Obituary

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ രണ്ട് ആത്മഹത്യകളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കട്ടപ്പന സ്വദേശി അനീഷ് ജോയി ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അനീഷ് ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിൻറു അഗസ്റ്റിൻ എൻഎച്ച്എസിൽ നേഴ്സാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്.

അമിത മദ്യപാനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ അനീഷിനെ അലട്ടിയിരുന്നു. ഇതിനോട് അനുബന്ധ ചികിത്സകൾക്കും അനീഷ് വിധേയനായിരുന്നു. എന്നാണ് അറിയാൻ സാധിച്ചത്. ഒരാഴ്ച മുമ്പ് വീട്ടിൽ വെച്ച് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസ് എത്തി അനീഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു . ഇതിനെ തുടർന്ന് രണ്ടുദിവസം ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. കുടുംബവുമായി മൂന്നുമാസത്തേയ്ക്ക് ബന്ധപ്പെടില്ലെന്ന ഉറപ്പിലാണ് അന്ന് അനീഷിന് കോടതി ജാമ്യം അനുവദിച്ചത് .

ഇതിനെ തുടർന്ന് മാറി താമസിക്കുകയായിരുന്ന അനീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിഞ്ഞത് . ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി എന്നാണ് അറിയാൻ സാധിച്ചത്. കട്ടപ്പന മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ് ജോയി പെരുന്നോയിയുടെ മകനാണ് അനീഷ്.

അനീഷ് ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം പനച്ചിക്കാട് സ്വദേശിയായ അനിൽ ചെറിയാൻ റെഢിച്ചിൽ ആത്മഹത്യ ചെയ്തത്. നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടൻ അനിലിന്റെ ഭാര്യയും നേഴ്സുമായ സോണിയ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രണ്ടു കുട്ടികളെ ആരോരുമില്ലാതാക്കി അനിൽ സ്വയം ജീവനൊടുക്കിയത്. ഉറ്റവരുടെയും ബന്ധുക്കളുടെയും സാമിപ്യവും സ്വാന്തനവും ഇല്ലാത്തതും മദ്യപാനശീലവും ആണ് പലരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അടുത്തടുത്ത് നടന്ന രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.

സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് സോണിയ അനിൽ മരണമടഞ്ഞു . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

വീട്ടിൽ കുഴഞ്ഞു വീണയുടനെ അടിയന്തിര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. ലിയയും ലൂയിസും ആണ് അനിൽ -സോണിയ ദമ്പതിമാരുടെ മക്കൾ.

കോട്ടയത്തിനടുത്തുള്ള ചിങ്ങവനമാണ് കേരളത്തിൽ ഇവരുടെ സ്വദേശം. കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) റെഡ്ഡിച്ചിൻ്റെ സജീവ പ്രവർത്തകയായിരുന്ന സോണിയ അനിലിന്റെ നിര്യാണത്തിൽ കെസിഎ റെഡ്ഡിച്ചിൻ്റെ പ്രസിഡൻറ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിൻ മാത്യുവും ട്രഷറർ ജോബി ജോണും അനുശോചനം അറിയിച്ചു.

സോണിയ അനിലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.

തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. 43 വയസു മാത്രം പ്രായമുള്ള വാർവിക്കൽ താമസിക്കുന്ന അബിൻ രാമദാസാണ് അകാലത്തിൽ വിടവാങ്ങിയത്. ഭാര്യയും മക്കളും നാട്ടിൽ അവധിക്ക് പോയപ്പോഴാണ് അപ്രതീക്ഷിതമായി അബിനെ തേടി മരണമെത്തിയത്. കേരളത്തിൽ കൊല്ലമാണ് അബിൻറെ സ്വദേശം.

വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു അബിൻ രാമദാസ്. അബിനെ ഫോൺ ചെയ്തിട്ടും ലഭ്യമാകാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചതാണ് മരണവിവരം പുറത്തറിയാൻ കാരണമായത്. അബിൻറെ വീട് അടഞ്ഞു കിടന്നതിനെ തുടർന്ന് പോലീസും അത്യാഹിത വിഭാഗങ്ങളുമെത്തിയാണ് വീട് തുറന്നത്. അബിൻ ഓട്ടോമൊബൈൽ സ്റ്റൈലിംഗ് എൻജിനീയറാണ്. ആശയാണ് ഭാര്യ . മക്കൾ: ആദവ് (14) ആലീസ് (8) . അവധിയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ പോയ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതസംസ്കാരത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അബിൻ രാമദാസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. 37 വയസ്സായിരുന്നു പ്രായം. കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ ആണ് ഭർത്താവ്. കുവൈത്തിലെ മംഗഫിൻ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

കൃഷ്ണപ്രിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിൽ മലയാളി നേഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ലിസി സാജു (59) ആണ് മരണമടഞ്ഞത്. ലിസി റോസ്കോമൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു.

മയോയിലെ ന്യൂപോർട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ലിസിക്ക് ജീവൻ നഷ്ടമായത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും പരിക്കുകളുണ്ട്. ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. കില്‍ഡയറിലെ നേസിനടുത്തുള്ള കില്ലിൽ ആണ് ലിസിയും കുടുംബവും താമസിക്കുന്നത്. മകൾ: ദിവ്യ, മകൻ: എഡ്വിൻ, മരുമകൾ: രാഖി.

ലിസി സാജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഒട്ടേറെ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ് മലയാളികൾ യുകെയിൽ എത്തുന്നത്. കോതമംഗലം സ്വദേശിയായ ഹനൂജിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പക്ഷേ യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പ് മരണം രംഗബോധമില്ലാത്ത കോമാളിയായി ഹനൂജിന്റെ ജീവനെടുത്തു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി ഹനൂജ് ഇനി ഉണരാത്ത ഉറക്കത്തിലേയ്ക്ക് വീണിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.

കെയർ വിസയിൽ ആണ് ഹനൂജും ഭാര്യയും യുകെയിൽ എത്തിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഹനൂജിന് ക്ഷീണം തോന്നി രാവിലെ വീണ്ടും കിടക്കാൻ പോകുകയായിരുന്നു . രാവിലെ 7.30 ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന ഹനൂജിനെ ചലനമറ്റ നിലയിലാണ് ഭാര്യയ്ക്ക് കാണാൻ സാധിച്ചത്. വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ മൃതദേഹം തുടർ നടപടികൾക്കായി പ്ലിമൗത്ത് ആശുപത്രിയിൽ ആണ്.

ബ്യുഡിലെ രണ്ട് കെയർ ഹോമുകളിലായിട്ടായിരുന്നു ഹനൂജും ഭാര്യയും ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അതിൽ ഇളയ കുട്ടി നാട്ടിൽ ഹനൂജിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഉള്ളത്. യുകെയിലെ ബാസിൽഡണിൽ താമസിക്കുന്ന ഹനൂജിന്റെ സഹോദരി ഹണി എൽദോയ്ക്ക് മരണവിവരമറിഞ്ഞ് ബ്യുഡിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

ഹനൂജിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ സ്വദേശിയായ അധ്യാപിക ബംഗളൂരുവില്‍ മരിച്ചു.രാമങ്കരി കവലയില്‍ പി കെ വര്‍ഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫി മോളാ(24 )ണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം പിന്നീട്.

യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.

RECENT POSTS
Copyright © . All rights reserved