കരിയര്‍ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയം, ബ്രേക്കപ്പ് തുടങ്ങിയവ ചിമ്പുവിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. 39 കാരനായ നടന്‍ ഇപ്പോഴും അവിവാഹിതനാണ്.
താന്‍ അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിമ്പു ഇപ്പോള്‍. വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് ഭയമുണ്ട് എന്നാണ് ചിമ്പു പറയുന്നത്. 19-ാം വയസ് മുതല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ചിമ്പു പറയുന്നു.
”ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എന്റെ 19ാം വയസ്സ് മുതല്‍ കേള്‍ക്കുന്നതാണ്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്.”
”എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്., തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു” എന്നാണ് ചിമ്പു പറയുന്നത്.
സിജു വില്‍സണെ നായകനാക്കി വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് കൂടിയാണ് ചിത്രം. ഇതിനിടെ ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകൻ പന്തളം ബാലൻ രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടു വർഷം മുന്നേ എം ജയചന്ദ്രന്റെ സംഗീതത്തിൽ താൻ പാടി റെക്കോർഡ് ചെയ്ത പാട്ട് തന്നോട് ഒരു വാക്കുപോലും പറയാതെ വിനയൻ സിനിമയില്‍ നിന്നു നീക്കം ചെയ്തെന്നാണ് പന്തളം ബാലന്റെ ആരോപണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഗീത ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെക്കുറിച്ച് ബാലൻ വിശദീകരിച്ചത്. വിനയനോടുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബാലൻ, നിശിതമായി വിമർശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
19ാം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന, അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
ഈ സിനിമയുടെ സന്ദേശം തന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്കു നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന, എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു. എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.
40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ്, ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ്, ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്.
സംഗീതസംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സർ എന്നെ വിളിച്ചത്. ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്കാരിക പരിപാടികളിലുമെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്.
എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്. വിനയൻ സർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അത് കൊടുക്കുകതന്നെ വേണം. വാക്കും പ്രവൃത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ഇത്.ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര്‍ വീഴ്ത്തിക്കൊണ്ട് ഒരു സംരംഭവും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ടു മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ, സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്.
മലയാള സിനിമയില്‍ ഇന്ന് നിറസാന്നിധ്യമാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും സംവിധായകനായും ഗിന്നസ് പക്രു സിനിമയില്‍ സജീവമാണ്. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സര്‍ക്കസുകാരെ ഭയന്നിരുന്നതായും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലത്ത് സര്‍ക്കസുകാര്‍ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ താന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കര്‍ സിനിമ കഴിഞ്ഞതോടെ താന്‍ സര്‍ക്കസിനെ ഭയങ്കരമായി ആസ്വദിക്കാന്‍ തുടങ്ങി.
അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു.
തന്റെ കൂടെയുള്ളവരില്‍ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു എന്നാണ് പക്രു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഷെറിൻ പി യോഹന്നാൻ
ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?
ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത് എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.
തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.
കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.
രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.
ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.
മഴവില്‍ മനോരമ നടത്തിയ ഷോയുടെ വേദിയില്‍ നടന്‍ ശ്രീനിവാസനെത്തിയിരുന്നു. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ ആ രൂപത്തില്‍ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയെന്ന് മോഹന്‍ലാല്‍ പറയുന്നു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ മനസുതുറന്നത്.
ശ്രീനിവാസന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള, നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ് അത്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഭാര്യയേയും മക്കളേയും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്.
അദ്ദേഹത്തിന്റെ മനസിലെ നന്മ കൂടിയുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത്. ഒരുപാട് കാലത്തിന് ശേഷമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒത്തിരി കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകളൊക്കെ. അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായിരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് മോഹൻലാൽ. അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. എന്നാൽ നടന്നില്ല.
അന്നാണെങ്കില്‍ തീര്‍ച്ചയായും അത് സിനിമയായെനെ ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴത്തിൻ്റെ ചർച്ചയ്ക്ക് ശേഷം ഇപ്പോൾ താൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്ന് മലയാള സിനിമയിൽ ഒരുപാടു മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു അത്. സെറ്റുകളിൽ നിന്നു പുറത്തേക്കു വന്ന സിനിമയാണ് ഓളവും തീരവും. ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തങ്ങൾ ഷൂട്ട് ചെയ്തത്. പ്രിയദർശനാണ് സംവിധാനം. ക്യാമറ സന്തോഷ് ശിവൻ. അന്നത്തെ ലെൻസിങ് ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പഴയ സിനിമ കാണുന്ന പോലെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്ക്കപ്പുറം രാഷ്ട്രീയ മേഖയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. ക്വീന്‍ എലിസബത്തിന്റെ വേര്‍പ്പാടില്‍ രാജ്ഞിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചതു ഓര്‍ക്കുകയാണ് സൂരേഷ് ഗോപി ഇപ്പോള്‍. ‘ ക്വീന്‍ എലിസബത്ത് നാടു നീങ്ങിയ വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ട്. ഒരിക്കല്‍ അവരെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു കാണാനുളള അവസരം എനിക്കു ലഭിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രാജ്ഞിക്കൊപ്പമുളള ചിത്രം സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്.
2017 ലാണ് അന്നത്തെ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം സൂരേഷ് ഗോപി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. ക്വീന്‍ എലിസബത്തിനൊപ്പമുളള സുരോഷ് ഗോപിയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയ്ക്ക് രാജ്ഞിയോടൊപ്പമുളള ചെറു സംഭാഷണത്തിനും അവസരം ലഭിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം പാര്‍ലമെന്റ് അംഗമാണെന്നറിഞ്ഞ രാജ്ഞി പ്രസ്തുത മണ്ഡലത്തെപ്പറ്റി ആരായുകയും ചെയ്തിരുന്നു.
“എഴുപത് വർഷമായി ഇംഗ്ലണ്ടിലെ രാജ്ഞിയായി തുടരുന്ന ക്വീൻ എലിസബത്തിന്റെ മരണവാർത്ത എന്നെ ദുഖത്തിലാഴ്ത്തുന്നു. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകം മുഴുവൻ അവരെ സ്നേഹിച്ചു. 25 വർഷം മുമ്പ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവർ മരുതനായകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരുപക്ഷേ ക്വീൻ എലിസബത്ത് പങ്കെടുത്ത ഒരേയൊരു സിനിമാ ഷൂട്ട് അതായിരിക്കാം. 5 വർഷം മുമ്പ് ലണ്ടനിലെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ച്, ക്വീൻ എലിസബത്തിന്റെ കൊട്ടാരത്തിൽ വെച്ചും അവരെ കണ്ടുമുട്ടാനായത് ഞാനിപ്പോഴും ഓർക്കുന്നു. പ്രിയപ്പെട്ട രാജ്ഞിയുടെ വേർപാടിൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും രാജകുടുംബത്തിനും എന്റെ അഗാധമായ അനുശോചനം,” കമൽഹാസൻ കുറിച്ചു.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്ട്രീയത്തോട് ഒരിക്കലും താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറയുന്നത്. ഏത് പാര്‍ട്ടിയായാലും അതിന്റെ നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
‘എനിക്ക് രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ല അത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്.’ ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂവെന്നും മോഹന്‍ലാല്‍ പറയുന്നു.
അതേസമയം, നടന്‍ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ പേരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം തന്റെ രാഷ്ട്രീയ നിലപാട് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലടക്കം തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണമെന്നും വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു.
മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. ഓണാശംസകൾ അറിയിച്ച് കൊണ്ട് നടൻ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
തനിക്ക് തിരുവോണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഓണത്തിന് തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ലെന്നാണ് ഒന്നാമത്തെ പോയിൻ്‍റായി അദ്ദേഹം പറയുന്നത്.
സെക്കന്റ് പോയിന്റ്, താൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും അദ്ദേഹം പറയുന്നു.
പിന്നെ താൻ പഠിച്ച മറ്റൊരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക. അതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ പോയിന്റ് എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട് എന്നതാണ്.
അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണോന്നും. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം പറയുന്നു.
മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ എത്തുകയാണ്. മോഹന്‍ലാല്‍ വീണ്ടും സംവിധായകനാകുന്നുവെന്നും, മമ്മൂട്ടിയും പൃഥിരാജും ആയിരിക്കും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുമുള്ള അഭ്യൂഹമാണ് എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയിലൂടെ സംവിധാനം ചെയ്ത ഹനീഫ് അദേനിയായിരിക്കും സിനിമയുടെ തിരക്കഥ ഒരുക്കുക എന്നാണ് അഭ്യൂഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള റൂമര്‍.
മോഹന്‍ലാല്‍ അഭിനയിക്കാത്ത ആദ്യ ആശിര്‍വാദ് സിനിമയായിരിക്കുമിത്.’കെജിഎഫി’ന്റെ സംഗീത സംവിധായകനായ രവി ബര്‍സുര്‍ ആയിരിക്കും സിനിമയ്ക്കായി സംഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ റൂമറുകളാണ് ചിത്രത്തിനെ കുറിച്ച് എത്തുന്നത്.
ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടന്നിട്ടില്ലെങ്കിലും നിരവധി ആരാധകര്‍ സിനിമയുടെ ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ഒരുക്കി കഴിഞ്ഞു. സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു ഈ അഭ്യൂഹങ്ങള്‍.
അതേസമയം ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
മോഹന്‍ലാല്‍ വില്ലന്‍ ആയാല്‍ കുഴപ്പമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനോട് ഒരു വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യും എന്നാല്‍ അത് നായകന് കുഴപ്പമാകും. ആ സിനിമയില്‍ നായകന്‍ വേണമെന്നില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ലൂസിഫര്‍ മുതല്‍ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ‘പിന്നെന്താ മോനെ’ എന്നേ പറയൂ. അതുപോലെ തിരക്കഥയാണെങ്കിലും അദ്ദേഹം ചെയ്യും.
പക്ഷെ മലയാളത്തില്‍ മോഹന്‍ലാലിനെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാല്‍ നായകന്റെ കാര്യം കുഴപ്പത്തിലാവും. വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാന്‍ പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല.
നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.