News

മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മലയാറ്റൂര്‍ ഇട്ടിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന മിത്സുബിഷി പജീറോയില്‍ അതിവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപെട്ടു.

ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി.
ടെന്നീസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം സൈന നെഹ്‌വാള്‍, അനുപം ഖേര്‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കാന്‍ഹൈലാല്‍, മുന്‍ സിഎജി വിനോദ് റായ്, യാര്‍ലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബര്‍ജിന്ദര്‍ സിങ് ഹാംദാര്‍ദ്, പ്രഫ.ഡോ.നാഗേശ്വര്‍ റെഡ്ഢി, സ്വാമി തേജോമയാനന്ദ എന്നിവര്‍ക്കാണ് പത്മഭൂഷന്‍ അവാര്‍ഡ്. സാനിയയെ രാജ്യം അര്‍ജുന അവാര്‍ഡും ഖേല്‍രത്‌ന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു

അമ്പെയ്ത്തുതാരം ദീപിക കുമാരി, മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗം, അഭിനേതാക്കളായ അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലി, ഭോജ്പൂരി ഗായിക മാലിനി അശ്വതി എന്നിവരാണ് പത്മശ്രി ലഭിച്ചവരില്‍ പ്രമുഖര്‍.

ജോജി തോമസ്
കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം നടപ്പിലായ റബ്ബര്‍ ഇറക്കുമതി നിരോധനം രാഷ്ട്രീയ വ്യവസായ ഭരണ നേതൃത്വങ്ങള്‍ നടത്തുന്ന കര്‍ഷക വഞ്ചനയുടെ മറ്റൊരു പതിപ്പാണെന്ന് മലയാളം യു കെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 68 ദിവസത്തേയ്ക്കാണ് നിരോധനം നിലവിലുള്ളത്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രചരണങ്ങള്‍ കണ്ടാല്‍ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈ തീരുമാനത്തില്‍ മറച്ചു വെയ്ക്കുന്ന വലിയൊരു കപടതയുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചത് സ്വാഭാവീക റബ്ബറിന്റെ ഡ്യൂട്ടിഫ്രീ ഇറക്കുമതി നിരോധനം മാത്രമാണ്. ഈ തീരുമാനം നിലവില്‍ റബ്ബര്‍ വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ യാതൊരു സാധ്യതയും ഇല്ല. കാരണം ഇത്തരത്തില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന റബ്ബര്‍ മൊത്തം ഇറക്കുമതിയുടെ പത്തു ശതമാനം പോലും വരില്ല. വന്‍കിട വ്യവസായികള്‍ എല്ലാം റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത് നികുതി അടച്ചുതന്നെയാണ്.

rubber1

ഇന്ത്യയുടെ 2015 ഡിസംബറിലെ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി ഏതാണ്ട് 37000 ടണ്ണിന് മുകളിലാണ്. മന്‍വര്‍ഷത്തെ അപേക്ഷിച്ച് 8% കൂടുതലാണിത്. 2014 2015 സാമ്പത്തീക വര്‍ഷത്തിലെ മൊത്തം സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി 442130 മെട്രിക് ടണ്ണും കയറ്റുമതി 1002 മെട്രിക് ടണ്ണുമാണ്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുവാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നയപ്രകാരം കയറ്റുമതി ചെയ്യുന്നതിന്റെ ആനുപാതീകമായ റബ്ബര്‍, നികുതി കൂടാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള അഡ്വാന്‍സ് ഓതറൈസേഷന്‍ നല്കാറുണ്ട്. ഈ സ്‌കീമില്‍പ്പെടുത്തി ഇറക്കുമതി ചെയ്യുന്ന സ്വാഭാവീക റബ്ബറിനു മാത്രമേ നിരോധനം നിലവിലുള്ളൂ. കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തിലും പല വൈരുധ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

rubber3

 

മുന്‍കൂട്ടി യാതൊരു നോട്ടീസുമില്ലാതെ പൊടുന്നനെ എടുത്ത ഈ തീരുമാനം നടപ്പിലാക്കാന്‍ പല വൈഷമ്യങ്ങളുമുണ്ട്. കാരണം നിരോധനം നിലവില്‍ വന്നത് ജനുവരി 21 മുതല്‍ വെറും 68 ദിവസത്തേയ്ക്കാണ്. ഈ കാലയളവില്‍ ഇറക്കുമതി കരാറായിരിക്കുന്നതും, കാര്‍ഗോയിലൂടെ ഇന്ത്യന്‍ തുറമുഖങ്ങളെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നതുമായ ആയിരക്കണക്കിനു ടണ്‍ നികുതി രഹിത ഇറക്കുമതി റബ്ബര്‍ എന്തു ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞേ മതിയാകൂ.

ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തില്‍ സത്യസന്ധത ഉണ്ടായിരുന്നു എങ്കില്‍ നികുതി രഹിത റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായികള്‍ക്ക് തങ്ങളുടെ, വിദേശത്തുള്ള വ്യാപാര പങ്കാളികളുമായി മുന്‍കരുതലുകള്‍ എടുക്കുവാന്‍ ആവശ്യമായ സമയം നല്കിയുള്ള ഒരു നിരോധനം ആയിരുന്നു വേണ്ടത്.

Rubber-History-Intro

കേന്ദ്ര ഗവണ്‍മെന്റ് നേരത്തേ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചെന്നൈ, മുബൈ തുറമുഖങ്ങള്‍വഴി മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നടക്കുന്നത് മുഴുവന്‍ ഈ തുറമുഖം വഴി ആയതിനാല്‍ അതും കര്‍ഷകന്റെ കണ്ണില്‍ പൊടിയിടാനുള്ള മറ്റൊരു തട്ടിപ്പുമാത്രമാണ്.

സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖ ഉല്പാദകരായ റിലയന്‍സിന്റെ രണ്ട് വന്‍കിട ഫാക്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഈ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സിന്തറ്റിക് റബ്ബറിന്റെ ഉല്പാദനം കുതിച്ചുയരും. അതോടെ സ്വാഭാവീക റബ്ബറിന്റെ വിലതകര്‍ച്ച പൂര്‍ണ്ണമാവുകയും ചെയ്യും.

റബ്ബര്‍ കൃഷി ആദായകരമല്ലാതായിത്തീരുന്നതോടുകൂടി റബ്ബര്‍ കര്‍ഷകര്‍ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുകയും, സ്വാഭാവീക റബ്ബറിന്റെ ഉദ്പാദനത്തില്‍ വന്‍കുറവ് സംഭവിക്കുകയും ചെയ്യും. ഇത് സിന്തറ്റിക് റബ്ബറിന്റെ ഉദ്പാദകരായ കോപ്പറേറ്റ്കള്‍ക്ക് അനുകൂല സാഹചര്യമൊരുക്കും.

Jose-K-Mani

സിന്തറ്റിക് റബ്ബറിന്റെ രാജ്യത്തെ പ്രമുഖരായ ഇറക്കുമതിക്കാരില്‍ ഒന്ന് ഇപ്പോള്‍ കര്‍ഷക പ്രേമം പറഞ്ഞ് നിരാഹാരം കിടന്ന ജോസ് കെ മാണിക്ക് ബിസിനസ്സ് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ ഒന്നാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒരു പക്ഷേ കോപ്പറേറ്റുകളെ സഹായിക്കാന്‍ വെമ്പി നില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷക സ്‌നേഹം നടിച്ച് ഭാവിയില്‍ സിന്തറ്റിക് റബറിന്റെ ഇറക്കുമതി നിരോധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് രാജ്യത്തെ സിന്തറ്റിക് റബ്ബറിന്റെ പ്രമുഖ ഉദ്പാദകരായ റിലയന്‍സിനു വേണ്ടി മാത്രമായിരിക്കും. ഇതു വഴി റിലയന്‍സിന് സിന്തറ്റിക് റബ്ബറിന്റെ വ്യാപാരത്തിലുള്ള കുത്തകയും ലഭ്യമാകും.

പെട്രോള്‍ വിലയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് റിലയന്‍സിനു വേണ്ടി നടത്തുന്ന കള്ളക്കളികള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്തായാലും റബ്ബര്‍ കര്‍ഷകന്റെയും, സമ്പത് വ്യവസ്ഥയില്‍ റബ്ബറിന് പ്രമുഖ സ്ഥാനമുള്ള കേരളത്തിന്റെയും ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇറക്കുമതി നിരോധനത്തിലെ ചതിയിലും നിരാഹാരത്തിലെ വഞ്ചനക്കിടയിലും കുടുങ്ങുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. സര്‍വ്വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ത്ഥികളിലൊരാളായ രോഹിത് വെമുല ഇന്നലെയാണ് ഹോസ്റ്റലിനകത്ത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടന കൊടിയില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം

ഗുഡ് മോണിങ്ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എല്ലാം എന്റെ കുറവുകളാല്‍ എനിക്കുണ്ടായ പ്രശ്‌നങ്ങളാണ്. എന്റെ അന്തരാത്മാവും ശരീരവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഞാനൊരു ഭീകരജീവിയായി മാറി. ഒരു എഴുത്തുകാരനാകണമെന്നായിരുന്നു എന്റെ എല്ലായെപ്പോഴത്തേയും ആഗ്രഹം. കാള്‍ സാഗനെ പോലെ ശാസ്ത്രകൃതികളെഴുതാന്‍. ഒടുവില്‍ എനിക്ക് എനിക്ക് എഴുതാന്‍ കഴിഞ്ഞത് ഈ കത്ത് മാത്രമാണ്.

ഞാന്‍ ശാസ്ത്രത്തേയും നക്ഷത്രത്തേയും പ്രകൃതിയേയും സ്‌നേഹിച്ചു. മനുഷ്യരേയും സ്‌നേഹിച്ചു, മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് അകന്ന് ജീവിക്കാന്‍ തുടങ്ങിട്ട് ഒരുപാട് നാളായെന്നറിയാതെ. നമ്മുടെ വികാരങ്ങള്‍ രണ്ടാം തരമാണ്, നമ്മുടെ സ്‌നേഹം നിര്‍മ്മിതമാണ്, നമ്മുടെ വിശ്വാസങ്ങളെല്ലാം നിറംപിടിച്ചവയാണ്. കൃത്രിമകലകളിലൂടെയാണ് നമ്മുടെ മൗലികത സാധുവായിതീരുന്നത്. വ്രണപ്പെടാതെ സ്‌നേഹിക്കാന്‍ കഴിയുകയെന്നത് തീര്‍ത്തും വിഷമമുള്ള കാര്യമായി കഴിഞ്ഞു.

പുറമെ കാണുക്കുന്ന വ്യക്തിത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതകളിലേക്കുമായി ഒരു മനുഷ്യന്റെ മൂല്യം ചുരുങ്ങി കഴിഞ്ഞു. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക് എന്ന നിലയ്ക്ക് മാത്രമാണ് മനുഷ്യനെ എണ്ണുന്നത്, ഒരിക്കലും മനുഷ്യനെ ഒരു മനസെന്ന നിലയില്‍ അടയാളപ്പെടുത്തുന്നതേയില്ല. നക്ഷത്ര ധൂളികളില്‍ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെടുന്നത്, എല്ലാ മേഖലയിലും, പഠനത്തിലും, തെരുവിലും, രാഷ്ട്രീയത്തിലും ജീവനുള്ളതും അല്ലാത്തതുമായ എല്ലാ മേഖലയിലും.

ഞാന്‍ ആദ്യമായാണ് ഇത്തരത്തിലൊരു കത്തെഴുതുന്നത്. ഞാന്‍ ആദ്യമായി എഴുതുന്ന എന്റെ അവസാന കത്ത്. ഇതില്‍ പൊരുള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ എന്നോട് ക്ഷമിക്കൂ.

ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയതാവാം, എല്ലാ എപ്പോഴും ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍. സ്‌നേഹം, വേദന,ജീവിതം, മരണം എന്നിവയെ മനസ്സിലാക്കുന്നതില്‍. തിടുക്കപ്പെടേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല, പക്ഷേ ഞാനെപ്പോഴും തിടുക്കത്തിലായിരുന്നു. ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ നെട്ടോട്ടത്തിലായിരുന്നു.  എല്ലായെപ്പോഴും ചിലയാളുകള്‍ക്ക്‌ ജീവിതമെന്നത് ഒരു ശാപമാണ്. എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഭൂതകാലത്തിലെ അഭിനന്ദിക്കപ്പെടാത്ത എന്റെ ഉള്ളിലെ കൊച്ചുകുട്ടിയില്‍ നിന്നും

ഈ സമയത്ത് ഞാന്‍ വ്രണിതഹൃദയനല്ല. എനിക്ക് സങ്കടമില്ല. പക്ഷേ ഞാന്‍ പൊള്ളയായ ഒന്നാണ്. എന്നേ കുറിച്ചു പോലും ചിന്തിക്കാനാവാത്ത വിധം ശൂന്യന്‍. ഈ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.

ഞാന്‍ വിടവാങ്ങിയതിന് ശേഷം ആളുകളെന്നെ ഭീരുവെന്ന് വിളിച്ചേക്കാം, സ്വാര്‍ത്ഥനെന്നും, ഒരു പക്ഷേ വിഡ്ഢിയെന്നും. എന്ത് വിളിക്കപ്പെട്ടേക്കുമെന്നതോര്‍ത്ത് ഞാന്‍ അസ്വസ്ഥനല്ല. മരണാനന്തര കഥകളിലും, പ്രേതങ്ങളിലും ആത്മാക്കളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലെന്തെങ്കിലും ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത്, എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നുള്ളതാണ്. മറ്റ് ലോകങ്ങളെ അടുത്തറിയാന്‍ കഴിയുമെന്നുള്ളതും.

ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത് ചെയ്യുക. ഏഴുമാസത്തെ ഫെല്ലോഷിപ്പ് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ എനിക്ക് ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് ലഭിച്ചോയെന്ന് നോക്കണം. രാംജിക്ക് നാല്‍പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരിച്ച് ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്ന് അദ്ദേഹത്തിനുളളത് കൊടുക്കണം.

എന്റെ സംസ്‌കാര ചടങ്ങുകള് ശാന്തമായും നിശബ്ദമായും നടത്തുക. ഞാന്‍ വന്നതായും മടങ്ങിയതായും മാത്രം കരുതുക. എനിക്കായ് കണ്ണീര്‍ പൊഴിക്കരുത്.ഓര്‍ക്കുക ജീവിച്ചിരിക്കുന്നതിലും സന്തോഷവാനായിരിക്കും മരണത്തില്‍ ഞാന്‍

‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

ഉമ അണ്ണ, നിങ്ങളുടെ മുറി ഇതിനായി തെരഞ്ഞെടുത്തതില്‍ ക്ഷമിക്കുക

എഎസ്എ കുടുംബത്തിനായി, നിങ്ങളെ നിരാശരാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. ഭാവിയില്‍ എല്ലാ നന്മകളും നേരുന്നു

അവസാനമായി ഒരിക്കല്‍ കൂടി,

ജയ് ഭീം

ഞാന്‍ ഔപചാരികമായ കാര്യങ്ങള്‍ എഴുതാന്‍ വിട്ടുപോയി. ഒരാള്‍ക്കും ഞാന്‍ എന്നെ സ്വയം ഇല്ലാതാക്കുന്നതില്‍ പങ്കില്ല. ഒരാളും എന്നെ പ്രേരിപ്പിച്ചിട്ടില്ല, പ്രവൃത്തിയാലോ വാക്കിനാലോ ഈ കൃത്യത്തിലേക്ക് നയിച്ചിട്ടില്ല. ഇതെന്റെ തീരുമാനമാണ്, ഉത്തരവാദി ഞാന്‍ മാത്രമാണ്. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഞാന്‍ പിന്‍വാങ്ങിയതിന് ശേഷം ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത്.

ഹൈദരാബാദ്: എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ കേസില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള എംഎല്‍എ പി. മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറില്‍ തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ നിയമസഭ സാമാജികന്‍ കൈയ്യേറ്റം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ചെന്നൈയിലെ വിമാനത്താവളത്തില്‍ നിന്നാണ് മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ മിഥുന്‍ റെഡ്ഡി തിരുപ്പതി എയര്‍പോര്‍ട്ട് മാനേജര്‍ രാജശേഖറിനെയാണ് തല്ലിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ പോകേണ്ട ബന്ധുക്കള്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിക്കാത്തതിലാണ് രാഷ്ട്രീയ നേതാവിന് ദേഷ്യം പിടിച്ചത്. താമസിച്ചെത്തിയതിനാല്‍ പാസ് നല്‍കാനാവില്ലെന്ന് മാനേജര്‍ അറിയിച്ചതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത എംഎല്‍എയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നെല്ലൂര്‍ ജയിലിലേക്ക് അയച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഡ്ഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചു. എന്നാല്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ എംഎല്‍എയുടെ കൈയ്യേറ്റം വ്യക്തമാണ്. രാജശേഖരന്റെ മെഡിക്കല്‍ പരിശോധനയില്‍ നിന്നും ആക്രമണമേറ്റത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണ ഘടന അനുവദിക്കുന്നിടത്തോളം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.  ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പൂജ നടത്തിയിട്ടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ആരാഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് വിലക്കെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആകാമെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സത്യവാങ്മൂലം മുന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റേതായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

തന്റെ നിലപാടുകള്‍ക്കുള്ള അംഗീകരമാണ് സുപ്രീം കോടതിയുടെ പ്രസ്താവനയെന്ന് മുന്‍ ദേവസ്വംമന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

കൊച്ചി: ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടായിട്ടും തങ്ങളെ മലകയറാന്‍ അനുവദിക്കുന്നില്ലെന്ന് ഭിന്നലിംഗക്കാര്‍ പരാതിപ്പെടുന്നു. സ്ത്രീകളാണെന്നും ഇവരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ പറ്റില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ഇവരുടെ സ്‌ത്രൈണത മനസ്സിലാക്കി തിരഞ്ഞു പിടിച്ച് പൊലീസ് മലകയറുന്നത് വിലക്കുകയാണ്. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്. പ്രായമുള്ളവരെ പോലും പൊലീസ് കടത്തി വിടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

സ്വന്തം ലേഖകന്‍
ബ്രിസ്റ്റോള്‍ ; ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ വിദേശ നേഴ്സുമാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍റെ നേതൃതത്തില്‍ , ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ലോബിയിങ്ങില്‍ പങ്കെടുക്കാന്‍ യുകെയിലെ മലയാളി അസോസിയേഷനുകള്‍ തയ്യാറെടുക്കുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി ഗ്ലോസ്റ്റ്റിലും , ബ്രിസ്റ്റോളിലും , ഡെര്‍ബിയിലെയും നോട്ടിംഗ്ഹാമിലെയും അംഗങ്ങള്‍ക്ക് വേണ്ടി ഡെര്‍ബിയിലും നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ആണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത് . യുകെയിലുള്ള പല മലയാളി അസോസിയേഷനുകളും ഈ പ്രശ്നത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് പരിപൂര്‍ണ്ണ പിന്തുണ അറിയിച്ച്  മുന്നോട്ട് വന്നിട്ടുണ്ട് . ഏകദേശം അന്‍പതോളം ആളുകള്‍ പാര്‍ലമെന്റ്റ് ലോബിയിങ്ങില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ കഴിഞ്ഞമാസം 17 ന് ഈ പ്രശ്നം പല എം പി മാരിലൂടെയും  പാര്‍ലമെന്റ്റില്‍ അവതരിപ്പിക്കുകയും ചെയിതിരുന്നു . അതുകൊണ്ട് തന്നെ ഇന്ത്യന്‍ നേഴ്സുമാരോട് കാണിക്കുന്നത് വിവേചനമാണെന്നും ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്നും  എം പി മാര്‍ ഹെല്‍ത്ത് സെക്രട്ടറി ജെര്‍മി ഹണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

യുകെ പോലെ ഒരു രാജ്യത്ത് ഇത്രയും ആളുകളെ ബോധവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രക്ഷോഭം നടത്തുക എന്നത് ദുഷ്കരമാണ് . എന്നാല്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ ഏറ്റെടുത്തിരിക്കുന്ന ഈ പ്രശ്നം ആയിരക്കണക്കിന് മലയാളി നേഴ്സുമാര്‍ക്ക് ഗുണം ചെയ്യും എന്ന്‍ ഉറപ്പുള്ളത്കൊണ്ട് തന്നെ വന്‍ ജനപിന്തുണയാണ് ഈ ക്യാമ്പെയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌ .

ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍  ഗ്ലോസ്റ്റ്റിലും ബ്രിസ്റ്റോളിലും ഡെര്‍ബിയിലും നടത്തിയ സെമിനാറില്‍ നേഴ്സുമാരടക്കം അനേകം പേര്‍ പങ്കെടുത്തു . ജനുവരി  6 ന് ബ്രിസ്റ്റോളില്‍ നടന്ന സെമിനാറില്‍ ബ്രിസ്ക സെക്രട്ടറി ജോസ് തോമസിനൊപ്പം നിരവധി അംഗങ്ങള്‍ പങ്കെടുത്തിരുന്നു .ജനുവരി  7 ന് ഗ്ലോസ്സ്റ്ററിലെ സെന്‍റ്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരീഷ് ഹോളില്‍ വച്ച് നടന്ന സെമിനാറില്‍ ഗ്ലോസ്സ്റ്റര്‍ഷയര്‍ മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ , സെക്രട്ടറി എബിന്‍ ജോസ് , വൈസ് പ്രസിഡന്റ് സണ്ണി ലൂക്കോസ് തുടങ്ങിയവര്‍ അടക്കം മറ്റ് പല അംഗങ്ങളും പങ്കെടുത്തു . ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് വേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ് , ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല , സുഗതന്‍ തെക്കെപുര , ഇബ്രാഹിം വക്കുളങ്ങര , ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറില്‍ സന്നിഹിതരായിരുന്നു .

ജനുവരി  8 ന് ഡെര്‍ബിയില്‍ നടന്ന സെമിനാറില്‍ ഡെര്‍ബിയിലെയും നോട്ടിംഗ്ഹാമിലെയും അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു . ഇന്ന്‍ യുകെയിലെ മലയാളി നേഴ്സുമാര് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ വിദേശ നേഴ്സുമാരോട് കാണിക്കുന്ന ഈ വിവേചനം . പല തവണ ഐ ഈ എല്‍ റ്റി എസ് പരീക്ഷ എഴുതിയപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ആവശ്യമുള്ള സ്കോര്‍ കിട്ടുന്നില്ല എന്ന ഒറ്റകാരണത്താല്‍ വീണ്ടും വീണ്ടും ഐ ഈ എല്‍ റ്റി എസ് പരീക്ഷ എഴുതിക്കുകയാണ് ഇപ്പോള്‍ ചെയ്യിക്കുന്നത് . എന്നാല്‍ ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും കഴിയാത്ത യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നേഴ്സുമാര്‍ക്ക് ഈ നിയമം ബാധകവുമല്ല . തീര്‍ത്തും അന്യായമായ ഈ വിവേചനത്തിനെതിരെയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടനും യുകെയിലെ മലയാളികളും പ്രതിക്ഷേധവുമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് നീങ്ങുന്നത് .

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന് വേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ് , ദേശിയ ട്രഷ്രറര്‍ രജീന്ദ്രര്‍ സിംഗ് , ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല , സുഗതന്‍ തെക്കെപുര , ഇബ്രാഹിം വക്കുളങ്ങര , ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറുകളില്‍ പങ്കെടുക്കുന്നുണ്ട് .

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്ന സംഘടനയെപ്പറ്റിയും , അവകാശങ്ങള്‍ നേടിയെടുക്കുവാന്‍  നാളിതുവരെ ഈ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും , ഇന്ന്‍ ഈ  സംഘടന ഏറ്റെടുത്തിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സെമിനാറില്‍ ഇവര്‍ ബോധവല്‍ക്കരണം നടത്തുന്നു . ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല എന്ന്‍ തന്നെയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍ ഉറപ്പ് നല്‍കുന്നത് . അതുകൊണ്ടുതന്നെ വളരെയധികം പ്രതീക്ഷയോടെയാണ് യുകെയിലെ മലയാളി ഈ സമൂഹം ഈ ക്യാമ്പെയിനെ നോക്കികാണുന്നത് .

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ്‌എംപിക്കു നേരെ കയ്യേറ്റ ശ്രമം. കുടുംബ വഴക്ക് തീര്‍ക്കാന്‍ എത്തിയതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ എംപിക്കു നേരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. പരുക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച അശോകന്‍, ഗീത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, കേസില്‍ അറസ്റ്റ് ചെയ്ത അശോകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനു മുമ്പില്‍ ഉപരോധം സംഘടിപ്പിച്ചു. അശോകന്‍ നിരപരാധിയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി എ ആന്റണിക്കെതിരായ ബലാല്‍സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്ന് പറയപ്പെടുന്ന കഴിഞ്ഞ ഞായറാഴ്ച യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്നേ ദിവസം യുവതി ലൈംഗിക ബന്ധത്തില്‍ പോലും ഏര്‍പ്പെട്ടില്ലെന്ന് വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ഒരു കേസുമായി ബന്ധപ്പെട്ട് കാണാനെത്തിയ തന്നെ ക്വാട്ടേഴ്‌സിലേക്ക് കൂട്ടികൊണ്ട് പോയി ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് ഡിവൈഎസ്പി ടിഎ ആന്റണിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. എഡിജിപി പത്മകുമാറിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തിരുന്നു.

ടി എ ആന്റണി കോട്ടയം ഡിവൈഎസ്പിയായി ചുമതല ഏറ്റെടുത്തിട്ട് ഒരു മാസം പോലും ആയിട്ടില്ല. യുവതിയുടെ പരാതി വസ്തുതാപരമായി ശരിയാണോ എന്ന് പോലും പരിശോധിക്കാതെ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved