Social Media

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.

ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. വെറും 67.08 സെന്റീമീറ്റർ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം. 27–ാമത്തെ വയസിലാണ് ന്യൂമോണിയ ബാധയെത്തുടർന്ന് നേപ്പാൾ സ്വദേശിയായ മഗർ വിട വാങ്ങിയത്.
2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് മഗർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് 18 വയസായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന മഗർ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. മധ്യ നേപ്പാൾ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന മഗർ ഒട്ടേറെ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്

സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൂര്യ ലൈവിൽ പറയുന്നു.

സൂര്യ പറയുന്നത് ഇങ്ങനെ: ‘റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? നായയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.

ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.

ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാൽ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരിക്കൽ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇതു കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വർഷം അമേരിക്കയിൽ നിന്നയാൾക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ ഉണ്ടാകും? 2013–ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കൾ എന്നോടു കലഹിച്ചു. ആ വീട്ടിൽ നിന്നു പോയാൽ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാൻ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകൾ അച്ഛനൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാൻ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേൽ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നിൽക്കട്ടെയെന്നും അവർ മറുപടി നൽകി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്’. സൂര്യ പറയുന്നു‌.

ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.

വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.

സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.

ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.

പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.

‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിചിത്രമായ ഒരു തീരുമാനത്തിന് അമ്പരപ്പോടെ കയ്യടിക്കുകയാണ് സൈബർ ഇടങ്ങൾ. ജാപ്പനീസ് കോടീശ്വരനായ യുസാക്കു മാസവായുടെ തീരുമാനം സത്യത്തിൽ ആരെയും ഞെട്ടിക്കും. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ തീരുമാനച്ചിരിക്കുകയാണ് ഇയാൾ. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്.

നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്‌പെയ്‌സ് എക്‌സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.
അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.

താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്‍കുന്ന പദ്ധതിയെയാണ് യൂണിവേഴ്‌സല്‍ ബെയ്‌സിക് ഇങ്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതാദ്യമായി അല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതെ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്കായി 2019ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, നിങ്ങള്‍ക്കു ഞാന്‍ പണം നല്‍കാന്‍ പോകുന്നുവെന്ന കാര്യം അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.

കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത്രയും വലിയ രീതിയിൽ പ്രണയ പകയും പക കൊലപാതകത്തിൽ കലാശിക്കുന്നതും കാണാൻ തുടങ്ങിയിട്ട്. ഇന്ന് ഞാൻ നാളെ നീ എന്നപോലെ ആർക്കോ എവിടേയോ സംഭവിക്കുന്ന പ്രശ്‌നം എന്ന നിലയിൽ മലയാളികൾ എഴുതി തള്ളിയ പ്രണയ പക ദുരന്തങ്ങൾ നമ്മുടെ വീട്ടിലേക്കോ പരിസരപ്രദേശങ്ങളിലേക്കോ കടന്നുവരാൻ തുടങ്ങിയതോടെ ഭീതിയോടെ ആണ് ഓരോ മലയാളികളും മക്കളെ വളർത്തുന്നത് പ്രണയം വേണ്ടെന്നുവച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം എന്നതാണു പെൺകുട്ടികളുടെ അവസ്ഥ! തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നതും കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചതും കലൂരുള്ള വിദ്യാർഥിനിയെ തമിഴ്നാട്ടിലെ കാട്ടിൽ കുത്തികൊന്ന് ഉപേക്ഷിച്ചതുമെല്ലാം സൂചിപ്പിക്കുന്നതും അതു തന്നെ.

ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവു വാർത്തയാണിപ്പോൾ. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. ഇതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ എഴുതിയ കുറിപ്പ് വായിക്കാം. മൂന്ന് മാസം മുൻപ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായി തന്നെ നിലകൊള്ളുന്നു.

കുറിപ്പ് ഇങ്ങനെ:

പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിർദ്ദേശം ഉൾക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാൽ തടി രക്ഷപ്പെടുത്താം.

പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം.എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.

1.❤️എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.

2.❤️എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .

3.❤️ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4.❤️ഫോൺ എൻഗേജ്ഡ് ആകുമ്പോഴും ,എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5.❤️നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.

6.❤️ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .

7.♥️നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .

8.♥️നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.

9.♥️പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .

10.♥️മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം.

ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം.ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .

കോപ്പി റൈറ്റ് ഇല്ല .ആർക്കും എടുക്കാം

( ഡോ:സി .ജെ .ജോൺ)

 

‘ഇട്ടിമാണി,​ മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ,​ ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ,​ ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം,​ ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും,​ മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും,​ ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.

ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.

മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്,​ ജോസിനും ബേബിക്കും. ഇനി,​ മക്കളുടെ സ്വന്തം ആശുപത്രി!

നെയ്യാറ്റിന്‍കര: യാത്രാ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറി. ഇരുവരും തമ്മില്‍ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് വിഭാഗമാണ് ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കുക.

ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്‌ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പാസ് കാണിക്കാൻ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മിൽ ഇതേചൊല്ലി ഏറെനേരം തർക്കിച്ചു.

https://www.facebook.com/100963357973712/videos/2559231274361213/

RECENT POSTS
Copyright © . All rights reserved