Spiritual

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനിയാഴ്ചയും ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രി മണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങു ന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ട്.രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

കേംബ്രിഡ്ജ്ഷയര്‍:സെഹിയോന്‍ യു.കെ വിയാനി മിഷന്റെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23ന് കേംബ്രിഡ്ജില്‍ നടക്കും.ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഈ മാസം 23ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. ഡോം മാര്‍ട്ടിന്‍ ഗൗമാന്‍, സിസ്റ്റര്‍ ടംസിന്‍ മേരി, ഫാ.എറിക്കോ ഫാല്‍കാവോ, കാനോന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

ശനി രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍. വി.കുര്‍ബാന, ആരാധന തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശു ക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

വിലാസം.

St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി:07846 321473
എവുപ്രാസ്യ:07837962605

ബിനു ജോര്‍ജ്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വേകിയ മിഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം മുന്നേറുമ്പോള്‍ കെന്റിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇത് സ്വപ്നസാഫല്യം. ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, സൗത്ത്ബോറോ കുര്‍ബാന സെന്ററുകള്‍ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഫെബ്രുവരി 17 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹപൂരിതമായ എയ്ല്‍സ്ഫോഡിലെ ഡിറ്റണ്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 9.30ന് രൂപതാധ്യക്ഷന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാന മദ്ധ്യേ മിഷന്റെ ഔദ്യോഗികമായ പ്രഖ്യാപനവും സ്ഥാപന ഡിക്രി വായനയും നടക്കും. റവ ഫാ. ടോമി ഏടാട്ടും, റവ. ഫാ. ഫാന്‍സ്വാ പത്തിലും സഹകാര്‍മ്മികരായിരിക്കും. കേരള സഭാമക്കള്‍ ഭക്ത്യാദരപൂര്‍വ്വം വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഇതോടനുബന്ധിച്ചു ആചരിക്കും.

പുതിയ മിഷന്റെ ട്രസ്റ്റിമാരായ അനൂപ് ജോണ്‍, ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തില്‍, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കണ്‍വീനര്‍മാരായ ടോമി വര്‍ക്കി, ജോസഫ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു. കെന്റിലെ മൂന്നു കുര്‍ബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ഫലമാണ് പുതുതായി പ്രഖ്യാപിക്കപ്പെടുന്ന സെന്റ് പാദ്രെ പിയോ മിഷന്‍. എല്ലാ വിശ്വാസികളെയും അന്നേ ദിവസം എയ്ല്‍സ്ഫോര്‍ഡിലേക്കു സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്.

ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി. അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല.

എന്നാല്‍ ബൈബിള്‍ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാള്‍ ചരിത്രപരമായ കാരണങ്ങളാണ് ഈ നോമ്പിന്റെ പിന്നില്‍ എന്നാണ് പണ്ഡിതമതം. എ.ഡി 570 580 കാലത്ത് നിനവേ, ബേസ്ഗര്‍മേ, അസോര്‍ തുടങ്ങിയ പേര്‍ഷ്യന്‍ നഗരങ്ങളെ പ്‌ളേഗു ബാധിച്ച് ജനസംഖ്യയില്‍ വലിയൊരു ഭാഗം മരണപ്പെട്ടപ്പോള്‍ ദുഃഖാര്‍ത്തരും ഭയഭീതരുമായ വിശ്വാസിഗണം ഞായറാഴ്ച്ച ദേവാലയത്തില്‍ ഒന്നിച്ചുകൂടി ഈ നിയോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ അപ്പോള്‍ അവര്‍ക്ക് ദൈവിക അരുളപ്പാടുണ്ടായി. അതനുസരിച്ച് അവര്‍ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതില്‍ കൃതജ്ഞതാനിര്‍ഭരരായ വിശ്വാസിഗണം ഇനിയൊരിക്കലും ഇത്തരം പ്‌ളേഗുബാധ ഉണ്ടാകാതിരിക്കേണ്ടതിനുകൂടി തുടര്‍ന്ന് എല്ലാ വര്‍ഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാന്‍ നിശ്ചയിച്ചു. പേര്‍ഷ്യന്‍ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു. മൂന്ന് നോമ്പെടുത്തില്ലെങ്കില്‍ ആപത്തു ഭവിക്കും എന്ന ചിന്താഗതി പോലും ഒരുകാലത്ത് നസ്രാണി സമൂഹത്തിനിടയിലുണ്ടായിരുന്നു.

മാര്‍ത്തോമ്മാ നസ്രാണികള്‍ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്‌കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്‌ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തില്‍ കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. *മൂന്നു ദിവസവും ഉപവസിച്ച് ദേവാലയത്തില്‍ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് വൈദികര്‍ തുടര്‍ച്ചയായി സങ്കീര്‍ത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള വി. അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേന്‍ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്‌കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യാനമസ്‌കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു.* നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്.

*മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ നസ്രാണികള്‍ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുകയും സ്‌ളീവാ വന്ദിക്കുകയും ചെയ്തിരുന്നു* ദശാബ്ദക്കാലം (1644 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. *നാലാം ദിവസം ആഘോഷപൂര്‍വ്വമായ കുര്‍ബ്ബാനയര്‍പ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്.* മാര്‍ത്തോമാ നസ്രാണികള്‍ക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാന്‍ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂര്‍ സൂനഹദോസ് അനുവദിച്ചു.

പൊതുവേ മൂന്നു നോമ്പാചരണത്തിനു കേരളസഭയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാളിന്റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നല്കിയിരുന്നു എന്നത് പൊതുസമൂഹത്തില്‍ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്.

*വലിയ നോമ്പിന്റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് പ്രചോദിപ്പിക്കുന്നു

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 13-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും ലൂര്‍ദ്ദ് മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ രോഗികളുടെ ദിനമായി ആചരിക്കുന്നതോടൊപ്പം രോഗികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5:30pm കുമ്പസാരം, 6.30pm പരിശുദ്ധ ജപമാല, 7:00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17. 9HU

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിഭാവനം ചെയ്ത വിവിധ മിഷനുകളും, കുര്‍ബ്ബാന സെന്ററുകളും കേന്ദ്രീകരിച്ചുള്ള വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1, 2, 3 തീയതികളില്‍ ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി. ഈ ത്രിദിന വചന ശുശ്രുഷകള്‍ നയിക്കും.

സന്മാര്‍ഗിക മൂല്യ വളര്‍ച്ചക്കും, കുടുംബ നവീകരണത്തിനും, രോഗശാന്തികള്‍ക്കും അതിലുമപരി ആത്മീയ പരിപോഷണത്തിനും ഈ വചന ശുശ്രുഷകള്‍ ഏറെ അനുഗ്രഹദായകമാവും.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന പ്രത്യുത തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാന്‍ എല്ലാ വിശ്വാസി മക്കളെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

മെല്‍വിന്‍: 07456281428, സാംസണ്‍: 07462921022, േ
ജാസ് (ലൂട്ടന്‍): 07888754583

ധ്യാന സമയ ക്രമം.
മാര്‍ച്ച് 1, വെള്ളിയാഴ്ച – 17:00 മുതല്‍ 21:00 വരെ
മാര്‍ച്ച് 2, ശനിയാഴ്ച – 11:00 മുതല്‍ 16:00 വരെ
മാര്‍ച്ച് 3, ഞായറാഴ്ച – 13:00 മുതല്‍ 19:00 വരെ

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH,
9 BREAKSPEAR,
STEVENAGE, HERTS,
SG2 9SQ.

ബര്‍മിങ്ഹാം: യേശുനാമത്തില്‍ പ്രകടമായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നേര്‍സാക്ഷ്യവുമായി പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. ഇത്തവണ മുതിര്‍ന്നവര്‍ക്ക് മലയാളത്തില്‍ മാത്രമായിരിക്കും കണ്‍വെന്‍ഷന്‍. ഇംഗ്ലീഷ് കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കില്ല. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പതിവുപോലെ ഇംഗ്ലീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

യു.കെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ആത്മാക്കളെ നേടാന്‍ ആത്മാവില്‍ ജ്വലിച്ചുള്ള പ്രഘോഷണങ്ങളിലൂടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്ന സുവിശേഷം പങ്കുവെയ്ക്കാന്‍ പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഡോ. ജോണ്‍ ഡി എത്തിച്ചേരും.

അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും. കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗ ശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോ തവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും സൗകര്യമുണ്ടായിരിക്കും. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ
ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രമോ വീഡിയോ കാണാം

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ജോണ്‍സണ്‍ 07506 810177
ഷാജി 07878149670
അനീഷ് 07760254700
ബിജുമോന്‍ 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്.

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267.

ബര്‍മിംഗ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥ തലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധ തലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗിക വശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക.

ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടു ദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്ക് ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ് :07388 326563

വിലാസം.
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

ലണ്ടന്‍: ഫെബ്രുവരി ഇരുപതിന് നടക്കുന്ന പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാലക്കു ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു.കെയിലുള്ള ദേവീ ഭക്തര്‍ക്കായി ഈ വര്‍ഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയാണ്.

ഫെബ്രുവരി 20നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതീ ഭക്തര്‍ ഇത്തവണ ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി യു.കെയുടെ നാനാഭാഗങ്ങളില്‍ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധി അനുഗ്രഹ അനുഭവ സാക്ഷ്യങ്ങളുമായിട്ടാണ് ഓരോ വര്‍ഷവും ദേവീ ഭക്തര്‍ പൊങ്കാലയ്ക്ക് വന്നു ചേരുന്നത്. സന്താന സൗഭാഗ്യം-രോഗ ശാന്തി തുടങ്ങി നിരവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതായി ദേവീ ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നുകൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോവുവാന്‍ കഴിയുന്നതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു.

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കുന്നതോടെ പൊങ്കാലയുടെ ആരംഭം കുറിക്കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലംവെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

ഈസ്റ്റ്ഹാം എംപിയും, മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന
സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി ഈ വര്‍ഷവും പങ്കുചേരും. കൗണ്‍സിലര്‍മാര്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടാവും. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കു മെമ്പര്‍മാരോടൊപ്പം നിരവധി ദേവീ ഭക്തരുടെ നീണ്ട നിരതന്നെ പൊങ്കാലയര്‍പ്പിക്കുന്നതായിരിക്കും.

ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസ്സുകാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വയം പ്രോപ്പര്‍ട്ടി, ആനന്ദ് ടി.വി & ആനന്ദ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളൊക്കൊപ്പം ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ പ്രശസ്ത റസ്റ്റോറന്റുകള്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും BAWN ന്റെ ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നില്‍ ഊര്‍ജ്ജം പകരുവാന്‍ സദാ ഉണ്ട്.

ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായി കഴിഞ്ഞു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുന്നത്. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഡോ.ഓമന ഗംഗാധരന്‍-07766822360
ശ്രീ മുരുകന്‍ ടെമ്പിള്‍-02084788433

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

ബാബു ജോസഫ്

ബര്‍മിങ്ഹാം: പെറ്റമ്മ മറന്നാലും മറക്കാത്ത ആഴമേറിയ ദൈവിക സ്നേഹത്തിന്റെ സുവിശേഷവുമായി റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 9ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. കൗമാര കാലഘട്ടത്തിലെ മാനസിക, ശാരീരിക, വൈകാരിക വ്യതിയാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവികസ്‌നേഹം അനുഭവിച്ച് ജീവിക്കാന്‍ ഏശയ്യാ 49:15-16 വചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീനേജ് കണ്‍വെന്‍ഷന്‍.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രശസ്ത വചന പ്രഘോഷകന്‍ ഡോ. ജോണ്‍ ഡി എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സണ്‍ 07506 810177
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍മാത്യു.07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബിജു അബ്രഹാം 07859890267

RECENT POSTS
Copyright © . All rights reserved