ബത്തേരി–പുൽപള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ അൽപ ദൂരം ഓടുന്ന രംഗമുള്ളത്. ബൈക്ക് യാത്രികൻ പേടികൂടാതെ എടുത്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
റോഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.എന്നാല്‍ ഈ വിഡിയോ ഏത് ഭാഗത്ത് നിന്നെന്ന് ഉറപ്പിക്കാന്‍ വനംവകുപ്പ് തയാറായിട്ടുമില്ല.
ആരാധകര്‍ ആശിക്കുന്നപോലെ എല്ലാ മത്സരങ്ങളും ജയിക്കണമെന്നില്ല. എന്നാല്‍ തോല്‍ക്കുന്ന രീതിയാണ് പ്രശ്നം. ജയിച്ചു നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇംഗ്ലണ്ടിന്റെ വക ഷോക്ക്. 338റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ തോല്‍വി വെറും 31റണ്‍സിനായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്.
അവസാന പത്ത് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 104റണ്‍സ്. എന്നാല്‍ ധോണിക്കും കേദാര്‍ ജാദവിനും നേടാനായത് 73റണ്‍സാണ്. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 71റണ്‍സ് നേടിയത് 39റണ്‍സ്. ഇന്ത്യ തോറ്റത് 31റണ്‍സിന്. കയ്യില്‍ വിക്കറ്റുകള്‍ ഉണ്ടായിരുന്നു. പക്ഷെ ബൗണ്ടറികള്‍ കണ്ടെത്തുന്നതിനു പകരം സിംഗിള്‍ എടുത്തുകളിക്കാനാണ് ഇരുവരും ഇഷ്ടപ്പെട്ടത്. ഈ സമയം കമന്ററി ബോക്സിലിരുന്ന ഇംഗ്ലണ്ടിന്റെ മുന്‍ താരം നാസര്‍ ഹുസൈന്‍ സൗരവ് ഗാംഗുലിയോട് ചോദിച്ചു, ‘എന്താണ് ഇവര്‍ ഇങ്ങനെ കളിക്കുന്നത്’? ഗാംഗുലി മറുപടി ശ്രദ്ധേയമാണ്. ‘വിവരിക്കാന്‍ എനിക്കാവുന്നില്ല, എങ്ങനെയാണ് ഈ സിംഗിളുകളെ വിവരിക്കേണ്ടതെന്ന് അറിയില്ല’. ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
‘ ആ ബാറ്റിങ് കണ്ട് അന്ധാളിച്ചു പോയി’ എന്നാണ് സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞത്. അവസാന ഓവറുകളിലെ ബാറ്റിങ്ങിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മറുപടിയും ശ്രദ്ധിക്കേണ്ടതാണ്. ‘ ഇംഗ്ലണ്ട് ബോളര്‍മാര്‍ സ്ലോ ബോളുകളാണ് എറിഞ്ഞത്, ധോണി ബൗണ്ടറിക്കുള്ള ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സ്ലോ ബോളുകള്‍ കാരണം അത് സിംഗിളില്‍ ഒതുങ്ങി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേകുറിച്ച് വിശകലനം ചെയ്യും.’ അവസാന ഓവറുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിനെച്ചൊല്ലി ആരാധകരും ഏറ്റുമുട്ടുകയാണ്. ധോണിയും ജാദവും കളിച്ചത് ‘ടെസ്റ്റ് മല്‍സരത്തിന്റെ അവസാന ദിവസത്തെ കളിപോലെയാണ്’. ഇരുവരും നോട്ടൗട്ടാകാന്‍ മല്‍സരിക്കുകയായിരുന്നു. എന്നിങ്ങനെ പോയി കുറിപ്പുകള്‍.
അടിച്ചുകളിക്കാനുള്ള ആദ്യ പത്ത് ഓവറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍.രാഹുലിനെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ ആദ്യ അഞ്ച് ഓവറില്‍ നേടിയത് ഒന്‍പത് റണ്‍സ് മാത്രം. ആദ്യപത്ത് ഓവറില്‍ നേടിയത് 28റണ്‍സ് മാത്രവും. ആദ്യ പത്ത് ഓവറിലും അവസാനപത്ത് ഓവറിലും ക്രീസില്‍ നിന്നത് ബാറ്റിങ്ങില്‍ കരുത്തരായവര്‍ തന്നെയാണ്.
ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ ബോളര്‍ എന്ന നിലയില്‍ വിരാട് കോലി വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ജാദവിന്റെ സ്പിന്‍ ഒന്ന് പരീക്ഷിക്കാന്‍ പോലും കോലി മുതിര്‍ന്നില്ല. പിന്നെന്തിനാണ് ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ ജാദവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ജാദവിനെ ധോണിയും വിശ്വസിക്കുന്നില്ലെന്നുവേണം കരുതാന്‍. ഒരു സിംഗിള്‍ എടുക്കുന്നതില്‍ നിന്ന് ജാദവിനെ തടഞ്ഞത് അത് വ്യക്തമാക്കുന്നു.
1. ഇന്ത്യ തോറ്റത് പാക്കിസ്ഥാനെതിരെ സെമി കളിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്.
2. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള പ്രയാണം ഉറപ്പുവരുത്തുക.
പ്രധാനമായും ഉയരുന്നുകേള്‍ക്കുന്നത് ഇതാണ്. എന്തായാലും അടുത്ത മല്‍സരം ബംഗ്ലദേശിനെതിരെ ഇതേ പിച്ചിലാണ് ഇന്ത്യ കളിക്കുന്നത്.
ചാലക്കുടിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴുണ്ടായ സംഭവം ഓര്‍മ്മിച്ച് ഇന്നസെന്റ്. ഇടതുപക്ഷത്തിന്റെ 19 പേരും തോറ്റപ്പോഴാണ് ചെറിയ സമാധാനം തോന്നിയതെന്ന് തമാശരൂപേണ ഇന്സെന്റ് പറയുന്നു. ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്- ഇന്നസെന്റ് തമാശയും കാര്യവുമായി പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.
തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നൊക്കെ പറയും. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് ഒരാള്‍ വിളിക്കുമായിരുന്നു. എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ മന്ത്രി ഒരാളോട് സ്വകാര്യം പറഞ്ഞു. അത് എന്താണ് എന്ന് എനിക്ക് ഏകദേശം മനസ്സിലായി. ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന് അദ്ദേഹം പറഞ്ഞത്.
കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാമെന്ന് ഞാൻ പറഞ്ഞു. ഫോണില്‍ ആയതിനാല്‍ അയാള്‍ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളു. അയാള്‍ എന്നെ കുറെ പുകഴ്‍ത്തി. പക്ഷേ ഞാൻ പറഞ്ഞു, കൊരട്ടിയില്‍ നിര്‍ത്തിയാല്‍ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കുമെന്ന്. അതിനുശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.
എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.
എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.
അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.
ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.
അതുപോലെ മറ്റൊരു സംഭവം. ഞാൻ മുമ്പ് ടിവിയിലൊക്കെ പറഞ്ഞിട്ടുള്ളതാണ്. ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.
മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ- ഇന്നസെന്റ് പറയുന്നു.
വീഡിയോ കടപ്പാട് : ഇരിങ്ങാലക്കുട വോയിസ്
ബിജോ തോമസ് അടവിച്ചിറ
കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസി ആർപിഎം 701 ബസ് ആണ് കഥയിലെ നായകൻ. രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസിൽ സ്ഥിരയാത്രക്കാർ തമ്മിൽ പരിചയം സൗഹൃദവും ഒരു വൻ കൂട്ടായ്മ്മയുമായി മാറി. ബസിന്റെ സമയവിവരം പങ്കിടാൻ അറുപതിലേറെ ആളുകൾ ചേർന്ന് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലെ കാരണവരാണ് ചങ്ങനാശേരി സ്വദേശി ശിവൻ. മാന്നാറിൽ പലചരക്കു കടയിലെ കണക്കെഴുത്തുകാരനാണ് ഇദ്ദേഹം.
2 മാസം മുൻപ് വായ്പയെടുത്താണ് അദ്ദേഹം പുതിയ ഫോൺ വാങ്ങിയത്. ബസിന്റെ സമയം കൃത്യമായി ഗ്രൂപ്പിൽ അറിയിച്ചിരുന്നത് ശിവനാണ്. 2 ദിവസം മുൻപ് ഫോൺ കള്ളൻ കൊണ്ടുപോയതോടെ സഹയാത്രികർക്കു സ്വന്തം ഫോൺ നഷ്ടമായ സങ്കടം. പിന്നെയൊന്നും ആലോചില്ല, പുതുപുത്തനൊരു ഫോൺ വാങ്ങി ശിവൻചേട്ടന് അവർ സമ്മാനിച്ചു. സമ്മാനപ്പൊതി തുറന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹയാത്രികരിൽ സ്നേഹത്തിന്റെ പുഞ്ചിരി വിടർന്നു.
ബസിലെ യാത്രക്കാരനും മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് ലച്ചോർ ആയ മാമ്മൂട് സ്വദേശി ഷിജോ ജേക്കബ് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഈ നൻമയുടെ കൂട്ടായ്മ്മ കഥ പുറം ലോകം അറിഞ്ഞത്. ഒട്ടനവധി ആര്ട്ട് എക്സിബിഷനുകൾ നടത്തി നാട്ടുകാർക്കും മലയാളികൾക്കും സുപരിചിതൻ ആണ് ഷിജോ ജേക്കബ്. മുൻപും പുള്ളിയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്ക് നന്ദി.
—————————————————————-
കോടമഞ്ഞിനും ചാറ്റൽ മഴയ്ക്കുമിടയിലൂടെ RPM 701 എന്ന KSRTC ബസ് മലയിറങ്ങുകയാണ്. പതിവുപോലെ യാത്രക്കാരെയും കൊണ്ട് കായകുളം വരെ പോകേണ്ടതാണ്…
ഈ ബസിന് ഒരു മണിക്കൂർ മുൻപായി പീരുമേട്ടിൽ നിന്നും ഒരു കാർ അതിവേഗം ചങ്ങനാശ്ശേരിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങളെ കൊണ്ടുനടക്കുന്ന രണ്ടു മനുഷ്യരാണ് അതിനുള്ളിൽ. rpm 701 ന്റ ഡ്രൈവർ സിബിച്ചേട്ടനും ഒരിക്കൽ ഈ ബസിന്റെ എല്ലാമായിരുന്ന ഷമീറും ആണ് അതിനുള്ളിൽ….
പതിവുപോലെ കുളി കഴിഞ്ഞു, ബസ് എവിടെയെത്തി എന്നറിയാനായി മൊബൈൽ നോക്കിയപ്പോൾ ഷമീറിന്റ രണ്ടു മിസ്ഡ് കാൾ കിടക്കുന്നു. വിളി പതിവുള്ളതല്ല. ഞാൻ തിരിച്ചു വിളിച്ചു.
“ഷമീർ, എവിടാ….”
“ഞാൻ മാമ്മൂട് ബസ് സ്റ്റോപ്പിൽ ഉണ്ട് സാറേ… ”
“അവിടെ നിൽക്കാതെ വീട്ടിലേക്കു വരൂ…. ”
ഷമീർ വീട്ടിൽ എത്തി. അപ്പോഴാണ് ഇവരുടെ കാർ യാത്രയും ഷമീർ മാമ്മൂട്ടിൽ ഇറങ്ങിയ കാര്യവുമൊക്കെ അറിയുന്നത്…. ഒരു ചൂട് ചായക്ക് ശേഷം ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി. ഷമീറിനെ മാമ്മൂട്ടിൽ കണ്ട് അന്ധാളിച്ചു റെജി സാർ. 7.50 കഴിഞ്ഞപ്പോൾ ചങ്ക് ബസ് വന്നു. ഞങ്ങൾ അതിൽ കയറി.
എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു മാറി തന്നു വർഗീസ്. ഞാൻ എന്റ സ്ഥിരം സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു, സാറിനെ പരിചയപ്പെടാനായി ഒരാൾ വരുന്നുണ്ടെന്ന്. അതാരപ്പാ എന്നെ പരിചയപ്പെടാൻ വരുന്നത്. സന്ദേഹത്തോടെ ഞാൻ ഇരുന്നു. ആൻസി ടീച്ചർ മുന്നിലിരുന്നു ചിരിക്കുന്നത് എനിക്ക് കാണാം. അതാ വരുന്നു മഞ്ഞ സാരിയൊക്കെ ചുറ്റി വളരെ പ്രസരിപ്പോടെ, സ്റ്റൈലിഷ് ആയി ചിരിച്ചുകൊണ്ട് ഒരു മഹിളാരത്നം. ടീച്ചറിന്റ ഭാഷയിൽ പറഞ്ഞാൽ വാക്കുകൾ കൊണ്ട് മാത്രം അറിഞ്ഞിട്ടുള്ള, കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ. ശരിക്കും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ടീച്ചറിനെ ബഹുമാനിക്കണമെന്നു തോന്നി. പക്ഷെ നടന്നില്ല….
അല്ല, ടീച്ചർ എന്തെ കറുകച്ചാലിൽ ഇറങ്ങാഞ്ഞത്? മല്ലപ്പള്ളിയ്ക്ക് പോകേണ്ട ആൻസി ടീച്ചർ എന്താണ് വീണ്ടും ഈ ബസിൽ? ആമിയും സംഗീത ടീച്ചറുമൊക്കെ വളരെ സന്തോഷത്തിലാണല്ലോ? മുന്നിലിരിക്കുന്ന സനൽ സാർ ഇന്ന് പുറകിലാണല്ലോ? അതാ ശിവൻ ചേട്ടൻ കുരിശുമൂട്ടിൽ നിന്നും ബസിൽ കയറുന്നു. എന്നും പുറകിലത്തെ വാതിലിലൂടെ കയറുന്ന ശിവൻ ചേട്ടൻ ഇന്ന് മുൻവാതിലിലൂടെ കയറുന്നു. ഈ മനുഷ്യനിതെന്നാ പറ്റി? സിബിച്ചേട്ടനും കുരിശുംമൂട്ടിൽ നിന്ന് ബസിൽ കയറി. ആഷ ടീച്ചർ എല്ലാവരെയും പരിചയപ്പെടുന്നു. സ്ഥിരം യാത്രക്കാർ അല്ലാത്തവർ അല്പം സംശയത്തോടെയും ലേശം ഇഷ്ടക്കേടോടും കൂടി നോക്കുന്നു. ഒന്നും പിടികിട്ടാതെ സോണി സാറും. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ….
എല്ലാവരും സന്തോഷത്തിൽ ആണ്. ചിരിയും ബഹളവുമൊക്കെ ആയി….
ചങ്ങനാശ്ശേരി നിന്നു ബിന്ദു ടീച്ചറും മറ്റും കയറി. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് NSS കോളേജിന്റ് മുന്നിൽ ഒതുക്കി നിർത്തി. ആരേലും കയറാനുണ്ടോ? ഇല്ലല്ലോ… പെട്ടെന്ന് ബസിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ ചാടിയിറങ്ങി. കാര്യമറിയാതെ ശിവൻ ചേട്ടനും….. ചില അംഗങ്ങൾക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല. മറ്റു യാത്രക്കാർ അന്തം വിട്ട് നോക്കുന്നു….. വണ്ടി ബ്രേക്ക് ഡൗൺ ആയോ ? ഇന്നത്തെ ദിവസം നശിപ്പിച്ചു…. ചിലരെങ്കിലും മനസ്സിൽ പറഞ്ഞു കാണും….
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്ടെന്ന് ആഷാ ടീച്ചർ മുൻപോട്ട് വന്ന് ശിവൻ ചേട്ടന് ഒരു ഗിഫ്റ്റ് പാക്കറ്റ് കൊടുക്കുന്നു. ഞങ്ങളുടെ കൈയടിക്കിടയിൽ കാര്യം മനസ്സിലാകാതെ, അന്തം വിട്ട് ശിവൻ ചേട്ടൻ നിന്നു…
“ഇന്നെന്താ ബർത്ത് ഡേ ആണോ? ”
വണ്ടിക്കുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.
“അല്ല ചേട്ടാ, അതിലും വലിയൊരു ഡേ…. ”
” ശിവൻ ചേട്ടോ, പൊതി അഴിച്ചു നോക്കിക്കെ ”
ശിവൻ ചേട്ടൻ മെല്ലെ വർണക്കടലാസുകൾ മാറ്റി നോക്കി. ഒരു പുത്തൻ മൊബൈൽ…. Redmi Note 7S…..ശിവൻ ചേട്ടന്റ കണ്ണ് നിറഞ്ഞു.. സന്തോഷത്തിന്റ അശ്രു ബിന്ദുക്കൾ… അതിൽ സങ്കടത്തിന്റ ഒരു തിരയുണ്ടായിരുന്നു……
“ഷമീർ സാർ… എന്റ മൈബൈൽ പോക്കറ്റടിച്ചു പോയി…..”
ശിവൻ ചേട്ടൻ കരച്ചിലിന്റ് വക്കത്തായിരുന്നു. പുതിയ മൊബൈൽ. വാങ്ങിയിട്ട് രണ്ടു മാസം പോലും ആയിട്ടില്ല. രാത്രിയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോക്കറ്റടിച്ചു പോയി. ശിവൻ ചേട്ടന്റ മൊബൈൽ ഞങ്ങളുടെയും പ്രിയപ്പെട്ട മൊബൈൽ ആയിരുന്നു. രാവിലെയും വൈകുന്നേരവും വളരെ കൃത്യമായി കായകുളം, മാവേലിക്കര ബസുകളുടെ സമയം അതിലൂടെ ഞങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. ചങ്ക് ബസ് ഗ്രൂപിലെ സ്നേഹസമ്പന്നനായ മനുഷ്യൻ. എന്ത് സഹായവും ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ മനസ്സുള്ളോരു മനുഷ്യൻ. ആ മനുഷ്യന്റ നഷ്ടം ഞങ്ങളുടെയും നഷ്ടമായിരുന്നു. ഒരു പാവം മനുഷ്യൻ. കണ്ണീച്ചോരയില്ലാത്ത ഒരു കള്ളൻ…
പക്ഷെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഗ്രൂപ്പിലെ കുറച്ചുപേർ വ്യക്തിപരമായി ചർച്ച ചെയ്തു. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാൻ ഇടയുണ്ടെന്ന് അറിയാം. അത് കൊണ്ട് ഗ്രൂപ്പിൽ ചർച്ച ചയ്തില്ല. ശിവൻ ചേട്ടനൊരു പുതിയ ഫോൺ വാങ്ങി കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. അണിയറയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ… നഷ്ടപ്പെട്ടു പോയ redmi 6 തന്നെ വാങ്ങാനായി സിബിച്ചേട്ടനും ഷമീറും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും അലഞ്ഞു. കിട്ടിയില്ല. അവസാനം redmi note 7 കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങി. അതുമായി അഡ്‌മിന്റ വീട്ടിലേക്ക്. വർണ്ണക്കടലാസിനുള്ളിൽ ഒരു സ്നേഹ സമ്മാനം. പിന്നെയെല്ലാം ഒരു തിരക്കഥ പോലെ….
എല്ലാവർക്കും ഇന്നു സന്തോഷത്തിന്റ ദിവസമായിരുന്നു. സൗഹൃദത്തിന്റ, കൂട്ടായ്മയുടെ, സ്നേഹത്തിന്റ, നന്മയുടെ ദിവസം…. ബസ് നീങ്ങിത്തുടങ്ങി. ആഷ ടീച്ചറും, ആൻസി ടീച്ചറും, സിബിച്ചേട്ടനും ഷമീറും തിരികെ കറുകച്ചാലിലേക്ക്… ഞങ്ങൾ മാവേലിക്കരയിലേക്കും. എല്ലാവരുടെയും ഉള്ളിൽ സന്തോഷത്തിന്റ വേലിയേറ്റം അലയടിച്ചു കൊണ്ടിരുന്നു… ശിവൻ ചേട്ടന്റ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പിയിരിക്കുന്നു….
ഈ സൗഹൃദ കൂട്ടായ്‌മയിലേക്ക് രാവിലെ തന്നെ എത്താമെന്ന് പറഞെങ്കിലും ബസില്ലാതിരുന്നതിനാൽ എത്തിപ്പെടാൻ പറ്റാഞ്ഞതിന്റ വിഷമവുമായി കൊച്ചു ഡോക്ടർ വെങ്ങലിൽ നിന്നും ബസ് കയറി. വരാഞ്ഞതിനെ കുറിച്ച് തമാശയിൽ ഒളിപ്പിച്ച ചോദ്യവുമായി മോഹനൻ ചേട്ടൻ ചോദിച്ചപ്പോൾ ഡോക്ടർക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു ഡോക്ടർ…. അത് കണ്ടു വിഷണ്ണനായി കണ്ടക്ടർ മോഹനൻ ചേട്ടൻ…. ആര് ആരെ ആശ്വസിപ്പിക്കും…..
സന്തോഷത്തിന്റ ഈ കനം എനിക്ക് താങ്ങാൻ പറ്റുന്നില്ല…. ഞാൻ പുറത്തേക്കു നോക്കി… മഴമേഘങ്ങൾ ഖനീഭവിച്ചു നിൽക്കുന്നു…. പെയ്യുമോ ആവോ….
ഞാൻ ആ കള്ളനെ ഓർത്തു. മൈബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ ആരായിരിക്കും? ഗതികേട് കൊണ്ട് മോഷ്ടിച്ചതായിരിക്കുമോ…? ആർക്കറിയാം…. ചങ്ങനാശ്ശേരിയിലെ ഇരുട്ടിന്റ വെളിച്ചത്തിൽ ശിവൻ ചേട്ടന്റ പോക്കറ്റിലേക്ക് നീട്ടിയ നിന്റ കൈകൾ ഒരിക്കലെങ്കിലും വെളിച്ചത്തു നോക്കണം. എത്രയോ മനുഷ്യരുടെ സങ്കടത്തിന്റ കറ ആ കൈകളിൽ ഉണ്ടാവും….
എന്നാലും ഞങ്ങൾക്ക് നിന്നോട് പ്രശ്നമില്ല. കാരണം നീ മൂലം ചോരശാസ്ത്രത്തിൽ നന്മയുടെ ഒരേട് ഇന്ന് ചേർക്കപ്പെട്ടു. ചോരന്മാരിൽ നീ വ്യത്യസ്തൻ. സന്തോഷത്തിന്റ, സഹവർത്തിത്വത്തിന്റ ഒരു നല്ല ദിവസം ഇന്ന് ഞങ്ങൾ അനുഭവിച്ചത് നീ മൂലമാണ്. മനുഷ്യ മനസുകളിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതിനും നീയാണ് കാരണക്കാരൻ…
അതുകൊണ്ട്, ഒരിക്കലും മറക്കാത്ത നല്ലൊരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്കു നന്ദി…. നന്ദി….. ഒരായിരം നന്ദി.
————– ഷിജോ ജേക്കബ്
26 ജൂൺ 2019
കുറിപ്പ്: ഈ ഒത്തൊരുമയിൽ പങ്കാളികളായ ഒരുപാടു പേരുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയാലോ എന്ന ഭയത്താൽ പേരുകൾ എഴുതുന്നില്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച ചിലരെ പരാമര്ശിക്കാതിരിക്കാൻ വയ്യ. ആഷ ടീച്ചർ, ആൻസി ടീച്ചർ, ഷമീർ, സിബിച്ചേട്ടൻ… നിങ്ങളുടെ സമയോചിതവും ആല്മാര്തവുമായ പ്രവർത്തനം പ്രശംസയർഹിക്കുന്നു. പെട്ടെന്നായതുകൊണ്ടും അറിയിക്കാൻ പറ്റാതിരുന്നതുകൊണ്ടും സഹകരിക്കാൻ സാധിക്കാഞ്ഞ പലരുമുണ്ട്. അവരും നമ്മോടൊപ്പമുണ്ട്. ശിവൻ ചേട്ടന്റ കാര്യം കേട്ടറിഞ്ഞു, ഇന്നലെ രാത്രിയിൽ എന്റ വീട്ടിൽ ഓടിക്കേറി വന്നു ഇതിൽ സഹകരിച്ച ഭാഗ്യലക്ഷ്മി മിസ്സിനെയും ഓർക്കുന്നു. പിന്നെ എല്ലാവരും…… എല്ലാവരും ചങ്കിലുണ്ട്…….
കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് 17കാരന്‍. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ഫ്യൂസി സബാതാണ് അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
”റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് സമീപത്തെ കെട്ടിടത്തിന് മുകളിലെ ജനാലയില്‍ ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോകുകയും താഴേക്ക് പതിച്ച കുഞ്ഞിനെ കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു” – ഫ്യൂസി സബാത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ഫ്യൂസി സബാതിനോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്. യൂസഫ് പിന്നീട് കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ടാൽ പേടിപ്പെടുത്തുന്ന, എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യൻ പലരുടെയും ഉറക്കം കെടുത്തുകയാണ്. സത്യമെന്തെന്നറിയാതെ പലരും കഥകൾ പലതും പ്രചരിപ്പിച്ചു. അതിലൊന്നാണ് ഈ മനുഷ്യൻ ശവക്കോട്ടയിൽ നിന്ന് എഴുന്നേറ്റ് വന്നതാണ് എന്നത്.
പക്ഷേ, അലക്സാണ്ടറിൻറെ കഥ ഒരുപോലെ പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. ഒരു മാസത്തോളം ഇയാൾ ഒരു കരടിയുടെ തടവിലായിരുന്നു. ജീവൻ മാത്രമാണ് കരടി ബാക്കിവെച്ചത്. കാട്ടിൽ വേട്ടക്കെത്തിയ സംഘമാണ് ഇയാളെ കണ്ടെത്തുന്നത്. അപ്പൊഴേക്കും അലക്സാണ്ടര്‍ വികൃത രൂപമായി കഴിഞ്ഞിരുന്നു.
വേട്ടക്കാർ ആദ്യം കരുതിയത് ഗുഹയ്ക്കുള്ളിൽ വർഷങ്ങൾക്കു മുമ്പെങ്ങോ ആരോ കൊണ്ടു വച്ച ഒരു മമ്മി ആണെന്നാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതൊരു മനുഷ്യനാണെന്നും, ജീവനുണ്ടെന്നും മനസ്സിലാക്കിയത്.
മംഗോളിയൻ അതിർത്തിയോടു ചേർന്ന റഷ്യയുടെ ഉൾനാടൻ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്സാണ്ടറിനെ വേട്ടക്കാർ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടർന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോൾ കരടി അവിടെയുണ്ടായിരുന്നില്ല.
അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതത്രേ. ശരീരകമാസകലം മുറിവേൽപ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ റഷ്യക്കാരനാണെന്നും പേര് അലക്സാണ്ടർ എന്നാണെന്നതുമുൾപ്പെടെ ചില കാര്യങ്ങൾ മാത്രമാണ് ഇയാൾക്കിപ്പോൾ ഓർമ്മയുള്ളത്. കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്. അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.
ബിജോ തോമസ് അടവിച്ചിറ
നൻമയും നിഷ്കളന്തതയും നിലനിർത്തി സത്യസന്ധമായി ജീവിക്കുന്നവർ ഇപ്പോളും മരിച്ചിട്ടില്ല എന്നത് വെളിവാക്കുന്ന സംഭവം വിവരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. കാണാതെ പോയ യുവാവിന്റെ പേഴ്‌സ് തിരികെ നൽകിയ കുടുംബം. അത് കിട്ടിയ മകന് സംഭവിച്ച ഒരു തെറ്റ് അവതരിപ്പിച്ചു മാപ്പുചോദിച്ചു പോസ്റ്റലായി ആ പഴ്സ് തിരിക നൽകി.
മകന് പേഴ്‌സ് കിട്ടിയതും അതിൽ നിന്നും അവൻ മിടായി വാങ്ങിയതിന് മാപ്പു ചോദിച്ച മാതാപിതാക്കൾ കത്തിൽ കുട്ടിയുടുള്ള കരുതലും സ്‌നേഹവും വെളിവാക്കുന്നു കൂടെ അവരുടെ സത്യസന്ധതയും. ചങ്ങനാശേരി വടക്കേക്കര സ്വദേശി സബീഷ് വർഗീസിന്റെ ആണ് കളഞ്ഞു പോയ പഴ്സ്. സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് സബീഷിന്റെ സുഹൃത്തു അരുൺ എസ് ദാസ് ഇട്ടതായിരുന്നു. കുട്ടിയേയും മാതാപിതാക്കൾകളെയും കണ്ടെത്തി സന്തോഷം പങ്കുവെയ്ക്കണമെന്നാണ് യുവാവ് തന്റെ കുറിപ്പിലൂടെ പറയുന്നത്
കത്തിന്റെയും ഫേസ്ബുക്ക് കറുപ്പിന്റെയും പൂർണ്ണ രൂപം ഇങ്ങനെ
കുറച്ചു ദിവസങ്ങൾക്കു മുൻപേ Tony ടോണി എനിക്കൊരു വാട്സാപ്പ് മെസ്സേജ് അയച്ചു സബീഷിന്റെ പേഴ്‌സ് കാണാതെ പോയതുമായി ബന്ധപ്പെട്ടു…
ഇന്നലെ വൈകുന്നേരം സബീഷിനെ കണ്ടപ്പോൾ മൂപ്പര് വല്ലാത്ത സന്തോഷത്തിലായിരുന്നു, കാരണമായി പറഞ്ഞത്, കളഞ്ഞു പോയ പേഴ്‌സ് മുഴുവൻ സാധനങ്ങളോടൊപ്പം തപാലിൽ തിരികെ ലഭിച്ചു ഒപ്പം ഒരു കത്തും….
കത്തിൽ ആ മാതാപിതാക്കൾ എഴുതിയിരിക്കുന്നത് കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും അവരുടെ കുട്ടി ഒരു നൂറു രൂപ മിട്ടായി വാങ്ങാനായി എടുത്തു പോയി, എന്നാൽ അത് തിരികെ വച്ചിട്ടുണ്ട്, ദയവായി പരാതിപ്പെട്ടു കുട്ടിയുടെ ഭാവിക്കു പ്രശ്നമുണ്ടാക്കരുത് എന്നുള്ളതാണ്.
ഈ വിഷയം സംസാരിക്കുമ്പോൾ സബീഷ് വല്ലാത്ത വികാര വിക്ഷുബ്ദത അനുഭവിക്കുന്നത് തിരിച്ചറിഞ്ഞു, പഠന വിഷയവുമായി ബന്ധപ്പെട്ട ഡോക്യൂമെന്റസ് ഉള്ള പെൻ ഡ്രൈവ് എല്ലാം അടങ്ങിയതായിരുന്നു കാണാതെ പോയ പേഴ്‌സ്..
അദ്ദേഹത്തിന് സത്യം ഈ കുട്ടിയെ കാണണം എന്നുണ്ട്, ആ കുട്ടിക്ക് കുറച്ചധികം മിട്ടായി വാങ്ങി നൽകണം എന്നുണ്ട്…
ആ മാതാപിതാക്കളും ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്, കുട്ടികളുമായി നല്ല ബന്ധം പുലർത്തുന്നത് കൊണ്ടോ, അവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുന്നത് കൊണ്ടോ ആവണം അവരുടെ കയ്യിൽ വന്ന പേഴ്‌സ് ആ മാതാപിതാക്കൾ ശ്രദ്ധിച്ചതും, അവരതിൻറെ തുടർ നടപടികൾ കൈക്കൊണ്ടതും.
ഇത്തരം ചിന്തകളും പ്രവർത്തികളും ഓരോ മാതാപിതാക്കളിലും ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം, സാമൂഹിക നന്മക്കും അടുത്ത തലമുറയുടെ നന്മക്കും അതാവശ്യമാണ്…
എല്ലാ കുടുംബങ്ങളിലും ആരോഗ്യപരമായ ബന്ധങ്ങൾ കുട്ടികളുമായി ഉണ്ടാകട്ടെ, ഐശ്വര്യവും സന്തോഷവും നിറഞ്ഞൊരു ദിനമാകട്ടെ ഇതെന്ന് പ്രാർത്ഥിച്ചു കൊണ്ട്….

NB: മേല്പറഞ്ഞ മാതാപിതാക്കൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദയവായി സബീഷിനെ കാണണം…നിങ്ങൾ ശരിക്കും ആദരവ് അർഹിക്കുന്നുണ്ട്…
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. ഇന്ത്യയിലെ പല കോണുകളിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. ചില ആചാരങ്ങളെല്ലാം വളരെ വിചിത്രമാണെന്ന് തോന്നുന്ന തരത്തിലുള്ളവയും. ദിനംപ്രതി പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഈ നാട്ടിലുണ്ട്. അങ്ങനെയൊരു ആചാരത്തിനിടയില്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുന്നത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കാണണം.
വൈവിധ്യങ്ങളായ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പലപ്പോഴും നാം കണ്ടിട്ടുണ്ട്. അതിലൊരു ആചാരമാണ് ഇവിടെ സ്ത്രീയെ കുടുക്കിയത്. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആഗ്രഹ സാധ്യത്തിനായി ആനയുടെ പ്രതിമക്കടിയിലൂടെ നൂഴ്ന്നുകയറുന്ന ഒരു ആചാരമുണ്ട് ഈ ക്ഷേത്രത്തില്‍. ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും പല കാര്യങ്ങള്‍ക്കും നന്ദി പറയാനും വിശ്വാസികള്‍ ഈ ആചാരം അനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ സാധാരണ രീതിയില്‍ ആനയ്ക്കിടയിലൂടെ സ്ത്രീ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ആചാരം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. സ്ത്രീ അവിടെ കുടുങ്ങി പോയി. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി സ്ത്രീ. അങ്ങോട്ടും ഇങ്ങോട്ടും കടക്കാന്‍ സാധിക്കാത്ത വിധം പ്രതിമയ്ക്കിടയില്‍ സ്ത്രീ കിടപ്പിലായി.
ഒരു റസ്റ്റോറന്റാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. സംഗതി ഇന്ത്യയിലല്ല, അങ്ങ് വിയറ്റ്നാമിലാണ്. പാമ്പു കൊണ്ടുള്ള വെറൈറ്റി വിഭവങ്ങളാണ് ഇവിടേക്ക് അന്യ രാജ്യങ്ങളിൽ നിന്നുള്ള പാമ്പു പ്രേമികളെ ആകർഷിക്കുന്നത്. ഓർഡർ അനുസരിച്ച് സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിലെത്തുക.
ഭക്ഷണത്തിനായി കൊല്ലുന്ന ജീവികളുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളില്‍ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാര്‍ക്ക് കുടിക്കാൻ നൽകുകയും ചെയ്യും. ഇത് കൂടാതെ ജീവികളുടെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയവും മദ്യത്തിനൊപ്പം ചേർത്തു നല്‍കും. ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിൽ എത്തുന്നവര്‍ക്ക് ഏതു ജീവിയുടെ മാംസവും തിരഞ്ഞെടുക്കാം.
എലിയെ അകത്താക്കുന്ന ചിലന്തിയുടെ ചിത്രങ്ങള്‍ വൈറലായി. ഹണ്ട്‌സ്മാന്‍ സ്‌പൈഡറിന്റെ ഇരപിടുത്തത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന സ്ത്രീയാണ് ഫെയ്സ് ബുക്ക് പേജില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നോളം പോന്ന എലിയെയാണ് ‘ഹണ്ട്സ്മാന്‍ സ്പൈഡര്‍’ വിഴുങ്ങുന്നത്.
വിനോദസഞ്ചാരികളായ ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ എത്തിയപ്പോഴാണ് സംഭവം. ഇവിടെ മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവര്‍ഗത്തില്‍ പെട്ട ജീവിയെ വേട്ടക്കാരന്‍ ചിലന്തി ഭക്ഷിക്കുന്നത് ഇവര്‍ കാണുന്നത്.
എലി വര്‍ഗത്തില്‍ പെട്ട പിഗ്മി പോസ്സം അമേരിക്കയിലും ഓസ്ട്രേലിയയിലും കണ്ടുവരുന്ന ജീവിയാണ്. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന്. ഹണ്ട്സ്മാന്‍ സ്പൈഡറിനും ഇതേ വലിപ്പമാണ്. എന്നാല്‍ ഈ ചിലന്തിയുടെ കാലുകള്‍ക്ക് 13 ഇഞ്ച് വരെ വലിപ്പമുണ്ടാകാറുണ്ടത്രേ.
എന്തായാലും ചിലന്തിയുടെ ഇരപിടിത്തത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. ചിലന്തിയുടെ വലിപ്പമാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചിലര്‍ പറയുന്നു.