Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് P. R. O.

കവെന്‍ട്രി: യൂകെയിലെ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസപരിശീലനം ഒരുക്കുന്നതിനുള്ള സേഫ് ഗാര്‍ഡിങ് മിനിസ്ട്രിയുടെ ആദ്യ സമ്മേളനം കവെന്‍ട്രിയിലെ സാള്‍ട് ലി ചര്‍ച്ചില്‍ വച്ച് നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ കുട്ടികള്‍ക്കും സവിശേഷ ശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്ഷം നവംബറിലാണ് സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ ഉത്തരവിറക്കിയത്.

സമ്മേളനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. മിനി നെല്‍സണ്‍ (നോറിച്), രൂപത സേഫ് ഗാര്‍ഡിങ് കോ ഓര്‍ഡിനേറ്റര്‍ ലിജോ രെഞ്ചി (പോര്‍ട്‌സ്മൗത്), കമ്മീഷന്‍ അംഗങ്ങളായ ടോമി സെബാസ്റ്റ്യന്‍ (ചെംസ്‌ഫോര്‍ഡ്), ഡോ. മാത്യു ജോസഫ് (സാള്‍ട് ലി), ആന്‍സി ജോണ്‍സന്‍ (കവെന്‍ട്രി), പോള്‍ ആന്റണി (ഓക്‌സ്‌ഫോര്‍ഡ്), ഡോ. ഷിബു വെളുത്തപ്പിള്ളി (ബ്ലാക്ക്ബേണ്‍), ജസ്റ്റിന്‍ ചാണ്ടി (റെഡ് ഹില്‍ ), ജിന്‍സി ജോര്‍ജ് (ന്യൂപോര്‍ട്ട്), ബിന്ദു ജോബി (അബര്‍ദ്ദീന്‍), റെവ. ഫാ. ജോയി വയലില്‍ ഇടഠ (കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍), റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ (വൈദിക പ്രതിനിധി), റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ (യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍), റെവ. സി. സുഷ നരിയന്‍കുന്നേല്‍ (സന്യസ്ത പ്രതിനിധി) എന്നിവര്‍ സംബന്ധിച്ചു.

സമ്മേളനത്തില്‍, രൂപതയുടെ ഇപ്പോഴുള്ള സേഫ് ഗാര്‍ഡിങ് സംവിധാനത്തെക്കുറിച്ചും നാഷണല്‍ കാത്തോലിക് സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ (NCSC) പോളിസികളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. രൂപതയുടെ ഡിസ്‌ക്ലോഷര്‍ ആന്‍ഡ് ബാറിങ്ങ് സര്‍വീസ് (DBS) ചുമതലകള്‍ ശ്രീ. ലിജോ രെഞ്ചി, ശ്രീ. ജസ്റ്റിന്‍ ചാണ്ടി എന്നിവര്‍ക്കും രൂപതാതലത്തിലുള്ള സേഫ് ഗാര്‍ഡിങ് ട്രെയിനിംഗ് ചുമതല ശ്രീ. ടോമി സെബാസ്റ്റ്യനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കി.

രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ നേതൃത്വത്തില്‍, രൂപതയിലെ എല്ലാ ഇടവക, മിഷന്‍, വി. കുര്‍ബാന കേന്ദ്രങ്ങളിലും സേഫ് ഗാര്‍ഡിങ് ടീമുകള്‍ രൂപീകരിക്കും. രൂപത സേഫ് ഗാര്‍ഡിങ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് P.R.O

റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്‍മാര്‍, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine’s Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്‍മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ റെവ. ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക റെവ. സി. എയ്മി ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ധ്യാനം 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സമാപിക്കും.

രൂപതയിലെ എല്ലാ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളിലെയും കൈക്കാരന്‍മാരും പ്രധാന മതാധ്യാപകരും ഈ ധ്യാനത്തില്‍ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളാണ് പ്രധാനമായും ഉച്ചകോടിയുടെ വിഷയം.

ഇതിനു മുന്നോടിയായി പുരോഹിതരുടെ മാതൃസംഘടനയായ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും, കന്യാസ്ത്രീകളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍, ലൈംഗികാതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് സഭയ്ക്ക തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നു. സഭ ഒരു ‘കുടുംബ’മാണ് എന്ന തോന്നലില്‍ ഊന്നി നിന്നപ്പോള്‍ പല അതിക്രമങ്ങള്‍ക്കെതിരെയും കണ്ണടയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഇരകളോട് നീതി പുലര്‍ത്താനായില്ലെന്നും പ്രസ്താവനയില്‍ സംഘടനകള്‍ അംഗീകരിക്കുന്നു.

എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാ സഭ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെടുന്നത്.

“വിദേശത്തുള്ളവര്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയുള്ളവരാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവര്‍ ഉള്‍ക്കൊള്ളില്ല. ഭൂമി കുലുങ്ങിയാലും ഞങ്ങള്‍ മാറില്ല എന്നു പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ളവര്‍. വിദേശത്തുള്ളവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണെങ്കിലും, മാര്‍പാപ്പ പറഞ്ഞതിനു ശേഷം നിവൃത്തിയില്ലാത്തതു കൊണ്ട് പറഞ്ഞതായിരിക്കുമല്ലോ, നിര്‍ബന്ധിക്കപ്പെട്ടു പറഞ്ഞതാണോ സ്വമനസാലേ പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ, എന്തായാലും അതൊക്കെ ഇങ്ങോട്ടെത്തുമ്പോള്‍ എന്താകും എന്ന് നോക്കിയിരുന്നു തന്നെ കാണണം.”

“ഇത്ര നാളിനുള്ളില്‍ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കാന്‍ ഒരാള്‍ പോലും രംഗത്തെത്തിയില്ല. ആ കന്യാസ്ത്രീകളെ സമൂഹത്തിന്റെ മുന്നില്‍ വന്ന് പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ല. റോബിനെ കോടതി ശിക്ഷിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ നിരപരാധികളാണെന്നാണ് അപ്പോളും അവര്‍ പറഞ്ഞത്, പ്രോസിക്യൂട്ടര്‍ക്ക് വാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത് എന്നാണ്, അല്ലാതെ നിരപരാധികള്‍ ആയതു കൊണ്ടല്ല. അതു കൊണ്ടു തന്നെ എനിക്കിവിടുത്തെ സഭയുടെ കാര്യത്തില്‍ വിശ്വാസമില്ല,” സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം. ഇത് ആത്മാര്‍ത്ഥയോടുകൂടി പറഞ്ഞതാണെങ്കില്‍ നല്ല കാര്യമാണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.

“ഇത്രയും നാള്‍ അവര്‍ കുറ്റകൃത്യങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ഈ കുറ്റസമ്മതം ആത്മാര്‍ത്ഥമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഇതൊക്കെ വെറും ഭംഗിവാക്കാണോ എന്നറിയില്ല. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചൊല്ലാനാണ് അവരെ ഇതു വരെ പഠിപ്പിച്ചത്. ആത്മാര്‍ത്ഥത എന്നത് വളരെ വലിയൊരു കാര്യമാണ്. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചതല്ലെങ്കില്‍ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികതലത്തിലേക്ക് വരുമ്പോള്‍ ഇതില്‍ മനംമാറ്റം ഉണ്ടാകരുത്. നാളെ ഒരു കന്യാസ്ത്രീയ്ക്ക് പ്രശ്‌നം വരുമ്പോള്‍ ‘അയ്യോ അച്ചന്‍ കുര്‍ബാന ചൊല്ലിത്തരാനുള്ളതല്ലേ, അച്ചനെതിരെ ഒന്നും പറയരുത്,’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കരുത്.”

“സ്ത്രീകളുടെ കാല്‍ കഴുകണം എന്ന് മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഇവര്‍ പറയുന്ന ന്യായം ഫ്രാന്‍സിസ് പാപ്പ ലത്തീന്‍ പാപ്പയാണ് ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാരുടെ ആരാധനാക്രമത്തില്‍ കൈവെക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരു മാര്‍പാപ്പ ഇല്ലേയെന്ന് ഞാന്‍ ഞെട്ടിപ്പോയി. അതു കൊണ്ട് ശുഭസൂചനയാകാം, പക്ഷേ റോമില്‍ പോയി തിരിച്ചു വന്നിട്ട് എന്താണ് ചെയ്യുന്നതെന്നുകൂടി കണ്ടിട്ടേ തീരുമാനിക്കാനാകൂ,’ സിസ്റ്റര്‍ ജെസ്മി പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയും അതിനു മുന്നോടിയായി സഭാ നേതൃത്വം നടത്തിയ കുറ്റസമ്മതവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷൈജു ആന്റണി പറയുന്നത്.

“ഇന്നത്തെ കാലത്തെ മാധ്യമങ്ങളുടെ ഒരു പ്രത്യേകത കൂടിയാണ് അത്. അന്താരാഷ്ട്ര സംഘടനകളിലെ പല രാജ്യങ്ങള്‍ തമ്മിലുള്ള ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നു. പീഡിപ്പിക്കപ്പെട്ടവര്‍ ഒറ്റയ്ക്കല്ല. ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാകുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള കത്തോലിക്കാ സഭയുടെ മാറ്റങ്ങള്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കോ സംഘടനകള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ്. പക്ഷേ എത്ര നാള്‍ ഇവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കും? ഇവര്‍ക്ക് ഈ മാറ്റങ്ങളോട് മുഖം തിരിക്കാന്‍ സാധിക്കില്ല. ആഗോള തലത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്ക് അംഗീകരിച്ചേ പറ്റൂ. ഇവരുടെ സുപ്രമസി ഇനിയും കാലങ്ങളോളം നിലനിര്‍ത്താമെന്ന് ഇവര്‍ വ്യാമോഹിക്കുകയാണ്. യഥാര്‍ത്ഥ സഭ ഇപ്പോള്‍ രൂപപ്പെടുകയാണ്.”

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പ്രശ്‌നത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ എല്ലാ ബിഷപ്പുമാരും ഈ ആഴ്ച എത്തിച്ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് വത്തിക്കാന്‍. എന്നാല്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചല്ല ഇന്ത്യയിലും കേരളത്തിലും സഭയും അധികാരികളും പ്രവര്‍ത്തിക്കുന്നതെന്നും ഷൈജു അഭിപ്രായപ്പെടുന്നു. 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റിന് മാര്‍പാപ്പ കര്‍ദ്ദിനാളിനെ കഠിനമായി ശിക്ഷിച്ചത് സീറോ മലബാര്‍ സഭയും കെസിബിസിയും കാണാതെ പോകരുതെന്നും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“കുട്ടികളുടെ പീഡനങ്ങളെ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് കെസിബിസി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ആഗോള കത്തോലിക്കാ സഭയുടെ നിര്‍ബന്ധം കാരണം പുറപ്പെടുവിച്ചതാണ്. ആ മാര്‍ഗ്ഗരേഖ ഏകദേശം ആറ്-ഏഴ് മാസത്തോളം പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വയ്ക്കുകയായിരുന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍. ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നടക്കുന്നതു കൊണ്ടാണ് അത് പൂഴ്ത്തി വച്ചത്. ഒരാഴ്ച മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. കാരണം ഉച്ചകോടി നടക്കാന്‍ പോകുകയാണല്ലോ. അതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇങ്ങനെ ഓരോ നിലപാടുകളും മാറ്റാന്‍ അവര്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതരാകും. കാരണം ആഗോള കത്തോലിക്കാ സഭയില്‍ അത്രയും ശുഭസൂചകമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മാറുന്നതിന് അനുസരിച്ച് കത്തോലിക്കാ സഭയും മാറിയേ പറ്റൂ,” ഷൈജു വിശദീകരിച്ചു.

“ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലര്‍ത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങള്‍ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,” സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ”ഞങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണ്. ഞങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നു. താഴ്മയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെയാണ് ഞങ്ങള്‍ അന്ധരായത് എന്ന് ഞങ്ങള്‍ക്ക് കാണണം. അധികാര ദുര്‍വിനിയോഗത്തെ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അടുത്തകാലത്തായി പുരോഹിതന്മാര്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും കന്യാസ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ അപലപിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഈ ഇരകള്‍ മുതിര്‍ന്നവരായിരുന്നു എന്ന അക്രമികളുടെ വാദത്തേയും ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ആഗോള തലത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.

“ലോകത്ത് 130 കോടിയോളം കത്തോലിക്കാ വിശ്വാസികളുണ്ട്. അതില്‍ പലരുടേയും ഇടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യാനാണ് മാര്‍പാപ്പ യോഗം വിളിച്ചിരിക്കുന്നത്. സംയുക്ത പ്രസ്താവന ഇറക്കിയവര്‍ക്ക് സഭയ്ക്ക് തെറ്റുപറ്റി എന്ന് അഭിപ്രായമുണ്ടെങ്കില്‍ ആകാം. അവര്‍ക്ക് അഭിപ്രായപ്പെടാം. നമുക്ക് പറയാനുള്ളത് നമ്മള്‍ റോമില്‍ അറിയിക്കാറുമുണ്ട്. കേരളത്തില്‍ നിന്നും രണ്ട് ബിഷപ്പുമാര്‍ നാളെ തുടങ്ങുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്,” ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ലോകത്താകമാനം സംഭവിച്ചിട്ടുള്ള അപചയത്തിന്റെ പ്രതിഫലനമാണ് കത്തോലിക്കാ സഭയിലുമുള്ളത്, അതിന് ആരെയും ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല തിരിച്ചറിവാണ് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടതെന്ന് സീറോ മലബാർ സഭയുടെ മുൻ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു.

“പതിനായിരക്കണക്കിന് സന്യാസിനിമാരും വൈദികരുമുള്ള സഭയാണിത്. അതില്‍ വളരെ ചെറിയ ശതമാനത്തിന് വീഴ്ചകളുണ്ടാകാം. സെന്റ് പോള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നില്‍ക്കുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ എന്ന്. അതില്‍ രണ്ടു കാര്യമുണ്ട്. ബ്രഹ്മചര്യത്തില്‍ നില്‍ക്കുമ്പോള്‍ അനിവാര്യമായ അച്ചടക്കവും ആത്മശുദ്ധിയും പാലിക്കണം. അതു പോലെ ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കണം. ഇതു രണ്ടും ഉപേക്ഷിച്ചാല്‍ വീഴ്ച സംഭവിക്കും. അത് പരാജയമാണ്. അത് സംഭവിക്കുമ്പോള്‍ മൂടി വയ്ക്കുന്ന സഭയല്ല, ഏറ്റുപറയുന്ന സഭയാണ്. വിശുദ്ധതയിലേക്കുള്ള വഴി ഏറ്റുപറച്ചിലിന്റെ വഴിയാണ്. ഇപ്പോള്‍ മാര്‍പ്പാപ്പയും സന്യാസ സമൂഹവും പറയുന്നതും ഈ വഴിയിലൂടെ നമ്മള്‍ പോകേണം എന്നാണ്. വെറുതേ കുറേ പേരെ ശിക്ഷിച്ചുതു കൊണ്ടോ നിയമങ്ങള്‍ ഉണ്ടാക്കിയതു കൊണ്ടോ പരിഹാരമാകും എന്ന് ഞാന്‍ കരുതുന്നില്ല. അധികാരം ആരെയും അടിച്ചമര്‍ത്താനുള്ളതോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല എന്നുള്ള തിരിച്ചറിവാണ് ഇതിന് പരിഹാരം,” പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ ലൈംഗികതയുടെ അതിപ്രസരം ഉണ്ടെന്നും അത് ഉപഭോഗ സംസ്‌കാരമാണെന്നും അതിന്റെ പ്രതിഫലനമാണ് സഭയിലും കാണുന്നതെന്നും പോള്‍ തേലക്കാട്ട് പറയുന്നു.

“വൈദികരിലും സന്യാസിനികളിലും മാത്രമല്ല സമൂഹത്തിലുടനീളം ഇത് കാണുന്നു. നമ്മുടെ സമൂഹത്തില്‍ ബ്രമചര്യത്തോടെ ജീവിക്കാന്‍ പറ്റാത്ത ഒരു അന്തരീക്ഷം ഉണ്ടാകുമ്പോള്‍ അത് അത്രമാത്രം ഗൗരവമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. വിളക്കുമരങ്ങളായി ജീവിക്കേണ്ടവരാണ് വൈദികരും കന്യാസ്ത്രീകളും. വ്രതത്തോട് വിശ്വസ്തത പുലര്‍ത്തണം. അത് നമ്മുടെ ജീവിതത്തിന്റെ സംസ്‌കാരമായി മാറേണം. ഇപ്പോളുള്ള പ്രതിസന്ധി സമൂഹം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ സന്യാസിനിമാരും മാര്‍പാപ്പയും ചൂണ്ടിക്കാണിക്കുന്നത് നവീകരണമാണ്,” പോള്‍ തേലക്കാട്ട് പറഞ്ഞു.

സംയുക്ത പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ലെന്നുമാണ് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെടുന്നത്.

“പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. സഭയ്ക്ക് തെറ്റുപറ്റി എന്നു പറയുന്നതാണ് പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് വിഷമമുണ്ടാക്കുന്നത്. സഭ എന്നതിനെ വിശ്വാസികള്‍ കാണുന്നത് കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തിലാണ്. എല്ലാ വിശുദ്ധന്മാരും ഉള്‍പ്പെടുന്ന, ക്രിസ്തുവിന്റെ ശരീരമാണ് സഭ. അതിന് മുറിവേല്‍ക്കുകയാണ്. അതേ സമയം പ്രസ്താവനയില്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. ഇത് കൈകാര്യം ചെയ്യുന്ന അധികാരികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്,” ബിഷപ്പ് പറയുന്നു.

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യു.കെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യു.കെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org

വിലാസം
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനീഷ് തോമസ്- 07760254700
ബാബു ജോസഫ്- 07702061948

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഓ

എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്ഫോഡില്‍ പുതിയ സീറോമലബാര്‍ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തില്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഡിറ്റന്‍ ഹാളില്‍ നടന്ന പ്രഖ്യാപനനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി. മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, സൗത്ത്ബോറോ കുര്‍ബാന സെന്ററുകള്‍ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാന്‍ കെന്റിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്ല്‍സ്ഫോര്‍ഡിലെത്തിയത്.

രാവിലെ 9.30 ന് സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ ഒന്ന് ചേര്‍ന്ന് രൂപതാധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഹൃദ്യമായ സ്വീകരണം നല്‍കി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തില്‍ വിശ്വാസസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാന്‍സ്വാ പത്തില്‍ സെന്റ് പാദ്രെ പിയോ മിഷന്‍ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടര്‍ന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലില്‍ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷന്‍ വിശേഷിപ്പിച്ചത്.എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാന്‍ ഏവര്‍ക്കും ഇടയാക്കട്ടെ എന്ന് തന്റെ വചനസന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. പ്രാര്‍ത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പില്‍ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുന്നേറാന്‍ രൂപതാധ്യക്ഷന്‍ ആഹ്വാനം ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

വിശുദ്ധകുര്‍ബാനക്കുശേഷം കേരള സഭാമക്കള്‍ ആദരവോടെ വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ കെന്റിലെ മൂന്നു കുര്‍ബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ഫലമാണ് എയ്ല്‍സ്ഫോഡില്‍ യാഥാര്‍ഥ്യമായ സെന്റ് പാദ്രെ പിയോ മിഷന്‍.

ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കണ്‍വീനര്‍മാരായ ടോമി വര്‍ക്കി, ജോസഫ് കുര്യന്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ മിഷന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് പാദ്രെ പിയോ മിഷന്‍ പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സൗഖ്യ ശുശ്രുഷകളിലും ബന്ധന പ്രാര്‍ത്ഥനകളിലും അഭിഷിക്തനുമായ ബ്ര. സാബു ആറുതൊട്ടിയാണ് ഹെയര്‍ഫീല്‍ഫില്‍ ത്രിദിന ധ്യാനം നയിക്കുക.

തദവസരത്തില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കുന്ന ശുശ്രുഷകള്‍ക്കു പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കും. കുട്ടികളുടെ ശുശ്രുഷ ടെന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

വാറ്റ്ഫോര്‍ഡ്, ഹെയ്സ്, സ്ലോ, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ്, ഹോണ്‍സ്ലോ, എയ്ല്‍സ്ബറി തുടങ്ങിയ കുര്‍ബാന സെന്ററുകളെ കേന്ദ്രീകരിച്ച് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്റെ വിജയത്തിനായി അതാതു സെന്ററുകളിലെ കൈക്കാരന്‍മാര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കില്‍ ജോമോന്‍ ഹെയര്‍ഫീല്‍ഡുമായോ (07804691069 ) ബന്ധപ്പെടുക.

ധ്യാന സമയക്രമം.

മാര്‍ച്ച് 8 വെള്ളിയാഴ്ച്ച-16:00-20:00
9 ശനിയാഴ്ച്ച- 10:30 to17:00
10ഞായറാഴ്ച- 13:00 to19:30

St. Paul’s Church,
2 Merele Avenue,
Harefield, UB9 6DG.

The Most Holyname church,
Oldmill Road,
UB9 5AR , Denham.

ലണ്ടന്‍: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നാളെ 20നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 20നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാല അര്‍പ്പിക്കുവാനുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തര്‍ ഇത്തവണ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ഓരോ വര്‍ഷവും ഈ വേദി ഉറവിടമാവുന്നു. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് അഭംഗുരം നേതൃത്വം നല്‍കി പോരുന്നത്.

ഈസ്റ്റ്ഹാം എം.പിയും, മുന്‍ ക്യാബിനെറ്റ് മന്ത്രിയുമായിരുന്ന
സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ഇന്ന് ശ്രീ മുരുകന്‍ ക്ഷേത്രം മാറിക്കഴിഞ്ഞു. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരന്‍: 07766822360

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

കേംബ്രിഡ്ജ്ഷയര്‍: വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ മദ്ധ്യസ്ഥതയില്‍ യേശുവിന്റെ അഭിഷിക്തരായ സകല വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി സെഹിയോന്‍ യു.കെ വിയാനി മിഷന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23ന് കേംബ്രിഡ്ജില്‍ നടക്കും. റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ വി.കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവും.

ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപം കൊടുത്ത വിയാനി മിഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഈ മാസം 23ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സോജിയച്ചനോടൊപ്പം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. ഡോം മാര്‍ട്ടിന്‍ ഗൗമാന്‍, സിസ്റ്റര്‍ ടംസിന്‍ മേരി, ഫാ.എറിക്കോ ഫാല്‍കാവോ, കാനോന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

ശനി രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.
കേംബ്രിഡ്ജ് സീറോ മലബാര്‍ മിഷന്‍ ചാപ്ലയിന്‍ ഫാ.ഫിലിപ്പ് പന്തമാക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക വി.കുര്‍ബാന, ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശു ക്രിസ്തുവിനായി തങ്ങളെത്തന്നെ സമര്‍പ്പണം ചെയ്ത വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് 23ന് ശനിയാഴ്ച സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Venue.
St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി: 07846 321473
എവുപ്രാസ്യ: 07837962605

ന്യൂസ് ഡെസ്ക്

വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്ന മുഷിപ്പുളവാക്കുന്ന ശൈലികൾക്ക് എതിരേ ഫ്രാൻസിസ് പാപ്പയുടെ മുന്നറിയിപ്പ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ദൈവാലയ ശുശ്രൂഷകൾ ഹ്രസ്യമാക്കണമെന്നാണ് പാപ്പ സൂചന നല്കുന്നത്.  ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം  മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണംഓരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്. ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല വചന സന്ദേശത്തിന്റെ കൂട്ട് പാപ്പ വിവരിച്ചു.

ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും വിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമായ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്. ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മടിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണമെന്നും പോപ്പ് പറയുന്നു.

മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് ആളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളെ സംയോജിപ്പിച്ച് മിഷനുകളായി ഉയര്‍ത്തുന്ന പ്രാഥമിക നടപടികളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് കേന്ദ്രീകരിച്ചു ‘ഹോളി ക്വീന്‍ ഓഫ് റോസരി മിഷനു’ ആരംഭം കുറിച്ചു. സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ ഇടയ സന്ദര്‍ശനത്തിനിടയില്‍ പ്രസ്തുത മിഷന്റെ ഉദ്ഘാടന കര്‍മ്മം ലണ്ടനില്‍ നിര്‍വ്വഹിച്ചിരുന്നു.

കഴിഞ്ഞ ദിവസ്സം പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മിഷന്റെ പ്രഥമ വിശുദ്ധ ബലി അര്‍പ്പണത്തോടെ ഹോളി ക്വീന്‍ ഓഫ് റോസരി മിഷനു ആത്മീയോര്‍ജ്ജം പകര്‍ന്നു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഹെയര്‍ഫീല്‍ഡ്, ഹൈവേ കോംബ്, വാറ്റ്‌ഫോര്‍ഡ് എന്നീ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചിട്ടാണ് ഹെയര്‍ഫീല്‍ഡ് കേന്ദ്രമായി മിഷന്‍ ആരംഭിക്കുന്നത്. സെബാസ്റ്റ്യന്‍ അച്ചന്‍ നല്‍കിയ കത്തിച്ച മെഴുതിരി മൂന്നു സെന്ററുകളുടെയും ട്രസ്റ്റിമാര്‍ സ്വീകരിച്ച്, പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലിക്കൊണ്ട് വിശ്വാസ നിറവില്‍ മിഷനു ആരംഭം കുറിക്കുകയായിരുന്നു. ജോമോന്‍ (ഹെയര്‍ഫീല്‍ഡ്), ഷാജി (വാറ്റ് ഫോര്‍ഡ്), മഞ്ജു (ഹൈവേ കോംബ്) എന്നിവര്‍ വിവിധ സെന്ററുകളെ പ്രതിനിധീകരിച്ചു.

മൂന്നു കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും പുതിയ മിഷനു ആവേശപൂര്‍വ്വമായ അംഗീകാരം ആണ് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ പങ്കാളിത്തം വെളിവാക്കുന്നത്.

പുതിയ മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആത്മീയ പ്രവര്‍ത്തനങ്ങളിലും ശുശ്രുഷകളിലും ഏവരുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുകയും, നിര്‍ലോഭമായ പിന്തുണക്കു മിഷനു വേണ്ടി നന്ദി പ്രകാശിപ്പിക്കുകയും, കുട്ടികളുടെ മതബോധന പരിശീലനത്തിന്റെ അനിവാര്യത എടുത്തു സംസാരിക്കുകയും ചെയ്തു.

മിഷന്‍ കേന്ദ്രത്തിന്റെ വിലാസം:
St. Paul’s Church, Harefield
Merle Avenue, Uxbridge UB9 6DG.

Copyright © . All rights reserved