സാബു ചുണ്ടക്കാട്ടില്
ഇന്നലെ മാഞ്ചസ്റ്റര് അക്ഷരാര്ത്ഥത്തില് ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അപൂര്വ സുന്ദര ദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര് സാക്ഷ്യം വഹിച്ചത്. പൊന്നിന് കുരിശുകളും വെള്ളികുരിശുകളും, മുത്തുക്കുടകള് ഏന്തിയ മങ്കമാരും, ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള് നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള് അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ തെരുവീഥികള് വിശ്വാസികളാല് നിറഞ്ഞപ്പോള് മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവിനാലും തിരുന്നാള് ചരിത്രമായി.
ആര്ഷഭാരത സംസ്കാരവും,ആംഗലേയ സംസ്കാരവും കൂട്ടിയിണക്കി തുടര്ച്ചയായ 12 വര്ഷവും നടക്കുന്ന തിരുന്നാള് തിരുക്കര്മ്മങ്ങളില് പങ്കെടുത്തു ആയിരങ്ങള്ക്ക് സായൂജ്യം. മാര്തോമാശ്ലീഹായുടെ പാരമ്പര്യം പേറി ജീവിക്കുന്ന കേരള നസ്രാണികളുടെ പാരമ്പര്യത്തിന്റെ ഉച്ചത്തിലുള്ള പ്രഘോഷണമായി മാറുകയായിരുന്നു തിരുന്നാള് ആഘോഷങ്ങള്.
ഇന്നലെ രാവിലെ 10 മണി ആയപ്പോഴേക്കും വിഥിന്ഷോ സെന്റ് ആന്റണീസ് ദേവാലയം നിറഞ്ഞു കവിഞ്ഞിരുന്നു. അള്ത്താരയും പള്ളിപരിസരവും എല്ലാം കൊടിതോരണങ്ങളാല് തിളങ്ങിയപ്പോള് ആദ്യ പ്രദക്ഷിണം ഗില്ഡ് റൂമില് നിന്നും ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല്, യുകെയുടെ നാനാ ഭാഗങ്ങളില് നിന്നായി എത്തിയ വൈദിക ശ്രേഷ്ഠരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്ത്താരയിലേക്ക് ആനയിച്ചതോടെ ഇടവ വികാരി റെവ.ഡോ ലോനപ്പന് അരങ്ങാശേരിയുടെ ആമുഖ പ്രസംഗത്തോടെ അത്യാഘോഷപൂര്വ്വമായ പൊന്തിഫിക്കല് കുര്ബാനക്ക് തുടക്കമായി. പന്ത്രണ്ടോളം വൈദികര് ദിവ്യബലിയില് സഹ കാര്മ്മികത്വം വഹിച്ചു.
വിശുദ്ധ തോമാശ്ളീഹാ തെളിയിച്ചുതന്ന വിശ്വാസ ദീപത്തെ മുറുകെ പിടിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാനും,
മനസാന്തരത്തിന്റെയും, പൊരുത്തപ്പെടലിന്റെയും അവസരമായി തിരുന്നാള് മാറണമെന്നും ദിവ്യബലി മദ്ധ്യേ നല്കിയ സന്ദേശത്തില് മാര് ജോസഫ് സ്രശാമ്പിക്കല് വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
ഇടവകയിലെ ഗായക സംഘത്തിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള് ദിവ്യബലിയെ കൂടുതല് ഭക്തിസാന്ദ്രമാക്കി.
ദിവ്യബലിയെ തുടര്ന്ന് മിഷന് ലീഗ് ഉത്ഘാടനം
ദിവ്യബലിയെ തുടര്ന്ന് ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ യുവജന സംഘടന ആയ മിഷന്ലീഗിന്റെ ഇടവക തല ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിര്വഹിച്ചു. കുട്ടികള്ക്ക് പതാകകള് നല്കികൊണ്ടായിരുന്നു ഉത്ഘാടനം നടന്നത്.
ദിവ്യബലിയെ തുടര്ന്ന് ലോനപ്പന് അച്ചന്റെ പിറന്നാള് ആഘോഷവും ഇന്നലെ ജന്മദിനം ആയിരുന്ന ലോനപ്പന് അച്ചന്റെ പിറന്നാള് ആഘോഷവും ദിവ്യബലിയെ തുടര്ന്ന് നടന്നു. ബിഷപ്പ് ജോസഫ് സ്രാമ്പിക്കല് പിതാവിനൊപ്പം കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷം. ഇടവകയിലെ മാതൃവേദി പ്രവര്ത്തകര് അച്ചന് ബൊക്കെയും ആശംസാ കാര്ഡുകളും സമ്മാനമായി നല്കി.
ഇതേ തുടര്ന്ന് നടന്ന ലദീഞ്ഞിനെ തുടര്ന്ന് ഭക്തിനിര്ഭരമായ തിരുന്നാള് പ്രദക്ഷിണത്തിനു തുടക്കമായി. പതാകകള് ഏന്തി സണ്ഡേ സ്കൂള് വിദ്യാര്ത്ഥികളും യുവജന സംഘടനകളും പ്രദക്ഷിണത്തിന്റെ മുന്നിരയില് അണിനിരന്നപ്പോള് പൊന്നിന് കുരിശുകളും, വെള്ളികുരിശുകളും, മരക്കുരിശുകളും, മുത്തുക്കുടകളും എല്ലാം പ്രദക്ഷിണത്തില് അണിനിരന്നു. പ്രദക്ഷിണ വീഥികളില് ഗതാഗതം നിയന്ത്രിച്ചു പോലീസ് പ്രദക്ഷിണത്തിനു വഴിയൊരുക്കി. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചു മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്കൂടി നടന്ന തിരുന്നാള് പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു. പ്രദക്ഷിണം തിരികെ പള്ളിയില് പ്രവേശിച്ച ശേഷം വിശുദ്ധ കുര്ബാനയുടെ ആശീര്വാദവും, തുടര്ന്ന് പാച്ചോര് നേര്ച്ച വിതരണവും, സ്നേഹവിരുന്നും നടന്നു. ഇതേ തുടര്ന്ന് കൃത്യം മൂന്നുമണിക്ക് ഫോറം സെന്ററിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
മനം നിറഞ്ഞു വേണുഗോപാലിന്റെ ഗാനമേള
ഇടവക വികാരി റവ.ലോനപ്പന് അരങ്ങശ്ശേരി ഏവര്ക്കും സ്വാഗതം ആശംസിച്ചതോടെ മലയാളത്തിന്റെ പ്രിയ ഗായകന് ജി വേണുഗോപാല് വേദിയില് എത്തിയപ്പോള് നിലക്കാത്ത കൈയടികളോടെയാണ് കാണികള് വേണുഗോപലിനെ സ്വീകരിച്ചത്. തുടര്ന്ന് ദൈവസ്നേഹം വര്ണ്ണിച്ചീടാന് വാക്കുകള് പോരാ എന്ന ഭക്തി ഗാനത്തോടെ ഗാനമേളക്ക് തുടക്കമായി. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര് സിംഗര് ഡോ.വാണി ഉള്പ്പെടെയുള്ള ഗായകര് പാടിക്കയറിയപ്പോള് ഒരിക്കലും മറക്കാനാവാത്ത സംഗീത രാവിനാണ് മാഞ്ചസ്റ്റര് സാക്ഷ്യം വഹിച്ചത്. ജി.വേണുഗോപാല് മെലഡികള് വഴി കാണികളുടെ കൈയടി ഏറ്റുവാങ്ങിയപ്പോള് ഡോ.വാണിയും, ഡോ ഭഗത്തുമെല്ലാം ഫാസ്റ്റ് നമ്പറുകളിലൂടെ കത്തിക്കയറിയപ്പോള് ഫോറം സെന്ററില് തടിച്ചുകൂടിയ ആയിരങ്ങള്ക്ക് മികച്ച വിരുന്നായി.
നിറക്കൂട് എന്ന ചിത്രത്തിലെ പൂമാനമേ ..എന്ന ഗാനവും മൂന്നാം പക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്നിവയും കാണികള് നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. പാട്ടിനൊപ്പം ചുവടു വെച്ച് കുട്ടികളും വേദിയില് എത്തിയതോടെ ഗാനമേള ഏവരും നന്നായി ആസ്വദിച്ചു.ുകെയിലെ പ്രമുഖ മ്യൂസിക് ബാന്ഡായ റെയിന്ബോ രാഗാസ് ആണ് ലൈവ് ഓര്ക്കസ്ട്ര ഒരുക്കിയത്.
ഇടവേളയില് റാഫിള് നറുക്കെടുപ്പിലൂടെ വിജയികള്ക്ക് ഒന്നാം സമ്മാനമായി ഒന്നര പവന്, രണ്ടാം സമ്മാനമായി ഒരു പവന്, മൂന്നാം സമ്മാനമായി അര പവന് സ്വര്ണ്ണവും സമ്മാനമായി നല്കി. കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും വിജയികള്ക്ക് നല്കി. ഇടവക വികാരി റെവ.ഡോ ലോനപ്പന് അരങ്ങാശേരി,ട്രസ്റ്റി മാരായ ബിജു ആന്റണി, സുനില് കോച്ചേരി, ട്വിങ്കിള് ഈപ്പന്, എന്നിവരുടെ നേതൃത്വത്തില് പ്രവര്ത്തിച്ച 101 അംഗ കമ്മറ്റി തിരുന്നാള് ആഘോഷങ്ങള്ക്ക് നേതൃത്വം നല്കി. തിരുന്നാള് വിജയത്തിനായി സഹകരിച്ച ഏവര്ക്കും ഇടവക വികാരി റവ.ഡോ ലോനപ്പന് അരങ്ങാശേരി, തിരുന്നാള് കമ്മറ്റി ജനറല് കണ്വീനര് സാബു ചുണ്ടക്കാട്ടില് എന്നിവര് നന്ദി രേഖപ്പെടുത്തി.
സഖറിയ പുത്തന്കളം
ചെല്ട്ടണ്ഹാം: യു.കെ.കെ.സി.എ.യുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സ്വാഗതഗാന നൃത്തത്തിനായി യു.കെ.കെ.സി.എ ഒരുങ്ങുന്നു. 20 യൂണിറ്റിലെ 151 യുവതീ യുവാക്കളും കൗമാര പ്രായക്കാരും തകര്ത്താടുന്ന സ്വാഗതഗാന നൃത്തം ചരിത്രത്തിലെ സുവര്ണ ഇതളുകളില് വജ്രലിപികളാല് എഴുതപ്പെടും.
ദ്രുതതാളത്തില് ക്നാനായ വികാരാവേശം നിറഞ്ഞുനില്ക്കുന്ന സ്വാഗതഗാനനൃത്തം യു.കെ.കെ.സി.വൈ.എല് അംഗങ്ങളാണ് അവതരിപ്പിക്കുന്നത്. യുവത്വത്തിന്റെ ഊര്ജ്ജവും പ്രസരിപ്പും നിറഞ്ഞാടുന്ന സ്വാഗതഗാന നൃത്തം ജോക്കി ക്ലബ്ബിലെ അതിപ്രൗഢിയാര്ന്ന വേദിയില് നിറഞ്ഞാടുമ്പോള് യു.കെ.കെ.സി.വൈ.എല്.നും അഭിമാനമാണെന്ന് യു.കെ.കെ.സി.വൈ.എല് പ്രസിഡന്റ് ജോണ് സജി പറഞ്ഞു.
ക്നാനായ കാത്തലിക് വിമണ്സ് ഫോറം അണിയിച്ചൊരുക്കുന്ന നടന സര്ഗ്ഗം അതി മനോഹരമായ ദൃശ്യവിരുന്നായിരിക്കും 500ലധികം ക്നാനായ യുവതികള് അണിയിച്ചൊരുക്കുന്ന നടന സര്ഗ്ഗം മാര്ഗ്ഗം കളിയും പരിചമുട്ട്, തിരുവാതിര, ഒപ്പന എന്നിവ സമ്മിശ്രമായി അണിചേരുമ്പോള് പുതുചരിത്രമാകും യു.കെ.കെ.സി.വൈ.എ സൃഷ്ടിക്കുക.
തുടര്ന്ന് യു.കെ.കെ.സി.വൈ.എ.യുടെ പ്രൗഢഗംഭീരമായ റാലി നടക്കും വിശിഷ്ടാതിഥികള് യു.കെ.കെ.സി.വൈ.എ ഭാരവാഹികള്, യു.കെ.കെ.സി.വൈ.എല്., വിമണ്സ് ഫോറം ഭാരവാഹികള്, ശുഭ്രവസ്ത്രധാരികളായ നാഷണല് കൗണ്സില് മെമ്പേഴ്സ് തുടര്ന്ന് വിവിധ യൂണിറ്റുകള് അക്ഷരമാല ക്രമത്തില് അണിചേരും.
യു.കെ.കെ.സി.വൈ.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്പുര, ട്രഷറര് ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്കളം, ജോ. ട്രഷറര് ഫിനില് കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്, റോയിസ്റ്റീഫന് എന്നിവര് കണ്വെന്ഷന്റെ വിജയത്തിനായി പ്രവര്ത്തിച്ചു വരുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: വി. തോമാശ്ലീഹയുടെയും വി. അല്ഫോന്സാമ്മയുടെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ജീവിത ദര്ശനങ്ങളും സ്വന്തമാക്കാനുള്ള സുവര്ണാവസരമാണ് തിരുനാളുകളെന്ന് റവ. ഫാ. റ്റോമി എടാട്ട്. പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുനാളില് ദിവ്യബലി മധ്യേ വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ‘എന്റെ കര്ത്താവേ, എന്റെ ദൈവമേ’ എന്ന തോമാശ്ലീഹായുടെ പ്രഖ്യാപനം ഈശോയെ അനുഭവിച്ചറിഞ്ഞ കാഴ്ചപ്പാടിന്റെ പ്രഖ്യാപനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
നോര്ത്താംപ്റ്റണ് രൂപതയിലെ റവ. ഫാ. ഷൈജു നടുവത്താനിയില് അര്പ്പിച്ച ദിവ്യബലി ഭക്തിസാന്ദ്രമായി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞു പ്രാര്ത്ഥന, കുട്ടികളെ അടിമവയ്ക്കല്, കഴുന്ന് എഴുന്നള്ളിക്കല് തുടങ്ങിയവയും നടന്നു. നോട്ടിംഗ്ഹാമിലും പരിസര പ്രദേങ്ങളില് നിന്നുമായി വന് ജനാവലി തിരുനാളാഘോഷത്തില് പങ്കുചേര്ന്നു. സ്നേഹവിരുന്നിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തജനങ്ങള് പിരിഞ്ഞത്. തിരുനാളാഘോഷങ്ങള്ക്ക് വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഡേവിഡ് പാല്മര്, കമ്മിറ്റിയംഗങ്ങള്, വാര്ഡ് ലീഡേഴ്സ് തുടങ്ങിയവര് നേതൃത്വം നല്കി.
ഈസ്റ്റ് മിഡ്ലാന്സിലെ മറ്റൊരു പ്രധാന തിരുനാളായ ‘ഡെര്ബി തിരുനാള്’ ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല് ഡെര്ബി സെന്റ് ജോസഫ്സ് ദേവാലയത്തില് വച്ച് നടക്കും. റവ. ഫാ. ജോണ് ട്രെന്ച്ചാര്ഡ് പതാക ഉയര്ത്തുന്നതോടെ ആരംഭിക്കുന്ന തിരുക്കര്മ്മങ്ങള്ക്ക് റവ. ഫാ. ടോം പാട്ടശ്ശേരില്, റവ. ഫാ. റ്റോമി എടാട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര് നേതൃത്വം നല്കും. ദിവ്യബലിയുടെ സമാപനത്തില് ആഘോഷപൂര്വ്വമായ തിരുനാള് പ്രദക്ഷിണം നടക്കും. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ബര്ട്ടണ് ബോയ്സ് അണിനിരക്കുന്ന ചെണ്ടമേളം കാഴ്ചക്കാര്ക്ക് വിരുന്നാകും. സ്നേഹവിരുന്നോട് കൂടിയാണ് തിരുനാളാഘോഷങ്ങള് സമാപിക്കുന്നത്. തിരുനാളില് പങ്കുചേരാന് എല്ലാവരെയും പ്രസുദേന്തിമാരുടെയും കമ്മിറ്റിയംഗങ്ങളുടെയും പേരില് യേശുനാമത്തില് ക്ഷണിക്കുന്നു.
പള്ളിയുടെ അഡ്രസ് : Buron Road, Derby, DE 11 TQ
സഖറിയ പുത്തന്കളം
കുടിയേറ്റ കുലപതിമാരായ ക്നാനായക്കാരുടെ കണ്വെന്ഷന് ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നു. ജൂലൈ 8 ന് ചെല്ട്ടന്ഹാം ജോക്കി ക്ലബ്ബില് ആണ് കണ്വെന്ഷന്. ഇന്നലെ മുതല് ക്നാനായ വികാര ആവേശം തുടിക്കുന്ന സ്വാഗത ഗാന നൃത്ത പരിശീലനം കലാഭവന് നൈസിന്റെ നേതുത്വത്തില് ആരംഭിച്ചു. 20 യൂണിറ്റിലെ 100ലധികം യുവതി യുവാക്കള് അണിനിരക്കുന്ന സ്വാഗത ഗാന നൃത്തം പുത്തന് മാനം നല്കും.
‘തനിമതന് നടനം ഒരു സര്ഗ്ഗമായി” എന്ന പേരില് 100ലധികം ആളുകള് അവതരിപ്പിക്കുന്ന നടന സര്ഗ്ഗം 2017 എന്ന മാര്ഗംകളി ക്നാനായക്കാര്ക്ക് വിസ്മയമാകും. യുകെകെസിഎയുടെ വുമണ്സ് ഫോറത്തിന്റെ നേതൃത്വത്തില് നടത്തപ്പെടുന്ന നടന സര്ഗ്ഗം പ്രവാസി മലയാളികളുടെയിടയിലും ഒരു ചരിത്ര സംഭവമാകും. മാര്ഗ്ഗംകളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ കലാനൃത്തങ്ങള് 100ലധികം വരുന്ന ക്നാനായ സമുദായംഗങ്ങള് ഫ്യൂഷന് രീതിയില് അവതരിപ്പിക്കുമ്പോള് യുകെകെസിഎ കണ്വന്ഷന് തിളക്കമേറും. കണ്വന്ഷന് കലാ സന്ധ്യയില് ഇത്തവണ അതിഗംഭീരവും നയനാനന്ദകരവും കാതുകള്ക്ക് ഇമ്പമാര്ന്ന കലാവിരുന്നുമാണ് യൂണിറ്റുകള് ഒരുക്കിയിരിക്കുന്നത്.
വാശിയേറിയ റാലി മത്സരത്തിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് യൂണിറ്റുകള്. യുകെകെസിഎയുടെ അന്പത് യൂണിറ്റുകള് ‘സഭാ സമുദായ സ്നേഹം ആത്മാവില് അഗ്നിയായി ക്നാനായ ജനത’ എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൈതാനത്ത് അണിനിരക്കും. ആപ്തവാക്യത്തില് അധിഷ്ഠിതമായി ഫോട്ടോകളും, വിവിധ ദൃശ്യരൂപങ്ങളും അണിചേര്ന്നുള്ള പ്രൗഢഗംഭീരമായ റാലി യുകെ ക്നാനായ സമൂഹത്തിന്റെ ശക്തി പ്രകടനമാകുമെന്ന് തീര്ച്ചയാണ്. വിവിധ കാറ്റഗറിയിലായി നടത്തപ്പെടുന്ന റാലി മത്സരം ഇത്തവണ ഏറെ വാശിയേറിയതും കടുപ്പമുള്ളതുമാകും. മൂന്നു കാറ്റഗറിയായിട്ടാണ് റാലി മത്സരം നടക്കുക.
സഖറിയ പുത്തന്കളം
ചെല്ട്ടണ്ഹാം: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്ഷികാഘോഷങ്ങള്ക്ക് ഇനി നവനാള് മാത്രം. ലോകമെങ്ങുമുള്ള ക്നാനായ സമുദായാംഗങ്ങള് ആകാംക്ഷാപൂര്വ്വം കാത്തിരിക്കുന്ന കണ്വെന്ഷന് ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്വെന്ഷന് ദിനം അടുക്കുന്തോറും യൂണിറ്റുകളില് ആവേശം അലയടിക്കുകയാണ്. മിക്ക യൂണിറ്റുകളില് നിന്നും കോച്ചുകളിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്വെന്ഷന് എത്തുന്നത്.
വികാരാവേശം അലയടിക്കുന്ന കണ്വെന്ഷന്റെ മുഖ്യ ആകര്ഷണങ്ങളില് ഒന്നായ സ്വാഗത നൃത്തപരിശീലനം ഇന്ന് മുതല് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. 100ലധികം യുവതി യുവാക്കള് അണിനിരക്കുന്ന സ്വാഗതഗാന നൃത്തം ഇത്തവണ അതിഗംഭീരമായിരിക്കും.
വിവിധ യൂണിറ്റുകളുടെ മാസ്മരിക പ്രകടനം കാഴ്ചവെയ്ക്കുന്ന കലാപരിപാടികളും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഭക്തിസാന്ദ്രമാര്ന്ന പൊന്തിഫിക്കല് ദിവ്യബലിയും കണ്വെന്ഷനെ കൂടുതല് മനോഹരമാക്കും.
പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്പുര, ട്രഷറര് ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്കളം, ജോ. ട്രഷറര് ഫിനില് കളത്തില്കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്, റോയി സ്റ്റീഫന് എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നു.
റാംസ്ഗേറ്റ് ഡിവൈന് ധ്യാനകേന്ദ്രത്തില് ബഹു. ജോര്ജ്ജ് പനയ്ക്കലച്ചനും, ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ നവീകരണ ധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.00ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.00ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരമങ്ങളും പാര്ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില് നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില് കുമ്പസാരത്തിനും കൗണ്സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല് നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന് നിങ്ങളേവരേയും ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന ഡിവൈന് ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St.Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA
കൂടുതല് വിവരങ്ങള്ക്കും അന്വേഷണങ്ങള്ക്കും ബുക്കിംഗിനും ബന്ധപ്പെടുക.
Fr. Joseph Edattu VC, Phone. 07548303824, 01843586904, 0786047817
ചെല്ട്ടണ്ഹാം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണ യു.കെ.കെ.സി.എ കണ്വെന്ഷനില്. വളരെ മിതമായ നിരക്കില് നിരവധിയായ ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ ഒന്പത് മുതല് വൈകുന്നേരം ഒന്പത് വരെ ഷെഫ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള് ലഭ്യമാണ്. ഒരു പൗണ്ട് മുതല് നാല് പൗണ്ട് വിലയുള്ള ഭക്ഷണങ്ങളാണ് ഷെഫ് വിജയ് കണ്വെന്ഷന് എത്തുന്നവര്ക്കായി ലഭ്യമാക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷെഫ് വിജയ് യു.കെ.കെ.സി.എ കണ്വെന്ഷനില് ഭക്ഷണ സ്റ്റാളുമായി വരുന്നത്. ഷെഫ് വിജയുടെ സ്റ്റാളിനൊപ്പം ജോക്കി ക്ലബ്ബുകാരുടെ ഇംഗ്ലീഷ് ഭക്ഷണ സ്റ്റാളും പ്രവര്ത്തിക്കും.
സ്വാഗതഗാന നൃത്ത പരിശീലനം നാളെ വൈകുന്നേരം മുതല് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. ടിക്കറ്റുകള് ലഭ്യമാകാത്തവര് എത്രയും പെട്ടെന്ന് ടിക്കററുകള് ലഭ്യമാക്കുവാന് ട്രഷറര് ബാബു തോട്ടവുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികളുടെ ഓഡിയോ ട്രാക്ക് നല്കാത്ത യൂണിറ്റുകള് എത്രയും വേഗം നല്കേണ്ടതാണെന്ന് സെന്ട്രല് കമ്മിറ്റി അറിയിച്ചു.
മാര്തോമാ ക്രിസ്ത്യാനികളുടെ വിശ്വാസ പിതാവായ മാര് തോമാശ്ലീഹയുടെയും സീറോ മലബാര് സഭയിലെ ആദ്യ വിശുദ്ധപുഷ്പം വി. അല്ഫോന്സാമ്മയുടെയും തിരുനാള് സംയുക്തമായി ജൂലൈ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല് ഡെര്ബി സെന്റ് ജോസഫ്സ് കാത്തലിക് ദേവാലയത്തില് വച്ച് ഭക്ത്യാദരപൂര്വ്വം കൊണ്ടാടുന്നു. സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. ജോണ് ട്രെന്ചാര്ഡ് പതാക ഉയര്ത്തുന്നതോടു കൂടി തിരുനാളിന് ഔദ്യോഗിക തുടക്കമാവും. തുടര്ന്ന് നടക്കുന്ന പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്ത്ഥനയ്ക്കും ശേഷം ആഘോഷമായ തിരുനാള് കുര്ബാന റവ. ഫാ. ടോം പാട്ടശ്ശേരില് അര്പ്പിക്കും. അറിയപ്പെടുന്ന വചന പ്രഘോഷകനായ റവ. ഫാ. റ്റോമി എടാട്ട് വചന സന്ദേശം നല്കും.
വി. കുര്ബാനയുടെ സമാപനത്തില് വൈകുന്നേരം 4.30-ഓടുകൂടി തിരുനാള് പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ സമാപനത്തില് വിശുദ്ധരോടുള്ള ബഹുമാനാര്ത്ഥം ലദീഞ്ഞു പ്രാര്ത്ഥന അര്പ്പിക്കപ്പെടും. തുടര്ന്ന് ആസ്വാദകര്ക്ക് കാഴ്ചയ്ക്ക് പുതിയ വിരുന്നേകി ‘ബര്ട്ടണ് ബോയ്സ് ‘ അവതരിപ്പിക്കുന്ന ചെണ്ടമേളം അരങ്ങേറും. തുടര്ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഡെര്ബിയുടെ വിവിധ ഭാഗങ്ങളില് നിന്നും സമീപ ഇടവകകളില് നിന്നും വന്നെത്തുന്ന ‘ഡെര്ബി തിരുനാള്’ ഈസ്റ്റ് മിഡ്ലാന്സിലെ പ്രധാന വിശ്വാസ കൂട്ടായ്മകളിലൊന്നാണ്. ചാപ്ലയിന് റവ. ഫാ. ബിജു കുന്നയ്ക്കാട്ടിന്റെയും മിക്കലോവര് വാര്ഡിന്റെയും കമ്മറ്റിയംഗങ്ങളുടെയും വാര്ഡ് ലീഡേഴ്സിന്റെയും നേതൃത്വത്തില് തിരുനാളിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നതായി കമ്മിറ്റി കോഓര്ഡിനേറ്റര് ബാബു ജോസഫ് അറിയിച്ചു. തിരുനാളില് സംബന്ധിക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി സമൃദ്ധമായ ദൈവാനുഗ്രഹങ്ങള് പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാള് നടക്കുന്ന സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അഡ്രസ്സ് – Burton Road, Derby, DEII TQ
സാബു ചുണ്ടക്കാട്ടില്
മാഞ്ചസ്റ്റര്: യുകെയില് താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്ത്തുന്ന ഓര്മ്മയാണ് പള്ളിപ്പെരുന്നാള്. നാട്ടിലെ പള്ളിപ്പെരുന്നാളുകളെ ഒരു പടി കടത്തിവെട്ടി വര്ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര് തിരുന്നാള് യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും യുകെയിലെ ഏറ്റവും വലിയ തിരുന്നാള് എന്ന ഖ്യാതിയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വര്ഷങ്ങള് പിന്നിടുംതോറും മുന് വര്ഷങ്ങളേക്കാള് വിപുലമായിട്ടാണ് തിരുന്നാള് ആഘോഷങ്ങള് നടക്കുന്നത്.
ഇക്കുറി തിരുന്നാള് കുര്ബാനയില് ഗ്രേറ്റ് ബ്രിട്ടണ് രൂപതാ ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് മുഖ്യ കാര്മ്മികന് ആകുമ്പോള് തിരുന്നാള് തിരുക്കര്മ്മങ്ങളെ തുടര്ന്ന് ഫോറം സെന്ററില് നടക്കുന്ന ഗാന സന്ധ്യക്ക് നേതൃത്വം നല്കുവാന് മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ജി.വേണുഗോപാല് മാഞ്ചസ്റ്ററില് എത്തിക്കഴിഞ്ഞു. ഇന്നലെ മാഞ്ചസ്റ്റര് എയര്പോര്ട്ടില് എത്തിച്ചേര്ന്ന വേണുഗോപാലിനെ ഇടവക വികാരി റവ. ഡോ.ലോനപ്പന് അരങ്ങാശേരി, തിരുന്നാള് കമ്മറ്റി ജനറല് കണ്വീനര് സാബു ചുണ്ടക്കാട്ടില്, ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില് കോച്ചേരി, ട്വിങ്കിള് ഈപ്പന്, വിവിധ കമ്മറ്റി കണ്വീനര്മാരായ അലക്സ് വര്ഗീസ്, സണ്ണി ആന്റണി, സജിത്ത് തോമസ്, ജിന്സ് ജോര്ജ് എന്നിവര് ചേര്ന്ന് ഊഷ്മളമായ സ്വീകരണം നല്കി. ഇന്ന് നടക്കുന്ന പ്രത്യക പ്രാക്ടീസ് സെഷനെത്തുടര്ന്ന് നാളെ മാഞ്ചസ്റ്റര് ഫോറം സെന്ററില് ആണ് വേണുഗോപാലും ഐഡിയ സ്റ്റാര് സിംഗര് ഡോ.വാണിയും ചേര്ന്ന് നയിക്കുന്ന ഗാനമേള നടക്കുക.
മാഞ്ചസ്റ്ററിലെ ഭവനങ്ങള് എല്ലാം അതിഥികളാല് നിറഞ്ഞു കഴിഞ്ഞു. രോഗ ദുരിതങ്ങളില് നിന്ന് മോചനം തേടിയും, നേര്ച്ചകാഴ്ചകള് അര്പ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥം തേടുന്നതിനും ആയിരങ്ങള് നാളെ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും. വിഥിന്ഷോ സെന്റ് ആന്റണീസ് ദേവാലയം അതിഥികളെ വരവേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞു.പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള് കര്മ്മങ്ങളും പ്രദക്ഷിണവുമെല്ലാം വിശ്വാസികള്ക്ക് ആത്മീയ ഉണര്വാകും.
നാളെ രാവിലെ 10 ന് ആദ്യ പ്രദക്ഷിണത്തിന് തുടക്കമാകും. തിരുന്നാള് തിരുക്കര്മ്മങ്ങളില് മുഖ്യ കാര്മ്മികനാകുവാന് എത്തുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് പിതാവിനെയും, വൈദികരെയും, തിരുന്നാള് പ്രസുദേന്തിമാരും, മാതൃവേദി പ്രവര്ത്തകരും ചേര്ന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷപൂര്വ്വമായ പൊന്തിഫിക്കല് കുര്ബാനക്ക് തുടക്കമാകും. തിരുന്നാള് കുര്ബാനയെ തുടര്ന്ന് പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള് പ്രദക്ഷിണത്തിനു തുടക്കമാവുക. നൂറുകണക്കിന് പതാകകളും പൊന്നിന് കുരിശുകളും വെള്ളിക്കുരിശുകളും മുത്തുക്കുടകളുമെല്ലാം പ്രദക്ഷിണത്തില് അണിനിരക്കുമ്പോള് മേളപ്പെരുക്കം തീര്ത്ത് മാഞ്ചസ്റ്റര് മേളവും സ്കോട്ടിഷ് പൈപ്പ് ബാന്ഡും അണിനിരക്കും. വിശുദ്ധ അല്ഫോന്സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും വാഹിച്ചുകൊണ്ട് ഭക്തിനിര്ഭരമായി നീങ്ങുന്ന പ്രദക്ഷിണം ഡങ്കരി റോഡ് വഴി പോയി പോര്ട്ട് വേയിലൂടെ നീങ്ങി തിരികെ പള്ളിയില് പ്രവേശിക്കും. സണ്ടേസ്കൂള് വിദ്യാര്ത്ഥികളും,യുവജന സംഘടനകളും എല്ലാം പ്രദക്ഷിണത്തില് അണിനിരക്കും.
തുടര്ന്ന് വിശുദ്ധകുര്ബാനയുടെ ആശീര്വാദവും നടക്കും. കഴുന്ന് നേര്ച്ച എടുക്കുന്നതിനും അടിമവെക്കുന്നതിനും ആയി പ്രത്യേക കൗണ്ടര് പള്ളിയില് പ്രവര്ത്തിക്കും. തുടര്ന്ന് പാച്ചോര് നേര്ച്ച വിതരണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേത്തുടര്ന്ന് വിഥിന്ഷോ ഫോറം സെന്ററില് ജി.വേണുഗോപാല് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. തിരുന്നാള് തിരുക്കര്മ്മങ്ങളില് പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള് പ്രാപിക്കുവാന് ഏവരെയും ഇടവക വികാരി റെവ.ഡോ ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു..
തിരുന്നാളിന്എത്തുന്നവര് വാഹനങ്ങള് എവിടെ പാര്ക്ക് ചെയ്യണം
നാളെ മാഞ്ചസ്റ്ററില് എത്തുന്നവര് പള്ളിയുടെ തൊട്ടടുത്തുള്ള കോര്ണീഷ് മാന് പബ്ബിന്റെ കാര്പാര്ക്കില് വേണം വാഹനങ്ങള് പാര്ക്ക് ചെയ്യുവാന്. ഇവിടെ സൗജന്യമായി വാഹനങ്ങള് പാര്ക്ക് ചെയ്യാവുന്നതാണ്. പള്ളിയുടെ മുന്വശങ്ങളിലും പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്ക്കിങ് കര്ശനമായി നിരോധിച്ചിരിക്കുന്നു.
പബ്ബിന്റെ വിലാസം
Cornishman
Cornishway, Manchester
Wythenshawe
M22 0JX
ഈ കാര്പാര്ക്ക് നിറഞ്ഞാല് പള്ളിയുടെ സമീപമുള്ള പോക്കറ്റ് റോഡുകളില് മറ്റുള്ളവര്ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില് വോളണ്ടിയേസിന്റെ നിര്ദ്ദേശാനുസരണം വാഹനങ്ങള് പാര്ക്ക് ചെയ്യേണ്ടതാണ്.
പള്ളിയുടെ വിലാസം
St.Antonys Church
Dunkery Rd,
Wythenshawe,
Manchester
M22 0WR
വേണുഗോപാല് നയിക്കുന്ന ഗാനമേള എപ്പോള് തുടങ്ങും, ആര്ക്കൊക്കെ പ്രവേശിക്കാം, വാഹനങ്ങള് എവിടെ പാര്ക്ക് ചെയ്യണം
പള്ളിയിലെ തിരുക്കര്മങ്ങളെ തുടര്ന്ന് നടക്കുന്ന സ്നേഹവിരുന്നിനെ തുടര്ന്ന് കൃത്യം 3 മണിക്ക് ഫോറം സെന്ററിലേക്കുള്ള ഗേറ്റുകള് തുറക്കും. പൊലീസിന്റെ കര്ശന നിര്ദ്ദേശത്തെ തുടര്ന്ന് സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷം ആവും ഫോറത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. പാസ്സുകളുമായി എത്തുന്നവര്ക്ക് മാത്രം ആയിരിക്കും പ്രവേശനം. കൃത്യം 3.30 ന് ഗാനമേളക്ക് തുടക്കമാവും.വാഹനങ്ങളില് എത്തുന്നവര് ഫോറം സെന്ററിന്റെ കാര്പാര്ക്കില് വാഹനങ്ങള് പാര്ക്ക് ചെയ്യാവുന്നതാണ്.
പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം
Wythenshawe Forum Centre
Simonsway, Wythenshawe, Manchester
M22 5RX
നാടന് വിഭവങ്ങളുമായി കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില്.
നാവില് കൊതിയൂറും നാടന് വിഭവങ്ങളുമായി സാല്ഫോര്ഡ് കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില് പ്രവര്ത്തിക്കും. പരിപ്പുവടയും പഴം പൊരിയും തുടങ്ങി ചിക്കന് ബിരിയാണിയും കപ്പ ബിരിയാണിയും ചുക്ക് കാപ്പിയും വരെ ഫോറം സെന്ററില് പ്രവര്ത്തിക്കുന്ന തട്ടുകടകളിലൂടെ ചൂടോടെ അപ്പപ്പോള് ലഭ്യമാവും.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ ആദ്യ അഭിഷേകാഗ്നി ബൈബിള് കണ്വെന്ഷന് ഒരുക്കമായി. ഭാരവാഹികള്ക്കും വോളണ്ടിയേഴ്സിനും പ്രാര്ത്ഥനാരൂപിയില് നിറയുന്നതിനും വിശ്വാസ ബോധ്യങ്ങളില് ആഴപ്പെടുന്നതിനുമായി രൂപതയിലെ എട്ട് റീജിയണുകളിലായി ദൈവവചന പഠന ഒരുക്ക സെമിനാറുകള് സംഘടിപ്പിച്ചിരിക്കുന്നതായി രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് അറിയിച്ചു. ജൂലൈ 5 മുതല് 26 വരെയുള്ള തീയതികളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി, പങ്കെടുക്കാന് വരുന്നവരുടെ സൗകര്യം പരിഗണിച്ച് വൈകിട്ട് 5.30 മുതല് 9.30 വരെയുള്ള സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്, കേംബ്രിഡ്ജ്, കവന്ട്രി, പ്രസ്റ്റണ്, സൗത്താംപ്റ്റണ്, ലണ്ടന്, ബ്രിസ്റ്റോള്- കാര്ഡിഫ്, ഗ്ലാസ്ഗോ എന്നീ എട്ട് റീജിയണുകളിലെ കണ്വെന്ഷനുകള് നയിക്കുന്നത് അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ റവ. ഫാ. അരുണ് കലമറ്റമാണ്. ഭാരവാഹികളെയും വോളണ്ടിയേഴ്സിനെയും കൂടാതെ എല്ലാ റീജിയണുകളില് നിന്നും താല്പര്യമുള്ള എല്ലാവര്ക്കും ഈ ദൈവശാസ്ത്ര പഠനക്ലാസില് പങ്കെടുക്കാവുന്നതാണെന്നും മാര് സ്രാമ്പിക്കല് അറിയിച്ചിട്ടുണ്ട്. അഭിഷേകാഗ്നി കണ്വെന്ഷന് മുന്നോടിയായി സംഘടിപ്പിച്ച ഒരുക്കധ്യാനം വിശ്വാസികള്ക്ക് ഏറെ ഗുണം ചെയ്തു എന്നു കണ്ടതിനാലാണ്, വിശ്വാസികള്ക്ക് വിശ്വാസബോധ്യങ്ങളില് ആഴപ്പെടുന്നതിനായി ദൈവശാസ്ത്രമേഖലയില് റോമില് സ്തുത്യര്ഹസേവനം അനുഷ്ഠിക്കുന്ന റവ. ഫാ. അരുണ് കലമറ്റത്തിന്റെ നേതൃത്വത്തില് തുടര്പഠന ക്ലാസുകള് സംഘടിപ്പിക്കുന്നത്.
രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിനൊപ്പം ഓരോ റീജിയണിലെയും ബഹു. വൈദികരും ഈ ദിവസങ്ങള്ക്ക് നേതൃത്വം നല്കും. ദൈവവചന പഠനത്തില് ആഴപ്പെടാന് താല്പര്യമുള്ള എല്ലാവരെയും ഈ ദിവസങ്ങളിലേയ്ക്ക് ഏറെ സ്നേഹത്തോടെ, യേശുനാമത്തില് ക്ഷണിക്കുന്നു. പരിപാടിയുടെ സ്ഥല-സമയ ക്രമീകരണങ്ങളടങ്ങിയ വിവരങ്ങള് ചുവടെ ചേര്ത്തിരിക്കുന്നു.