തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.
നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. വെറും 67.08 സെന്റീമീറ്റർ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം. 27–ാമത്തെ വയസിലാണ് ന്യൂമോണിയ ബാധയെത്തുടർന്ന് നേപ്പാൾ സ്വദേശിയായ മഗർ വിട വാങ്ങിയത്.
2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് മഗർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് 18 വയസായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന മഗർ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. മധ്യ നേപ്പാൾ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന മഗർ ഒട്ടേറെ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.
ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.
അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.
ലിവർപൂൾ: ലിവർപൂൾ ഫാസകലിയിൽ താമസിക്കുന്ന ജോസ് താണിപ്പാറയുടെ ഭാര്യ കൊച്ചുറാണി (54) നിര്യതയായി. ഇന്ന് രാവിലെ 8.20 ന് ആണ് മരണം സംഭവിച്ചത്. 2003 ലിവർപൂളിൽ എത്തിയ ആദ്യകാല മലയാളികളിൽ ഒരാളാണ് കൊച്ചുറാണി. കൊച്ചു റാണി കോട്ടയം പേരുതുരുത്ത്, തുമ്പുങ്കൽ പരേതനായ സെബാസ്റ്റിൻറെ മകൾ ആണ്. കുറച്ചു മാസങ്ങളായി ചികിത്സയിലിരിക്കുകയായിരുന്നു കൊച്ചുറാണി.
മെഡിസിന് പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഇന്റേണൽ ഓർഗൻ ഡാമേജ് ആണ് മരണകാരണം എന്നാണ് അറിയുവാൻ കഴിയുന്നത്. ആത്മാവിനു വേണ്ട കൂദാശകൾ എല്ലാം സ്വീകരിച്ചുകൊണ്ടാണ് നേഴ്‌സായ കൊച്ചുറാണി വേർപിരിഞ്ഞത് എന്നാണ് ഇടവക വികാരിയായ ഫാദർ ജിനോ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മലയാളം യുകെയുടെ ആദരാഞ്ജലികൾ
കടുത്തുരുത്തിയിലെ ആദ്യകാല ടിംബര്‍ വ്യവസായിയും യു.കെ.കെ.സി.എ. മുന്‍ പ്രസിഡന്റ് ബിജുമടുക്കക്കുഴിയുടെ പിതാവ് പൂഴിക്കോല്‍ ഇടവകാംഗം എബ്രഹാം മടക്കക്കുഴി (85) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം കുറുമള്ളൂര്‍ വാളായില്‍ കുടുംബാംഗം. സംസ്‌കാരം പിന്നീട്.
മക്കള്‍: സൈമണ്‍ എബ്രഹാം, ടോമി എബ്രഹാം, സി. ഡെയ്സി (സൈന്റ് ജോസഫ് സന്യാസസമൂഹം, മോനിപ്പള്ളി), മോളി മാത്യു, സി. പ്രിന്‍സി (സൈന്റ്‌റ് ജോസഫ് സന്യാസസമൂഹം , മോനിപ്പള്ളി), ജെയ്നി തോമസ്, ബിജു എബ്രഹാം, ജോമോന്‍ എബ്രഹാം, സ്റ്റീഫന്‍ എബ്രഹാം.
മരുമക്കള്‍: മേഴ്സി പടവെട്ടുംകാലയില്‍ (കൈപ്പുഴ), ആന്‍സി കുന്നേല്‍ തൂവാനിസ, മാത്യു വലിയപുളിഞ്ചാല്‍ ഏറ്റുമാനൂര്‍, തോമസ് തടാനാകുഴിയില്‍ ഇരവിമംഗലം, ആഷാ കാട്ടിപ്പറമ്പില്‍ കല്ലറ, ജിന്‍സി ശൗര്യമാക്കിയില്‍ ഉഴവൂര്‍, ജോബിന നിരപ്പില്‍ പയസ് മൗണ്ട്, ഫാ. മിഥുന്‍ വലിയപുളിഞ്ചാല്‍ പൗത്രന്‍
സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.
ഔദ്യോഗിക ആവശ്യാർത്ഥം ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.
ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.
ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎ യുമായ തോമസ് ചാണ്ടിക്ക് ആലപ്പുഴയുടെ ആദരാഞ്ജലി. ഇഎംഎസ് സ്റ്റേഡിയത്തിൽ തോമസ് ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. വൈകുന്നേരം 4.30ഓടെ മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനെത്തിച്ചു.
കെഎസ്ആർടിസിയുടെ ലോഫ്ളോർ വാഹനത്തിലാണ് മൃതദേഹം എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. വിവിധയിടങ്ങളിൽനിന്നായി ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽനിന്നുള്ളവരും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഇഎംഎസ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടിയും ചീഫ് സെക്രട്ടറിക്കുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും ജില്ലാ കളക്ടർ എം. അഞ്ജന പുഷ്പചക്രം അർപ്പിച്ചു.
മുൻമന്ത്രി എസ്. ശർമ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, എ.എൻ. ഷംസീർ, മുൻ എംഎൽഎമാരായ സി.എസ്. സുജാത, ഡോ. കെ.സി. ജോസഫ്, ഡി. സുഗതൻ, ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. ആലപ്പുഴ പ്രസ്ക്ലബിനുവേണ്ടി സെക്രട്ടറി ആർ. രാജേഷ്, പ്രസിഡന്റ് യു. ഗോപകുമാർ, ട്രഷറർ ജെ. ജോജിമോൻ എന്നിവർ ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം കുട്ടനാട്ടിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിലെ പ്രാർഥനകൾക്കുശേഷം രണ്ടിന് ആലപ്പുഴ ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ സംസ്ക്കരിച്ചു
ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്ക് തീരാ ദുഃഖം നൽകി മലയാളി ദമ്പതികളുടെ അപകടമരണം. ഇന്നലെ ഓസ്ട്രേലിയയിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് തീപിടിച്ച് പെരുമ്പാവൂർ തുരുത്തിപ്ലി സ്വദേശികളായ നവദമ്പതികള്‍ ആണ് മരിച്ചത്. തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്. മരിച്ച ആൽബിൻ പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ (വെള്ളിയാഴ്ച്ച ) ഉച്ചയ്ക്ക് 12.45ന് ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.
റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേന്‍ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കള്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു. ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു.
മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒരു മാസം മുന്‍പ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാര്‍ത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി. മൃതദേഹങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോർട്ടം നടക്കുകയും ഇന്ത്യൻ എംബസ്സിയിലെ പേപ്പറുകൾ പൂർത്തിയാവുകയും ചെയ്‌താൽ പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.