തൃശൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തിക്കൊണ്ടു പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് നിലവിലെ സംഗീത നാടക അക്കാദമി ചെയര്‍പേ‍ഴ്സണ്‍. അക്കാദമി പ്രവൃത്തനങ്ങളില്‍ താന്‍ തൃപ്തനല്ല. അതിനാലാണ് അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗത്വം ഒരു വര്‍ഷം മുന്പ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ ലഭിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ പത്മശ്രീ ലഭിച്ച വ്യക്തിയെന്ന സ്ഥാനം അക്കാദമി തനിക്ക് നല്‍കിയില്ല. എക്സിക്യുട്ടീവ് മെന്പറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നതല്ലാതെ ആ ഉള്‍പ്പെടുത്തല്‍ ആത്മാര്‍ത്ഥമായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.