ബിനോയ് എം. ജെ.
മനുഷ്യരെല്ലാവരും ചിന്തിക്കുന്നവരായി കാണപ്പെടുന്നു. എന്താണ് ചിന്തയുടെ മന:ശ്ശാസ്ത്രം? ചിന്തയുടെ അടിസ്ഥാന കാരണം എന്താണ്? ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉത്ഭവിക്കുന്നുവെന്ന് സാമാന്യമായി പറയാം. ആശയം ഉള്ളവനേ ആശയക്കുഴപ്പങ്ങളും ഉള്ളൂ. അതിനാൽ തന്നെ പഠന ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർ കൂടുതലായി ചിന്തിക്കുന്നതായി കാണപ്പെടുന്നു .ചിന്തയിൽ നിന്ന് മാത്രമേ പുതിയ ആശയങ്ങൾ ജനിക്കുന്നുളളൂ. ഇതിനെ ഏറ്റവും നല്ല പഠനോപാധിയായി മന:ശ്ശാസ്ത്രജൻമാർ കാണുന്നു. എന്നിരുന്നാലും ചിന്തയെ കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ അത് അത്ര ഗുണകരമായ കാര്യമല്ലെന്ന് മനസ്സിലാക്കുവാൻ കഴിയും . കാരണം അത് ആശയക്കുഴപ്പത്തെ പ്രോത്സാഹിപ്പിക്കുന്നു.
എന്താണ് അടിസ്ഥാനപരമായ ആശയക്കുഴപ്പം?ഉള്ളിൽനിന്നും ഒന്നു പറയുന്നു. ബാഹ്യലോകം അതിനു വിരുദ്ധമായ കാര്യം പറയുന്നു. ഉള്ളിൽ എന്നും ഭാവാത്മകമായ ഒരു ആശയം അഥവാ സത്യം പൊന്തിവരുന്നു. ബാഹ്യലോകം നിഷേധാത്മകമാണ് .നാം ചെറുപ്പംതൊട്ടേ നിഷേധാത്മകതയെ പ്രോത്സാഹിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ചിലർ ദാരിദ്ര്യത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു . മറ്റ് ചിലർ മരണത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു. വേറേ ചിലർ സമൂഹത്തെക്കുറിച്ച് നിഷേധാത്മകമായി ചിന്തിക്കുന്നു. എങ്ങനെയാണെങ്കിലും എല്ലാവരും തന്നെ നിഷേധാത്മകമായി ചിന്തിച്ചു വരുന്നു .ഭാവാത്മകതയും നിഷേധാത്മകതയും തമ്മിലുള്ള സംഘട്ടനം മനസ്സിൽ സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ ചിലപ്പോൾ ഭാവാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. മറ്റുചിലപ്പോൾ നിഷേധാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. ഭാവാത്മകത വിജയിക്കുമ്പോൾ സുഖവും നിഷേധാത്മകത വിജയിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു.
ഇപ്രകാരം മനസ്സിൽ സംഭവിക്കുന്ന സംഘടനവും ചിന്തയും മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. അതിനാൽ തന്നെ ചിന്തയിൽ നിന്നും കരകയറുവാൻ ഉള്ള മാർഗങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്ത തിരോഭവിക്കണമെങ്കിൽ ആന്തരിക സംഘട്ടനം തിരോഭവിക്കേണ്ടിയിരിക്കുന്നു. ആന്തരിക സംഘട്ടനം തിരോഭവിക്കണമെങ്കിൽ നിഷേധാത്മകത തിരോഭവിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ ചിന്തയെ ജയിക്കണമെങ്കിൽ നിഷേധാത്മകതയെ ജയിക്കേണ്ടിയിരിക്കുന്നു. കുറേസമയം ജാഗ്രതയോടെ ഉള്ളിലേക്ക് നോക്കിയിരുന്നാൽ ഇടതടവില്ലാതെ നിഷേധാത്മകമായ കാര്യങ്ങൾ പൊന്തി വരുന്നതായി കാണുവാൻ സാധിക്കും. ഈ നിഷേധാത്മകത എന്തുകൊണ്ട് പൊന്തിവരുന്നു? കാരണം നാമവയെ പ്രോത്സാഹിപ്പിക്കുന്നു എന്നത് തന്നെ. നാമവയ്ക്ക് മൂല്യം കൽപ്പിക്കുന്നു. അവ പ്രധാനങ്ങളും അനുപേക്ഷണീയങ്ങളും ആണെന്ന് നാം കരുതുന്നു. ഫലമോ അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗവും ആകുന്നു.
നിഷേധാത്മകതയെ നാം സദാ മാടിവിളിച്ചു കൊണ്ടേയിരിക്കുന്നു. ഫലമോ അത് നമ്മെ വിട്ടു പിരിയുന്നതും ഇല്ല. നിഷേധാത്മകത നമ്മുടെ ഏറ്റവും വലിയ കൂട്ടുകാരനും സന്തതസഹചാരിയും ആകുന്നു. ഈ മനോഭാവമാണ് നാം ആദ്യമേ മാറ്റേണ്ടത്. നിഷേധാത്മകതയെ വീണ്ടും തിരിച്ചു വരാൻ ആകാത്തവിധം ഒടുക്കത്തെ വിടനൽകി പറഞ്ഞയയ്ക്കുവിൻ! “നിഷേധാത്മക ചിന്തകളെ ദൂരെയകലുവിൻ. നിന്നോട് എനിക്ക് ചങ്ങാത്തം ഇല്ല. ഒരിക്കലും തിരികെ വരാതിരിക്കുവിൻ”.. ഇങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുവിൻ! ക്രമേണ നിങ്ങൾ നിഷേധാത്മകതയുമായി ദൂരം പാലിക്കുവാൻ പഠിക്കുന്നു. നിഷേധാത്മകത മാറും തോറും ആശയക്കുഴപ്പവും മാറുന്നു. നിങ്ങൾ ഭാവാത്മക ചിന്തയുടെ ഒരു പ്രഭവകേന്ദ്രമായി മാറുന്നു .അപ്പോൾ നിങ്ങളുടെ ആനന്ദം അനന്തതയിലേക്ക് ഉയരുന്നു .പിന്നീടങ്ങോട്ട് ദുഃഖിക്കുവാൻ യാതൊന്നുമില്ല. വേവലാതിപ്പെടാൻ യാതൊന്നുമില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് വീഴുന്നു. അവിടെ നിങ്ങൾക്ക് അജ്ഞത ഇല്ല. നിങ്ങളുടെ അജ്ഞതയുടെ കാരണം ആശയക്കുഴപ്പം തന്നെ ആയിരുന്നു. ആശയക്കുഴപ്പത്തിൽ കഴിയുന്നവന് ശരിയേതെന്ന് തിട്ടമില്ല. അയാളുടെ ഉള്ളം വേദനിക്കുന്നു. ചിന്ത തിരോഭവിക്കുമ്പോൾ ഒരുവൻ ബുദ്ധിക്കും അപ്പുറം പോകുന്നു. അയാൾ ബുദ്ധൻ ആകുന്നു. ഇതാണ് അനന്ത ജ്ഞാനത്തിലേയ്ക്കുള്ള ഏകമാർഗ്ഗം.
വർദ്ധിച്ചു വരുന്ന യാഥാസ്ഥിതിക വിമർശകരോട് പ്രതികരിച്ച് ഫ്രാൻസിസ് മാർപാപ്പ.സെപ്റ്റംബർ 12-ന് സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ സന്ദർശനത്തിനിടെ സ്ലോവാക്യൻ ജെസ്യൂട്ട്സുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
അവരുടെ മോശം അഭിപ്രായങ്ങൾ പിശാചിന്റെ സൃഷ്ടിയാണെന്നും അടുത്തിടെ നടത്തിയ കുടൽ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ മരിച്ചു കാണാൻ ചിലർ ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.ജെസ്യൂട്ട് ജേണൽ ലാ സിവിൽറ്റ കാറ്റോലിക്കയാണ് കൂടിക്കാഴ്ചയുടെ വിവരണം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്, ഇതിൽ പര്യടനത്തിലായിരുന്നമ്പോൾ ഫ്രാൻസിസ് മാർപാപ്പ തന്റെ സഹ ജെസ്യൂട്ടുകളുമായി നടത്തിയ അടച്ച വാതിൽ കൂടിക്കാഴ്ചകളുടെ വസ്തുതാനന്തര വിവരണങ്ങൾ നൽകുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ വലിയ കുടലിന്റെ 33 സെന്റിമീറ്റർ (13 ഇഞ്ച്) ഭാഗം നീക്കം ചെയ്യുന്നതിനായി ജൂലൈയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ് സെപ്റ്റംബർ 12-15 – ൽ നടന്ന ഹംഗറി-സ്ലൊവാക്യ യാത്ര. ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് എന്ന് ഒരു പുരോഹിതൻ അന്വേഷിച്ചപ്പോൾ ജീവിച്ചിരിക്കുന്നു എന്നായിരുന്നു മാർപ്പാപ്പയുടെ ഹാസ്യാത്മകമായ മറുപടി .
“ഞാൻ മരിക്കണമെന്ന് ചിലർ ആഗ്രഹിച്ചിട്ടും ജീവിച്ചിരിക്കുന്നു. മാർപ്പാപ്പയുടെ ആരോഗ്യം പറയപ്പെടുന്നതിനേക്കാൾ മോശമായ അവസ്ഥയിലാണെന്ന് കരുതുന്ന പുരോഹിതന്മാർക്കിടയിൽ കൂടിക്കാഴ്ചകൾ പോലും ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. അവർ കോൺക്ലേവിന് (പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ യോഗം) തയ്യാറെടുക്കുകയായിരുന്നു.” ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
ജെഗി ജോസഫ്
ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് (STSMCC) 20 വയസ്. യുകെയിലെ ഏറ്റവും വലിയ കാത്തലിക് വിശ്വാസ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ ഒരു വര്‍ഷം നീളുന്ന ആഘോഷം, എസ് ടിഎസ്എംസിസിയുടെ എല്ലാ സംഘടനകളുടേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
രാവിലെ 9.30ന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആദ്യകാലങ്ങളില്‍ എസ് ടിഎസ്എംസിസിയെ നയിച്ച വൈദീകന്‍ ഫാ സണ്ണി പോള്‍ ,എസ് ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയും ആരാധനയും നടന്നു. എസ് ടിഎസ്എംസിസിയ്ക്കായി കഴിഞ്ഞ 20 വര്‍ഷമായി സേവനം ചെയ്ത വൈദികരെ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ പോള്‍ വെട്ടിക്കാട്ട് അനുസ്മരിച്ചു. ഫാ സണ്ണി പോളിന് ശേഷം ഫാ ജോസഫ് നരിക്കുഴി, ഫാ ജോര്‍ജ് വള്ളിയാംതടം, ഫാ അനില്‍, ഫാ ജിജി അലക്കളം, ഫാ ജോണ്‍ കുടിയിരുപ്പില്‍, ഫാ ജോര്‍ജ് ചീരാംകുഴി, ഫാ തോമസ് പാറയടിയില്‍, ഫാ റോജി ,ഫാ ജോയ് വയലില്‍, ഫാ സെബാസ്റ്റ്യന്‍,ഫാ സിറില്‍ ഇടമന, ഫാ എബ്രഹാം, ഫാ സക്കറിയ, ഫാ ടോണി പഴയകളം തുടങ്ങി ഏവരുടേയും സേവനം എടുത്ത് പറഞ്ഞ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
നാട്ടിലായിരിക്കുന്ന ഡീക്കന്‍ ജോസഫ് ഫിലിപ്പിനേയും മുന്‍ സെക്രട്ടറിമാരും ട്രസ്റ്റിമാരുമായിരുന്ന ഏവരേയും വിശുദ്ധ കുര്‍ബാന മദ്ധ്യേ അനുസ്മരിച്ചു. അവര്‍ ചെയ്ത സേവനങ്ങളെ ഫാ പോള്‍ വെട്ടിക്കാട്ട് ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ വചന സന്ദേശത്തില്‍ ഫാ സണ്ണി പോള്‍ കേരളത്തില്‍ നിന്ന് യുകെയില്‍ എത്തപ്പെട്ട സീറോ മലബാര്‍ വിശ്വാസികളുടെ ദൗത്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. എവിടെയായിരുന്നാലും ദൈവ വചനം പ്രഘോഷിക്കാന്‍ വേണ്ടിയാണ് യുകെയില്‍ എത്തിച്ചിരിക്കുന്നതെന്നും നല്ലതു ജീവിതത്തില്‍ പകര്‍ത്താന്‍ ,തങ്ങളുടെ സംസ്‌കാരം പരിപോഷിക്കാന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ അതുവഴി അവരെ ദൈവത്തിലേക്ക് ആനയിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ ദൗത്യം അതു തന്നെയാണെന്നും ഫാദര്‍ പറഞ്ഞു.
20 കൊല്ലം മുമ്പ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആരംഭിച്ച ശേഷം പ്രവര്‍ത്തിച്ച വൈദീകരുടേയും ആല്‍മായരുടേയും ഒത്തൊരുമയുള്ള പ്രവര്‍ത്തനം മികച്ചതായിരുന്നു . ഈ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ഇതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഫാദര്‍ പറഞ്ഞു.

ഭാവിയില്‍ പുതിയ ദേവാലയം നിര്‍മ്മിക്കാനിരിക്കേ കൂടുതല്‍ ഉജ്ജ്വലമായി മുന്നോട്ട് പോകാന്‍ ദൈവം സഹായിക്കട്ടെയെന്നും ഫാ സണ്ണി പോള്‍ അച്ചന്‍ ആശംസിച്ചു.
പിന്നീട് ഗ്രൗണ്ടില്‍ വച്ചു നടന്ന പരിപാടിയില്‍ കുട്ടികളുടെ മത്സരങ്ങള്‍ രസകരമായി. ആകര്‍ഷകമായ ലേലം വിളികളുണ്ടായി. കാന്താരി മുളകു ചെടി 165 പൗണ്ടിന് ലേലം വിളിച്ചുള്ള ആവേശം ഇതില്‍ എടുത്തുപറയേണ്ടതാണ്. വിശ്വാസികളുടെ ഈ ഉണര്‍വാണ് ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നതും.
എസ് ടിഎംസിസിയുടെ കുറിച്ച് പറയുമ്പോള്‍ ഏവര്‍ക്കും പെട്ടെന്ന് ഓര്‍മ്മ വരിക ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തെ പറ്റിയാണ്.ബ്രിസ്റ്റോള്‍ സമൂഹം യുകെയ്ക്ക് സംഭാവന നല്‍കിയ ബൈബിള്‍ കലോത്സവത്തിന് പത്തുവര്‍ഷമായി. വിശ്വാസ പ്രഘോഷണ വേദിയാണ് ബൈബിള്‍ കലോത്സവം. ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ യുകെയിലെ എല്ലാ ഭാഗത്തു നിന്ന് വിശ്വാസികള്‍ പങ്കെടുക്കുന്നു. ഈ വലിയ കലാ മാമാങ്കത്തിലൂടെ ദൈവ വചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തി.

യുകെയില്‍ ഒരുദേവാലയത്തില്‍ ഒത്തുചേരുന്ന ഏറ്റവും വലിയ വിശ്വാസ സമൂഹമാണ് എസ് ടിഎസ്എംസിസിയുടേത്. യുകെയിലെ ഏറ്റവും വലിയ വേദപാഠ ക്ലാസുകളും ഇവിടെയാണ് നടക്കുന്നത്. 12ാം ക്ലാസുവരെ കൃത്യമായ ചിട്ടയോടെ നടത്തുന്ന വേദ പഠന ക്ലാസുകള്‍ കുട്ടികളിലെ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. മലയാളം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മംഗ്ലീഷിലും ഇംഗ്ലീഷിലുമായി കുര്‍ബാന പുസ്തകം ഇറക്കിയതും എസ് ടിഎസ്എംസിസിയുടെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ്. കെസിബിസിയുടെ അംഗീകാരമുള്ള ഈ പുസ്തകം ഇന്ന് നാല്‍പതിനായിരത്തിലധികം കോപ്പികളുമായി ലോകത്തെ എല്ലാ ഭാഗത്തുമുള്ള മലയാളം വായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിക്കുന്നു.
യുവജനങ്ങള്‍ക്ക് വേണ്ടി യുകെയില്‍ ആദ്യമായി സംഘടന തുടങ്ങിയതും ബ്രിസ്റ്റോളിലാണ്. സെന്റ് തോമസ് യൂത്ത് ലീഗ് എന്നറിയപ്പെട്ടിരുന്ന സംഘടന പിന്നീട് എസ്എംവൈഎം ആയി. കുട്ടികള്‍ക്ക് വേണ്ടി മിഷന്‍ ലീഗ് ആരംഭിച്ചതും ബ്രിസ്റ്റോളിലാണ്. 300 ഓളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്.
മറ്റൊരു സേവനം ലേഡീസ് ഗ്രൂപ്പിന്റെതാണ്. കേരളത്തിലും യുകെയിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ലേഡീസ് ഗ്രൂപ്പും മുതിര്‍ന്നവര്‍ക്കായുള്ള സെന്റ് വിന്‍സന്റ് ഡീ പോള്‍ സംഘടനയും എസ്ടിഎസ്എംസിസിയുടെ മികവ് പ്രകടമാക്കുന്നത് തന്നെ.
യുകെയിലാദ്യമായി സ്വന്തമായി ഒരു ദേവാലയം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് STSMCC. 7 ലക്ഷം പൗണ്ടോളം മുടക്കിഅതിനുവേണ്ടിയുള്ള സ്‌ഥലം വാങ്ങിക്കുകയും അതിൽ ദേവാലയം നിർമ്മിക്കുവാനുള്ള പ്ലാനിംഗ് പെർമിഷൻ ലഭിക്കുകയും ചെയ്തു. ദേവാലയ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടവകാംഗങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.
ഫാ പോള്‍ വെട്ടിക്കാട്ട്, കസ്‌റ്റോഡിയന്മാരായ സിജി സെബാസ്റ്റ്യന്‍, മെജോ ജോയ് ,ബിനു ജേക്കബ്, ഫാമിലി കൂട്ടായ്മകളുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ് തരകന്‍, ഡിക്കന്‍ ജോസഫ് ഫിലിപ്പ്, സിസ്റ്റര്‍മാരായ സി. ലീന മേരി, സി. ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടായ്മയുടെ വിജയമാണ് എസ്ടിഎസ്എംസിസിയുടേത്.
മായാറാണി
കഴിഞ്ഞ ദിവസം വാട്സാപ്പിൽ അയച്ചുകിട്ടിയ ഒരു കൊച്ചു കഥ…
സന്ധ്യയായപ്പോൾ അപ്പൻ മകനോട് പറഞ്ഞു. “മകനേ ഇരുട്ടായത് കണ്ടില്ലേ? വിളക്ക് കത്തിക്കൂ”. അൽപനേരം കഴിഞ്ഞു കത്തിച്ച വിളക്കുമായി വന്ന മകൻ അപ്പനോട് ചോദിച്ചു. “അപ്പാ കത്തിച്ച വിളക്കുമായി ഞാൻ ചെല്ലുന്നിടത്തൊന്നും ഇരുട്ടില്ല. പിന്നെ ഞാൻ ഇത് എവിടെ വെയ്ക്കും?”
കഥ അവസാനിച്ചു…
കാര്യം നിറഞ്ഞ കഥ.
“നിങ്ങൾ ലോകത്തിന്റെ പ്രകാശം ആണ് ” (മത്താ :5/14). ഈ ലോകത്തിലെ അന്ധകാരം അകറ്റി വെളിച്ചമായി തീർന്നുകൊണ്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടവർ നമ്മൾ…. എന്നാൽ പ്രകാശം പുറപ്പെടുവിക്കേണ്ട അഗ്നിയുടെ കനൽ, ചാരത്തിൽ അകപ്പെട്ടിരിക്കുകയാണോ? എങ്കിൽ ഊതിക്കത്തിക്കാൻ ഇതാ സമയം അടുത്തിരിക്കുന്നു. മാനസാന്തരത്തിന്റെ അരൂപിയായ ആപ്പ് ഡൌൺ ലോഡ് ചെയ്തു അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കും മരണത്തിൽ നിന്നും ജീവനിലേക്കും ഓരോ ലിങ്ക് അങ്ങ് കൊടുക്കാം … എങ്കിൽ പിന്നെ താമസിക്കേണ്ട, പരിശുദ്ധാത്മാവിനോട് ആപ്പ് ഡൗൺലോഡ് ചെയ്യാനായി വൈഫൈ പാസ്സ്‌വേർഡ് ചോദിച്ചോളൂ…
ഫ്രം അന്ധകാരം ടു പ്രകാശം
ഏശയ്യ 9:2 ലെ പ്രവചനത്തിന്റെ പൂർത്തീകരണമായി അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് വലിയ പ്രകാശം ആയി കർത്താവ് തന്റെ ദൗത്യം ആരംഭിച്ചു. സത്യത്തിൽ അന്ധകാരത്തിൽ കഴിയുന്നവനു പ്രകാശം എന്തെന്ന് അറിയില്ല. അതുകൊണ്ടുതന്നെ പ്രകാശം അവന്റെ സങ്കല്പത്തിലെ ‘എന്തോ ഒരു സംഗതി’ മാത്രം ആണ്. സങ്കൽപം എന്നെങ്കിലും യാഥാർഥ്യമായാൽ ‘ആ എന്തോ സംഗതി’ അവൻ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും അപ്പുറം ആയിരിക്കും. നമ്മുടെ ജീവിതത്തിലെ ‘ഈശോ അനുഭവ’വും ഇങ്ങനെ ആണ്. ആഗ്രഹിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും സ്വപ്നം കാണുന്നതിലും അധികമായി നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കാൻ ഈശോയുടെ സാന്നിധ്യത്തിന് കഴിയും. അതിനാൽ ഈശോയെ കാണാൻ ഹൃദയ വിശുദ്ധി ഉള്ളവരാകാം. “ഹൃദയ വിശുദ്ധിയുള്ളവർ ദൈവത്തെ കാണും “(മത്താ 5:8).
വി. പൗലോസ് സ്ലീഹ ഇപ്രകാരം പറയുന്നു.” ഒരിക്കൽ നിങ്ങൾ അന്ധകാരം ആയിരുന്നു. ഇന്ന് നിങ്ങൾ കർത്താവിന്റെ പ്രകാശം ആയിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ” (എഫേ :5/8-9).
തിരി തെളിക്കാൻ എളുപ്പമാണ്. അത് അണയാതെ കാത്തുസൂക്ഷിക്കാനാണു പ്രയാസം…
ഒരിക്കലും വീണിട്ടില്ല എന്നതിലല്ല വീണിടത്തുനിന്നും എഴുന്നേൽക്കുന്നു എന്നതിലാണല്ലോ മനുഷ്യന്റെ മഹത്വം. കർത്താവേ അങ്ങ് ഞങ്ങളുടെ ഊർജ്ജവും പരിശുദ്ധാത്മാവേ അങ്ങ് ഞങ്ങളുടെ വിളക്കിലെ എണ്ണയുമാകേണമേ…
ഡെസ്റ്റിനേഷൻ ജീവൻ…
ഫ്രം മരണം
കർത്താവിന്റെ ആഗമനം മരണത്തിൽ നിന്നും ജീവനിലേക്കുള്ള ഒരു നയിക്കപ്പെടലാണ്. “മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്ക് ഒരു ദീപ്തി ഉദയം ചെയ്തു “(മത്താ :4/16). മരണം ഇന്ന് പലവിധത്തിലാണ്. ശരീരത്തിൽ മാത്രമല്ല മനസിലും വിശ്വാസത്തിലും മരണം സംഭവിച്ചവർ ധാരാളം. ഈ കോവിഡ് 19 മഹാമാരിയിൽ നാം ‘ജീവനോ’ടെ തന്നെ ആണോ? അതോ ജീവിച്ചിരിക്കിലും ‘മരിച്ചു’ കഴിഞ്ഞോ? മനസ് മരവിച്ചവർ ഏറെയാണിന്ന്. സാമ്പത്തിക ക്ലേശത്താൽ, ഉറ്റവരുടെ മരണത്താൽ, തൊഴിലില്ലായ്മയാൽ നിരാശ ബാധിച്ചു മനസ് മരിച്ചു പലർക്കും. നിയമാവർത്തനം 8/ 15-16 ൽ ഇപ്രകാരം പറയുന്നു. “ആഗ്നേയ സർപ്പങ്ങളും തേളുകളും നിറഞ്ഞ വിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെയാണ് അവിടുന്ന് നിങ്ങളെ നയിച്ചത്. നിങ്ങളെ എളിമപ്പെടുത്താനും പരീക്ഷിക്കാനും നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു അത്”. അനുഗ്രഹിക്കപ്പെടാൻ വേണ്ടി തേനും പാലും ഒഴുകുന്ന ഒരു കാനാൻ ദേശത്തിന്റെ അനുഭവം നമുക്കു നൽകാനുള്ള പരീക്ഷണമായി ഈ ആധികളെയും വ്യാധികളെയും കാണാം.. തിരിച്ചറിയാം.. മനസിനെ ബലപ്പെടുത്താം. വിശുദ്ധ ലിഖിതം പറയുന്നത് ശരീരത്തെ അല്ല ആത്മാവിനെ നശിപ്പിക്കുന്നവനെ നാം ഭയപ്പെട്ടാൽ മതിയെന്നാണ്.
വിശ്വാസം മരണാസന്നമാകുന്നുണ്ടോ?
ഇത് വിശ്വാസം പരീക്ഷിക്കപ്പെടുന്ന കാലഘട്ടം. ഇവിടെ നമ്മുടെ വിശ്വാസം മരണാസന്നമാകുന്നുണ്ടോ? സുഖകരമായ, കഷ്ടപ്പാടും രോഗവും ഇല്ലാത്ത ജീവിതമാണോ നമ്മുടെ വിശ്വാസത്തിന്റെ അളവുകോൽ?… അതോ പരീക്ഷിക്കപ്പെടുമ്പോഴും പരിക്കേൽക്കാത്ത ആശ്രയത്വവും ഉലയാത്ത ബോധ്യവുമാണോ?. ‘മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അങ്ങ് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല’ എന്ന സങ്കീർത്തകന്റെ സ്തുതികൾ നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്.
സ്വർഗരാജ്യം ഒരു ‘കോമ്പോ ഓഫർ’
നടന്ന വഴിയിൽ നിന്ന് മാറി നടന്നവരാണ് മഹാത്മാക്കൾ. ഒരു “യൂ ടേൺ ” നു സമയം ആയിട്ടുണ്ട്. “മനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു “(മത്താ :4/17). “സ്വർഗ്ഗരാജ്യം” എന്ന വലിയ അനുഭവമാണ് ‘മാനസാന്തരം’ എന്ന ആപ്പ് ഡൌൺ ലോഡ് ചെയ്താൽ കിട്ടുന്ന മെഗാ ഓഫർ. “ദൈവരാജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും ആണ് “(റോമ :14/17). സത്യത്തിൽ ഇത് ഒരു കോമ്പോ ഓഫർ അല്ലെ ?! ഈ ഓഫർ സ്വന്തമാക്കാനുള്ള നിബന്ധനകൾ ഇതാ.. ” ആത്മാവിൽ ദരിദ്രരായിരിക്കുകയോ നീതിക്കുവേണ്ടി പീഡസഹിക്കുകയോ ചെയ്യണം…. സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ് “(മത്താ :5/10). ആത്മാവിൽ ദരിദ്രരാകാൻ, സ്വയം ശൂന്യവത്കരിച്ച ക്രിസ്തുവിനെ മാതൃകയാക്കാൻ ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിലൂടെ വി. പൗലോസ് ഓർമപ്പെടുത്തുന്നു. എളിമപ്പെടലാണ് ആവശ്യം. “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കാണണം. സ്വന്തം താല്പര്യം അല്ല അപരന്റെ താല്പര്യം കൂടെ പരിഗണിക്കണം” (ഫിലി:2/3). “താണനിലത്തേ നീരോടൂ .. അവിടെയെ ദൈവം കൃപചൊരിയു”… എളിമയുടെ ജീവിതം സ്വർഗ്ഗരാജ്യ അനുഭവം നമുക്ക് സമ്മാനിക്കാതെയിരിക്കില്ല. അതുപോലെ തന്നെ നീതിക്കുവേണ്ടി പീഡകൾ ഏറ്റ ഫാ. സ്റ്റാൻ സ്വാമിയും കൽക്കട്ടയുടെ തെരുവുകളിൽ സ്വയം ശൂന്യവൽക്കരിച്ച മദർ തെരെസയും ഒക്കെ എന്നേ സ്വർഗ്ഗരാജ്യം സ്വന്തമാക്കി. കോമ്പോ ഓഫർ സ്വന്തമാക്കി, അതിനൊരു ഫൈവ് സ്റ്റാർ റേറ്റിംഗ് ഇടാനുള്ള സമയമിതാ ഇവിടെ ആരംഭിക്കുന്നു…..സമയമില്ല…
ടൈം ഔട്ടും ലോഗ് ഔട്ടും ആകാതെ സൂക്ഷിക്കണേ.
അനുഗ്രഹിക്കുന്നതിൽ പിശുക്കില്ലാത്ത ദൈവം തലയ്ക്കുള്ളിൽ വെളിച്ചം നിറയാൻ തന്റെ പൊൻകരമുയർത്തി നമ്മെ അനുഗ്രഹിക്കട്ടെ.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വിനായക ചതുർത്ഥി ആഘോഷമായി സെപ്റ്റംബർ 25ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിക്കും.
ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി. ഗണേശചതുർത്ഥി എന്നും അത്തം ചതുർത്ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ ഏറെ ആഹ്‌ളാദത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് വിനായക ചതുർത്ഥി. 11 ദിവസം നീണ്ടുനിൽക്കുന്നതാണ് വിനായക ചതുർത്ഥി മഹോത്സവം അഥവാ ഗണേശോത്സവം. ജീവിതത്തിലെ വിഘ്നങ്ങൾ അകറ്റി സമ്പത്തും സമൃദ്ധിയും നൽകുന്ന ഗണപതി ഭഗവാന്റെ ജന്മദിന ആഘോഷങ്ങൾ കോവിഡ് പരിധികൾക്കുള്ളിൽ നിന്ന് കൊണ്ടാകാം.

വൈകിട്ട് 6:30 മുതൽ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. വിപുലമായ രീതിയിൽ വിനായക ചതുർത്ഥി 2021 ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക – സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
Venue: 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org


ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരും പങ്കെടുക്കും .
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ബിനോയ് എം. ജെ.
പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് എന്ത് പറ്റി എന്ന ചോദ്യം ആദ്യം തന്നെ അധ്യാപകരോടും വിദ്യാഭ്യാസ വിചക്ഷണന്മാരോടും ചോദിക്കാം. നിങ്ങൾ ഒരു സാധാരണ വിദ്യാർത്ഥിയോട് സംസാരിച്ചു നോക്കൂ- അവന് യാതൊന്നും അറിഞ്ഞുകൂടാ.. അദ്ധ്യാപകരും മാതാപിതാക്കളും എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവന് അതറിയാം അതിനപ്പുറം അവന് യാതൊന്നും അറിഞ്ഞുകൂടാ.. ഇത് ലജ്ജാ കരമല്ലേ ?അവന് ഒരു കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുവാൻ അറിയാം. അപ്പോൾ തന്നെ അവൻ ഒരു വ്യക്തിയല്ല ;അവൻ ഒരു മനുഷ്യൻ അല്ല;അവൻ ഒരു യന്ത്രം മാത്രം!
ഈ സമൂഹം പുരോഗതിയിലേക്ക് ആണ് നീങ്ങുന്നത് എന്ന് കരുതേണ്ട. മറിച്ച് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആണ് അത് നീങ്ങുന്നത്. കാരണം നമ്മുടെ പൗരൻമാർക്ക് ആത്മ ബഹുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ടവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അത് പണ്ടും അങ്ങിനെ തന്നെ ആയിരുന്നു. ഭാവിയിലെങ്കിലും ഇതിന് ഒരു മാറ്റം വരട്ടെ! ചെറുപ്രായത്തിൽ തൊട്ടുതന്നെ നാം കുട്ടികളെ ഉപദ്രവിച്ചു തുടങ്ങുന്നു. കുട്ടികളെ തല്ലിവളർത്തണം എന്ന് വാദിക്കുന്നവർ ആധുനിക സമൂഹത്തിലും ഉണ്ട് എന്നുള്ളതാണ് സത്യം. കുട്ടികളെ തല്ലി വളർത്തിയാൽ എന്ത് ദോഷമാണ് സംഭവിക്കുന്നത്? താൻ തല്ല് കൊള്ളേണ്ടവനാണെന്നുള്ള അപകർഷത ചെറുപ്രായത്തിൽതന്നെ അവനിൽ രൂഢമൂലമാകുന്നു. ഈ അപകർഷത മരിക്കുന്നതുവരെ അവനെ വിട്ടു മാറുകയുമില്ല.
കുട്ടികളെ പന്ത്രണ്ട് വയസ്സുവരെ യാതൊന്നും പഠിപ്പിക്കരുതെന്ന് ആർഷ ഭാരത സംസ്കൃതിയിൽ പറയുന്നു . അത് അവന്റെ മൃദുലമായ ശൈശവമാണ്. ആ പ്രായം വരെ അവനവന്റെ ജീവിതം ആസ്വദിച്ചും അവന്റേതായ രീതിയിൽ പഠിച്ചും കൊണ്ട് മുന്നോട്ടു പോകട്ടെ. ആരിൽ നിന്നും കടം എടുക്കാത്ത ഒരു വ്യക്തിത്വം അവൻ സ്വന്തമായിട്ട് സമ്പാദിക്കട്ടെ. അവൻ സ്വയം എന്തെങ്കിലും ഒക്കെ പഠിക്കട്ടെ. അത് അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുക. അവൻ എന്തു പഠിക്കുന്നു എന്ന് അവൻ മാത്രം അറിഞ്ഞിരുന്നാൽ മതി. നമുക്ക് അതിൽ തലയിടാതിരിക്കാം. അവൻ എന്തെങ്കിലും സ്വന്തമായിട്ട് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിൽ കൂടുതൽ അറിവിനെ പ്രതിഷ്ഠിക്കുവാൻ കഴിയും. മറിച്ച് യാതൊന്നും പഠിക്കുന്നതിനു മുമ്പേ നാം അവനെ പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചാൽ അത് വളരെയധികം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ഇന്ന് കുട്ടികൾ പരാജയപ്പെടുന്നു. സ്വന്തമായി എന്തെങ്കിലും പഠിക്കുവാനുള്ള കഴിവ് അവന് നഷ്ടപ്പെട്ടു പോകുന്നു.
ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല . ആറിവ് സമ്പാദിക്കുന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. കുട്ടികൾ താനെ പഠിച്ചു കൊള്ളും.. സ്പൂൺ ഫീഡിംങ്ങ് കൊണ്ട് ദോഷം അല്ലാതെ ഗുണമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. ‘ഗുരു’ എന്നാൽ അന്ധകാരം നീക്കുന്നവൻ എന്നാണർത്ഥം. (‘ഗു’ ശബ്ദം അന്ധകാരം, ‘രു’ ശബ്ദം തൻ തിരോധനം.) എന്നാൽ നമ്മുടെ അധ്യാപകർ കുട്ടികളിൽ നൈസർഗ്ഗികമായുള്ള അറിവിന്റെ വെളിച്ചത്തെ ആദ്യമേതന്നെ ചവിട്ടി പുറത്താക്കുന്നു. ആ അന്ധകാരത്തിലേക്ക് പുറത്തുനിന്നുള്ള വ്യാജമായ അറിവിനെ കുത്തിനിറയ്ക്കുന്നു.
കുട്ടികളെ ചവിട്ടി തൂക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കുക. അവരെ പഠിപ്പിക്കുന്നതിന് പകരം അവരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുക. അപ്പോൾ കുട്ടികളുടെ മനസ്സിൽ തങ്ങൾ വിലയുള്ളവരും മൂല്യമുള്ളവരും ആണെന്ന ബോധം നിറയുന്നു. ബാക്കി കാര്യങ്ങൾ അവൻ സ്വയം നോക്കിക്കൊള്ളും. നമുക്ക് വിരമിക്കാം.. തലോടേണ്ട പ്രായത്തിൽ ചവിട്ടിത്തൂക്കാതിരിക്കാം. അപ്പോൾ അവർക്ക് നമ്മോടും സമൂഹത്തോടും സ്നേഹബഹുമാനങ്ങൾ തോന്നും. അതല്ലേ വിദ്യാഭ്യാസം കൊണ്ടു നേടിയെടുക്കേണ്ട ഏറ്റവും വലിയ കാര്യം?

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
എയ്‌ൽസ്‌ഫോർഡ്: ഇംഗ്ലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥടന കേന്ദ്രമായ എയ്‌ൽസ്‌ഫോർഡ് പ്രയറിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2021 ഒക്ടോബർ 2 ശനിയാഴ്ച നടക്കും. രൂപതാ സമൂഹം ഒരുമിച്ച് പരിശുദ്ധ അമ്മയുടെ സംരക്ഷണം പ്രാർത്ഥിക്കുകയും, ദൈവിക അഭിഷേകം സ്വീകരിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ ഈ തിരുനാളിൽ സംബന്ധിക്കുവാൻ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ആണ് ഇവിടെയെത്തുന്നത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും.
1251 ൽ വിശുദ്ധ സൈമൺ സ്‌റ്റോക്കിന് പരി. അമ്മ പ്രത്യക്ഷപ്പെട്ട്, തന്റെ സംരക്ഷണത്തിന്റെ അടയാളമായ വെന്തിങ്ങ (ഉത്തരീയം) വിശുദ്ധന് നൽകിയത് എയ്‌ൽസ്‌ഫോഡിൽ വച്ചാണ്. വെന്തിങ്ങ ധരിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എയ്‌ൽസ്‌ഫോർഡിലെ റെലിക് ചാപ്പലിലാണ്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചെത്തുന്ന നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രമാണ് ഈ പുണ്യഭൂമി.
2021 ഒക്ടോബർ 2 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കർമ്മലമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാലയോടുകൂടി തീർത്ഥാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് 1 മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും. വി. കുർബാനക്കു ശേഷം 3 മണിക്ക് വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടക്കും. സമാപനശീർവാദത്തിനു ശേഷം 4 മണിക്ക് സ്നേഹവിരുന്ന്, ഈ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
രൂപതയിലെവിവിധ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള വൈദികർ, സന്യാസിനികൾ, റീജിയണൽ കമ്മറ്റി അംഗങ്ങൾ, അല്മായർ തുടങ്ങിയവർ തിരുന്നാളിന് നേതൃത്വം നൽകും. തിരുന്നാളിനോടനുബന്ധിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാൾ പ്രസുദേന്തിമാരാകാൻ ആഗ്രഹം ഉള്ളവർ തിരുന്നാൾ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീർത്ഥാടന ഒരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബർ 23 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 വരെ ഓൺലൈനിൽ പ്രത്യക പ്രാർത്ഥനയും വചന ശുശ്രൂഷയും ക്രമീകരിച്ചിട്ടുള്ളതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
മഹാമാരിയുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് തിരുനാളിൽ സംബന്ധിച്ച് പരി. അമ്മയുടെ സംരക്ഷണം പ്രത്യേകമായി ലഭിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
ഷിബു മാത്യൂ
കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുന്നാളില്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായപ്പോള്‍ പിതാവിന് പിന്‍ന്തുണയറിയ്ച്ച് കത്തോലിക്കാ യുവജന സംഘടനകള്‍ രംഗത്ത്. ഞായറാഴ്ച്ച രാവിലെ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനകളായ SMYM, KCYM എന്നിവയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ പൊതുസമ്മേളനവും പ്രകടനവും നടത്തി. പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ നിന്നുമായി നൂറ് കണക്കിന് യുവജനങ്ങളാണ് പൊതുസമ്മേളനത്തിലും പ്രകടനത്തിലും പങ്കെടുത്തത്.
കത്തോലിക്കാ സഭയുടെ യുവജന സംഘടനകളുടെ ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര മുഖ്യ പ്രഭാഷണം നടത്തി. ശക്തമായ ഭാഷയിലാണ് ഫാ. ചക്കാത്ര വിവാദങ്ങളോട് പ്രതികരിച്ചത്. തികച്ചും വ്യക്തിപരമായി തന്റെ ജനത്തോട് കാലഘട്ടത്തിന്റെ ഭീകരതയ്ക്കു മുമ്പില്‍ വേണ്ട മുന്‍കരുതലുകളെടുക്കണമെന്ന് ആ ജനത്തിന്റെ ആത്മീയ പിതാവ് ഓര്‍മ്മിപ്പിച്ചപ്പോള്‍ ആര്‍ക്കാണ് ഇത്ര വേദനിച്ചത്.?? നൂറ് കണക്കിന് തെളിവുകള്‍ നിരത്തിയല്ലേ പിതാവ് സംസാരിച്ചത്. സഭയുടെ മക്കളെ ഇല്ലായ്മ ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയ വര്‍ഗ്ഗീയ ശക്തികള്‍, സാമുദായിക ശക്തികള്‍, രാഷ്ട്രീയശക്തികള്‍ അവര്‍ അവരുടെ നിലപാടെടുക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്ക്കാന്‍ ഇനി കത്തോലിക്കാ സഭയ്ക്ക് പറ്റില്ല. ആ സത്യം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനും
തലമുറയെ വളര്‍ത്തുവാനുമുള്ള ഉത്തരവാദിത്വം ഞങ്ങളുടെ പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കും സന്യസ്തര്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. ശക്തമായ രീതിയില്‍ പ്രതികരികരിക്കാന്‍ ഞങ്ങള്‍ക്കുമറിയാം. പിതാവ് കുറച്ച് കൂടി വിവേകത്തോടെ സംസാരിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. വിവേകമുള്ള രാഷ്ട്രീയക്കാര്‍ എത്രയുണ്ട്??? ഫാ. ചക്കാത്ര ചോദിച്ചു. വിവേകത്തിന്റെ ഭാഷ ക്രിസ്ത്യാനികളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ ഭാഷ മയക്കുമരുന്നിന്റെ ഭാഷയല്ല. ക്രൈസ്തവന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. ഫാ. ചക്കാത്ര കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത സമ്മേളനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, KCYM സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യൂ ഉടയാടി, പാലാ രൂപത SMYM ഡയറക്ടര്‍ പൈയിലച്ചന്‍, കാഞ്ഞിരപ്പള്ളി SMYM ഡയറക്ടര്‍ കൊച്ചുപുരയ്ക്കലച്ചന്‍, പാലാ കാഞ്ഞിരപ്പിള്ളി ചങ്ങനാശ്ശേരി രൂപതയിലെ SMYM പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാരായ സാം സണ്ണി, ജോബിന്‍, ആദര്‍ശ്, പാസ്റ്റര്‍ സെക്രട്ടി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. സഭാ നേതൃത്വത്തിന്റെ ചിന്തകള്‍ക്ക് സഭയുടെ യുവജന സംഘടനകള്‍ സപ്പോര്‍ട്ട് കൊടുക്കുന്നു എന്നത് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിയേറുന്നു എന്നതിന് തെളിവാണ്.
ഫാ. ജേക്കബ് ചക്കാത്രയുടെ പ്രസംഗം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഷിബു മാത്യൂ
മനുഷ്യത്വത്തിൻ്റെ വികാരം എല്ലാവർക്കും ഒരുപോലെയാണ്. പരിശുദ്ധമായ അൾത്താരയിൽ നിന്ന് പ്രഘോഷിക്കപ്പെടുന്നത് സാഹോദര്യത്തിന് നിരക്കാത്തതല്ല. അക്കാര്യത്തിൽ ആരും രണ്ടാമതൊന്നു ശങ്കിക്കേണ്ട! ക്രിസ്ത്യാനിക്ക് ഒറ്റ ശത്രുവേ ഉള്ളൂ.. അത് പിശാചാണ്. കുറവിലങ്ങാട് പള്ളിയിൽ എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായതോടെ, അതിനുള്ള വിശദീകരണവുമായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്ററ്യൻ കുട്ടിയാനിയിൽ രംഗത്തുവന്നു. ഇന്ന് രാവിലെ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്.
എട്ട്നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് രൂപതാധ്യക്ഷൻ സൂചിപ്പിക്കപ്പെട്ട ആശയങ്ങൾ സമൂഹത്തിൽ വളരെ ചർച്ചയായിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം. ഒരു മതത്തേയോ, സമുദായത്തേയോ, ഒരു പ്രത്യയശാസ്ത്രത്തെയോ മറ്റ് ആരെയെങ്കിലെയോ പ്രത്യക്ഷമായോ പരോക്ഷമായോ അധിക്ഷേപിക്കപ്പെടുന്ന പ്രഘോഷണം ആയിരിന്നില്ല ഇവിടെ നടന്നത്. ക്രിസ്തീയ വിശ്വാസത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ കളയ്ക്ക് സമാനമായ ചിന്താഗതികൾ പ്രത്യക്ഷപ്പെടാനായിട്ടുള്ള സാഹചര്യം ഉണ്ടെങ്കിൽ, അതിനെ തിരിച്ചറിയണം എന്ന ഓർമ്മക്കുറിപ്പ് ധാർമ്മീകമായ മാനത്തിൽ അരുൾ ചെയ്യാനായിട്ട് ശ്രമിച്ച ഒരു ഇടയനെടുത്ത ഒരു സുവിശേഷ ഭാഗത്തിൻ്റെ വിശദീകരണമാണ് ഈ ദേവാലയത്തിൽ നടന്നത്. മതസ്പർദ വളർത്തുന്ന രീതിയിലുള്ള ഒരു വാക്ക് പോലും ഈ ദേവാലയത്തിൽ നിന്ന് ഉച്ഛാരണം ചെയ്യപ്പെട്ടിട്ടില്ല. ക്രിസ്ത്യാനിക്ക് ഒരു മത വിശ്വാസികളോടും ശത്രുതയില്ല. എല്ലാ മത വിശ്വാസികളും ഒരുമിച്ച് ജീവിക്കേണ്ട ജനാധിപത്യ സംവിധാനമുള്ള ഈ നാട്ടിൽ ഒരു മതം മറ്റൊരു മതത്തെ വെല്ലുവിളിക്കുന്നില്ല. അങ്ങനെയൊരു സുവിശേഷമല്ല ക്രിസ്ത്യാനിയുടേത്.
തിന്മ ലോകത്തിലുള്ളപ്പോൾ അതിനെതിരെ കണ്ണടയ്ക്കണം എന്നല്ല സുവിശേഷം പറയുന്നത്. തിന്മ ചൂണ്ടിക്കാണിക്കാനായിട്ടുള്ള ന്യായമായ അവകാശം നന്മയുടെ വക്താക്കളായ ക്രിസ്ത്യാനിക്കുണ്ട്. ലോകത്തിൽ തിന്മയുണ്ടാകുമ്പോൾ അത് ചൂണ്ടിക്കണിക്കുവാനുള്ള ധാർമ്മിക ശക്തിയാണ് സുവിശേഷം. അഭിവന്ദ്യ കല്ലറയ്ങ്ങാട്ട് പിതാവ് അത് ഒരു പടി മുന്നിലേ ചുണ്ടിക്കാണിച്ചു എന്നു മാത്രം.
ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ വചന സന്ദേശത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.