Spiritual

സി . ലീന മേരി

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ തിരുപിറവിയുടെ തിരുകര്‍മ്മങ്ങള്‍ ഡിസംബര്‍ 24ാം തീയതി രാത്രി 11.30നും 25ാം തിയതി രാവിലെ 7.45നും ഫിഷ്‌പോണ്ട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തപ്പെടുന്നു. 25 നോമ്പിന്റെ ചൈതന്യത്തില്‍ പിറവി തിരുന്നാളിന് ഒരുക്കമായി അനുഗ്രഹ പ്രദമായ വാര്‍ഷിക ധ്യാനവും കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ആഘോഷമായ ദിവ്യബലിയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ബ്രിസ്‌റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് ആയിരിക്കും. യുവ ജനങ്ങളുടെ നേതൃത്വത്തിലുള്ള ഗായക സംഘം അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് ഗാനങ്ങള്‍ ദിവ്യബലിക്കു ശേഷമുണ്ടാകും.

ബത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണി യേശുവിന്റെ ആ ലാളിത്യം നമ്മുടെ ഹൃദയങ്ങളെ നൈര്‍മല്യമുള്ള ഒരു പുല്‍ക്കൂട്ടായി രൂപാന്തരപ്പെടുത്തുവാനും ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയത്തില്‍ ജനിപ്പിക്കുവാനും അതുവഴി സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് എല്ലാവര്‍ക്കും ഉണ്ടാവട്ടെയെന്ന് ആശംസിച്ചുകൊണ്ട് എസ്ടിഎസ്എംസിസി ബ്രിസ്‌റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയ് എന്നിവര്‍ എല്ലാ കുടുംബങ്ങളേയും സസ്‌നേഹം ക്ഷണിക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ പിറവി തിരുനാൾ കർമ്മങ്ങൾ ഇന്ന് വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുമെന്ന് കത്തീഡ്രൽ വികാരി റെവ. ഡോ . വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു . തിരു കർമ്മങ്ങൾക്കു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും ആറ് മണിക്ക് ക്രിസ്മസ് ഗാന ശുശ്രൂഷ ആരംഭിക്കും , തുടർന്ന് നേറ്റിവിറ്റി പ്ലേ, പിറവി യുടെ തിരുകർമ്മങ്ങൾ , വിശുദ്ധ കുർബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് , ക്രിസ്മസ് ദിനത്തിൽ രാവിലെ ഒൻപതു മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും നടക്കുന്ന പിറവിത്തിരുന്നാൾ കർമ്മങ്ങളുടെ സമയക്രമം ചുവടെ . ഇതിൽ പരാമർശിക്കാത്ത സ്ഥലങ്ങളിലെ മിഷനുകളിലെയും , കേന്ദ്രങ്ങളിലെയും സമയക്രമം അറിയുവാൻ അതാതു സ്ഥലത്തെ പ്രീസ്റ്റ് ഇൻചാർജുമായി ബന്ധപ്പെടുക .

ഹൾ . മിഡിൽസ്ബറോ രൂപതയിലെ ഹൾ സെന്റ് ആന്റണീസ് ആൻഡ് ഔർ ലേഡി ഓഫ് മേഴ്‌സി ദേവാലയത്തിൽ രാത്രി ഒൻപതേ മുക്കാലിന് പിറവിയുടെ തിരുക്കർമ്മങ്ങളും വിശുദ്ധ കുർബാനയും നടക്കുമെന്ന് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു .

ലിവർപൂൾ . ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ പിറവിതിരുനാൾ കർമ്മങ്ങൾ ഇന്ന് രാത്രി എട്ടു മുപ്പതിനും , തുടർന്ന് കരോൾ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും , ക്രിസ്മസ് ദിനത്തിൽ രാവിലെ ഒൻപതു മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , സാൽഫോർഡിൽ ഇന്ന് രാത്രി ഒൻപതു മണിക്കും ,ട്രാഫോഡിൽ രാത്രി ഒൻപതു മണിക്കും ,ബ്ലാക്ക്പൂളിൽ ഇന്ന് രാത്രി ഒൻപതേ മുക്കാലിനും , തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കുമെന്ന് റെവ. ഫാ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് അറിയിച്ചു .

മാഞ്ചസ്റ്റർ .സെന്റ് മേരീസ് ക്നാനായ മിഷനിൽ രാത്രി ഏഴു മുപ്പതിന് പിറവിതിരുനാൾ കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കുമെന്ന് റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ അറിയിച്ചു

ലെസ്റ്റർ . ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ പിറവിയുടെ തിരുകർമ്മങ്ങൾ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 5 . 30 നു കരോൾ ഗാന ശുശ്രൂഷ തുടർന്ന് ആറ് മണിക്ക് ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബാന , വൈകിട്ട് ഒൻപതു മണിക്ക് മലയാളത്തിൽ ഉള്ള തിരുക്കർമ്മങ്ങൾ നടക്കും .തുടർന്ന് കരോൾ ഗാന ശുശ്രൂഷയും നടക്കും .

ബോൾട്ടൻ . ഇന്ന് രാത്രി ഒന്പതു മണിക്ക് പിറവിയുടെ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കുമെന്നു റെവ. ഡോ . മാത്യു പിണക്കാട് അറിയിച്ചു .

ന്യൂകാസിൽ . ഇംഗ്ലീഷ് മാർട്ടയേർസ് മിഷനിൽ ഇന്ന് രാത്രി ഒൻപതു മുപ്പതിന് ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് പള്ളിയിൽ പിറവിതിരുനാൾ കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കും , ഫാ. സജി തോട്ടത്തിൽ കാർമികത്വം വഹിക്കുമെന്ന് ഫാ. സിറിയക് പാലക്കുടി അറിയിച്ചു .

സെന്റ് സ്റ്റീഫൻസ് ക്നാനായ മിഷൻ ന്യൂകാസിൽആൻഡ് മിഡിൽസ്ബറോ . പിറവിയുടെ തിരുകർമ്മങ്ങളും , വിശുദ്ധ കുർബാനയും ഇന്ന് രാത്രി ഏഴരക്കു ജാരോ സെന്റ് മാത്യൂസ് ദേവാലയത്തിൽ നടക്കുമെന്ന് ഫാ.സജി തോട്ടത്തിൽ അറിയിച്ചു .

മാഞ്ചെസ്റ്റെർ . ഇന്ന് വൈകുന്നേരം 6 മണിക്ക് സെൻട്രൽ മാഞ്ചെസ്റ്ററിലും ,എട്ടു മുപ്പതിന് വിഥിൻഷാ സെന്റ് ആന്റണീസ് ദേവാലയത്തിലും രാത്രി പതിനൊന്നു മുപ്പതിന് വിരാൽ സെന്റ് ജോസഫ് മിഷനിലും പിറവിയുടെ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കുമെന്ന് റെവ. ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .

സ്റ്റോക്ക് ഓൺ ട്രെൻഡ് . ബർസലേം പള്ളിയിൽ ഇന്ന് വൈകുന്നേരം മൂന്നുമണിക്കും , ക്രിസ്മസ് ദിനത്തിൽ സ്റ്റോക്ക് പള്ളിയിൽ രാവിലെ എട്ടു മുപ്പതിനും തിരുക്കർമ്മങ്ങൾ നടക്കുമെന്നു ഫാ. ജോർജ് എട്ടുപറ അറിയിച്ചു .

ലണ്ടൻ . ലണ്ടനിലെ വിവിധ ദേവാലയങ്ങളിലെ ക്രിസ്മസിനോടനുബന്ധിച്ചുള്ള ശുശ്രൂഷകൾ താഴെപറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതായി ഫാ. സെബാസ്റ്റ്യൻ ചാമക്കാല അറിയിച്ചു . ഇന്ന് രാവിലെ 11 മണിക്ക് സ്റ്റീവനേജ് , 4 മണിക്ക് വാറ്റ്ഫോഡ് ,6 .45 ന് ഹെയ്സ് , രാത്രി എട്ടു മണിക്ക് ഹോൻസ്ലോ എന്നിവടങ്ങളിലുള്ള വിവിധ ദേവാലയങ്ങളിൽ പിറവിയുടെ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട് .

ലണ്ടൻ . സെന്റ് മാർക്ക് മിഷന്റെ തിരുപ്പിറവി കർമ്മങ്ങൾ ചിസിൽ ഹസ്റ്റ് സെന്റ് പാട്രിക് ദേവാലയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കും ,സെന്റ് പാദ്രെ പിയോ മിഷന്റെ പിറവി തിരുനാൾ കർമ്മങ്ങൾ വൈകിട്ട് ഏഴു മണിക്ക് എയിൽസ്‌ഫോർഡിലും നടക്കുമെന്ന് ഫാ. ടോമി എടാട്ട് അറിയിച്ചു .

കേംബ്രിഡ്ജ് . ഇന്ന് രണ്ടു മണിക്ക് ഹണ്ടിങ്ങ്ടൻ സെന്റ് മൈക്കിൾസ് ദേവാലയത്തിലും , അഞ്ചു മണിക്ക് പാപ് വർത്ത് സെന്റ് പീറ്റേഴ്‌സ് പള്ളിയിലും . 25 നു വെളുപ്പിന് മൂന്നു മണിക്ക് പീറ്റേർബറോ സെന്റ് ലൂക്സ് പള്ളിയിൽ പിറവിതിരുനാൾ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കും ,കേംബ്രിഡ്ജ് സെന്റ് ഫിലിപ്സ് പള്ളിയിൽ ക്രിസ്മസ് ദിനത്തിൽ രാവിലെ ഏഴു മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും എന്ന് ഫാ. ഫിലിപ്പ് പന്തമാക്കൽ അറിയിച്ചു .
നോട്ടിംഗ്ഹാം . സെന്റ് ഗബ്രിയേൽ മിഷനിൽ ഇന്ന് വൈകിട്ട് പത്തരയ്ക്ക് പിറവിതിരുനാളിന്റെ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. നോട്ടിംഗ്ഹാം സെന്റ് ജോൺസ് മിഷനിൽ ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്നും ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു .

ബ്രിസ്റ്റോൾ . സെന്റ് തോമസ് മിഷനിൽ ഇന്ന് രാത്രി പതിനൊന്നു മുപ്പതിന് പിറവി തിരുനാൾ കർമ്മങ്ങളും വിശുദ്ധ കുർബാനയും നടക്കും ,ക്രിസ്മസ് ദിനത്തിൽ രാവിലെ 7 . 45 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , വെസ്റ്റേൺ സൂപ്പർ മേയറിൽ ക്രിസ്മസ് ദിനത്തിൽ കോർപ്പസ് ക്രിസ്റ്റി ദേവാലയത്തിൽ ഉച്ചക്ക് ഒരു മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു .
കൊവെൻട്രി . ഇന്ന് രാത്രി 10 . 15 നു സെന്റ് ജോൺ ഫിഷർ ദേവാലയത്തിൽ പിറവിയുടെ തിരുക്കർമ്മങ്ങളും നടക്കുമെന്ന് ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ അറിയിച്ചു .

ലീഡ്സ് ആൻഡ് ഷെഫീൽഡ് . സെന്റ് മേരീസ് മിഷനിൽ ഇന്ന് വൈകിട്ട് ഒൻപതു മണി മുതൽ കരോൾ ഗാന ശുശ്രൂഷയും , പത്തു മണിക്ക് പിറവിത്തിരുന്നാൾ കർമ്മങ്ങളും , തുടർന്ന് വിശുദ്ധ കുർബാനയും , സെന്റ് മറിയം ത്രേസിയാ മിഷൻ ഷെഫീൽഡിൽ ഇന്ന് വൈകിട്ട് ഒൻപതു മണിക്ക് തിരുക്കർമ്മങ്ങളും നടക്കുമെന്ന് ഫാ. മാത്യു മുളയോലിൽ അറിയിച്ചു .

ഹാമിൽട്ടൺ . സെന്റ് കത് ബെർട്സ് പള്ളിയിൽ ഇന്ന് വൈകുന്നേരം ഒൻപതു മണിക്ക് പിറവിത്തിരുന്നാൾ കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കുമെന്ന് ഫാ. ജോസഫ് വെമ്പാടും തറ അറിയിച്ചു .

ബിർമിംഗ് ഹാം . സെന്റ് ബനഡിക്ട് മിഷനിൽ പിറവി തിരുനാൾ കർമ്മങ്ങളും വിശുദ്ധ കുർബാനയും ഇന്ന് വൈകുന്നേരം നടക്കും , എട്ടു മണിക്ക് കരോൾ ഗാന ശുശ്രൂഷ നടക്കും , തുടർന്ന് 9 . 30 നു പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങളും , വിശുദ്ധ കുർബാനയും നടക്കുമെന്ന് ഫാ.ടെറിൻ മുല്ലക്കര അറിയിച്ചു .

ഗ്ലാസ്കോ. സെന്റ് തോമസ് സീറോ മലബാർ മിഷനിൽ ഇന്ന് വൈകുന്നേരം ഒൻപതു മണിക്ക് തിരുക്കർമ്മങ്ങൾ നടക്കും , ക്രിസ്മസ് ദിനത്തിൽ രാവിലെ പതിനൊന്നു മാണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് ഫാ. ബിനു കിഴക്കേ ഇളംതോട്ടം അറിയിച്ചു .

ഇതിൽ പരാമർശിക്കാത്ത സ്ഥലങ്ങളിലെ മിഷനുകളിലെയും , കേന്ദ്രങ്ങളിലെയും സമയക്രമം അറിയുവാൻ അതാതു സ്ഥലത്തെ പ്രീസ്റ്റ് ഇൻചാർജുമായി ബന്ധപ്പെടുക .

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഡിസംബർ മാസം 25-ാം തീയതി ബുധനാഴ്ച ക്രിസ്മസ് ദിനത്തിൽ മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഫാ. ഐസക് ആലഞ്ചേരി

ക്രിസ്തുമസ് ദൈവകരുണയുടെ അനുസ്മരണമാണ്. ആദിമാതാപിതാക്കളുടെ പാപം പറുദീസായുടെ സമൃദ്ധിയിൽ നിന്ന് മണ്ണിനോട് മല്ലിടുവാൻ, ലോകത്തിന്റെ ബുദ്ധിമുട്ടുകളിലേയ്ക്കിറങ്ങുവാൻ കാരണമായി. തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് കരുണ കാണിക്കുന്ന ദൈവം ശിക്ഷയ്ക്കൊപ്പം അവന്റെ രക്ഷയ്ക്കായുള്ള പദ്ധതി ക്രമീകരിക്കുകയും ചെയ്തു. “”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവന്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും” (ഉല്പത്തി 3; 15) എന്ന ശിക്ഷാവചനങ്ങളിൽ സർപ്പത്തിന്റെ തല തകർക്കുന്ന വരുവാനുള്ള രക്ഷകന്റെ വാഗ്ദാനം ദൈവം ഉൾച്ചേർത്തു. പറുദീസായുടെ പുറത്തേയ്ക്കുള്ള വാതിൽ ആദിമാതാപിതാക്കൾക്ക് പ്രത്യാശയോടെയുള്ള ഒരു പടിയിറക്കമായിരുന്നു. നഷ്ടങ്ങളേക്കാളധികം രക്ഷയുടെ വലിയ വാഗ്ദാനമായി ദൈവകാരുണ്യം മാറുകയായിരുന്നു.ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവാനുഗ്രഹങ്ങൾ വിസ്മരിച്ച് മനുഷ്യൻ അവിടുന്നിൽ നിന്നകലുമ്പോഴും വിശ്വസ്തതയോടെ കാത്തിരിക്കുന്നവനാണ് ദൈവം.

സമയത്തിന്റെ തികവിൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവം ഭൂമിയിലാഗതനാകുന്നു- ക്രിസ്തുമസിൽ. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു രക്ഷകനായ ഇൗശോയുടെ ജനനം (ലൂക്കാ 2;10). തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന സ്വഭാവം കൈമുതലാക്കിയവനും അവിടുത്തെ തീക്ഷ്ണതയോടെ ആശിച്ചു കാത്തിരിക്കുന്നവനും ദൈവകരണയുടെ സമ്മാനമാണ് കാലിത്തൊഴുത്തിൽ ഭൂജാതനാകുന്ന ഇൗശോ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ച (യോഹ 3; 16) ദൈവപിതാവിന്റെ മനുഷ്യസമൂഹത്തോടുള്ള കരുണ വർണ്ണനാതീതമാണ്.
ദൈവകരുണ ഉത്സവമാക്കേണ്ടവരാണ് നാമെല്ലാവരും. കരുണയുടെ വർഷം പ്രഖ്യാപിച്ച പരിശുദ്ധപിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ദൈവകരുണയെ നിരന്തര ധ്യാന വിഷയമാക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. “സ്നേഹത്തിന്റെ യഥാർത്ഥമുഖം കരുണ’യാണെന്ന് പാപ്പാ ഒാർമ്മപ്പെടുത്തുന്നു. “”നിങ്ങളുടെ സ്വർഗ്ഗീയപിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6;36). കരുണയില്ലാത്തവന്റെ ഹൃദയം മഞ്ഞുപോലെ തണുത്തുറഞ്ഞതാണെന്നും അവന് ഇൗശോയുടെ യഥാർത്ഥ അനുഗാമിയാകുവാൻ സാധിക്കുകയില്ലെന്നും പരിശുദ്ധപിതാവ് ഒാർമ്മപ്പെടുത്തുന്നു.

ഇൗ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിന്റെ കരുണയുടെ ആഘോഷമായി നാം മാറ്റുമ്പോൾ ദൈവം കൂടെ വസിക്കുന്ന ഇമ്മാനുവേൽ അനുഭവം നമുക്കു സ്വന്തമാക്കാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ദൈവകരുണയുടെ അനുസ്മരണമായ ക്രിസ്തുമസിൽ, ജീവിതവേദനകളിലും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും കഴിയുന്ന നമ്മുടെ സഹോദരരോട് കരുണ കാണിച്ചു കൊണ്ട്, കരുണയുടെ ഇൗ ആഘോഷത്തെ ഫലപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഐസക് ആലഞ്ചേരി ചാൻസിലർ ചങ്ങനാശേരി അതിരൂപത

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

 

 

ആഷ്‌ഫോർഡ് :- തപ്പിന്റെയും, കിന്നരത്തിന്റെയും, കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തകർ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നൽകിയും, പുതുവത്സര ആശംസകൾ നേർന്നും, അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ആഷ്‌ഫോർഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദർശിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ ശക്തമായ സഹകരണം കരോൾ സർവീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കരോളിന്റെ അവസാനദിവസം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ലോഗോ “വെള്ളിത്താരം” അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം ക്രിസ്തുമസ് കരോൾ സർവീസ് വൻ വിജയമാക്കി തീർത്ത ഏവർക്കും സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

“വെള്ളിത്താരം” – 2019ജനുവരി 11- )o തീയതി ശനിയാഴ്ച വൈകിട്ട് 3 മണി മുതൽആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിൽ (Norton Knatchbull ) വച്ച് ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15 -)o മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ (“വെള്ളിത്താരം”) നടത്തപ്പെടുന്നു.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ ആഘോഷങ്ങളിൽ 100 ൽ പരം ആളുകളെ പങ്കെടുപ്പിച്ച് വൻ വിജയം വരിച്ച ഫ്ലാഷ് മോബിൽ നിന്നും, മെഗാ തിരുവാതിരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 50 ൽ പരം യുവതികളെ അണിനിരത്തി ക്രിസ്ത്യൻ നൃത്തരൂപമായ മെഗാ മാർഗ്ഗം കളിയോടുകൂടി പരിപാടികൾക്ക് തുടക്കംകുറിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സജികുമാർ ഗോപാലൻ ഉദ്ഘാടനം ചെയ്യും. ലീഗൽ അഡ് വൈസറും, സാമൂഹ്യപ്രവർത്തകനും, പ്രശസ്ത വാഗ്മിയുമായ ജേക്കബ് എബ്രഹാം ക്രിസ്തുമസ് ദൂത് നൽകും.

5 മണിക്ക് “വെള്ളിത്താരം” ആഘോഷങ്ങൾക്ക് തിരശീല ഉയരും. പെൺകുട്ടികളുടെ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന അവതരണ നൃത്തത്തോടെ പരിപാടികൾ ആരംഭിക്കും. 70 ൽ പരം കലാകാരൻമാരും, കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന “വെള്ളിത്താരം” നൃത്ത സംഗീത ശിൽപവും, ക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, സിനിമാറ്റിക് ഡാൻസുകൾ എന്നിവയാൽ “വെള്ളിത്താരം”സമ്പന്നമായ ഒരു കലാവിരുന്നും, വ്യത്യസ്ത അനുഭവവും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു. വെള്ളിത്താരത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് മലയാളി അസോസിയേഷന്റെ ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിച്ചു.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാന്‍ ഇരു­പ­ത്തി­യഞ്ചുനോമ്പു ­നോക്കി ഉള്ളി­ലൊരു പുല്‍കൂട് പണി­യാന്‍ ശ്രമി­ക്കു­ക­യാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പു­കാലം.നോമ്പ് അപ­ര­നെ­തിരെ വാക്കിന്റെ നോട്ട­ത്തിന്റെ ചെയ്തി­യുടെ അമ്പ് ­തൊ­ടുത്തു വിടാ­ത്ത­കാ­ല­മാ­കണം. ക്രിസ്തു­മസ്സ് ഒരു ഓര്‍മ്മ­പ്പെ­ടു­ത്താ­ലാണ് എളി­മ­യുടെ, സ്‌നേഹ­ത്തിന്റെ, മറ­വി­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍. തന്റെ സൃഷ്ടിയെ രക്ഷി­ക്കാന്‍ അവ­നോ­ടൊപ്പം സഞ്ച­രി­ക്കാന്‍ അനേകം നാള്‍ ദൈവം കണ്ട വലിയ സ്വപ്ന­ത്തിന്റെ പൂവ­ണി­യ­ലാണ് ക്രിസ്തു­മസ്സ്.

പുല്‍ക്കൂ­ടിന്റെ മുന്നില്‍ ചെന്നു നില്ക്കു­മ്പോള്‍ നിര­വധി ധ്യാന­ചി­ന്ത­കള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കു­ന്നു­ണ്ട്. വലിയ കൂടാ­ര­ങ്ങള്‍ക്ക് മുന്നില്‍ നാം പണി­യുന്ന ചെറിയ പുല്‍ക്കൂടു­കള്‍ നമ്മോടു പറ­യു­ന്നത് എളി­മ­യുടെ സുവി­ശേ­ഷ­മാ­ണ്, ചെറു­താ­ക­ലിന്റെ സന്ദേ­ശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒ­രി­ക്കലും പണി­യു­ന്നില്ല. പണി­ത­ാല്‍ അത് പുല്‍ക്കൂടും ആകു­ന്നി­ല്ല. പുല്‍ക്കൂടിന് പറ­യാ­നു­ള്ളത് നീ എന്നോളം ചെറു­താ­ക­ണ­മെ­ന്നാ­ണ് പറ്റുമോ നിന­ക്ക്?. പുല്‍ക്കൂ­ടിലെ നക്ഷത്രം പറ­യു­ന്നത് നീ നേരിന്റെ വഴി­യുടെ പ്രകാ­ശ­മാ­ക­ണം. സത്യ­ത്തിന്റെ പാത­യില്‍ നിന്റെ സഹോ­ദ­രനെ നയിച്ച് ദൈവ­ത്തില്‍ എത്തി­ക്കണം നീ.

പുല്‍ക്കൂ­ട്ടിലെ ജ്ഞാനി­കള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാ­നി­ക­ളാ­യി­രുന്നു അവ­രുടെ ജ്ഞാന ദൃഷ്ടി­യില്‍ അവര്‍ ദൈവത്തെ അന്വേ­ഷി­ച്ചത് ഹെറോ­ദോ­സിന്റെ കൊട്ടാ­ര­ത്തില്‍ ആയി­രു­ന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെ­ത്താനായില്ല അവ­രുടെ അന്വേ­ഷണം അനേകം പിഞ്ചു­കു­ഞ്ഞുങ്ങ­ളുടെ മര­ണ­ത്തില്‍ കലാ­ശി­ച്ചു. ഒടു­വില്‍ ദൈവ­ദൂ­തന്റെ അരു­ളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങി­യ­പ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനാ­യ­ത്. ജ്ഞാനി­കള്‍ നൽകുന്ന സന്ദേശം ഈ ലോക­ത്തിന്റെ ജ്ഞാനം ഒന്നു­മല്ല നീ അധി­കാ­ര­ത്തിന്റെ ലൗകീ­ക­സു­ഖ­ങ്ങ­ളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴി­തെറ്റും അതു­മല്ല നീ വലിയ അപ­കട­ത്തില്‍ ചെന്നു ചാടും.

ആട്ടി­ട­യ­ന്മാര്‍, വിദ്യാ­ഭ്യാസം ഒട്ടു­മി­ല്ലാത്ത സാധ­ര­ണ­ക്കാരായി­രു­ന്നു നാളെ­പറ്റി വ്യാകു­ല­പ്പെ­ടാ­ത്ത­വര്‍. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്‌ക­ള­ങ്കര്‍ ആക­നാണ് എന്നാലെ ദൈവ­ത്തിന്റെ മഹ­ത്വം ആദ്യം ദര്‍ശി­ക്കാന്‍ കഴി­യൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മി­പ്പി­ക്കു­ന്നത് മാല­ഖ­യോട് ഒരു വാക്കു­പോലും മറുത്ത് പറ­യാതെ ഇതാ കര്‍ത്താ­വിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവി­ക്കട്ടെ എന്നു പറഞ്ഞ് എളി­മ­യോടെ കര്‍ത്താ­വിന്റെ വച­ന­ത്തില്‍ വിശ്വ­സി­ച്ച­വള്‍ അതി­നാ­ലാണ് അവള്‍ക്ക് ക്രിസ്തു­വിന്റെ അമ്മ­യാ­കാന്‍ ഭാഗ്യം ലഭി­ച്ചത്.പുല്‍ക്കൂ­ട്ടിലെ അമ്മ­ത­രുന്ന സന്ദേശം നിങ്ങളും എളി­മ­യുടെ വാഹ­ക­രാ­ക­നാ­ണ്. യൗസേ­പ്പി­താ­വിന് പറ­യാ­നുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവ­ത്തിന്റെ അരു­ള­പാ­ടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവ­ച­ന­ങ്ങ­ളുടെ പിന്നാലെ പരക്കം പായേ­ണ്ട­വ­രല്ല നാം. സഹ­ന­ങ്ങ­ളില്‍ പ്രതി­സ­ന്ധി­ക­ളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാ­രിക്കണം. അവി­ടുന്ന് നിനക്ക് സത്യ­ങ്ങള്‍ വെളി­പ്പെ­ടു­ത്തി­തരും.

യൗസേപ്പും ജ്ഞാനി­കളും സ്വപ്നം കാണാന്‍ നമ്മെ പഠി­പ്പി­ക്കുന്നുണ്ട്. കന്യാ­ക­മ­റി­യത്തെ ഉപേ­ക്ഷി­ക്കാന്‍ തീരു­മാ­നിച്ച ജോസഫിനെയും, ഹെറോ­ദോ­സിന്റെ ഗൂഢ­ലോ­ച­ന­ക­ളില്‍ നിന്ന് വഴി­മാ­റി­ന­ട­ക്കാന്‍ ജ്ഞാനി­കളെയും പഠി­പ്പി­ച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ട­തു­കൊ­ണ്ടാണ്. മാല­ഖ­മാര്‍ക്ക് പറ­യാ­നു­ള്ളത് അസൂ­യ­യുടെ കൂപ്പു­ക­യ­ത്തില്‍ നിന്ന് അക­ന്നു­മാറി നിന്റെ നാവ് കൊണ്ട് സന്മ­നസ്സ് ഉള്ള­വര്‍ക്ക് സമാ­ധ­ന­ത്തിന്റെ ഗീതം ആശം­സി­ക്കണം. ക്രിസ്ത്യാനി സമ­ാധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രാ­ക­ണം. അങ്ങനെ അനേകം ചിന്ത­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരു­ന്നു. ഫലം ഏറെ­യുള്ള വൃക്ഷ­ത്തിനേ താഴ്ന്നു നില്ക്കാന്‍ പറ്റൂ . ഭൂമിക്ക് മിതേ കൃപ­ചെരിഞ്ഞ് ഫലം നല്കുന്ന വലിയ വട­വൃഷം കണക്കെ ക്രിസ്തു­വിന്റെ സ്‌നേഹം നമ്മെ പൊതിഞ്ഞു നില്ക്കു­ക­യാ­ണ്. പ്രകൃതിപോലും അനേകം കൊടു­ക്ക­ലിന്റെ പാഠ­ങ്ങള്‍ നമുക്ക് പകര്‍ന്നു നൽകു­ന്നു­ണ്ട്. പ്രതി­ഫലം അര്‍ഹി­ക്കാതെ നിര­വധി അനു­ഗ്ര­ഹ­ങ്ങള്‍ പ്രകൃതി നൽകു­ന്നു­ണ്ട് എന്നതു ധ്യാന­വി­ഷ­യ­മാ­ക്കേ­ണ്ട ­കാ­ര്യ­മാ­ണ്.

ക്രിസ്തു­മസ്സ് ഒരു മറ­വി­യുടെ ഒര്‍മ്മ­പ്പെ­ടു­ത്ത­ലാ­ണ്. അത് സ്‌നേഹ­മാ­ണ്. സ്‌നേഹി­ക്കു­ന്ന­വര്‍ക്കേ മറ­ക്കാന്‍ പറ്റൂ . പ്രപ­ഞ്ച­സൃ­ഷ്ടാ­വിനു ജനി­ക്കാന്‍ സ്വന്തം എന്നു പറ­യാന്‍ ഒരു കൂര­പോലും ഇല്ലാ­യി­രു­ന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാ­വിന്റെ സ്‌നേഹം. സ്വയം അവ­ഗണി­ക്കുക മനു­ഷ്യര്‍പോലും ഇഷ്ട­പ്പെ­ടാന്‍ ആഗ്ര­ഹി­ക്കാത്ത നിസ­ഹാ­യ­ത­യി­ലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്‌നേഹി­ച്ച­തു­കൊ­ണ്ടാണ് സ്വയം ചെറു­താ­യ­ത്. ശാന്ത­മായി ഒഴു­കു­ന്ന­പു­ഴ­പോലെ ശാന്ത­മായി ദൈവത്തെ അനു­ക­രി­ക്കാന്‍ എളി­മ­യുടെ വസ്ത്രം അണി­യാന്‍ സ്വയം ചെറു­താ­ക­ലിന്റെ അപ്പം കൊടു­ക്കാനും സ്വീക­രി­ക്കാനും മ­ഞ്ഞു­പെ­യ്യുന്ന ക്രിസ്തു­മസ്സ് രാവില്‍ ദൈവത്തിന്റെ അരു­ള­പാ­ടു­കളെ ശാന്ത­മായി സ്വപ്നം കാണാനും കഴി­യട്ടെ.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ബർമിങ്ഹാം : അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ബർമിങ്ഹാം സെഹിയോനിൽ ജനുവരി 4 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നയിക്കും .

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . രജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷൻ 4 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ സെഹിയോനിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ‌ മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077

യൂ കെ യൂറോപ്പ് ഭദ്രാസനത്തിൽ ശിശു സഹദെൻമ്മാരുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സ്വാൻസി ഹോളി ഇന്നസെന്റ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാൾ ഈ മാസം 26 , 26 ദിവസങ്ങളിൽ കൊണ്ടാടുന്ന വിവരം എല്ലാ വിശ്വാസികളെയും സസന്തോഷം അറിയിച്ചുകൊള്ളുന്നുയിരിക്കുന്ന സ്വാൻസി ഹോളി ഇന്നസെന്റ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാൾ ഈ മാസം 26 , 26 ദിവസങ്ങളിൽ കൊണ്ടാടുന്ന വിവരം എല്ലാ വിശ്വാസികളെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു

ദൈവസ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. “… തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാന്‍ 3:16) ഇതില്‍ കൂടുതല്‍ സ്നേഹിക്കാന്‍ എങ്ങനെയാണ് പറ്റുന്നത്. ദൈവം തനിക്ക് ഏറ്റം പ്രിയപ്പെട്ടതിനെ, ഏറ്റം പ്രിയപ്പെട്ടവനെ നമുക്കുവേണ്ടി നല്‍കിയ ദിനമാണ് ക്രിസ്മസ്. അതുകൊണ്ടാണ് ഇത് ദൈവസ്നേഹത്തിന്റെ ആഘോഷമായി മാറുന്നത്.

സ്നേഹത്തിന്റെ ഫലമായ ഈ ദാനത്തിനു പിന്നില്‍ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുണ്ട്. അത് നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറമിയ 29:11), പ്രവൃത്തിമൂലം തന്നില്‍ നിന്ന്‍ അകന്നുപോയ നമ്മെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍, തന്റെ സ്വന്തമാക്കി മാറ്റാന്‍, ദൈവമകനായി/ദൈവമകളായിതീര്‍ക്കാന്‍ ഉള്ള പദ്ധതി. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കള്‍ എന്ന്‍ നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാനുതാനും” (1 യോഹന്നാന്‍ 3:1).

ഈശോ തന്റെ പരസ്യജീവിത കാലത്ത് പ്രഘോഷിച്ചതൊക്കെയും അപ്പന്റെ ഈ സ്നേഹത്തെക്കുറിച്ചാണ്. ഉപേക്ഷിച്ചുപോയ മകനെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പന്‍ ഈ സ്നേഹത്തിന്റെ പ്രതീകമല്ലേ? നഷ്ടപ്പെട്ടുപോയ ഒരൊറ്റ ആടിനെയും തേടി കുന്നും മലയും കയറി ഇറങ്ങുന്ന ഇടയന്‍ ഈ സ്നേഹത്തിന്റെ അടയാളമല്ലേ? തേടി നടക്കുന്ന ജനത്തെക്കണ്ട് അനുകമ്പതോന്നുന്ന അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു വിളമ്പിക്കൊടുത്ത് വിശപ്പകറ്റുന്ന ഗുരു കാണിച്ചത് സ്നേഹത്തിന്റെ മാതൃകയല്ലേ? ഒടുവില്‍ കുരിശില്‍ സ്വയം നൽകിക്കൊണ്ട് സ്നേഹത്തിന് ഇതിനപ്പുറം ഒരു അര്‍ഥം ഇല്ലാ എന്ന് അവന്‍ കാണിച്ചു തന്നു.
ഇങ്ങനെ സ്വീകരിക്കാന്‍ ഉള്ളത് എന്നതിനേക്കാള്‍ നല്‍കാനുള്ളതാണ് സ്നേഹം എന്ന് ദൈവം നമ്മെ പഠിപ്പിച്ചു തുടങ്ങിയ ദിവസമാണ് ക്രിസ്മസ്.

തന്റെ ഏക പുത്രനെ നമുക്ക് നല്‍കിക്കൊണ്ട് സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തെ ഈ ക്രിസ്മസ് നാളുകളില്‍ നമുക്ക് ആഘോഷിക്കാം. കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, പൊതുഇടങ്ങളില്‍ ഒക്കെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സ്നേഹം കൊടുക്കുന്നവരായി നമുക്ക് മാറാം. മറ്റുള്ളവര്‍ക്ക് നാം ചെയ്യുന്ന ഓരോ ചെറിയ നന്മയും ഈ ദൈവസ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. അതുകൊണ്ട് ക്രിസ്മസ്ന്റെ 25 ദിനങ്ങളെ നന്മപ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അങ്ങനെ ഇത് ദൈവസ്നേഹത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇടയാകട്ടെ.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

ഫാ. സ്കറിയ പറപ്പള്ളിൽ

വികാരി, സെന്റ് ആന്റണീസ് ചർച്ച്, തിരുവല്ല,മുത്തൂർ

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 

RECENT POSTS
Copyright © . All rights reserved