Movies

നടൻ ടൊവീനോ തോമസിന്റെ താരങ്ങളുടെ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരായ കമന്റിനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടണ്ട് എന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നത് ചേരാത്ത ട്രൗസറാണെന്ന് ആയിരുന്നു നടന്റെ പ്രതികരണം. മുൻപും സമാനമായ പ്രതികരണം ടൊവീനോ നടത്തിയിരുന്നു.

അതേസമയം, ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.

‘ടൊവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.’

‘എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലേ’- എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.

ഷെറിൻ പി യോഹന്നാൻ

വീട്, ഫാക്ടറി, ജോലി, അടിപിടി, ഇഡലി, സിഗരറ്റ്, ബിയർ – ഇതായിരുന്നു ധർമയുടെ ജീവിതം. അയൽവാസികളുമായോ ജോലിസ്ഥലത്തുള്ളവരുമായോ അദ്ദേഹത്തിന് ബന്ധങ്ങൾ ഒന്നുമില്ല. ഒരേപോലെ തന്നെ എല്ലാ ദിവസവും തള്ളിനീക്കുന്നു. ധർമയുടെ ഈ ഏകാന്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു നായ എത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.

ഞാൻ ഏറെ നാളായി കാത്തിരുന്ന കന്നഡ ചിത്രമാണ് ‘777 ചാർളി’. അതിന്റെ പ്രധാന കാരണം രക്ഷിത് ഷെട്ടി തന്നെയാണ്. ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ പ്ലോട്ട് മനസ്സിലായി. എന്നാൽ Pet Lovers ലേക്ക് മാത്രം ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നിടത്ത് ഈ സിനിമ വിജയം കാണുന്നു. ഓവർ നന്മ പടങ്ങൾ കാണാൻ ഇപ്പോൾ ഒട്ടും താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഈ ചിത്രത്തിലും പലയിടത്തായി ഓവർ നന്മ കാണാൻ കഴിയും. എന്നാൽ അതൊന്നും ഒരു കുറവായി എനിക്ക് അനുഭവപ്പെട്ടില്ല. അത് ആസ്വാദനത്തെ ഒട്ടും ബാധിക്കില്ല. കാരണം അത്ര സുന്ദരമായിരുന്നു കഥാവിഷ്കാരം.

മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘777 ചാർളി’. ഏകാന്തത അനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് നായ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ധർമയുടെ ജീവിതത്തിലേക്ക് ചാർളി കടന്നുവരുന്നത് ആദ്യ പകുതിയിൽ പറയുന്നു. ചാർളിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇരുവരും നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയിലെ പ്രധാന പ്രമേയം. അതിൽ കണ്ണും മനസ്സും നിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു. നിങ്ങൾ ഒരു Pet Lover ആണെങ്കിൽ ഈ ചിത്രം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ചാർളിയുടെയും ധർമയുടെയും ബന്ധം നിങ്ങളെ ആഴത്തിൽ സ്പർശിക്കും.

കഥയിൽ വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഇത്. കഥ എങ്ങോട്ടൊക്കെ നീങ്ങുമെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നാൽ അവിടെയെല്ലാം സിനിമ നൽകുന്ന ഫീലിലാണ് പ്രേക്ഷകൻ എല്ലാം മറന്ന് കണ്ടിരുന്നു പോകുന്നത്. ചിത്രത്തിലെ നായയുടെ പ്രകടനമാണ് ആദ്യം പറയേണ്ടത്. ഓരോ രംഗങ്ങളും കാണാൻ വളരെ സുന്ദരമാണ്. കൂടെ രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം കൂടിയാവുമ്പോൾ നാം അവരുടെ യാത്രയിൽ ഒരാളാകും. രക്ഷിതിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ ടോപ് ലെവലാണ്. ബോബി സിംഹയുടെ കഥാപാത്ര നിർമിതിയും മികച്ചുനിൽക്കുന്നു.

സുന്ദരമായ കാഴ്ചകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മനസ്സിനോട്‌ ചേരുന്ന അനുഭവമാക്കി മാറ്റുന്നു. രണ്ടാം പകുതിയിലെ ചില ഗാനങ്ങളും ക്ലൈമാക്സിലെ ചില ഫ്രെയിമുകളും പെട്ടെന്ന് മറക്കാൻ കഴിയില്ല. പ്രേക്ഷകരുടെ ഇമോഷൻസിനെയാണ് സംവിധായകൻ ഇവിടെ ലക്ഷ്യം വച്ചത്. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയുടെ മലയാളം ഡബ്ഡ് വേർഷൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ മലയാളം ബോർഡുകളും പത്രവും മാസികകളുമൊക്കെ ചിത്രത്തിൽ കാണാം. ചില വിഎഫ്എക്സ് പോരായ്മകൾ മാറ്റി വെച്ചാൽ ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ‘777 ചാർളി’.

Last Word – മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുതുമയുള്ളതല്ല. എന്നാൽ ഇവിടെ പ്രേക്ഷകനെ വൈകാരികമായി കീഴടക്കാനും സന്തോഷിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു. കലിയുഗത്തിലെ ധർമ്മരാജൻ്റെയും നായയുടേയും കഥ തിയേറ്ററിൽ തന്നെ അനുഭവിക്കുക. നിങ്ങളും കലിയുഗത്തിലെ ധർമ്മരാജാകാം, നിങ്ങളെ തേടിയും ഒരു ചാർളി എത്തിയേക്കാം. ഭാഗ്യം ഉണ്ടാവണമെന്ന് മാത്രം

ഷെറിൻ പി യോഹന്നാൻ

മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.

ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.

സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക്‌ മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.

ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ്‌ ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.

Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.

” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം

 

 

 

ടൊവിനോ തോമസ്, ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നടനായി എത്തുന്ന ചിത്രം കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ എന്ന സംവിധായകനെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് കുമാര്‍. ആദ്യ ദിവസത്തെ ഷൂട്ടില്‍ തന്നെ വെള്ളം കുടിപ്പിച്ച ബേസിലിനെ കുറിച്ചാണ് അഭിമുഖത്തില്‍ വിനീത് സംസാരിച്ചത്.

ഒരുപാട് താരങ്ങളുള്ള ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ആരെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘ എന്നെ ആദ്യം പേടിപ്പിച്ച ആക്ടര്‍ ബേസില്‍ ആയിരുന്നു. കാരണം ബേസില്‍ ഒരു സംവിധായകനാണ്. അപ്പോള്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു രംഗത്തില്‍ കൈയില്‍ ഗ്ലാസ് പിടിച്ചിട്ടുണ്ടായിരുന്നു. അടുത്ത് ടേക്ക് ആയപ്പോഴേക്ക് പുള്ളി ഒന്നുകില്‍ ഗ്ലാസ് മറക്കും, അല്ലെങ്കില്‍ ഡയലോഗ് മറക്കും.

ഇങ്ങനെ വന്ന് കണ്‍ഫ്യൂഷന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പക്ഷേ അത് ബേസിലിന്റെ ആദ്യത്തെ ദിവസത്തെ പറ്റിക്കലായിരുന്നു. പിന്നെയാണ് എനിക്കത് മനസിലായത്. പുള്ളി ക്യാരക്ടറിലേക്ക് വന്നപ്പോള്‍, എന്താണ് പടത്തിന്റെ ഒരു പേസ് എന്ന് കിട്ടിയ ശേഷം എന്നെ സര്‍പ്രൈസ് ചെയ്യിച്ചതും ബേസിലാണ്.

എഡിറ്റൊക്കെ കണ്ട ശേഷം ഞാന്‍ പറയുകയും ചെയ്തു. അത്ര ജനുവിനായിട്ട് ആ ക്യാരക്ടറിനെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എന്നെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ചു എന്നേയുള്ളൂ. ആരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

പിന്നെ അര്‍ജുന്റെ കാര്യം പറയുകയാണെങ്കില്‍ അവന്‍ എഴുത്തിലും കൂടി ഉള്ളതുകൊണ്ട് ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും ഡയലോഗ് മറക്കും. അതിന് കാരണം എന്താണെന്നാല്‍ അവന്‍ തന്നെ എഴുതിയതും അവന്‍ കൂടെ ഉണ്ടായിരുന്നതുമാണ് എന്നതുകൊണ്ടാണ്. അവന്‍ ഡയലോഗ് പറയുമ്പോള്‍ അവന്‍ അടുത്തയാളുടെ ഡയലോഗ് കൂടി ചിലപ്പോള്‍ ഓര്‍ക്കും. അങ്ങനെയുള്ള ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പ്രൊഫഷണല്‍സാണല്ലോ,’ വിനീത് പറഞ്ഞു.

മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.

നടന്‍ മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതി റദ്ദാക്കി. മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നു കോടതി വ്യക്തമാക്കി.

അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ്.

മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരുടെ ഹര്‍ജി മജിസ്‌ടേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണു വിശദമായ വാദം കേട്ടത്.

മോഹന്‍ലാലിനെതിരായ കേസ് പിന്‍വിലിക്കാന്‍ അനുമതി നല്‍കയിട്ടുണ്ടെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ്, കലക്ടര്‍ മുഖേന മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കസ്റ്റഡിയിലെടുക്കാതെ മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. തൊണ്ടിമുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ആനക്കൊമ്പുകള്‍ പാരിതോഷികമായി ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയിലാണ് മുഖ്യവനപാലകന്‍ തൊണ്ടിമുതലുകള്‍ ക്രമപ്പെടുത്തി നല്‍കിയത്.

പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നടി നയന്‍താരക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയസാഫല്യം. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി. ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.

ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകള്‍ക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ വിവാഹസദ്യ കഴിക്കും. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയനും വിഘ്നേഷും ഇത്രയും ആളുകള്‍ക്കായി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കും.

സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്നു വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികള്‍. താരങ്ങളുടെ ആരാധകര്‍ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്‌നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവന്‍ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂണ്‍ 9 ഉച്ചക്ക് ശേഷം വിവാഹചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിനിമാസ്‌റ്റൈലിലായിരിക്കും വിവാഹം നടക്കുകയെന്നും സംവിധായകന്‍ ഗൗതം മേനോനാണ് ചടങ്ങ് ഒരുക്കുകയെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വിവാഹചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ് നല്‍കിയിരിക്കുന്നത്.

2015 നൗനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.

ബിജോ തോമസ് അടവിച്ചിറ

ക്രിക്കറ്റിനെ നെഞ്ചിൽ ചേർത്ത് ആരാധിക്കുന്ന ഒരു സിനിമ സംവിധായക നടനാണ് മലയാളികളുടെ പ്രിയ താരം ജോണി ആന്റണി. അത് അദ്ദേഹത്ത അടുത്ത് അറിയുന്ന എല്ലാവർക്കും അറിവുള്ള കാര്യവുമാണ്. ഇപ്പോൾ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ സഞ്ജു സാംസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ജേഴ്സി ലഭിച്ച സന്തോഷം വെളിപ്പെടുത്തിയിരിക്കുവാണ് സംവിധായകന്‍ ജോണി ആന്‍റണി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു ശേഷം താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ സഞ്ജുവാണെന്ന് ജോണി പറയുന്നു. ക്രിക്കറ്റിനോടും സഞ്ജുവിനോടുമുള്ള ആരാധന അടുത്തറിഞ്ഞതുമൂലം സംവിധായകന്‍ ബേസില്‍ ജോസഫ് വഴിയാണ് സഞ്ജു തന്നെ പരിചയപ്പെട്ടതെന്നും ജോണി ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു. സഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും ജോണി ആന്‍റണി പങ്കുവച്ചിട്ടുണ്ട്.

ജോണി ആന്‍റണിയുടെ കുറിപ്പ്

സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു, “ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമ്മകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി. ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓർമ്മകളും ചില തമാശകളും പങ്കു വെച്ചു…, ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽ തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്… മാസ്മരികമായ ഈ ദിനത്തിന് നന്ദി സഞ്ജു. ഭാവിയിലെ എല്ലാ സംരംഭങ്ങള്‍ക്കും ശുഭാശംസകള്‍.

തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്.

ജയസൂര്യയുടെ വാക്കുകള്‍

ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്. ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു.

താങ്ക്‌സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന്‍ ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു. ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.

പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പെഷവാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീർ താജ് മുഹമ്മദ് ഖാൻ.

ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസമ്പന്നനായ അദ്ദേഹം പേർഷ്യൻ, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകൾ സ്വായത്തമാക്കിയിരുന്നു. എന്നാൽ, പിതാവിന്റെ സംരക്ഷണത്തിൽ അധികനാൾ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല. ക്യാൻസർ ബാധിച്ച് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടർന്നങ്ങോട്ട് കഷ്ടപ്പാടുകൾ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നസമാനമായൊരു ജീവിതം പടുത്തുയർത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.

തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നൽകിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാർത്തെടുക്കുന്നതിൽ ആ സമ്മാനങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. ബ്രൂട്ട് ഇന്ത്യയ്ക്ക് 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.

ഷാരൂഖിന്റെ വാക്കുകളിങ്ങനെ:

എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴിൽ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതൽ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തരാൻ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാൽ കൈവശമുള്ള പഴയ വസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞ് പിറന്നാൾ സമ്മാനമായി എനിക്കദ്ദേഹം നൽകുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും.

പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാൽ ഓരോ നീക്കങ്ങൾക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാൽ കാര്യങ്ങൾ ആവർത്തിച്ചുറപ്പിക്കുക, എല്ലായ്പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം ചെസ് ബോർഡിലെ കളങ്ങൾ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്പ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.

എന്റെ പിതാവ് സമ്മാനിച്ചതിൽ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റർ നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് കൂർമ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവൻ ജോലിയും ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടി വരും. ടൈപെക്സ് എന്നൊരു സംവിധാനമാണ് ഞങ്ങളന്ന് ഉപയോഗിച്ചിരുന്നത്. മനസ്സിലെ വാക്കുകൾ ടൈപ്പ് ചെയ്യാനായി വിരലുകളുടെ നിയന്ത്രണം സ്വായത്തമാക്കേണ്ടതുണ്ട്. കൂടുതൽ സൂക്ഷ്മതയോടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. മുതിർന്ന വ്യക്തിയായപ്പോൾ എനിക്ക് ബോധ്യമായൊരു കാര്യം നിങ്ങളുടെ സ്ഥിരോത്സാഹത്തേക്കാളും കഠിനാധ്വാനത്തേക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല എന്നതാണ്. നിങ്ങൾ ചെയ്യുന്നതെല്ലാം കൂടുതൽ ശ്രദ്ധയോടെ വീണ്ടും ചെയ്യാൻ ശ്രമിക്കുക. പരിശീലനം എല്ലാത്തിനെയും എളുപ്പമാക്കും. ഏതൊരു ജോലി ചെയ്യുമ്പോഴും അത് നിങ്ങളുടെ ആദ്യ ജോലിയാണെന്ന് കരുതുക. എങ്കിൽ മാത്രമേ, അത് ശരിയായി ചെയ്യാനും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കൂ. അതേസമയം നിങ്ങളുടെ അവസാനത്തെ ജോലിയാണെന്നും കരുതുക, ഇനിയൊരവസരം ലഭിക്കില്ലെന്നു കരുതി അർപ്പണഭാവത്തോടെ അതിനെ സമീപിക്കുക.

പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാൽ, അത് പ്രവർത്തനക്ഷമമായിരുന്നില്ല. അതിനാൽ ഒരു ഫോട്ടോ പോലുമെടുത്തില്ല! സർഗാത്മകത ആത്മാവിലാണ് നടക്കുന്നത് എന്നതാണ് ഞാൻ പഠിച്ച പാഠം. അതിൽ നിന്നൊരു പ്രൊഡക്റ്റോ ലോകം അംഗീകരിക്കുന്ന നേട്ടമോ ഉണ്ടാകണമെന്നില്ല. അതു നമ്മുടെ ഉള്ളിൽ നിന്നാണ് വരിക. നിങ്ങളുടെ സർഗാത്മകതയെ ഭയപ്പെടാതെ ആദരവോടെ കാണുക.

എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കിൽ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിയ്ക്കു മുന്നിൽ നിഷ്‌പ്രഭമാവും. അത് നിങ്ങൾക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.

എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും ചാരുതയാർന്നത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്. നമ്മുടെ മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം, നമ്മുടെ ജീവിതം തന്നെയാണ്. ഒരു സത്രീയേയോ പുരുഷനെയോ അസാധാരണമാക്കുന്നത് ദയയാണ്. ജീവിതമെന്നത് നമ്മേക്കാൾ വലുതാണെന്ന തിരിച്ചറിവ് നൽകുന്നു. ലോകത്തോട് നന്ദിയുള്ളവരായിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മോട് സ്നേഹത്തോടെയോ പരുക്കനായോ പെരുമാറുന്ന എല്ലാവരും നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണെന്ന മനസ്സിലാക്കലാണത്. അനുഭവങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. നമ്മൾ ഏതെങ്കിലും മേഖലകളിൽ വിജയിയാണെന്നത് കൊണ്ട് മറ്റൊരു മനുഷ്യനേക്കാൾ മികച്ചവനാണ് എന്നർത്ഥമില്ല.

വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ തന്നെ ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരനെന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു. ഇപ്പോഴിതാ താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.

പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹന്‍ലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.

30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved