Movies

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശിയായ അസീസാണ് പരാതി നല്‍കിയത്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കയ്യില്‍ നിന്നും ഗഡുക്കളായി പണം 43 ലക്ഷം വാങ്ങിയെന്നും എന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നും തന്നെ കബളിപ്പിക്കുകയാണെന്നും അസീസ് പരാതിയില്‍ പറയുന്നു.

2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 2020 മാര്‍ച്ച് മാസത്തോടെ അവിടെ മത്സ്യവിതരണം നിര്‍ത്തി. ഇതേ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെട്ടുവെന്നും പരാതിക്കാന്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് എറണാകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ധര്‍മജന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

നടി മഞ്ജു വാര്യരെ ശല്യം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരൻ സ്റ്റേഷൻ ജാമ്യമെടുക്കാൻ വിസമ്മതിച്ചു. പോലീസ് അന്വേഷണത്തോട് സനൽകുമാർ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് സംവിധായകന്റെ നിലപാട്.

മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താൻ പറഞ്ഞത്. എന്നാൽ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാൻ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങൾ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് വട്ടം കാണാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. സ്റ്റേഷൻ ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങൾ കോടതിയിൽ ബോധിപ്പിക്കാനുണ്ടെന്നും സനൽകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു.

കേസ് എളമക്കരയിൽ രജിസ്റ്റർ ചെയ്തത് എങ്ങിനെയാണെന്ന് തനിക്കറിയില്ല. കേസെടുത്തതായി എന്നെ ആരും വിളിച്ച് അറിയിച്ചില്ല. പോലീസ് ബന്ധപ്പെട്ടിട്ടില്ല. അറസ്റ്റ് ചെയ്ത രീതിപോലും നിയമവിരുദ്ധമാണ്. എനിക്ക് സ്റ്റേഷൻ ജാമ്യം വേണ്ട. കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്- സനൽകുമാർ പ്രതികരിച്ചു.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പേരുകള്‍ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പീഡകരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷന്‍ അറിയിച്ചു.

മാക്ടയുടെ പ്രസ്താവന

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.

സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ്, തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.

മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.

എന്നാൽ കസ്റ്റഡിയിലെടുക്കാൻ കൊച്ചി സിറ്റി പൊലീസെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രം​ഗങ്ങൾ. സഹോദരിയോടൊപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടു പോവാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. ഇവർ പൊലീസല്ലെന്നും ​ഗുണ്ടകളുടെ സംഘം കാറിന് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്നും സനല്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.

പൊലീസുകാരാണെന്ന് പറഞ്ഞ് വന്നത് ഗുണ്ടകളാണ്. തന്നെ കൊണ്ടു പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ. ആരും എന്താണ് പ്രതികരിക്കാത്തതെന്നും സനൽ കുമാർ ചോദിച്ചു.കേസ് കൊടുത്തതല്ലാതെ എന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ദുരൂഹമായ സംഭവമാണ്. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. ഞാന്‍ ഏത് നിമിഷവും മരിക്കാന്‍ തയ്യാറാണ്. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടിലെ അരാജകത്വത്തിന്റെ തെളിവാണെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ ലൈവിൽ ആരോപിച്ചു. അതേസമയം പൊലീസ് സംഘം തന്നെയാണ് സനൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പാറശ്ശാല എസ്ഐ പ്രതികരിച്ചു.

 

ഒരു വര്‍ഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.

20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്.

ബലാത്സംഗ പരാതി വിജയ് ബാബുവിനെതിരെ ഉയർന്ന് വന്നതിന് പിന്നാലെ നിരവധി പേരാണ് നടനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വിജയ്ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ രണ്ടു വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ഒരാൾ കമന്റിലൂടെ ആവശ്യപ്പെടുകയായിരുന്നു. സാന്ദ്ര തോമസ് പങ്കുവെച്ച ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ഇതിന് താരം നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു കമന്റ്. ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകളും നിർമിച്ചിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വിജയ് ബാബു സാന്ദ്ര തോമസിനെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. മർദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാന്ദ്രയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലൈംഗിക പീഡന പരാതിയിലും താരം പ്രതികരണം രേഖപ്പെടുത്തിയത്.

നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാര്‍വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സിദ്ദിഖില്‍ നിന്നും സങ്കെടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.

സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ നിന്നും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി നേരത്തെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയും കൂടിയാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെ, ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യര്‍ ആണ് ആള്‍… ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്.

ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.

അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? സഞ്ജയ് പാല്‍ എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

ഷെറിൻ പി യോഹന്നാൻ

ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.

അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.

പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ്‌ നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.

Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.

ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.

സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത്‌ വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത്‌ വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ ബൈജു കൊട്ടാരക്കര

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍

‘വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം,

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല.

ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് ഇത്ര പ്രയാസം. സ്വന്തക്കാരുണ്ടായത് കൊണ്ടാണ്. ബിനീഷ് കോടിയേരിയുടെ കേസ് വന്നപ്പോള്‍ എന്തുകൊണ്ടാണ് അമ്മയില്‍ നിന്ന് പുറത്താക്കാത്തത്. സംഘടനകള്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഇന്നേ വരെ അമ്മയിലെ ആരെങ്കിലും മിണ്ടിയോ. മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ. ചങ്കൂറ്റത്തോടെ തുറന്ന് പറയേണ്ടേ?

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. വൻ വിവാദങ്ങൾക്ക് വഴി വെയ്ക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ .

ശുപാർശകളിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഒട്ടേറെ പേരുടെ സ്വകാര്യ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ പുറത്തു വിടാൻ കഴിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞത്.

ഇതിനിടെ  നടി മാലാ പാര്‍വതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു.

RECENT POSTS
Copyright © . All rights reserved