Social Media

റോഡിലെ അതിസാഹസികതയും പെരുമാറ്റവും എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. നന്നായി ഡ്രൈവ് ചെയ്യാനറിയുന്നവർ പോലും റോഡിലെ മറ്റ് വണ്ടികളിലെ യാത്രക്കാരോട് മാന്യമായി പെരുമാറാനോ അവർക്കുകൂടി കടന്നുപോകാനുള്ള റോഡാണെന്നോ ചിന്തിക്കാറില്ല.

അതത്രത്തിൽ സ്വയം അപകടമുണ്ടാക്കി വെച്ചതിന് മറ്റൊരു വാഹനത്തിലെ യാത്രക്കാരനോട് തട്ടിക്കയറുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സുഹൃത്ത് ഓടിക്കുന്ന സ്‌കൂട്ടറിൽ സഞ്ചരിക്കവെ നടുറോഡിൽ ബാലൻസ് തെറ്റി വീണ യുവതി പിന്നാലെ എത്തിയ ബൈക്ക് യാത്രികനോട് വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.

യുവതിയും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ബാലൻസ് തെറ്റി നടുറോഡിലേക്ക് വീഴുകയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എത്തിയ ആൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്‌കൂട്ടറിൽ നിന്നും വീണ യുവതി വഴക്കിടുകയാണ്.

എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ മറിയുന്ന ദൃശ്യം ബൈക്ക് യാത്രികന്റെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് യാത്രകന് രക്ഷയായി മാറുകയാണ് ഉണ്ടായത്. അപകടത്തിന്റെ വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ വേണമെന്നാണ് ചിലരുടെ കമന്റ്.

വന്യമൃഗങ്ങളും ഉരഗങ്ങളും വനമേഖലകളില്‍ ട്രെയിനുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇരയാകുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നിരന്തരം പുറത്തുവരാറുണ്ട്. അത്തരത്തിലുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.

ഓടുന്ന കാറിന്റെ മുന്‍ ഭാഗത്തെ ബംപറിനടിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെടാന്‍ പാടുപെടുന്നതാണു വീഡിയോയിലുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗം മിലിങ് പരിവാകമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പുലിയുടെ ശരീരത്തിന്റെ പകുതിയും ബംപറിനുള്ളിലാണെന്നാണു വീഡിയോയില്‍നിന്ന് അനുമാനിക്കാവുന്നത്. ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുന്നതോടെ പുലിയുടെ പുറത്ത് വലിയൊരു ഭാഗത്തെ തൊലിയിളകിപ്പോയതു വീഡിയോയില്‍ കാണാം.

പിന്നോട്ടെടുത്ത കാറില്‍നിന്നു വേര്‍പെടാന്‍ പുലി ശക്തമായി കുതറുന്നതും തുടര്‍ന്ന് രക്ഷപ്പെട്ടശേഷം വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് കുതിച്ച് മറുവശത്തെ മതില്‍ ചാടിക്കടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ പരിവാകം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇതാണ് നാം നമ്മുടെ വന്യജീവികളോട് ചെയ്യുന്നത്. ഇത് മോശം ആസൂത്രണത്തിന്റെ ഒരു ലളിതമായ കേസാണ്. അതിലും പ്രധാനമായി, നമ്മുടെ പൗരന്മാര്‍ക്കായി സുരക്ഷിതമല്ലാത്ത റോഡുകള്‍ നിമിക്കുകയാണ് എന്ന് പരിവാകം ട്വീറ്റില്‍ പറയുന്നു.

സംഭവത്തിന്റെ മറ്റൊരു ക്ലിപ്പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചു. പുലി ജീവനോടെയുണ്ടെന്നും ഇപ്പോഴുള്ള സ്ഥലം കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”പുലിക്ക് എന്ത് സംഭവിച്ചുവെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പരുക്കേറ്റെങ്കിലും ജീവനോടെയുണ്ട്. കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമം തുടരുകയാണ്,” നന്ദ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂണെ-നാസിക് ദേശീയപാതയില്‍ ചന്ദന്‍പുരി ചുരത്തിലാണ് സംഭവം നടന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമുമായുള്ള ചാറ്റില്‍ അദ്ദേഹം പറഞ്ഞു.

ക്ലിപ്പ് കണ്ട് നെറ്റിസണ്‍സില്‍ പലരും വികാരഭരിതരായി. തനിക്ക് വാക്കുകളിലെല്ലന്നും ഈ ക്രൂര കാണേണ്ടിയിരുന്നില്ലെന്നും ഒരാള്‍ കുറിച്ചു.

 

യാത്രാവേളകളില്‍ സെല്‍ഫിയെടുക്കുന്നതും അത് സുഹൃത്തുക്കളെ കാണിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഇന്ന് ട്രെന്റാണ്. സുഹൃത്തുക്കളോടൊപ്പം മാത്രമല്ല, മാതാപിതാക്കളോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങള്‍ക്ക് പല കഥകളും പറയാനുണ്ടാവും.

അത്തരത്തില്‍ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലായിരിക്കുന്നത്. ഫോട്ടോ ശ്രദ്ധിച്ചാല്‍ മനസിലാകും രണ്ട് പേരും റെയില്‍വേ ജോലിയുടെ റെയില്‍ വേ ഉദ്യോഗസ്ഥരായ രണ്ടുപേരുടെ സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. രണ്ട് ട്രെയിനുകളിലായി യാത്ര ചെയ്യുന്ന രണ്ട് പേരാണ് ഈ സെല്‍ഫിയിലുള്ളത് തീര്‍ച്ചയായും ഇതല്ല ഫോട്ടോയുടെ പ്രത്യേകത.

ഫോട്ടോ ശ്രദ്ധിച്ചാല്‍ മനസിലാകും രണ്ട് പേരും റെയില്‍വേ ഉദ്യോഗസ്ഥരാണ്.
ഒരാള്‍ ടിടിഇയും അടുത്തയാള്‍ ഗാര്‍ഡുമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും.

ഇവര്‍ രണ്ടുപേരും അച്ഛനും മകനുമാണെന്നതാണ് ഫോട്ടോയെ വ്യത്യസ്തമാക്കുന്നത്. ട്വിറ്ററിലാണ് ഈ ഫോട്ടോ വൈറലായിരിക്കുന്നത്. ഒരേസമയം രണ്ട് ട്രെയിനുകളില്‍ ഡ്യൂട്ടിയിലിരിക്കെ വഴിയില്‍ വച്ച് കണ്ടുമുട്ടിയതാണ് ഇരുവരും.

ഒരുപക്ഷേ ആകസ്മികമായിരിക്കാം ഈ കണ്ടുമുട്ടല്‍. ട്രെയിനുകള്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. കാരണം പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. ചിലര്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ഇത്തരത്തില്‍ ജീവനക്കാര്‍ തന്നെ സെല്‍ഫിയെടുക്കുന്നത് ശരിയല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴല്ല ചിത്രം പകര്‍ത്തിയിരിക്കുന്നത് എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

എന്തായാലും അച്ഛനും മകനും ഇത്തരത്തില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യാനും, ജോലിക്കിടെ ഇങ്ങനെ കണ്ടുമുട്ടാനുമെല്ലാം സാധിക്കുകയെന്നത് തീര്‍ച്ചയായും സന്തോഷം തന്നെ. ഒരേ ഫ്രെയിമില്‍ യൂണിഫോമോടെ ഇരുവരെയും കാണുന്നത് കൗതുകവും അഭിനന്ദനാര്‍ഹവുമാണ്.

മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഥാര്‍ ജില്ലയിലെ ഡൈനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയില്‍ അപൂര്‍വ രീതിയിലാണ് മുട്ടകള്‍.

ടൈറ്റനോസോയ്ഡ് വിഭാഗത്തില്‍ പെടുന്ന ഡൈനോസറുകളുടെ ഫോസിലൈസ്ഡ് മുട്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ പക്ഷികളിലും മറ്റുമാണ് ഇത്തരത്തില്‍ ഒരു മുട്ടയ്ക്കുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ മുട്ടകളുണ്ടാവാറുള്ളത്. ഡൈനോസര്‍ മുട്ടകള്‍ ഇതേ രീതിയില്‍ കണ്ടെത്തിയതോടെ ഉരഗങ്ങളുടെയും പക്ഷി വര്‍ഗങ്ങളുടെയും പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് പുതിയ തലങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സോറോപോഡ് ഫാമിലിയിലുള്ള ഡൈനോസര്‍ വിഭാഗമാണ് ടൈറ്റനോസോയ്ഡ്. ഇന്ന് ഇന്ത്യയുള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ഇവയുടെ വാസം. ഡൈനോസര്‍ വിഭാഗങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഇവയുടെ ഫോസിലുകള്‍ ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.

 

പല വിവാദത്തിലാകാറുണ്ടെങ്കിലും കേരളാപോലീസ് ഇന്ത്യയിലെ നമ്പർ വൺ സേന ആണെന്ന് തെളിയിക്കുന്ന സംഭവം കഴിഞ്ഞദിവസം കുമരകത്തുണ്ടായത്. ഫാനിലെ തുണിയിൽ തൂങ്ങിയാടിയ രണ്ട് ജീവനുകളാണ് പോലീസ് ഇന്നലെ രക്ഷിച്ചത്. ഗർഭിണിയായ യുവതിയാണ് കുഞ്ഞിനെ പോലും മറന്നുകൊണ്ട് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒരു നിമിഷം പോലീസ് വൈകിയിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന രണ്ട് ജീവനുകളെ പോലീസ് സമയോചിതമായ ഇടപെടലിൽ രക്ഷിക്കുകയായിരുന്നു.

വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘമാണ് സഹായമഭ്യർത്ഥിച്ചുള്ള വിളിക്ക് പിന്നാലെ പാഞ്ഞ് രക്ഷകരായത്. അഞ്ചുമാസം ഗർഭിണിയായ യുവതിയുടെ അച്ഛനാണ് കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐ എംഎ നവാസിനേയും സംഭവസ്ഥലത്ത് എത്തിക്കാൻ കാരണമായത്.

മകളുടെ ഭർത്താവ് മദ്യപിച്ചെത്തി ഗർഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സഹായിക്കണമെന്നുമായിരുന്നു ഈ അച്ഛന്റെ അഭ്യർത്ഥന. ഈ വിവരം പോലീസ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘത്തിന് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.

എഎസ്‌ഐ ബിനു രവീന്ദ്രൻ, സിവിൽപോലീസ് ഓഫീസർ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിൽനിന്ന് 100 മീറ്റർ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനിൽ വിവരം അറിയിച്ച ആളെ തിരികെ വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

ഈ സമയത്ത് വീടിനകത്ത് ടിവി പ്രവർത്തിക്കുന്ന ശബ്ദംകേട്ടതിനാൽ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളിൽനിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എഎസ്‌ഐയും സിവിൽപോലീസ് ഓഫീസറും ചേർന്ന് യുവതിയെ താങ്ങി ഉയർത്തിനിർത്തി. കഴുത്തിൽ മുറുകിയ തുണി കത്തിയെടുത്ത് മുറിച്ചുമാറ്റി താഴെയിറക്കി.

അബോധാവസ്ഥയിലായ യുവതിയെ വൈകാതെ തന്നെ എടുത്ത് പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി.

അതേസമയം, അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രതികരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ ജോസ് മാത്യു, ബോബി സ്റ്റീഫൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.

തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം അറിയിച്ചു.

“ചെവിയിലെ ഞരമ്പുകളെ ബാധിക്കുന്ന വൈറസാണ് രോഗാവസ്ഥയ്ക്ക് കാരണം. ഇത് മൂലം മുഖത്തിന്റെ ഒരു വശം തളര്‍ന്ന് പോയി. നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ ഈ വശത്തെ കണ്ണ് ചലിപ്പിക്കാനാവില്ല. പൂര്‍ണമായി ചിരിയ്ക്കാനാവില്ല, ഈ ഭാഗത്തെ മൂക്ക് പോലും അനങ്ങില്ല”. ജസ്റ്റിന്‍ അറിയിച്ചു.വേള്‍ഡ് ടൂറുകള്‍ ക്യാന്‍സല്‍ ചെയ്തതിന് നിരാശരായിരിക്കുന്നവര്‍ അവസ്ഥ മനസ്സിലാക്കണമെന്നും ഈ സമയത്തെ എത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് റാംസെ ഹണ്ട് സിന്‍ഡ്രോമിന് കാരണം. ഓരോ വശത്തെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തിന്റെ നാഡിയെയാണ് വൈറസ് ബാധിക്കുന്നത്. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം.

 

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

മെക്‌സിക്കൻ നഗരമായ ക്യുർനവാക്കയുടെ മേയർ അഭിമാനപൂർവമായിരുന്നു ഒരു അരുവിക്ക് മുകളിലൂടെയുള്ള നടപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയത്. നടന്ന് ഉദ്ഘാടനം ചെയ്യാമെന്ന് കരുതിയപ്പോഴാണ് സംഭവം പാളിയത്. പാലം പൊളിഞ്ഞെന്നു മാത്രമല്ല മേയറടക്കം പാലത്തിലുണ്ടായിരുന്നവരെല്ലാം 10 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.

താഴെ വീണവരില്‍ പ്രാദേശിക ഉദ്യോഗസ്ഥരും, നഗര കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു. മരപ്പലകകളും മെറ്റൽ ചങ്ങലകളും കൊണ്ട് നിർമ്മിച്ച തൂക്കുപാലം അടുത്തിടെയാണ് മോടിപിടിപ്പിച്ചത്. പാലം തകര്‍ന്നപ്പോള്‍ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന മരപ്പലകകള്‍ ഉള്‍പ്പടെ വേര്‍പെട്ടുപോയതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

പാലം തകരുമ്പോള്‍ പാലത്തിൽ ഉണ്ടായിരുന്നവരിൽ മേയർ ജോസ് ലൂയിസ് യൂറിയോസ്‌റ്റെഗുയിയുടെ ഭാര്യയും റിപ്പോർട്ടർമാരും ഉള്‍പ്പെട്ടിരുന്നതായി ക്യൂർനാവാക്ക സ്ഥിതി ചെയ്യുന്ന മോറെലോസ് സംസ്ഥാനത്തിന്റെ ഗവർണർ കുവോഹ്‌റ്റെമോക് ബ്ലാങ്കോ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് നഗര കൗൺസിൽ അംഗങ്ങൾ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ, ഒരു പ്രാദേശിക റിപ്പോർട്ടർ എന്നിവർക്ക് പരിക്കേറ്റതായും ഇവരെ സ്‌ട്രെച്ചറുകളിലാണ് പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചതായുമാണ് ക്യൂർനാവാക്ക സിറ്റി സർക്കാർ പ്രസ്താവനയിൽ അറിയിച്ചത്.

പീഡിപ്പിക്കാൻ ശ്രമിച്ചയാളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ചിത്രകാരി ആലിസ് മഹാമുദ്ര രംഗത്ത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിൽ വെച്ചാണ് ആലിസിനെ ദുരനുഭവമുണ്ടായത്. ആലിസിനെ പിന്തുടർന്ന ഇയാൾ, ജംങ്ഷൻ വിട്ട് ഇടവഴിയിലേക്ക് തിരിഞ്ഞതും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തെത്തിയപ്പോൾ ആക്രമിക്കുകയും റേപ്പ് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

‘റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ എത്തി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു, പിടിച്ചുകൊണ്ടു വന്നു’. ആലിസ് തന്റെ അനുഭവം കുറിച്ചു.

ഒപ്പം അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോടായി ആലിസ് പറഞ്ഞത് നിങ്ങൾ അവനെ കൊന്നിട്ട് വരൂ, അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാമെന്നായിരുന്നു, അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാമെന്നും പറഞ്ഞതായി ആലിസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു.

ആലിസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം;

‘ഇവൻ റേപ്പിസ്റ്റ്. ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു.

അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി. ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല.

ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.’

സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മർദിച്ച ട്രാഫിക് പോലീസുകാരൻ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. കോയമ്പത്തൂർ പീളമേട് പോലീസ് സ്റ്റേഷൻ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂർ സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം (32) ആണ് പോലീസുകാരന്റെ മർദനത്തിനിരയായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പീളമേട് ജങ്ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്‌കൂൾ ബസിടിച്ച് വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരൻ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ മർദ്ദിക്കുകയുമായിരുന്നു.

ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പോലീസുണ്ടെന്നും ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മർദനം. ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ സംഭവം മൊബൈൽഫോണിൽ പകർത്തി, സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു.

തുടർന്ന് മോഹനസുന്ദരം സിറ്റി പോലീസ് കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

നദികള്‍ വറ്റി വരണ്ടാല്‍ പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളുമൊക്കെയാണ് നമ്മുടെ നാട്ടിലാണെങ്കില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഇറാഖിലെ ടൈഗ്രിസ് നദി വറ്റി വരണ്ടപ്പോള്‍ കണ്ടെത്തിയത് ഒരു സാമ്രാജ്യം തന്നെയാണ്. 3400 വര്‍ഷം പഴക്കമുള്ള നഗരമാണ് പുരാവസ്തു ഗവേഷകര്‍ വെള്ളമില്ലാത്ത നദിയുടെ അടിത്തട്ടില്‍ കണ്ടെത്തിയത്. ഇറാഖിലെ കുര്‍ദിസ്ഥാനിലുണ്ടായിരുന്ന സാഖികു എന്ന നഗരമാണിതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

വെങ്കല യുഗത്തില്‍ ബിസി 1475നും 1275നുമിടയില്‍ വടക്കന്‍ യൂഫ്രട്ടിസ്-ടൈഗ്രിസ് ഭരിച്ചിരുന്ന മിതാനി സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണിത്. ചെളിയും ഇഷ്ടികയും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന നഗരത്തില്‍ ഒരു കൊട്ടാരം, ഗോപുരങ്ങള്‍, ബഹുനിലക്കെട്ടിടങ്ങള്‍ എന്നിവയുണ്ട്. ബഹുനിലക്കെട്ടിടങ്ങള്‍ പലതും നിരവധി വസ്തുക്കള്‍ സംഭരിച്ച് സൂക്ഷിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കലവറ പോലെയുള്ള എന്തെങ്കിലുമായിരുന്നിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.

മൊസ്യൂള്‍ റിസര്‍വോയറിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പ്രദേശം നാല്പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് വരള്‍ച്ചകളുണ്ടായതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും കൂടുതല്‍ ഭാഗങ്ങള്‍ തെളിഞ്ഞു വന്നു. കഴിഞ്ഞ ഡിസംബറിലെ കടുത്ത വരള്‍ച്ചയാണ് നഗരത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.പ്രദേശം ഇനിയും അപ്രത്യക്ഷമാവും മുമ്പ് നഗരത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനൊരുങ്ങുകയാണ് ജര്‍മന്‍, കുര്‍ദിഷ് ഗവേഷരുടെ സംഘം.

1350 ബിസിയിലുണ്ടായ ഭൂകമ്പത്തിലാണ് നഗരം നാമാവശേഷമാകുന്നതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്ന ശില്പങ്ങളിലും മറ്റുമുള്ള കൊത്തുപണികളും എഴുത്തുകളും നഗരത്തിന്റെ കാലഘട്ടത്തെപ്പറ്റിയും മിത്തനി സാമ്രാജ്യത്തെ കുറിച്ചുമൊക്കെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

 

Copyright © . All rights reserved