Social Media

കായലില്‍ ചാടിയ യുവതിയെ സിവില്‍ പോലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.

ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍ നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്‍ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്‌പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി.

ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവില്‍ പോലീസ് ഓഫീസറായ ലവന്‍ അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയില്‍ പിടിച്ചു. ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

യുവതിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് ശക്തമായ ഒഴുക്കുള്ള മേഖലയായ ഈ ഭാഗത്ത് നിന്നും യുവതിയെ രക്ഷപെടുത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്തുക എളുപ്പമല്ല. കുത്തിയതോട് സ്വദേശിയാണ് ലെവന്‍.

ചെറു മീനുകളെ കൊത്തിയെടുത്ത് പറന്നുപോകുന്ന പക്ഷികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വമ്പൻ സ്രാവിനെ കൊത്തിയെടുത്ത് ഒരു പക്ഷി പറന്നുപോകുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ തോന്നാം. അമേരിക്കയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കടല്‍ത്തീരത്ത് തടിച്ചുകൂടിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സ്രാവിനെ പൊക്കിയെടുത്ത് ഒരു പക്ഷി പറന്നുപോയത്. സൗത്ത് കരോളിനയില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിലര്‍ ഇത് സ്രാവല്ല എന്ന തരത്തിലെല്ലാം വാദമുഖങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കുന്നുണ്ട്. എന്തു തന്നെയായാലും പക്ഷിയുടെ കാലിന്റെ നഖങ്ങള്‍ക്കിടയില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുകയാണ് മത്സ്യം. സ്രാവിന് സമാനമായ വലുപ്പം മത്സ്യത്തിനുണ്ട്.

ചിലര്‍ പക്ഷി പരുന്താണെന്ന് വാദിക്കുന്നുണ്ട്. മറ്റു ചിലര്‍ ഇത് മത്സ്യങ്ങളെ ഇരപിടിച്ച് കഴിയുന്ന പക്ഷിയാണെന്നും പറയുന്നു. ട്വിറ്ററില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്.

 

മനുഷ്യനേക്കാള്‍ ആയുസ്സ് കുറവുള്ള ജീവിയാണ് നായ്ക്കള്‍. നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്നാണ് ശാസ്ത്രലോകം ഇക്കലാംവരെ പറഞ്ഞിരുന്നത്. എന്നാല്‍, ഇളയ നായ്ക്കൾ മുമ്പ് കരുതിയിരുന്നതിനേക്കാൾ “പ്രായമുള്ളവർ” ആണെന്ന് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് നായ്ക്കുട്ടിയുടെ ഒരു വയസ്സ് യഥാർത്ഥത്തിൽ മനുഷ്യന്റെ 30 വയസ്സിന് തുല്യമാണെന്നാണ്.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സാൻ ഡീഗോയിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് നായകളില്‍ ഡിഎൻ‌എ – പരിഷ്ക്കരണങ്ങളിലേക്ക് നയിക്കുന്ന എപിജനെറ്റിക് മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ കുറിച്ച് വിശദമായി വിവരിച്ചത്. ആദ്യം അവര്‍ മനുഷ്യ ജീനോമിന്റെ ചില മേഖലകളിൽ കാലക്രമേണ ശേഖരിക്കപ്പെടുന്ന പ്രത്യേക തന്മാത്രകളായ മെഥൈൽ ഗ്രൂപ്പുകൾ പരിശോധിച്ചു. പിന്നീട് ഡോഗ് ജീനോമിലെ സമാന പ്രദേശങ്ങളിൽ അവ എങ്ങനെയാണ് ശേഖരിക്കപ്പെട്ടതെന്ന് അവ താരതമ്യം ചെയ്തു നോക്കി. നായകുട്ടികള്‍ മുതല്‍ മുതിര്‍ന്ന നായ്ക്കള്‍ വരെ നൂറോളം ലാബ്രഡോറുകളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് നായയുടെ ഒരു വര്‍ഷം മനുഷ്യന്‍റെ ഏഴു വര്‍ഷങ്ങള്‍ക്ക് തുല്യമല്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

ഒരുവയസ്സുള്ള നായകളില്‍ മനുഷ്യനിലേക്കാള്‍ വളരെ വേഗത്തിൽ മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടും. വളരെ വേഗത്തിൽ‌ പ്രായമാകുന്നു എന്നര്‍ത്ഥം. എന്നാല്‍, കാലം കഴിയുന്തോറും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കളിൽ വാർദ്ധക്യത്തിന്റെ തോത് കുറയുന്നു. അതായത് മെഥൈൽ ഗ്രൂപ്പുകള്‍ അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഒരു വയസ്സുള്ള നായ 30 വയസ്സുള്ള മനുഷ്യന് തുല്യമാണ് എന്നാണ്. നാലു വയസ്സ് മനുഷ്യന്‍റെ 54 വയസിന് സമം. 14- വയസ് എന്നത് 70 വയസ്സും.

വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.

‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.

വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

 

കമ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെ ഗുവേരയുടെ ജന്മഗൃഹമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബിബിസി ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

റൊസാരിയോയിലെ ഉര്‍ക്വിസ, എന്‍ട്രെ റിയോസ് തെരുവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം, 2580 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002 ലാണ് ഈ വീട് സ്വന്തമാക്കുന്നത്. സാംസ്‌കാരിക കേന്ദ്രമായി നിലനിര്‍ത്താനായിരുന്നു ഫറൂഗിയയുടെ ലക്ഷ്യം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നടപ്പിലായില്ല. അതേ സമയം എത്ര തുകയ്ക്കാണ് വീട് വില്‍ക്കുന്നതെന്ന കാര്യം ഫറൂഗിയ വെളിപ്പെടുത്തിയിട്ടില്ല.

നിരവധി പ്രമുഖരാണ് ചെ ഗുവേരയുടെ ജന്മഗൃഹം സന്ദര്‍ശിച്ചിട്ടുള്ളത്. ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ 1950കളില്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു.

1928 ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു. ഏകാധിപതി ഫുള്‍ജെന്‍സിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്.

കാൽവഴുതി കൈത്തോട്ടിൽ വീണു കാൽ കിലോമീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ കുരുന്നിനു രക്ഷകരായി നാട്ടുകാരുടെ ഹീറോകളായി കുട്ടിപ്പട്ടാളം. തെരേസ എന്ന ഒന്നേമുക്കാൽ വയസുകാരുടെ ജീവിതത്തിലേക്കുള്ള മടക്കയായത്ര ഇങ്ങനെ:

കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകൾ തെരേസ അമ്മ ബിന്ദുവിന്റെ വീടായ പൊൻകുന്നം എലിക്കുളം മല്ലികശേരി പുത്തൻ പുരയ്ക്കൽ വച്ചാണ് അപകടത്തിൽപെട്ടത്.ചൊവ്വ വൈകിട്ട് 5.30 നാണ് വീടിനു പിന്നിലെ കൈത്തോട്ടിലേക്കു വീണത്. വീട്ടുകാർ അറിഞ്ഞില്ല. തോട്ടിൽ രണ്ടര അടിയോളം വെള്ളമുണ്ടായിരുന്നു. 300 മീറ്ററോളം ഒഴുകി കുട്ടി കൈത്തോട് ചേരുന്ന സ്ഥലത്തു കുളിച്ചു കൊണ്ടിരുന്ന സീനയും പ്രിൻസിയും ഇതു കണ്ടു.

ഒഴുകി വരുന്നത് പാവയാണെന്നാണ് എന്ന് അവർ ആദ്യം കരുതിയത്. അടുത്തുവന്നപ്പോഴാണ് കുഞ്ഞാണെന്നു മനസിലായത്. ഞങ്ങൾ നിലവിളിച്ചു. താഴെ കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിവന്നു. ഈ സമയം കുഞ്ഞ് കടവ് കഴിഞ്ഞിരുന്നു.– സീനയും പ്രിൻസിയും പറഞ്ഞു.

സഹോദരങ്ങളായ പാമ്പോലി കിണറ്റുകര ഡിയോൺ നോബി (11), റയോൺ നോബി (9), നിഖിൽ മാത്യു (15), കല്ലമ്പള്ളിയിൽ ആനന്ദ് (17) മുകളിലെ കടവിൽ നിന്നു 2 ചേച്ചിമാർ വിളിച്ചു പറഞ്ഞു. ഒരു കുഞ്ഞ് ഒഴുകി വരുന്നേ എന്ന്. ഞങ്ങൾ നോക്കുമ്പോൾ ഒരു കൈ മാത്രം വെള്ളത്തിനു മുകളിൽ കാണാം. കുഞ്ഞിന്റെ കൈകളിൽ പിടി കിട്ടിയെങ്കിലും രക്ഷിക്കാനായില്ല. ആനന്ദ് ചേട്ടനാണു കുഞ്ഞിനെ മുങ്ങിയെടുത്തത്. കുഞ്ഞിനെ രക്ഷപെടുത്തിയ കുട്ടികളുടെ വാക്കുകൾ ഇങ്ങനെ…

വേദനയും നന്ദിയും ചാർത്തിയ കണ്ണുകളാൽ കുട്ടിയുടെ അമ്മ ബിന്ദു പറയുന്നത്…

മോൾ പോയതറിഞ്ഞില്ല. കൈത്തോടിനു സമീപത്തേക്കു പോകാതിരിക്കാനായി വീടിന്റെ ഗ്രില്ല് എല്ലാ സമയവും പൂട്ടിയിടും. ഇന്നലെ മറന്നു. തെരേസയും ചേച്ചി എലിസബത്തും വീട്ടിൽ ഉണ്ടായിരുന്നു. ടിവി വാർത്ത തുടങ്ങിയ ശേഷം കുട്ടികളെ അന്വേഷിച്ചപ്പോൾ തെരേസയെ കണ്ടില്ല. വീടിന്റെ പരിസരത്തു തിരച്ചിൽ നടത്തിയ ശേഷം സമീപത്തെ ബന്ധു വീട്ടിലും അന്വേഷണം നടത്തി. ഇതിനിടെയാണ് കുഞ്ഞിനെ തോട്ടിൽ നിന്നു കണ്ടെത്തി ആശുപത്രിയിലേക്കു കൊണ്ടു പോയ വിവരം അറിഞ്ഞത്.

പ്രാഥമിക ശിശ്രുഷ നൽകി കുട്ടിയുടെ ജീവൻ നിലനിർത്തിയ അയൽവാസിയുടെ വാക്കുകൾ

കുഞ്ഞിനെ കമഴ്ത്തി കിടത്തി പുറത്ത് തട്ടി 2 കവിൾ വെള്ളം പുറത്തു കളഞ്ഞു. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി കുഞ്ഞിന് അനക്കം ഇല്ലായിരുന്നു. തുടർച്ചയായി സിപിആർ നൽകി. ഒന്നര മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചു. കണ്ണുകൾ അടഞ്ഞു വായിൽ നിന്നു നുരയും പതയും വന്ന കുഞ്ഞിനെ ആദ്യം എത്തിച്ചത് തൊട്ടടുത്തുള്ള എന്റെ വീട്ടിൽ. ഇവിടെ നിന്നാണു ഞാനും ബന്ധുവായ എബിനും ചേർന്നു കുഞ്ഞിനെ പൈകയിലെ സ്വകാര്യ ആശുപത്രിയിെലത്തിച്ചത്.അയവാസിയായ തോമസ് മാത്യു പറഞ്ഞു. സിപിആർ കൊടുത്തത് രക്ഷയായി. കുഞ്ഞിനു കാർഡിയാക് പൾമണറി റീസക്സിറ്റേഷൻ (സിപിആർ) ചെയ്തതു കൊണ്ടാണു ജീവൻ തിരിച്ചു കിട്ടിയത്. ഇതുകൊണ്ടു തലച്ചോറിനും ഹൃദയത്തിനും തകരാർ സംഭവിച്ചില്ല.ഡോ. അലക്സ് മാണി (ചീഫ് കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, പാലാ മരിയൻ മെഡിക്കൽ സെന്റർ) വാക്കുകൾ

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കിയ സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസാണ് കേസെടുത്തത്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ‘സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ’ എന്ന് കുറിച്ചുകൊണ്ടാണ് രഹ്ന കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു. ഉറങ്ങിപ്പോയ യുവാവ് ഇടയ്ക്ക് മൂത്രമൊഴിക്കാത്തതിനെ തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.

വടക്കന്‍ ചൈനയിലെ ഷീജാങ് പ്രവിശ്യയിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് 40കാരനായ ഹു എന്ന യുവാവ് സുജി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തിയത്.

തുടര്‍ച്ചയായി 10 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ 18 മണിക്കൂറുകളോളം ഉറങ്ങി. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റില്ല. തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്.

മൂത്രസഞ്ചി തകര്‍ന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഹു കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ മൂത്ര സഞ്ചിയില്‍ മൂന്ന് പൊട്ടലുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സമ്മര്‍ദ്ദം കൂടിയതു കൊണ്ടാണ് മൂത്ര സഞ്ചി തകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

നിലവില്‍, യുവാവ് ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കേസ് വിരളമാണെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂത്രസഞ്ചിക്ക് വലുതാവാന്‍ കഴിയുമെങ്കിലും 350 മുതല്‍ 500 മില്ലി ലിറ്റര്‍ മൂത്രം മാത്രമേ അതില്‍ ഉള്‍ക്കൊള്ളാനാവൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കുടുംബാംഗങ്ങളും സിനിമാ പ്രേമികളും വേദനയിലാണ്. ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ ബാന്ദ്രയിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാത്ത ഒരാൾ കൂടിയുണ്ട്, നടന്റെ വളർത്തു നായ ഫഡ്ജ്.

സുശാന്ത് പോയതറിയാതെ നടനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ കണ്ണു നിറയ്ക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ സുശാന്തിന്റെ ഫൊട്ടോ നോക്കിയിരിക്കുന്നതും സങ്കടത്തോടെ തറയിൽ കിടക്കുന്നതിന്റെയും ചിത്രങ്ങൾ നടൻ മൻവീർ ഗുർജർ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

പട്ന സ്വദേശിയായ സുശാന്ത് ഡൽഹിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.

ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

 

RECENT POSTS
Copyright © . All rights reserved