Nursing

ന്യൂസ് ഡെസ്ക്

ഇന്ത്യയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്.  വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.

“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില്‍ ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്

ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന്‍ എത്തുന്ന നഴ്സുമാര്‍ അവരുടെ കോണ്‍ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില്‍ ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ എന്‍എച്ച്എസ് നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

നിലവില്‍ ഒരു പൈസ പോലും ഫീസ്‌ ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ എന്ന കര്‍ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്‍സികളുടെ വലയില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന്‍  ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യുക.

ലണ്ടന്‍: എന്‍എച്ച്എസിന്റെ ഘടന പുനര്‍നിര്‍വചിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കന്‍ ശൈലിയില്‍ പബ്ലിക്, പ്രൈവറ്റ് പങ്കാളിത്തത്തിലേക്ക് എന്‍എച്ച്എസിനെ മാറ്റാനാണ് ശ്രമം. ഇത് അമേരിക്കന്‍ ശൈലിയിലുള്ള സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള രീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രീതി നടപ്പാക്കാനുളള തീരുമാനം കോടതി കയറുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരും ക്യാംപെയിനര്‍മാരും ഹണ്ടിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

എന്‍എച്ച്എസ് സംവിധാനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ജുഡീഷ്യല്‍ വിലയിരുത്തല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനക്ക് വിധേയമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും. അതിനൊപ്പം മറ്റ് ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അക്കൗണ്ടബിള്‍ കെയര്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ പുതിയ മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കുകകയും ചെയ്യും.

എന്‍എച്ച്എസ് ഇതര, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ നടത്താന്‍ എസിഒ അനുമതി നല്‍കും. ഇത്തരക്കാര്‍ക്ക് എന്‍എച്ച്എസ് സബ് കോണ്‍ട്രാക്റ്റായി നല്‍കാനുള്ള അധികാരവും എസിഓക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഇതിലേക്ക് എത്തുകയും പൊതു ധനം വിനിയോഗിക്കുന്നതില്‍ പോലും കൈകടത്തലുകള്‍ ഉണ്ടാകുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന കയ്യേറ്റങ്ങളില്‍ വര്‍ദ്ധന. 2014-15 വര്‍ഷത്തേതിനേക്കാള്‍ നാല് ശതമാനം വര്‍ദ്ധന 2015-16 വര്‍ഷത്തില്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. അതിക്രമങ്ങള്‍ 67,864 ആയിരുന്നത് 70,555 ആയി ഉയര്‍ന്നുവെന്ന് എന്‍എച്ച്എസ് പ്രൊട്ടക്റ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ ഇപ്പോള്‍ കാര്യക്ഷമമായി ശേഖരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിനു പകരം ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന സര്‍വേയില്‍ വിവരശേഖരണം നടത്താനാണ് പദ്ധതിയെന്ന് മന്ത്രിമാര്‍ സൂചന നല്‍കി. ഇത് ശരിയായ രീതിയല്ലെന്ന് നഴ്‌സിം സംഘടനാ നേതൃത്വങ്ങള്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കണ്ണടക്കുകയാണെന്ന് ഇ വര്‍ കുറ്റപ്പെടുത്തുന്നു. തന്റെ സഹപ്രവര്‍ത്തകയുടെ കഴുത്തില്‍ കത്രിക ഉപയോഗിച്ച് ഒരാള്‍ കുത്തുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്ന് ഒരു ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി നഴ്‌സ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഒരു രോഗി ഐവി ഡ്രിപ്പ് വലിച്ചൂരി നഴ്‌സുമാരുടെ ദേഹത്തേക്ക് രക്തം ചീറ്റിച്ചുനില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എമര്‍ജന്‍സി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തലുകള്‍.

ലേബര്‍ ബാക്ക്െബഞ്ചറായ ക്രിസ് ബ്രയന്റ് അവതരിപ്പിച്ച ബില്ലിന് സര്‍ക്കാര്‍ പിന്തുണയുണ്ട്. പോലീസുകാര്‍, ജയില്‍ ജീവനക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അറിയിച്ചു. സ്റ്റാഫ് സര്‍വേ കൊണ്ടുമാത്രം അതിക്രമങ്ങളുടെ യഥാര്‍ത്ഥ തോത് മനസിലാക്കാന്‍ കഴിയില്ലെന്നും ആര്‍സിഎന്‍ പ്രതിനിധി വ്യക്തമാക്കി.

ലണ്ടന്‍: ഓപ്പറേഷനുകള്‍ക്കും മറ്റുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 9 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ എന്‍എച്ച്എസ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് 18 ആഴ്ച വരെ കാത്തിരിപ്പ് സമയമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനു മേല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്നര മാസമെന്ന പരിധിയും കഴിഞ്ഞ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 409,000 വരുമെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2008 സെപ്റ്റംബറിലായിരുന്നു ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ പുതിയ കണക്കുകള്‍ എന്‍എച്ച്എസ് നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയുടെ സൂചന കൂടിയാണ്. സാധാരണ ഗതിയില്‍ രോഗികളെ പരിചരിക്കാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് വിന്ററിലാണ്. പക്ഷേ സമ്മറില്‍ ഇത്രയും പ്രശ്‌നം നേരിട്ടെങ്കില്‍ വിന്റര്‍ ആശങ്ക നിറഞ്ഞതാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതും ഫണ്ടുകളുടെ കുറവും മൂലം താളം തെറ്റിയ എന്‍എച്ച്എസിന്റെ പ്രകടനം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു കഴിഞ്ഞ വിന്ററില്‍ നടത്തിയത്. മഞ്ഞുകാലത്തെ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ രോഗികള്‍ എത്തുകയും ചെയ്യുന്നതോടെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇത് അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് പോലും കാര്യമായ ശ്രദ്ധ നല്‍കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ലണ്ടന്‍: 2020 ഓടെ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 5000 ജിപിമാരെ അധികമായി നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ അവകാശവാദം നടപ്പാകുമോ? 2015ലാണ് ഹണ്ട് ഈ വാഗ്ദാനം നല്‍കിയത്. ഈ കാലാവധിയുടെ മധ്യത്തിലെത്തി നില്‍ക്കുമ്പോളുള്ള വിശകലനങ്ങളാണ് സംശയത്തിന് ആധാരമാകുന്നത്. 2015ല്‍ 34,500 ജിപിമാര്‍ എന്‍എച്ച്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് 2020ഓടെ 39,500 ആക്കി ഉയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 2015ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 350 ജിപിമാര്‍ കുറവാണ് ഇ പ്പോള്‍ ഉള്ളതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

രജ്‌സ്ട്രാര്‍മാരും സ്‌പെഷ്യലിസ്റ്റ് പരിശീലനം പൂര്‍ത്തിയാക്കാത്ത ട്രെയിനി ജിപിമാരുമുള്‍പ്പെടെയുള്ളവരുടെ കണക്കാണ് ഇത്. പൂര്‍ണ്ണതോതിലുള്ള ജിപി ആകണമെങ്കില്‍ രണ്ട് വര്‍ഷത്തെ സ്‌പെഷ്യലിസം ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ ജിപിമാരെ നിയമിക്കണമെങ്കില്‍ പുതിയ ആളുകളെ പരിശീലിപ്പിക്കുകയോ വിദേശങ്ങളില്‍ നിന്നുള്ളവരെ നിയമിക്കുകയോ വേണം. നിലവിലുള്ളവര്‍ എന്‍എച്ച്എസ് വിട്ടുപോകുന്നത് തടയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ഈ മൂന്നു കാര്യങ്ങളും എന്‍എച്ച്എസ് പ്രാവര്‍ത്തികമാക്കുന്നുണ്ട്.

2016 വരെ പ്രതിവര്‍ഷം 3250 ട്രെയിനികളെ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസിന്റെ പരിശീലന വിഭാഗമായ ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ഇതില്‍ 9 ശതമാനം വര്‍ദ്ധന വരുത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ പിന്നിലാണ് ഈ നിരക്ക്. നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ ജനുവരിയിലെ കണക്കുകള്‍ അനുസരിച്ച് 3019 ജിപിമാരെ നിയമിച്ചിട്ടുണ്ട്. ലക്ഷ്യത്തിന്റെ 93 ശതമാനം വരും ഇത്. അതാത് ജിപിമാരെ നിയമിക്കുന്നതില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. പക്ഷേ കൂടുതല്‍ ആളുകള്‍ ഈ ജോലി ഉപേക്ഷിക്കുന്നതും വിരമിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2013ന് ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ തോതില്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നത്. യൂറോപ്യന്‍ ജീവനക്കാര്‍ ജോലിയുപേക്ഷിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം നഴ്‌സുമാരായി രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ പൗരത്വമുള്ളവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഔദ്യോഗിക രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സമ്മറിലുണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഈ വര്‍ഷം സമ്മറില്‍ ഉണ്ടായിരുന്ന നഴ്‌സുമാരുടെ എണ്ണമെന്ന് കിംഗ്‌സ് ഫണ്ട് വിശകലനം വ്യക്തമാക്കുന്നു.

2017 ജൂണില്‍ 316,725 നഴ്‌സുമാരാണ് എന്‍എച്ച്എസില്‍ സേവനം അമനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 703 പേര്‍ കുറവാണ് ഈ കണക്കെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ജീവനക്കാര്‍ വിട്ടുപോകുന്നതും ജോലിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതും മാത്രമല്ല, ഭാഷാ ജ്ഞാനം പരിശോധിക്കുന്ന ഐഇഎല്‍ടിഎസ് പരീക്ഷ കൂടുതല്‍ കഠിനമാക്കിയതും നഴ്‌സുമാരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.

അനാരോഗ്യം മൂലം ജോലിയുപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ട് പറയുന്നു. ജോലിസമയവും സ്വകാര്യ ജീവിതവുമായുള്ള അന്തരം കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദമേറുന്നതാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് ശമ്പള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതായി സൂചന. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധികഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. പക്ഷേ ശമ്പള നിയന്ത്രണം ഇല്ലാതാക്കിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലേബര്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ഈ വിവരം പുറത്തു വിടാത്തതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെ മൊത്തം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് ആരോപണം. അടുത്ത വര്‍ഷം മുതല്‍ ശമ്പള വിഷയത്തില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് നേരത്തേ പ്രതികരിച്ചത്. എന്നാല്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ആരോഗ്യ സെക്രട്ടറിയാണ്. ശമ്പളനിരക്ക് നാണ്യപ്പെരുപ്പത്തിന് അനുസൃതമായിരിക്കുമോ അതോ അതിനു മുകളിലായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഹണ്ട് തയ്യാറായില്ല.

ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി എന്‍എച്ച്എസിന് മുഴുവന്‍ ഫണ്ടും നല്‍കാന്‍ ട്രഷറി തയ്യാറാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഹണ്ട് ഒഴിഞ്ഞുമാറിയത്. ഉദ്പാദനഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അത് സമ്മതിക്കാനേ തരമുള്ളുവെന്നും ഹണ്ട് പറഞ്ഞു. പോലീസിന്റെയും ജയില്‍ ജീവനക്കാരുടെയും ശമ്പള നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ നിരക്കിലേ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ അധികം വരുന്ന പണം സ്വയം കണ്ടെത്തണമെന്ന നിര്‍ദേശം ഈ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുകയാണ്.

ലണ്ടന്‍: ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി എന്‍എച്ച്എസിന്റെ അന്ത്യം കുറിക്കുമെന്ന് വിദഗദ്ധര്‍. ബ്രിട്ടന്റെ ലോകം പ്രശംസിച്ച ആരോഗ്യ സംരക്ഷണ സംവിധാനം അതിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മാറ്റിവെക്കുന്ന ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ലെന്ന അവസ്ഥയുമുണ്ട്.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തോടെ എന്‍എച്ച്എസ് അന്ത്യശ്വാസം വലിക്കുമെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ദ്ധനയും എന്‍എച്ച്എസിന് പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന പ്രായമായ രോഗികളില്‍ ശരാശരി എട്ട് പേരെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാതെ മടങ്ങുന്നുണ്ടെന്ന് കമ്മീഷന്‍ പറയുന്നു.

21-ാം നൂറ്റാണ്ടിന് അനുസൃതമായ എന്‍എച്ച്എസ് രൂപീകരിക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ കെയറിലും പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും ഒഴിവുകള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധിച്ചു. ടോറികള്‍ നടപ്പാക്കിയ ഫണ്ട് വെട്ടിക്കുറയ്ക്കലുകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ക്യാംപെയിനര്‍മാര്‍ കുറ്റപ്പെടുത്തുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സക്ക് പണമീടാക്കുന്നത് വര്‍ദ്ധിക്കുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ഇന്‍ഡിപ്പെന്‍ഡന്റ് പത്രത്തിന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇതി എന്‍എച്ച്എസ് സ്വകാര്യവല്‍ക്കരണത്തിന്റെ തെൡവാണെന്ന ആരോപണമാണ് ഉയരുന്നത്. പണം നല്‍കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് സൗജന്യ ചികിത്സ സ്വീകരിക്കുന്നവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതയും ഉയരുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

ലണ്ടനിലെ പ്രശസ്തമായ ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രൈവറ്റ് രോഗികളില്‍ നിന്ന് ലഭിച്ച പണം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പണം വാങ്ങിയുള്ള ചികിത്സയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നിയമപരമായി അനുവാദം ലഭിച്ചതിനു ശേഷമുള്ള കണക്കാണ് ഇത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സര്‍ക്കാര്‍ നിശബ്ദമായി പുറത്തു വിട്ട കണക്കുകള്‍ പറയുന്നത്. 2011-12 വര്‍ശത്തിലുണ്ടായ വരുമാനത്തിന്റെ മൂന്നിരട്ടിയാണ് 2016-17 വര്‍ഷത്തില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്വകാര്യ ചികിത്സയിലൂടെ നേടിയത്.

എന്‍എച്ച്എസ് വിഭാവനം ചെയ്യുന്ന ചികിത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി പണം വാങ്ങിയുള്ള ചികിത്സക്ക് പ്രാധാന്യം നല്‍കുന്നുവെന്നതാണ് ഇത് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ കണക്കുകള്‍ രഹസ്യമാക്കി വെക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 2012ല്‍ കണ്‍സര്‍വേറ്റീവ്-ലിബറല്‍ ഡെമോക്രാറ്റ് സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ട് അനുസരിച്ച് സ്വകാര്യ ചികിത്സയിലൂടെ 2 ശതമാനം വരുമാനം നേടാനുള്ള അനുവാദം മാത്രമാണ് നല്‍കിയിരുന്നുത്. പിന്നീട് ഈ പരിധി 49 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ഭാരത് ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്സുമാരെയും പിരിച്ചുവിട്ടു. 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved