Movies

ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.

ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കുറ്റാന്വേഷണകഥകൾ പറയാൻ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും കൈകോർക്കുന്നു എന്ന വാർത്തകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതല്ല. ആ പ്രതീക്ഷകളെയൊന്നും ‘ട്വൽത്ത്മാൻ’ അസ്ഥാനത്താക്കുന്നില്ല. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച്, പ്രേക്ഷകരുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ‘ട്വൽത്ത്മാൻ’. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. അവിചാരിതമായി അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനുമായി അവർ ഒന്നുരസ്സുന്നു. ആ രാത്രി തന്നെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ? കൊലപാതകമോ? ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിയ്ക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ,(പന്ത്രണ്ടാമൻ) ആര്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെനടത്തിക്കുകയാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ.

വ്യത്യസ്ത മാനറിസങ്ങളിലെത്തുന്ന മോഹൻലാലിന്റെ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ പ്രധാനി. സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

നൂറുശതമാനം മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ‘ട്വൽത്ത്മാൻ’. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിൽ രീതിയും സമീപനവുമാണ് ജീത്തു ജോസഫ് ട്വൽത്ത്മാനായി സ്വീകരിച്ചിരിക്കുന്നത്. കാടിനു നടുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന റിസോർട്ടും 12 കഥാപാത്രങ്ങളും മാത്രമാണ് തൊണ്ണൂറു ശതമാനവും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത്. ആവർത്തിച്ചുകാണിച്ച ലൊക്കേഷനുകളും രംഗങ്ങളുമൊക്കെ ഏറെ ചിത്രത്തിൽ കാണാമെങ്കിലും ഒട്ടും മടുപ്പിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ നരേഷൻ. സസ്പെൻസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ആദ്യാവസാനം നിലനിർത്താൻ ട്വൽത്ത്മാന് സാധിക്കുന്നുണ്ട്. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം സീനിൽ അത്ര വേഗത്തിലൊരു​ അന്വേഷണം സാധ്യമാകുമോ? എന്നതു പോലുള്ള ചില ലോജിക് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നിരുന്നാലും പരിമിതികളിൽ നിന്നുകൊണ്ട് വൃത്തിയായെടുത്ത ഒരു ത്രില്ലർ ചിത്രം എന്ന രീതിയിൽ ‘ട്വൽത്ത്മാൻ’ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ചിത്രത്തിന് ആകമാനം നിഗൂഢമായൊരു പരിവേഷം സമ്മാനിക്കുന്നതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും വലിയൊരു റോൾ തന്നെയുണ്ട്, മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ ഏറെ മിഴിവോടെ സതീഷ് കുറുപ്പ് പകർത്തിയിരിക്കുന്നു. അനിൽ ജോൺസന്റെ സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നതാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്തിഥികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് പറയുകയാണ് ഇപ്പോള്‍ നടി ഷീല. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു.

ഫ്‌ലവേഴ്‌സ് ടിവിയുടെ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.’സിനിമയില്‍ എത്തുന്നതിന് മുമ്പ് കണ്ടിട്ടുള്ളത് ഒരു സിനിമ മാത്രമാണ്. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു.

ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത കത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, ഷീല പറഞ്ഞു.

 

തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ള മല്ലിക സുകുമാരൻ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. മക്കളെ കുറിച്ചും, കൊച്ചുമക്കളെ കുറിച്ചുമാണ് മല്ലിക കൂടുതലും വിശേഷങ്ങൾ പറയാറുള്ളത്. കൂടാതെ പല കാര്യങ്ങളിലും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് മല്ലിക. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു രാത്രിയെ കുറിച്ചാണ് മല്ലിക തുറന്ന് പറയണത്.

മക്കളുടെ ഒപ്പം നിൽക്കാതെ തിരുവനത പുറത്തെ തന്റെ വീട്ടിൽ ഒറ്റക്കാണ് മല്ലികയുടെ ജീവിതം. താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും, മക്കളുടെ ചിലവിലല്ല താൻ ജീവിക്കുന്നത് എന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, സാധാരണ പത്ത് മണിയാകുമ്പോഴെ താൻ കിടക്കാറുണ്ട്. പതിനൊന്ന് മണിയൊക്കെയാകുമ്പോൾ ഉറങ്ങും. ഒരു ദിവസം രാത്രി ഒരു മണിയോടെ ഇന്ദ്രന്റെ കോൾ. ഒന്നും പറയാതെ കോൾ കട്ടായി. തൊട്ടുപിന്നാലെ മറ്റൊരു നമ്പരിൽ നിന്നും വീണ്ടുമൊരു കോൾ വന്നു. എടുത്തപ്പോൾ മല്ലികേ എന്നൊരു വിളി. ആരാന്ന് ചോദിച്ചപ്പോൾ ഓഹോ നീ ശബ്ദം പോലും മറന്ന് പോയല്ലേ എന്ന് മറുചോദ്യം.

ഞാനത് കേട്ട് ആകെ ഭയന്നു, എനിക്ക് ചെറിയ വിറയല് പോലെ വരുന്നുണ്ട്. ഒരൊറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചുപോയി. എന്നാൽ നമ്മുടെ നടൻ സുരാജായിരുന്നു അത്. സുകുമാരേട്ടന്റെ അതേ ശബ്ദം. സത്യം പറയണം നിങ്ങൾ ആരാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ആദ്യം മര്യാദയ്ക്ക് ചോദിച്ചെങ്കിലും ഒടുവിൽ ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഫോൺ കട്ട് ചെയ്യുമെന്ന് പറഞ്ഞു. പെട്ടെന്ന് ഇന്ദ്രജിത്ത് ഫോൺ മേടിച്ച് സുരാജേട്ടനാണെന്ന് പറയുന്നത്. ഇവരു രണ്ടുപേരും കൂടി മനപൂർവം എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഏതായാലും തന്റെ അന്നത്തെ ഉറക്കവും പോയിക്കിട്ടി’ അതുമാത്രമല്ല പിന്നീട് താൻ സുരാജിനെ കണ്ടപ്പോൾ അന്ന് എന്റെ ഉള്ള് കത്തി പോയെന്ന് താൻ പറഞ്ഞിരുന്നു എന്നും മല്ലിക പറയുന്നു.

അതുപോലെ തന്റെ കൊച്ചുമക്കളിൽ എല്ലാവരും മിടുക്കികൾ ആണെങ്കിലും അതിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.

മലയാളികൾക്ക് ദിലീപ് ഒരു സമയത്ത് ജനപ്രിയ നായകൻ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് പ്രതിസന്ധികൾ തരണം ചെയ്ത ദിലീപ് ഇപ്പോഴും കുരുക്കുകളിൽ കുരുങ്ങി കിടക്കുകയാണ്, ഇപ്പോഴിതാ ദിലീപ് കാര്യങ്ങളാണ് നേടുന്നത്, ദിലീപിൻറെ വാക്കുകൾ.. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്.

മഞ്ചുവുമായുള്ള വിവാഹമോചനം നേടാന്‍ കാരണം വേറെയാണെന്നും അതിനുശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ ഒരുവശത്ത്.അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു.

മകളുടെ ആ ചോദ്യവും കേട്ടുകൊണ്ട് ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.. മൂന്നര വര്‍ഷം താനും മകളും മാത്രമുള്ള ജീവിതമായിരുന്നു. രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. നിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു.

അങ്ങനെ എല്ലാവരുടെയും തീരുമാനമായിരുന്നു ആ വിവാഹം.. എനിക്കെതിരെ പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.

അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. ഏതൊരു അച്ഛനെപോലെയും മകളെ കുറിച്ചും അവരുടെ ഭാവിയുമൊക്കെയാണ് എന്റെ സ്വപ്‌നം. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. മാമാട്ടി ഞങ്ങളുടെ വീട്ടിലെ എല്ലാമാണ്… വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു എന്നും മാറ്റാനും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാറില്ല എന്നും ദിലീപ് പറയുന്നു.

ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ കണ്ട് വികാരധീനയായി
നടി നവ്യാ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്.ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.ഇവിടെ വന്നപ്പോഴാണ് ടിപി മാധവന്‍ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു.

ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായര്‍ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.

‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.

35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.

സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?

ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ്‌ ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.

Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.

യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് നടന്‍ കൊല്ലം തുളസി രംഗത്ത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം.

യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് കൊല്ലം തുളസി പറഞ്ഞു. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും നടന്‍ പറഞ്ഞു.

എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും കൊല്ലം തുളസി പറഞ്ഞു.

അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്.

എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.

മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗം മാറ്റാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല.

മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.

ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.

മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.

‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.’

‘കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.’ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തില്‍ നിഖില പറഞ്ഞു.

നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മാത്യു, നസ്ലെന്‍, നിഖില വിമല്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved