പ്രശസ്ത സിനിമാ-നാടക പ്രവര്ത്തകനും അധ്യാപനുമായ പി ബാലചന്ദ്രന് അന്തരിച്ചു. 69 വയസായിരുന്നു. പുലര്ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില് വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
50ഓളം സിനിമകളില് ശ്രദ്ധേയമായ വേഷങ്ങള് ചെയ്തു. നടന്, എഴുത്തുകാരന്, തിരകഥാകൃത്ത്, സംവിധായകന്, നാടക പ്രവര്ത്തകന്, അധ്യാപകന് എന്നീ നിലകളില് ശ്രദ്ധേയനായിരുന്നു അദ്ദേഹം.
കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില് പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില് ശ്രദ്ധേയന്.’ഇവന് മേഘരൂപന്’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്വ്വകലാശാലയില് നിന്ന് മലയാളത്തില് ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര് സ്കൂള് ഓഫ് ഡ്രാമയില് നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര് കലയില് ബിരുദവുമെടുത്തു.
സ്കൂള് ഓഫ് ഡ്രാമയില് കുറച്ചു കാലം അദ്ധ്യാപകന് ആയിരുന്നു.സ്കൂള് ഓഫ് ഡ്രാമയുടെ റെപെര്ടറി തിയേറ്റര് ആയ ‘കള്ട്’ല് പ്രവര്ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന് ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള് രചിച്ചു. ഏകാകി,ലഗോ,തീയറ്റര് തെറാപ്പി,ഒരു മധ്യവേനല് പ്രണയരാവ്, ഗുഡ് വുമന് ഓഫ് സെറ്റ്സ്വാന് തുടങ്ങിയ നാടകങ്ങള് സംവിധാനം ചെയ്തു.
ഉള്ളടക്കം,അങ്കിള് ബണ്, പവിത്രം, തച്ചോളി വര്ഗ്ഗീസ് ചേകവര്, അഗ്നിദേവന് (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര് സ്കൂള് ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന് കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്മ്മരം,ട്രിവാന്ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല് കേരള സംഗീത അക്കാദമി അവാര്ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.
സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്.
അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്, അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.
ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.
എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ദുഃഖവെള്ളിയാഴ്ച അക്ഷരാർദ്ധത്തിൽ യുകെയിൽ മലയാളികൾക്ക് വേദനയുടേതായി. യുകെയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇന്ന് വെളുപ്പിനെ A14 വച്ചുണ്ടായ അപകടത്തിൽ പെട്ട് തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) മരണമടഞ്ഞു. ഇന്ന് പുലർച്ചെ 4.50 നാണ് അപകടം നടന്നത് . A14 ജംഗ്ഷൻ 51 നും 50 യ്ക്കുമിടയിൽ കോഡെൻഹാമിലാണ് അപകടം സംഭവിച്ചത്.
നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.
നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അമൽ പ്രസാദിൻെറ അകാല വിയോഗത്തിൽ മലയാളം യുകെന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയിലെ ജാംനെർ അസിസ്റ്റന്റ് വികാരിയും, കോതമംഗലം രൂപതയിൽ ഉൾപ്പെടുന്ന കുണിഞ്ഞി,സെന്റ് ആന്റണിസ് ഇടവക്കാരനുമായ ഫാ.ജോൺ നാട്ടുനിലം (മേട്ടയിൽ) എം.എസ്.റ്റി (48 ) ഇന്ന് രാവിലെ ദുഖവെള്ളി തിരുകർമ്മൾക്കായി കലാപിപ്പലിലേക്കു പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു മരണമടഞ്ഞു.
ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.
ആറ് മാസങ്ങൾക്ക് മുൻപാണ് ‘അമ്മ മരണമടഞ്ഞത്.
റവ. ഫാ ജോൺ നാട്ടുനിലത്തിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
പ്രമുഖ സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടിഎസ് മോഹനൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടിഎസ് മോഹൻ. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രശസ്തനായിരുന്നു മോഹനൻ.
സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച ലില്ലിപ്പൂക്കൾ ആയിരുന്നു ടിഎസ് മോഹനന്റെ ആദ്യ ചിത്രം. 1979 ലെ ഈ വിജയചിത്രത്തിന് ശേഷം മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവരെ അണിനിരത്തി ഒരുക്കിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രവും ബോക്സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു.
1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു.
ഇന്ദ്രജിത് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടിഎസ് മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.
ബിർമിങ്ഹാം: ബിർമിങ്ഹാം സെന്റ് ബെനഡിക്ട് മിഷന്റെ ട്രസ്റ്റിയും മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറുമായ ജിമ്മി മൂലക്കുന്നത്തിന്റെ ഭാര്യാ പിതാവ് ജോസഫ് സ്കറിയ (81) ഇന്ന് നിര്യതനായി.
മൃതസംസ്ക്കാര ചടങ്ങുകളുടെ സമയം തീരുമാനമായിട്ടില്ല. ഭാര്യാ റോസമ്മ സ്കറിയ പാമ്പാടി പാലക്കുന്നേലായ പ്ലാത്താനത്ത് കുടുംബാംഗമാണ്.
മക്കൾ: അനു (UK), ബിനു (പുന്നവേലി), സുനു (ബാംഗ്ലൂർ ) , സുജ (USA), സുമ (സൗദി), ജോസ്ന (USA),
മരുമക്കൾ : ജിമ്മി മൂലക്കുന്നം, രാമങ്കരി (UK ), സോണി ഇടത്തിനകം( ദുബൈ), രാജേഷ് പുത്തൻപുരക്കൽ (ബാംഗ്ലൂർ), ടോം കൊടുംപാടം (USA), സാജു കുറ്റിക്കൽ (സൗദി), അജോഷ് മഠത്തിപ്പറമ്പിൽ( USA).
ജോസഫ് സ്കറിയയുടെ മരണത്തിൽ മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്.
കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുതിർന്ന നാടകപ്രവർത്തകനും മലയാള ചലച്ചിത്ര നടനുമായ പിസി സോമൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചാണ് ജനശ്രദ്ധ നേടിയത്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്.
ധ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർമാൻ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അമച്വർ നാടകങ്ങളുൾപ്പെടെ 350ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പിസി സോമൻ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളംയുകെയുടെ സഹയാത്രികയും പത്തനംതിട്ടയിലെ സ്കൂള് ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്സിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ലക്ചറുമായ അനുജ സജീവിൻെറ ഭർത്താവ് സജീവ് കുമാർ എസ് (47) ഖത്തറിൽ നിര്യാതനായി. സജീവ് കുമാർ ഖത്തർ ആമ്ഡ് ഫോഴ്സിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി അനുഷ്ഠിക്കുകയായിരുന്നു. പത്തനംതിട്ട എലന്തൂർ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഒ എൻ ശിവരാജൻെറയും സരോജീനിയമ്മയുടെയും മകനാണ്. സൂര്യഗായത്രിയും സൂര്യകിരണും ആണ് മക്കൾ.
മലയാളംയുകെയുടെ വായനക്കാർക്ക് അനുജ സജീവ് ചിരപരിചിതയാണ്. അനുജ സജീവിൻെറ ഒട്ടേറെ കഥകളും ചിത്രങ്ങളും മലയാളംയുകെയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട അനുജ ടീച്ചറിൻെറ ഭർത്താവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യു കെയിലെ മുൻ ഹൈക്കമ്മീഷണർ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ ,രാധാകൃഷ്ണ തുടങ്ങിയ റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിംഗ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട് .മൂത്ത മകൻ വിവാഹിതനാണ്.
ഓ ഐ സി സി യുകെ യുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മലയാളികളുടെ ഏത് ആവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ആദ്ദേഹം ഉദ്യോഗസ്ഥ വൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സഹായത്തിന് മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കുമായി ഹരിദാസ് എപ്പോഴും ഒരു കൈ അകലത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിന് മലയാളികൾക്കാണ് ഹരിദാസിന്റെ നേതൃത്വത്തിൽ സഹായഹസ്തമേകിയത്.
യുകെയിലെ പ്രമുഖ സംഘാടകനായിരുന്ന ഹരിദാസ് എം എം യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു.
ഹരിദാസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.