കോട്ടയം – പുളളിക്കാനം കിഴക്കൻ മേഖലയിലെക്കുള്ള ആദ്യ കെഎസ്ആർടിസി. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോട്ടയം – പുളളിക്കാനം ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവ്വീസുകളിൽ ഒന്നാണ്. കല്ലും മണ്ണും നിറഞ്ഞ റോഡുകളുള്ള അക്കാലത്ത് കൃത്യമായി പറഞ്ഞാൽ 1971-ൽ ആണ് കോട്ടയം – വാഗമൺ എന്ന പേരിൽ ബസ് സർവീസിന് തുടക്കമാവുന്നത്.
ബസിന്റെ ചരിത്രത്തിലേക്ക്. അക്കാലത്ത് വാഗമൺ റൂട്ടിലോടിയിരുന്ന ‘PTMS’ എന്ന സ്വകാര്യ ബസ് ബസ് വിദ്യാർത്ഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8-30 നു വാഗമണ്ണിൽ നിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. അതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ആളുകൾ ഒരു കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തെക്ക് യാത്ര തിരിച്ചു.
അന്നത്തെ പൂഞ്ഞാർ MLA യും സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന K.M.ജോർജ് സാറിനെ കണ്ട് വിവരം ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതു കൊണ്ടുമാണ് കോട്ടയം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലെക്ക് ബസ് ആരംഭിച്ചത്.(പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ അന്ന് നിലവിലില്ല).
പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് അന്ന് വഴി നീളെ ഒരുക്കിയിരുന്നത്. തോരണങ്ങളും പുഷ്പവൃഷ്ടിയുമായി നാട്ടുകാർ ബസിനെ വരവേറ്റു. പുള്ളിക്കാനം എസ്റേററ്റ് തൊഴിലാളികളുടെ സൗകര്യാർത്ഥം ബസ് പിന്നീട് പുള്ളിക്കാനത്തെക്ക് നീട്ടുകയാണുണ്ടായത്. സർവീസ് നിന്നു പോവാതിരിക്കാനായി യാത്ര ചെയ്യാതെ വഴിവക്കിൽ നിന്നും വരെ ആളുകൾ വെറുതെ ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു എന്നു പഴമക്കാർ പറയുന്നു.
47 വർഷമായി ഓടുന്ന ഈ ബസ് സർവീസ് അന്നും ഇന്നും ‘പത്രവണ്ടി’ എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്ന് രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലെക്കുള്ള പത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ (Mail) കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെക്ക് എത്തിക്കുന്നതും പുളളിക്കാനം ബസ് തന്നെ. പിന്നീട് പാലാ ഡിപ്പോയും ഇപ്പോൾ ഈരാറ്റുപേട്ട ഡിപ്പോയുമാണ് ഏറ്റവും പഴക്കം ചെന്ന ഈ ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.
അക്കാലത്ത് ഈ ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കുടുംബാംഗങ്ങളെ പോലായിരുന്നു. കുശലം പറഞ്ഞ്, സൗഹൃദം പുതുക്കിയുള്ള ആ യാത്രകൾ ഒരു അനുഭവം തന്നെ ആയിരുന്നു എന്നും പറയപ്പെടുന്നു. കിഴക്കൻ മേഖലകളിലെ യാത്രക്കാരുടെ ഏറ്റവും പഴക്കം ചെന്ന ബസ് സർവീസ് അങ്ങനെ 47 വർഷം പൂർത്തിയാക്കുകയാണ്.
കടപ്പാട് – റാഷി നൂറുദ്ദീൻ.
യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.
റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.
തിരൂര്‍: സോഷ്യല്‍ മീഡിയയിലെ ഏറെ വിമര്‍ശത്തിനിടയാക്കിയ ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ചിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ചലഞ്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് കോളജിലെ വിദ്യാര്‍ഥികള്‍ ചലഞ്ച് ഏറ്റെടുത്ത് റോഡില്‍ പാട്ടിന് ചുവട് വെച്ചത്. എന്നാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്നാല്‍ പിന്നീട് നാട്ടുകാര്‍ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ നാട്ടിലുള്ള സുഹൃത്തുക്കളുമായി വീണ്ടുമെത്തി ഇവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
റോഡില്‍ വാഹനങ്ങള്‍ക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേര്‍ ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്.
2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. 15 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ലഘു വിഡിയോകള്‍ രസകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തമാശയുടെ പരിധിവിട്ട് സാഹസികതയിലേക്ക് ചിലര്‍ നീങ്ങുന്നതാണ് അപകടകരമാകുന്നത്.
എവിടെയെങ്കിലും വിഡിയോ ചിത്രീകരണത്തിന് വഴിതടയുന്ന സംഭവങ്ങളുണ്ടായതായി പരാതി കിട്ടുകയോ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
അന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗ്ഗക്കാരും വാർത്തകളിലിടം നേടിയിട്ട് കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെൽസ്.
ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാൽ 1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവെച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു.
സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ.ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട് മധുമാല.
ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറുവർഷം അൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അൻഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.
അൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.
ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കെയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു.
കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.
ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്ക് ധൈര്യം നൽകിയത്.
അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി. അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി.
അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു തീരുമാനം.
മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരെത്തിയത്. പത്ത് വർഷമായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.
‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഇൗ സങ്കടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഇൗ തുക.
ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കിയത്. മഞ്ജുവാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഒാൾഡ് ആർയുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു.
ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒാപ്പറേഷനു വേണ്ട തുക കണ്ടെത്താൻ തനിക്കാവില്ലെന്നാണ് അവർ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. വിഡിയോ കാണാം.
ഫോൺ നമ്പർ 9567621177
കല്ല്യാണവേഷത്തിൽ വരനെ എന്തിനാണ് ഇത്ര ക്രൂരമായി മർദിക്കുന്നതെന്ന് ആർക്കും തോന്നാം. എന്നാൽ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞപ്പോൾ സോഷ്യൽ ലോകത്തെ പ്രതികരണം.
മുൻപ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ കല്ല്യാണത്തിന് തയാറായത്. കല്ല്യാണ ദിവസം മണ്ഡപത്തിലേക്ക് ആദ്യ ഭാര്യയും ബന്ധുക്കളും എത്തിയതോടെയാണ് വരന്റെ കള്ളത്തരം പുറത്തായത്. വരന്‍ നേരത്തെ ഒരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ ശരിക്കും തല്ലിച്ചതച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളും മണ്ഡപത്തിലെത്തിയത്. എന്നാൽ ഇത് ആദ്യം വരൻ നിഷേധിച്ചു. നവവധുവിന്റെ ബന്ധുക്കളും വരനൊപ്പം ഉറച്ചുനിന്നു. എന്നാല്‍ 2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നതിന്റെയും വിവാഹം കഴിച്ചതിന്റെയും തെളിവുകളും യുവതി നിരത്തിയതോടെ വരന്റെ കള്ളത്തരം വെളിച്ചത്തായി. ഇക്കാര്യം വരന്റെ വീട്ടുകാർക്കും അറിയില്ലായിരുന്നു.
ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വധുവിന്റെ കുടുംബം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പോലീസ് സ്‌റ്റേഷനില്‍ വച്ചുതന്നെ വരന്റെ കുടുംബം കൈമാറി. ബാക്കി തുക ഉടൻ തന്നെ നൽകാമെന്ന ഉറപ്പും നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ ചത്തൊടുങ്ങുന്നു. സ്റ്റുവര്‍ട്ട് ദ്വീപിന്റെ സമുദ്രതീരത്ത് 145 തിമിംഗലങ്ങളാണ് കൂട്ടത്തോടെ അടിഞ്ഞത്. ഇവയില്‍ പകുതിയിലധികം തിമിംഗലങ്ങള്‍ക്കും ജീവനുണ്ടായിരുന്നു. അതിനാല്‍ കടലിലേക്ക് തന്നെ തിരിച്ചിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവ ചാകുകയായിരുന്നു.
ദ്വീപിന്റെ തീരത്ത് തിമിംഗലങ്ങള്‍ അടിഞ്ഞ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
രോഗബാധ, സഞ്ചരിക്കുന്ന ദിശ മാറിപ്പോകുക, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍, അപ്രതീക്ഷിത വേലിയേറ്റങ്ങള്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനുളള പലായനം എന്നിവയെല്ലാം തിമിംഗലങ്ങള്‍ കരയിലെത്താന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറെ ദുഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറഞ്ഞു. ശരീരത്തിന്റെ പകുതിയിലധികവും മണലിലുറച്ച നിലയിലായിരുന്നു. ഒരു ദിവസത്തിലധികം ആ നിലയില്‍ കുടുങ്ങിക്കിടന്നു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പന്‍സ് പറഞ്ഞു.
ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു- ലെപ്പന്‍സ് പറഞ്ഞു.
വര്‍ഷത്തില്‍ 80തിലധികം തിമിംഗലങ്ങള്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികം ചാകുന്നത് ആദ്യമായാണ്.
‘ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും..’ സോഷ്യൽ ലോകം താരമാക്കുകയും തൊട്ടുപിന്നാലെ സൈബർ ആക്രമണവും നേരിടേണ്ടി വന്ന ഹനാൻ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഇന്നലെ സോഷ്യൽ ലോകത്ത് പ്രചരിച്ച ഒരു വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് ഹനാന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിഡിയോയും. ഹനാന്‍ സ്റ്റാർ ഹോട്ടലിരുന്ന് ഹുക്ക വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. അനുവാദമില്ലാതെ വിഡിയോ പകർത്തിയതിനും ചിത്രമെടുത്തതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഹനാൻ വിഡിയോയിൽ വ്യക്തമാക്കുന്നു.
‘മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുക്കയേ കുറിച്ചറിയാൻ ഒരു കൗതുകം തോന്നി’. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഹുക്ക വലിച്ചതെന്നും ഹനാൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..
പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുകയേ കുറിചറിയാൻ ഒരു കൗതുകം തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം. കൂടാതെ പലരും അവിടേ ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ ചിലര്‍ക്ക് എന്റെ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍കമിഴ്ത്തും.
‘അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ എന്തിനാണ് ചേട്ടാ….അലമാരയില്‍ അടുക്കി വയ്ക്കാനാണോ?’ സോഷ്യല്‍ മീഡിയയില്‍ ആരോ അലസമായി കുറിച്ചിട്ട വാക്കുകളാണ്. കേള്‍ക്കുമ്പോള്‍ സംഗതി സിമ്പിളായി തോന്നും. പക്ഷേ പെണ്ണിനെ ‘വെറുംപെണ്ണായി’ കാണുന്ന ലോകത്ത് പ്രസക്തമാണ് മേല്‍ പരാമര്‍ശിച്ച ചോദ്യം.
സ്വാതന്ത്ര്യം അത് ആണിനു മാത്രം അവകാശപ്പെട്ടതാണെന്നാണ് പലരുടേയും പൊതുബോധം. കല്യാണമെന്നാല്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ കുഴിച്ചു മൂടാനുള്ള ചുടലപ്പറമ്പാണെന്നാണ് പല ആണ്‍മേലാളന്‍മാരുടേയും ധാരണ.
സ്ത്രീ സമത്വവും സ്വാതന്ത്ര്യവും വെറും സൈബര്‍ ചുമരെഴുത്തോ കവല പ്രസംഗമോ ആയി മാറുന്ന ഈ സമൂഹത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടുന്ന സംഗതികള്‍ ഏറെയുണ്ട്. സ്വപ്നങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടവരായി, ഇഷ്ടങ്ങള്‍ പാതിവഴിക്കാക്കി മറ്റൊരുവന്റെ കൈപിടിക്കേണ്ടുന്നവളാണോ പെണ്ണ്. മറ്റുള്ളവര്‍ കീ കൊടുക്കുന്നതിനനുസരിച്ച് പാവ പോലെ തുള്ളേണ്ടവളാണോ പുതിയ കാലത്തെ പെണ്ണ്? ആണ്‍ മേല്‍ക്കോയ്മയുടെ ലോകത്ത് പെണ്ണിന്റെ നിലനില്‍പ്പ് എന്തെന്ന് അടിവരയിട്ടു പറയുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയുമായ ഷിനു ശ്യാമളന്‍.
സ്വത്വബോധമുള്ള, സ്വപ്നങ്ങളുള്ള പെണ്ണ് കല്യാണത്തിന് ചില സംഗതികള്‍ ഓര്‍ത്തു വയ്ക്കണമെന്ന് പറയുകയാണ് ഷിനു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷിനുവിന്റെ തുറന്നെഴുത്ത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..
കല്യാണം കഴിക്കുന്നതിന് മുന്‍പ് കുറെ കാര്യങ്ങള്‍ ചെയ്യണം പെണ്ണുങ്ങളെ?. ഇല്ലെങ്കില്‍ കല്യാണം കഴിഞ്ഞാല്‍ ഉടനെ നിങ്ങളെക്കാളും മുന്‍പേ നിങ്ങള്‍ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാര്‍ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാന്‍ കൂടി അവര്‍ സമ്മയ്ക്കില്ല?. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തിന് മുന്‍പ് മിനിമം കുറച്ചു കാര്യങ്ങള്‍ പഠിക്കുക. ഇല്ലെങ്കില്‍ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ പറ്റില്ലലോ.അല്ല, ഈ ജ്യോല്‍സ്യന്മാര്‍ക്ക് ഇത് പ്രവചിക്കാന്‍ പറ്റുമോ? ഇല്ല അല്ലേ ?.
1. സ്വന്തമായി നാല് കാശു ഉണ്ടാക്കാന്‍ ഒരു ജോലി. ഇല്ലെങ്കില്‍ ഒരു അണ്ടര്‍ വെയര്‍ വാങ്ങാന്‍ കെട്ടിയോന്റെ മുന്നില്‍ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടില്‍ എല്ലാ മാസവും ശമ്പളം വരുമെങ്കില്‍ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ അവശ്യങ്ങള്‍ക്കും ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആര്‍ക്കറിയാം. നാളെ നിങ്ങള്‍ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോള്‍ ആദ്യം സ്വന്തമായി ഒരു ജോലി?. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കില്‍ 18 തികഞ്ഞാല്‍ ഉടനെ ആരുടെയെങ്കിലും മുന്നില്‍ പോയി തലകുനിച്ചു നില്‍ക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..?
2. വണ്ടിയോടിക്കുവാന്‍ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മള്‍ പെണ്ണുങ്ങള്‍ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയില്‍ സംസാരമുണ്ട്. അതില്‍ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മള്‍ സ്ത്രീകള്‍ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടില്‍ ഒരുപറ്റം സ്‌നേഹനിധികള്‍ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളത് കൊണ്ടാണല്ലോ നമ്മള്‍ 40 പോകുന്നത്??. നമ്മള്‍ പെണ്ണുങ്ങള്‍ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡില്‍ വന്നിടിച്ചാല്‍ എന്ത് ചെയ്യാനാണ്?. അതുകൊണ്ട് കഴിവതും കാര്‍ കൂടെ ഓടിക്കാന്‍ പഠിക്കണം. ലൈസന്‍സ് എടുക്കണം. കല്യാണം കഴിഞ്ഞു ‘ ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാര്‍ലറില്‍ വിടുമോ?’ എന്നു ചോദിക്കുന്നതിന് പകരം ‘ ചേട്ടാ, ഞാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് വരാം’ എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോള്‍ എന്താ ഒരു സന്തോഷം. ഇന്‍ഡിപെന്‍ഡണ്ട് സ്ത്രീയാവണം ?.
3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാന്‍ ഉള്ളത് അറിഞ്ഞാല്‍ മതി. ബാക്കി വേണേല്‍ കെട്ടിയൊന്‍ കൂടെ നിങ്ങളുടെ കൂടെ ചേര്‍ന്നു ഉണ്ടാക്കും. അല്ല പിന്നെ?.
4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികള്‍ വീട്ടില്‍ ചോദിച്ചാല്‍ ‘ പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,..’ പെണ്മക്കള്‍ ചോദിച്ചാല്‍ ‘ അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങള്‍ എല്ലാം കൂടെ കറങ്ങാന്‍ പോകുന്നു’? എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേര്‍ന്നൊരു യാത്ര പോകുക.?
5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്ഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റില്‍ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവള്‍ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് ‘സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാന്‍’ പറഞ്ഞേക്കണം. അത്ര തന്നെ.
6.വിവാഹശേഷവും ജോലിയ്ക്ക് പോകുക. ജോലിയ്ക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളര്‍ത്താന്‍ ബ്രോയിലര്‍ കോഴിയല്ല സ്ത്രീകള്‍. ജോലിയ്ക്ക് പോകണം. ഇല്ലെങ്കില്‍ ടി.വി യിലെ സീരിയല്‍ മുഴുവന്‍ കണ്ട് ഭ്രാന്ത് പിടിക്കും?. ജോലിയ്ക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും കുറച്ചു നേരം മാറി നില്‍ക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാര്‍. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.
7.നീന്തല്‍, ഡാന്‍സ്, കരാട്ടെ ഇവയില്‍ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മര്‍മ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം?. പിന്നെ അവന്‍ മൂത്രമൊഴിക്കരുത്??
8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശില്‍പ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കില്‍ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരല്‍പ്പം കൂടുതല്‍ കഴിച്ചാല്‍ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാല്‍ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാന്‍ 14 കിലോ കുറച്ചിലെ മാസങ്ങള്‍ കൊണ്ട്?.
9.എന്തിനും ഏതിനും ഭര്‍ത്താവ് പറയുന്നത് മാത്രമേ കേള്‍ക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയില്‍ മതി. ജീവിതത്തില്‍ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങള്‍ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.
വിവാഹത്തിന് മുന്‍പ് സാധിച്ചില്ലെങ്കില്‍ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോള്‍ ഭര്‍ത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. ‘നിന്റെ ഭാര്യ എവിടെ പോയി?’ ‘അവള്‍ ‘കരാട്ടെ’ പഠിക്കാന്‍ പോയി’ എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ കേള്‍ക്കുന്ന നാട്ടുകാര്‍ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുന്‍പ് അവര്‍ ഒന്നൂടെ ചിന്തിക്കും?. ബ്ലാക്ക് ബെല്‍റ്റോക്കെ മുറ്റത്ത് നാട്ടുകാര്‍ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ ?പെണ്ണുങ്ങളോടാ കളി?.
ഡോ. ഷിനു ശ്യാമളന്‍
ബാങ്കോക്ക്: കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്‌നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്‌നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്.
ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്‌നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. തറയും ചുവരുമെല്ലാം ചില്ലുകൊണ്ട് തീര്‍ത്തതാണ്. തറയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ബാങ്കോക്ക് നഗരം കാണാം.
തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഫാബ്രിക് ചെരിപ്പുകള്‍ ധരിച്ചുവേണം ഇങ്ങോട്ട് കയറാന്‍. എങ്കിലും അത്യാവശ്യം ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഈ കാഴ്ച കാണാന്‍ വരാവൂ എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച എല്ലാവര്‍ക്കും ‘രസം’ പകരണമെന്നില്ലെന്നും ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെട്ടേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മൂന്നേ മൂന്ന് ദിവസമായിട്ടേയുള്ളൂ, ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ട്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങള്‍ വന്നുതുടങ്ങിക്കഴിഞ്ഞു.