ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട റോഡ്. സമയം അര്‍ദ്ധരാത്രി. പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ നീങ്ങുകയാണ് ഒരു കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. നടുറോഡില്‍ പൊടുന്നനെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. സഡന്‍ ബ്രേക്കിട്ട കാറിനു നേരെ വെളുത്ത വസ്ത്രമിട്ട ആ രൂപം പതിയെ നടന്നടുക്കുന്നു. കാറിന്‍റെ ഡോര്‍ ആ ഭീകര രൂപം വലിച്ചുതുറന്നു. പക്ഷേ അകത്തേക്ക് നോക്കിയ ആ പ്രേതരൂപത്തിന്‍റെ മുഖത്ത് ഭയം നിറഞ്ഞു. ഡ്രൈവിങ്ങ് സീറ്റില്‍ ആരുമില്ല. പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് തിരിഞ്ഞ് ഒരൊറ്റ ഓട്ടം!
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യചിത്രമാണിത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്‍റെ പരസ്യമാണിത്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് രസകരമായ വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. എത്രയും പെട്ടെന്ന് തന്നെ ഇത്തരം കാറുകള്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് വാഹന ലോകത്തിന്‍റെ പ്രതീക്ഷ.
ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.
പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.
മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.
മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്‌ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണ്ണൻ എന്ന ആനയാണ് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.
ചങ്ങലയിൽ കെട്ടിയ ആന നിൽക്കാനാകാതെ താഴെ ഇരുന്നു. ഇതുകണ്ട് ഒരു പാപ്പാൻ ആനയെ വലിയ വടികൊണ്ട് കുത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, മറ്റൊരു പാപ്പാൻ പുറകിൽ നിന്നും ആഞ്ഞടിച്ചു. ആന വേദന സഹിക്കാൻ വയ്യാതെ തളർന്ന് കിടന്നിട്ടും ദ്രോഹം തീർന്നില്ല. കിടന്ന ആനയുടെ പുറകിൽ തൊലിപൊട്ടുന്ന വിധം പിന്നെയും അടിച്ചു. മതി ചത്തുപോകുമെന്ന് വിഡിയോയിൽ ഇവർ പറയുന്നത് കേൾക്കാം. എന്നിട്ടും അടി തുടർന്നുകൊണ്ടിരുന്നു.
നിരവധി പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചിരിക്കുന്നത്.
Karnan the gentle giant,once a temple elephant ,being mercilessly beaten up in thrissur ,kerala pic.twitter.com/hNNGF7VyID
— (@pramodchandrase) March 25, 2019
അമിതമായ അഭ്യാസ പ്രകടനം വഴിവെച്ചത് വന്‍ അപകടത്തിലേക്ക്. പോളണ്ടിലാണ് അപകടമുണ്ടായത്. അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തി വിമാനം മരത്തിലിടിച്ച് താഴേയ്ക്ക് പതിച്ചക്കുന്നതിന്റെ വിഡിയോ സമൂപമാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രോബാറ്റിക്ക്‌സിന് ഉപയോഗിക്കാന്‍ പാടില്ലാത്ത വിമാനത്തില്‍ അഭ്യാസം കാണിച്ചതും വളരെ താഴ്ന്ന് പറന്നതുമാണ് അപകടകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പൈലറ്റ് അടക്കം രണ്ടുപേരുണ്ടായിരുന്നു വിമാനത്തില്‍. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ ആള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.
സെല്‍ഫി ഭ്രമം ആനയ്ക്കുമുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. യുവാവിനും സംഭവിച്ചത് അതു തന്നെ. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.
വടകരയിൽ പി. ജയരാജൻ സിപിഎമ്മിനായി പോരിനിറങ്ങിയത് മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബൽറാം എത്തിയത്. തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും വലിയ മേളത്തോടെ മുന്നേറുകയാണ്. ഇക്കൂട്ടത്തിൽ സ്ഥാനാർഥിയുടെ പേരെഴുതുമ്പോൾ വരുന്ന തെറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സജീവമാണ്.
അക്കൂട്ടത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബൽറാമിന്റെ ചിത്രവും കുറിപ്പും.ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര് പതിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.
‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ’ എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചാരണത്തിനായി പതിച്ചത്. ഇൗ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ട് ട്രോളൻമാരും ഏറ്റെടുത്തു. ‘പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.
ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ മനുഷ്യന്റെ അമ്പരപ്പിക്കുന്ന വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ വായിലാണ് അബദ്ധത്തിൽ റെയ്നർ കുടുങ്ങിയത്.
മൽസ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്നറും സംഘവും. ഇൗ മീനുകളെ ഭക്ഷണമാക്കാൻ കൂറ്റൻ തിമിംഗലങ്ങളും സമീപത്തുണ്ടായിരുന്നു. എന്നാൽ തിമിംഗലങ്ങൾ മനുഷ്യനെ ആഹാരമാക്കാറില്ല. മീനുകളെ വേട്ടയാടാൻ വായ തുറന്ന തിമിംഗലത്തിന്റെ വായിൽ റെയ്നറും കുടുങ്ങിപ്പോയി. പാതി ശരീരം തമിംഗത്തിന്റെ വായിലായതോടെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിലൂടെയാണ് ഇയാൾ കടന്നുപ്പോയത്.
ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പമുള്ള വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്കു പോകും.
അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്കു പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനിടെയിലാണ് നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടക്കുകയായിരുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം സുഹൃത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
മറ്റു ആപ്ലിക്കേഷനുകളിലെ അപ്‌ഡേറ്റുകൾക്കായി നാം കാത്തിരിക്കുന്നത് പോലെ ഗൂഗിൾ മാപ്പിലെ അപ്‌ഡേറ്റുകൾക്കായി നാമങ്ങനെ കാത്തിരിക്കാറില്ല. എന്നാൽ ഗൂഗിൾ മാപ്പിലെ പുതിയ അപ്‌ഡേറ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ടെക്ക് ലോകം. ആക്‌സിഡന്റ് റിപ്പോർട്ടിങ് ഓപ്ഷനാണ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചിരിക്കുന്നത്.
മാപ്പിൽ ‘ആഡ് എ റിപ്പോർട്ട്’ എന്ന ഓപ്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ താഴെ രണ്ട്
ഓപ്ഷനുകൾ വരും. ക്രാഷ് ആണോ സ്പീഡ് ട്രാപ്പ് ആണോ എന്ന് മാർക്ക് ചെയ്യണം. എന്നാൽ നാവിഗേഷനിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ വരികയുള്ളു. ഫീച്ചർ ഔദ്യോഗികമായി ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ വർഷം അവസാനത്തോടെ നിരവധി മാറ്റങ്ങൾ ആപ്പിൽ വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചത്. പ്ലസ് കോഡുകൾ, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങൾ, ലൊക്കേഷനുകൾ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കൾക്ക് ലഭ്യമായത്. കൂടാതെ യാത്രികർക്ക് ടൂറിസ്റ്റ്‌മേഖലകളുടെയും ഭക്ഷണശാലകളുടേയുമടക്കമുള്ള വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും പങ്കുവെക്കാനും പുതിയ പതിപ്പിലൂടെ സാധിച്ചു.
നേരത്തെ ഇംഗ്ലീഷ് മാത്രം പറഞ്ഞിരുന്ന ഗൂഗിൾ മാപ്പ് അടുത്തിടെ മലയാളവും പറഞ്ഞുതുടങ്ങിയിരുന്നു. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾക്കൊപ്പമാണ് മലയാളവും ഗൂഗിൾ മാപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ മാപ്പ് ഇരുചക്ര വാഹനയാത്രക്കാർക്കായി പ്രത്യേകം വഴി കാണിച്ചു തുടങ്ങിയിരുന്നു.
ഭാര്യക്ക് തന്നോടുള്ള സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ധ രാത്രിയില്‍ നടു റോഡില്‍ നിന്ന് മരണം ഏറ്റുവാങ്ങേണ്ടി വന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.
ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാന്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പാനും ഭാര്യ ഷ്‌വോയും തമ്മില്‍ വഴക്കുണ്ടാക്കി അര്‍ധരാത്രി തിരക്കുള്ള റോഡിനു നടുവിലൂടെ നടക്കുന്നത് കാണാന്‍ സാധിക്കും. പാനിനെ റോഡില്‍ നിന്നും മാറ്റാന്‍ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അതിന് വഴങ്ങുന്നുണ്ടായിരുന്നില്ല.
മിക്ക വാഹനങ്ങളും ഒഴിഞ്ഞുമാറി പോയെങ്കിലും വേഗത്തില്‍ വന്ന ഒരു വാഹനം പാനിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
തലക്ക് ഗുരുതരമായ പരിക്കും വാരിയെല്ലിനു പൊട്ടലും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.പാന്‍ മദ്യപിച്ചിരുന്നെന്നും , ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് മരിക്കും മുമ്പ് അയാള്‍ പറഞ്ഞുവെന്നും പോലീസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
റോഡില്‍ നിന്നും അരികിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടെന്ന് വിശ്വസിക്കാം എന്നു പറഞ്ഞായിരുന്നു തര്‍ക്കം
ചലഞ്ച് ഫോർ ചെയ്ഞ്ച് ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്.അന്താരാഷ്‌ട്ര തലത്തിലും ഈ ചലഞ്ച് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ഇതിന്റെ ലക്ഷ്യം.
മലിനമായി കിടക്കുന്ന ഒരു സ്ഥലത്തെ മലിന വിമുക്തമാക്കുക , മാറ്റം കൊണ്ട് വരിക എന്നതാണ്, ഈ ചലഞ്ച്. മാലിന്യം നിറഞ്ഞ സ്ഥലത്തെത്തി അദ്യം ഒരു ചിത്രമെടുക്കുകയും. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ചിന്റെ രീതി.
ഈ ചലഞ്ച് കേരളത്തിലും ഒട്ടേറെ യുവാക്കളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ചലഞ്ചിലൂടെ മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ തോന്നിയപോലെ വലിച്ചെറുന്ന സ്വഭാവത്തെ പരിഹസിക്കുന്നു.