ന്യൂസ് ഡെസ്ക് മലയാളം യുകെ

നഗരത്തിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവായ മകനെ സ്വന്തം അമ്മ ദിവസം രണ്ടും മൂന്നും തവണ ഫോണിൽ വിളിക്കാറുണ്ട്. എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? അവൻ രാവിലെ കാപ്പി കുടിച്ചോ ഉച്ചയ്ക്ക് ചോറുണ്ടോ രാത്രി അത്താഴം കഴിച്ചോ എന്നും മറ്റും ചോദിക്കുവാൻ വേണ്ടി! ഇതിനെ ഒരു സ്നേഹപ്രകടനം ആയി കരുതുന്നതിൽ തെറ്റില്ലായിരിക്കാം. എന്നിരുന്നാലും ഇതിന്റെ പുറകിൽ മറ്റൊരു മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ ഇങ്ങനെ ഒരു സ്നേഹ പ്രകടനത്തിന്റെ ആവശ്യമുണ്ടോ? എന്റെ ബന്ധത്തിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു*. അദ്ദേഹം ഫാമിലി തെറാപ്പിയും മറ്റും ചെയ്യുന്ന പ്രഗത്ഭനായ ഒരു മന:ശ്ശാസ്ത്രജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു കുടുംബത്തിൻറെ പ്രശ്നം പഠിക്കുവാൻ ഇടയായി. അവിടെ ഒരു ചെറുപ്പക്കാരന്റെ അമ്മ ഇങ്ങനെ പറയുകയുണ്ടായി-” ഞാൻ അവനെ വെളുപ്പിനെ വിളിച്ച് എഴുന്നേൽപ്പിക്കാറുണ്ട്; അവൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ഉറപ്പുവരുത്തും; രാത്രിയിൽ അവൻ ഉറങ്ങിയ ശേഷമേ ഞാൻ ഉറങ്ങാറുള്ളു. അമ്മ എന്ന നിലയിൽ ഇതൊക്കെ ചെയ്യേണ്ടത് എന്റെ കടമയല്ലേ?” അദ്ദേഹം മറുപടി പറഞ്ഞു “പോരാ അല്പം മുലപ്പാൽ കൂടി കൊടുക്കണം”

വാസ്തവത്തിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ മക്കൾക്ക് ആവശ്യമില്ല. അവർക്ക് അത് ഒരു തലവേദന ആവാനേ വഴിയുള്ളൂ. എന്നിട്ടും എന്തിനാണ് മാതാപിതാക്കൾ ഇപ്രകാരം ചെയ്യുന്നത്? ഈ മാതാപിതാക്കൾക്ക് മറ്റ് പണിയൊന്നുമില്ലേ? കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതിന് മാതാപിതാക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? മുതിർന്നവരെ മുലയൂട്ടുന്ന പ്രക്രിയ രണ്ടു കൂട്ടരെയും ദുഷിപ്പിക്കുകയല്ലേ ചെയ്യുകയുള്ളൂ ? മുമ്പു സൂചിപ്പിച്ചത് പോലെ ഇതിന്റെ പുറകിൽ ഒരു മന:ശ്ശാസ്ത്രം കിടപ്പുണ്ട്. മാതാപിതാക്കളുടെ ഇത്തരം സ്നേഹപ്രകടനങ്ങൾ ഒരു തരം കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ഒരുതരം കുറ്റബോധം ഉറങ്ങിക്കിടക്കുന്നു(Parent’s Guilt Complex). അതിനെക്കുറിച്ച് അവർക്ക് ബോധമില്ല. എങ്കിലും അത് അവരിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽതന്നെ, അധ്യാപകരുടെയും, മുതിർന്നവരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും സഹായത്താൽ അടിച്ചമർത്തി അവരെ കഴകംകെട്ടവരാക്കി മാറ്റിയത് തങ്ങൾ തന്നെയാണെന്ന കുറ്റബോധം മാതാപിതാക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.

വാസ്തവത്തിൽ എന്താണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? കുട്ടികൾ കഴകം കെട്ടവരായി കാണപ്പെടുന്നു. വാസ്തവത്തിൽ അവർ കഴകം കെട്ടവരാണോ? ഒരിക്കലുമല്ല !സമൂഹം അവരെ കഴകം കെട്ടവരാക്കി മാറ്റുന്നു! ചെറുപ്രായം തൊട്ടേയുള്ള ശക്തമായ അടിച്ചമർത്തലിൽ അവർ കഴകംകെട്ടവരായി മാറുന്നു. അവിടം തൊട്ട് പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. അവരുടെ കാര്യങ്ങൾ ആര് നോക്കും? സ്നേഹമാണെന്ന വ്യാജേന കുട്ടികൾക്കു മാതാപിതാക്കൾ കൊടുക്കുന്നത് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണ്. അതവരെ കൂടുതൽ വഷളാക്കുകയും ദുഷിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. ചെറുപ്രായം തൊട്ടേ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിനടത്തുന്നത് മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും മറ്റും ആണല്ലോ .എന്നിട്ടും കുട്ടികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം മുതിർന്നവർ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല? വാസ്തവത്തിൽ അവരെ വഷളാക്കുന്നത് ഈ മേൽനോട്ടം തന്നെ ആണെന്നുള്ളത് മുതിർന്നവർ അറിയുന്നില്ല. കുട്ടികൾ മുതിർന്നവരിൽ നിന്ന്- മാതാപിതാക്കളിൽനിന്ന് പോലും- സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ല. അവർ ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- സ്വാതന്ത്ര്യം… അത് നാം അവർക്ക് കൊടുക്കുന്നുമില്ല! എന്തുകൊണ്ട് നാം അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല? കാരണം സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മെ ഇട്ടേച്ചു പോകും എന്ന് നമുക്കറിയാം.

നാം അതിനെ ഭയപ്പെടുന്നു. പുറത്ത് പോയാൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ? സമൂഹം ചീത്തയല്ലേ? അല്ലയോ മാന്യന്മാരെ.. സമൂഹം ചീത്തയാണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നില്ല. അതിന് പകരം കുട്ടികളെ നന്നാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ ? സമൂഹത്തിന്റെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടത് പാവം കുട്ടികൾ ആണോ? നിങ്ങൾ എന്താണ് കരുതുന്നത് ? നിങ്ങളുടെ വീരശൂര പരാക്രമങ്ങൾ പാവം കുട്ടികളുടെയടുത്തല്ല കാണിക്കേണ്ടത്. സമൂഹത്തിൽ നിങ്ങളുടെ സമപ്രായക്കാരെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുവിൻ. അപ്പോൾ കുട്ടികൾ താനെ നന്നായിക്കൊള്ളും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.