Movies

മമ്മൂട്ടിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പിൽ ശ്രീരാമൻ നടന്റെ പേര് പറയുന്നില്ല. എന്നാൽ മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചാൽ ആളറിയാതെ എടുത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നടന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വി കെ ശ്രീരാമന്റെ കുറിപ്പ്:

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.

ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല. ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാൺഡാ. കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും. ” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ”

എന്തു വഴി? ” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”ഏതു പാട്ട്? “ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ” അത് ഫിമെയ്ൽ വോയ്സല്ലേ? “ഡ്യുവെറ്റായും കേട്ടിട്ടുണ്ട്”ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു. “എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?” ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.

സൂർത്തുക്കളേ, ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.

സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഗുരുതര രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ജീവിതത്തിൽ തുടരെ തുടരെ തന്നെ തേടിവരുന്ന വെല്ലുവിളികളിൽ ഒന്നായിട്ടാണ്, മാസങ്ങൾക്ക് മുൻപ് തനിക്ക് ഈ രോഗം സ്ഥിരീകരിച്ചതെന്നും സമാന്ത കുറിപ്പിൽ പറയുന്നു. രോഗം പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറയുന്നതായും താരം പങ്കുവയ്ക്കുന്നു.

‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടൻ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാൻ കരുതുന്നു. എന്നാൽ രോഗമുക്തി നേടാൻ കുറച്ച് അധികം സമയമെടുക്കും. ഇക്കാര്യം അംഗീകരിക്കുക എന്നതാണ് ഞാൻ ഇപ്പോഴും നേരിടുന്ന ബുദ്ധിമുട്ട്.

ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ട്. എനിക്ക് നല്ല ദിവസങ്ങളും മോശം ദിനങ്ങളും ജീവിതത്തിൽ ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും..’ സമാന്ത കുറിച്ചു.

സിനിമാജീവിതത്തിൽ ഏറ്റവും നല്ല നിലയിൽ നിൽക്കുമ്പോഴാണ് താരത്തെ തേടി രോഗം എത്തിയത് എന്നത് ആരാധകർക്കും വേദനയുണ്ടാക്കുന്നു. പ്രാർഥനയോടെ കമന്റ് ബോക്സിൽ താരത്തെ ആശ്വസിപ്പിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. കഴിഞ്ഞ വർഷമാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം സമാന്ത വേർപിരിഞ്ഞത്.

ഷെറിൻ പി യോഹന്നാൻ

രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!

1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത്‌ സംഭവിക്കും.

വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.

കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.

ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി

അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക്‌ ആണ് കാന്താര.

🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.

 

തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് ഹണി പറയുന്നത്.

”ലാല്‍ സാര്‍ എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ഷോക്കില്‍ ആയിപ്പോയി.

ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്‌നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്.

അതുപോലെ തന്നെ താന്‍ ഏറെ ബഹുമാനിക്കുന്ന ലാല്‍ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാര്‍ത്ത കാണുമ്പോള്‍ അദ്ദേഹം കരുതില്ലേ. ഇതിനെതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്.

പിന്നെ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ”സര്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാന്‍ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന്. ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുപോലെ എത്ര വാര്‍ത്തകള്‍ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അതിനടിയില്‍ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് നിര്‍മിച്ച മേപ്പടിയാന്‍. ഈ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന്‍ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെര്‍സിഡസ് ബെന്‍സ് ജിഎല്‍എ 200 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ വിജയ സംവിധായകന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ബെന്‍സിന്റെ എസ് യു വി നിരയിലെ കുഞ്ഞന്‍ മോഡലാണ് ജിഎല്‍എ 200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ഈ വാഹനം വിഷ്ണു മോഹനായി തെരഞ്ഞെടുത്തത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.

ഉണ്ണി മുകുന്ദന്‍- വിഷ്ണു മോഹന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങള്‍ ഒരോന്നായി കുറിച്ചതിനൊപ്പമാണ് വാഹനം കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു. എന്നിങ്ങനെയുള്ള അഭിനന്ദന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ എത്തുന്ന വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ. 200. 2.1 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെയുമായിരുന്നു എക്സ്ഷോറൂം വില.

പൃഥ്വിരാജ് നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിനു വേണ്ടി പ്രേക്ഷകരെല്ലാം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നതാണ് സത്യം. പൃഥ്വിരാജ് നയൻ‌താര കോമ്പിനേഷൻ തന്നെയാണ് ഈ ആകാംക്ഷയ്ക്ക് കാരണം. ഇരുവരും ഒരുമിച്ച് ഇതുവരെ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവർ ഒരുമിച്ച് വരികയാണെങ്കിൽ അത് എങ്ങനെ ആകും എന്ന് അറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക്. ചിത്രം ഒരുക്കുന്നത്‌ അൽഫോൺസ് പുത്രനാണ് ഒരുക്കുന്നത് എന്ന വാർത്തകളും പുറത്തു വന്നിരുന്നു.

എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയാൻ സാധിച്ചില്ല. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്‌. ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിനോട്‌ ചിത്രത്തെക്കുറിച്ച് അവതാരകർ ചോദിച്ചപ്പോൾ പറയുന്ന രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഗോൾഡ് പ്രിന്റ് ഡിലീറ്റ് ആയി പോയോ എന്ന് ആണ് അവതാരകൻ ചോദിച്ചത്. ഇതിനൊരു തഗ് മറുപടി തന്നെയായിരുന്നു ലിസ്റ്റിൻ പറഞ്ഞിരുന്നത്. സിസ്റ്റം ഹാങ്ങ്‌ ആണ് അതുകൊണ്ടാണ് വൈകുന്നത്. പ്രിന്റ് ഡിലീറ്റ് ആയി പോയി എന്ന് പറഞ്ഞത് വെറുതെ ആണോ എന്ന് ചോദിച്ചപ്പോൾ വേറെ കോപ്പി ഉണ്ടായിരുന്നു എന്ന് രസകരമായ രീതിയിൽ ലിസ്റ്റിൻ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

മലയാളത്തിലേക്കുള്ള നയൻതാരയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഗോൾഡ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കൈമാറുകയും ചെയ്തിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വളരെയധികം വ്യത്യസ്തമാക്കുന്നു ചിത്രത്തിനു വേണ്ടി വലിയ ആകാംക്ഷയോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. അതിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്‌. നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് എന്നതാണ് സത്യം. അപർണ ബാലമുരളിയ്ക്ക് ഒപ്പമുള്ള കാപ്പ എന്ന ചിത്രമാണ് ഇനി പൃഥ്വിരാജിന്റെതായി പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം.

ആടുജീവിതം എന്ന ചിത്രവും ഉടനെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ എന്ന ചിത്രവും ഈ വർഷം തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ്. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ് എന്നതാണ് സത്യം. പൃഥ്വിരാജ് ലിസ്റ്റിനും ഒരുമിച്ചായിരിക്കും ഗോൾഡ് എന്ന ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജും ഒരുമിച്ച് എടുത്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായിരുന്നു. ജനഗണമന എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു.മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ പൃഥ്വിരാജ് കാഴ്ച വച്ചിരുന്നത്.

പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രമാണ് സന്താനത്തെ പ്രശസ്തിയിലേയ്ക്ക് എത്തിച്ചത്.

ആദ്യ ചിത്രമായ ‘ആയിരത്തിൽ ഒരുവനിലെ’ പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന സന്താനം ഞൊടിയിടയിലാണ് പ്രശസ്തനായ കലാകാരനായത്.

എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.

കൂടാതെ, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രം എത്തുന്നതിന് മുൻപേയുള്ള വിയോഗം തമിഴകത്തെ സങ്കട കടലിലാഴ്ത്തി .

പത്തുവർഷം പിന്നിട്ട വഴികളിലൂടെ ആണ് താൻ ഇന്ന് മുന്നോട്ട് പോകുന്നത് ടോവിനോ തോമസ് പറയുന്നു, പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തോമസ് സിനിമയിൽ എത്തിയത്, ആദ്യകാലങ്ങളിൽ ഒന്നും തന്നെ തന്റെ സിനിമകൾ ഒന്നും വിജയം ആയിരുന്നില്ല മുൻപൊരിക്കൽ താരം തന്നെ അത് പറഞ്ഞിട്ടുണ്ട്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷമാണ് താരത്തിന് വളരെയധികം ഉയർച്ചകൾ തന്നെ ഉണ്ടായത്.

അതുപോലെ തന്റെ കരിയർ ഉയർത്തിയ ചിത്രം ഗപ്പി ആയിരുന്നു അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ താരം പറയുന്നത് തന്റെ കാലം ഇനിയും തെളിയാൻ പോകുന്നു എന്നാണ്. തനിക്കു ഓർമ്മ വെച്ച കാലം മുതൽ തനിക്കു ഇഷ്ട്ടമുള്ള ഒരു ഫീൽഡ് ആയിരുന്നു സിനിമ, ശരിക്കും പറഞ്ഞാൽ തന്റെ ജീവിത്തത്തിലെ വലിയ സ്വപ്നം ആണ് ഇപ്പോൾ സഫലീകരിച്ചു കഴിയുന്നത് ടോവിനോ പറയുന്നു.

നമ്മൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി വിചാരിച്ചു കഴിഞ്ഞാൽ അത് നേടിയെടുക്കുക തന്നെ ചെയ്‌യും. പക്ഷെ നമ്മൾ അതിനായി ശ്രെമിക്കണം അല്ലാതെ മറ്റു കുറുക്കവഴികൾ ഒന്നുംതന്നെയില്ല താരം പറഞ്ഞു. ഇപ്പോൾ തന്റെ നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, ഈ ഫീൽഡിൽ തനിക്കു പത്തുവര്ഷ എക്സ്പീരിയൻസ് ആണുള്ളത്. തന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇപ്പോൾ കണ്ടുവരുന്നത് ടോവിനോ പറയുന്നു.തനിക്കു വലിയ സൂപ്പർസ്റ്റാർ ആകണം എന്നൊന്നുമില്ല,താൻ സിനിമയിൽ വന്നതിനു ഒരുപാടുപേരോടു കടപ്പാടുണ്ട് .

നിസാം ബഷീര്‍ ചിത്രം റോഷാക്ക് കണ്ടതിന് ശേഷം താനൊരു മമ്മൂട്ടി ഫാനായി തീര്‍ന്നെന്ന് നടി അദിതി ബാലന്‍. മുമ്പ് താനൊരു മോഹന്‍ലാല്‍ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ പ്രണയം മമ്മൂക്ക ആണെന്നുമാണ് അതിഥി പറയുന്നത്.

ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദിതി തന്റെ മനസ്സുതുറന്നത്. നടിക്കൊപ്പം നിവിന്‍ പോളിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് മമ്മൂക്ക എന്നായിരുന്നു നിവിന്‍ മറുപടി നല്‍കിയത്. അവസരങ്ങള്‍ വന്നപ്പോഴൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും, കൂടെ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും നിവിന്‍ പറഞ്ഞു.

‘മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നു’, നിവിന്‍ പറഞ്ഞു. ഇതോടെ, തനിക്കും മമ്മൂട്ടിക്കൊപ്പമാണ് സിനിമ ചെയ്യാന്‍ ആഗ്രഹമെന്ന് അദിതിയും വെളിപ്പെടുത്തി. റോഷാക്ക് കണ്ട ശേഷം മമ്മൂട്ടിയാണ് തന്റെ പുതിയ പ്രണയമെന്നും അതിഥി പറഞ്ഞു.

വെള്ളിയാഴ്ച റിലീസായ പടവെട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലന്‍ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന കഥാപാത്രമായാണ് എത്തുന്നത്. ലിജു കൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്‌സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ.

RECENT POSTS
Copyright © . All rights reserved