നൃത്തത്തിലൂടെയാണ് ഷംന കാസിം ചലച്ചിത്ര രംഗത്തെത്തിയത് . താരം മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലും തെലുങ്കിലുമാണ് ഇപ്പോൾ സജ്ജീവമായിരിക്കുന്നത് . പുതിയ ചിത്രത്തിന് വേണ്ടി ഷംന കാസിം തല മൊട്ടയടിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് . എന്നാൽ അതില്‍ തനിക്കൊട്ടും മനസാക്ഷിക്കുത്തില്ല എന്നാണ് നടി പറയുന്നത്.
കൊടി വീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംന കാസിമിന്റെ സാഹസിക പ്രവൃത്തി. കൊടിവീരന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഷംന കാസി പറയുന്നു.ചത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഷംന തല മൊട്ടയടിച്ചത്. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ട് എന്നാണ് ഷംന പറയുന്നത്.
മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഉള്ള സന്തോഷവും നടി മറച്ചുവച്ചില്ല. അതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നുവത്രെ.കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. തല ഷേവ് ചെയ്ത ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്‌പെന്‍സാണ്. എന്നും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംതൃപ്തിയാണെന്ന് നടി പറയുന്നു.
തല മൊട്ടയടിയ്ക്കണം എന്ന് പറയുമ്പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിയ്ക്കും. പക്ഷെ ഞാന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്- ഷംന പറഞ്ഞു.വളരെ അധികം പ്രതീക്ഷയോടെയാണ് ഷംന കാസിം കൊടി വീരന്‍ എന്ന ചിത്രം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ശരവക്കത്തി എന്ന ചിത്രം ഷംന പൂര്‍ത്തിയാക്കി. ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് ശരവക്കത്തി. സുവര്‍ണ സുന്ദരി എന്ന തെലുങ്ക് ചിത്രമാണ് ഷംനയുടെ മറ്റൊരു പുതിയ ചിത്രം
ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചോദ്യമാണിത്. ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമയിലെ ശ്വേത മേനോന്റെ ലുക്കാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. മുമ്പ് നടി ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇത്രയും വലിയ മാറ്റം ഉണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. നടിയാണ് ജുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സാഹചര്യങ്ങള്‍ കൊണ്ട് ശ്വേത മേനോന് രണ്ട് കഥാപാത്രങ്ങളാവേണ്ടി വരികയാണ്. ഒപ്പം ഹിന്ദി നടനായ ആദില്‍ ഹുസൈന്‍ ഇറാനിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത് വന്നിരുന്നു. അതില്‍ ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്.
[ot-video][/ot-video]
നടന്‍ നിവിന്‍ പോളിക്കെതിരെ ആരോപണവുമായി നാന വാരികയുടെ കുറിപ്പ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ സ്റ്റില്‍സ് ചിത്രീകരിക്കാന്‍ എത്തിയ വാരികയുടെ പ്രതിനിധികളെ ചിത്രമെടുക്കുന്നത് നിവിന്‍ വിലക്കിയെന്നാണ് ആരോപണം. സിനിമയുടെ നിര്‍മ്മാതാവ് അനില്‍ അമ്പലക്കരയും സംവിധായകന്‍ ശ്യാമപ്രസാദും സമ്മതം നല്‍കിയിട്ടും നിവിന്‍ പോളി ലൊക്കേഷനില്‍ നിന്ന് ചിത്രം പകര്‍ത്തുന്നത് വിലക്കിയെന്നാണ് നാനാ സിനിമാ വാരികയിലും ഫേസ്ബുക്കിലുമായി നല്‍കിയ കുറിപ്പ്. നിവിന്റെ ഈ പ്രവണത മലയാള സിനിമയ്ക്ക് ഭൂഷണമോ?’ എന്ന തലക്കെട്ടിലാണ് ലേഖനം.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
”രണ്ടാഴ്ച മുമ്പാണ് ടൈറ്റസ് വര്‍ഗ്ഗീസ് വിളിച്ചത്. ടൈറ്റസിനെ ഞങ്ങളറിയും. കൊല്ലത്തുകാരനാണ്. സിനിമാപ്രവര്‍ത്തകനും. നിവിന്‍പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ ഷൂട്ടിംഗ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തുവെന്നും അത് കവര്‍ ചെയ്യാന്‍ എത്തണമെന്നും ആവശ്യപ്പെട്ടാണ് ടൈറ്റസ് വിളിച്ചത്.
ചിത്രത്തില്‍ നിവിന്റെ നായികയായി അഭിനയിക്കുന്ന തൃഷയും രണ്ടുദിവസത്തെ വര്‍ക്കിനായി എത്തുന്നുണ്ടെന്നും അവര്‍ കൂടിയുള്ള ദിവസം വന്നാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് അനില്‍ അമ്പലക്കര പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ടൈറ്റസ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്ററാണ് ടൈറ്റസ്. സ്ഥിരീകരണത്തിനായി ഞങ്ങള്‍ അനിലിനെ തന്നെ നേരിട്ട് വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. രണ്ട് ആവര്‍ത്തിയായപ്പോള്‍ ആ ശ്രമം തന്നെ ഉപേക്ഷിച്ചു.
എന്നാല്‍ അടുത്തദിവസം രാവിലെ അനില്‍ ഞങ്ങളെ തിരിച്ചുവിളിച്ചു. ഞങ്ങള്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
സിനിമയുടെ രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞെന്നും ഇനി മീഡിയയെ കവര്‍ ചെയ്യാന്‍ അനുവദിക്കുകയാണെന്നുമാണ് അനില്‍ ആമുഖമായി പറഞ്ഞത്.
‘ആഗസ്റ്റ് എട്ടും ഒമ്പതും തീയതികളിലാണ് തൃഷയുള്ളത്. നിങ്ങള്‍ ആ ദിവസങ്ങളില്‍ വന്നാല്‍ ഞാനും അവിടെയുണ്ടാകും. എല്ലാ സൗകര്യങ്ങളും ചെയ്തുതരാം.’ അനില്‍ വാഗ്ദാനം ചെയ്തു.
ഏഴാം തീയതിതന്നെ ഞങ്ങള്‍ എറണാകുളത്തെത്തി. ഷൂട്ടിംഗ് ലൊക്കേഷന്‍ ചെറായി ബീച്ചാണ്. എറണാകുളത്തുനിന്ന് മുപ്പത് കിലോമീറ്ററോളം യാത്ര തന്നെയുണ്ട് ചെറായിയിലേക്ക്. അടുത്തദിവസം രാവിലെ തന്നെ ഞങ്ങള്‍ ചെറായിയിലേക്ക് പോയി. പത്തുമണിയായപ്പോള്‍ ലൊക്കേഷനിലെത്തി.
കാറ്റാടി മരങ്ങള്‍ നിറഞ്ഞ വിശാലമായ കടല്‍ത്തീരം. അവിടെ മനോഹരമായൊരു സെറ്റ് തീര്‍ത്തിരിക്കുന്നു. വിവാഹവേദിയുടെ കെട്ടും മട്ടും അലങ്കാരങ്ങളും.
ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. കടലിനഭിമുഖമായി ഒരു കസേരയില്‍ ശ്യാമപ്രസാദ് ഇരിക്കുന്നു. ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുന്ന ഒരു ബാന്റ് മ്യൂസിക് ആസ്വദിക്കുകയാണ് അദ്ദേഹം.ഞങ്ങളെ കണ്ടപ്പോള്‍ ശ്യാം പാട്ടിന്റെ ലഹരിയില്‍ നിന്നുണര്‍ന്നു. പിന്നെ ഹസ്തദാനത്തോടെ ഹാര്‍ദ്ദവമായ സ്വീകരണം.
സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ഗോവയില്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ഗാനരംഗമായിരുന്നു എന്നും അവിടെ മഴക്കാലമെത്തിയതോടെ ഇങ്ങോട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു എന്നുമാണ് ശ്യാം പറഞ്ഞത്.
ഇതിനിടെ അനില്‍ അമ്പലക്കരയും എത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍നിന്നുള്ള ഉണ്ണിയപ്പവുമായിട്ടാണ് വരവ്. അത് ലൊക്കേഷനിലുള്ള എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. അനില്‍ നിറഞ്ഞ സന്തോഷത്തിലായിരുന്നു. തൃഷയുടെ പടമെടുക്കാനുള്ള സൗകര്യം അവരുടെ മാനേജരോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അനില്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
പന്ത്രണ്ട് മണിയായി ഷൂട്ടിംഗ് ആരംഭിക്കാന്‍. ആദ്യമെത്തിയത് തൃഷയായിരുന്നു. ഒരു ചുവന്ന ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്. പിന്നാലെ നിവിനുമെത്തി. ഒരു ബ്രേക്കിനിടെ നാനയുടെ ഫോട്ടോഗ്രാഫര്‍, നിവിന്റെ പടമെടുക്കാന്‍ ഒരുങ്ങി. പെട്ടെന്ന് നിവിന്‍ വിലക്കി.
‘ചേട്ടാ പടത്തിന്റെ ഒരു സ്റ്റില്‍സുപോലും ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് പടമെടുക്കരുത്.’
അദ്ദേഹം ക്യാമറ താഴ്ത്തി. അല്‍പ്പം നിരാശയോടെ. നിര്‍മ്മാതാവ് അനില്‍ തൊട്ടടുത്തുണ്ട്. നിവിന്റെ നിസ്സഹകരണം അറിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തും കരിനിഴല്‍ വീണു. ഒരല്‍പ്പം കഴിഞ്ഞില്ല. ഞങ്ങളുടെ അടുത്തേയ്ക്ക് തൃഷയുടെ മാനേജര്‍ എത്തി. തൊട്ടുമുമ്പുവരെയും അയാള്‍ തൃഷയ്ക്കും നിവിനുമൊപ്പമുണ്ടായിരുന്നു. വന്നപാടെ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
‘നിവിനും തൃഷയും ഒരുമിച്ച് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതേവരെ പുറത്തിറങ്ങിയിട്ടില്ല. അതിറങ്ങിയ ശേഷം, അവര്‍ ഒരുമിച്ചുള്ള പടം പുറത്തുവിട്ടാല്‍ മതിയെന്നാണ് പറയുന്നത്. എന്നുമാത്രമല്ല തൃഷ അണിഞ്ഞിരിക്കുന്ന ഗൗണും അത്ര നല്ലതല്ല. ചുണ്ടില്‍ ആവശ്യത്തിലധികം ലിപ്സ്റ്റിക്കുമുണ്ട്. അതുകൊണ്ട് പടമെടുക്കരുത്.’
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പകരം വിവരം സംവിധായകനെ ധരിപ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് അനിലും വന്നു. ശ്യാമപ്രസാദിനെകണ്ട് കാര്യം പറഞ്ഞു. ‘ഇന്നത്തെ തലമുറയല്ലേ. അവര്‍ക്ക് ചില താല്‍പ്പര്യങ്ങളും രീതികളുമുണ്ട്. അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനാണ് ഇഷ്ടം. എങ്കിലും നമുക്കൊന്ന് വെയിറ്റ് ചെയ്യാം. അവര്‍ ഒന്ന് സെറ്റിലാകട്ടെ.’ ശ്യാം പറഞ്ഞു.
ഞങ്ങള്‍ കാത്തിരുന്നു. സമയം പോകുന്നതല്ലാതെ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. ഞങ്ങള്‍ വീണ്ടും ശ്യാമിനെ സമീപിച്ചിട്ടുപറഞ്ഞു.
‘നിവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ പോകുകയാണ്. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.’ ശരിയെന്ന് ശ്യാമും പറഞ്ഞു.
നിവിനെ കണ്ട് ഫോട്ടോയെടുക്കാന്‍ കഴിയുമോയെന്ന് തിരക്കി. അപ്പോള്‍ നിവിന്റെ മറുപടി ഇങ്ങനെ.
‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ട് ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ വന്നാല്‍ മതിയെന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്.’
ഞങ്ങള്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. ശ്യാമിനെകണ്ട് കാര്യം പറയുകയായിരുന്നു.
‘ഡയറക്ടര്‍ സമ്മതിക്കുന്നില്ലെന്നാണല്ലോ നിവിന്‍ പറഞ്ഞത്.’
‘ഞാനങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ എന്തുചെയ്യാന്‍ പറ്റും. ഇന്നത്തെ കുട്ടികള്‍ അങ്ങനെയായിപ്പോയില്ലേ? അവര്‍ക്കൊപ്പം ഞാനും നില്‍ക്കുന്നുണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കണമല്ലോ.’ നിസ്സഹായത നിറഞ്ഞതായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി.
പിന്നൊരു കലഹത്തിന് ഞങ്ങളും നിന്നില്ല. സന്തോഷപൂര്‍വ്വം അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങി.
കഴിഞ്ഞയാഴ്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ സെറ്റ് കവറേജ് ചെയ്യാന്‍ പോയ ഞങ്ങള്‍ക്ക് നേരിട്ട അനുഭവമാണ് ഒരല്‍പ്പംപോലും നിറം കലരാതെ പറഞ്ഞത്. മാദ്ധ്യമപ്രവര്‍ത്തകരുടെ തൊഴിലിടങ്ങളില്‍പോലും അവരെ ജോലി ചെയ്യാന്‍ അനുവദിക്കാത്തവിധം നമ്മുടെ ന്യൂജനറേഷന്‍ താരങ്ങള്‍ വളര്‍ന്നിരിക്കുന്നു. അവരുടെ കപടമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാണ് ഇത്.
ആദ്യം ഫോട്ടോയെടുക്കരുതെന്ന് ഫോട്ടോഗ്രാഫറെ വിലക്കുന്ന നിവിന്‍ അതിന് കാരണമായി പറഞ്ഞത് ചിത്രത്തിന്റെ സ്റ്റില്‍സുകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ്. എന്നാല്‍ സത്യം അതല്ല. അതിന്റെ തലേദിവസം തന്നെ നാനയടക്കമുള്ള പത്രമാധ്യമങ്ങളിലേക്ക് ഹേ ജൂഡിന്റെ ചിത്രങ്ങളും മാറ്ററുകളും പി.ആര്‍.ഒ വഴി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച അത് അച്ചടിച്ചുവരികയും ചെയ്തു.
ഇതും പോരാഞ്ഞിട്ടാണ് നിവിന്‍, തൃഷയുടെ മാനേജരെ ദൂതനായി ഞങ്ങളുടെ അടുത്തേയ്ക്ക് അയച്ചത്. തൃഷയും നിവിനും കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് അയാള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നശേഷം അവരുടെ പടമെടുത്താല്‍ മതിയത്രെ.
പിന്നീട് ഇത് ക്ലാരിഫൈ ചെയ്യാന്‍ ചെന്ന ഞങ്ങളോട് നിവിന്‍ പറഞ്ഞത് സംവിധായകന്‍ സമ്മതിക്കാത്തതുകൊണ്ട് ഫോട്ടോയ്ക്ക് പോസുചെയ്യുന്നില്ലെന്നാണ്.
അക്കാര്യം പിന്നീട് ശ്യാം തന്നെ നിഷേധിച്ചതോടെ പുറത്തുവന്നത് നിവിന്‍ എന്ന കലാകാരന്റെ ഇരട്ടമുഖമാണ്.
സത്യത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് തൃഷ പറഞ്ഞില്ല. നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് അവര്‍ ഫോട്ടോയെടുക്കാന്‍ തയ്യാറുമായിരുന്നു. പക്ഷേ തൃഷയുടെ മനസ്സ് മാറ്റിച്ചത് ആരായിരുന്നു?
അടുത്തിടെ ഈ താരം തന്നെ നിര്‍മ്മിച്ച ഒരു ചിത്രമുണ്ട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.’ അതില്‍ ഈ നടന്റെ അമ്മ വേഷം ചെയ്തത് ശാന്തികൃഷ്ണയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ നാളില്‍ ഒരിക്കല്‍ ശാന്തികൃഷ്ണയെ കാണാന്‍ ഞങ്ങള്‍ പോയി. ഫോട്ടോഷൂട്ടിന്റെ കാര്യം ചര്‍ച്ചാവിഷയമായപ്പോള്‍ അവര്‍ പറഞ്ഞത് ‘ഈ സിനിമ റിലീസായതിന് ശേഷം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യാവൂ എന്ന് നിവിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്.’
ഉന്നതശീര്‍ഷരായ കലാകാരന്മാരും അവരുടെ ഉയര്‍ന്ന മനസ്സും അവരുടെ അക്ഷീണപ്രയത്നവും കൊണ്ട് കെട്ടിപ്പടുത്ത ഒരു മഹാസാമ്രാജ്യത്തിലെ അണുമാത്രമാണ് നടന്മാര്‍. അതിനുമേല്‍ ഒരു വിശേഷപ്പെട്ട സര്‍വ്വാധികാരവും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല.
സെറ്റ് കവര്‍ ചെയ്യേണ്ട എന്ന തീരുമാനം ശ്യാമിനും ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊരു ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് മുന്‍കൂട്ടി ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ക്ക് അതിന് അനുഭവവുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കവര്‍ ചെയ്യാനനുവദിച്ച സംവിധായകനാണദ്ദേഹം. ആകെ ഒരു നിയന്ത്രണം പറഞ്ഞത് ‘ഒരേ കടല്‍’, ‘അകലേ’ എന്നീ രണ്ട് സിനിമകളുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു.
ഈ കുലീനത്വം കാണിച്ച ശ്യാം പോലും നിവിന് മുന്നില്‍ കീഴടങ്ങുന്നതുകണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഒരു സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകന്‍ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാന്‍.
ഇനി ഇതിന് എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്.
പണ്ട് മുതലാളിമാര്‍ എന്ന ആദരവോടെ, വിശിഷ്ടമായ സ്ഥാനം നല്‍കി മലയാളസിനിമയെന്നല്ല ആ ഇന്‍ഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട്- നിര്‍മ്മാതാക്കള്‍. അവരെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപല്‍സൂചനയാണ്. അത്തരക്കാര്‍ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്.
ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. പൊതുറോഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്‌തു.
രാവിലെ 11മണിയോടെ സണ്ണി ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30ഓടെയാണ് സണ്ണി എത്തിയത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ബഹളം വയ്‌ക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു.
സണ്ണിയെ കാണുന്നതിനായി ആയിരങ്ങൾ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്.
ലോക സിനിമയിൽ ഇത്രയധികം ആരാധിക്കപ്പെട്ടിട്ടുള്ള പ്രണയ ജോടികൾ വേറെയുണ്ടാകില്ല. ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിലെ ജാക്കും റോസും. വലിയ ദുരന്തമായി മാറിയ ടൈറ്റാനിക് എന്ന കപ്പലിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഈ രണ്ട് കഥാപാത്രങ്ങള്‍ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിൽ റോസ് ആയി വേഷമിട്ടത് കേറ്റ് വിൻസ്‍ലെറ്റ് ആയിരുന്നു. ജാക്കായി വന്നത് വിഖ്യാത നടൻ ലിയനാഡോ ഡി കാപ്രിയോയും.
ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങൾക്കിടയിലുണ്ടായിരുന്ന മാനസിക അടുപ്പം യഥാർഥ ജീവിതത്തിലെ സുഹൃദ് ബന്ധത്തിലുമുണ്ട്. ലിയനാഡോ ഡി കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്‌കർ ലഭിച്ചപ്പോഴുള്ള കേറ്റിന്റെ പ്രതികരണം അതിനുള്ള ഏറ്റവും മനോഹരമായ ഉദാഹരണമാണ്.
ഫ്രാൻസിന്റെ തെക്കു വശത്തുള്ള ഒരിടത്തുള്ള ലിയനാഡോ ഡി കാപ്രിയോയുടെ ആഡംബര എസ്റ്റേറ്റിലാണ് ഇരുവരുമെത്തിയതെന്ന് ഡൈലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബിക്കിനിയണിഞ്ഞ കേറ്റും ബർമുഡയണിഞ്ഞ ലിയനാഡോ ഡി കാപ്രിയോയും നാല്‍പതു പിന്നിട്ടെങ്കിലും എപ്പോഴത്തേയും പോലെ ഹോട്ടും ഗ്ലാമറസുമാണ്. മൂന്നു കുട്ടികളുടെ അമ്മയാണ് കേറ്റ്. ലിയനാഡോ അവിവാഹിതനായി തുടരുന്നു.
മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബേത്‌ലഹേം. 1998ലെ ഓണക്കാലത്ത് തീയറ്ററുകളില്‍ ഉത്സവം തീര്‍ത്ത ഈ സിബിമലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും ജയറാമിനും മഞ്ജുവാര്യര്‍ക്കുമൊപ്പം താരരാജാവ് മോഹന്‍ലാലും അണിനിരന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബേത്‌ലഹേമിലെ ആ സമ്മര്‍കാലം ചലച്ചിത്രപ്രേമികളില്‍ വിസ്മയമായി ഇന്നും തുടരുകയാണ്.
എന്നാല്‍ ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച നായിക ആരാണെന്ന സംശയം ഇന്നും ഏവരിലും ബാക്കിയാണ്. സംവിധായകനും താരങ്ങളും നാളിതുവരെ ആ രഹസ്യം പരസ്യമാക്കിയിട്ടുമില്ല.എന്നാല്‍ ഇപ്പോള്‍ ആ പൂച്ചയെ അയച്ച സുന്ദരി ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ അഞ്ജാത സുന്ദരി മഞ്ജു വാര്യരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.
സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം. ആറാം തമ്പുരാനില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും മഞ്ജൂവും വരുന്ന ഒരു രംഗത്ത് ഒരു പൂച്ചയെ കാണിക്കുന്നുണ്ട്. ഈ ദൃശ്യം വച്ചു കൊണ്ടാണ് സോഷ്യല്‍മീഡിയയുടെ പുതിയ കണ്ടെത്തല്‍. സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലഭവന്‍ മണി എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. കേരളത്തില്‍ പ്രേമം ഉണ്ടാക്കിയ മലര്‍ തരംഗമാണ് ഫിഡ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സായ് തീര്‍ത്തത്. തുടര്‍ന്ന് താരത്തിന് നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും വളരെ സൂക്ഷിച്ച് മാത്രമാണ് ഓരോ ചിത്രവും ചെയ്യുന്നത്.
ഫിഡയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സായ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മാള്‍ ഉദ്ഘാടനത്തോട് സായ് ‘നോ’ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു മാള്‍ അധികൃതര്‍ സായ് പല്ലവിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. എന്നാല്‍ താന്‍ വരില്ലെന്നും ഇത്രയും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.
ഒരു ഡോക്ടറാകാനായിരുന്നു താന്‍ ആഗ്രഹിച്ചത്. ഡോക്ടര്‍ സ്വപ്നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമാണ് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ അല്ലെങ്കില്‍ ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളാണെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താന്‍ ഉദ്ഘാടനം ചെയ്യുമെന്നും സായ് പറഞ്ഞു.
തനിക്കേറ്റവും ഇഷ്ടപ്പെട്ട നടി സുരഭി ലക്ഷ്മിയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്നും കഥാകൃത്ത് വെളിപ്പെടുത്തുന്നു. മമ്മൂട്ടിയും വളരെ ഇഷ്ടപ്പെട്ട നടനാണ്. എന്നുകരുതി എഴുപതാം വയസില്‍ അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുളള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. അവരൊക്കൊ ഒന്നാന്തരം ആക്ടേഴ്‌സാണ്.
എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണ്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബെസ്റ്റല്ലേ എന്ന് ചോദിച്ച് പുകഴ്ത്താനും അദ്ദേഹം മടിക്കുന്നില്ല.
തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തില്‍ കമലിന്റെ രാപ്പകല്‍. നെഗറ്റീവ് മെസേജ് ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത ഒരു സംവിധായകനാണ് കമല്‍. അതുപോലെ തന്നെ രഞ്ജിത്തിന്റെ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ മലയാളത്തിന്റെ ക്ലാസിക്കാണെന്നാണ് തന്റെ വിശ്വാസമെന്നും പത്മനാഭന്‍ പറയുന്നു.
തമിഴ് നടന്മാരായ വിജയ്യുടെയും സൂര്യയുടെയും ആരാധകര്‍ തമ്മിലുള്ള തമ്മിലടിയില്‍പ്പെട്ടത് ഇത്തവണ അനുശ്രീയാണ്. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരുടെ തമ്മിലടിയിലേയ്ക്ക് നയിച്ചത്. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്.
വിജയ്യുടെ വലിയ ഫ്ളക്സിനു മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്.
ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാന്‍സ് ട്രോളുമായി എത്തിയത്. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ നടിക്കെതിരായ ട്രോളിന് അവസാനം ഉണ്ടായില്ല. സംഭവത്തില്‍ പ്രതികരണവുമായി നടിയ്ക്ക് വീണ്ടും ഫേസ്ബുക്കില്‍ എത്തേണ്ടിയും വന്നു.
ഞാന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ ആ പോസ്റ്റിനെ കണ്ടത്. വിജയ് സാറിനെപ്പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ ഞാന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതു പോലെ ചിന്തിച്ചിട്ടു പോലുമില്ല. ആരെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.വിജയ് സാറിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല. മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്.
വിജയ് സാര്‍ മഹാനായ നടനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരിക്കലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണെന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഒരു ഫോട്ടോ ഇട്ടെന്ന് മാത്രം.ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു, ഇനി മുതല്‍ ഇഷ്ടപ്പെടില്ലയെന്നും പലരും പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല.
എന്റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ പിന്നെ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. ഇനിയും അതു വേണം. ഈ സംഭവം കാരണം അതില്ലാതാകരുതെന്നും അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു
മലയാള സിനിമയിലെ മെഗാതാരമെന്ന വിശേഷണം സ്വന്തമാക്കുന്നതിനു മുമ്പെ കേരള ജനതയ്ക്ക് മമ്മൂട്ടിയെ അറിയാം. ചില തെറ്റുകള്‍ കണ്ടാല്‍ മമ്മൂക്ക അത് വിളിച്ചു പറയും. ചിലരൊക്കെ ജാഡയാണെന്നൊക്കെ പറയുമെങ്കിലും അതല്ല സത്യമെന്ന് മെഗാസ്റ്റാറിനെ അറിയാവുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോ ജാഡയാണെന്ന് പറയുമെന്ന പേടിയില്‍ കണ്ണില്‍ കണ്ടത് പറയാതെ പോകുന്ന ശീലം മമ്മൂട്ടിക്കില്ല.
സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന്‍ സ്റ്റാറാ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വം നടന്നു. മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം അണിനിരന്നു.
ചടങ്ങില്‍ അവതാരകയുടെ അശ്രദ്ധയ്ക്കും അറിവില്ലായ്മയ്ക്കും ഒരു കൊട്ട് കൊടുത്തിട്ടാണ് മമ്മൂട്ടി മടങ്ങിയത്. പരിപാടി അവതരിപ്പിക്കാനെത്തിയ അവതാരക പങ്കെടുക്കുന്നവരുടെ പേര് തെറ്റായി വായിച്ചാല്‍ എങ്ങനെയിരിക്കും. എന്തായാലും മമ്മൂട്ടി പ്രതികരിച്ചു.
കലാഭവന്‍ ഷാജോണിന്റെ പേരാണ് അവതാരിക തെറ്റായി വായിച്ചത്. കലാഭവന്‍ ഷാജോണിനെ ഷാനുവെന്നാണ് അവതാരക വിളിച്ചത്. ഇതിന് അവതാരകയ്ക്ക് നല്ല ഉഗ്രന്‍ മറുപടിയാണ് മമ്മൂട്ടി സ്റ്റേജില്‍വച്ചുതന്നെ നല്‍കിയത്. ‘ പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും’ അവതാരകയോടായി മമ്മൂട്ടി പറഞ്ഞു.
ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. എന്തായാലും അവതാരകമാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഇത്തരം മറുപടി അനിവാര്യമാണെന്ന വികാരമാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്. പത്തുപേര്‍ അറിയുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് പേര് തെറ്റായി പറയുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും ഇനിയെങ്കിലും അവതാരകമാര്‍ ശ്രദ്ധിക്കുമെന്നുറപ്പാണ്.
[ot-video][/ot-video]