Movies

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്നു. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ലൊക്കേഷൻ ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിതീകരിച്ചിരുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയിൽ സജീവമാകുന്ന മകൻ ഗോകുൽ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.

മലയാളസിനിമാ പ്രേക്ഷകരില്‍ ഇപ്പോള്‍ കാത്തിരിപ്പില്‍ ഏറ്റവും മുന്നിലുള്ള ചിത്രം ലൂസിഫര്‍ ആവും. പൃഥ്വിരാജ് കരിയറില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതുതന്നെ കാരണം. ഈ മാസം 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പ്രചരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലായിരുന്നു. ‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്‌ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്). എജ്ജാതി ഐറ്റം’ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പോസ്റ്റില്‍ പറയുന്നത് വ്യാജമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും നായകനെ അവതരിപ്പിക്കുന്ന മോഹന്‍ലാലും വ്യക്തമാക്കുന്നത്. കള്ള പ്രചാരണങ്ങളാണ് ലൂസിഫറിനെപ്പറ്റി നടക്കുന്നത് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല. ഒടു ടിവി ഷോക്കിടെയാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ നായകനായ ഛോട്ടാ മുംബൈയുടെ സെറ്റിൽ വെച്ചാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും താരം പറയുന്നു. ചിത്രത്തിൽ ഷക്കീല അതിഥി വേഷത്തിൽ എത്തിയിരുന്നു.
” 2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു.

ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. എനിക്കത് വലിയൊരു സഹായമായിരുന്നു”, ഷക്കീല പറയുന്നു.താനയച്ച പ്രണയലേഖനത്തിന് ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നും താരം പറയുന്നു.

റാംജിറാവ് സ്പീക്കിംഗിലെ താന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം അണിഞ്ഞ ഷര്‍ട്ട് സംവിധായകരില്‍ ഒരാളായ ലാലിന്റേതായിരുന്നെന്ന് വിജയരാഘവന്‍. ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള തേച്ചാണ് മുടി പിറകിലേക്ക് ചീകി വച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുള്‍പ്പെടെ താന്‍ അഭിനയിച്ചവയില്‍ എക്കാലത്തെയും പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിനെ സംബന്ധിച്ച രസകരമായ വസ്തുതകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ പറയുന്നത്. 30 വര്‍ഷത്തിന് ശേഷം റാംജിറാവ് എന്ന കഥാപാത്രം സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന മാസ്‌ക് എന്ന ചിത്രത്തിലൂടെ.

“ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവ് ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി”, വിജയരാഘവന്‍ പറയുന്നു.

കഥാപാത്രത്തിന്റേ വിചിത്രമായ പേരിനെക്കുറിച്ച് സിദ്ദിഖിനോടും ലാലിനോടും ചോദിച്ചിരുന്നെന്നും റാംജിറാവ് വലിയ പുള്ളിയാണെന്ന് മാത്രം പറഞ്ഞ് അവര്‍ ആ ചോദ്യം ചിരിച്ചുതള്ളിയെന്നും വിജയരാഘവന്‍ പറയുന്നു. റാംജിറാവിനെ പുനരവതരിപ്പിക്കുന്ന ‘മാസ്‌കി’ല്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

ഗോപി സുന്ദറിനേയും അഭയയേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായിരുന്നു. എന്നാൽ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അഭയയുടെ പോസ്റ്റ്.

Image result for gopi sundr  abhaya

ഈ സാഹചര്യത്തിലാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്  പരിഹാസവുമായി വന്നയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍ എത്തിയത്. ഒരു ജീവിതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ അഭയയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

എവിടെയാണ് നിങ്ങളുടെ എക്‌സ് എന്ന ചോദ്യവുമായി ഒരാള്‍ വന്നത്. അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍ ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.

പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയമായ താരം തമന്നയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നൊരു ഗോസിപ്പ് നേരത്തെ ഉണ്ടായിരുന്നു.അതിനു കാരണം ഒരു പരസ്യ ചിത്രമായിരുന്നു.2012 ല്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കൊപ്പം തമന്ന വേഷമിട്ട ആ പരസ്യ ചിത്രം വന്നതോട് കൂടിയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.

തുടര്‍ന്ന് തമന്നയും കൊഹ്ലിയും പിരിഞ്ഞുവെന്നും പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായെന്നും അന്ന് പ്രചരണങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമന്നയിപ്പോള്‍. ഒരു അഭിമുഖത്തിലാണ് തമന്ന മനസ്സു തുറന്നത്.

പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കൊഹ്ലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കൊഹ്ലിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കൊഹ്ലി. അത് പറയാതെ വയ്യയെന്നും തമന്ന പറഞ്ഞു.

പാക്കിസ്ഥാനിൽ തടവിലായ ഇന്ത്യൻ വൈമാനികന് നല്ല സ്വീകരണം നൽകുമെന്ന് ട്വീറ്റ് ചെയ്ത പാക് നടി വീണമാലിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. വീണ മാലിക്കിന് അതേ നാണയത്തിൽ മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തുകയും ചെയ്തു. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ചോദിച്ചു. ഇന്ത്യ– പാക് നടിമാരുടെ ഏറ്റുമുട്ടലിൽ ആരാധകരും അണിച്ചേർന്നതോടെ സമൂഹമാധ്യമങ്ങൾ യുദ്ധക്കളമായി മാറുകയും ചെയ്തു. വീണയുടെ നടപടി ബുദ്ധിശൂന്യതയും സംസ്കാര ഇല്ലായ്മയുമാണ് കാണിക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്തു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവന്നു.

ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. അതിനിടെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂര്‍ നീണ്ടു. സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയെന്ന് പാക് റയില്‍വേ അറിയിച്ചു.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ഇതുവരെ അഭിനേതാവായി എത്തിയിട്ടില്ല. ഏഴു വര്‍ഷത്തെ ഇടവേള. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ തിരിച്ചറിയാനും കൈ വീശി പ്രതികരിക്കാനും കഴിയുന്നുണ്ട്. ആരോഗ്യം പൂര്‍വസ്ഥിതിയില്‍ വീണ്ടെടുക്കാന്‍ ജഗതിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യിപ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ജഗതിയെ അങ്ങനെ വീണ്ടും കാമറയ്ക്കു മുമ്പില്‍ എത്തിക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. മകന്‍ രാജ് കുമാര്‍ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പേരില്‍ തന്നെയായി മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പരസ്യ ചിത്ര നിര്‍മാണ കമ്പനി മകന്‍ രാജ് കുമാര്‍ തുടങ്ങി. ആദ്യ പരസ്യം അതിരപ്പിള്ളി സില്‍വര്‍

സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റേതായിരുന്നു. ജഗതിയെ കാമറയില്‍ പകര്‍ത്തി നടന്‍ മനോജ് കെ ജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വെള്ളിത്തിരയില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ജഗതിയെ തിരിച്ചു കിട്ടാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, ജഗതിയെ സ്ക്രീനില്‍ വീണ്ടും കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷമായിരുന്നു അതിരപ്പിള്ളിയില്‍ അരങ്ങേറിയത്. സ്വിച്ച് ഓണ്‍ കര്‍മത്തിന് ആരെ ക്ഷണിക്കുമെന്ന് ചര്‍ച്ച ചെയ്തു. ഒരുപാട് പേരുമായി ജഗതി ശ്രീകുമാറിന് ആത്മബന്ധമുണ്ട്. പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മനോജ് കെ ജയനാണ്. അങ്ങനെയാണ് മനോജ് കെ ജയനെ ചടങ്ങിന് ക്ഷണിച്ചതെന്ന് മകള്‍ പാര്‍വതി ഷോണ്‍ വ്യക്തമാക്കി. മനോജ് കെ ജയന്‍ കാമറ ചലിപ്പിച്ചപ്പോള്‍ കാമറയിലേക്ക് നോക്കി ജഗതി കൈ വീശി.

കൂടുതല്‍ ഷോട്ടുകള്‍ അടുത്ത ദിവസം അതിരപ്പിള്ളിയില്‍ ചിത്രീകരിക്കും. കാലില്‍ തൊട്ടു വന്ദിച്ച ശേഷമാണ് മനോജ് കെ ജയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നത്. വിദേശ പര്യടനത്തിനിടെ മലയാളി അടുത്തോടി വന്ന് ജഗതി ഇനി മടങ്ങി വരുമോയെന്ന് ആകാംക്ഷയോടെ ചോദിച്ച കാര്യം മനോജ് കെ. ജയന്‍ ഓര്‍ത്തെടുത്തു. ആ ആരാധകന്‍റെ കണ്ണുകള്‍ ആ ചോദ്യത്തോടൊപ്പം നിറഞ്ഞിരുന്നു. ഇങ്ങനെ, നിരവധി ആരാധകര്‍ ജഗതിയുടെ മടങ്ങി വരവും പ്രതീക്ഷിച്ച് ഇരിക്കുന്നതായി മനോജ് കെ ജയന്‍ പറഞ്ഞു. പേരക്കുട്ടികള്‍ക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്.

Image result for kerala state film award

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.

ദിലീപ്–നാദിർഷ സൗഹൃദം, വേദിയിലും വെള്ളിത്തിരയിലും ജീവിതത്തിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം വളരെ പ്രസിദ്ധമാണ്. ദിലീപിന്റെ ജീവിതത്തിലെ നല്ല സമയത്തും മേശം സമയത്തും ഒപ്പമുണ്ടായിരുന്നതും നാദിർഷയാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ദീലീപ് മനസ് തുറന്നപ്പോഴാണ് നാദിർഷയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരുവിവരം അദ്ദേഹം പങ്കുവയ്ക്കുന്നത്.

കുട്ടിക്കാലത്ത് നാദിർഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്നത്തിലൂടെ അതു മാറ്റിയെടുത്ത് ഉയരങ്ങളിലെത്തിെയന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ ചിത്രത്തില്‍ ദിലീപ് വിക്കനായാണ് അഭിനയിക്കുന്നത്. ബാലൻ വക്കീലിെന അഭിനയിച്ചു ഫലിപ്പിക്കാൻ ദിലീപിനു പ്രചോദനമായതും നാദിർഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിർഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.

‘വേറിട്ട വേഷങ്ങളെല്ലാം പരീക്ഷണങ്ങളാണ്. നമ്മുടെ കൺമുന്നിൽ കാണുന്ന ആളുകളെ നിരീക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും എനിക്കു ലഭിക്കാറുണ്ട്. സാധാരണ കഥാപാത്രങ്ങളെ സ്ഥിരമായി ചെയ്യുമ്പോൾ ഒരു മടുപ്പ് തോന്നും. ജീവിതത്തോട് അടുത്തു നിൽക്കുന്ന വേഷങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലർത്തുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതു മറ്റുള്ളവർക്കു പ്രചോദനമാകാനും ഞാൻ ശ്രമിക്കാറുണ്ട്.
ബാലൻ വക്കീൽ വിക്കുളളയാളാണ്. എന്നാൽ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോൾ മനസ്സിലാകും അയാൾക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാൽ മനസ്സിലാകും- നാദിർഷ.

എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസ്സിലായി. പക്ഷേ നിങ്ങൾ നോക്കൂ, ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു. അവൻ ഇപ്പോൾ എവിടെയെത്തി. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരൻ, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരൻ.’–ദിലീപ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved