അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.
മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
പ്രളയ ശേഷം കേരളത്തിൽ ഒരേ സമയം പേടിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒട്ടേറെ വികൃതികൾ നമ്മൾ പ്രകൃതിൽ പലതരത്തിൽ മാറ്റങ്ങൾ കാണുന്നുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്ത് ഉറുമ്പുകൾ ചത്ത് വീഴുന്നതും, മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്ത് പടിയിലെ ഒരേക്കര്‍ പറമ്പ് നാലു മീറ്ററോളം താഴ്ന്ന് പോയതുമൊക്കെ ആശങ്ക സൃഷ്ടിക്കുന്ന വാർത്തകൾ തന്നെയാണ്.
ഇതിനിടയിൽ കടലിന്റെ ഒരു വശം പിളർന്ന് പുതിയ പാത രൂപപ്പെട്ടെന്ന് കേട്ടാലോ? ഇതൊക്കെ പിള്ളേർ വാട്സ്സാപ്പിലും ഫേസ് ബുക്കിലും ഒക്കെ വെറുതെ തട്ടിവിടുന്നത് എന്നായിരിക്കും ആദ്യം കേൾക്കുമ്പോള്‍ ഓർമ്മിക്കുക. എന്നാൽ സംഗതി സത്യമാണെന്ന് അറിയുമ്പോഴോ? അതും നമ്മുടെ നാട്ടിൽ!!! കാര്യം ശരിയാണ്. കടലിന്റെ ഒരു വശം പിളർന്ന് ഒരു പുതിയ പാത തന്നെ രൂപപ്പെട്ടിരിക്കുയാണ്.
മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് സമീപമുള്ള ഫിഷിങ് ഹാർബറിനോട് ചേർന്നുള്ള കടലിലാണ് ഈ സംഭവം നടക്കുന്നത്. വളരെ വിചിത്രമായ ഒരു പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കടലിന്റെ ഒരു വശം രണ്ടായി പിളർന്ന് ഒരു വഴി തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തു നിന്നും തിരമാലകൾ ഇവിടെ വന്നെത്തി കൂട്ടിമുട്ടി തിരികെ പിൻവാങ്ങുന്ന കാഴ്ച ഇവിടെ കാണാനാവും. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളമാണ് കടൽ രണ്ടായി പിളർന്നിരിക്കുന്നത്.
ആ വാർത്ത കേട്ടറിഞ്ഞ് ഒട്ടേറെ ആളുകളാണ് ഈ പ്രതിഭാസം കാണാനായി എത്തുന്നത്. എന്നാൽ എപ്പോൾ വേണമെങ്കിലും ഈ സ്ഥലം കടലെടുക്കാം എന്നുള്ളതുകൊണ്ട് അധികം ദൂരത്തേയ്ക്ക് ആരും പോകാറില്ല.
പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.
‘കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’ എന്നെല്ലാം ആദ്യം തന്നെ കളക്ടര്‍ പറഞ്ഞു. കിറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കളക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.
നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കളക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളക്ടര്‍ ചോദിച്ചു.
ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയുണ്ടായിരുന്നു.
കടപ്പാട്: Tech Travel Eat by Sujith Bhakthan
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നാണ് പ്യൂ റിസേര്‍ച്ച് സെന്‍ററിന്‍റെ (Pew Research Center) റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. 26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ ഈ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് കമ്പനി. അതോടൊപ്പം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഫെയ്‌സ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും കമ്പനിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. എന്തൊക്കെയായാലും നിലവില്‍ വലിയ പരീക്ഷഘട്ടത്തിലൂടെയാണ് ഫെയ്‌സ്ബുക്കിന്റെ പ്രയാസമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് നടന്‍ ജയറാം ഓടിച്ച ഒരു ജീപ്പ് അപകടത്തില്‍ പെട്ടു എന്നത്. വീഡിയോയിലെ വാഹനത്തില്‍ ഇരിക്കുന്ന വ്യക്തിയ്ക്ക് ജയറാമിനോട് സാമ്യമുള്ളതാണ് ജയറാമാണ് അപകടത്തില്‍ പെട്ടത് എന്ന് പ്രചരിക്കാന്‍ കാരണം. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ജയറാം.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആ ജീപ്പിലുണ്ടായിരുന്നത് താനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ ഇക്കാര്യം അന്വേഷിച്ച് വിളിക്കുന്നവരോട് മറുപടി പറഞ്ഞ് മടുത്തെന്നും അതുകൊണ്ടാണ് വീഡിയോ ചെയ്തതെന്നും സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജയറാം പറഞ്ഞു. വീഡിയോയിലുള്ളത് ആരായിരുന്നാലും ആര്‍ക്കും അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/JayaramActor/videos/1903069619988574/
സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോൾ ഏറ്റുവാങ്ങിയത് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസും സൂരജും ആണ്. 1524 എപ്പിസോഡുകള് സംപ്രേഷണം ചെയ്ത സീരിയല് അപ്രതീക്ഷിതമായി അവസാനിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള് ഇവയില് പല ട്രോളുകളും കൈവിട്ടുപോവുന്ന സ്ഥിതിയാണ്.
എന്നാല്‍ ട്രോളുകള് കൈവിട്ടു പോയപ്പോള് സീരിയല് ഐപിഎസ് ഓഫിസറുടെ മരണം യഥാര്ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരന്ത്യേക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാര്ത്ഥ ജീവിതത്തില് സംഭവിച്ചതാണെന്ന് വിശ്വസിച്ച് സര്ക്കാരിനെതിരെ വിമര്ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്ത്താവും ജിഹാദികളുടെ ബോബ് സ്ഫോടനത്തില് മരിച്ചുവെന്നും ഇവിടത്തെ സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ട്രോളാണ് ഉത്തരേന്ത്യക്കാര് സീരിയസ് ആയി ഷെയര് ചെയ്യുന്നത്.
പരസ്പരം സീരിയലിലൂടെ ജനങ്ങള് നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല് സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം സംപ്രേക്ഷണം ചെയ്തത്.
യൂസഫലി കേച്ചേരിയുടെ വരികള്ക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്. ചിത്രയും യേശുദാസും മാര്ക്കോസും ഈ പാട്ട് പാടിയിട്ടുണ്ട്. ആരു പാടിയാലും ആത്മീയാനുഭൂതി തരുന്ന പാട്ട്. ഫൈവ് സ്റ്റാര് ഹോസ്പിറ്റലെന്ന ചിത്രം ഒരുപാട് നല്ല പാട്ടുകളുള്ള ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ മലയാളത്തിന് സുന്ദരമായ ഒരു ക്രിസ്മസ് ഗീതവും കിട്ടി. കരുണാര്ദ്രമായ ഒരു ഗാനമാണിത്. ആയിരം മെഴുകുതിരി വെട്ടത്തില് തിളങ്ങുന്ന പള്ളിക്കുള്ളില് നിന്ന് തിരുരൂപത്തെ നോക്കി നിറകണ്ണുകളോടെ ആരോ നിന്നു പാടുന്ന ചിത്രം മനസിലേക്ക് തരുന്ന ഗാനം. കടലിന്നു മീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിത വഴികളിലേക്ക് കേഴ്വിക്കാരനെ നയിക്കുന്ന പാട്ട്. മരണസമയത്ത് മെയ് തളര്ന്ന് കിടക്കുമ്പോള് അരികില് വരണമെന്ന് പറഞ്ഞ് ആ വിശുദ്ധ ജന്മത്തോട് പച്ചയായ മനുഷ്യര് എത്രത്തോളം ചേര്ന്ന് നില്ക്കുന്നുവെന്ന് പറയുന്ന പാട്ട്. മറ്റുള്ളവരുടെ പാപങ്ങള്ക്ക് വേണ്ടി കുരിശിലേറിയ ഈശോയോട് വേദന നിറഞ്ഞ സ്വരത്തില് ഭക്തിമാത്രം തുളുമ്പുന്ന ഒരു മനസ്, ഉള്ളം തുറന്നു പാടിയ ഈ പാട്ട് കാലാതീതം തന്നെയാണ്.
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളായി ഒരു ‘സ്നേഹ സ്വരൂപന്റെ’ മധുര സ്വരത്തിനു പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ കുടിലിന്റെ ഓരത്ത് കുഞ്ഞിത്തോര്ത്തുമുടുത്ത് നിന്ന് അവന് മധുര സ്വരം പൊഴിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന ആ ശബ്ദ സൗകുമാര്യത്തിനു മുന്നില്‍ മലയാളക്കര കണ്ണു നട്ടിരുന്ന നിമിഷങ്ങളായിരുന്നു പിന്നെ കടന്നു പോയത്. ‘വാതില് തുറക്കൂ നീ കാലമേ, കണ്ടോട്ടെ സ്നേഹ സ്വരൂപനേ’…അവന് മധുര സ്വരം മീട്ടുകയാണ്. കാതുകളില്‍ നിന്നും ഹൃദയങ്ങളിലേക്ക് അവന്റെ ശബ്ദം പ്രവഹിച്ചതോടെ പിന്നെ അതാരാണെന്നറിയാനുള്ള ശ്രമമായി. ലൈക്കുകളും ഷെയറുകളും കൊണ്ട് ആ ‘കുഞ്ഞിക്കലാകാരനെ’ ഏവരും വാനോളം ഉയര്ത്തി. ഇപ്പോഴിതാ തിരശ്ശീലയുടെ മറ നീക്കി ആ മധുര സ്വരം പുറത്തു വന്നിരിക്കുകയാണ്. ഒരു രാപ്പകല് നീണ്ട അന്വേഷണത്തിനൊടുവില് പ്രശസ്തനാക്കിയ അതേ സോഷ്യല്‍ മീഡിയ തന്നെ അവനെ കണ്ടെത്തി.
കാസര്കോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് ആണ് ആ ഗായകന്. ചെമ്പഞ്ചേരി എഎല്പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്ഥി ആ പാട്ട് വൈശാഖിന് വെറുമൊരു നേരമ്പോക്കല്ലെന്ന് അച്ഛന് രാഘവന് പറയുന്നു. ദൈവത്തോടുള്ള അവന്റെ പ്രാര്ത്ഥനയാണ് ആ വരികള് നിറയെ. ജന്മനാ ഇരു കണ്ണിനും കാഴ്ചയില്ല. ഗര്ഭാവസ്ഥയില് അമ്മയ്ക്കുണ്ടായ പ്രമേഹമാണ് വൈശാഖിന്റെ കണ്ണുകളെ ബാധിച്ചതെന്നും രാഘവന് പറഞ്ഞു. ആറു വയസ്സിനുള്ളില് വൈശാഖിന്റെ കണ്ണുകള്ക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. ഇപ്പോള്‍ വലതുകണ്ണിനു ചെറിയ കാഴ്ചയുണ്ടെന്നും രാഘവന് പറഞ്ഞു.
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില്‍ വൈശാഖിനു ചികില്സ തുടരുകയാണ്. സെപ്റ്റംബര് 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും. കാസര്കോട്ടെ ഒരു ഹോട്ടലില് ജീവനക്കാനാണ് വൈശാഖിന്റെ അച്ഛന് രാഘവന്. അമ്മ ബിന്ദു വീട്ടമ്മയാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്കു ചെറിയ പ്രശ്നമുണ്ട്. രാഘവനു ഹോട്ടലില്നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നല്ല ചികിത്സ കൊടുത്താല് ഒരു പക്ഷേ വൈശാഖിന് കാഴ്ച തിരിച്ചു കിട്ടിയേക്കാം. വൈശാഖിനെ ഹൃദയത്തിലേറ്റു വാങ്ങിയ സുമനസുകള് അവന്റെ കണ്ണില് വെളിച്ചമെത്തിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാഘവന്.
[ot-video][/ot-video]
ഒരു ജീവന് രക്ഷിക്കാന് കെഎസ്ആര്ഡിസി അല്പ്പനേരത്തേക്ക് ആംബുലന്സായി. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര് ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്നമ്മ (74) ആണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന് തന്നെ ഡ്രൈവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്നമ്മയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മങ്കൊമ്പില് നിന്ന് ബസില്‍ കയറിയതു മുതല്‍ രത്നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. തുടര്ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള് രത്നമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന് വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന് കണ്ടക്ടര് കെ. മായ നിര്ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും ഇതിനെ അനുകൂലിച്ചു. തുടര്ന്ന് പരമാവധി വേഗം ഡ്രൈവര്‍ സുനില് കുമാര് ബസ് ജനറല് ആശുപത്രിയില്‍ എത്തിച്ചു.
തുടര്ന്ന് സുനില് കുമാറും മറ്റ് യാത്രക്കാരും ചേര്ന്ന് രത്നമ്മയെ ബസില്‍ നിന്നറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന് രക്ഷിക്കാന് മനസുകാണിച്ച ജീവനക്കാര്ക്കും യാത്രക്കാര്ക്കും അഭിന്ദന പ്രവാഹമാണ്.
നൃത്തച്ചുവടുകളുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കൽക്കൂടി നൃത്തം ചെയ്ത് കാണികളെ അമ്പരിപ്പിച്ചത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്.
ക്യാംപസിലെത്തിയ തെരേസ ‘പ്ലാസ്റ്റിക് ചലഞ്ചി’നും തുടക്കമിട്ടു. അതിനുശേഷം അവിടെനിന്നും പോകാനൊരുങ്ങുമ്പോഴാണ് വോളന്രിയർമാരായ വിദ്യാർത്ഥികൾ നൃത്തം ചെയ്തത്. തെരേസ മേയും അവർക്കൊപ്പം കൂടി നൃത്തം ചെയ്തു. എന്നാൽ തെരേസ മേയുടെ നൃത്തച്ചുവടുകൾ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ സ്കൂളിൽ എത്തിയപ്പോഴും തെരേസ മേ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡാൻസും ഭാവപ്രകടനവും ട്രോളുകളായും മെം ആയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.
കേരളത്തില് എത്തിയ കോണ്ഗ്രസ് അദ്ധ്യക്ഷന് രാഹുല് ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില് രാഹുല് ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.
വന്‍ സുരക്ഷയിലാണ് രാഹുല് ഗാന്ധി എർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള് രാഹുല് ഗാന്ധിക്ക് സാധരണഗതിയിൽ കാണാറുള്ള സുരക്ഷഭടന്മാർ ഉണ്ടായിരുന്നില്ല.
പ്രളയബാധിത യാത്രയ്ക്കിടെ രാഹുല് ഗാന്ധി പ്രവര്ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡരികില് രാഹുലിനെ അഭിവാദ്യം ചെയ്യാന് കാത്തിരുന്ന കോൺഗ്രസ് പ്രവര്ത്തകര്ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില് പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല് യാത്ര ചെയ്ത വാഹനം നിര്ത്തി. ഉടന് തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്ക്കുന്ന പ്രവര്ത്തകരെ വിഡിയോയില് കാണാന് കഴിയും.
റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര് അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര് ക്രിസ്ത്യന് കോളേജില് എത്തിയ രാഹുല് ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില് ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള് അവരില് നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്ന്ന് അദ്ദേഹം ചെങ്ങന്നൂര് എന്ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.
എയര് ആംബുലന്സിനായി തന്റെ യാത്ര അല്പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി.