Movies

വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

നടി മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന സിനിമ. നായികാവേഷത്തിൽ രാധയെന്ന നാടൻപെൺകുട്ടിയായി തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമ ലോകം വച്ചുനീട്ടിയത് ഒട്ടേറെ സുന്ദരവേഷങ്ങളായിരുന്നു. എന്നാൽ, ലോഹിതദാസിന്റെ സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ആനിയെ ആയിരുന്നുവെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’–സിന്ധു പറഞ്ഞു.

ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. ‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’.

ലോഹിതദാസിന്റെ യഥാർഥ ജീവിതത്തേയും തനിയാവർത്തനം എന്ന ചിത്രം പിടിച്ചു കുലുക്കിയിരുന്നുവെന്ന് സിന്ധു പറഞ്ഞു.

‘മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’.

‘മലയാളസിനിമയിൽ ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’

‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’

‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’.–സിന്ധു പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ അവസാനഘട്ട ചിത്രീകരണം ലക്ഷദ്വീപില്‍. ചിത്രത്തിലെ ഫൈറ്റ് സീനാകും ലക്ഷദ്വീപില്‍ ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും നൂറു കണത്തിന് കാറുകളെയും ഉള്‍ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരവനന്തപുരത്ത് നടന്നിരുന്നു. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്.

ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

അകാലത്തിൽ പൊലിഞ്ഞവയലിൻ മാന്ത്രികൻ ബാല ഭാസ്കറിന് സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സമർപ്പണം. ‘ടു ബാലു ഫോർ എവർ’ എന്ന ഗാനോപഹാരമാണ് ബാലുവിനായി ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നത്.

സംഗീത സംവിധായകൻ കൂടിയായ ബാല ഭാസ്കറിന്റെ പാട്ടുകൾ അടുക്കിയെടുത്താണ് ‘ടു ബാലു ഫോർ എവർ’ ഒരുക്കിയിരിക്കുന്നത്.ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കർ അപകടത്ത് തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.

മലയാള താര സംഘടന്ക്കും താരങ്ങള്‍ക്കുമെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം പരാമര്‍ശിക്കുന്ന റിമ ഇതാദ്യമായി ദുല്‍ഖറിനെയും വിമര്‍ശനവിധേയനാക്കുന്നു. വിവാദ വിഷയങ്ങളില്‍ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.

ആരെയും ദ്രോഹിക്കാൻ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ സല്‍‌മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.

ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപ്പര്യമില്ലായിരിക്കും.

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.

ദിലീപിന്‍റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം‍. അമ്മയില്‍ നിന്നുള്ള ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഷമ്മിയുടെ വാക്കുകള്‍

കൊച്ചി:അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന്‍ ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്റെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിക്കുന്ന രീതിയിലാണ് ദിലീപിന്റെ കത്തിലെ പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്.

ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

താഴത്ത് വീട്ടില്‍ ഫിലിംസിന്റെ ബാനറില്‍ ‘ചിന്ന ദാദ’, ‘ദി റിയാക്ഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എന്‍ ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘കണ്‍മണി’. കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവന്‍ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റക്കാരനോടുള്ള പ്രകൃതിയുടെ പ്രതികാരം കുറ്റാരോപിതനിലൂടെ നടപ്പിലാക്കി നീങ്ങുന്ന കാലത്തിന്റെ കഥയാണ് കണ്‍മണി പറയുന്നത്. ഗ്രാമത്തിന്റെ ഭംഗിയും തെയ്യത്തിന്റെ നിറവും അസുരതാളവും ചേര്‍ന്ന ദൃശ്യാനുഭവമാണ് ഈ ഹ്രസ്വചിത്രം.

സീരിയല്‍ താരങ്ങളായ സന്തോഷ് കൃഷ്ണ, കെ.പി.എ.സി വിത്സന്‍, മധു പട്ടത്താനം, രാജി കൈമനം, ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേം, പ്രകാശ് കുട്ടന്‍, അബിന്‍ ഡേവിഡ്, വയലിന്‍ ശ്രദ്ധ, കണ്‍മണി, ജ്യോതി അയ്യപ്പന്‍, ശാലിനി ജി കഴക്കൂട്ടം, വിജി ശ്രീകാര്യം, പ്രിന്‍സ് ചിറയില്‍, രതീഷ് കുമാര്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

നിര്‍മ്മാണം: താഴത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍, എന്‍.ടി.വി ചീഫ് ക്യാമറാമാന്‍ ആന്‍ഡേര്‍സണ്‍ എഡ്വേര്‍ഡ് ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സഹ സംവിധാനം: ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേംജിത്ത്, കലാസംവിധാനം: പ്രകാശ് കുട്ടന്‍, ക്യാമറ: സുല്‍ഫി പിക്ചര്‍ ഹണ്ട്, ഗാനരചന: കെ സുഭാഷ് ചേര്‍ത്തല, സംഗീതം: അനില്‍ ഗോപി , സിംഗര്‍: ജീനാ ജോണ്‍സണ്‍, എഡിറ്റിംഗ്: അജയഘോഷ് വെണ്‍മണി, വി എഫ് എക്‌സ്: വിപിന്‍ ചെറുകോല്‍, സ്റ്റില്‍സ്: മനോജ് ലാംപി, സ്റ്റുഡിയോ: മിറമാക്‌സ് വെണ്‍മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കഹാര്‍ വേവ്‌സ് ലാന്റ്, ശബ്ദമിശ്രണം: വേവ്‌സ് ലാന്റ് മ്യൂസിക് മൈനാഗപ്പള്ളി, കോ-ഓര്‍ഡിനേറ്റര്‍: രതീഷ് കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഹെലന്‍, യൂണിറ്റ്, ലൈറ്റ്: സജീവ് ആന്റണി, ലോറന്‍സ്, സെന്റ് ജോര്‍ജ്ജ് ലൈറ്റ് & സൗണ്ട് രാജഗിരി ശാസ്താംകോട്ട. പി.ആര്‍.ഒ: ചെറിയാന്‍ കിടങ്ങന്നൂര്‍, ഡിസൈന്‍സ്: ഫ്‌ലാഷ് ബ്ലാക്ക്, ആദി മണ്ണൂര്‍ക്കാവ്. അസി: ഡയറക്ടേര്‍സ്: അബിന്‍ ഡേവിഡ്, കെവിന്‍ ലാലന്‍, മെയ്ക്കപ്പ്: അനീഷ് പാലോട്.

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത് ഒക്ടോബര്‍ 29 ചിത്രം റിലീസ് ചെയ്യും.

വൈക്കം: അന്ധതയെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്.

 

Image may contain: 19 people, people smiling, people standing

മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

Image may contain: 5 people, people smiling, people standing and indoor

വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി.
Image may contain: 16 people, people smiling, crowd

Image may contain: 8 people, people smiling, people standing

Image may contain: 9 people, people smiling, people standing and outdoor

Image may contain: 3 people, people smiling, people standing and wedding

Image may contain: 16 people, people smiling, crowd

 

ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.

ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved