ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടോളില്‍ ഏഴാമത്തെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോള്‍ എന്റെ പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാന്‍ തുടങ്ങി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകള്‍ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യന്‍ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോള്‍ അവര്‍ മറ്റുള്ള വണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എന്‍ട്രി ബാരിയര്‍ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വണ്ടി ടോള്‍ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നില്‍ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ അവിടെ ബ്ലോക്കില്‍പ്പെട്ടപ്പോഴാണ് ടോള്‍ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. ഞാന്‍ ഈ ടോള്‍ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോള്‍. ദേശീയ അവാര്‍ഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇവിടെ പൈസയുടെ പ്രശ്‌നമല്ല. അവരുടെ പെരുമാറ്റത്തിന്റെ പ്രശ്‌നമാണ്. ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് അവിടെ നടക്കുന്നത്. ഈ സംഭവത്തിനു ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചു. എപ്പോഴും ഇതു തന്നെയാണ് അവിടുത്തെ അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിക്കേസുപോലും പരിഗണിക്കാതെ അവര്‍ ടോള്‍ പിരിക്കും. അതുകൊണ്ട് ഇനിയെങ്കിലും ഇതിന് എന്തെങ്കിലും നടപടി സ്വീകരിക്കണം.

ചിലര്‍ പറയുന്നത് 65 രൂപയുടെ പ്രശ്‌നമല്ലേ, അത് കൊടുത്ത് പരിഹരിച്ചു കൂടെ എന്ന്. പൈസയുടെ പ്രശ്‌നമല്ല, കാത്തിരിക്കാനും മടിയില്ല. ഞാന്‍ ആദ്യമായല്ല ഈ വഴി പോകുന്നത്. എന്നും ടോള്‍കൊടുത്ത് തന്നെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നമുക്ക് പ്രതികരിക്കേണ്ട ഒരവസ്ഥവന്നു. ചിലര്‍ പറയുന്നത് പ്രശസ്തിക്കുവേണ്ടി പ്രതികരിച്ചതാണെന്ന്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലഭിച്ച പ്രശസ്തിയേക്കാള്‍ എന്താണ് റോഡില്‍ കിടന്ന് തല്ലുകൂടിയാല്‍ ലഭിക്കുന്നത്. 65 രൂപയ്ക്ക് വേണ്ടി തല്ലുപിടിക്കുന്നത് പ്രശസ്തി അല്ല.

നമ്മളുടെ ഒരു ഫോട്ടോ എടുത്ത് സുരഭി ടോള്‍ കൊടുത്തില്ല. അവിടെ ബ്ലോക്കാക്കി എന്നു പറഞ്ഞു ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ ഞാന്‍ ഒറ്റപ്പെടും. അതുകൊണ്ടാണ് അപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് അഹങ്കാരിയായി എന്ന് ചിലര്‍ വിലപിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ചേട്ടന്മാരെ നിങ്ങള്‍ക്ക് അഹങ്കാരിയായൊരു പെങ്ങള്‍ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ.

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവര്‍ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോള്‍ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാന്‍. അപ്പോള്‍ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രശ്‌നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നിങ്ങളൊന്നും അരി ആഹാരമല്ലേ കഴിക്കുന്നത് എന്നാണ്. പ്രതികരിക്കുന്നവര്‍ പ്രതികരിച്ചോട്ടെ, ഞങ്ങള്‍ പ്രതികരിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് നിങ്ങള്‍ക്കും കൂടി ആയിരിക്കും.

അവസാനം വാക്കുതര്‍ക്കത്തിനൊടുവില്‍ അവര്‍ക്ക് എന്‍ട്രി ബാരിയര്‍ അവിടെ നിന്നവര്‍ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോള്‍ പ്ലാസകളില്‍ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേര്‍ചിത്രം കാണിക്കാനാണ് ശ്രമിച്ചത്, സുരഭി പറഞ്ഞു.