Social Media

ചികിത്സയിലിരിക്കെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം കാഞ്ഞങ്ങാട് ദീപ നഴ്‌സിങ് ഹോമിൽ മരിച്ച ആശയുടെ വിയോഗത്തില്‍ ബന്ധു എഴുതിയ ഫെയ്സ്ബുക് കുറിപ്പ് വൈറലാകുന്നു. തുടര്‍ച്ചയായുള്ള ചര്‍ദ്ദിയും ക്ഷീണവും മൂലമാണ് നാല് മാസം ഗര്‍ഭിണിയായ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രോഗിയുടേത് വെറും അഭിനയം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പക്ഷം. ഇത്തരം അഭിനയം ഒരുപാട് കണ്ടിട്ടുണ്ടെന്നും, ബന്ധുക്കള്‍ ഇതിന് കൂട്ട് നില്‍ക്കരുതെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. എന്നാൽ ആശയുടെ വയറ്റില്‍ വളരുന്ന കുട്ടി മരിക്കുകയും, ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും ചെയ്തു. അധികം വൈകാതെ എല്ലാവരെയും വേദനയിലാഴ്‌ത്തി ആശയും വിട പറഞ്ഞു.

മനീഷ് തമ്പാന്‍ എന്നയാളാണ് ഇതുസംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ കുറിപ്പ് എഴുതിയിട്ടത്.

മനീഷ് തമ്പാന്‍ എഴുതിയ കുറിപ്പ് വായിക്കാം;

കണ്ണീരിൽ കുതിർന്ന ദിനം.. ആദരാജ്ഞലികൾ പൊന്നുമോളെ.. *കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കിൽ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവർ പ്രമുഖർ എന്ന് വിശേഷിപ്പിച്ചാൽ മതി.. ഞങ്ങൾ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ എന്ന് സ്വയം കരുതുന്ന ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് നഷ്ടമായത്… എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്… ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി ‘അമ്മ, ബെസ്ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്.. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തിക് (കണ്ണൻ) ന്റെ പെറ്റമ്മയെ ആണ്…. ഒന്ന് മനസിലാക്കുക. നിർത്താതെയുള്ള ചർധിയും, ക്ഷീണവും കാരണം നാല് മാസം ഗർഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു.

ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോൾ ഡോക്ടർ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന്. രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്.

രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ,18.3.2018 വൈകുന്നേരം ബന്ധുക്കൾ അവിടെനിന്നും ഡിസ്ചാർജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.

അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്‌ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശതമാനമേ ചാൻസുള്ളൂ എന്നും പറയുന്നു.

ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി. ഭൂമാഫിയയുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന *വാസു ഡോക്ടറെയും,* *രൂപ പൈ യെയും* പോലുള്ളവർക്ക് ഇത് മനസിലാക്കണമെന്നില്ല… നിങ്ങളുടെ മേൽ വിശ്വാസം അർപ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളിൽ ഏൽപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകർന്നടിഞ്ഞത്….. പണത്തിനോടുള്ള ആർത്തി മൂത്ത് നിങ്ങൾ കാട്ടികൂട്ടുന്ന ഈ ചെയ്തികൾക്ക് എല്ലാറ്റിനും മുകളിൽ പരമ കാരുണികനായ സർവ്വ ശക്തന്റെ മുന്നിൽ മറുപടി പറയേണ്ട ഒരു ദിനം വരും….. *ആ കാലം വിദൂരമല്ല..* *ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിൽ ചികിത്സ തേടി പോകരുത്.* ആദരാജ്ഞലികൾ പൊന്നുമോളെ….

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ആലപ്പുഴയില്‍ സംഭവിച്ച സെല്‍ഫി ദുരന്തമെന്ന രീതിയില്‍ പ്രചരിച്ച വീഡിയോ പിന്നീട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിനിമാ സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. തങ്ങള്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് സംവിധായകന്‍ വിശദീകരിച്ചിരുന്നു.

ആധികാരികതയില്ലാത്ത വീഡിയോകള്‍ എങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് എന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും അതിന്റെ ഭാഗമായിട്ടാണ് സെല്‍ഫി വ്യാജ ദുരന്തം പ്രചരിപ്പിച്ചതെന്നും വിവിയന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഏറെ വൈറലായി മാറിയ വീഡിയോയെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരെ വന്നിരുന്നു.

വ്യാജ ദുരന്തം ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

മേക്കിംഗ് വീഡിയോ കാണാം..

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിന് ശേഷം പ്രൊഫൈല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാന്‍ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ BFF എന്ന് ടെപ്പ് ചെയ്താല്‍ മതിയെന്ന് വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരണം. അത്തരമൊരു സംവിധാനം ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകത്തെമ്പാടുമുള്ള ഫെയിസ്ബുക്ക് ഉപഭോക്താക്കളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് ഡാറ്റ ബ്രീച്ചുണ്ടായ വാര്‍ത്തകള്‍ പുറത്ത് വന്നത്. തങ്ങലുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാമെന്നതായിരുന്നു ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ സംഭവത്തിന് ശേഷം ഫെയിസ്ബുക്ക് അധികൃതരോട് ചോദിച്ച് സംശയങ്ങളിലൊന്ന്. ഡാറ്റ ബ്രീച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷവും പലവിധങ്ങളായ വ്യാജ വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയാണ് ‘BFF’ എന്നു ടൈപ്പ് ചെയ്ത് പ്രൈഫല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാമെന്നത്.

ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയതുമായി സംഭവത്തെ തുടര്‍ന്ന് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വേരിഫൈ ചെയ്യാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് BFF എന്നായിരുന്നു പ്രചരണം. ഫേസ്ബുക്ക് കമന്റായി BFF എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ചനിറം കൈവരുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്നും മറിച്ചാണെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണക്കാക്കി ഉടന്‍ പാസ്‌വേര്‍ഡ് മാറ്റണമെന്നും വാര്‍ത്ത പ്രചരിച്ചു. ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് BFF എന്ന് ടൈപ്പ് ചെയ്ത് സെക്യൂരിറ്റി ചെക്ക് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തരം അക്ഷരങ്ങളുടെ കളര്‍ വ്യത്യാസം ഫേസ്ബുക്കിന്റെ ഒരൂ ഫീച്ചറാണ്. ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ചില പ്രത്യേക ടെക്‌സ്റ്റുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കളര്‍ വ്യത്യാസം ഉണ്ടാകുകയും അനിമേഷന്‍ ടെക്സ്റ്റായി മാറുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.

ഫേസ്ബുക്കിന്റെ ഏറ്റവും അപ്‌ഡേറ്റഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍ സംവിധാനം ലഭ്യമാകുകയുള്ളു. പഴയ ആപ്ലിക്കേഷനുകളിലും ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമല്ല. മലയാളത്തില്‍ അഭിനന്ദനങ്ങള്‍ എന്ന് ടൈപ്പ് ചെയ്താല്‍ ടെക്സ്റ്റിലെ കളറില്‍ വ്യത്യാസമുണ്ടാകുന്നത് സമാന അനിമേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്. വ്യാജ വാര്‍ത്ത നിരവധി ഉപഭോക്താക്കളെയാണ് കബളിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തും. അതേസമയം കേംബ്രിജ് അനലിറ്റിക്കയെന്ന ബ്രിട്ടിഷ് കമ്പനി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫെയ്സ്ബുക്ക് രംഗത്ത് വന്നിട്ടുണ്ട്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിഷയത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിക്കുകയും ഭാവിയില്‍ ഇത്തരം സെക്യൂരിറ്റി ബ്രീച്ചുണ്ടാകുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്താമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങൾ. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നുള്ള പ്രകടനം എല്ലാവരും പേടിയോടെയാണ് കണ്ടത്. പിന്തിരിപ്പിക്കാൻ പലരും ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നാട്ടുകാര്‍ മെഡിക്കല്‍ സംഘത്തെയും മറ്റും വിവരമറിയിക്കുകയും ഇവരെത്തി യുവതിയെ രക്ഷിക്കുകയുമായിരുന്നു.

വിപണിയില്‍ ഒന്നാം സ്ഥാനം നേടാന്‍ റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് ഡോമിനാര്‍ നിരവധി പരസ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ആനയെ പോറ്റുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഓരോ പരസ്യങ്ങളില്‍ കൂടിയും അവര്‍ ഉന്നയിച്ചു കൊണ്ടിരുന്ന ചോദ്യം.  ബജാജിന്റെ പരസ്യം കണ്ട് ചൊടിച്ച ബുള്ളറ്റ് ആരാധകര്‍ ഇതിനു മറുപടിയെന്നോണം നിരവധി വീഡിയോ പുറത്തു വിട്ടിരുന്നു. അതില്‍ ഏറ്റവും പുതുതായി പുറത്തു വിട്ട വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുകയാണ്. ചെന്നൈ ബുള്ളറ്റ് ക്ലബ്ബ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പുറത്തുവിട്ടത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്കില്‍ ഒരാള്‍ ഒരു കുന്ന് നിഷ്പ്രയാസം കയറി പോകുന്നതാണ് വീഡിയോയില്‍ ആദ്യം. ഇതിനു പിന്നാലെ വന്ന ബജാജിന്റെ ഡോമിനാര്‍ ബൈക്ക് കയറ്റം കയറുവാന്‍ പോലുമാകാതെ നിന്നു പോകുന്നതാണ് വീഡിയോയില്‍. തുടര്‍ന്ന് പിന്നാലെ വന്നവര്‍ ഡോമിനാറിനെ തള്ളി നീക്കുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.  ഏറെ ആരാധകരുള്ള റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയ ബജാജിനുള്ള കൃത്യമായ മറുപടിയാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ബാഴ്സലോണ: പ്രാങ്ക് വീഡിയോ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരമുള്ളവയാണ്. എന്നാല്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി ആളുകളെ കബളിപ്പിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ബാഴ്‌സലണോയില്‍ പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിനായി യുവതിയെ ചവിട്ടി വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മരിയോ ഗാര്‍ഷ്യ എന്നയാള്‍ റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്ന യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതിക്ക് കാര്യമായ പരിക്കേറ്റു. തുടര്‍ന്ന് 75 ദിവസത്തോളം യുവതിക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം. ചവിട്ടി വീഴ്ത്തിയ ശേഷം തന്നെ കളിയാക്കി ചിരിച്ച വീഡിയോ നിര്‍മ്മാതാക്കളെ യുവതി ചീത്ത വിളിക്കുകയും ചെയ്തിരിന്നു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ യുവതി നഷ്ടപരിഹാരമായി 45,000 യൂറോ ആവശ്യപ്പെട്ടു. എന്നാല്‍ 60,000 യൂറോ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യുകയായിരുന്നു. ആളുകളെ ഭയപ്പെടുത്തുക, കെണിയില്‍ വീഴ്ത്തുക, കളിയാക്കുക തുടങ്ങിയവയാണ് പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നവര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍.

കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റമേറ്റു പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അതിന് സാധിക്കാത്തതിനാല്‍ നിങ്ങളെ സേവിക്കാനുള്ള യോഗ്യത ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്കില്‍ നിന്ന് 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വ്യക്തമായത്.

ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ വിപണിമൂല്യത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിശ്വാസവഞ്ചനയാണ് കാണിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 2013ല്‍ പുറത്തിറങ്ങിയ ഒരു ക്വിസ് ആപ്പിലൂടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റാ ശേഖരണം നടത്തിയത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്ന് ലക്ഷം പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ആപ്പിലൂടെ ശേഖരിക്കുകയായിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാ ആപ്പുകളും ഓഡിറ്റ് നടത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായും 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലീവ് അനുകൂലികള്‍ക്ക് വേണ്ടിയും കേംബ്രിഡ്ജ് അനലിറ്റിക്ക നിയോഗിക്കപ്പെട്ടിരുന്നു. എംഐ6 മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. മുന്‍ മൊസാദ് ഉദ്യോഗസ്ഥരും യുക്രേനിയന്‍ ലൈംഗികത്തൊഴിലാളികളും വരെ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്രേ. അലക്‌സാന്‍ഡര്‍ നിക്‌സ് എന്ന സാമ്പത്തിക വിദഗ്ദ്ധനും ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റുമാണ് ഈ കമ്പനിയുടെ സ്ഥാപകന്‍.

ന്യൂയോര്‍ക്ക്: ഫെയിസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചേര്‍ത്തിയ സാഹചര്യത്തിലാണ് ബ്രയാന്‍ ആക്റ്റന്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.

ക്രേംബിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് ഫെയിസ്ബുക്ക് ഓഹരി ഗണ്യമായ തകര്‍ച്ച നേരിടുകയാണ്. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജാന്‍ കൗമിനോട് കൂടെ ചേര്‍ന്ന് ബ്രയാന്‍ ആക്റ്റ് നിര്‍മ്മിച്ച മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് 2014ലിലാണ് ഉടമസ്ഥാവകാശം ഫെയിസ്ബുക്കിന് കൈമാറുന്നത്. ഏതാണ്ട് 1900 കോടി ഡോളറിനാണ് വില്‍പ്പന നടന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബ്രയാന്‍ ആക്റ്റിന്റെ പുതിയ പ്രസ്താവന ഇവരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.

സ്വാമിവിവേകാനന്ദന്‍ പറഞ്ഞ പോലെ കേരളം ഭാന്ത്രാലയം തന്നെയാണെന്ന്     ഈ വീട്ടമ്മയുടെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടാല്‍. കോഴിക്കോട് സ്വദേശിയായ സുജാതാ പത്മനാഭനാണ് മുസ്ലിം സുഹൃത്തുക്കള്‍ തന്റെ സൗഹൃദവലയത്തില്‍ നിന്ന് മാറിപ്പോകണമെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. സുജാതയുടെ വര്‍ഗീയ വിഷം ചീറ്റലിനെതിരെ മാധ്യമപ്രവര്‍ത്തകയായ സുനിതാദേവദാസ് രംഗത്തെത്തി…

അവരുടെ കുറിപ്പ് വായിക്കാം….

ഇസ്ലാമോഫോബിയ എന്ന് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ടെങ്കിലും എനിക്കത് കേരളത്തില്‍ ഉണ്ടോന്ന് വല്യ ഉറപ്പൊന്നുമില്ല . നാം നമ്മെ അടിസ്ഥാനമാക്കിയാണല്ലോ എല്ലാം വിലയിരുത്തുക . എനിക്ക് ജാതി ,മത അടിസ്ഥാനത്തില്‍ ഒരു മനുഷ്യനോടും ഒരു വേര്‍തിരിവുമില്ല . അതേസമയം ഞാന്‍ കണ്ടു വളര്‍ന്നത് കൊണ്ടോ എന്തോ മുസ്ലിംകളോട് , പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിംകളോട് വല്ലാത്ത ഒരിഷ്ടവുമുണ്ട് .

‘ എത്താ മാളെ ‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌നേഹമാണ് . പിന്നെ അവരുടെ നിഷ്‌കളങ്കമായ എല്ലാം എല്ലാം എനിക്കിഷ്ടമാണ് . എനിക്ക് തോന്നുന്നു ഞാന്‍ സംസാരിക്കുന്നത് സുന്നികളെ കുറിച്ചാവും . അല്ലാതെ സോഫിസ്റ്റിക്കേറ്റഡ് ആയ മുസ്ലിംങ്ങളെ കുറിച്ചല്ല .

തൂങ്ങി തൂങ്ങിയ കമ്മല്‍ , കാച്ചി , തട്ടം , പത്തിരി ഒക്കെ ഒരു നൊസ്റ്റാള്‍ജിയ ആണ് . മലപ്പുറം തനി മുസ്ലിം ഭാഷയും വല്ലാത്ത ഒരിഷ്ടമാണ് . മുടി വെട്ടുന്നവര്‍ , മീന്‍ വില്‍ക്കുന്നവര്‍ , ബസ് ഓടിക്കുന്നവര്‍ , കച്ചവടക്കാര്‍ എന്ന് തുടങ്ങി എല്ലാമെല്ലാം , അവരുടെ പെരുമാറ്റ രീതി , സ്‌നേഹം ഒക്കെ ഇപ്പോ മനസ്സില്‍ നിറഞ്ഞു കവിയുന്നുണ്ട് . ഒരു വീട് പോലെ ജീവിച്ച എത്രയോ കുടുംബങ്ങള്‍ …പെരുന്നാളുകള്‍ .. നോമ്പ് … നിക്കാഹ് … മൈലാഞ്ചിയിടല്‍ …  മനസ്സ് നിറയുന്ന ഓര്‍മകളും സ്‌നേഹവും …. ഇന്ന് അത്ഭുതത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത് . ഇതവര്‍ ശരിക്കും എഴുതിയതായിരിക്കുമോ ? അതോ തമാശ ? ശരിക്കും എഴുതിയതാണെങ്കില്‍ അവര്‍ക്ക് മുസ്ലിംങ്ങള്‍ എന്തെന്ന് അറിഞ്ഞു കൂടാ എന്ന് ഞാന്‍ പറയും . അവര്‍ക്ക് കേട്ട് കേള്‍വി മാത്രമേ ഉള്ളു ..

വത്തക്ക , ഫാറൂഖ് കോളേജ് , ആട് മേക്കല്‍ , ഐസിസ് ഇതൊന്നുമല്ല കേരളത്തിലെ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . അവര്‍ നിഷ്‌കളങ്കരായ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരാണ് .മുസ്ലിംങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു . എന്നോളം തന്നെ .. എന്റെ മക്കളോളം … ചില സാഹചര്യത്തില്‍ ഇത് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട് . ഞാന്‍ പറയുന്നു . വളരെ കുറച്ചു വിരലിലെണ്ണാവുന്ന മതഭ്രാന്തന്മാരും അന്യമത വിദ്വേഷികളുമല്ല കേരളത്തിലെ മുസ്ലിംങ്ങള്‍ . അവര്‍ , എനിക്കറിയാവുന്നവര്‍ നൂറു ശതമാനവും നല്ല മനുഷ്യരാണ് . ഞാന്‍ അവരെ സ്‌നേഹിക്കുന്നു . ആ സ്ത്രീയുടെ ഫേസ് ബുക്കില്‍ നിന്നും മതത്തിന്റെ പേരില്‍ പുറത്താവുന്ന നിങ്ങള്‍ക്കൊക്കെ എന്റെ ഹൃദയത്തില്‍ ഒരിടമുണ്ട് . വരൂ ….

ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.

ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മാറുതുറക്കല്‍സമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!

Copyright © . All rights reserved