന്നിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം.

സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല.

ആരെയും അനുസരിക്കുന്നില്ല എന്നല്ല സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നു എന്ന് പറയുന്നതിന്റെ അർഥം. അങ്ങനെയെങ്കിൽ അനുസരണയില്ലാത്തവർ ഗാന്ധിജിയും ക്രിസ്തുവുമൊക്കെ അല്ലെ. ജനിച്ചതും വളർന്നതും വീട്ടിലാണ് എങ്കിലും വീട്ടിലിരിക്കാനല്ല അവർ എന്നെ വളർത്തി പഠിപ്പിച്ചത്. അവരോടു സംസാരിക്കാറുണ്ട്. പക്ഷേ സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ മക്കളെ വളർത്തി വലുതാകുന്നത് മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചു വിട്ടുകഴിഞ്ഞാലോ അവർ വീടുവിട്ടു പോകും, അല്ലെങ്കിൽ വിദേശത്തു പോകും. അപ്പോൾ മാതാപിതാക്കൾ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷമില്ലെങ്കിലും മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറഞ്ഞു വിടുന്നത്. ആത്മസംതൃപ്തി ഉണ്ടോ എന്ന് ചോദിച്ചാൽ യെസ് എന്ന് പറയാൻ ആർക്കും കഴിയില്ല. ഞാൻ ഇപ്പോഴും നൂറു പടം തികച്ചിട്ടില്ല. മലയാളികളുടെ മുന്നിൽ സിനിമ വലുതായി നിൽക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത്. തിയറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ഇന്ന് ഒടിടിയിൽ സിനിമ കാണുമ്പോൾ കിട്ടുന്നില്ല.’’ –ഷൈൻ ടോം പറയുന്നു.

സമൂഹത്തിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മഹാവിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെശക്തമായ ഒരു ബോധവൽക്കരണ സന്ദേശമാണ് ഷാജി തേജസ്‌ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്.

ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം പ്രിയ സതീഷ് മാന്നാനം, ജോസഫ് പോൾ മാതിരമ്പുഴ, രാമചന്ദ്രൻ പുന്നാത്തൂർ,അമർനാഥ് പള്ളത്ത്,ജോണി കുറവിലങ്ങാട്,കുറുപ്പ് ചേട്ടൻ ഏറ്റുമാനൂർ, തോമസ് ജോസഫ് തിരുവനന്തപുരം,ബൈജു ബെൻസാർ,ജിജി അതിരമ്പുഴ,ബേബി കോയിക്കൽ,ജിജി കലിഞ്ഞാലി,രമേശ്‌ പാലപ്പുറം,അയ്യപ്പൻ കാണക്കാരി,പ്രശാന്ത് എഴുമാന്തുരുത്ത്,തമ്പി കറുകച്ചാൽ,വിനോദ് തപ്‌ളാൻ എഴുമാന്തുരുത്ത്, ജിനീഷ് കുറവിലങ്ങാട്, നിഷാ ജോഷി ഏറ്റുമാനൂർ,കോട്ടയം പൊന്നു, ശിവലക്ഷ്മി,ആരതി ഷാജി, ബാല താരങ്ങളായ വൈഡൂര്യ സതീഷ്, മാസ്റ്റർ.ജോർവിൻ രഞ്ജിത് എന്നിവരും വേഷമിടുന്നു.

ബാബു എഴുമാവിൽ,മുരളി കൈമൾ,ഫ്രാൻസിസ് മാത്യു പാലാ,ഷാജി തേജസ്‌ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട്,ശ്യാം കോട്ടയം എന്നിവർ സംഗീത സംവിധാനവും ഋത്വിക് ബാബു,ഷിനു വയനാട്,രാംകുമാർ മാരാർ എന്നിവർ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.

ഛായാഗ്രഹണം ഷാജി തേജസ്സിന്റെ പുത്രൻ തേജസ്‌ ഷാജി.
ഛായാഗ്രഹണ സഹായം:ബിനു പേരൂർ & സുരേഷ് ശ്രീധർ.
സ്റ്റിൽസ് : പവിക്കുട്ടൻ.
മേക്കപ്പ് : ലക്ഷ്മൺ.
വസ്ത്രാലങ്കാരം:പ്രിയ & നിഷ.

ചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

‘ഹരികൃഷ്ണന്‍സ്’ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് വരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഹരികൃഷ്ണന്‍സ് മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം.

1998ല്‍ എത്തിയ ചിത്രത്തിന് എന്തുകൊണ്ടാണ് രണ്ട് ക്ലൈമാക്‌സ് വന്നത് എന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താനായാണ് രണ്ട് ക്ലൈമാക്‌സ് വച്ചത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ രണ്ട് ക്ലൈമാക്‌സ് ആകുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണും എന്ന് വിചാരിച്ചാണ് ഇത് ചെയ്തത് എന്നാണ് മമ്മൂട്ടി പറയുന്നത്.

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും, മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും.

അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്‌തൊരു കാര്യമാണ്.

പക്ഷേ ഈ പ്രിന്റുകള്‍ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകര്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ ഹരികൃഷ്ണന്‍സിനെ പറ്റി സംസാരിക്കാന്‍ ഇടയായതും.

2020 ലാണ് ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് ഇതേക്കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ സുശാന്തുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മുംബൈയില്‍ സുശാന്ത് താമസിച്ചിരുന്ന ഫ്‌ലാറ്റ് വാങ്ങാന്‍ ഇപ്പോഴും ആരും ധൈര്യപ്പെടുന്നില്ല. ഈ ഫ്‌ലാറ്റിലാണ് സുശാന്ത് തൂങ്ങി മരിച്ചത്.

ആഡംബര ഫ്‌ളാറ്റ് അഞ്ച് ലക്ഷം രൂപ മാസ വാടകയ്ക്ക് കൊടുക്കാമെന്ന് വരെ പരസ്യം ചെയ്തിട്ടും ആരും വാങ്ങിയിട്ടില്ല.ഫ്‌ലാറ്റുടമ വിദേശത്ത് ആണുള്ളത്. ഇനി ഒരു ബോളിവുഡ് താരത്തിന് ഈ ഫ്‌ലാറ്റ് നല്‍കേണ്ടെന്നാണത്രെ ഇദ്ദേഹത്തിന്റെ തീരുമാനം. എത്ര വലിയ താരമാണെങ്കിലും വാടകയ്ക്ക് നല്‍കില്ല. പകരം കോര്‍പറേറ്റുകള്‍ക്ക് ഫ്‌ലാറ്റ് നല്‍കാനാണ് ശ്രമം.

ബ്രോക്കര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം ചിലര്‍ ഈ ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കാന്‍ തയ്യാറായി വരും, പക്ഷെ ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കുകയാണ്. കാമുകി റിയ ചക്രബര്‍ത്തിക്ക് ഒപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചത്.

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നാണ് വിവരം. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

പുതിയ ചിത്രം ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. ഷൈന്‍ ടോമിനൊപ്പം ഇവരും വിമാനത്തിലുണ്ടായിരുന്നു. നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും സംഘത്തിലെ മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തിരികെ നാട്ടിലേക്ക് യാത്ര ചെയ്യാനായെന്നും വിവരമുണ്ട്.

പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ കോക് പിറ്റ് കാണാന്‍ പൈലറ്റ് ക്ഷണിക്കാറുമുണ്ട്. സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് സാധാരണ അത്തരം അവസരം ലഭിക്കാറ്.

സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബാലയെ പിന്തുണയ്ക്കുന്നുവെന്ന് നടി അഞ്ജലി അമീർ. ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീർ ആരോപിക്കുന്നത്.

‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’–അഞ്ജലി അമീർ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിർമിച്ച ‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രം​ഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഉണ്ണി മുകുന്ദന്‍ നായകനായി, നിര്‍മ്മിച്ച ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ ബാലയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം കാണാനായി ബാലയും ഭാര്യ എലിസബത്തും തിയേറ്ററില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയിട്ടില്ല എന്നാണ് ബാല ഇപ്പോള്‍ പറയുന്നത്.

ക്യാമറാമാനും സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ല. തനിക്കും ഒറ്റ പൈസ തന്നിട്ടില്ല. പക്ഷേ സിനിമ വിജയമായി നല്ല ലാഭത്തില്‍ വിറ്റിരിക്കുകയാണ്. എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്?

സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ട്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല.

എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് പുള്ളി നിര്‍ദ്ദേശിച്ചത്. തനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണം.

താന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത്. തന്നെ ചതിച്ചോ കുഴപ്പമില്ല, പക്ഷെ പാവങ്ങളെ ചതിക്കരുത്. എല്ലാം ദൈവം നോക്കിക്കോളും, താന്‍ പരാതിയൊന്നും കൊടുക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള മറുപടി ഉണ്ണിയ്ക്ക് കിട്ടും എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം വീകം ഡിസംബര്‍ 9ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു മോതിരവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ തിരക്കുകളിലാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ പ്രമോഷന്‍ അഭിമുഖത്തിനിടെ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നുവെന്നും വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായിയെന്നും തന്റെ ദുശ്ശീലങ്ങള്‍ വിവാഹ ശേഷം നിര്‍ത്തിയെന്നും ധ്യാന്‍ വ്യക്തമാക്കി.’ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എന്നൊക്കെ പറയുംമ്പോലെയായിരുന്നു വീട്. പിന്നീട് അതൊരു വീടായി… റൂമായി മാറി. കാരണം എന്റെ ബാത്ത് റൂമില്‍ വെച്ചായിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയുമെല്ലാം.’

‘കൂട്ടുകാരും വരുമായിരുന്നു. വിവാഹത്തോടെ ക്ലബ്ബ് പൂട്ടി. ചീട്ടുകളിയായിരുന്നു മെയിന്‍. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പമാണ് കളി. മദ്യപാനം വരെ നിര്‍ത്തി. കല്യാണത്തിന് ശേഷം ഭാര്യ മദ്യപിക്കും ഞാന്‍ നോക്കി ഇരിക്കും. കുറെ ശീലങ്ങള്‍ നിര്‍ത്തി.’ധ്യാന്‍ പറഞ്ഞു.

പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved