Social Media

ഇന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണ് വധൂവരന്മാര്‍ പരസ്പരം മാലയണിയിക്കുന്നത്. മാലയണിയിക്കുമ്പോൾ ഇരുവരെയും എടുത്തുയർത്തുന്ന പതിവും ചിലയിടങ്ങളിലുണ്ട്. അത്തരമൊരു ചടങ്ങിൻറെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

മാലയണിയിക്കുന്ന ചടങ്ങിനിടെ വധൂവരന്മാരെ എടുത്തുയർന്ന ചടങ്ങ്. വരനെ എടുത്തുയർത്തിയത് സുഹൃത്ത്. പിന്നാലെ മധ്യവയസ്കനായ ഒരാൾ വധുവിനെയും എടുത്തുയർത്തി. മാലയണിയിച്ച് താഴെയിറങ്ങിയ ഉടൻ യുവതി മധ്യവയസ്കൻറെ കരണത്തടിച്ചു. ഇയാൾ വധുവിൻറെ ബന്ധുവാകാനാണ് സാധ്യത.

കരണത്ത് അടി കിട്ടിയതോടെ പകച്ചുപോയ ഇയാൾ വേദിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ മുഖത്തടിച്ച് ഇറങ്ങിപ്പോയി. ഇതിനെല്ലാം സാക്ഷിയായി പകച്ചുനിൽക്കുന്ന വരനെയും ദൃശ്യങ്ങളിൽ കാണാം.

 

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രൂപേഷ് പീതാംബരന്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശിച്ചു കൊണ്ടാണ് രൂപേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ പൊരുതുകയെന്ന് സംവിധായകന്‍ ചോദിക്കുന്നു. ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത് തന്റെ അമ്മയെയും പെങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും രൂപേഷ് പറഞ്ഞു.

രൂപേഷിന്റെ പോസ്റ്റ്

താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ!

എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

I was away from Facebook for sometime because, I lost interest in it! Today I logged back in b’cos I thought this was…

അമ്മയില്‍ നിന്നും നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതു ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേശ്കുമാര്‍ എന്നിവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്ന് നടന്‍ ജോയ്മാത്യു. ഫേസ്ബുക്കിലെ കളികള്‍ അവസാനിപ്പിച്ച് സ്വന്തം കളത്തില്‍ കളി തുടങ്ങിയ ജോയ്മാത്യൂ ഇന്റര്‍നെറ്റിലെ സ്വന്തം പേജിലെ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് വന്നതോടെ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലയില്‍ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ്, പാര്‍ട്ടി സഖാക്കളായ എംഎ ബേബി, ധനകാര്യമന്ത്രി തോമസ് ഐസക്, കാനം, തുടങ്ങിയവര്‍ രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കെ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എംപി ഇന്നസെന്റും എംഎല്‍എമാരായ മുകേഷും ഗണേഷും എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാനാണ് താന്‍ നോക്കിയിരിക്കുന്നതെന്നു ജോയ്മാത്യു പറഞ്ഞു.

താന്‍ കൂടി തൊഴിലെടുക്കുന്ന അമ്മയില്‍ മുതലാളിമാര്‍ മുതല്‍ ക്‌ളാസ്‌ഫോര്‍ ജീവനക്കാരന്‍ വരെയുണ്ട്. താന്‍ ക്‌ളാസ്സ്‌ഫോര്‍ ജീവനക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി, രാഷ്ട്രീയപാര്‍ട്ടികള്‍ മുതല്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് പുറത്ത് പോകാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു.

അമ്മയിലെ നാലു അംഗങ്ങള്‍ രാജിവെച്ചതിന്റെ പേരില്‍ തന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ച പ്രതികരണത്തോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും ജോയ്മാത്യു പറഞ്ഞു. ‘ദാ ഇപ്പോ ശരിയാക്കിത്തരാം’ എന്നത് കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാമെങ്കിലും നമ്മളെ അത് വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോഴാണെന്നും ജോയ്മാത്യു പരിഹസിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരുമായി നിരന്തരം സംവദിച്ചിരുന്ന ജോയ് മാത്യു അത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പകരം ജോയ് മാത്യു ഡോട്ട് കോം എന്ന സ്വന്തം പേജിലൂടെയായിരിക്കും ഇനി സംവദിക്കലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി ഫേസ്ബുക്കിലായിരുന്നു സംവാദങ്ങള്‍. ഇപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി തന്റേതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താന്‍ അവിടെ കാണുമെന്നും ജോയ്മാത്യു പറയുന്നു.

അര്‍ജന്റീന ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.

അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്‍ക്കാന്‍ കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്‌ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്‍ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രീകണ്ഠപുരം(കണ്ണൂര്‍): മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നുവെന്ന കുറിപ്പില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. വീട്ടില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്നതാണ് പ്രചരിച്ച ചിത്രം. സംസ്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റിരുന്നുവെന്നും സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരും വൈദികനും ഉള്‍പ്പെടെ ഭയന്ന് ഓടി എന്നുമാണ് ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത്.

വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലഭാഗങ്ങളില്‍ നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിവരം തേടി ഫോണ്‍ വിളികളുടെ പ്രവാഹമായി. എന്നാല്‍ ബിജു മേനോന്‍ നായകനായി സൂപ്പര്‍ഹിറ്റായി ഓടിയ വെള്ളിമൂങ്ങ എന്ന സിനിമയില്‍ ഒരു ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് വ്യാജവിവരങ്ങളോടെ പ്രചരിച്ചത്. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശത്തെ സംഘടനകള്‍.

 

മുംബൈ ധാരാവിയിൽ അശ്രദ്ധമായി വണ്ടി ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും റോഡരുകിൽ നിന്ന ആളുകളെയും ഇടിച്ചു തെറിപ്പിച്ച പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവിയിലെ ട്രാഫിക് ഐലന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സിഗ്നലിൽ ഉണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് വാഹനം കടന്നു പോയത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ 19 നാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിലേയ്ക്ക് ഇടിച്ചു കയറി. ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച കാർ എതിർവശത്തുണ്ടായിരുന്ന കാറിലും ഇടിച്ചു. സംഭവം നടന്ന ഉടനെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരിഭ്രാന്തരായി ജനങ്ങൾ ട്രാഫിക് ഐലന്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഫുട്‌ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്‌റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.

കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്‍ക്കാനെ ആയുള്ളു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…

ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്‍.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…

ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്.

ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…

അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?

എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി. മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.

റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ? ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…

ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. ‘വെലോസിറ്റി ബിയര്‍ പാര്‍ലറി’ല്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.

പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്ട്രേഷനിലുള്ളതും 77Â അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറിഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്റ്റേഷനില്‍ ഹാജരാകണം. ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്…കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ? സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം? യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.

വീണയും തബലയും’ പോലെ ആ ഓര്‍ത്തഡോക്സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.

വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്…

മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..

വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു… ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്…

അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…

പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്.

‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ എന്നാണ് ഒരു കമന്റ്. മറ്റൊന്ന് ‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. ‘നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര്‍ പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ എവളുമാര്‍ക്ക് ഒടുക്കത്തെ വാലാ’ ഇങ്ങിനെയാണ് ഒരു കമന്റ് പോകുന്നത്.

‘കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ’ എന്ന കമന്റും ഉണ്്. കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ഭര്‍ത്താവിനെ ജീവനോടെ കാണാന്‍ എത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമായിരുന്നു.

പ്രണയസാക്ഷാത്ക്കാരത്തിനായി ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസീക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയപരാജയം ഇതിനൊന്നും പരിഹാരമില്ലെന്നിരിക്കെ കൊലവിളി മാറാത്ത ഒരു കൂട്ടം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

 

അനാവശ്യ വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നില്ക്കാന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിന്റെ പെര്‍ഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിറും സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുകയാണ്.

മകള്‍ ഇറയുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്രോളന്മാര്‍ ആമിറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കസിനും പ്രമുഖ ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കൂനൂരിലാണ് ആമിറും കുടുംബവും ഉള്ളത്. ആഘോഷങ്ങള്‍ക്കിടെ കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ ആമിര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . ഇതില്‍ മകള്‍ ഇറയുമൊത്തുള്ള ചിത്രമാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്.

പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന ഇറയുടെ ചിത്രമാണ് ആമിര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുചിതമായാണ് തോന്നിയത്.

മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതില്‍ ഏറെയും. അച്ഛന്‍-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു ചെയ്യാനെന്നാണ് ചില വിവേക ശൂന്യമായ കമന്റുകളില്‍ പറയുന്നത്.

ഇറയുടെ വസ്ത്രധാരണത്തിനുമുണ്ട് വിമര്‍ശനം. യൗവ്വനയുക്തയായ പെണ്‍കുട്ടി അച്ഛന്റെ പുറത്ത് കയറി കളിക്കുന്നത് സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നും ചിലര്‍ കണ്ടെത്തുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ചിത്രങ്ങളും ആമിര്‍ പങ്കുവച്ചിരുന്നു. പുണ്യമാസമായിട്ട് മദ്യപിച്ചതിനും ഭക്ഷണം കഴിച്ചതിനും ആമിറിന് വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തില്‍ നികൃഷ്ടമായ രീതിയില്‍ കണക്കാക്കിയതിന് സദാചാരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആമിറിനും മകള്‍ക്കും പിന്തുണയുമായും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ കുഞ്ഞുങ്ങളാണെന്നും അതിലും ലൈംഗികത കണ്ടെത്താന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ളവരാണ് നാടിന്റെ ശാപമെന്നും ഇവര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved