ക്രോയ്ഡോണ്: ബ്രിട്ടനില് കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് റെഡ് ഹില്ലില് താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി വെളിമാനം അത്തിക്കൽ സ്വദേശി സിന്റോ ജോര്‍ജ് (36) മുള്ളൻകുഴിയിൽ ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. അസുഖം ബാധിച്ച് ഒരാഴ്ചയോളമായി വെന്റിലേറ്ററില് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. ഡിയബെറ്റിക് ആയിരുന്നു ഷിൻറ്റോ. കഴിഞ്ഞ ദിവസം രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്ന് രാവിലെ സിന്റോ യാത്രയായി.
ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. എല്ലാവരും യുകെയിൽ തന്നെയാണ് ഉള്ളത്. സിന്റോ ഉൾപ്പെടെ രണ്ടാണും രണ്ട് പെണ്ണും അടങ്ങുന്നതാണ് മുള്ളൻ കുഴിയിൽ കുടുംബം. പരേതനായ സിന്റോ കുടുംബത്തിലെ രണ്ടാമത്തെ ആൾ ആണ്. ഷിനോബി, ഷിൻസി, ഷിബിൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. നാട്ടിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. സന്യസിനിയായ ഷിൻസി ഗുജറാത്തിലും, മൂത്ത ആളായ ഷനോബി കുവൈറ്റ്, ഇളയ ആൾ ഷിബിൻ ബാംഗ്ലൂരും ആണ് ഉള്ളത്.
നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാനോ നഴ്സിംഗ് ഫീൽഡിൽ ജോലി നേടുവാനോ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്. സിന്റോയുടെ അകാല നിര്യാണത്തില് ദുഃഖാർത്ഥരായ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില് മലയാളം യുകെയും പങ്ക് ചേരുന്നു. ബര്മിംഗ്ഹാമില് നിര്യാതനായ ഡോക്ടര് പച്ചീരി ഹംസയാണ് കൊവിഡ് മൂലം യുകെയില് മരണമടഞ്ഞ ആദ്യ മലയാളി. യുകെയില് പടര്ന്നുപിടിച്ചിരിക്കുന്ന കൊവിഡ് നിരവധി മലയാളികളെ ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്.
പ്രശസ്ത സംഗീത സംവിധായകന് എം കെ അര്ജുനന് മാസ്റ്റര് അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില് ഇന്നു പുലര്ച്ചെ 3.30 നായിരുന്നു അന്ത്യം.ഒരു കാലം… അതിന്റെ പേരാണ് എം.കെ.അര്ജുനൻ. പാട്ടിന്റെ കസ്തൂരി മണമുണ്ട് ആ ജീവിതത്തിന്. മാഷുടെ ഈണത്തിൽ നമ്മുടെ സ്വപ്നങ്ങൾ അലിഞ്ഞു.
ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്ക്കും സംഗീതം നല്കിയിട്ടുണ്ട്. നാടകഗാനങ്ങള് ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്ജുനന് 1968 ല്‍ കറുത്ത പൗര്ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില് സജീവമായത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തില് അദ്ദേഹത്തിന്‍ 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
ന്യൂ യോർക്ക് : ന്യൂ യോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) നിര്യാതനായി
കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു
ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു
ന്യൂ യോർക്ക് ക്വീൻസിൽ താമസമായിരുന്നു,
തൊടുപുഴ മുട്ടം സ്വദേശിയാണ്
ഇഞ്ചനാട്ട് കുടുംബാംഗമാണ്
ഭാര്യ ഷീബ, മക്കൾ മാത്യൂസ്, സിറിൽ
സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട്
ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ഷോൺ. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം
നാലു ദിവസം മുൻപാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്നു വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ഡബ്ലിന്‍ : കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് മരണപ്പെട്ടു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു,കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത്. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്.
അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു.
കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് രണ്ട് ദിവസത്തിനുള്ളിൽ ആണ് മരണം സംഭവച്ചിരിക്കുന്നത്.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശവസംസ്ക്കാര സമയം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.
ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .
പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .
ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ 78 കാരനായ ടോണി ലൂയിസ് അന്തരിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 2010-ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു.
1997-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് മഴമൂലം തടസപ്പെടുത്ത മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഈ രീതി ഐ.സി.സി അംഗീകരിച്ചു. പിന്നീട് 2014-ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന്‍ പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2014 ലാണ് ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് ലോകകപ്പ് മത്സരത്തിലായിരുന്നു ഇത്. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ നിയമത്തിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
1992-ലെ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഐസിസിയെ ചിന്തിപ്പിച്ചത്. 1992 മാര്‍ച്ച് 22-ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ കളി തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. സ്വാഭാവികമായും അവര്‍ മത്സരം തോറ്റു. ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറക്കുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം ശക്തമായത്.
കോവിഡ് 19 ബാധിച്ച് അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ആദം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.
നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ടോം ഹാങ്ക്സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന് വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. ഡര്ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ ക്ലിനിക്കല് ട്രയല്സ് യൂണിറ്റ് പ്രിന്സിപ്പല് ഇന്വെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവന്ഷന് റിസര്ച്ച് യൂണിറ്റിന്റെ മേധാവിയുമായിരുന്ന ഗീത രാംജി(50)ആണ് മരിച്ചത്. ഒരാഴ്ച മുന്പ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഇവര്ക്ക് കോവിഡ് 19 ലക്ഷണങ്ങള് കാണിച്ചിരുന്നു. രാജ്യത്ത് ഇതുവരെ അഞ്ച് പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.