Social Media

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്.
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന പ്രകൃതിസൗഹൃദ കപ്പലിലാണ് മ്യാ ആർട്ടിക് മേഖലയിലെത്തിയത്.

ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നേരിട്ട് കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നു എന്ന് മ്യാ പറയുന്നു. സമുദ്രങ്ങളുടെ നില മെച്ചപ്പെടുത്താനും കാലാവസ്ഥാ പ്രതിസന്ധിക്കു പരിഹാരം കാണാനും എല്ലാ ലോക നേതാക്കളും ഒത്തൊരുമിച്ച് നടപടികളെടുക്കണമെന്ന ആവശ്യമാണ് മ്യാ മുന്നോട്ടുവയ്ക്കുന്നത്.

ആർട്ടിക് മേഖലയിലേക്കുള്ള യാത്രയും മഞ്ഞുപാളിക്ക് മുകളിലെ പ്രതിഷേധ സമരവും അസാധാരണമായ ഒരു അനുഭവമായിരുന്നു എന്ന് മ്യാ കൂട്ടിച്ചേർക്കുന്നു. യാത്രയുടെ ഭംഗി കൊണ്ട് മാത്രമല്ല അതിവേഗതത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആർട്ടിക് മേഖലയെ ഈ അവസ്ഥയിലെങ്കിലും കാണാൻ സാധിച്ചു എന്നതിനാലാണതെന്നും മ്യാ പറയുന്നു.

 

അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ കണ്ടെടുത്തത് ഒരാൾ പൊക്കത്തിലധികം വലുപ്പമുള്ള രാക്ഷസ എലിയെ. മെക്സിക്കോ നഗരത്തിലാണ് സംഭവം. അഴുക്കു ചാലിൽ നിന്നും പുറത്തെടുത്തുവച്ച എലിയെ കണ്ടപാടെ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നുപോയി. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പൻ പാവയെയാണ് അഴുക്കുചാലിൽ നിന്നും കിട്ടിയത്.

ഹാലോവീൻ പരിപാടികൾക്ക് വേണ്ടി തയാറാക്കിയ കൂറ്റൻ എലി പാവ അഴുക്കു ചാലിൽ വന്നടിയുകയായിരുന്നു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങളും സമീപം നിന്നവർ പകർത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇപ്പോൾ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്. ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു.
ദൃശ്യം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് എവിലിൻ ലോപ്പസ് എന്ന വ്യക്തി രംഗത്തെത്തി. ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് വേണ്ടി ഏതാനും വർഷങ്ങൾക്കു മുൻപ് താൻ കുമ്മായം ഉപയോഗിച്ച് നിർമിച്ച പാവയാണിതെന്ന് എവിലിൻ പറയുന്നു. മഴവെള്ളത്തിൽ പാവ ഒലിച്ചു പോയിരുന്നതായും അഴുക്കുചാലിൽ തിരയുന്നതിനായി ആരുംതന്നെ സഹായിച്ചില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇത്രയും കാലം അഴുക്കുചാലിൽ കിടന്ന പാവയെ ഇനി തിരികെ എവിലിൻ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ വാവിട്ട് കരഞ്ഞ നടി പായല്‍ രജപുതിന്റെ വീഡിയോ വൈറല്‍. നടി തന്നെയാണ് കോവിഡ് ടെസ്റ്റിനിടെ കരയുന്ന സ്വന്തം വീഡിയോ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.

പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’-പായല്‍ പറയുന്നു.

പായല്‍ രജപുതിന്റെ വീഡിയോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ ഇപ്പോള്‍. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂടെ
ശ്രദ്ധേയയായ താരമാണ് പായല്‍.

 

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെ അഭിനയത്തിലും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

‘ചക്കപ്പഴ’ത്തിൽ ആശയെന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിലെ കഴിഞ്ഞ എപ്പിസോഡുകളിലൊന്നിന്റെ രസകരമായ ഷൂട്ടിംഗ് വിശേഷമാണ് അശ്വതി ഇപ്പോൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

“ആനയെ എങ്ങനെ ഫ്രിഡ്‌ജിലാക്കാം ചോദ്യത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ആശയെ എങ്ങനെ അലമാരയിലാക്കാം,” എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് അശ്വതി വീഡിയോ പങ്കുവച്ചത്.

കഴിഞ്ഞ എപ്പിസോഡിൽ ഒന്നിൽ മാജിക് കാണിക്കാനായി അലമാരയ്ക്ക് അകത്ത് കയറി അശ്വതിയുടെ കഥാപാത്രം അലമാരയ്ക്ക് അകത്തു പെട്ടുപോവുന്ന സീൻ ഉണ്ടായിരുന്നു. അതിനു പിന്നിലെ ഷൂട്ടിംഗ് കാഴ്ചകളാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

 

 

സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഇപ്പോള്‍ വിവിധ ചലഞ്ചുകളുടെ കാലമാണ്. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്. പ്രശസ്തരുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ കപ്പിള്‍ ചലഞ്ചിന്റെ ഭാഗമാകാത്തവര്‍ ചുരുക്കം.

ഇപ്പോഴിതാ, കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിനുകാരണം മറ്റൊന്നുമല്ല, അത്രയേറെ രസകരമാണ് ധര്‍മജന്റെ പോസ്റ്റ്.

താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കറുത്തമ്മയായാണ് ധര്‍മജന്‍. കൊച്ചു മുതലാളിയുടെ വേഷത്തിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.

ഇരുവരും ഒരു കോമഡി സ്‌കിറ്റിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്. ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/Darmajanbolgattyofficial/posts/1580011198826859

നഷ്‌ടപ്പെട്ട ഫോൺ തിരികെ ലഭിച്ചപ്പോൾ മലേഷ്യൻ സ്വദേശി കണ്ടത് വിചിത്ര കാഴ്ച. ഫോണിന്റെ ഗാലറിയിൽ നിറയെ ‘കുരങ്ങന്മാർ പകർത്തിയ’ സെൽഫികളും വീഡിയോകളും! ഇതൊരു വീഡിയോയാക്കി ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. വീടിനടുത്തുള്ള വനപ്രദേശത്ത് നിന്നാണ് ഫോൺ കണ്ടെടുത്തത്

ഉറങ്ങാൻ കിടന്നപ്പോഴാണ് 20 വയസ്സുകാരൻ വിദ്യാർത്ഥിക്ക് ഫോൺ നഷ്‌ടപ്പെടുന്നത്‌. ഭവനഭേദനമോ മോഷണമോ നടന്നതിന്റെ ലക്ഷണമേതുമില്ലാതെയാണ് ഇയാൾക്ക് ഫോൺ നഷ്‌ടപ്പെട്ടതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. ഫോൺ എങ്ങനെ നഷ്‌ടമായെന്നോ ചിത്രങ്ങളും വീഡിയോകളും എങ്ങനെ ഫോണിൽ കടന്നു കൂടിയെന്നോ യാതൊരു വിവരവുമില്ല.

വീടിനു പുറത്ത് ഒരു കുരങ്ങൻ വന്നിരിക്കുന്നത് വിദ്യാർത്ഥിയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോണിൽ വിളിച്ചതും മരത്തിന് താഴെയുള്ള ചെളിപൂണ്ട കുഴിയിൽ നിന്നും റിംഗ്ടോൺ മുഴങ്ങി. ഫോൺ എടുത്തുനോക്കിയപ്പോഴാണ് കുരങ്ങന്മാരുടെ ചിത്രങ്ങൾ പതിഞ്ഞ കാര്യം മനസ്സിലാക്കുന്നത്.(വീഡിയോ ചുവടെ)

ഫോൺ കാണാതായ ദിവസം പതിഞ്ഞ വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ തിന്നാൻ ശ്രമിക്കുന്നത് കാണാം. വ്യക്തമല്ലാത്ത ചിത്രങ്ങളും, സെൽഫികളും, പച്ചിലക്കൂട്ടത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.

ഉപേക്ഷിച്ചു പോയ ക്യാമറയിൽ കുരങ്ങന്മാർ ചിത്രമെടുത്ത സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.

 

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖയ്ക്കും, മക്കളായ ആതിര പൂജ എന്നിവർക്കും മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വനിത സെല്ലിന് നൽകിയ പരാതിയിൽ പറയുന്നത്.

പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വാഴിത്തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു.

 

കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും ബാധിച്ചിട്ടുള്ളതിനാൽ പലരും ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ്. പലരും വർക്ക്‌ അറ്റ് ഹോം വഴി ജോലികളും, പഠനങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നുമുണ്ട്. ലൈവ് സ്ട്രീമിങ് നടക്കുന്നതിന്റെ ഇടയിലുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാഷ്ട്രീയ നേതാവുമായി ലൈവിൽ ചർച്ച നടക്കുന്നതിന്റെ ഇടയിലാണ് നഗ്നയായി ഭാര്യയുടെ കടന്ന് വരവ്.

പൊളിറ്റിക്സ് ലൈവ് എന്ന ഇൻസ്റ്റാഗ്രാം ചാനലിലെ പരിപാടിക്ക് ഇടയിലാണ് ഇ സംഭവമുണ്ടായത്. ബ്രസിൽ മുൻ പ്രെസിഡെൻഷ്യൽ സ്ഥാനാർഥി ഗിലിയറാമേ ബൗലോസുമായുള്ള ചർച്ചക്ക് ഇടയിൽ അവതാരകനായ ഫാബിയോ പോർച്ചാട്ടിനാണ് ഇ അവസ്ഥ ഉണ്ടായത്. ചർച്ചക്ക് ഇടക്ക് അദ്ദേഹത്തിന്റെ ഭാര്യ നതാലിയാണ്‌ കുളി കഴിഞ്ഞ് ടവൽ മാത്രം തലയിൽ കെട്ടി നടന്നു പോയത്.

പക്ഷേ ഭർത്താവ് ലൈവ് ചർച്ചയിലാണ് എന്ന് മനസിലാക്കിയ നതാലി വീഡിയോയിൽ വരാത്ത രീതിയിൽ കുനിഞ്ഞു കൊണ്ടാണ് നടന്നതെങ്കിലും പക്ഷേ ക്യാമറയിൽ പെട്ടിരുന്നു. എല്ലാവരും നിന്നെ കണ്ടുവെന്ന് ഫാബിയോ പറഞ്ഞപ്പോൾ അപ്പോൾ നിങ്ങൾ കണ്ടോയെന്ന് മറു ചോദ്യം ഭാര്യയും ചോദിച്ചു. എല്ലാവർക്കും കാണാം ബൗലോസും കണ്ടു എന്ന് ഫാബിയോ വീണ്ടും മറുപടി നൽകിയതോടെ ബൗലോസ് അടക്കം ചിരിച്ചു കൊണ്ടാണ് ചർച്ച പുരോഗമിച്ചത്.

രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ച ആപ്പുകള്‍ ഏതെല്ലാമെണെന്ന പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യ നിരോധിച്ച 59 ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 106 ആയി

അതേസമയം നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ കൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനായ പബ്ജി ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Copyright © . All rights reserved